Monday 26 October 2015

നൂറാം കേരളപ്പിറവിയിലേക്കെത്ര പെണ്‍ദൂരങ്ങൾ

(നവംബർ 2015 ലക്കം സമകാലീനജനപഥത്തിൽ പ്രസിദ്ധീകരിച്ചത്)



(Image courtesy: https://www.pinterest.com/Galtish/christopher-hitchens/)

വേൾഡ് എക്കണോമിക് ഫോറം എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഗ്ലോബൽ ജെൻഡർ ഗാപ് റിപ്പോർട്ടിൽ കഴിഞ്ഞ തവണ ഇന്ത്യയുടെ സ്ഥാനം 114 ആയിരുന്നു. ആകെയുള്ള 142 രാജ്യങ്ങളുടെ കണക്കിൽ ആണീ 114.

ജെൻഡർ ഗാപ് എന്നാൽ മുഖ്യധാരയിൽ പുരുഷപങ്കാളിത്തവും സ്ത്രീപങ്കാളിത്തവും തമ്മിലുള്ള വ്യത്യാസമാണ്. ആഗോളതലത്തിൽ ഇന്ത്യ മറ്റു ഇൻഡക്സുകളിൽ എല്ലാം ഏറ്റവും മോശപ്പെട്ട ഇരുപതു രാജ്യങ്ങളുടെ കൂട്ടത്തിലാണെങ്കിലും രാഷ്ട്രീയരംഗത്ത് മെച്ചപ്പെട്ട ഇരുപതുരാജ്യങ്ങളുടെ കൂട്ടത്തിലാണ് എന്നത് ശ്രദ്ധേയമാണ്. ആഗോളതലത്തിൽ 21% മാത്രമുള്ള ഈ സൂചികയിൽ ഇന്ത്യ മെച്ചപ്പെട്ടിരുന്നാലും അതൊരു വലിയ നമ്പർ ആവില്ലെന്നിരിക്കിലും ശ്രദ്ധേയം തന്നെയാണത്. ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ വനിതാസംവരണവും സ്ത്രീപങ്കാളിത്തവും ആയിരിക്കണം തമ്മിൽ മെച്ചപ്പെട്ട ഈ അവസ്ഥക്ക് കാരണം. ആരോഗ്യരംഗത്ത് ഇന്ത്യ വളരെ പുറകിൽ നില്ക്കുന്നു;ഒരു രാജ്യം മാത്രമേ ഇന്ത്യക്ക് പുറകിലുള്ളൂ; 142 രാജ്യങ്ങളിൽ 141 ആണ് ഇന്ത്യയുടെ സ്ഥാനം.

ദേശീയതലത്തിലെ അവസ്ഥയുമായി താരതമ്യം ചെയ്‌താൽ, GDI (Gender Development Index) പ്രകാരം കേരളം താരതമ്യേന മികച്ച സ്ഥാനത്തു തന്നെയാണു നിൽക്കുന്നത്. ചില രംഗങ്ങളിൽ മുന്നിട്ടു നിന്നിരുന്നാൽ പോലും കേരളത്തിന് ഇനിയും ഒരുപാട് മുന്നോട്ടുപോവാനുണ്ട് എന്നതൊരു യാഥാർഥ്യമാണ്. ജെൻഡർ സൂചികകളും താരതമ്യങ്ങളും ആവശ്യമില്ലാതെ വരുന്ന, അത്തരം സൂചികകളുടെ അടിസ്ഥാനത്തിലുള്ള പ്രത്യേകശാക്തീകരണപ്രവർത്തനങ്ങൾ ഒന്നുമില്ലാതെ തന്നെ മുഖ്യധാരയിലെ സ്ത്രീപങ്കാളിത്തം സ്വാഭാവികമായും ജനസംഖ്യാനുപാതികമായി സമീകരിക്കപ്പെടുന്ന ഒരുകാലം വരേക്കും സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾ ഭരണകൂടവും സാമൂഹ്യരാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറ്റെടുത്തു നടത്തേണ്ടതുണ്ട്.

കേരളപ്പിറവിയുടെ നൂറാം വാർഷികത്തിലേക്ക് ഇനി അധികം ദൂരമൊന്നുമില്ല. സ്ത്രീശാക്തീകരണരംഗത്ത് പിന്നിടേണ്ട ദൂരങ്ങളാകട്ടെ വളരെയേറെയുമാണ്‌. ഈ ദൂരങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കുകയും വെല്ലുവിളികളെ തിരിച്ചറിയുകയും കാലാടിസ്ഥാനത്തിൽ ഉചിതമായ കാര്യപരിപാടികൾ മുന്നോട്ടുവെക്കുകയും ചെയ്താലല്ലാതെ ഗണ്യമായ ഒരു മാറ്റം മുന്നൊട്ടുവെക്കുക അസാധ്യമാണ്. ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യനീതി, വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയം എന്നിങ്ങനെ വിവിധരംഗങ്ങളിൽ പ്രത്യേകമായ ശാക്തീകരണപ്രവർത്തനങ്ങൾ ആവശ്യമായിവരും.

ആരോഗ്യവും സുരക്ഷയും:

സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങളും അക്രമങ്ങളും ഗർഭാവസ്ഥയിൽ തുടങ്ങുന്നു. പെണ്‍ഭ്രൂണഹത്യ വളരെ പ്രബലമായ ഒരു രാജ്യമാണിന്ത്യ; സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അനുപാതവും ഇന്ത്യയിൽ കുറവാണ്; കേരളത്തിൽ  മുതിർന്നവരുടെ സ്ത്രീപുരുഷാനുപാതം കൂടുതലാണ്; എന്നാൽ 2001 ലെയും 2011 ലെയും കണക്കുകൾ പ്രകാരം കുഞ്ഞുങ്ങളിലെ ആണ്‍-പെണ്‍ അനുപാതം കുറവാണ്; ഇത് ആപദ്സൂചകമാണ്. ഇതിൻറെ സാമൂഹ്യമായ കാരണങ്ങളും പ്രചോദനങ്ങളും വിശദമായി അപഗ്രഥിക്കപ്പെടുകയും പരിഹരിക്കുകയും ചെയ്യുക എന്നത് കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരിക്കും.

പെണ്‍കുട്ടികളേക്കാൾ ആണ്‍കുട്ടികളെ ആഗ്രഹിക്കുന്ന അച്ഛനമ്മമാരിൽ മാത്രം ഇത്തരം മുൻഗണനകളുടെ ഉത്തരവാദിത്വം പൂർണമായും എല്പിക്കാനാവില്ല; കാരണം സാമൂഹ്യസാമ്പത്തികസമ്മർദങ്ങൾ ഇത്തരം മുൻഗണനകൾക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്. നിയമപരമായി നിരോധിക്കപ്പെട്ടിട്ടും നിലനിൽക്കുന്ന സ്ത്രീധനസമ്പ്രദായം, പെണ്‍കുട്ടികളുടെ സുരക്ഷാപ്രശ്നങ്ങൾ, വിവാഹം കഴിച്ചയച്ചു മറ്റൊരു വീട്ടിലെ അംഗമാകാനുള്ള ഒരാൾ മാത്രമായി പെണ്‍കുട്ടികളെ വീക്ഷിക്കുന്ന സമൂഹം എന്ന് തുടങ്ങി പൊതുബോധത്തിൽ വേരുറപ്പിച്ചിരിക്കുന്ന അനേകം മുൻവിധികളുടെ ആകെത്തുകയാണ് ആണ്‍കുട്ടികളോടുള്ള മുൻഗണന.

സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടും രഹസ്യമായും ഓമനപ്പേരുകളിലും ഇപ്പോഴും തുടരുന്നത് കാണാം. സ്ത്രീധനം പെണ്‍വീട്ടുകാരുടെ അഭിമാനപ്രശ്നമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന പൊതുബോധമാണ് അതിപ്പോഴും നിലനിൽക്കുന്നതിനുള്ള പ്രധാനകാരണം. ആദ്യം മാറേണ്ടത് വിവാഹമെന്നത് രണ്ടു വീട്ടുകാർ തമ്മിലുള്ള ഒരു കരാറാണ് എന്ന വ്യവസ്ഥയാണ്. വിവാഹം രണ്ടു വ്യക്തികൾ തമ്മിലുള്ളതാവുമ്പോൾ അവിടെ ആണ്‍, പെണ്‍ വീട്ടുകാർ സങ്കൽപങ്ങളും അഭിമാനപ്രശ്നങ്ങളും ആവശ്യങ്ങളുമെല്ലാം പതിയെ ഇല്ലാതാവും. മറ്റൊരു വീട്ടിലേക്കു അയക്കേണ്ടവൾ എന്ന മനോഭാവത്തോടെ പെണ്‍കുട്ടികളെ കാണുന്നതിലും മാറ്റം വരും.

കുടുംബത്തിനകത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും പരിഹരിക്കപ്പെടുന്നതിനും പലപ്പോഴും തടസ്സമാകുന്നത് പുനരധിവാസവ്യവസ്ഥയുടെ പോരായ്മകളും സ്വതന്ത്രയായ സ്ത്രീക്ക് സമൂഹത്തിലുള്ള അംഗീകാരമില്ലായ്മയും ആണ്. പീഡിപ്പിക്കപ്പെടുന്ന കുടുംബവ്യവസ്ഥക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ തനിക്കു സാമൂഹ്യമായും സാമ്പത്തികമായും നിലനില്പ്പുണ്ടാവില്ല എന്ന ഭയം സ്ത്രീകളെ തനിക്കെതിരെയുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും തടയുന്നുണ്ട്‌. വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിലെ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുകയും പൊതുബോധത്തിലെ പാട്രിയാർക്കിയുടെ സ്വാധീനം ബോധവത്കരണങ്ങളിലൂടെ കുറച്ചു കൊണ്ട് വരികയും ഒപ്പം തന്നെ അക്രമങ്ങൾക്കിരയാവർക്ക് സുരക്ഷിതമായ താത്കാലികഷെൽട്ടറുകൾ വൻതോതിൽ സർക്കാർ നടപ്പിലാക്കുകയും ചെയ്താലല്ലാതെ ഈ അവസ്ഥയെ ഫലപ്രദമായി നേരിടാനാവില്ല.

സ്ത്രീക്കെതിരെയുള്ള അക്രമങ്ങൾ കുടുംബങ്ങൾക്കകത്തു മാത്രമല്ല; അവളിടപെടുന്ന ഓരോ രംഗങ്ങളിലും അവളുടെ ജീവിതം കടന്നുപോകുന്ന ഓരോ അവസ്ഥയിലും വളരെ സ്പഷ്ടമായി നിലനിൽക്കുന്നു എന്നിടത്താണ് ഇതിന്റെ വ്യാപ്തിയും ഗൌരവവും പ്രകടമാവുന്നത്. കുടുംബം, വിദ്യാഭ്യാസസ്ഥാപനം, തൊഴിലിടം, രാഷ്ട്രീയം എന്നിങ്ങനെ അവളെവിടെയൊക്കെ കാലെടുത്തു വെക്കുന്നുവോ എവിടെയെല്ലാം അവളുടെ സുരക്ഷിതത്വവും വ്യക്തിത്വവും നിലനിൽപും തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്; ആക്രമിക്കപ്പെടുന്നുണ്ട്.

2056 ലെ സ്ത്രീക്ക് കുടുംബത്തിനകത്തും പുറത്തും സ്വന്തമായ നിലനിൽപുണ്ടാവണം; സുരക്ഷിതത്വമുണ്ടാവണം; സാമൂഹ്യമായ അംഗീകാരവുമുണ്ടാവണം. കുടുംബമെന്നത് ഗതികേടുകൊണ്ട് പറ്റിച്ചേർന്നു നില്ക്കേണ്ടി വരുന്ന ഒരു സ്ഥാപനം എന്ന അവസ്ഥ ഉണ്ടായിരിക്കരുത്; കുടുംബം പൂർണമായും സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് ആയിരിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴിലിടങ്ങളും രാഷ്ട്രീയവും വിവേചനരഹിതവും സുരക്ഷിതവും ആയിരിക്കണം; ഇവിടെയെല്ലാം സ്ത്രീപുരുഷാനുപാതം ജനസംഖ്യാനുപാതികമായി തന്നെ നിലനിൽക്കണം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്നുവെങ്കിലും, ആരോഗ്യരക്ഷയുടെ കാര്യത്തിലും കേരളത്തിലെ സ്ത്രീ പുരുഷനെ അപേക്ഷിച്ച് ഇപ്പോഴും പുറകോട്ടാണ്. പുരുഷന്മാരിൽ 8% പേര് മാത്രം അനീമിയ ബാധിച്ചവർ ഉള്ളിടത്ത് സ്ത്രീകളിൽ 33% പേർക്ക് അനീമിയ ബാധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ദേശീയകുടുംബാരോഗ്യ സർവേയുടെ കഴിഞ്ഞ റിപ്പോർട്ടിൽ പറയുന്നത്. മിനിമം ശരീരഭാരത്തിൽ കുറവുള്ള സ്ത്രീകളും ഏറെയുണ്ട്; അഞ്ചിലൊരു സ്ത്രീക്ക് ആരോഗ്യകരമായ ശരീരഭാരം ഇല്ല. സ്ത്രീകൾക്ക് ലഭിക്കുന്ന പോഷകാഹാരം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ് എന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഈ അന്തരം അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട ഒന്നാണ്. ഇനിയും നാല്പതുവർഷങ്ങൾക്ക് ശേഷം ഇത്തരമൊരു റിപ്പോർട്ടിനുള്ള  സാധ്യത തന്നെ ഇല്ലാതാകും വിധമുള്ള പ്രവർത്തനങ്ങൾ ഭരണകൂടത്തിൽ നിന്നും സമൂഹത്തിൽ നിന്നും അത്യാവശ്യമാണ്.

അസുഖങ്ങളെ കുറിച്ചും പ്രതിരോധമാർഗങ്ങളെ കുറിച്ചുമുള്ള അറിവിലും സ്ത്രീ പുരുഷനേക്കാൾ പുറകിൽ  നിൽക്കുന്നു. സ്വന്തം ആരോഗ്യവിഷയത്തിൽ മൂന്നിൽ രണ്ടു സ്ത്രീക്ക് മാത്രമേ സ്വയം തീരുമാനമെടുക്കാൻ കഴിയുന്നുള്ളൂ. ഗർഭനിരോധനമാർഗങ്ങളെ കുറിച്ച് സ്ത്രീകൾക്കുള്ള അറിവ്, അവ തെരഞ്ഞെടുക്കുന്നതിൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്ക് തുടങ്ങിയവയിലും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണ്. ഇത് വളരെയേറെ മുന്നോട്ടുപോവേണ്ടതുണ്ട്; സ്ത്രീകളുടെയിടയിൽ ഈ വിഷയത്തിലുള്ള ബോധവത്കരണപ്രവർത്തനങ്ങൾ ധാരാളം ആവശ്യമുണ്ട്. ഇത്തരം കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ മാത്രം സ്ത്രീകൾ അറിവുള്ളവർ ആയിരിക്കുകയും സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന സാഹചര്യം കുടുംബത്തിലും സമൂഹത്തിലും ഉണ്ടായി വരികയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

പ്രാഥമികവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും:

മറ്റൊരു വീട്ടിലേക്കു പോകേണ്ടവൾ എന്ന കാഴ്ചപ്പാട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുന്നുണ്ട് ഇന്ത്യയിലും കേരളത്തിലും; എന്നാൽ കേരളത്തിലിത്തരം വ്യത്യാസങ്ങൾ തുലോം കുറവാണ് എന്ന് പറയാം. സ്കൂളിലും സർവകലാശാലകളിലും പോകുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തിലും അനുപാതത്തിലും കേരളം വളരെ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്. അതു കുറയാതെ നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന വെല്ലുവിളി നിലനിൽക്കുന്നു.

എന്നാൽ, ഇത്രയും കൊണ്ട് സ്ത്രീപുരുഷവ്യത്യാസം വിദ്യാഭ്യാസരംഗത്ത് തീരെയില്ല എന്ന് തീരുമാനിക്കുക സാധ്യമല്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എത്രത്തോളം സ്വയംനിർണയാവകാശം പെണ്‍കുട്ടികൾക്ക് ആണ്‍കുട്ടികളെ അപേക്ഷിച്ച് ലഭിക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സ്ത്രീകളുടെ കർതൃത്വബോധമാണ് കേരളത്തിലെ അവസ്ഥയിൽ ഇപ്പോൾ വിലയിരുത്തപ്പെടുകയും മെച്ചപ്പെടുകയും ചെയ്യേണ്ട പ്രധാനപ്പെട്ട ഒന്ന്; ഇത് വിദ്യാഭ്യാസരംഗത്തും ബാധകമാണ്. ഈ തലത്തിൽ സർവേകളും ശാക്തീകരണപ്രവർത്തനങ്ങളും ആവശ്യമായി വരും.

തൊഴിലും സാമ്പത്തികസ്വാതന്ത്ര്യവും:

വിദ്യാഭ്യാസരംഗത്ത് കൈവരിച്ച പുരോഗതി, തൊഴിൽരംഗത്ത് നേടാനായിട്ടില്ല എന്നത് കേരളത്തിന്റെ വലിയൊരു ന്യൂനതയാണ്. തൊഴിൽസമൂഹത്തിലെ സ്ത്രീപങ്കാളിത്തം ലജ്ജാകരമാം വിധം കുറവാണ്.

1) തൊഴിലിലെ പങ്കാളിത്തം: പൊതുവായ തൊഴിൽ പങ്കാളിത്തത്തിന്റെ കാര്യത്തിൽ തന്നെ സ്ത്രീപുരുഷാനുപാതത്തിൽ വളരെ വലിയ വ്യത്യാസമുണ്ട്; കൂടുതൽ സ്ത്രീകളും കേരളത്തിലിന്നും "വീട്ടമ്മ"മാരാണ്. ദേശീയകുടുംബാരോഗ്യ സർവേ കഴിഞ്ഞ തവണ പുറത്തിറക്കിയ കണക്കുകൾ പ്രകാരം മൂന്നിലൊന്ന് സ്ത്രീകൾ മാത്രമേ വർക്ക് ഫോഴ്സിൽ ഉള്ളൂ. കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ വരുമാനത്തിലേക്കും തൊഴിൽ നൈപുണ്യത്തിലേക്കും സ്ത്രീസമൂഹത്തിന്റെ സംഭാവനകൾ വളരെ കുറവാണ്. ഓഫീസ് ജോലികളിലും അധികാരപദവിയുള്ള ജോലികളിലുമെല്ലാം സ്ത്രീകൾ  കുറവാണ്. നൈപുണ്യമുള്ള ജോലികളിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ പങ്ക് വളരെ വളരെ ചെറുതാണ്. ഇലക്ട്രീഷ്യൻ, പ്ലംബർ, കാർപെന്റർ തുടങ്ങിയ, സ്വയംതൊഴിൽ സാദ്ധ്യമായ മേഖലകളിൽ സ്ത്രീകളുടെ സാന്നിദ്ധ്യമില്ല. സ്വന്തമായി ബിസിനസ്സോ സംരംഭങ്ങളോ തുടങ്ങുന്നവരിലും സ്ത്രീകൾ  കുറവാണ്.

2) വേതനത്തിലെ ആണ്‍ പെണ്‍ വ്യത്യാസം: തുല്യജോലിക്ക് തുല്യവേതനം പ്രബുദ്ധമലയാളിക്കും അന്യമാണെന്നത് ലജ്ജാകരമായ ഒരു വസ്തുതയായി നിലനിൽക്കുന്നു. പല സ്ഥാപനങ്ങളിലും ഒരേ ജോലി ചെയ്യുന്നവരിൽ സ്ത്രീകളുടെ ആവരേജ് ശമ്പളം പുരുഷന്മാരുടെതിനേക്കാൾ കുറവാണ്. ഇത് വലിയ വേതനക്കാർ മുതൽ ചെറിയ വേതനക്കാർ വരെ എല്ലാവർക്കും ബാധകവുമാണ്. കൂലിപ്പണിക്കും സ്ത്രീയോ പുരുഷനോ എന്നതിനനുസരിച്ചാണ് കൂലി നിർണ്ണയിക്കുന്നത്; ചെയ്യുന്ന തൊഴിലിന്റെ അളവോ കാഠിന്യമോ അനുസരിച്ചല്ല. സ്ത്രീകൾ പൊതുവെ കാഠിന്യം കുറവുള്ളതോ അധ്വാനം കുറവുള്ളതോ ആയ ജോലികൾ ആണ് ചെയ്യുന്നത് എന്ന ന്യായം നിലനിൽക്കുന്നുണ്ടെങ്കിലും, ഒരേ ജോലി ആണെങ്കിൽ പോലും ഒരേ കൂലി വാങ്ങാനുള്ള വ്യവസ്ഥ പ്രായോഗികമായി നിലനിൽപില്ല എന്നതാണ് യാഥാർഥ്യം. പ്രധാന തൊഴിലാളി, സഹായി എന്നിങ്ങനെ തൊഴിലിന്റെ കാഠിന്യം അനുസരിച്ച് വേതനം തീരുമാനിക്കുന്നതിനു പുറമെയാണ് ലിംഗഭേദമനുസരിച്ചുള്ള കൂലിവ്യത്യാസം.

നൂറാമാണ്ടിൽ ഒരു വികസിതസംസ്ഥാനം എന്ന പദവിയിലേക്ക് കേരളം ഉറ്റുനോക്കണമെങ്കിൽ ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാനും സ്ത്രീയുടെ തൊഴിൽ പങ്കാളിത്തവും വരുമാനവും പുരുഷന്റേതിനു സമീകരിക്കാനുമുള്ള കാര്യപരിപാടികൾ അടിയന്തിരമായി നടപ്പിലാക്കേണ്ടിവരും.

3) തൊഴിൽസ്ഥലത്തെ വിവേചനവും പീഡനവും: തൊഴിൽസ്ഥലങ്ങളിലെ വിവേചനവും പീഡനവും പരുഷമായ യാഥാർഥ്യമായി നിലനിൽക്കുന്നു. ജോലിസ്ഥലത്തുള്ള പ്രശ്നങ്ങളുടെ പേരിൽ ജോലി ചെയ്തു ജീവിക്കുന്നതില്‍ നിന്ന് സ്വയം പിൻ വാങ്ങുകയോ വീട്ടുകാരാൽ നിർബന്ധിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീകൾ ഒരുപാടുണ്ട്. സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം ലിംഗസമത്വത്തിനു വളരെ പ്രധാനമായ ഒരു ഉപാധി ആണെന്നിരിക്കെ ജോലി സ്ഥലത്തുള്ള സ്ത്രീയുടെ സുരക്ഷിതത്വം ഇപ്പോള്‍ ഉള്ളതില്‍ കൂടുതൽ പ്രാധാന്യത്തോടെ നാം കാണേണ്ടിയിരിക്കുന്നു.

1997 ലാണ് സുപ്രീം കോര്‍ട്ട് വിശാഖാ ഗൈഡ്ലൈന്‍സ് എന്ന പേരില്‍ ജോലിസ്ഥാപനങ്ങള്‍ക്ക് വേണ്ടി ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. ജോലിസ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തടയാനും പരിഹരിക്കാനും കൃത്യമായ നടപടികള്‍ സ്വീകരിക്കാനും പര്യാപ്തമായ ഒരു വ്യവസ്ഥ ഇന്ത്യന്‍ നിയമത്തില്‍ നിലവിലില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. Workplace Harassment തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതും അങ്ങനെയൊന്ന് നടന്നതായി കണ്ടാല്‍ തക്ക പരിഹാരങ്ങളും നിയമനടപടികളും സ്വീകരിക്കേണ്ടതും സ്ഥാപനമേധാവികളുടെ ഉത്തരവാദിത്വം ആണെന്ന് ഇതില്‍ അടിവരയിടുന്നുണ്ട്. ഇതു പ്രകാരം എല്ലാ സ്ഥാപനങ്ങളിലും പരാതികള്‍ അന്വേഷിക്കാന്‍ ഒരു സ്ത്രീ തന്നെ നയിക്കുന്ന Internal Complaints Committee (ICC) രൂപീകരിക്കേണ്ടതുണ്ട്. വിശാഖാ മാര്‍ഗനിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി തന്നെ The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 ഏപ്രില്‍ 22 തൊട്ടു നിലവിലുണ്ട്.

പല സ്ഥാപനങ്ങളും ഈ നിയമങ്ങളെ ഗൌരവമായി തന്നെ എടുക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുക, ബോധവല്‍കരണ ക്ലാസ്സുകള്‍ എടുക്കുക തുടങ്ങിയവ ചെയ്തു വരുന്നുണ്ടെങ്കിലും അവ തുലോം കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം; നിയമങ്ങള്‍ നിയമങ്ങളായി 'കടലാസില്‍ മാത്രം' നില നില്‍ക്കുക എന്നാ അവസ്ഥയാണ് നമ്മുടെ മറ്റു പല നിയമങ്ങള്‍ പോലെ ഇതിന്റെതും. കൂടുതല്‍ ജോലിസ്ഥാപനങ്ങളിലും തങ്ങളുടെ സ്വൈരപൂര്‍വമായ ഔദ്യോഗികജീവിതത്തിനുള്ള അവകാശത്തെ പറ്റി സ്ത്രീകള്‍ ബോധവതികളല്ല. ശരിയായ ബോധവല്‍കരണത്തിനും ഫലപ്രദമായ പ്രതിരോധത്തിനുമുള്ള നടപടികള്‍ എടുക്കേണ്ടത് സ്ഥാപനമേധാവികളുടെ കടമ ആണെങ്കിലും അതും സംഭവിക്കുന്നില്ല. സ്ഥാപനങ്ങളുടെ ലൈസെന്‍സ് ക്യാന്‍സല്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ളയത്രയും ഗൌരവമായ കുറ്റമാണ് ഇത്തരം പരാതികളോ സംഭവങ്ങളോ കണ്ടില്ലെന്നു നടിക്കുന്നതും മറച്ചു വെക്കാന്‍ ശ്രമിക്കുന്നതും.  Internal Complaints Committee (ICC) നടപടി എടുത്തില്ലെങ്കില്‍ ജില്ലാതലത്തില്‍ നിലവിലുള്ള Local Complaints Committee (LCC) യെ സമീപിക്കാവുന്നതാണ്. ഇതിന്‍റെയെല്ലാം വിശദവിവരങ്ങളും കോണ്ടാക്ട് നമ്പറുകളും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ, ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടോ  എന്നൊക്കെ സ്ഥിരീകരിക്കാനുള്ള നിരീക്ഷണസംവിധാനങ്ങളും ഇപ്പോൾ നിലവിലില്ല.

4) തൊഴിൽ രംഗത്തെ നേട്ടങ്ങൾ: നല്ല രീതിയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കു ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങളെ സ്ത്രീയെന്നകാരണം കൊണ്ടു മാത്രം ലഭിച്ചതു എന്നു പരിഹസിക്കുന്നത് സാധാരണയാണ്. സ്വകാര്യസ്ഥാപനങ്ങളിൽ വർക്ക്‌ ഫോർസിലെ സ്ത്രീകളുടെ എണ്ണത്തിനു ആനുപാതികമായി ഉയർന്ന സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം പൊതുവെ കുറവാണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെയാണിത്‌. മൊത്തം സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിനാനുപാതികമായി  അധികാരസ്ഥാനങ്ങളിൽ സ്ത്രീകളില്ല. അതിനു പുറമേ ഇത്തരം അധിക്ഷേപങ്ങൾ സ്ത്രീകളെ വർക്ക്ഫോഴ്സിൽ നിന്നകറ്റി നിർത്താനുള്ള ഒരുപാധി ആയും വർത്തിക്കുന്നു.

5) വരുമാനം ചെലവഴിക്കുന്നതിലെ കർതൃത്വം: സ്ത്രീ തൊഴിൽ  ചെയ്യുമ്പോഴും പലപ്പോഴും  അവളുടെ വരുമാനം ചെലവഴിക്കപ്പെടുന്നത് അവളുടെ തീരുമാനമനുസരിച്ചല്ല, രക്ഷാകർതൃസ്ഥാനം കൽപിക്കപ്പെട്ടിട്ടുള്ള പുരുഷന്റെ താത്പര്യപ്രകാരമാണ്. ദേശീയകുടുംബാരോഗ്യ സർവേ കഴിഞ്ഞ തവണ പുറത്തിറക്കിയ കണക്കുകൾ പ്രകാരം അഞ്ചിലൊന്ന് സ്ത്രീകൾക്കേ സ്വന്തമായി ഉപയോഗിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാവുന്ന പണമുള്ളൂ; ഇതിൽ സ്വാഭാവികമായും ജോലി ചെയ്യുന്ന സ്ത്രീകളാണ് കൂടുതൽ. നാലിലൊന്ന് സ്ത്രീകൾക്ക് അവർ സ്വയമുപയോഗിക്കുന്ന ബാങ്ക് അക്കൌണ്ട് ഉണ്ട്. പകുതി സ്ത്രീകൾക്ക് മാർക്കറ്റ്, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് തനിയെ പോകാനനുവാദമുണ്ട്‌. നാൽപതു ശതമാനത്തിൽ അല്പം കൂടുതൽ പേർക്ക് ഗ്രാമത്തിനൊ കമ്യൂണിറ്റിക്കോ പുറത്ത് യാത്രചെയ്യാനനുവാദമുണ്ട്. ഈ പറഞ്ഞ മൂന്നിടങ്ങളിലേക്കും ഒരുപോലെ തനിച്ചു പോകാൻ അനുവാദമുള്ളവർ പക്ഷേ 35% മേയുള്ളൂ.

ഈ പറഞ്ഞ കണക്കുകൾ അടുത്ത സർവേയിൽ ഗണ്യമായി തന്നെ മെച്ചപ്പെടെണ്ടതാണ്. എന്നാൽ നൂറു ശതമാനത്തിലേക്ക് ഇനിയുമൊരുപാട് ദൂരം തീർച്ചയായുമുണ്ട് താനും. സാമ്പത്തികസ്വാതന്ത്ര്യം സ്ത്രീശാക്തീകരണത്തിനുള്ള പ്രധാനമാർഗം ആണെന്നിരിക്കെ തൊഴിൽ പങ്കാളിത്തവും വരുമാനവും മാത്രമല്ല, അതിന്റെ മേലുള്ള കർതൃത്വം കൂടി സ്ത്രീക്ക് കൈവരണം. കേരളം നൂറാമാണ്ടിലെത്തുമ്പോൾ ഈ കണക്കുകൾ നൂറുശതമാനമെന്ന നമ്പറിൽ എത്തുക തന്നെ വേണം.

വർക്ക്‌ ഫോർസിൽ സ്ത്രീയുടെ പ്രാതിനിധ്യം കുറയുന്നത് സ്ത്രീയെയും കുടുംബങ്ങളെയും സമൂഹത്തെയും പല രീതിയിൽ ബാധിക്കുന്ന ഗൌരവമേറിയ ഒരു പ്രശ്നമാണ്. സമൂഹത്തെ സംബന്ധിച്ചിടത്തോളം ജനസംഖ്യയുടെ പകുതിയുടെ ബൗദ്ധികനിപുണതയും വൈദഗ്ദ്ധ്യവുമാണ് ഉപയോഗിക്കപ്പെടാതെ പോകുന്നത്.  കുടുംബങ്ങൾക്കാകട്ടെ, ഒരു വ്യക്തിയുടെ വരുമാനവും പലപ്പോഴും ആ വ്യക്തിയുടെ തൊഴിൽ വളർച്ചയുടെ ഫലമായി ലഭിക്കാവുന്ന അധികസ്രോതസ്സുകളും മാർഗദർശിത്വവുമെല്ലാം നഷ്ടപ്പെടുന്നു. സ്ത്രീയെന്ന വ്യക്തിക്ക് നഷ്ടപ്പെടുന്നത് വീടിനും കുടുംബത്തിനും പുറത്തുള്ള ഒരുപാട് സാധ്യതകളുടെ ലോകമാണ്.

മേലെ സൂചിപ്പിച്ച പ്രശ്നങ്ങൾക്ക് പ്രത്യേകപരിഗണന കൊടുത്ത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് സ്ത്രീശാക്തീകരണത്തിന് അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. കേരളം നൂറാമാണ്ടിലെക്കെത്തുമ്പോൾ കൈവരിക്കുന്ന, അഥവാ കൈവരിക്കേണ്ട പുരോഗതി, തൊഴിൽ സമൂഹത്തിലെ സ്ത്രീയുടെയും പുരുഷന്റെയും തുല്യാധ്വാനത്തിന്റെയും തുല്യാധികാരങ്ങളുടെയും തുല്യപങ്കാളിത്തത്തിന്റെയും ഫലമായിരിക്കണം.

രാഷ്ട്രീയപങ്കാളിത്തവും വനിതാസംവരണവും:

വലിയ അളവിൽ സ്ത്രീശാക്തീകരണം ആവശ്യമുള്ള ഒരു മേഖലയാണ് രാഷ്ട്രീയവും തെരഞ്ഞെടുപ്പുകളും. വോട്ടർമാരുടെ എണ്ണത്തിലെ ആണ്‍പെണ്‍വ്യത്യാസം കേരളം മറികടന്നിട്ടുണ്ട്. എന്നാൽ സ്ഥാനാർഥികൾ, അസംബ്ലി/ പാർലമെന്റ് പ്രതിനിധികൾ, മന്ത്രിമാർ എന്നിവരുടെ എണ്ണം വെച്ചുനോക്കിയാൽ ജനസംഖ്യയുടെ അമ്പതുശതമാനം വരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം വളരെ വളരെ കുറവാണ്. ലോകസഭയിലെ 20 എംപിമാരിൽ ഒരേയൊരു വനിത മാത്രമേയുള്ളൂ; ഒൻപതു രാജ്യസഭാ എംപിമാരിലും ഒരേയൊരു വനിത മാത്രം. കേരളാ നിയമസഭയിലെ 140 മണ്ഡലങ്ങളിൽ നിന്ന് ഏഴു മണ്ഡലങ്ങളിൽ മാത്രമാണ് വനിതാപ്രതിനിധികൾ ഉള്ളത്. ജനസംഖ്യയിൽ അമ്പതുശതമാനം സ്ത്രീകളടങ്ങിയ സമൂഹത്തിന്റെ അധികാരപദവികളിലാണ് ഇത്ര ദയനീയമായ പങ്കാളിത്തം എന്നോർക്കണം.

സ്ത്രീകളുടെ സ്ഥാനാർഥിത്വത്തെയും അധികാരത്തെയും സംബന്ധിച്ച് വിവേചനവും മുൻവിധികളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നു കാണാം. സാസ്കാരികവും മതപരവും സാമൂഹ്യവുമായ പലതരം കടമ്പകളാണ് ഇലക്ടോറൽ പൊളിറ്റിക്സിലേക്കു കടക്കുന്ന സ്ത്രീകൾക്ക് മറികടക്കാനുള്ളത്. വനിതാസ്ഥാനാർഥികളെ കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കലിൽ തുടങ്ങി അപകീർത്തിപ്പെടുത്തൽ വരെ സാധാരണമാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ കേരളം ഈ പങ്കാളിത്തപ്രശ്നത്തെ മറികടക്കുന്നത് വനിതാസംവരണത്തിലൂടെയാണ്. എന്നാൽ, സ്റ്റേറ്റ് അസംബ്ലിയിലും പാർലമെന്റിലും 33% വനിതാസംവരണം കൊണ്ടുവരാനുള്ള ബിൽ ലോകസഭയിൽ ഇനിയും പാസായിട്ടില്ല. കഴിഞ്ഞ പല സർക്കാരുകളും മാറി മാറി ശ്രമിച്ചിട്ടും ബഹുഭൂരിപക്ഷം വരുന്ന പുരുഷ എംപിമാരുടെ നിസ്സഹകരണവും എതിർപ്പും മൂലം ഇത് മുന്നോട്ട് കൊണ്ടുപോവാനായിട്ടില്ല. രാഷ്ട്രീയത്തിലും അധികാരത്തിലും സ്ത്രീകളുടെ തുല്യപങ്കാളിത്തത്തിലെക്കുള്ള ഒരു പ്രധാന കാൽവെപ്പ്‌ ആയിരിക്കും ആ ബിൽ എന്നതിൽ സംശയമില്ല.

രാഷ്ട്രീയപാർട്ടികളിലും അധികാരപദവികളിൽ സ്ത്രീകൾ വളരെ കുറവാണ്. ഈ കുറവും ഭരണകൂടത്തിലെ പങ്കാളിത്തത്തിലുള്ള കുറവും ഒരുപോലെ നികത്താനുള്ള കാര്യപരിപാടികൾ കേരളസമൂഹത്തിൽ അത്യാവശ്യമായി തന്നെ നടപ്പിലാക്കേണ്ടി വരും. കേരളത്തിനു നൂറാം വയസ്സിലേക്കുള്ള ദൂരം കുറവാണെന്നിരിക്കിലും 'പെണ്‍ ദൂരങ്ങൾ' അതിലുമെത്രയോ മടങ്ങ് ആണെന്ന യാഥാർഥ്യത്തെ മുൻനിർത്തി, മിനിമം പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഏറ്റെടുത്തു നടത്തേണ്ടതുണ്ട്. നൂറാം വയസ്സിലും സ്ത്രീപങ്കാളിത്തം അല്പമാത്രമായി നിലനിൽക്കാനുള്ള സാധ്യത ഒട്ടും അംഗീകരിക്കാവുന്നതല്ല.

സാമൂഹ്യമായ കാഴ്ചപ്പാടുകളും ലിംഗനീതിയും:

മുൻപ് സൂചിപ്പിച്ച രംഗങ്ങളിലെല്ലാം എന്താണ് സ്ത്രീസമൂഹത്തിന്റെ പുരോഗതിക്ക് പ്രധാനതടസ്സം ആയി നിൽക്കുന്നത് എന്നു നിരീക്ഷിച്ചാൽ പ്രധാനപ്രതി സാമൂഹ്യമായ കാഴ്ചപ്പാടുകൾ തന്നെയാണെന്ന് കാണാം. സ്ത്രീക്കും പുരുഷനും പാട്രിയാർക്കൽ വ്യവസ്ഥയിൽ കല്പിച്ചു നൽകപ്പെട്ടിട്ടുള്ള വെവ്വേറെ സ്ഥാനങ്ങൾ പൊതുബോധത്തിൽ അത്രത്തോളം വേരിറങ്ങിയിട്ടുള്ളത് കൊണ്ടാണ് മാറ്റങ്ങൾ പതുക്കെയാകുന്നതും വ്യാപകം ആവാത്തതും. അതുകൊണ്ട് തന്നെ, പരിഹാരങ്ങൾ നടപ്പിലാക്കാനുള്ള ഏതു കാര്യപരിപാടികളുടെയും ഭാഗമായി ശക്തമായ സാമൂഹ്യബോധവത്കരണം നടപ്പിലാക്കേണ്ടതുണ്ട്.

ഗാർഹികജോലികൾ പൊതുവെ സ്ത്രീയുടെ പ്രവർത്തനരംഗമായാണ് കൽപിക്കപ്പെട്ടിട്ടുള്ളത്. Organization for Economic co-operation and Development (OECD) നടത്തിയ ഒരു സർവേ പ്രകാരം ഇന്ത്യൻ പുരുഷന്മാർ വീട്ടുജോലികൾക്കായി ചെലവഴിക്കുന്ന ആവറേജ് സമയം ദിവസം 19 മിനുട്ടുകൾ മാത്രമാണ്; സ്ത്രീകളാകട്ടെ ദിവസവും ആവരേജ് 298 മിനുട്ടുകൾ വീട്ടുജോലികളിൽ ചെലവഴിക്കുന്നു. വിവാഹിതരുടെ മാത്രം കണക്കുകൾ നോക്കിയാൽ ഈ വ്യത്യാസം ഇനിയും വലുതായേക്കും. ജോലി ചെയ്യുന്ന സ്ത്രീകളും പലപ്പോഴും വീട്ടിലെ ജോലികൾ തനിച്ചോ അല്പം മാത്രം സഹായത്തോടു കൂടിയോ ആണ് നിർവഹിക്കുന്നത്. ഒന്നോർത്തുനോക്കുക; ജോലിയും വീട്ടുജോലിയും എല്ലാം കഴിഞ്ഞ് പിന്നെപ്പോഴാണ് സ്ത്രീ പൊതുരംഗത്തും രാഷ്ട്രീയത്തിലുമെല്ലാം സജീവമാകേണ്ടത്? വീട്ടുജോലികളുടെ ന്യായമായ പങ്കുവെക്കൽ കുടുംബങ്ങൾക്കകത്ത് നടക്കാതെ സ്ത്രീകളുടെ മുഖ്യധാരാപങ്കാളിത്തം ഉറപ്പുവരുത്താനാവുമൊ?

വ്യക്തിസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവുമെല്ലാം ലിംഗാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു സമൂഹം കൂടിയാണ് നമ്മുടേത്. അഭിപ്രായസ്വാതന്ത്ര്യം പോലും ലിംഗാടിസ്ഥാനത്തിലാണ് പലപ്പോഴും. ഭർത്താവിന്റെയോ പിതാവിന്റെയോ സഹോദരന്റെയോ ഒക്കെ രാഷ്ട്രീയനിലപാടുകളോടും സാമൂഹ്യവീക്ഷണത്തോടുമെല്ലാം വ്യത്യസ്തമായ നിലപാടുകൾ പുലർത്തുന്ന സ്ത്രീകൾ അപൂർവമാണ്;  അങ്ങനെയുള്ളവർക്കു തന്നെ സാമൂഹ്യമായ അംഗീകാരം ലഭിക്കുക എന്നത് അത്യപൂർവവും. ബന്ധങ്ങൾക്കു പുറത്ത്, വ്യക്തിയെന്ന നിലയിൽ സ്ത്രീയുടെ സ്വതന്ത്രമായ നിലനിൽപ് അംഗീകരിക്കപ്പെടുക എന്നതു മാത്രമാണ് ഇതിനു പരിഹാരം.

ലിംഗഭേദത്തെ ഊട്ടിയുറപ്പിക്കുന്ന ബാല്യകാലശിക്ഷണവും കളിപ്പാട്ടങ്ങളും വരെ അടുത്ത തലമുറയിലെ സ്ത്രീയുടെ പദവിയെ നിർണ്ണയിക്കും. ചെറുപ്പം മുതലേ പഠിപ്പിക്കുന്ന ലിംഗപദവികളും ഉത്തരവാദിത്വങ്ങളുമാണ് വിവേചനത്തിന്റെ വിത്തുകൾ. ആണ്‍കുട്ടികൾക്ക് പുറംലോകത്തെ അടുത്തറിയാനുതകുന്ന സാഹചര്യങ്ങളും കളികളും കളിപ്പാട്ടങ്ങളും നല്കുമ്പോൾ പെണ്‍കുട്ടികൾക്ക് ഗാർഹിക ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ടവ നല്കുന്നിടത്താണ് വിവേചനബോധം രണ്ടുകൂട്ടരിലും ദൃഢമായുറക്കുന്നത്. കായികവിനോദങ്ങളിലെ പങ്കാളിത്തത്തിൽ പോലും കടുത്ത ആണ്‍പെണ്‍ വിവേചനം കാണാം; വീടുകളിലും സ്കൂളുകളിലും കലാലയങ്ങളിലും എല്ലാം.

അക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾ അത് തുറന്നു പറയാൻ മടിക്കുന്നതിലും സമൂഹത്തിനു ഗണ്യമായ പങ്കുണ്ട്. ദേശീയകുടുംബാരോഗ്യ സർവേ കഴിഞ്ഞ തവണ പുറത്തിറക്കിയ കണക്കുകൾ പ്രകാരം, കേരളത്തിൽ മൂന്നിൽ രണ്ടു സ്ത്രീകൾ, ഭർത്താവ് ഭാര്യയെ തല്ലുന്നത് ചില സാഹചര്യങ്ങളിൽ നീതീകരിക്കാനാവുന്നതാണെന്ന് വിശ്വസിക്കുന്നു. പകുതിയിലധികം പുരുഷന്മാരും ഇതുതന്നെ വിശ്വസിക്കുന്നു. ഈ കണക്കുകൾ അടുത്ത സർവേയിൽ മെച്ചപ്പെട്ട ഫലങ്ങൾ കാണിക്കുമെന്നു തന്നെ പ്രതീക്ഷിക്കാമെങ്കിലും ഇത്തരമൊരവസ്ഥയിൽ ഗാർഹികപീഡനത്തിന്റെ കണക്കുകൾ പോലും ശരിയായി ലഭിക്കാൻ കഴിയുകയില്ല എന്ന് ശ്രദ്ധിക്കേണ്ടതാണ്. പീഡനം ന്യായമാണ് എന്ന് വിശ്വസിക്കുന്നവർ തീർച്ചയായും അത് തുറന്നു പറയുകയില്ല. ഗാർഹികപീഡനത്തിനിരയായവരിൽ മൂന്നിലൊന്നു പേരേ പുറത്തുപറയുകയോ സഹായം തേടുകയോ ചെയ്തിട്ടുള്ളൂ എന്നാണു കണക്കുകൾ; ഇതിൽ തന്നെ കൂടുതലും കുടുംബത്തിനകത്ത് സഹായം തേടിയവരാണ്; പോലീസ്, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരിൽ നിന്ന് സഹായം തേടിയവർ വളരെ കുറവാണ്.

ഇത്തരം പൊതുബോധങ്ങളുടെ ആകെത്തുകയാണ് സമൂഹത്തിൽ സ്ത്രീ അനുഭവിക്കുന്ന വിവേചനങ്ങളും പിന്തള്ളപ്പെടലുകളും. ഇവയെ നേരിടുന്നതും ശക്തമായ സാമൂഹ്യബോധവത്കരണത്തിലൂടെയും നിയമനിർമാണത്തിലൂടെയുമേ സാധ്യമാകൂ.  സ്ത്രീയുടെ മുഖ്യധാരാപങ്കാളിത്തം ജനസംഖ്യാനുപാതികമായി ഉയർന്നു വരണമെങ്കിൽ പ്രത്യേകമായ ഒരു യത്നം അതിനായി തന്നെ വേണ്ടി വരും എന്നു വ്യക്തം. കുടുംബശ്രീമിഷൻ തുടങ്ങിയ സംരംഭങ്ങൾ ഇതുവരെ കേരളത്തിലെ സ്ത്രീശാക്തീകരണത്തിൽ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് വളരെ ശ്രദ്ധേയമാണ്; അത്തരം പ്രവർത്തനങ്ങൾ പൂർവാധികം ശ്രദ്ധയോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ടു കൊണ്ട് പോകേണ്ടത് അത്യാവശ്യമാണ്.

ചുരുക്കിപ്പറഞ്ഞാൽ, കേരളപ്പിറവിയുടെ അറുപതാം വർഷത്തിൽ എത്തി നിൽക്കുമ്പോഴും ലിംഗവിവേചനം ശക്തമായി തന്നെ നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു സമൂഹമെന്ന നിലയിൽ മുന്നോട്ടു പോയിട്ടില്ലെന്നല്ല; ഇതുവരെ പോയതിനേക്കാൾ എത്രയോ ഇനിയുമൊരുപാട് പോകാനുണ്ടെന്ന തിരിച്ചറിവാണ് ഇനിവരുന്ന വർഷങ്ങളിൽ നമ്മെ നയിക്കേണ്ടത്. ജനസംഖ്യയുടെ പാതിവരുന്ന വിഭാഗത്തിന്റെ പുരോഗതി പിന്നിൽ നിൽക്കുമ്പോൾ ഒരു ജനതക്ക് സമഗ്രമായ പുരോഗതി അവകാശപ്പെടാനാവില്ല. ജാതി, മതം, നിറം, സെക്ഷ്വൽ ഓറിയന്റെഷൻ തുടങ്ങിയ മറ്റു വിവേചനങ്ങൾക്ക് പുറമെയാണ് ലിംഗവിവേചനം എന്ന് ചിന്തിക്കുമ്പോൾ, അത്തരം വിവേചനങ്ങൾക്കിരയാകുന്ന വിഭാഗങ്ങൾ മാറ്റി നിർത്തിയാൽ, പിന്നാരാണ്‌ പുരോഗമിക്കുന്നത് എന്ന കടുത്ത ചോദ്യം ഉയർന്നു നിൽക്കും. നൂറുവർഷം തികക്കുന്ന കേരളം ഈ ചോദ്യത്തിനു മുന്നിൽ വീണ്ടും തലകുനിച്ചു നിൽക്കാൻ ഇടയാകരുതെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകണം.

Sources:
1. 2014 Global Gender Gap Report by World Economic Forum.
2. State Census 2011
3. SRS Statistical Report 2012
4. National Family Health Survey (2005-06)
5. National Crime Records Bureau
6. Election Commission of India


2 comments:

  1. Excellent /beautiful writing.
    Right message for the need for India to rennovate and innovate the social system and the place and dignity of women in the family and outside social spaces.

    ReplyDelete