Thursday 25 April 2013

ഒരു പാമ്പിന്‍കാവ് കഥ

ഞങ്ങളുടെ വീടിന്റെയും പറമ്പിന്റെയും പുറകു വശത്തുള്ള, എന്റെയൊരു ബന്ധുവിന്റെ സ്വന്തമായ പറമ്പില്‍ പണ്ടൊരു പാമ്പിന്‍ കാവുണ്ടായിരുന്നു. പാമ്പിന്‍ കാവെന്നു പറഞ്ഞാല്‍ പ്രതിഷ്ഠകള്‍ വെച്ച് പൂജ നടത്തുന്ന സ്ഥലമല്ല; ഒരു ചെറിയ ആവാസവ്യവസ്ഥ തന്നെ ആയിരുന്നു അതിനകത്ത്. കുറെ കൂറ്റന്‍ മരങ്ങളും ആഴക്കിണറും അവക്കിടയില്‍ പരസ്പരം പടര്‍ന്നു പന്തലിച്ചു പലതരം വള്ളിച്ചെടികളും അടുത്ത് ചെല്ലാന്‍ പോലും ഭയം തോന്നിക്കും വിധം ഇട തൂര്‍ന്ന പൊന്തകളും ഒക്കെയുള്ള ഒന്ന്. ആ 'മിനി' കാടിനുള്ളില്‍ പാമ്പുകളും കിളികളും മറ്റെന്തൊക്കെയോ ചെറു ജീവികളും മനുഷ്യന്റെ ശല്യമില്ലാതെ, തിരിച്ചും ശല്യപ്പെടുത്താതെ വര്‍ഷങ്ങളോളം സുഖമായി ജീവിച്ചിരിക്കണം.

കുട്ടിക്കാലത്ത് വീട്ടിലുള്ളവര്‍ കാണാതെ കറങ്ങിനടക്കുമ്പോള്‍ അവിടെ പോയി ഊഞ്ഞാലാടിക്കളിക്കുന്ന പച്ചിലപാമ്പുകളെ നോക്കി നില്‍ക്കുമായിരുന്നു; പുസ്തകങ്ങളില്‍ വായിച്ചു മാത്രം പരിചയമുള്ള കാടിന്റെ ഒരു ചെറിയ പതിപ്പ്! അവിടവിടെ പണ്ടാരോ കല്ലില്‍ കൊത്തിവെച്ച ചില നാഗപ്രതിഷ്ഠകളുടെ അവശിഷ്ടങ്ങള്‍ എത്തി നോക്കിയാല്‍ കാണാമായിരുന്നു. വിശ്വാസമുള്ളവര്‍ നാഗശാപം ഭയന്നും ഇല്ലാത്തവര്‍ പാമ്പിനെ ഭയന്നും അതിനകത്തേക്ക് കാലുകുത്തിയില്ല.

ആ കുഞ്ഞു വനത്തെ സംരക്ഷിക്കാന്‍ കൂര്‍മബുദ്ധിയുള്ള കാരണവന്മാരാരോ ഉണ്ടാക്കിയെടുത്തതാവാമിതൊക്കെയെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഇത്രയും വലിയ മരങ്ങള്‍ അല്ലെങ്കില്‍ മനുഷ്യര്‍ വെറുതെ വിടുമോ? പാമ്പുകള്‍ കര്‍ഷകന്റെ സുഹൃത്ത് കൂടിയാണല്ലോ; വിളതിന്നാന്‍ വരുന്ന എലി പോലുള്ള ജീവികളില്‍ നിന്ന് രക്ഷിച്ചു കൊണ്ട് പാമ്പുകളും പാമ്പുകള്‍ക്കൊരു 'കാവ്' 'റിസര്‍വ്' ചെയ്തു കര്‍ഷകനും ഒത്തൊരുമയോടെ ജീവിച്ചു കാണണം അന്നൊക്കെ.

എന്റെ ബന്ധുവിന് ചില സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന സമയത്തൊക്കെ എല്ലാരും ചെയ്യുന്ന പോലെ തന്നെ ആ മരങ്ങളെല്ലാം ഒന്നൊന്നായി മുറിച്ചു വിറ്റു; ആകാശം തൊടുന്ന ഒരേയൊരു ഞട്ടാവല്‍ മാത്രമേ ബാക്കിയുള്ളൂ ഇനി. (തൊട്ടടുത്ത്‌ കിടക്കുന്ന ഞങ്ങളുടെ പറമ്പിലും മുറിച്ചിട്ടുണ്ട് കുറച്ചു മരങ്ങള്‍ !)

മരങ്ങള്‍ വെട്ടിത്തുടങ്ങിയ സമയത്താണ് പാമ്പുകള്‍ പുറത്തിറങ്ങി അടുത്തുള്ള വീടുകളുടെ പരിസരത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഒരു 15 വര്‍ഷം മുമ്പ് എന്നെയും കൊത്തി ഒരു ചേനത്തണ്ടന്‍ ... എന്നിട്ടും അതൊന്നും ശരിയായ പ്രശ്നം മനസ്സിലാക്കാന്‍ ആര്‍ക്കും ഉതകിയില്ല; നാഗപ്രതിഷ്ഠയുള്ള  പാതിരാക്കുന്നു മനയിലെ വഴിപാട്‌ വരുമാനം കുറച്ചു കൂടിക്കിട്ടി എന്ന് മാത്രം!

മരങ്ങള്‍ പോയിത്തുടങ്ങിയപ്പോള്‍ ചൂട് കൂടി; കാവിനകത്തുള്ള കിണര്‍ വറ്റി; കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വേനല്‍ ചൂട് സഹിക്ക വയ്യാതെ പാമ്പുകള്‍ വീടുകള്‍ക്കടുത്തുള്ള കിണറിനടുത്തും മറ്റു തണുപ്പുള്ള ഇടങ്ങളിലും വന്നു തുടങ്ങി. ഇതൊന്നും ആരുടേയും കണ്ണ് തുറപ്പിച്ചില്ല തന്നെ. പിന്നീട് എന്തൊക്കെയോ അനിഷ്ട സംഭവങ്ങള്‍ കുടുംബത്തില്‍ അരങ്ങേറിയപ്പോള്‍ ആരോ ഗണിച്ചു പറഞ്ഞത്രേ നാഗശാപമാണെന്ന്. പ്രതിവിധിയായി നാഗത്താന്മാരുടെ കാവ് പുനസ്ഥാപിക്കാന്‍ തീരുമാനമായി.

അപ്പോഴാണ് മറ്റൊരു പ്രശ്നം; കാവ് മുഴുവനായി പുനസ്ഥാപിക്കാന്‍ വയ്യ; അവിടെ ഇപ്പോള്‍ വാഴയൊക്കെ വെച്ചു; ചില ചില്ലറ കൃഷിയും നടത്തുന്നു; വന്മരങ്ങളില്‍ ഒരെണ്ണമേ ബാക്കിയുള്ളൂ; ഉള്ള സ്ഥലത്തില്‍ പാതിയും കാവാക്കിയാല്‍ സ്ഥലം പിന്നീട് വില്‍ക്കണമെങ്കില്‍ വാങ്ങാന്‍ ആളെയും കിട്ടില്ല. എല്ലാത്തിനും പരിഹാരം പറഞ്ഞു കൊടുക്കുന്ന പണിക്കര്‍ അതിനും പരിഹാരം കൊടുത്തു; മുഴുവന്‍ കാവാക്കണ്ട; ചിതറിക്കിടക്കുന്ന നാഗപ്രതിഷ്ഠകളുടെ അവശിഷ്ടങ്ങള്‍ പെറുക്കി പാതിരാക്കുന്നു മനയില്‍ കൊണ്ട് പോയി കര്‍മങ്ങള്‍ ചെയ്തു കൊണ്ടുവന്നു പറമ്പിന്റെ ഒരു ഭാഗത്ത്‌ ചെറിയൊരിടം വളച്ചു കെട്ടി പുനപ്രതിഷ്ടിക്കുക! എന്നിട്ട് വര്‍ഷാവര്‍ഷം അവിടത്തെ പൊന്തകള്‍ വെട്ടിത്തെളിച്ചു നാഗത്താന്മാര്‍ക്ക് മഞ്ഞളും നൂറും പാലും അവലും മലരും എല്ലാം ഊട്ടി പൂജ നടത്തുക; നാഗത്താന്മാരും പ്രസാദിക്കും; നമ്മുടെ കാര്യവും നടക്കും!

പുനപ്രതിഷ്ഠ നടന്നത് നാലഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. ഇന്നവിടെ പൂജയായിരുന്നു; ബാക്കിയുള്ള ഒരൊറ്റമരത്തണലില്‍ രണ്ടു സിമന്റു തറകളില്‍ ഒന്നിന് മേലെ ഇണനാഗങ്ങളുടെയും മറ്റൊന്നില്‍ ഒറ്റ നാഗത്തിന്‍റെയും പ്രതിഷ്ഠകള്‍ ! അതിനു മേലെ മഞ്ഞള്‍ കോരിയൊഴിച്ച് പൂജ ചെയ്യുന്നത് നോക്കി നിന്നു ഭക്തിയോടെ നാഗശാപം ഒഴിഞ്ഞു കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്ന എന്റെ ബന്ധുക്കള്‍ !

ഉഷ്ണം പുതച്ചു പൊള്ളുന്ന മണ്ണിനു മേലെ വാശിയോടെ പെയ്യുന്ന മേടവെയില്‍ ! കല്ലിലൊതുങ്ങാനാവാത്ത ജീവനുള്ള നാഗത്താന്മാരെല്ലാം നനവുള്ള മണ്ണ് തേടി എന്നേ പുറപ്പെട്ടു പോയിരിക്കണം; അടുത്തിടക്കെങ്ങും കണ്ടിട്ടില്ല ചേനത്തണ്ടനെയും മൂര്‍ഖനെയും; എന്തിന്, ഒരു ചേരയെയോ പച്ചിലപാമ്പിനെയോ പോലും! ഈ വെയിലത്തും തോല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റയാന്‍ ഞട്ടാവല്‍ മരത്തിന്റെ പാതി കരിഞ്ഞ ഇലകള്‍ ചെറുകാറ്റില്‍ അല്പാല്പം ഇളകുമ്പോള്‍ കുലുങ്ങി കുലുങ്ങി പരിഹസിച്ചു ചിരിക്കുന്നതാണെന്ന് തോന്നിയത് എനിക്ക് മാത്രമാവാം...