Wednesday 26 November 2014

പ്രണയം, ചുംബനം, ലിംഗരാഷ്ട്രീയം


(Image Courtesy: Kiss of Love Facebook page)

(യുക്തിയുഗം ഡിസംബർ 2014 ചുംബനസമരത്തിൻറെ അടയാളപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

മനുഷ്യന്റെ വൈകാരികചേഷ്ടകളിൽ  വളരെ പ്രധാനപ്പെട്ടതാണ് സ്പർശനം; കരസ്പർശവും ലാളനവും ചുംബനവും ആലിംഗനവും എല്ലാം ഇതിന്റെ വിവിധരൂപങ്ങളിൽ വരും. വികാരവിനിമയത്തിൽ സ്പർശനേന്ദ്രിയത്തിന്റെയത്ര പങ്കോ പ്രഭാവമോ മറ്റു ഇന്ദ്രിയങ്ങൾക്കില്ല; അത്ര സവിശേഷമായ പ്രതികരണങ്ങളാണ് തലച്ചോറിൽ സ്പർശം ഉണ്ടാക്കുന്നത് എന്നതു കൊണ്ട് തന്നെ എല്ലാതരം സ്നേഹപ്രകടനങ്ങളിലും സ്പർശനത്തിന്റെ സ്വാധീനം വളരെ വലുതാണ്‌.

ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഇത്തരം ചോദനകൾ ഇല്ലാതാവുകയില്ല; ഒന്നുകിൽ പൂർവാധികം ശക്തിപ്രാപിക്കുകയോ, ഇല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട് അസൂയയായും വിദ്വേഷമായും എല്ലാം രൂപം പ്രാപിക്കുകയോ ചെയ്തേക്കാം. അധികാരത്വര നമ്മുടെ സമൂഹത്തിൽ ഈ ചോദനകളെയെല്ലാം അതിജീവിച്ചുതന്നെ നില്ക്കുന്നു. അതുകൊണ്ടുതന്നെയാവണം സദാചാരഗുണ്ടായിസം ഒരധികാരപ്രകടനമാർഗമായി പരക്കെ ഉപയോഗിക്കപ്പെടുന്നത്. കുടുംബവ്യവസ്ഥക്കകത്തെ അലിഖിതനിയമങ്ങളിലും മതനിയമങ്ങളിലും ഭരണകൂടനിയമങ്ങളിലും വരെ ഇത്തരം നിയന്ത്രണങ്ങൾ പ്രത്യക്ഷപ്പെടുന്നതും അതുകൊണ്ടാകണം. മറ്റൊരു വ്യക്തിയുടെ/ കളുടെ മേൽ അധികാരമുണ്ടെന്ന് സ്വയം ബോധിപ്പിക്കാൻ എളുപ്പവഴി അവന്റെ/അവളുടെ വ്യക്തിസ്വാതന്ത്ര്യങ്ങളുടെ പരിധിയെ സ്വാധീനിക്കുക തന്നെയാണ്.

സദാചാരസങ്കൽപങ്ങൾക്ക് അധികാരസ്വഭാവമുണ്ട് എന്നതു മാത്രമല്ല; ആ അധികാരസ്വഭാവത്തിന്റെ ലിംഗരാഷ്ട്രീയം കൂടി ചർച്ച ചെയ്യപ്പെടെണ്ട ഒന്നാണ്. പ്രണയവും ചുംബനവുമെല്ലാം  യാഥാസ്ഥിതികസമൂഹത്തിനു അരോചകമാകുന്നതിൽ ഈ പ്രക്രിയകളിലെ സ്ത്രീപങ്കാളിത്തത്തിനുള്ള പങ്ക് ചെറുതല്ല. സ്ത്രീയുടെ തെരഞ്ഞെടുപ്പുകൾ യാഥാസ്ഥിതികസമൂഹം എക്കാലത്തും നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുള്ള ഒന്നാണ്. പ്രണയം പുരുഷന്റെ മാത്രം തെരഞ്ഞെടുപ്പാകുകയില്ല; അതിൽ അന്തർലീനമായ ഒരു പാരസ്പര്യമുണ്ട്. കുടുംബാംഗങ്ങൾ സ്ത്രീക്ക് വേണ്ടി നിശ്ചയിക്കുന്ന വിവാഹങ്ങളിൽ ഇത്തരം തെരഞ്ഞെടുപ്പിന്റെ, പാരസ്പര്യത്തിന്റെ സാധ്യത കുറവാണ്; തെരഞ്ഞെടുക്കാൻ കഴിഞ്ഞാലും അത് അനുവദിക്കപ്പെട്ട ഒരു ചെറിയ വൃത്തത്തിനകത്തു നിന്ന് മാത്രമാണല്ലോ. ഈ പാരസ്പര്യത്തെയാണ് യാഥാസ്ഥിതികസമൂഹം എറ്റവും ഭയപ്പെടുന്നത്; അവിടെ രണ്ടു വ്യക്തികൾക്കിടയിലെ ആ പാരസ്പര്യത്തിൽ, പൂർണതയിൽ, വ്യക്തിയുടെ മേലുള്ള, പ്രത്യേകിച്ചും സ്ത്രീയുടെ മേലുള്ള  സമൂഹത്തിന്റെയും കുടുംബവ്യവസ്ഥയുടെയും മതത്തിന്റെയുമെല്ലാം അധികാരം നഷ്ടപ്പെടുകയാണ്. 

ചുംബനവും  ഈ തെരഞ്ഞെടുപ്പും തമ്മിലെന്തു ബന്ധം എന്ന് ചോദിക്കാം. ബന്ധമില്ലേ? പരസ്യമായ പ്രണയപ്രകടനങ്ങൾ അരോചകമാകുന്നതിൽ നാളെ ആരുടെയോ സ്വകാര്യസ്വത്താകേണ്ട, അല്ലെങ്കിൽ ഇന്നുതന്നെ ആയ, സ്ത്രീ കളങ്കപ്പെടുന്നു എന്നാ ബോധം ഒളിഞ്ഞു കിടക്കുന്നത് കൊണ്ടാണ് പരസ്യചുംബനമെന്നു കേൾക്കുമ്പോൾ ലൈംഗികത, സ്വതന്ത്രലൈംഗികത, പൊതുസ്ഥലത്തെ ലൈംഗികത എന്ന് തുടങ്ങി സ്ത്രീപീഡനത്തിൽ വരെ ഒരു ശരാശരി മതസദാചാരവാദിയുടെ ചിന്തകളും വാദങ്ങളും വഴുക്കി വഴുക്കി എത്തിനിൽക്കുന്നത്. മതസമൂഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീ ഇന്നും സ്വകാര്യസ്വത്താണ്; പിതാവെന്ന പുരുഷനിൽ നിന്ന് ഭർത്താവെന്ന പുരുഷനിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഒരു വസ്തു! അത് കൊണ്ടാണ് പ്രണയവും ചുംബനവും  സ്നേഹപ്രകടനങ്ങളും സൗഹൃദങ്ങൾ പോലും അംഗീകരിക്കുന്നത് "പെണ്‍കുട്ടികളെ വഴിതെറ്റിക്കും" എന്ന് ഭയപ്പെടുന്ന അതേ രക്ഷാകർതൃമനസ്സുകൾക്ക് ഇതേ വിഷയങ്ങളിൽ  "ആണ്‍കുട്ടികളുടെ വഴിതെറ്റലിനെ" പറ്റി വേവലാതിപ്പെടെണ്ടി വരാത്തത്.

ഉത്തരേന്ത്യയിലെ ചില ഖാപ് പഞ്ചായത്തുകൾ പ്രണയങ്ങളും ആണ്‍പെണ്‍ബന്ധങ്ങളും നിയന്ത്രിക്കുന്നത്‌ പെണ്‍കുട്ടികൾക്ക് മൊബൈൽ ഫോണ്‍ പോലുള്ള ആശയവിനിമയമാർഗങ്ങളും മറ്റും നിഷേധിച്ചുകൊണ്ടാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടി എന്നാൽ പരിശുദ്ധി നിലനിർത്തേണ്ട ഒരു വിനിമയവസ്തുവാണ് എന്നതാണ് ഇത്തരം സദാചാരബോധത്തിന്റെ കാതൽ. അതുകൊണ്ടുതന്നെ പ്രണയത്തിൽ നിന്നകറ്റി നിർത്തി 'പരിരക്ഷി'ക്കേണ്ടത് അവളെയാണ്. മതസമൂഹത്തിന്റെ ഇതേ 'പരിശുദ്ധി'ബോധം ഒരു പരിധികടക്കുമ്പോഴാണ് ദുരഭിമാനക്കൊലകൾ പോലുള്ള സാമൂഹികവിപത്തുകൾ സാധാരണമായിത്തീരുന്നത്.

പരസ്യമായ സ്നേഹപ്രകടനങ്ങൾ ഞങ്ങൾ സുഹൃത്തുക്കളാണെന്നോ പ്രണയികളാണെന്നോ ഒക്കെയുള്ള ധീരമായ പ്രഖ്യാപനങ്ങളാണ്. സൌഹൃദങ്ങളെ സൌഹൃദങ്ങളായി കാണാൻ കഴിയാത്ത ഒരു സമൂഹത്തിൽ അത്തരം സ്നേഹപ്രകടനത്തിന്റെ സ്വീകാര്യതയെ പറ്റി സംസാരിക്കാൻ പോലുമാവില്ല. പ്രണയപ്രഖ്യാപനവും പെണ്ണിന്റെ പരിശുദ്ധിയുടെ തകർച്ചയുടെ പ്രഖ്യാപനമായാണ് കണക്കാക്കപ്പെടുന്നത്. പ്രണയങ്ങളെ  അംഗീകരിക്കുന്ന കുടുംബങ്ങളിൽ പോലും പരസ്യമായി പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നത്   കാണാം; വിവാഹമേ പ്രഖ്യാപിക്കാവൂ എന്നാണു പൊതുവെയുള്ള ശാസന. പ്രണയം വിവാഹം വരെ എത്തിയില്ലെങ്കിൽ പ്രഖ്യാപിക്കപ്പെട്ട പഴയ പ്രണയം പെണ്‍കുട്ടിക്ക് കളങ്കമാകും എന്ന ബോധമാണത്; വിവാഹം ചെയ്യുന്ന പുരുഷന്റെ മുന്നിൽ അവൾക്ക് "പരിശുദ്ധി" അവകാശപ്പെടെണ്ടതുണ്ടല്ലോ! 

വിലക്കുകൾക്ക് കാരണമായി 'ദുസ്വാതന്ത്ര്യം'  എന്ന പ്രയോഗം പലപ്പോഴും കാണാറുണ്ട്‌; സ്വാതന്ത്ര്യം 'അനുവദിക്കുമ്പോൾ' അത് ദുസ്വാതന്ത്ര്യത്തിനു വഴിവെക്കുന്നു എന്നാണു വാദം. പെണ്ണിനു വസ്ത്രധാരണരീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം "അനുവദിച്ചാൽ" നാളെയവൾ നഗ്നയായി പൊതുനിരത്തിലിറങ്ങും എന്ന വികലചിന്തയുടെ മറ്റൊരു രൂപമാണു പരസ്യമായി ചുംബിക്കാൻ "അനുവദിച്ചാൽ" നാളെ പൊതുനിരത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടും എന്ന വാദം! പെണ്ണിനെ രാത്രി പുറത്തിറങ്ങാൻ "അനുവദിച്ചാൽ" അവൾ വേശ്യയാകും, പഠിക്കാനും ജോലിക്കും ഒക്കെ "വിട്ടാൽ" അന്യജാതി/മതക്കാരന്റെ കൂടെ പോകും, മൊബൈൽ ഫോണും ഇന്റെർനെറ്റും "കൊടുത്താൽ" "അവിഹിത"ബന്ധത്തിലേർപ്പെടും തുടങ്ങി പലരൂപങ്ങളുണ്ട് ഇത്തരം വാദങ്ങൾക്ക്. 

പെണ്ണെന്നാൽ സ്വന്തമായി തീരുമാനമെടുക്കാനറിയാത്ത, എല്ലാ സ്വാതന്ത്ര്യവും ആരോ "അനുവദിച്ചുതരേണ്ട", വിവേചനബുദ്ധിയില്ലാത്ത ഒരു വളർത്തുമൃഗമാണു എന്ന ബോധത്തിൽ നിന്നാണു ഇത്തരം ധാരണകൾ രൂപപ്പെടുന്നത്. മുണ്ടു മടക്കിക്കുത്താൻ അനുവദിച്ചാൽ നാളെ ജനനേന്ദ്രിയം പുറത്തുകാണിച്ചുവിലസും എന്നു പുരുഷന്മാരെ പറ്റി ആരും പറയാറില്ല. ഷർട്ടിടാതെ നടക്കാൻ അനുവദിച്ചാൽ നാളെയവർ തുണിയില്ലാതെ നിരത്തിൽ പരേഡിനിറങ്ങും എന്നു വേവലാതിപ്പെടാറുമില്ല! അപ്പോൾ വേവലാതിയുടെ കാരണം വ്യക്തമാണ്; സ്വന്തം അധീനതയിലുള്ള സ്ത്രീ/ ചെറുപ്പക്കാർ  താൻ കല്പിക്കുന്ന പരിധിക്കുള്ളിൽ നിന്ന് പുറത്തുപോയെക്കുമെന്നും തന്നെ അധികാരസ്ഥാനം നഷ്ടപ്പെട്ടെക്കുമെന്നുമുള്ള ആശങ്ക!

സ്ത്രീപീഡനങ്ങളും സെക്സ് റാക്കറ്റുകളും വർദ്ധിക്കാൻ പരസ്യസ്നേഹപ്രകടനങ്ങൾ അനുവദിക്കുന്നത്   കാരണമാകുന്നു എന്നൊരു രസകരമായ വാദം ഈയിടക്ക് കേട്ടു. സ്ത്രീയുടെ പങ്കാളിത്തത്തോടെയാണ് അവൾ പീഡിപ്പിക്കപ്പെടുന്നത് എന്ന വാദത്തിന്റെ മിനുക്കിയെടുത്ത രൂപമല്ലാതെ മറ്റൊന്നുമല്ല ഇത്. പരസ്പരസമ്മതത്തെ മാനിക്കാനുളള തയ്യാറില്ലായ്മയാണ്‌ ലൈംഗിക അതിക്രമങ്ങളുടെ പ്രധാനകാരണം; അപരന്റെ തീരുമാനങ്ങളെ, തിരഞ്ഞെടുപ്പുകളെ, സ്വാതന്ത്ര്യത്തെ, സ്വകാര്യതകളെ എല്ലാം മാനിക്കാൻ പഠിച്ചവൻ സദാചാരഗുണ്ടയായും ബലാൽസംഗിയായും പീഡകനായും ഒന്നും ആക്രമിക്കാനിറങ്ങില്ല. അതുകൊണ്ട് സ്ത്രീപീഡനത്തെ എതിർക്കുന്നവർ കരുതിയിരിക്കേണ്ടതും ചോദ്യം ചെയ്യേണ്ടതും പരസ്പരസമ്മതത്തോടെയുള്ള പ്രണയങ്ങളെയോ ചുംബനങ്ങളെയോ ഒന്നുമല്ല; തനിക്കു ശരിയെന്നും തെറ്റെന്നും തോന്നുന്ന കാര്യങ്ങളുടെ പേരിലും തന്റെയിഷ്ടത്തിനും  താല്പര്യത്തിനും വഴങ്ങാത്തവരെയും ആക്രമിക്കാൻ മടി കാണിക്കാത്ത സദാചാരഗുണ്ടായിസത്തിന്റെ വക്താക്കളെ തന്നെയാണ്.

No comments:

Post a Comment