Saturday, 24 October 2015

ഒരു‌ മെറിറ്റ്‌-വെഴ്സസ്-സംവരണചിന്ത



(ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ നടന്ന ജാതിസംവരണചർച്ചയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പൊട്ടും പൊടിയും ചേർത്ത് എടുത്തത്)

ജനാധിപത്യത്തിൽ ‌'മെറിറ്റി'ന്റെ സ്ഥാനം എവിടെയാണ്? അതു പങ്കാളിത്തത്തിനും മുമ്പു വരുമോ ശേഷം വരുമോ?

സൗദി അറേബ്യയിൽ സ്ത്രീകളുടെ പ്രശ്നങ്ങളും അവകാശങ്ങളും ചർച്ച ചെയ്യുന്ന കോൺഫറൻസിന്റെ ചിത്രം ഓർക്കുന്നുണ്ടോ? (റിയൽ ആണോ എന്നറിയില്ല) അതിൽ എല്ലാം പുരുഷന്മാരായിരുന്നു. അവിടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരെല്ലാം പൊതുവെ പുരുഷന്മാരായതു കൊണ്ടാണങ്ങിനെ; അവർ ചർച്ച ചെയ്യുന്ന സാമൂഹ്യപ്രശ്നങ്ങളിലൊന്നു മാത്രമാണിത്. അതു സ്വീകാര്യമാണോ? അതോ അവിടെ സ്ത്രീ പ്രാതിനിധ്യം ആവശ്യമാണോ? 

ഔദ്യോഗികപദവികളിലിരിക്കുന്ന 'മെറിറ്റ്' ഉള്ള പുരുഷന്മാർ തീരുമാനിച്ചാൽ പോരെ സ്ത്രീകൾക്ക് എന്തൊക്കെ 'കൊടുക്കാം' എന്ന്? സ്ത്രീകളില്ലാത്ത സ്ത്രീകൾക്കു വേണ്ടിയുള്ള കോൺഫറൻസ് എന്നു പരിഹസിച്ചു ഷെയർ ചെയ്ത പല സംവരണവിരുദ്ധരും മനസ്സിലാക്കിയോ എന്തോ അവർ പങ്കാളിത്ത ജനാധിപത്യ ത്തെ സപ്പോർട്ട് ചെയ്യുകയായിരുന്നു എന്ന്. സ്ത്രീകൾ പകുതിയുള്ള ജനതയുടെ ഭരണത്തിൽ സ്ത്രീകൾക്കു പങ്കാളിത്തം വേണം എന്നാണവർ അറിയാതെ പറഞ്ഞുപോയത്. സ്ത്രീകളുടെ ഉദാഹരണം പറഞ്ഞെന്നേയുള്ളൂ; വിഷയം ജാതിസംവരണം തന്നെ.

ഉദാഹരണമായി, നിങ്ങളുടെ സംസ്ഥാനത്തിലേക്കാൾ 'മെറിറ്റു'ള്ളവർ അടുത്ത സംസ്ഥാനത്തിലാണെങ്കിൽ സർക്കാർ ജോലികളിലും പാർലമെന്റ്/ അസംബ്ലി പ്രാതിനിധ്യത്തിലും അവരെ നിയമിച്ച് ഇവിടെ വെറും 'പ്രജ'കളായി ജീവിക്കാനും ഒരുനാൾ പ്രയത്നഫലമായി അവരുടെ അതേ നിലവാരത്തിൽ എത്തും എന്നാശ്വസിച്ചു കഴിയാനും തയ്യാറാവുമൊ? അതോ കേരളത്തിലുള്ളവരുടെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും പരിഗണന ലഭിക്കാൻ കേരളത്തിൽ നിന്നു തന്നെ പ്രതിനിധികളും സർക്കാർ ജീവനക്കാരും വേണമെന്നുണ്ടോ?

എന്തിന്, തെരഞ്ഞെടുപ്പു തന്നെ വേണോ? പരീക്ഷ നടത്തി ദേശീയതലത്തിൽ മെറിറ്റ് ഉള്ള ഭരണാധികാരികളെ കണ്ടെത്തിയാൽ പോരെ? പരീക്ഷയിൽ ശോഭിച്ചവർ എല്ലാവരും ഡൽഹിക്കാർ ആണെന്നിരിക്കട്ടെ; കേരളത്തിന്റെ പ്രശ്നങ്ങൾ ഉൾപ്പെടുത്തുമെന്നുറപ്പുവരുത്താൻ കേരളത്തിൽ നിന്നു പ്രതിനിധികൾ വേണം എന്നു പറയേണ്ടതുണ്ടോ? ഡൽഹിക്കാർ ആണെങ്കിലും 'മെറിറ്റ്' ഉണ്ടായാൽ പോരെ? അതോ ഒരു നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവർ ഭരണതലത്തിൽ തഴയപ്പെടില്ല എന്നുറപ്പു വരുത്താനും അവരെ പ്രതിനിധാനം ചെയ്യുമെന്നുറപ്പുള്ള പ്രതിനിധികളാണോ വേണ്ടത്?

ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളാണ് പങ്കാളിത്തവും പ്രാതിനിധ്യവും. അധികാരവികേന്ദ്രീകരണം പോലുള്ളവയുടെ അടിസ്ഥാനവും ഇതു തന്നെ. സമൂഹത്തിലെ വിവിധവിഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായും കഴിയാവുന്നത്ര സാമൂഹ്യവൈവിധ്യത്തോടെയും മാക്സിമം പങ്കാളിത്തം ഭരണസംവിധാനത്തിൽ ഉറപ്പുവരുത്തുക എന്നതാണ് പങ്കാളിത്ത ജനാധിപത്യത്തിന്റെ അടിത്തറ. ഇതു‌ ഭൂമിശാസ്ത്രപരമായി അംഗീകരിക്കാൻ പറ്റുന്നവർക്ക് ഡെമോഗ്രാഫിക്കലി അംഗീകരിക്കാൻ പറ്റുന്നില്ല എന്നതാണ് വിചിത്രം. കാലങ്ങളായി ഭരണത്തിൽ നിന്നും, ഭരണകൂടം നടപ്പിലാക്കുന്ന സംവിധാനങ്ങളിൽ നിന്നും വരെ തഴയപ്പെട്ട്, തീർത്തും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഭരണയന്ത്രത്തിൽ ഉൾക്കൊള്ളിക്കുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. ഇവിടെ അധികാരം പങ്കിടുകയാണ് ഉദ്ദേശ്യം; മെറിറ്റിനു ഈ ലെവെലിൽ സ്ഥാനമില്ല.

മെറിറ്റ് രണ്ടാമതു വരുന്നതാണ്. അതായത്, ജോഗ്രഫികും ഡെമോഗ്രാഫികും ആയ പരിഗണനകൾക്കു ശേഷം ഇത്ര സീറ്റുകൾ ഇന്നയിന്നത് എന്നു തീരുമാനിക്കുന്നു; ആ സീറ്റിൽ ആ ക്രൈറ്റീരിയ അനുസരിച്ച് ലഭ്യമായവരിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. ആ ക്രൈറ്റീരിയക്കകത്തു വരുന്നവർ തമ്മിൽ ആണ് മെറിറ്റ് അടിസ്ഥാനത്തിൽ മത്സരം.തമിഴ്നാട്ടിലെ സർക്കാർജോലിക്കുള്ള മെറിറ്റ് ലെവലും കേരളത്തിലുള്ളതും ഒരുപോലെ ആവണമെന്നില്ല എന്നതുപോലെ തന്നെ ഇതും; വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള മെറിറ്റ് ലെവൽ ഒരുപോലെയായിരിക്കണമെന്നില്ല. സംവരണം യോഗ്യതക്കു‌ പകരമാവുന്നുമില്ല; ബിരുദം ആവശ്യമുള്ള ജോലിക്ക് ബിരുദക്കാർ തന്നെ വേണം.

സംവരണവിരുദ്ധർക്ക് 'മെറിറ്റ്' തലയിൽ കേറാനുള്ള പ്രധാനകാരണം ഇതെല്ലാം വ്യക്തിപരമായ നേട്ടങ്ങൾക്കായുള്ള ഒരു ജോലി/ വരുമാനമാർഗം മാത്രമായി കാണുന്നതാണ്; അങ്ങനെ നോക്കുമ്പോൾ സംവരണം ചാരിറ്റി ആണെന്നു തോന്നും. സർക്കാർ ജോലി പക്ഷെ അങ്ങനെയല്ല; ഓരോ സർക്കാർ ഉദ്യോഗസ്ഥനും വലിയ അളവിലോ ചെറിയ അളവിലോ ഭരണ യന്ത്രത്തിന്റെ ഭാഗമാണ്. പങ്കാളിത്തജനാധിപത്യത്തിൽ ഭരണസംവിധാനം വളരെ വിപുലമായ ഒന്നാണ്; അതിലെ ഓരോ വ്യക്തിയും ചെറുതോ വലുതോ ആയ ഭരണപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നുണ്ട്. അതു കൊണ്ടാണവിടെ ജനസംഖ്യാനുപാതത്തിൽ പങ്കാളിത്തം പ്രധാനമാകുന്നത്. 

ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന ഒരു വിഭാഗം, സാമൂഹ്യമായ കാരണങ്ങളാൽ കാലങ്ങളായി തഴയപ്പെട്ട ഒരു വിഭാഗം, അവരടക്കമുള്ള ജനതയുടെ ഭരണസംവിധാനത്തിൽ പങ്കു വഹിക്കുന്നില്ല എന്നത് സ്വീകാര്യമല്ല എന്നതു കൊണ്ടാണ് അവരുടെ മിനിമം പങ്കാളിത്തം ഉറപ്പു വരുത്താൻ സംവരണം നടപ്പിലാക്കിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം സംവരണമില്ലാതെ തന്നെ ഉണ്ടായിരിക്കുമെന്ന അവസ്ഥ വരുമ്പോൾ സംവരണത്തിന്റെ ആവശ്യവും ഇല്ലാതാകും; അപ്പോഴേ ഇല്ലാതാകൂ.

ജനസംഖ്യാനുപാതം എന്നാൽ കൃത്യാനുപാതം എന്നു തെറ്റിദ്ധരിക്കരുത്. 70% പിന്നോക്കക്കാർ ഉണ്ടെങ്കിൽ സംവരണശതമാനം 70% ന്റെ അടുത്തുപോലും വരില്ല. മിനിമം പങ്കാളിത്തം മാത്രമാണുറപ്പു വരുത്തുന്നത്. ഉദാഹരണത്തിന്, ജനസംഖ്യയിൽ പകുതി സ്ത്രീകളാണ്; എന്നാൽ സ്ത്രീസംവരണം ആവശ്യപ്പെടുന്നത് 33% ആണ്; 50% അല്ല. ജാതിസംവരണവും ഇത്തരം മിനിമം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. അത്രയെങ്കിലും പങ്കാളിത്തം അവർ കൂടി ഭാഗമായ ജനാധിപത്യവ്യവസ്ഥയുടെ ഭരണതലത്തിൽ അവർക്കു വേണം എന്നതാണ് ഉദ്ദേശ്യം.

സംവരണവിരുദ്ധർക്ക് പൊതുവെ വിഷമമുണ്ടാക്കുന്ന ഒരു കാര്യം‌ 'എനിക്കു കിട്ടേണ്ട' സീറ്റ്/ജോലി സംവരണക്കാരൻ കൊണ്ടുപോയി എന്നതാണ്. ആദ്യം മനസ്സിലാക്കേണ്ടത് അത് "എന്റെ സീറ്റ്" ആയിരുന്നില്ല എന്നതാണ്; അതു ദഹിക്കണമെങ്കിൽ പങ്കാളിത്തജനാധിപത്യ ത്തെ കുറിച്ചാദ്യം മനസ്സിലാക്കണം. തമിഴ്നാട്ടിലെ സർക്കാർ ജോലിക്കുള്ള കട്ട് ഓഫ് കുറഞ്ഞിരിക്കുകയും നിങ്ങളുടെ സ്കോർ അതിലുമെത്രയോ കൂടിയിരിക്കുകയും ചെയ്താലും അതു 'നിങ്ങൾക്കു കിട്ടേണ്ട' ജോലി ആവില്ല. തമിഴ്നാട്ടിലെ ജയിച്ച ജനപ്രതിനിധിക്ക് ഇവിടുത്തെ തോറ്റ സ്ഥാനാർഥിയേക്കാൾ വോട്ട് കുറഞ്ഞിരുന്നാലും ആ സീറ്റ് ഇവിടുത്തെ സ്ഥാനാർഥിക്ക് കിട്ടേണ്ടിയിരുന്നതാവില്ല. ഈ ജോഗ്രഫി മാറ്റി ഡെമോഗ്രഫി ഇട്ടാൽ ജാതിസംവരണം ആയി. അവരുടെ പങ്ക് നിങ്ങളുടേതാവുന്നില്ല; അതവരുടെ പങ്കാളിത്തം ഭരണസംവിധാനത്തിൽ ഉറപ്പുവരുത്താനുള്ള, അവർക്കു വേണ്ടിയുള്ള, സീറ്റാണ്. Its not yours to give or take!

Saturday, 17 October 2015

ഹിന്ദുവിന്റെ പശു: ബലിക്കല്ലിൽ നിന്നും കാർഷികോപയോഗത്തിലേക്കും പുണ്യപദവിയിലേക്കും, ഒടുവിൽ രാഷ്ട്രീയായുധമെന്ന നിലയിലേക്കും

(അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/14088/the-myth-of-holy-cow-india-brahmanism-atrocities-dalit-muslims-dn-jha-anupama)






















(Written as an introduction to the Malayalam translation of D N Jha's 'The myth of holy cow' by Insight Publica)

ആനുകാലികമായ നന്മതിന്മാബോധങ്ങൾക്കനുസൃതമായി പ്രാചീനമായ പ്രമാണഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചെടുക്കുന്ന പ്രവണത എന്നും നിലവിലിരുന്ന ഒന്നായിരുന്നു എന്നുവേണം കരുതാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പലപ്പോഴായി നിലനിന്നിരുന്ന  സംസ്കാരങ്ങൾക്ക് സംഘടിതരൂപം കൈവരുത്താനുള്ള രാഷ്ട്രീയലക്ഷ്യങ്ങൾ ഇന്നത്തെ കാലത്ത് പല പുനർവ്യഖ്യാനങ്ങൾക്കും കാരണമായിട്ടുമുണ്ടാവാം. ഇന്നത്തെ ഹൈന്ദവനന്മതിന്മാബോധവും അനുഷ്ഠാനങ്ങളും വേദകാലങ്ങൾ തൊട്ട് തന്നെ നിലനിന്നുവരുന്നതാണ് എന്ന വീക്ഷണമാണ് ഇത്തരം പുനർവ്യാഖ്യാനങ്ങളുടെ പ്രധാനപ്പെട്ട ഒരു നിർണ്ണയം. ഇത്, അന്നുമിന്നും വൈവിധ്യങ്ങൾ നിലനിന്നിരുന്ന, അനവധി മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും തുടരെത്തുടരെ വിധേയമായിരുന്ന, ഒരു സംസ്കാരത്തെ അനുചിതമാം വിധം ലളിതവൽക്കരിക്കൽ ആണെന്ന് പറയാതെ വയ്യ. 
ഗോമാതാവ് എന്ന പുണ്യസങ്കല്പമാണ് ഇത്തരത്തിലൊന്ന്. വേദകാലം തൊട്ടേ പശു പുണ്യമൃഗമായി കണക്കാക്കപ്പെട്ടു വരികയും ഗോഹത്യ നിരോധിക്കപ്പെട്ടിരിക്കുകയും ചെയ്തിരുന്നു എന്നത് തീരെ വസ്തുനിഷ്ടമല്ലാത്ത ഒരു വിശ്വാസമാണ്; ആരോപിക്കപ്പെടുന്ന ഈ അന്തർലീനമായ പവിത്രതയുടെ വേരുകൾ പരിശോധിക്കുകയാണിവിടെ. വേദകാലഘട്ടത്തിൽ നിലനിന്നിരുന്ന വേദധർമം, ഗോബലി അടക്കമുള്ള യജ്ഞങ്ങളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായിരുന്നുവെന്ന്, അക്കാലത്തെ സാമൂഹ്യജീവിതശൈലിയും പുരാവസ്തുത്തെളിവുകളും വേദഗ്രന്ഥങ്ങളും നിയമഗ്രന്ഥങ്ങളും മറ്റു കൃതികളുമെല്ലാം പരിശോധിച്ച്, അവ നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുകയാണ് ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ഡി. എൻ. ഝാ ചെയ്യുന്നത്. 
അക്കാലത്തേത്  പ്രധാനമായും ഇടയജീവിതശൈലി ആയിരുന്നതിനാൽ പ്രധാനസ്വത്തും ആഹാരവുമെല്ലാം കന്നുകാലികൾ തന്നെയായിരുന്നു; തങ്ങൾ ആഹരിച്ചിരുന്ന വസ്തുക്കൾ തന്നെയാണ് എക്കാലത്തെയും പോലെ ദൈവങ്ങൾക്ക് നൈവേദ്യമായും സമർപ്പിച്ചിരുന്നത്.. യജ്ഞമൃഗത്തിന്റെ മാംസം നിരാകരിക്കുന്നത് പാപമായി കരുതിയിരുന്ന കാലഘട്ടമാണിത്; യജ്ഞങ്ങൾക്കും വിശിഷ്ടാതിഥികൾ, പണ്ഡിതബ്രാഹ്മണർ എന്നിവർക്കെല്ലാം അതിഥിസൽക്കാരം നടത്താനുമെല്ലാം മൃഗബലി അത്യന്താപേക്ഷിതമായി കണക്കാക്കിയിരുന്നു; ഇതിൽ ഗോബലിയും ഉൾപ്പെട്ടിരുന്നു.  
എഴുതപ്പെട്ട തെളിവുകൾ മാത്രമല്ല, പുരാവസ്തുത്തെളിവുകളും ധാരാളമായി ഗോഹത്യക്ക് ആധാരമായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. BCE ഒന്നാം നൂറ്റാണ്ട് മുതൽ പുറകോട്ട് ഒരുലക്ഷം വർഷങ്ങൾ മുമ്പ് വരെ പശുക്കളുടെയും കാളകളുടെയും അസ്ഥിത്തെളിവുകൾ ഇന്ത്യയിൽ പലയിടങ്ങളിലായി ധാരാളം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സാധാരണ രീതിയിൽ മരണപ്പെടുന്ന പശുവിന്റെ അസ്ഥികളും കശാപ്പു ചെയ്ത പശുവിന്റെ അസ്ഥികളും വേർതിരിച്ചറിയാം; രണ്ടാമത്തേതിൽ ആയുധത്താൽ ഛേദിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ടാവും. പലപ്പോഴും അതതുകാലങ്ങളിലെ ആയുധങ്ങൾക്കൊപ്പമാണ് അസ്ഥികൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളതും. പ്രാചീന ഇന്ത്യയിൽ ഗോമാംസം സർവസാധാരണമായിരുന്നു എന്നതിലേക്കാണ് ഇത്തരം കണ്ടെത്തലുകളുടെ ബാഹുല്യം വിരൽചൂണ്ടുന്നത്.
രണ്ടിതിഹാസങ്ങളിലും ധാരാളമായി കാണുന്ന, മാംസാഹാരത്തെ പറ്റിയുള്ള പരാമർശങ്ങളും ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നു. യുധിഷ്ഠിരൻ മൃഗങ്ങളെ വേട്ടയാടി കൊണ്ടുവന്നുതരുമെന്ന് ദ്രൗപദി ജയദ്രഥനോട് വാഗ്ദാനം ചെയ്യുന്നു. പാചകശാലയിൽ ദിവസവും രണ്ടായിരം പശുക്കളുടെ മാംസവും ധാന്യവും ബ്രാഹ്മണർക്ക് ദാനം ചെയ്തിരുന്ന രാജാവാണ് മഹാഭാരതത്തിൽ രന്തിദേവൻ; ദയാപരൻ, ദാനശീലൻ എന്നെല്ലാം രന്തിദേവൻ പ്രശംസിക്കപ്പെടാറുണ്ട്.വാത്മീകിരാമായണത്തിൽ, ധർമശാസ്ത്രത്തിൽ ഭക്ഷ്യയോഗ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മൃഗങ്ങളെ ബലികഴിക്കുന്ന യജ്ഞം നടത്തിയതിനു ശേഷമാണ് ദശരഥനു പുത്രൻ ജനിക്കുന്നത്. യമുന മുറിച്ചു കടക്കുമ്പോൾ സീത നദിയോട്, രാമന്റെ പ്രതിജ്ഞാനിർവഹണത്തിനു ശേഷം മടങ്ങിവരുമ്പോൾ ആയിരം പശുക്കളെയും നൂറു മദിരകുംഭങ്ങളെയും സമർപ്പിക്കാമെന്ന് വാക്ക് കൊടുക്കുന്നു; ഗംഗയോടും ഇത്തരമൊരു വാഗ്ദാനം സീത ചെയ്യുന്നുണ്ട്. ഭരദ്വാജൻ രാമനെ വരവേൽക്കാൻ കൊഴുത്ത പശുക്കിടാവിനെ കശാപ്പു ചെയ്യുന്നു.
പിൽക്കാലത്ത് ഉപനിഷത്തുക്കളിലാണ് അഹിംസ എന്ന ആശയം തന്നെ ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്; എന്നാലിത് ഒരു വ്യവസ്ഥിതിയായി അപ്പോഴും മാറിയില്ല. ബുദ്ധിസം അഹിംസ പ്രചരിപ്പിക്കാൻ അതിന്റേതായ ശ്രമങ്ങൾ നടത്തിയെങ്കിലും മാംസാഹാരം അത്ര പ്രബലമായിരുന്ന സമൂഹത്തിൽ കാതലായ ഒരു മാറ്റം വരുത്താൻ അവർക്കും കഴിഞ്ഞില്ല എന്ന് മാത്രമല്ല; ധർമപ്രചാരണത്തിനും സ്വീകാര്യതക്കും വേണ്ടിയാകണം പലപ്പോഴും പല വിട്ടുവീഴ്ചകൾക്കു വിധേയമാവേണ്ടി വരികയും തദ്ദേശങ്ങളിലെ ആചാരങ്ങൾ ഒരുപാടൊന്നും മാറ്റങ്ങളില്ലാതെ ഏറ്റെടുക്കെണ്ടിയും വന്നു. ജൈനിസം, മറിച്ച്, ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതെ ശക്തമായി തന്നെ അഹിംസയെ ഉയർത്തിപ്പിടിച്ചു; അതാകട്ടെ ബുദ്ധിസത്തെ അപേക്ഷിച്ച്, ഒരുപാടൊന്നും ഒരു മതം എന്ന രീതിയിൽ വളർന്നതുമില്ല.
മദ്ധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ, കാർഷികവൃത്തി കൂടുതൽ വ്യാപിക്കുകയും കൂടുതൽ കൂടുതൽ പേർ കാർഷികവൃത്തിയിൽ എർപ്പെട്ടു തുടങ്ങുകയും ചെയ്തപ്പോഴാണ് കന്നുകാലികൾക്ക് കാർഷിക ഉപയോഗങ്ങൾ കൂടി വരികയും പശുവിനു ഒരുതരം പുണ്യപദവി നല്കപ്പെട്ടു തുടങ്ങുകയും ഗോഹത്യ പാപമായി കണക്കാക്കപ്പെട്ടു തുടങ്ങുകയും ചെയ്തത്. പ്രമാണങ്ങളിൽ കലിയുഗം എന്നറിയപ്പെടുന്ന യുഗത്തിൽ, വേദനിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ പുതിയ നിയമങ്ങൾ നിലവിൽ വന്നു; കലിവർജ്ജ്യ എന്ന പേരിൽ കലിയുഗത്തിൽ വർജ്ജിക്കേണ്ടതായ വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നായി ഗോമാംസം മാറി. ഇങ്ങനെ ആദ്യസഹസ്രാബ്ദത്തിൽ ബലിമൃഗത്തിൽ നിന്ന് അലംഘനീയതയിലെക്കൊരു പരിണാമം പശു കൈവരിച്ചു. എന്നാലപ്പോഴും മഹാപാതകങ്ങളിലൊന്നായല്ല, ഉപപാതകങ്ങളിൽ ഒന്നായി മാത്രമേ ഗോഹത്യ കണക്കാക്കപ്പെട്ടിരുന്നുള്ളൂ; അതായത് ചെറിയ തെറ്റുകളിലൊന്ന്.
പശുവിൽ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങൾ, വിസർജ്ജ്യം അടക്കമുള്ളവ പരിശുദ്ധവസ്തുക്കളായും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്; എന്നാൽ പശുവിന്റെ വായ്‌ മാത്രം എന്തുകൊണ്ടോ അശുദ്ധമായ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്; പശു മണത്തു നോക്കിയ ആഹാരം പോലും അശുദ്ധമാണെന്ന വിശ്വാസത്തോടൊപ്പം തന്നെ ഗോമൂത്രം ഔഷധമാണെന്ന വിശ്വാസവും നിലനിന്നിരുന്നു എന്നതും വിചിത്രമാണ്. പശുവിന്റെ പാൽ, തൈര്, വെണ്ണ, മൂത്രം, ചാണകം എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യം ശ്രേഷ്ഠമായി കണക്കാക്കപ്പെട്ടിരുന്നു; എന്നാലിത് തന്നെ ശൂദ്രരും സ്ത്രീകളും ഉപയോഗിക്കാൻ പാടില്ലെന്നും പഞ്ചഗവ്യം ഉപയോഗിക്കുന്ന ശൂദ്രൻ നരകത്തിൽ പോകുമെന്നും നിയമം നിലനിന്നിരുന്നു; പിന്നീടീ നിയമത്തെ ലഘൂകരിച്ച്, വേദമന്ത്രങ്ങൾ ചൊല്ലാതെ പഞ്ചഗവ്യം ഉപയോഗിക്കാൻ സ്ത്രീകൾക്കും ശൂദ്രർക്കും അനുമതി നൽകിക്കൊണ്ട് മറ്റൊരു നിയമജ്ഞൻ പ്രസ്താവിക്കുന്നുണ്ട്.


ഡോക്ടർ ബി ആർ അംബേദ്കറുടെ “The Untouchables: Who Were They and Why They Became Untouchables?” എന്ന പുസ്തകത്തിൽ തൊട്ടുകൂടായ്മയുടെ തന്നെ കാരണമായി ആഹാരശീലത്തിലുള്ള വ്യത്യാസങ്ങളെ കണക്കാക്കുന്നു. ഹിന്ദുവിനെ ആഹാരശീലപ്രകാരം മൂന്നായി വേർതിരിക്കാം; വെജിറ്റെറിയൻ ആഹാരം മാത്രം ഭക്ഷിക്കുന്നവർ, ബീഫ് ഒഴിച്ചുള്ള മാംസാഹാരം ഭക്ഷിക്കുന്നവർ, ബീഫടക്കമുള്ള മാംസാഹാരം കഴിക്കുന്നവർ. ഇതിലെ ആദ്യവിഭാഗം ബ്രാഹ്മണരും രണ്ടാമത്തെ വിഭാഗം അബ്രാഹ്മണഹിന്ദുക്കളും മൂന്നാമത്തെ വിഭാഗം തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്നവരുമാണ്. വേദവ്യാസസ്മൃതിയിൽ ഇത് വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുള്ളതും അംബേദ്‌കർ എടുത്തു പറയുന്നു. "L12-13. ചർമാകരും (ചെരുപ്പുകുത്തി) ഭട്ടരും (സൈനികർ) ഭില്ലരും രജകരും (അലക്കുകാർ) പുഷ്കരരും നടരും (അഭിനേതാക്കൾ) വ്രതരും മേധരും ചണ്ഡാലരും ദാസരും സ്വാപകരും കോലികരും ഗോമാംസം ഭക്ഷിക്കുന്ന ആരും 'അന്ത്യാജർ' (അയിത്തക്കാർ) ആകുന്നു"


ബ്രാഹ്മണർ എങ്ങനെ ആദ്യം ഗോമാംസാഹാരവും പിന്നീട് മാംസാഹാരം മുഴുവനായും ഉപേക്ഷിച്ചു എന്ന് അംബേദ്‌കർ പരിശോധിക്കുന്നു. വേദബലി സാധാരണമായിരുന്ന കാലത്ത്, പശു വിലകൂടിയ മൃഗമായിരുന്നതു കൊണ്ട് സാധാരണക്കാർ വിശിഷ്ടാവസരങ്ങളിൽ മാത്രമേ ഗോമാംസം ഭക്ഷിച്ചിരിക്കാൻ ഇടയുള്ളൂ. എന്നാൽ പുരോഹിതരായിരുന്ന ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം യജ്ഞമൃഗത്തിന്റെ മാംസം പതിവാഹാരം ആയിരുന്നു; ഗോബലി നടക്കുന്നിടത്തെല്ലാം പുരോഹിതർ ഗോമാംസം ഭക്ഷിച്ചിരുന്നു. ആത്രേയ ബ്രാഹ്മണത്തിൽ മൃഗബലി നടത്തേണ്ട വിധവും ബലിമൃഗത്തെ കഷണിക്കേണ്ട വിധവുമെല്ലാം വിശദമായി തന്നെ വിവരിക്കുന്നത് കാണാം.


പിന്നെന്തുകൊണ്ട് ഗോമാംസത്തിൽ നിന്നും, പിന്നീട് മാംസാഹാരത്തിൽ നിന്ന് മുഴുവനായും ബ്രാഹ്മണർ വിട്ടുനിന്നു? എന്തുകൊണ്ട് നിയമഗ്രന്ഥങ്ങളിൽ അഹിംസയും മാംസാഹാരവിരോധവും പ്രത്യക്ഷപ്പെട്ടുതുടങ്ങി? ഒരു പ്രധാനകാരണം ബുദ്ധിസവുമായുള്ള മത്സരം ആണെന്ന് അംബേദ്‌കർ സമർഥിക്കുന്നു; ഇന്ത്യയിൽ വളരെയധികം വളർച്ച പ്രാപിച്ച ബുദ്ധമതം വേദബലിയെ ശക്തമായെതിർക്കുകയും വേദധർമത്തെ പിന്തള്ളിത്തുടങ്ങുകയും ചെയ്തിരുന്നു. തത്ഫലമായി ബ്രാഹ്മണരുടെ അധികാരപദവികളും ബാധിക്കപ്പെട്ടു; ബ്രാഹ്മണരെക്കാൾ ബുദ്ധർ രാജസദസ്സുകളിലും പൊതുജനങ്ങൾക്കിടയിലും കൂടുതൽ സ്വീകാര്യരായിത്തുടങ്ങിയപ്പോൾ, പോയ പ്രതാപം തിരിച്ചുപിടിക്കാൻ തന്ത്രപ്രധാനമായ ചില മാറ്റങ്ങൾ ആവശ്യമായി വന്നു. യജ്ഞാധിഷ്ഠിതമായ വിശ്വാസധാരയിൽ നിന്ന് വിഗ്രഹാരാധനയിലേക്ക് മാറിയതു പോലും ഇത്തരം മാറ്റങ്ങളിലൊന്നാണ്. ബുദ്ധന്റെ മരണശേഷം, ബുദ്ധന്റെ അനുയായികൾ, ബുദ്ധന്റെ പ്രതിമകളും സ്തൂപങ്ങളും സ്ഥാപിച്ചു തുടങ്ങിയപ്പോഴാണ്, ക്ഷേത്രങ്ങൾക്കും  വിഗ്രഹങ്ങൾക്കും ഒരു പ്രസക്തിയും ഇല്ലാതിരുന്ന, ബലി/ യജ്ഞകർമങ്ങളിൽ അധിഷ്ഠിതമായിരുന്ന, ബ്രാഹ്മണിസം എന്നുതന്നെ വിളിക്കാവുന്ന വേദധർമം, ശിവനും വിഷ്ണുവിനും രാമനും കൃഷ്ണനും ക്ഷേത്രങ്ങൾ പണിതു തുടങ്ങിയതും ഹിന്ദുയിസം എന്ന പുതിയ പ്രതിച്ഛായ കൈവരിച്ചതും എന്ന് അംബേദ്‌കർ വിശദീകരിക്കുന്നു.


കാർഷികസംസ്കാരത്തിന്റെ തുടക്കത്തോടെ ഉപയോഗയോഗ്യത കൂടിയ ഒരു മൃഗമായി മാറിയിരുന്ന പശു യജ്ഞങ്ങൾക്ക് ബലിനൽകപ്പെട്ടിരുന്നത് വേദബലി നടത്തുന്ന ബ്രാഹ്മണർക്കെതിരെ പൊതുജനമനോഭാവം ഉണരാൻ കാരണമായിരുന്നിരിക്കണം; ബുദ്ധിസമാകട്ടെ ബലിയെ ശക്തമായെതിർത്തു എന്നത് ബുദ്ധിസത്തിനനുകൂലമായ പൊതുജനമനോഭാവത്തിനും കാരണമായി. യജ്ഞങ്ങൾ നടത്തുന്ന ബ്രാഹ്മണർ പശുവിനെ കൊല്ലുന്നവർ എന്ന ചീത്തപ്പേര് സമ്പാദിച്ചിരുന്നു; അതിഥിസൽക്കാരത്തിനു പശുവിനെ കൊല്ലേണ്ടതിനാൽ അതിഥി എന്ന അർഥത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന 'ഗോഘ്ന' എന്ന പദം കാലക്രമേണ മോശമായ പ്രയോഗമായി മാറിയതും ഇതു പോലെ തന്നെ. അതുകൊണ്ടുതന്നെ, ബുദ്ധിസത്തിനെതിരെയുള്ള തന്ത്രപ്രധാനമായ മാറ്റങ്ങളിൽ ഗോഹത്യ നിരോധിക്കുക എന്നത് സ്ഥാനം പിടിച്ചു. 

എന്നാൽ ബുദ്ധിസത്തിനേക്കാൾ ഉയർന്ന ഒരു പദവി അവകാശപ്പെടാൻ ഇതുമാത്രം മതിയാകുമായിരുന്നില്ല; അങ്ങനെയാണ് സസ്യാഹാരശീലം ഒരു ബ്രാഹ്മണചിഹ്നമായി തീർന്നത്. ബുദ്ധർ സസ്യാഹാരികൾ ആയിരുന്നില്ല എന്നിതിനോട് കൂട്ടിവായിക്കേണ്ടതാണ്; അഹിംസ എന്നാൽ മാംസാഹാരം ഉപേക്ഷിക്കുക എന്നർഥമുണ്ടായിരുന്നില്ല; കൊല്ലാതെ കിട്ടുന്ന മാംസം അനുവദനീയമായിരുന്നു. അത്തരത്തിലുള്ള മാംസം പോലും ഉപേക്ഷിച്ചു കൊണ്ട് ബ്രാഹ്മണർ ബുദ്ധരെക്കാൾ ഒരുപടി മുകളിൽ ധാർമികമായ മാഹാത്മ്യം അവകാശപ്പെട്ടു; പശുവിനെ പുണ്യമൃഗമായി പ്രഖ്യാപിക്കുക എന്നതും കാർഷികസമൂഹത്തിന്റെ മുമ്പിൽ ഈ മത്സരത്തിൽ മേൽക്കൈ നേടാനുള്ള ഒരു മാർഗം തന്നെയായി അംബേദ്‌കർ കാണുന്നു.


പശുവിനെ ദേവതയായി ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യാറില്ല; പശുവിനു വേണ്ടി അമ്പലങ്ങളും പണികഴിക്കപ്പെട്ടിരുന്നില്ല. ഇതെല്ലാം വെച്ചു നോക്കിയാൽ പശുവിന്റെ പെട്ടെന്നുയർന്നു വന്ന പവിത്രത, ദൈവികം എന്ന ബോധത്തിൽ നിന്നു ഉണ്ടായതിനേക്കാൾ, കാർഷികസംസ്കാരത്തിന്റെ തുടക്കത്തോടെ പശുവിന്റെ ഉപയോഗയോഗ്യത വർദ്ധിച്ചതിന്റെ ഫലമായുണ്ടായി എന്നുതന്നെയേ കരുതാനാവൂ. പശു, കാർഷികവൃത്തി ചെയ്തിരുന്നവർക്ക് ഒരു സ്വകാര്യസ്വത്തും അവശ്യവസ്തുവും ആയിരുന്നു എന്നതിനാലാവണം പശുവിനെ കൊല്ലുന്നതിനും മാംസം ഭക്ഷിക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. ബ്രാഹ്മണർ അതൊരു മതനിയമമായി പ്രഖ്യാപിച്ചതോടെ അത് സമൂഹത്തിൽ വ്യക്തമായ ഒരു വിഭാഗീയതക്ക് വഴിവെച്ചു എന്നും കാണാം.


ബ്രാഹ്മണർ പശുവിനെ പുണ്യമൃഗമായി പ്രഖ്യാപിച്ചപ്പോൾ മറ്റുള്ളവർ എല്ലാവരും ഒരുപോലെ അതനുകരിച്ചില്ല എന്നത് വ്യക്തം; ഇതിന്റെ സാമൂഹ്യസാമ്പത്തികപശ്ചാത്തലവും അംബേദ്‌കർ പരിശോധിക്കുന്നുണ്ട്. പശുവിന്റെ പുണ്യപദവി അംഗീകരിച്ച് ബീഫ് ഉപേക്ഷിച്ചവർ, മേൽജാതിക്കാരെ അനുകരിക്കാനുള്ള സ്വാഭാവികപ്രവണത പിന്തുടർന്നവരാകണം എന്ന് അംബേദ്‌കർ പറയുന്നു; ഫ്രഞ്ച് എഴുത്തുകാരനായ ഗബ്രിയേൽ ടാർഡിന്റെ 'സംസ്കാരം സമൂഹത്തിൽ വ്യാപിക്കുന്നത് മേൽവിഭാഗങ്ങളെ കീഴ്വിഭാഗങ്ങൾ അനുകരിച്ചുകൊണ്ടാണ്' എന്ന വാദവും ഇവിടെ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ഈ അനുകരണം നടത്താതിരുന്നവർ മതത്തിനു പുറത്ത് നില്ക്കുന്നവരായി വീക്ഷിക്കപ്പെടുകയും തൊട്ടുകൂടാത്തവർ ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.


രാജവാഴ്ചയുടെ കാലങ്ങളിൽ ഭൂവുടമകൾ പൊതുവെ രാജാക്കന്മാരും രാജരക്തത്തിലുള്ളവരും ആയിരുന്നു എന്നതിൽ അത്ഭുതമില്ല. എന്നാൽ, ബ്രാഹ്മണന് ഭൂമിയെയും പശുവിനെയും  ദാനം ചെയ്യുക എന്നത് ക്ഷത്രിയരാജാക്കന്മാരുടെ കടമയായി പ്രഖ്യാപിക്കപ്പെട്ടതോടെ ബ്രാഹ്മണർ ഭൂവുടമകളായി മാറിയതും സ്വാഭാവികം. ബ്രാഹ്മണൻ ചോദിച്ച ദാനം നൽകാതിരിക്കുക എന്നത് മഹാപാപമാണ്. മഹാബലിയുടെയും  വാമനന്റെയും കഥ നാം എല്ലാ ഓണത്തിനും ഇപ്പോഴും പാടാറുള്ളതുമാണല്ലോ. കാർഷികാവശ്യത്തിനുള്ള രണ്ടവശ്യവസ്തുക്കളായിരുന്നു ഭൂമിയും പശുവും;  ബ്രാഹ്മണരോ ക്ഷത്രിയരോ ഇവർ ഭൂമി കൊടുക്കാൻ തയ്യാറായ ചില ആശ്രിതരോ അല്ലാത്ത ഭൂരിപക്ഷം പേർ ഭൂമിയില്ലാത്തവരും ദരിദ്രരും ആയിത്തീർന്നതിലും അസ്വാഭാവികതയില്ല.


എന്തുകൊണ്ട്, തൊട്ടുകൂടായ്മ സഹിച്ചുകൊണ്ട് കീഴ്ജാതിക്കാർ/ ദരിദ്രവിഭാഗങ്ങൾ ബീഫ് കഴിക്കുന്നത്‌ തുടർന്നു? എന്തുകൊണ്ട് ബ്രാഹ്മണരെ പോലെ ബീഫ് ഉപേക്ഷിച്ചില്ല? ഇതിനു ഗോഹത്യാവിരോധത്തിനു മുമ്പുള്ള കാലത്തെ രീതികളും ചേർത്തുവായിക്കേണ്ടതുണ്ടെന്നു അംബേദ്‌കർ പറയുന്നു. അക്കാലത്ത്, വിലപിടിച്ച പശുവിനെ കൊന്നു ഭക്ഷിക്കാൻ ധനികർക്കും പുരോഹിതരായ ബ്രാഹ്മണർക്കും മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ദരിദ്രവിഭാഗങ്ങൾ ചത്ത പശുവിന്റെ മാംസത്തെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് സ്വാഭാവികമായും. ഇക്കാരണത്താൽ തന്നെ ഗോബലിയും ഗോഹത്യയും ഗോമാംസാഹാരവും മേൽവിഭാഗങ്ങൾ നിർത്തലാക്കിയപ്പൊഴും ചത്തപശുവിനു പകരം വെക്കാൻ സുലഭമായ മറ്റാഹാരങ്ങൾ ദരിദ്രവിഭാഗത്തിനുണ്ടായിരുന്നില്ല; അവരുടെ ഉപജീവനം ധനികമേൽവിഭാഗത്തെ ആശ്രയിച്ചായിരുന്നു; മേൽവിഭാഗമാകട്ടെ കൃഷിയും കന്നുകാലിവളർത്തലും ഉപജീവനമാക്കിയിരുന്നവരായിരുന്നു. കാർഷികസമൂഹത്തിൽ, ആരുടെയെങ്കിലുമൊക്കെ പശു ചാവുന്നത് സുലഭവുമായിരുന്നുവെന്നോർക്കണം. ചത്ത പശുവിനെ കൊണ്ടുപോകുക എന്നത് ചില ജാതിവിഭാഗങ്ങളുടെ കടമയും അവകാശവും കൂടിയായി കണക്കാക്കപ്പെട്ടിരുന്നു. പശുവിനെ കൊല്ലാത്തതിനാൽ ഇത് അഹിംസക്കൊ ഗോഹത്യാനിരോധനനിയമങ്ങൾക്കോ എതിരായും ഭവിച്ചില്ല.

പശുവിനെ ഒരു മതപ്രതീകമാക്കി രാഷ്ട്രീയമായ ലക്ഷ്യങ്ങൾക്ക് ഉപയോഗിച്ചുതുടങ്ങുന്ന പ്രവണതയാകട്ടെ വളരെ അടുത്ത കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിൽ ശ്രദ്ധപിടിച്ചു പറ്റി ശക്തിയാർജ്ജിച്ച ഒരു പ്രതിഭാസമാണ്. ഇത് മുസ്ലിങ്ങളുടെ ബീഫ് ഉപയോഗത്തെ ആധാരമാക്കി വളർന്നുവന്ന ഒരു പ്രക്ഷോഭവുമാണ്. 1880 കളിലും 1890 കളിലും വൻതോതിലുള്ള വർഗീയകലാപങ്ങൾക്ക് തന്നെ ഈ വിഷയം കാരണമായി. ദയാനന്ദസരസ്വതി ഗോരക്ഷിണിസഭയുണ്ടാക്കി ഗോവധത്തിനെതിരെ രംഗത്ത് വരികയും മുസ്ലിങ്ങളുടെ ബീഫ് ഉപയോഗത്തെ വലിയൊരു പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരികയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദുത്വ സംഘടനകൾ ഇത് പൂർവാധികം ആർജ്ജവത്തോടെ വീണ്ടും ഏറ്റെടുത്തു; ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള ഒരു പ്രതീകമെന്ന നിലയിൽ പശു വലിയൊരു രാഷ്ട്രീയസാധ്യതയായി. പശു ഗോമാതാവ് ആയതിനാൽ ബീഫ് തീറ്റക്കാർ മാതാവിനെ വധിക്കുന്നവർ ആയി; അങ്ങനെ ഒരു പൊതുശത്രുവിനെ ഉണ്ടാക്കിയെടുത്തുകൊണ്ട് ഹിന്ദു ഏകോപനത്തിന് പശു ഒരു രാഷ്ട്രീയായുധമായി.

(Written as an introduction to the Malayalam translation of D N Jha's 'The myth of holy cow' by Insight Publica)

കുറിപ്പ്: റഫറൻസ് ലിസ്റ്റ് ഈ ലേഖനത്തിൽ ഉപ്പെടുത്താവുന്നതിനേക്കാൾ വളരെ വലുതാണ്‌; പുസ്തകത്തിൽ ഓരോ അധ്യായത്തിനുമപ്പുറം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്; മൂലകൃതിയിലും തർജമയിലും.

Wednesday, 26 November 2014

പ്രണയം, ചുംബനം, ലിംഗരാഷ്ട്രീയം


(Image Courtesy: Kiss of Love Facebook page)

(യുക്തിയുഗം ഡിസംബർ 2014 ചുംബനസമരത്തിൻറെ അടയാളപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

മനുഷ്യന്റെ വൈകാരികചേഷ്ടകളിൽ  വളരെ പ്രധാനപ്പെട്ടതാണ് സ്പർശനം; കരസ്പർശവും ലാളനവും ചുംബനവും ആലിംഗനവും എല്ലാം ഇതിന്റെ വിവിധരൂപങ്ങളിൽ വരും. വികാരവിനിമയത്തിൽ സ്പർശനേന്ദ്രിയത്തിന്റെയത്ര പങ്കോ പ്രഭാവമോ മറ്റു ഇന്ദ്രിയങ്ങൾക്കില്ല; അത്ര സവിശേഷമായ പ്രതികരണങ്ങളാണ് തലച്ചോറിൽ സ്പർശം ഉണ്ടാക്കുന്നത് എന്നതു കൊണ്ട് തന്നെ എല്ലാതരം സ്നേഹപ്രകടനങ്ങളിലും സ്പർശനത്തിന്റെ സ്വാധീനം വളരെ വലുതാണ്‌.

ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഇത്തരം ചോദനകൾ ഇല്ലാതാവുകയില്ല; ഒന്നുകിൽ പൂർവാധികം ശക്തിപ്രാപിക്കുകയോ, ഇല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട് അസൂയയായും വിദ്വേഷമായും എല്ലാം രൂപം പ്രാപിക്കുകയോ ചെയ്തേക്കാം. അധികാരത്വര നമ്മുടെ സമൂഹത്തിൽ ഈ ചോദനകളെയെല്ലാം അതിജീവിച്ചുതന്നെ നില്ക്കുന്നു. അതുകൊണ്ടുതന്നെയാവണം സദാചാരഗുണ്ടായിസം ഒരധികാരപ്രകടനമാർഗമായി പരക്കെ ഉപയോഗിക്കപ്പെടുന്നത്. കുടുംബവ്യവസ്ഥക്കകത്തെ അലിഖിതനിയമങ്ങളിലും മതനിയമങ്ങളിലും ഭരണകൂടനിയമങ്ങളിലും വരെ ഇത്തരം നിയന്ത്രണങ്ങൾ പ്രത്യക്ഷപ്പെടുന്നതും അതുകൊണ്ടാകണം. മറ്റൊരു വ്യക്തിയുടെ/ കളുടെ മേൽ അധികാരമുണ്ടെന്ന് സ്വയം ബോധിപ്പിക്കാൻ എളുപ്പവഴി അവന്റെ/അവളുടെ വ്യക്തിസ്വാതന്ത്ര്യങ്ങളുടെ പരിധിയെ സ്വാധീനിക്കുക തന്നെയാണ്.

സദാചാരസങ്കൽപങ്ങൾക്ക് അധികാരസ്വഭാവമുണ്ട് എന്നതു മാത്രമല്ല; ആ അധികാരസ്വഭാവത്തിന്റെ ലിംഗരാഷ്ട്രീയം കൂടി ചർച്ച ചെയ്യപ്പെടെണ്ട ഒന്നാണ്. പ്രണയവും ചുംബനവുമെല്ലാം  യാഥാസ്ഥിതികസമൂഹത്തിനു അരോചകമാകുന്നതിൽ ഈ പ്രക്രിയകളിലെ സ്ത്രീപങ്കാളിത്തത്തിനുള്ള പങ്ക് ചെറുതല്ല. സ്ത്രീയുടെ തെരഞ്ഞെടുപ്പുകൾ യാഥാസ്ഥിതികസമൂഹം എക്കാലത്തും നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുള്ള ഒന്നാണ്. പ്രണയം പുരുഷന്റെ മാത്രം തെരഞ്ഞെടുപ്പാകുകയില്ല; അതിൽ അന്തർലീനമായ ഒരു പാരസ്പര്യമുണ്ട്. കുടുംബാംഗങ്ങൾ സ്ത്രീക്ക് വേണ്ടി നിശ്ചയിക്കുന്ന വിവാഹങ്ങളിൽ ഇത്തരം തെരഞ്ഞെടുപ്പിന്റെ, പാരസ്പര്യത്തിന്റെ സാധ്യത കുറവാണ്; തെരഞ്ഞെടുക്കാൻ കഴിഞ്ഞാലും അത് അനുവദിക്കപ്പെട്ട ഒരു ചെറിയ വൃത്തത്തിനകത്തു നിന്ന് മാത്രമാണല്ലോ. ഈ പാരസ്പര്യത്തെയാണ് യാഥാസ്ഥിതികസമൂഹം എറ്റവും ഭയപ്പെടുന്നത്; അവിടെ രണ്ടു വ്യക്തികൾക്കിടയിലെ ആ പാരസ്പര്യത്തിൽ, പൂർണതയിൽ, വ്യക്തിയുടെ മേലുള്ള, പ്രത്യേകിച്ചും സ്ത്രീയുടെ മേലുള്ള  സമൂഹത്തിന്റെയും കുടുംബവ്യവസ്ഥയുടെയും മതത്തിന്റെയുമെല്ലാം അധികാരം നഷ്ടപ്പെടുകയാണ്. 

ചുംബനവും  ഈ തെരഞ്ഞെടുപ്പും തമ്മിലെന്തു ബന്ധം എന്ന് ചോദിക്കാം. ബന്ധമില്ലേ? പരസ്യമായ പ്രണയപ്രകടനങ്ങൾ അരോചകമാകുന്നതിൽ നാളെ ആരുടെയോ സ്വകാര്യസ്വത്താകേണ്ട, അല്ലെങ്കിൽ ഇന്നുതന്നെ ആയ, സ്ത്രീ കളങ്കപ്പെടുന്നു എന്നാ ബോധം ഒളിഞ്ഞു കിടക്കുന്നത് കൊണ്ടാണ് പരസ്യചുംബനമെന്നു കേൾക്കുമ്പോൾ ലൈംഗികത, സ്വതന്ത്രലൈംഗികത, പൊതുസ്ഥലത്തെ ലൈംഗികത എന്ന് തുടങ്ങി സ്ത്രീപീഡനത്തിൽ വരെ ഒരു ശരാശരി മതസദാചാരവാദിയുടെ ചിന്തകളും വാദങ്ങളും വഴുക്കി വഴുക്കി എത്തിനിൽക്കുന്നത്. മതസമൂഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീ ഇന്നും സ്വകാര്യസ്വത്താണ്; പിതാവെന്ന പുരുഷനിൽ നിന്ന് ഭർത്താവെന്ന പുരുഷനിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഒരു വസ്തു! അത് കൊണ്ടാണ് പ്രണയവും ചുംബനവും  സ്നേഹപ്രകടനങ്ങളും സൗഹൃദങ്ങൾ പോലും അംഗീകരിക്കുന്നത് "പെണ്‍കുട്ടികളെ വഴിതെറ്റിക്കും" എന്ന് ഭയപ്പെടുന്ന അതേ രക്ഷാകർതൃമനസ്സുകൾക്ക് ഇതേ വിഷയങ്ങളിൽ  "ആണ്‍കുട്ടികളുടെ വഴിതെറ്റലിനെ" പറ്റി വേവലാതിപ്പെടെണ്ടി വരാത്തത്.

ഉത്തരേന്ത്യയിലെ ചില ഖാപ് പഞ്ചായത്തുകൾ പ്രണയങ്ങളും ആണ്‍പെണ്‍ബന്ധങ്ങളും നിയന്ത്രിക്കുന്നത്‌ പെണ്‍കുട്ടികൾക്ക് മൊബൈൽ ഫോണ്‍ പോലുള്ള ആശയവിനിമയമാർഗങ്ങളും മറ്റും നിഷേധിച്ചുകൊണ്ടാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടി എന്നാൽ പരിശുദ്ധി നിലനിർത്തേണ്ട ഒരു വിനിമയവസ്തുവാണ് എന്നതാണ് ഇത്തരം സദാചാരബോധത്തിന്റെ കാതൽ. അതുകൊണ്ടുതന്നെ പ്രണയത്തിൽ നിന്നകറ്റി നിർത്തി 'പരിരക്ഷി'ക്കേണ്ടത് അവളെയാണ്. മതസമൂഹത്തിന്റെ ഇതേ 'പരിശുദ്ധി'ബോധം ഒരു പരിധികടക്കുമ്പോഴാണ് ദുരഭിമാനക്കൊലകൾ പോലുള്ള സാമൂഹികവിപത്തുകൾ സാധാരണമായിത്തീരുന്നത്.

പരസ്യമായ സ്നേഹപ്രകടനങ്ങൾ ഞങ്ങൾ സുഹൃത്തുക്കളാണെന്നോ പ്രണയികളാണെന്നോ ഒക്കെയുള്ള ധീരമായ പ്രഖ്യാപനങ്ങളാണ്. സൌഹൃദങ്ങളെ സൌഹൃദങ്ങളായി കാണാൻ കഴിയാത്ത ഒരു സമൂഹത്തിൽ അത്തരം സ്നേഹപ്രകടനത്തിന്റെ സ്വീകാര്യതയെ പറ്റി സംസാരിക്കാൻ പോലുമാവില്ല. പ്രണയപ്രഖ്യാപനവും പെണ്ണിന്റെ പരിശുദ്ധിയുടെ തകർച്ചയുടെ പ്രഖ്യാപനമായാണ് കണക്കാക്കപ്പെടുന്നത്. പ്രണയങ്ങളെ  അംഗീകരിക്കുന്ന കുടുംബങ്ങളിൽ പോലും പരസ്യമായി പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നത്   കാണാം; വിവാഹമേ പ്രഖ്യാപിക്കാവൂ എന്നാണു പൊതുവെയുള്ള ശാസന. പ്രണയം വിവാഹം വരെ എത്തിയില്ലെങ്കിൽ പ്രഖ്യാപിക്കപ്പെട്ട പഴയ പ്രണയം പെണ്‍കുട്ടിക്ക് കളങ്കമാകും എന്ന ബോധമാണത്; വിവാഹം ചെയ്യുന്ന പുരുഷന്റെ മുന്നിൽ അവൾക്ക് "പരിശുദ്ധി" അവകാശപ്പെടെണ്ടതുണ്ടല്ലോ! 

വിലക്കുകൾക്ക് കാരണമായി 'ദുസ്വാതന്ത്ര്യം'  എന്ന പ്രയോഗം പലപ്പോഴും കാണാറുണ്ട്‌; സ്വാതന്ത്ര്യം 'അനുവദിക്കുമ്പോൾ' അത് ദുസ്വാതന്ത്ര്യത്തിനു വഴിവെക്കുന്നു എന്നാണു വാദം. പെണ്ണിനു വസ്ത്രധാരണരീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം "അനുവദിച്ചാൽ" നാളെയവൾ നഗ്നയായി പൊതുനിരത്തിലിറങ്ങും എന്ന വികലചിന്തയുടെ മറ്റൊരു രൂപമാണു പരസ്യമായി ചുംബിക്കാൻ "അനുവദിച്ചാൽ" നാളെ പൊതുനിരത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടും എന്ന വാദം! പെണ്ണിനെ രാത്രി പുറത്തിറങ്ങാൻ "അനുവദിച്ചാൽ" അവൾ വേശ്യയാകും, പഠിക്കാനും ജോലിക്കും ഒക്കെ "വിട്ടാൽ" അന്യജാതി/മതക്കാരന്റെ കൂടെ പോകും, മൊബൈൽ ഫോണും ഇന്റെർനെറ്റും "കൊടുത്താൽ" "അവിഹിത"ബന്ധത്തിലേർപ്പെടും തുടങ്ങി പലരൂപങ്ങളുണ്ട് ഇത്തരം വാദങ്ങൾക്ക്. 

പെണ്ണെന്നാൽ സ്വന്തമായി തീരുമാനമെടുക്കാനറിയാത്ത, എല്ലാ സ്വാതന്ത്ര്യവും ആരോ "അനുവദിച്ചുതരേണ്ട", വിവേചനബുദ്ധിയില്ലാത്ത ഒരു വളർത്തുമൃഗമാണു എന്ന ബോധത്തിൽ നിന്നാണു ഇത്തരം ധാരണകൾ രൂപപ്പെടുന്നത്. മുണ്ടു മടക്കിക്കുത്താൻ അനുവദിച്ചാൽ നാളെ ജനനേന്ദ്രിയം പുറത്തുകാണിച്ചുവിലസും എന്നു പുരുഷന്മാരെ പറ്റി ആരും പറയാറില്ല. ഷർട്ടിടാതെ നടക്കാൻ അനുവദിച്ചാൽ നാളെയവർ തുണിയില്ലാതെ നിരത്തിൽ പരേഡിനിറങ്ങും എന്നു വേവലാതിപ്പെടാറുമില്ല! അപ്പോൾ വേവലാതിയുടെ കാരണം വ്യക്തമാണ്; സ്വന്തം അധീനതയിലുള്ള സ്ത്രീ/ ചെറുപ്പക്കാർ  താൻ കല്പിക്കുന്ന പരിധിക്കുള്ളിൽ നിന്ന് പുറത്തുപോയെക്കുമെന്നും തന്നെ അധികാരസ്ഥാനം നഷ്ടപ്പെട്ടെക്കുമെന്നുമുള്ള ആശങ്ക!

സ്ത്രീപീഡനങ്ങളും സെക്സ് റാക്കറ്റുകളും വർദ്ധിക്കാൻ പരസ്യസ്നേഹപ്രകടനങ്ങൾ അനുവദിക്കുന്നത്   കാരണമാകുന്നു എന്നൊരു രസകരമായ വാദം ഈയിടക്ക് കേട്ടു. സ്ത്രീയുടെ പങ്കാളിത്തത്തോടെയാണ് അവൾ പീഡിപ്പിക്കപ്പെടുന്നത് എന്ന വാദത്തിന്റെ മിനുക്കിയെടുത്ത രൂപമല്ലാതെ മറ്റൊന്നുമല്ല ഇത്. പരസ്പരസമ്മതത്തെ മാനിക്കാനുളള തയ്യാറില്ലായ്മയാണ്‌ ലൈംഗിക അതിക്രമങ്ങളുടെ പ്രധാനകാരണം; അപരന്റെ തീരുമാനങ്ങളെ, തിരഞ്ഞെടുപ്പുകളെ, സ്വാതന്ത്ര്യത്തെ, സ്വകാര്യതകളെ എല്ലാം മാനിക്കാൻ പഠിച്ചവൻ സദാചാരഗുണ്ടയായും ബലാൽസംഗിയായും പീഡകനായും ഒന്നും ആക്രമിക്കാനിറങ്ങില്ല. അതുകൊണ്ട് സ്ത്രീപീഡനത്തെ എതിർക്കുന്നവർ കരുതിയിരിക്കേണ്ടതും ചോദ്യം ചെയ്യേണ്ടതും പരസ്പരസമ്മതത്തോടെയുള്ള പ്രണയങ്ങളെയോ ചുംബനങ്ങളെയോ ഒന്നുമല്ല; തനിക്കു ശരിയെന്നും തെറ്റെന്നും തോന്നുന്ന കാര്യങ്ങളുടെ പേരിലും തന്റെയിഷ്ടത്തിനും  താല്പര്യത്തിനും വഴങ്ങാത്തവരെയും ആക്രമിക്കാൻ മടി കാണിക്കാത്ത സദാചാരഗുണ്ടായിസത്തിന്റെ വക്താക്കളെ തന്നെയാണ്.

Friday, 10 October 2014

വസ്ത്രം മുതൽ ജീവിതം വരെ





















(Image courtesy - http://www.energy106.ca/)

അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/2271/yesudass-remark-against-women-wearing-jeans-music-feudal-men-fashion-lifestyle-suresh-gopi-anupama-anamangad

വസ്ത്രസ്വാതന്ത്ര്യം വീണ്ടും സംസാരവിഷയമായിരിക്കയാണ്. ഇത്തവണ ഗന്ധർവഗായകൻ യേശുദാസ് ആണ് വിവാദങ്ങളുടെ നടുക്ക്. ചില കാര്യങ്ങൾ വീണ്ടും വീണ്ടും എടുത്തു പറയേണ്ടി വരുന്നത് നിരാശപ്പെടുത്തുന്നുവെങ്കിലും പറഞ്ഞുകൊണ്ടേ ഇരിക്കുക എന്നതൊരു സാമൂഹ്യമായ കടമ ആണെന്ന് കരുതുന്നതിനാൽ ഇതും എഴുതുന്നു...

ഒരു പ്രത്യേകവസ്ത്രശൈലി മാന്യമോ അല്ലയോ എന്നതാണ് പൊതുവെ വസ്ത്രവിവാദങ്ങളുടെ വിഷയം; മുമ്പൊരിക്കൽ വിഷയമായത് ലെഗിങ്ങ്സ് ആണെങ്കിൽ ഇത്തവണ ജീൻസ് ആണ്.  പൊതുവെ സ്ത്രീയുടെ വസ്ത്രധാരണമാണ് വിഷയം; അപൂർവമായി ചെറുപ്പക്കാരായ പുരുഷന്മാരുടെ, കൂടുതലും കൌമാരക്കാരുടെ, വസ്ത്രധാരണം വിഷയമാകാറുണ്ട്‌; അതൊരുതരം "ഈ തലമുറ ശരിയല്ല; ഞങ്ങളുടെ തലമുറ ആണ് ശരികളുടെ തലമുറ" എന്ന സ്ഥിരം കാരണവർ വാദത്തിന്റെ ഭാഗമാണ് പലപ്പോഴും. യേശുദാസിന്റെ കാര്യത്തിൽ ഈ കാരണവർ വാദവും ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിവാദം തന്നെ ഉണ്ടായി വരുന്നത് എന്ന് തുടക്കത്തിൽ ആലോചിക്കേണ്ടതുണ്ട്. ആരുടെ വസ്ത്രരീതിയാണ് വിവാദമാകുന്നത് എന്ന് ശ്രദ്ധിച്ചാൽ, പൊതുവെ സമൂഹത്തിൽ അധികാരസ്ഥാനം കല്പിച്ചു നല്കപ്പെട്ടിട്ടില്ലാത്ത, അഥവാ സമൂഹം അനുസരണ പ്രതീക്ഷിക്കുന്നവരുടെ വസ്ത്രരീതിയാണ് ചർച്ച  എന്ന് കാണാം; സ്ത്രീകൾ, കൌമാരക്കാർ തുടങ്ങിയവർ... മുതിർന്ന പുരുഷൻ  മുണ്ട് മടക്കിക്കുത്തിയാൽ ശ്രദ്ധിക്കപ്പെടാത്ത, എന്നാൽ പുതുതലമുറക്കാരൻ ബർമുഡ ഇട്ടാൽ മോശമാകുന്ന അതെ അധികാരചിന്താഗതി തന്നെയാണ് സ്ത്രീയുടെ വസ്ത്രങ്ങളെ പറ്റി തനിക്കഭിപ്രായം പറയാം എന്ന തോന്നലും  പുരുഷസമൂഹത്തിലുണ്ടാക്കുന്നത്.

വസ്ത്രധാരണത്തെ പറ്റി സ്ത്രീസമൂഹത്തിൽ നിന്നും അത്തരം കമന്റുകൾ കേൾക്കാറുണ്ട്. താൻ സമൂഹം അനുശാസിക്കുന്ന മാന്യമായ വസ്ത്രം ധരിക്കുന്നവൾ ആണെന്നും മറ്റുള്ളവർ എന്റെയത്ര മാന്യർ അല്ലെന്നുമുള്ള ഒരു തരം Holier than thou ചിന്ത ആകാമത്; ചിലപ്പോള കാരണവർ വാദവുമാകാം; മറ്റു ചിലപ്പോൾ വസ്ത്രം അക്രമത്തിനു കാരണമാകുന്നു എന്ന വളരെ ആത്മാർഥമായ ഭയത്തിന്റെ മറ്റൊരു വശവും; ഈ ഭയവും സമൂഹസൃഷ്ടി തന്നെയാണ്.

അഭിപ്രായസ്വാതന്ത്ര്യവും ഒരു വിഷയത്തിൽ അഭിപ്രായം പറയാനുള്ള ധാർമികാവകാശവും രണ്ടും രണ്ടാണ്. ഇവിടെ അഭിപ്രായസ്വാതന്ത്ര്യമല്ല വിഷയം. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുക സാധാരണ ഫാസിസ്റ്റ് ഭരണകൂടങ്ങളോ വിജിലാന്റി ഗ്രൂപ്പുകളോ ഒക്കെ ആയിരിക്കും. അവിടെ ഒരു പ്രത്യേക അഭിപ്രായം പറയാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ നിയമപരമായോ ഭീഷണിയിലൂടെയോ അക്രമത്തിലൂടെയോ ഒക്കെ തടയുകയാണ് ചെയ്യുന്നത്; എതിർക്കപ്പെടേണ്ട പ്രവണതയുമാണത്. എന്നാൽ ഒരു വ്യക്തി പറഞ്ഞ അഭിപ്രായത്തിൽ പരാമർശിക്കപ്പെട്ട വിഷയം, അയാൾക്കത് പറയാനുള്ള ധാർമികാവകാശം എന്നിവ ചോദ്യം ചെയ്യപ്പെടാം; ശക്തമായി തന്നെ വിമർശിക്കപ്പെടാം. അഭിപ്രായസ്വാതന്ത്ര്യത്തിൽ ഈ വിമർശനസ്വാതന്ത്ര്യവും പെടും.

ഇവിടെ യേശുദാസിന്റെ വാക്കുകൾ വിമർശിക്കപ്പെടുന്നത്, അല്ലെങ്കിൽ വിമർശിക്കപ്പെടേണ്ടത്, അപരവ്യക്തികളുടെ വ്യക്തിപരമായ വിഷയങ്ങളിൽ അത്തരമൊരു അഭിപ്രായം പറയാനുള്ള ധാർമികാവകാശത്തിൻറെ പേരിലാണ്. യേശുദാസ് ജുബ്ബ ധരിക്കുന്നത് ശരിയോ തെറ്റൊ, മുണ്ടുടുക്കുന്നത് മാന്യമോ എന്നൊക്കെ തീരുമാനിക്കാനുള്ള ധാർമികാവകാശം മറ്റൊരാൾക്ക് ഇല്ലാത്തതു പോലെ തന്നെ പെണ്‍കുട്ടികളുടെ വസ്ത്രധാരണം എങ്ങനെ ആയിക്കൂടാ എന്ന് തീരുമാനിക്കാനുള്ള ധാർമികാവകാശം ഗന്ധർവഗായകനുമില്ല തന്നെ. ഉണ്ടെന്ന തോന്നൽ താനൊരധികാരസ്ഥാനത്തിരിക്കുന്നു എന്ന ധാരണയിൽ നിന്നാണ് ഉടലെടുക്കുന്നത്; പ്രായം കൊണ്ടോ സമൂഹത്തിലെ സ്ഥാനം കൊണ്ടോ ധനം കൊണ്ടോ ലിംഗഭേദം കൊണ്ടോ ഒക്കെ അധികാരശ്രേണി തീരുമാനിക്കപ്പെടുന്ന ഒരു വ്യവസ്ഥയുടെ സ്വാധീനമാണ് ആ വാക്കുകളിൽ കാണുന്നത്.

എന്തായാലും ഈ വിഷയം സോഷ്യൽ മീഡിയയെ വീണ്ടും വസ്ത്രസ്വാതന്ത്ര്യചർച്ചയിലെക്ക് തിരിച്ചു വിട്ടിട്ടുണ്ട്. ഇത്തരം ചർച്ചകളിൽ മൂന്നു വാദങ്ങളാണ് പൊതുവെ കണ്ടു വരുന്നത്; ഒന്ന്: ഭാരതീയസംസ്കാരവാദം, രണ്ട്: പൊതുജനത്തിന്റെ ദർശനസൗകര്യം (ചിലർ ചില വസ്ത്രങ്ങള ധരിച്ചാൽ കാണാൻ നന്നല്ല; കാഴ്ചക്കാർക്ക് അരോചകമാകുന്നു എന്ന വാദം), മൂന്ന്: വസ്ത്രധാരണരീതി ബലാല്ക്കാരത്ത്തിനു കാരണമാകുന്നു. ഈ മൂന്നുവാദങ്ങളും വെവ്വേറെ തന്നെ പരിശോധിക്കേണ്ടതുണ്ട്.

വസ്ത്രധാരണത്തിന്റെ ചരിത്രം സംസ്കാരങ്ങളും ഭാഷകളും പോലെ തന്നെ  വൈവിധ്യമാർന്നതാണ്. അങ്ങോട്ടുമിങ്ങോട്ടും കൊടുത്തും വാങ്ങിയും പങ്കുവെച്ചുമാണ് സംസ്കാരങ്ങളും ഭാഷകളും വളർന്നു വന്നത്; വസ്ത്രരീതികളും ആഭരണങ്ങളും എല്ലാം ഇതുപോലെ തന്നെ; തികച്ചും തനതായ എന്നവകാശപ്പെടാവുന്ന ഒന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. സംസ്കാരത്തിന്റെ ഭാഗമായ വസ്ത്രധാരണം എന്ന വാദമുന്നയിക്കുമ്പോൾ ഇന്ത്യാചരിത്രത്തിന്റെ ഏതു കാലഘട്ടത്തിൽ നിന്നാണ് ഈ സംസ്കാരവും വസ്ത്രരീതിയും ഒക്കെ കടമെടുക്കുന്നത് എന്നും വാദികൾ വ്യക്തമാക്കേണ്ടി വരും; ഇന്ത്യാചരിത്രം എന്നാൽ ഉപഭൂഖണ്ഡത്തിന്റെ ചരിത്രമോ അതോ രാജ്യത്തിന്റെ ചരിത്രമോ എന്നും...

ഇതിലേതു തന്നെ നോക്കിയാലും ഒരു പ്രത്യേകവേഷവിധാനം കാലാകാലങ്ങളോളം പിന്തുടർന്ന് വന്ന രീതി ഇവിടുണ്ടായിരുന്നില്ല എന്ന് കാണാം; തന്നെ. തുണിയുണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കൾ തുടങ്ങി വസ്ത്രശൈലികളുടെ വൈവിധ്യവും ഫാഷനും വരെ മാറിക്കൊണ്ടിരിക്കും ഓരോ കാലഘട്ടത്തിലും. ഇത് തന്നെ പലപ്പോഴും ഒരേ രാജ്യത്തിനകത്തെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും എല്ലാമനുസരിച്ച് വ്യതിയാനങ്ങളോടെ പ്രത്യക്ഷപ്പെടുന്നതും കാണാം. ഫാഷൻ രംഗം, എന്നത്തെക്കാളുമുപരി ഒരുപാട് വൈവിധ്യങ്ങൾ കാഴ്ചവെക്കുന്ന ഒരു കാലമാണിത്; പ്രത്യേകിച്ച് വിഷ്വൽ, സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തിൽ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയെല്ലാം അതിർത്തികൾ നേർപ്പിക്കപ്പെടുമ്പോൾ...

വസ്ത്രസ്വാതന്ത്ര്യം എന്നാ വിഷയം വരുമ്പോൾ പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉയർന്നുവരാറുണ്ട്. പർദ്ദ എന്ന വാക്കിനു തിരശ്ശീല എന്നാണു വാച്യാർഥം എങ്കിലും മുഖമൊഴിച്ച് ശരീരം മുഴുവൻ മറക്കുന്ന കറുത്ത വസ്ത്രത്തിനാണ് ഈ പേര് പൊതുവെ വിളിക്കാറുള്ളത്. (മുഖാവരണം ഇവിടെ ചർച്ച ചെയ്യുന്നില്ല; അത് തികച്ചും വ്യത്യസ്തമായ ഒരു വിഷയമായി തന്നെ കാണേണ്ടി വരും; ഇവിടെ തൽകാലം അത് മാറ്റി നിർത്തുന്നു). അത്തരമൊരു വസ്ത്രം ഒരു വസ്ത്രശൈലിയായി തെരഞ്ഞെടുക്കാനും ഉപയോഗിക്കാനും തീർച്ചയായും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; സംശയമില്ല. എന്നാൽ പൊതുവെ പർദ്ദ എതിർക്കപ്പെടുന്നത് അതൊരു വസ്ത്രധാരണരീതി എന്ന രീതിയിലല്ല; ആവുകയുമരുത്. അതിന്റെ നിർബന്ധിത ഉപയോഗവും മഹത്വവൽകരണവും ആണെതിർക്കപ്പെടെണ്ടത്. മാന്യമായ, സുരക്ഷിതമായ ഒരേയൊരു വസ്ത്രം തുടങ്ങിയ പ്രചാരണങ്ങളും പർദ്ദ ധരിക്കാത്തവരോടുള്ള അനുചിതപ്രതികരണങ്ങളും സ്വീകാര്യമല്ല. മറ്റു വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ വിമർശിക്കുമ്പോൾ, പർദയല്ലാത്തവ മോശം എന്ന് പ്രഖ്യാപിക്കുമ്പോൾ,  വസ്ത്രസ്വാതന്ത്ര്യത്തിന്റെ പേരിൽ പർദ്ദ ധരിക്കാനുള്ള അവകാശം പർദാവാദികൾ സ്വയം ഉപേക്ഷിക്കുകയാണ്. അവിടെ പർദ്ദ ഒരു വസ്ത്രധാരണരീതി എന്നത് മാറി ഒരു രാഷ്ട്രീയായുധമാകുന്നു.

വ്യത്യസ്തമായ ആവശ്യങ്ങൾക്ക്, വ്യത്യസ്തമായ സന്ദർഭങ്ങൾ അനുസരിച്ചു വസ്ത്രധാരണശൈലി സ്വീകരിക്കുന്ന പ്രവണത ആധുനികസമൂഹത്തിലുണ്ട്; ഇതെല്ലാം സ്വയം തെരഞ്ഞെടുക്കാനുള്ള പക്വതയും പ്രാപ്തിയും വ്യക്തികൾക്കുമുണ്ട്; സ്ത്രീ ആയാലും പുരുഷൻ ആയാലും. നിത്യോപയോഗം, ഉത്സവങ്ങൾ, ചടങ്ങുകൾ, വിവാഹം, മരണം തുടങ്ങി പല സന്ദർഭങ്ങളിൽ പല ശൈലികൾ പഴയസമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു. എന്നാൽ ഇവയൊന്നും തന്നെ കാലാനുഗതമായി മാറ്റം വരാത്തവയോ ഒരൊറ്റയടിക്ക് നിലവിൽ വന്നവയോ അല്ല. മനുഷ്യസംസ്കാരത്തിൽ സൌന്ദര്യബോധത്തിനു വളരെയധികം പ്രാധാന്യമുണ്ട്; മാറിവരുന്ന തലമുറകളുടെ മാറിവരുന്ന കാഴ്ചപ്പാടുകൾ അനുസരിച്ച് മറ്റെതു വിഷയത്തിലുമെന്ന പോലെ വസ്ത്രധാരണശൈലികളിലും മാറ്റങ്ങൾ പ്രത്യക്ഷപ്പെടും; അത് നടക്കുന്നുമുണ്ട്.

മറ്റൊരു വാദം ചിലർ ചില വസ്ത്രങ്ങൾ ധരിക്കുന്നത് കാഴ്ചക്കാരിൽ അലോസരമുണ്ടാക്കുന്നു എന്നതാണ്. രസകരമായൊരു വാദമാണിത്; സ്വന്തം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ സാമൂഹ്യനിയമങ്ങളാകണം എന്നതാണാവശ്യം. ഈ അലോസരം ആരിലുണ്ടാകുന്നു, ആരുടെയൊക്കെ അലോസരം കണക്കിലെടുത്താണ് ഇത്തരം സാമൂഹ്യനിയമങ്ങൾ നടപ്പാക്കേണ്ടത് എന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും. കാരണം ഓരോ വ്യക്തിക്കും അലോസരമുണ്ടാക്കുന്ന കാഴ്ചകൾ പലതാകാം; വളർന്നു വന്ന ചുറ്റുപാടുകൾ, വ്യക്തിയനുഭവങ്ങൾ, മുൻധാരണകൾ എന്നിങ്ങനെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്.

കേടുവന്ന നഖങ്ങൾ, വിണ്ടുകീറിയ കാലുകൾ, പുഴുക്കുത്തു വന്ന പല്ല്, ത്വക്ക് രോഗങ്ങൾ  എന്നിവയെല്ലാം ചിലരിൽ അലോസരമുണ്ടാക്കിയെക്കാം; അതെല്ലാം പക്ഷെ അവരുടെ മാത്രം  പ്രശ്നമാണെന്നും അങ്ങനെയുള്ളവർ ഷൂ ധരിച്ചും ചിരിക്കാതെയും പർദയിട്ടും എല്ലാം പുറത്തിറങ്ങി നടക്കണമെന്നും ആവശ്യപ്പെടാൻ ആർക്കും അവകാശം ഇല്ലെന്നുമൊക്കെ പൊതുബോധം വളരെ എളുപ്പത്തിൽ സമ്മതിക്കും; എന്നാൽ ശരീരവണ്ണം കൂടുതലോ കുറവോ ഉള്ള സ്ത്രീകളുടെ വസ്ത്രധാരണരീതികൾ തങ്ങളിൽ അലോസരമുണ്ടാക്കുന്നുവെന്നും അതുകൊണ്ടവ ഉപേക്ഷിക്കണമെന്നും അടുത്ത ശ്വാസത്തിൽ തന്നെ, പറയുന്നതിലെ വൈരുദ്ധ്യാത്മകത ഒട്ടു മനസ്സിലാക്കാതെ തന്നെ, പ്രഖ്യാപിക്കുകയും ചെയ്യും.

ഇവിടെ പ്രവർത്തിക്കുന്നത് നേരത്തെ പറഞ്ഞ അതേ അധികാരബോധം  തന്നെയാണ്; സ്ത്രീയെന്നത് സ്വതന്ത്ര വ്യക്തിയാണെന്നും സമൂഹത്തിന്റെ പൊതുസ്വത്തല്ലെന്നും "നമ്മുടെ സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണം" എന്ന സാമാന്യവൽകരണവുമായി നടക്കുന്നവർക്ക് ദഹിക്കാനല്പം പാടാണ്. അവരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ഐഡന്റിറ്റി 'നമ്മുടെ/ ഞങ്ങളുടെ  സ്ത്രീകൾ', 'നിങ്ങളുടെ സ്ത്രീകൾ, 'അവരുടെ സ്ത്രീകൾ' എന്നീ ഉടമസ്ഥാവകാശപ്രഖ്യാപനങ്ങൾക്കകത്താണ്.

സമൂഹത്തിന്റെ പാതിവരുന്ന പുരുഷസമൂഹത്തിന് എതവസരത്തിൽ ഏതു വസ്ത്രം ധരിക്കണമെന്ന് മറുപാതിയുടെ തീട്ടൂരങ്ങൾ ആവശ്യമില്ലെന്നിരിക്കെ, മുണ്ട് മടക്കിക്കുത്തുമ്പോൾ രോമാവൃതമായ കാലുകളുടെ പ്രദർശനം മറുപാതിക്ക് അലോസരമുണ്ടാക്കുന്നുണ്ടോ എന്ന് വേവലാതിപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നിരിക്കെ, സ്ത്രീയുടെ കാര്യത്തിൽ മാത്രം പൊതുജനാഭിപ്രായത്തിൻറെ ആവശ്യമെന്താണ്? പുരുഷനെ പോലെ തന്നെ സ്വജീവിതത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്താനും തീരുമാനങ്ങളെടുക്കാനും കെല്പുള്ള പൂർണവ്യക്തികൾ തന്നെയാണ് സ്ത്രീകൾ.

വസ്ത്രവിവാദങ്ങൾ പൊതുവെ ഒരുപടികൂടി കടന്നു നഗ്നതാവിവാദത്തിൽ എത്തി നില്ക്കുന്നത് കാണാറുണ്ട്‌; ഇതും ഒന്നോർത്താൽ രസകരമാണ്. നഗ്നത എന്നാൽ വസ്ത്രരീതിയുമായി ഒട്ടും ബന്ധമില്ലാത്ത ഒന്നാണ്; നഗ്നതയ്ക്ക് വസ്ത്രം ഇല്ല; അതുകൊണ്ട് തന്നെ വസ്ത്രശൈലിയും ഇല്ല. വസ്ത്രത്തിന്റെ ശൈലി ചർച്ച ചെയ്യുമ്പോൾ അവിടെ നഗ്നത കൊണ്ട് വരുന്നത് ടിവി ചാനലുകളിൽ ഏതു നല്ലത്, ഏതു മോശം എന്ന് ചർച്ച ചെയ്യുന്നിടത്ത് ടിവിയേ ഇല്ലാത്തതാണ് മോശം എന്ന് പറയുന്നത് പോലാകും.

"സഭ്യ"മല്ലാത്ത നഗ്നതാപ്രദർശനം "പൊതുസ്ഥല"ങ്ങളിൽ പലരാജ്യങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമം ഇക്കാര്യത്തിൽ തീരെ വ്യക്തത ഇല്ലാത്ത ഒന്നാണ്; എന്താണ് സഭ്യം, അസഭ്യം എന്നതിന് വ്യക്തമായ നിർവചനം ഇല്ലാത്തതു കൊണ്ട് തന്നെ ഈ നിയമം ധാരാളമായി ദുരുപയോഗിക്കപ്പെടുന്നുണ്ട്; ആരാണ്, എന്തിന്റെ അടിസ്ഥാനത്തിലാണ് സഭ്യത തീരുമാനിക്കുന്നത് എന്നതാണ് പ്രധാനപ്രശ്നം. ഇത്തരമൊരു വിഷയത്തിലിടപെടുന്ന പോലീസിനും കോടതിക്കും വ്യക്തിപരമായി എന്തെല്ലാം സഭ്യം, അസഭ്യം എന്ന് തോന്നുന്നുവോ അതെല്ലാം നിയമമായി നടപ്പിലാക്കപ്പെടുന്നു; വസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല പൊതുസ്ഥലത്തെ പ്രണയികളുടെ പെരുമാറ്റങ്ങളും ഇതേ നിയമമുപയോഗിച്ച് നിയന്ത്രിക്കപ്പെടാറുണ്ട്. കൃത്യമായ നിർവചനവും നിബന്ധനകളുമില്ലാത്ത ഇത്തരം നിയമങ്ങൾ ഗുണത്തെക്കാളുപരി ദോഷം ആണ് ചെയ്യുക; ദുരുപയോഗസാധ്യത തടയാൻ നിയമങ്ങൾ കൃത്യമായി എഴുതപ്പെട്ടിരിക്കണം.

ലൈംഗികാവയവങ്ങളുടെ പ്രദർശനമാണ് പല വികസിതരാജ്യങ്ങളിലും  പൊതുവെ നിയമവിരുദ്ധമായ നഗ്നതാപ്രദർശനമായി കണക്കാക്കപ്പെടുന്നത്; ഇതുതന്നെ ന്യൂഡ്‌ ബീച്ചുകൾ, അഡൾട്ട്സ് ഒണ്‍ലി പ്രൈവറ്റ് സ്പേസസ് തുടങ്ങിയ ഇടങ്ങളിൽ നിയമവിധേയമാണ്; വ്യക്തിയുടെ സ്വകാര്യതയെ, തീരുമാനങ്ങളെ  ഭരണകൂടം മാനിക്കുന്നു എന്നർഥം. ഇത്തരം നിയമങ്ങൾ സദാചാരം സംരക്ഷിക്കാനല്ല നിലനില്ക്കുന്നത്; ആവുകയുമരുത്. പൊതുസ്ഥലങ്ങളിലെ നിരോധനം, കൂടുതലും കുട്ടികളുടെ സാന്നിദ്ധ്യത്തിന്റെ സാധ്യത തുടങ്ങിയ പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയാണ്; കുട്ടികളുടെ മുന്നിൽ വെച്ചുള്ള  ലൈംഗികാവയവങ്ങളുടെ പ്രദർശനം ലൈംഗികാതിക്രമമായാണ് കണക്കാക്കി വരുന്നത്.  ഇവിടെയും പക്ഷെ, അങ്ങനെയെടുത്ത് പുറത്ത് പ്രദർശിപ്പിക്കാവുന്ന ലൈംഗികാവയവം ഉള്ളത് പുരുഷനാണ്; സ്ത്രീക്ക്  അതുപോലെ പ്രദർശിപ്പിക്കണമെങ്കിൽ ചില്ലറ ജിംനാസ്റ്റിക്സ് പ്രാവീണ്യം മതിയാവില്ല! (നഗ്നതയുടെ മാന്യതയും സാധ്യതയും ഒരു ചർച്ചാവിഷയം തന്നെയാണ്; പക്ഷെ ഇവിടെ അതല്ലല്ലോ നമ്മൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്; അതുകൊണ്ടിതിവിടെ നിർത്തുന്നു).

അടുത്തത് സുരക്ഷിതത്വവാദമാണ്. സ്ത്രീയുടെ സുരക്ഷിതത്വം അവളുടെ വസ്ത്രത്തിൽ ഉടക്കിക്കിടക്കുന്നു എന്ന ധാരണ വരുന്നത് സ്ത്രീശരീരം പുരുഷനെ ലൈംഗികമായി ആകർഷിക്കുന്നു; ഈ ആകർഷണം ബലാല്ക്കാരത്തിനു പ്രേരിപ്പിക്കുന്നു എന്ന ചിന്തയിൽ നിന്നാണ്. ഈ മനോഭാവം പുരുഷസമൂഹത്തെ പൊതുവെ, മൃഗതൃഷ്ണയിൽ നിന്ന് ഒരല്പം പോലും സമൂഹജീവിയായി ഉന്നമിച്ചിട്ടില്ലാത്ത പ്രാകൃതരായി വിലയിരുത്തി അപമാനിക്കുന്നു എന്നതൊരു കാര്യം; അതവിടെ നിൽക്കട്ടെ. ഈ വാദത്തിന്റെ തന്നെ സാധുത എന്താണ് എന്നാദ്യം പരിശോധിക്കേണ്ടതുണ്ട്.

വസ്ത്രധാരണം ലൈംഗികാകർഷണത്തിനു കാരണമായേക്കാവുന്ന പല വഴികളിൽ ഒന്നു മാത്രമാണ്. Sexual fetishness പല വ്യക്തികളിൽ പല തരത്തിലാണ് കണ്ടു വരുന്നത്. മണം, ഉയരം, ആകാരം, ചുണ്ടുകൾ, കണ്ണുകൾ, പാദങ്ങൾ, വാച്ച്, ചെരിപ്പ്, മുടി, ശബ്ദം, നിറം, വസ്ത്രത്തിന്റെ നിറം, ബുദ്ധിശക്തി, അറിവ് എന്നിങ്ങനെ ലൈംഗികഉത്തേജനത്തിന്റെ വഴികൾ വളരെ വൈവിധ്യം നിറഞ്ഞതാണ്. ലൈംഗികാകർഷണം എന്നത് ഇല്ലാതാക്കാൻ കഴിയുന്ന ഒന്നുമല്ല; അതിന്റെ ആവശ്യവുമില്ലതന്നെ. ഉത്തേജനം ഇല്ലാതാക്കാൻ വസ്ത്രത്തിന്റെ അളവ് കൂട്ടുമ്പോൾ അടുത്ത് സംഭവിക്കുന്നത് ലഭ്യമായ കാഴ്ചകളും ഭാവനയും വെച്ച് ഉത്തേജനം സംഭവിക്കുക എന്നതു മാത്രമാണ്; സ്ത്രീകൾ ശരീരത്തിന്റെ ഒരിഞ്ചു പോലും പുറത്തുകാണിക്കാതെ പുറത്തിറങ്ങുന്ന അവസരത്തിൽ ആ വസ്ത്രത്തിനുള്ളിൽ സ്ത്രീയാണ് എന്ന അറിവോ തോന്നലോ പോലും മതിയാകും അത്തരമൊരു ഉത്തേജനത്തിന്. പ്രകൃതിയുടെ അത്ര ശക്തമായ ഒരു പ്രതിഭാസം ആണ് ലൈംഗികാകർഷണം.

ലൈംഗിക ഉത്തേജനം തെറ്റല്ല; റേപ് വെറും ഉത്തേജനത്തിന്റെ ഫലവുമല്ല. ലൈംഗിക ആകർഷണം വളരെ സാധാരണമായ ഒന്നാണ്; അത് നിയന്ത്രിക്കുകയോ തടയുകയോ ചെയ്യേണ്ട കാര്യവുമില്ല. ഉത്തേജനം വന്നാൽ തന്നെ അതിൽ ഒരു ചെറിയ ശതമാനമാണു റേപിനു മുതിരുന്നത്. അതാകട്ടെ വസ്ത്രം കണ്ടു പൊടുന്നനെ ചാടിയിറങ്ങുന്നതുമല്ല; അവനെ ആകർഷിച്ചത്, ഉത്തെജിപ്പിച്ചത് എന്തുമാകാം; വസ്ത്രവുമാകാം. പക്ഷെ അവസരം നോക്കി തന്നെയാണ് ഒരു റേപിസ്റ്റ് ആക്രമിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ പൊതുമധ്യത്തിൽ ഉത്തേജിതരായി റേപിസ്റ്റുകൾ ചാടി വീഴുകയും പിടിക്കപ്പെടും ചെയ്യാമല്ലോ. അവസരം വരുന്ന വരെ, തനിക്കപകടം വരാത്തരീതിയിൽ ഒരിരയെ കിട്ടുന്നത് വരെ, കാക്കുന്നത് അവനു നിയന്ത്രണബുദ്ധി ഉളളതു കൊണ്ടുതന്നെയാണ്; എടുത്തുചാടുന്നത് അബദ്ധമാകുമെന്നു ചിന്തിക്കാനുള്ള ബോധം അപ്പോഴും അവനുണ്ട്. ആ നിയന്ത്രണവും ബോധവും സ്ത്രീയെ ആക്രമിക്കാതിരിക്കാൻ ഉപയോഗിക്കാത്തത് അതിന്റെ ആവശ്യകത അവനു ബോധ്യപ്പെടാത്തതു കൊണ്ടും.

കീഴ്പ്പെടുത്താനുളള ത്വര, അതിനുളള അവസരം, പിടിക്കപ്പെടില്ലെന്ന ധൈര്യം, സ്ത്രീ ഭയന്നു പുറത്തു പറയില്ലെന്ന ധൈര്യം, റേപ് ചെയ്യപ്പെട്ടാൽ സ്ത്രീയുടെ "പവിത്രത" നഷ്ടപ്പെട്ടു "മാനം" നഷ്ടപ്പെട്ടു എന്നൊക്കെയുളള പൊതുബോധം, സ്ത്രീയുടെ വസ്ത്രവും സ്വഭാവവും അളന്നു അവളെ കുറ്റപ്പെടുത്തുന്ന സമൂഹം എന്നിങ്ങനെ റേപിസ്റ്റിനെ പ്രോൽസാഹിപ്പിക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്.അതായത്  ഇരയാക്കപ്പെട്ടവളുടെ വസ്ത്രമളക്കുന്ന മനോഭാവം സ്ത്രീ ധരിച്ച വസ്ത്രത്തേക്കാൾ ഒരു റേപിസ്റ്റിനു പ്രോൽസാഹനം നൽകുന്ന ഒന്നാണ് എന്ന് സാരം! ഇരയുടെ കുറ്റമാണെന്നു പറയുന്ന ഒരു വിഭാഗം ഉളളിടത്തോളം അവനു ഇര പരാതിപറയാനുളള സാധ്യതയെ അധികം ഭയപ്പെടേണ്ടതില്ല.

റേപ് കുറക്കാൻ ഒരു വഴിയെ ഉളളൂ... റേപ് ചെയ്യപ്പെട്ടാൽ ജീവിതം നശിച്ചുപോകാത്ത, ഇരയുടെ വസ്ത്രവും സ്വഭാവവുമളന്നു കുറ്റപ്പെടുത്താത്ത ഒരു സമൂഹം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക; കുറ്റവാളിയുടെ നേരെ മാത്രം വിരൽ ചൂണ്ടുക. അങ്ങനെ വരുമ്പോൾ ഇരയാക്കപ്പെട്ടവൾ തനിക്കെതിരെ തിരിയാൻ സാധ്യതയില്ലെന്ന ബോധം ഇല്ലാതാകും; സൂക്ഷിക്കേണ്ടത് സ്ത്രീയെക്കാൾ അവളെ ആക്രമിക്കാൻ മുതിരുന്നവൻ ആണെന്ന പൊതുബോധം നിലവിൽ വരണം; അത്തരമൊരു സമൂഹത്തിനു മാത്രമാണ് റേപ് പോലുള്ള സാമൂഹ്യവിഷങ്ങളെ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുക.

വസ്ത്രവും റേപും തമ്മിൽ ബന്ധമളന്നു ഉപദേശി നടിക്കുന്നവർ ദയവു ചെയ്തു ഒരുകാര്യം മനസ്സിലാക്കുക; ഇരയുടെ നേരെ വിരൽ ചൂണ്ടുന്ന ആ വൃത്തികെട്ട മനോഭാവമുണ്ടല്ലൊ; ഇരയാക്കപ്പെട്ട പെൺകുട്ടികൾ അതു റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതിനൊരു പ്രധാനകാരണമാണത്. കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ റേപിസ്റ്റുകൾ നേരത്തെ പിടിക്കപ്പെട്ടേക്കും; അയാൾ മൂലം ഭാവിയിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾ രക്ഷപ്പെട്ടേക്കും. തനിക്കു നേരെ വിരൽ ചൂണ്ടപ്പെടും എന്ന ഭയമില്ലാതെ ഇരയാക്കപ്പെട്ടവൾക്ക് സമൂഹത്തിൽ സാധാരണ ജീവിതം നയിക്കാൻ കഴിയും. റേപിസ്റ്റിനു പ്രധാനവളമാകുന്നത് വസ്ത്രവും ആകർഷണവും ഒന്നുമല്ല; തന്റെ വസ്ത്രവും സഞ്ചാരസ്വാതന്ത്ര്യവും വാക്കുകളും സ്വഭാവവും പ്രണയവും ചരിത്രവും  എല്ലാം പൊതുമധ്യത്തിൽ യാതൊരു കരുണയുമില്ലാതെ അളക്കപ്പെടുന്ന ഇരയുടെ ദൈന്യതയാണ് ഒരു റേപിസ്റ്റിന്റെ ഏറ്റവും വലിയ പ്രോത്സാഹനം! സാമൂഹ്യബോധം എന്നതൊന്ന് ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക!

സ്വന്തം കായികശക്തി, പ്രതിരോധിക്കാനുളള കഴിവ്, സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകത, പ്രതിരോധരീതി തുടങ്ങി പുരുഷന്മാർ സ്വയം ചിന്തിച്ചു തീരുമാനമെടുക്കുന്ന കാര്യങ്ങളിലെല്ലാം അതേ പോലെ സ്ത്രീക്കും സ്വയം ചിന്തിച്ചു തീരുമാനമെടുക്കാൻ കഴിയും. പുരുഷന്മാരിൽ കായികശക്തി കുറവുളളവരും ബലഹീനരും അപകടങ്ങളും അക്രമങ്ങളും ഒഴിവാക്കാൻ എത്തരത്തിൽ പെരുമാറണം എന്നാരും സാമാന്യനിയമങ്ങൾ ഇറക്കിക്കണ്ടിട്ടില്ല; അതു പോലെ തന്നെ സ്ത്രീകൾക്കും അത്തരം പൊതുനിയമങ്ങൾ ആവശ്യമില്ല തന്നെ. ഒരു സ്ത്രീയുടെ കാര്യം ഒരു വ്യക്തി എന്ന എല്ലാ പരിഗണനയോടും കൂടെ അവൾക്കു തന്നെ വിട്ടുകൊടുക്കുക.

ഒരു മതമോ വിശ്വാസമോ  തെരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ ഉള്ള സ്വാതന്ത്ര്യം ആ മതമോ മതമില്ലായ്മയോ ചില അക്രമികളെ പ്രകോപിപ്പിക്കുമൊ, ആ അക്രമം സ്വയം ചെറുക്കാൻ കഴിയുമൊ എന്നതിനനുസരിച്ച് മറ്റാരും നിർദ്ദേശം കൊടുക്കുന്നതായിരിക്കരുത്. ഒരു ഭക്ഷണരീതി (സസ്യാഹാരം Vs മിശ്രാഹാരം) തെരഞ്ഞെടുക്കുന്നതും അത് ചില അക്രമികളെ പ്രകോപിപ്പിക്കുമോ എന്നോർത്തിട്ടാകേണ്ടി വരരുത്.  അതു പോലെ തന്നെ വസ്ത്രം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യവും അക്രമികളെ പ്രകോപിപ്പിക്കുമൊ, അക്രമം ചെറുക്കാൻ കഴിയുമൊ എന്നതിനനുസരിച്ച് മറ്റാരും തീരുമാനിച്ചു കൊടുക്കേണ്ടതല്ല. മോഷ്ടാക്കൾ ധാരാളമുള്ളത് കൊണ്ട് സ്വർണാഭരണങ്ങളും വിലപിടിച്ച വാച്ച്, ഫോണ്‍ തുടങ്ങിയവയും കൊണ്ട് പുറത്തിറങ്ങരുത്, കയ്യിൽ പണമുണ്ടെന്നു വിളിച്ചു പറയുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്; അത് വഴി മോഷ്ടാക്കളെ പ്രകോപിപ്പിക്കരുത് എന്നൊക്കെ പറയുന്നത്ര തന്നെ പരിഹാസ്യമാണ് വസ്ത്രം വഴി റേപിസ്റ്റിനെ പ്രകോപിപ്പിക്കരുത് എന്ന് പറയുന്നത്.  അക്രമം ചെറുക്കുകയോ ഒഴിവാക്കുകയോ എന്ത് വേണമെന്നത് തികച്ചും വ്യക്തിഗതമായ തീരുമാനമാണ്; സമൂഹത്തിന്റെയും നിയമത്തിന്റെയും ബാധ്യത അക്രമങ്ങളെയും  അക്രമികളെയും  നിയന്ത്രിക്കുക എന്നതാണ്; ഇരകളാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ നിയന്ത്രിക്കുക എന്നതല്ല!

Friday, 2 May 2014

Isle of Wight - ഒരു യാത്രാനുഭവം






















മാർക്കോണി ലോകത്തിലെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ പണിത സ്ഥലം ഏതാണ്? ഉത്തരം: നീഡിൽസ് ബാറ്ററി, ഐൽ ഓഫ് വൈയ്റ്റ് (1897ൽ, Needles Battery, Isle of Wight, UK).

ഇംഗ്ലീഷ് ചാനലിൽ മെയിൻലാൻഡ് ഇംഗ്ലണ്ടിൽ നിന്ന് ഒരൽപം മാറി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുദ്വീപാണ് ഐൽ ഓഫ് വൈയ്റ്റ് (Isle of Wight). ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സവിശേഷതകൾ ഉള്ള ഒരിടമാണിത്. നയനഹാരിയായ അലം തീരവും നീഡിൽസ് മുനമ്പും അവിടെ  സ്ഥിതി ചെയ്തിരുന്ന യുദ്ധസന്നാഹകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളും വിക്ടോറിയ രാജ്ഞി താമസിച്ചിരുന്ന  ഈസ്റ്റ്കോവ്സ്ലെ ഓസ്‌ബോണ്‍ കൊട്ടാരവും ന്യൂപോർട്ടിലെ കാരിസ്ബ്രൂക് കോട്ടയുമെല്ലാം തെക്കേ ഇംഗ്ലണ്ടിലെക്കുള്ള യാത്രികർക്ക് ഇതൊരു ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു.

ലണ്ടനിൽ നിന്ന് പോർട്ട്‌സ്മൌത്തിലേക്ക് പോകുന്ന സതേണ്‍ റെയിൽവേ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ഇറങ്ങേണ്ടത് 'Portsmouth & Southsea' എന്ന സ്റ്റേഷനിൽ ആണ്.ഇവിടെ നിന്ന് ഒരല്പം ടാക്സിയിൽ സഞ്ചരിച്ചാൽ സൌത്ത് സീ ഹോവർ പോർട്ടിൽ എത്താം (South Sea Hover Port). ഇവിടെ നിന്ന് വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന ഹോവർക്രാഫ്റ്റുകൾ ഓരോ 30-45 മിനുട്ടിലും ലഭ്യമാണ്; ഞങ്ങൾ എത്തുന്ന സമയത്തിനനുസരിച്ച് ഓണ്‍ലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. റൈഡ് (Ryde) എന്നാ സ്ഥലത്താണ് ഹോവർ ക്രാഫ്റ്റ് ഇറക്കി തന്നത്. അവിടെ നിന്ന് ദിവസം മുഴുവൻ ചുറ്റിക്കാണിക്കാൻ വേണ്ടി ഒരു ടാക്സി ബുക്ക് ചെയ്തിരുന്നു; കൂട്ടത്തിൽ ചെറിയ കുട്ടികൾ ഉള്ള കുടുംബങ്ങൾ ഉള്ളത് കൊണ്ട് സാധാരണ പോലെ പബ്ലിക് ട്രാൻസ്പോർട്ടിനെ ആശ്രയിക്കുന്നില്ലെന്നു വെച്ചു.

ഫെറിയിൽ 45 മിനുട്ട് വരെ എടുക്കുന്ന, സൌത്ത്സീയിൽ നിന്ന് ഐൽ ഓഫ് വൈയ്റ്റ് ലെ റൈഡ് എന്ന ടൌണ്‍ ലേക്കുള്ള ദൂരം,  പത്തു മിനുട്ട് കൊണ്ടാണ് ഹോവർക്രാഫ്റ്റ് താണ്ടിയത്; അകത്തിരിക്കുമ്പോൾ സാധാരണ ബോട്ടുകളിൽ ഇരിക്കുന്നതിനേക്കാൾ താഴ്ന്ന് വെള്ളത്തിന്റെ അതേ നിരപ്പിൽ ഇരിക്കുന്ന തോന്നലുണ്ടാകും. വെള്ളത്തിൽ പോകുമ്പോൾ ഇതിനൊരു ഫ്ലോട്ടർ ബോട്ടം ഉണ്ട്; കരയിലെത്തുമ്പോൾ അത് ഇൻഫ്ലെറ്റ് ചെയ്തിടും; കരയിൽ ചക്രത്തിലാണ് യാത്ര.  ഇതിന്റെ യാത്രയും കരക്കടുപ്പിക്കലും പുറപ്പെടലുമെല്ലാം വളരെ മനോഹരമായി യുട്യൂബിൽ ആരോ വീഡിയോ പകർത്തി ഇട്ടിട്ടുണ്ട്; ഇതാ ഇവിടെ; ഒന്നാമത്തെ മിനിട്ടിനു ശേഷം കാണുക - https://www.youtube.com/watch?v=UodHQG4pYkM. നാല് മിനിട്ടിനു ശേഷം ലാൻഡ് ചെയ്യുന്നത് കാണാം; വീണ്ടും പുറപ്പെടുന്നതും. എത്ര ലാഘവത്തോടെയാണ് ഇത്  സ്റ്റിയർ ചെയ്യുന്നതെന്നു അത്ഭുതത്തോടെ നോക്കി നിന്ന് പോകും. നാട്ടിൽ ട്രാഫിക്കിനു നടുക്ക് ഓട്ടോറിക്ഷ വട്ടത്തിലിട്ടു തിരിക്കുന്ന ആ സ്കിൽ ആണ് ഓര്മ വന്നത് :)

ആദ്യം പോയത് വിക്ടോറിയ രാജ്ഞി താമസിച്ചിരുന്ന ഓസ്‌ബോണ്‍ കൊട്ടാരത്തിലേക്ക് ആണ്. കൊട്ടാരം ഇപ്പോൾ പൊതുദർശനത്തിന് തുറന്നു വെച്ചിരിക്കുന്നു. വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും വേനൽക്കാലവസതി ആയി ഉപയോഗിച്ചിരുന്ന ഭവനമാണിത്. ഇറ്റാലിയൻ റിനയസൻസ് ശൈലിയിൽ പണികഴിപ്പിച്ച, വിശാലമായ കോമ്പൌണ്ടും പാർക്കും സ്വകാര്യബീച്ചും അടങ്ങിയ ഈ വസതിയിൽ വെച്ചാണ് 1901ൽ വിക്ടോറിയരാജ്ഞി അന്ത്യശ്വാസം വലിച്ചത്. കൊട്ടാരത്തിനകത്ത് രാജ്ഞിയും രാജകുമാരനും ഉപയോഗിച്ചിരുന്ന മുറികളും മറ്റു പൊതു ഇടങ്ങളും എല്ലാം, അവരെ കുറിച്ചുള്ള വിവരങ്ങളും അവിടം സന്ദർശിച്ച പ്രമുഖരെ കുറിച്ചുള്ള വിവരങ്ങളും മനോഹരമായ ശിൽപങ്ങളും പെയിന്റിങ്ങുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്; എല്ലാം വായിച്ചും കണ്ടും ആസ്വദിച്ചും പുറത്ത് വരാൻ അല്പം സമയമെടുക്കും.

അടുത്തതായി പോയത് നീഡിൽസ് ലേക്കാണ്. യാത്രയിൽ വഴി നിറയെ മഞ്ഞനിറത്തിൽ നോക്കെത്താത്തിടത്തോളം നിറഞ്ഞു പൂത്തു നില്ക്കുന്ന കടുകുപാടങ്ങൾ! ഇംഗ്ലണ്ട് യാത്രയെന്നാൽ ലണ്ടൻ പോലുള്ള നഗരങ്ങൾ മാത്രം സന്ദർശിക്കുന്നവരുടെ ശ്രദ്ധക്ക്; കണ്ട്രിസൈഡ് അഥവാ ഗ്രാമപ്രദേശങ്ങൾ വിട്ടു പോവരുത്; കണ്ണും മനസ്സും തളിർത്തുപൂക്കുന്ന ചില കാഴ്ചകൾ നഷ്ടമായേക്കും!

നീഡിൽസ് ഇംഗ്ലീഷ് ചാനലിലെക്ക് കടന്നു നില്ക്കുന്ന ഒരു മുനമ്പാണ്. ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളുള്ള ഒരു സ്ഥലമാണിത്. കൂർത്തുയർന്നു നിൽക്കുന്ന മൂന്നു വെളുത്ത പാറകൾ ആണ് ഈ സ്ഥലത്തിനു ഈ പേര് വരാൻ കാരണം. കാണാവുന്ന അവസാനത്തെ പാറമേൽ ഒരു ലൈറ്റ് ഹൌസ് സ്ഥാപിച്ചിട്ടുണ്ട്; വെള്ളത്ത്തിനടിയിലും ഇത്തരം പാറകൾ ഒരുപാട് ദൂരം വരേയ്ക്കും ഉണ്ടത്രേ. ഒരു ഇരുപതു മിനുട്ട് കയറാനുണ്ട്‌ നീഡിൽസ് ബാറ്ററിയിലേക്ക്; അവിടെ നിന്ന് ഈ പാറകളുടെ നല്ലൊരു ദൃശ്യം കാണാം. ഒരല്പം മാറി അലം തീരം (Alum Bay) സ്ഥിതി ചെയ്യുന്നു; പല നിറങ്ങളുള്ള മണ്ണുകൾ ചേർന്ന മനോഹരമായ ഒരു മലഞ്ചെരിവ് അലം തീരത്തിൽ നിഴൽ വീഴ്ത്തിക്കൊണ്ട്‌ നില്ക്കുന്നു. നീഡിൽ ബാറ്ററിയുടെ മുകളിൽ നിന്നാണ് നീഡിലിന്റെയും അലം മലഞ്ചെരുവിന്റെയും ഏറ്റവും മനോഹരമായ കാഴ്ച. മുറിച്ചു വെച്ചത് പോലെ തോന്നും നീഡിൽ സ്റ്റാക്കിന്റെയും കുത്തനെ ബഹുവർണങ്ങൾ കൊരിയൊഴിച്ചു നില്ക്കുന്ന മലഞ്ചെരിവും കണ്ടാൽ (ഇതിനു ഭൂമിശാസ്ത്രപരമായ വിശദീകരണം ഉണ്ട്; Alpine Orogeny യുടെ ഭാഗമായാണ് ഇത്തരം കുത്തനെയുള്ള മടക്കുകൾ രൂപം കൊണ്ടത്; ഇതിലേക്ക് കടക്കുന്നില്ല).

1754നും 1763നും ഇടയിൽ നടന്ന സപ്തവൽസരയുദ്ധത്തിൽ ഫ്രാൻസിനെതിരെയുള്ള ബ്രിട്ടീഷ് ട്രൂപ്പുകൾ ഇവിടെ നിന്നാണ് പുറപ്പെട്ടിരുന്നത്.  രണ്ടാം ലോകമഹായുദ്ധകാലത്ത് വളരെ തുടർച്ചയായി ബോംബ്‌ ചെയ്യപ്പെട്ടിരുന്ന ഒരു സ്ഥലം ആയിരുന്നു വൈയ്റ്റ് ദ്വീപ്‌; ബ്രിട്ടനും ഫ്രാൻസിനും ഇടയില കടലിനടിയിലൂടെയുള്ള എണ്ണപൈപ്പുകളും ഇവിടെ നിന്നും ഉണ്ടായിരുന്നു, യുദ്ധകാലത്ത് ഇന്ധനം എത്തിക്കുവാൻ വേണ്ടി. നീഡിൽസിൽ  സ്ഥാപിച്ചിട്ടുള്ള യുദ്ധസന്നാഹകേന്ദ്രത്തിൽ (Artillery Battery ക്ക് ശരിയായ പരിഭാഷ അറിയില്ല) നിന്ന് യുദ്ധസംരംഭങ്ങൾ മാത്രമല്ല നടന്നിട്ടുള്ളത്. Black Arrow, Black Knight എന്നീ ബഹിരാകാശ റോക്കറ്റുകളുടെ പരീക്ഷണവിക്ഷേപണങ്ങൾക്കും ഇവിടം ഉപയോഗിച്ചിരുന്നു.

ദിവസം കഴിയാറായത് കൊണ്ട് മനസ്സില്ലാ മനസ്സോടെ തന്നെ കുന്നിറങ്ങി താഴെയെത്തി; അസ്തമയസൂര്യനെ യാത്രയയച്ച ശേഷം ഞങ്ങളും തിരിച്ചു പുറപ്പെട്ടു. ഇനിയൊരിക്കൽ കൂടി "ഈ മനോഹരതീരത്തു" വരുവാൻ സന്തോഷം മാത്രം...

Wiki links: http://en.wikipedia.org/wiki/Isle_of_Wight

Saturday, 26 April 2014

കെറ്റിൽ ലോജിക്


































ഒരു കാര്യം തെളിയിക്കാൻ പരസ്പര വിരുദ്ധമായ കുറെ വാദങ്ങള്‍ ഒരുമിച്ച് അവതരിപ്പിക്കുക...

സിഗ്മുണ്ട് ഫ്രോയ്ഡ്‌ തന്‍റെ 'Interpretation of dreams' പുസ്തകത്തില്‍ അവതരിപ്പിച്ചതാണ് ഈ kettle കഥ... അയൽക്കാരന്‍, കടം വാങ്ങിച്ച kettle കേടു വരുത്തി തിരിച്ചേല്പിച്ചു എന്ന് ആരോപിക്കുമ്പോൾ അതിനെ പ്രതിരോധിക്കാന്‍ മൂന്നു വാദങ്ങള്‍ കൊണ്ട് വരുന്നു, ഒരേ സമയം:

1) Kettle damage ഇല്ലാതെയാണ് തിരിച്ചേല്‍പിച്ചത്
2) Kettle വാങ്ങിയപ്പോള്‍ തന്നെ കേടായിരുന്നു
3) Kettle വാങ്ങിയിട്ടേ ഇല്ല

പരസ്പര വിരുദ്ധമായ ഈ മൂന്നു വാദങ്ങളില്‍ എതെങ്കിലുമൊന്നു ഉപയോഗിച്ചാല്‍ ആ പ്രതിരോധവാദത്തിനു validity ഉണ്ട്; എല്ലാം കൂടെ ഉപയോഗിച്ചാല്‍ മൂന്നിനും validity ഇല്ല.

ഉദാഹരണം:
1) ദൈവം perfect ആയി സൃഷ്ടിക്കുന്നു
2) ദൈവം സൃഷ്ടികളെ improve ചെയ്തു കൊണ്ടിരിക്കുന്നു

ഈ രണ്ടു വാദങ്ങളും പരസ്പര വിരുദ്ധമാണ്. സൃഷ്ടി perfect ആണെങ്കില്‍ improve ചെയ്യേണ്ട ആവശ്യം വരുന്നില്ല. Improve ചെയ്യേണ്ടി വരുന്നുണ്ടെങ്കില്‍ സൃഷ്ടി ആദ്യം perfect ആയിരുന്നില്ല. ഇതിലേതെങ്കിലും ഒരു വാദം മാത്രം ഉപയോഗിച്ചാല്‍ കുഴപ്പമില്ല; രണ്ടും ഉപയോഗിക്കുമ്പോള്‍ രണ്ടു വാദങ്ങളും invalid ആകുന്നു

ലോട്ടറി പാരഡോക്സ്






































രസകരമായ ഒരു വിരോധാഭാസം ആണ് ലോട്ടറി പാരഡോക്സ്.

Henry E. Kyburg, Jr. എന്ന പ്രോബബിലിറ്റി വിദഗ്ദ്ധനാണ് ലോട്ടറി പാരഡോക്സ് മുന്നോട്ടു വെച്ചത്. ഒറ്റക്കൊറ്റക്കു യുക്തിപരം "എന്ന് തോന്നിയേക്കാവുന്ന" മൂന്നു principles ചേര്‍ന്ന് വരുമ്പോള്‍ എങ്ങനെ അത് illogical ആവുന്നു എന്നാണു ഈ പാരഡോക്സ് പറയുന്നത്.

1) സത്യമാകാന്‍ ഏറ്റവും കൂടുതല്‍ 'സാധ്യത'യുള്ള ഒരു കാര്യം സത്യമെന്നു നിര്‍ണ്ണയിക്കാം.
2) സത്യമാകാന്‍ 'സാധ്യത' കുറവുള്ള ഒരു കാര്യം സത്യമാണ് എന്നു നിര്‍ണ്ണയിക്കുന്നത് യുക്തിപരമല്ല.
3) A എന്ന നിര്‍ണ്ണയം യുക്തിപരമാണ്; B എന്ന നിര്‍ണ്ണയം യുക്തിപരമാണ്; എങ്കില്‍ A യും B യും രണ്ടും സ്വീകാര്യമാണ്.

ഇതിനെ വിശദീകരിക്കാന്‍ എളുപ്പം ലോട്ടറികളുടെ ഉദാഹരണം വെച്ചാണ്; മേല്‍പ്പറഞ്ഞ principles ഇവിടെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. ഒരു ലക്ഷം പേര്‍ ലോട്ടറി ടിക്കറ്റ്‌ എടുത്തതില്‍ ഒരാള്‍ക്ക്‌ മാത്രം ലോട്ടറി അടിക്കുന്ന സാഹചര്യം പരിഗണിക്കുക.

1) ഞാന്‍ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്താല്‍ എനിക്ക് ലോട്ടറി അടിക്കാനുള്ള പ്രോബബിലിറ്റി 0.00001 മാത്രമാണ്. അത് കൊണ്ട് എനിക്ക് ലോട്ടറി അടിക്കില്ല എന്ന് കരുതുന്നത് തന്നെയാണ് 'കൂടുതല്‍ ശരി'.

2) അങ്ങനെ നോക്കുമ്പോള്‍ എന്റെ സുഹൃത്ത്‌ എടുത്ത ലോട്ടറിയും അയല്‍ക്കാരന്‍ എടുത്ത ലോട്ടറിയും തുടങ്ങി ഈ ഒരു ലക്ഷം പേരില്‍ ഓരോരുത്തരുടെയും ലോട്ടറി അടിക്കാനുള്ള 'സാധ്യത' ഈ ദയനീയമായ 0.00001 തന്നെയായതിനാല്‍ ഇതിലാര്‍ക്കും ലോട്ടറി അടിക്കും എന്ന് എന്ന്പ്രതീക്ഷിക്കുന്നത് ശരിയാവില്ല.

3) ലോട്ടറി ഒരാള്‍ക്ക്‌ അടിക്കും എന്നത് സത്യമാണ്; ഇതൊരു ശരി. ഓരോരുത്തരുടെയും ലോട്ടറി അടിക്കാനുള്ള 'സാധ്യത' വെറും 0.00001 മാത്രമായതിനാല്‍ ലോട്ടറി അടിക്കാന്‍ വഴിയില്ല എന്നതു വേറൊരു ശരി (ശരിയെന്നു തോന്നുന്നത് എന്ന് മാത്രം ;) ). രണ്ടു ശരികളും ഒരുമിച്ചു ശരിയാവേണ്ടി വരുന്നു; ഇവിടെയാണ്‌ പാരഡോക്സ് അഥവാ വിരോധാഭാസം.

ഇവയെല്ലാം കൂടി ഒരുമിച്ചു സ്വീകരിക്കുക സാധ്യമല്ല; കാരണം ഒരു ലക്ഷത്തിലൊരാള്‍ക്ക് ലോട്ടറി അടിച്ചു എന്നത് ഒരു സത്യമായി നില നില്‍ക്കുന്നത് കൊണ്ട് തന്നെ. ഈ മൂന്നു പ്രിന്‍സിപ്പിള്കളില്‍ ഒന്നെങ്കിലും നിഷേധിക്കാതെ ഒരു പരിഹാരം സാധ്യമല്ല. (രണ്ടാമത്തെ പ്രിൻസിപ്പിൾ ആണിവിടെ നിഷേധിക്കേണ്ടി വരുക; കാരണം അത് stretched generalisation ആണ്).