Thursday 11 February 2016

അച്ചടക്കപരിശീലനത്തിലൊതുങ്ങുന്ന വിദ്യ എന്ന അഭ്യാസം




(അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/9778/education-system-discipline-teachers-rule-students-mentality-anupama-azhimukham

“You're really a good girl, you know.” 

That's what the headmaster used to say every time he saw Totto-chan. And every time he said it, Totto-chan would smile, give a little skip, and say, "Yes, I am a good girl." And she believed it.  

ടോട്ടോചാന്റെ സ്കൂളിൽ ഓരോ വിഷയത്തിനും ഓരോ പീരിയഡ് എന്ന രീതി ഇല്ലായിരുന്നു. കുട്ടികൾ ദിവസവും അവരവരുടെ ഇഷ്ടവിഷയം കൊണ്ടാരംഭിക്കും. ഓരോ കുട്ടിയും ഓരോ വിഷയമായിരിക്കും ചിലപ്പോൾ തുടങ്ങുക. ടീച്ചർമാർ ലക്ചർ കൊടുക്കുന്നതിനു പകരം കുട്ടികളുടെ ഇടയിൽ നടന്ന് അവരെ സഹായിച്ചു കൊണ്ടിരിക്കും. ഇങ്ങനെ, ഓരോ കുട്ടിയുടെയും ഇഷ്ടവിഷയവും താത്പര്യവുമെന്താണെന്ന് അദ്ധ്യാപകർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. രക്ഷിതാക്കളോട് കുട്ടികളെ അവരുടെ എറ്റവും മോശം വസ്ത്രത്തിൽ സ്കൂളിലയക്കാൻ കൊബായഷിമാഷ്‌ പറയുമായിരുന്നു; കീറിപ്പോയാലും അഴുക്കു പറ്റിയാലും പ്രശ്നമില്ലല്ലോ. കുട്ടികൾക്ക് വസ്ത്രത്തിൽ പറ്റുന്ന അഴുക്കിനെ പറ്റിയും കീറിപ്പോകുന്നതിനെ പറ്റിയുമൊന്നും വിഷമിക്കേണ്ടി വരരുതെന്ന് മാസ്റ്റർക്ക് നിർബന്ധമായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നാണ് ടോട്ടോചാനിനെയും കൊബായഷി മാസ്റ്ററെയും പരിചയപ്പെടുന്നത്. പരിഷത്തിന്റെ തന്നെ വിജ്ഞാനോത്സവങ്ങളിൽ വെച്ച് ചില കൊബായഷി മാസ്റ്റർമാരെ നേരിട്ടു പരിചയപ്പെട്ടതുമോർക്കുന്നു. സ്കൂൾകാലഘട്ടത്തിലെ ഏറ്റവും നല്ല ഓർമകളും ഇന്നുമോർമയിൽ നിൽക്കുന്ന പല ശാസ്ത്ര അറിവുകളുമെല്ലാം ഈ പുസ്തകങ്ങളുടെയും വിജ്ഞാനോത്സവങ്ങളുടെയും  സംഭാവനകളായിരുന്നുവെന്നത് യാദൃശ്ചികമല്ല. മുഷിഞ്ഞു മുഖം ചുളിച്ച് ബെഞ്ചിലിരുന്നു ബ്ലാക്ക് ബോർഡിൽ ടീച്ചറെഴുതുന്നത് നോക്കിയെഴുതിയതും പറയുന്നത് കേട്ടെഴുതിയതുമൊന്നും ഓർമയിലെങ്ങും സ്ഥിരമായൊരു സ്ഥാനം പിടിച്ചിട്ടില്ല അധികം.

അച്ചടക്കപാഠശാലകളായിരിക്കണം സ്കൂളുകൾ എന്ന വിക്ടോറിയൻ മൂല്യബോധത്തിൻറെ ചുവരുകൾക്കുള്ളിൽ നിന്ന് പുറത്ത് വരാത്ത മനസ്സുകളാണ് നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെ നയിക്കുന്നത്. Age Hierarchy (പ്രായത്തിനനുസരിച്ചുള്ള അധികാരശ്രേണി), Position Hierarchy (സ്ഥാനമാനങ്ങൾക്കനുസരിച്ചുള്ള അധികാരശ്രേണി) എന്നിവയിൽ നിന്ന്  ഒട്ടും മുക്തമല്ലാത്ത പൊതുബോധമാണ് വിദ്യാഭ്യാസരംഗത്തും മുന്നിട്ടു നിൽക്കുന്നത്. 

കറപറ്റാത്ത ഇസ്തിരിയിട്ട യൂണിഫോമുകളും ബ്രൌൺ പേപ്പർ കൊണ്ട് പൊതിഞ്ഞു നെയിംസ്ലിപ്പ് ഒട്ടിച്ച പുസ്തകങ്ങളും അസംബ്ലിലൈനിൽ വടിപോലെ നിൽക്കുമ്പോൾ തലചുറ്റി വീണു പോകുന്ന വെയിലും ക്ലാസ്റൂം നിയമങ്ങളുമെല്ലാം വഴി വളർത്തിയെടുക്കപ്പെടുന്നത് അറിവോ ബൗദ്ധികവളർച്ചയൊ ധാർമികബോധമോ ഒന്നുമല്ല; അച്ചിൽ വാർത്തെടുത്ത യന്ത്രങ്ങളെ സൃഷ്ടിക്കാനുതകുന്ന വെറും അച്ചടക്കബോധം മാത്രമാണ്. ഭാവിയിൽ പണമുണ്ടാക്കുന്ന മെഷീനുകളെ നിർമിച്ചെടുക്കുന്ന ഒന്നു മാത്രമാണ് വിദ്യാഭ്യാസമെന്ന ബോധമാണ് ഭൂരിപക്ഷം രക്ഷിതാക്കളെയും ഭരിക്കുന്നത്.

മുതിർന്നവർ പറയുന്നതെന്തും അതിലെ ധാർമ്മികതയെയോ യുക്തിയെയോ ഒട്ടും ചോദ്യം ചെയ്യാതെ അനുസരിക്കുക എന്ന Age Hierarchy പഠിപ്പിക്കൽ ആണ് ഇക്കാലത്തും നമ്മുടെ അച്ചടക്കബോധത്തിന്റെ കാതൽ. ഇതെത്രത്തോളം അപകടകരമാണെന്നും കുട്ടികളുടെ സ്വാഭാവികമായ മാനസിക, ബൌദ്ധികവികാസത്തെ ഇതെത്രത്തോളം തടസ്സപ്പെടുത്തുവെന്നും മനസ്സിലാക്കാതെയാണ് അച്ചടക്കം അടിച്ചേൽപ്പിക്കുന്നത്. കുട്ടികളെ വളർത്തൽ എന്നാൽ "പറഞ്ഞാൽ കേൾക്കുന്ന നല്ല കുട്ടി"യെ രൂപപ്പെടുത്തി എടുക്കുക എന്നത് മാത്രമാണെന്ന ബോധത്തിൽ നിന്ന് ചില രക്ഷിതാക്കളും അധ്യാപകരുമെങ്കിലും അല്പാല്പമായി പുറത്ത് വരുന്നുണ്ടെന്നത് ഒരാശ്വാസമാണ്. എന്നാലത് തുലോം കുറവാണ്. 

കുട്ടിക്കാലത്തെ ഒരു സംഭവം ഓർക്കുന്നു. അനുജത്തി ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴോ മറ്റൊ ആണ്. ഞാൻ പ്രീഡിഗ്രീക്ക് പഠിക്കുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് പരിഭാഷ ചെയ്തിറക്കുന്ന ശാസ്ത്ര, ഗണിതപുസ്തകങ്ങൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഗണിതത്തിലെ ചില രസകരമായ പാറ്റെണുകൾ (patterns) അവതരിപ്പിക്കുന്ന ഒരു പുസ്തകം ആ വർഷമിറങ്ങിയിരുന്നു. സയൻസ് എക്സ്ഹിബിഷന് അവയിൽ ചിലത് പോസ്റ്ററുകൾ ആയിറക്കി പ്രദർശിപ്പിക്കാം എന്ന് അവൾ തീരുമാനിച്ചു; അല്പം ഞാനും സഹായിച്ചു. സ്കെച്ച് പെന്നും ചാർട്ട് ഷീറ്റും സംഘടിപ്പിച്ച് ശനിയും ഞായറും കഷ്ടപ്പെട്ടിരുന്നു ചില പോസ്റ്ററുകൾ ഉണ്ടാക്കി അവൾ സ്കൂളിൽ കൊണ്ട് പോയി; അപ്രൂവലിനു വേണ്ടി അധ്യാപകനെ കാണിച്ചു. 

പോസ്റ്ററുകൾ വാങ്ങിച്ചു കൊണ്ട് പോയ സാർ അവളെ സ്റ്റാഫ്റൂമിൽ വിളിപ്പിച്ചു. പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത് മുഴുവൻ മണ്ടത്തരങ്ങൾ ആണെന്നും ഇതൊന്നും ഗണിതത്തിൽ ഇല്ലെന്നും ഭാവന കണക്കിൽ കാണിക്കരുതെന്നും പറഞ്ഞു കൊണ്ട് പരിഹസിച്ചു ചിരിച്ചു. പുസ്തകത്തിന്റെ പേരുപറഞ്ഞ് അതിൽ നിന്നാണ് എല്ലാം എടുത്തതെന്ന് പറഞ്ഞു നോക്കിയെങ്കിലും ഇതൊന്നും ഒരു പുസ്തകത്തിലും കാണില്ലെന്നും മാഷായ എനിക്കറിയാത്ത കാര്യമാണോ നിനക്കറിയുന്നത് എന്ന വഴക്കും ഇനി ഇമ്മാതിരി സാധനങ്ങൾ കൊണ്ട് വരരുത് എന്ന വിലക്കും ആയിരുന്നു മറുപടി.  കണ്ണിൽ വെള്ളം തോരാതെയാണ് അന്നവൾ സ്കൂളിൽ നിന്ന് മടങ്ങി വന്നത്. അതിനു ശേഷമാണോ എന്നറിയില്ല; ആയിരിക്കാം എന്നിപ്പോൾ തോന്നിപ്പോകുന്നു; ഗണിതം എന്ന വിഷയത്തിലേ അവളധികം താത്പര്യം കാണിച്ചിട്ടില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവവമല്ല; ഇതെന്തു കൊണ്ടോ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു എന്ന് മാത്രം. ചോദ്യങ്ങളെ, സംശയങ്ങളെ, ആശയങ്ങളെ എല്ലാം അടക്കിവെക്കാനും അടങ്ങി ഒതുങ്ങി 'നല്ലകുട്ടി'യായി മിണ്ടാതെ ക്ലാസിലിരിക്കാനുമാണ് സ്കൂൾകാലം പഠിപ്പിച്ചത്. കനിവ് കാണിച്ച, മക്കളെയെന്നോണം സ്നേഹിച്ച, ഞങ്ങളുടെ വ്യക്തിത്വവികാസത്തിനു പ്രചോദനമേകിയിരുന്ന പ്രിയപ്പെട്ട അധ്യാപകരെ മറക്കുന്നില്ല; അവരൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് പഠനം മുഴുവനായും പീഡനമല്ലെന്ന തോന്നൽ ഉണ്ടായതും വലിയ മോശമില്ലാതെ ആ സർക്കാർ സ്കൂളിൽ നിന്ന് പഠിച്ചുപാസായി പുറത്ത് വരാൻ ഞങ്ങൾക്ക് രണ്ടു പേർക്കും കഴിഞ്ഞതും. എന്നാൽ, അവർ ഒരു ഭൂരിപക്ഷമായിരുന്നില്ല എന്നതാണ് സത്യം.

പത്രവാർത്തകൾ കാണുമ്പോൾ ഈയവസ്ഥക്കു ഒരുപാടൊന്നും മാറ്റം വന്നിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകർ, കുട്ടികളെ പരിഹസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നവർ, മാനസികപീഡനമേൽപിച്ച് ആത്മഹത്യ വരെ എത്തിക്കുന്നവർ, ഇന്റേണൽ മാർക്കിലും ലാബിലും വൈവയിലും കണ്ടക്റ്റ്‌ സർട്ടിഫിക്കറ്റിലുമെല്ലാം വ്യക്തിവിരോധവും ലിംഗവിവേചനവും ജാതിവിവേചനവും വരെ കാണിക്കുന്നവർ  എന്നിങ്ങനെ പലകൂട്ടർ നമ്മുടെ അധ്യാപകസമൂഹത്തിനകത്തുണ്ട്. 

പ്രൈമറി സ്കൂൾ മുതൽ റിസർച്ച്  ഫെസിലിറ്റികളിൽ വരെ, പലയളവിൽ പലതരത്തിൽ പുതിയനാമ്പുകൾ ചവിട്ടിയരക്കപ്പെടുന്നു. ശിക്ഷണം ശിക്ഷയാകുന്നിടത്ത്, അധ്യാപനം അധികാരപ്രയോഗം മാത്രമാവുന്നിടത്ത്, അറിവിനും പഠനത്തിനും സ്ഥാനമില്ല; അച്ചടക്കത്തിനും വിധേയത്വത്തിനും മാത്രമേ സ്ഥാനമുള്ളൂ. വെയിലത്ത് അസംബ്ലിയിൽ നില്ക്കുന്ന ഹൈസ്കൂൾ വിദ്യാർഥിനികളിൽ എത്രപേർക്ക് ആർത്തവസമയമായിരിക്കാമെന്ന് ആ സമയത്ത് സ്കൂളുകളുടെ മുമ്പിലൂടെ കടന്നുപോവേണ്ടി വരുമ്പോൾ ഞാൻ പലപ്പോഴും വിഷണ്ണയാകാറുണ്ട്. അതവിടുത്തെ അധ്യാപകർ ആരെങ്കിലും അന്വേഷിക്കാറുണ്ടാവുമോ?

ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ പോലും പ്രതിരോധിക്കാനോ ആരോടെങ്കിലും തുറന്നു പറയാനോ കുട്ടികൾ ഭയപ്പെടുന്നത് ഇത്തരത്തിൽ അടിച്ചേൽപിക്കുന്ന ഹൈറാർക്കിയുടെ കൂടി ഫലമാണ്. മുതിർന്നവർ ചോദ്യം ചെയ്യപ്പെട്ടു  കൂടാത്ത  അവസാനവാക്കുകൾ ആണെന്ന് ചെറുപ്പം തൊട്ടേ പഠിച്ചു കൊണ്ട് വളർന്നു വരുന്ന കുഞ്ഞ് പരാതികൾ ആരോട് പറയാൻ? വ്യക്തികളുടെ  പ്രായം 'ശരി'കളുടെ അളവുകോലാണെന്ന് മന:പാഠമാക്കിയ കുഞ്ഞ് ഏൽക്കുന്ന പീഡനങ്ങൾ തന്നോടുള്ള അക്രമം ആണെന്നുപോലുമെങ്ങനെ തിരിച്ചറിയാൻ? 

കുട്ടികളുടെ ബൌദ്ധികമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അധ്യാപകരുടെ കടമ; തല്ലിക്കെടുത്തുകയല്ല എന്ന തിരിച്ചറിവ് കുറച്ചെങ്കിലും പ്രബലമായി വരുന്നുണ്ട് എന്നതൊരു നല്ല മാറ്റം തന്നെയാണ്. ക്ലാസിൽ പറയുന്ന കാര്യങ്ങൾ വായടച്ചു വെച്ച് എഴുതിയെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടല്ല; സംശയങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിച്ചും തുറന്ന ചർച്ചകൾ സാധ്യമാക്കിയും ആണ് വിദ്യ അഭ്യസിപ്പിക്കേണ്ടത് എന്ന് പുതുതലമുറ അധ്യാപകർ പലരും മനസ്സിലാക്കിവരുന്നു. 

ഈ മാറ്റങ്ങൾക്കു പക്ഷേ,  സാധ്യമായ അധ്യയനദിനങ്ങൾ മുഴുവൻ റേഡിയോ പ്രഭാഷണം പോലെ ക്ലാസ് എടുത്തു തീർത്താലും തീരാത്ത വിധം ഭാരമേറിയ സിലബസ് പലപ്പോഴും തടസ്സമാകുന്നു എന്നതും യാഥാർഥ്യമാണ്. ഇന്നത്തെ സിലബസുകൾ പണ്ടത്തെതിനെക്കാൾ കട്ടി കൂടിയതാണ്; അക്കാലത്തുതന്നെ,  സമയമെടുത്ത് ക്ലാസിൽ ചർച്ചകൾ നടത്തി വിഷയമവതരിപ്പിക്കുന്ന അധ്യാപകർക്ക് സിലബസ് മുഴുവനായി തീർക്കാൻ കഴിയാറില്ല. 

മിടുക്കരായ ടോട്ടോചാൻമാരെ കൊണ്ട് നിറയുന്ന ലോകത്ത് നമുക്കിനിയും കൊബായഷി മാസ്റ്റർമാരെ ആവശ്യമുണ്ട്. കത്തിത്തുടങ്ങുന്ന വിളക്കുകളെ തല്ലിക്കെടുത്തുന്നവരെയല്ല; മറിച്ച്, തിരിയണയാതെ അണച്ചു പിടിക്കുന്നവരെ ആവശ്യമുണ്ട്. ആരോക്കെയായിത്തീരേണ്ടവരായിരുന്നു ഇന്നത്തെ തലമുറ എന്നോർത്തിട്ടുണ്ടോ? അവർക്കെത്താമായിരുന്ന ഇടങ്ങളിലെത്തിക്കാൻ ഉതകുന്ന ഒരു വിദ്യാഭ്യാസം അവർക്ക് ലഭിച്ചിട്ടുണ്ടോ? അടുത്ത തലമുറക്കെങ്കിലും അത് സാധ്യമാക്കാൻ നമ്മെക്കൊണ്ടുകഴിയുമോ?

Mr. Kobayashi kept on repeating, the entire time she was at Tomoe, those important words that probably determined the course of her whole life:

“Totto-chan, you're really a good girl, you know.”

1 comment:

  1. Beautiful writing. Excellent truth.
    Great message for creating a better human being!
    Hats off!
    Congrats for you/your mother and Father!

    ReplyDelete