Thursday 11 August 2016

നിഷിദ്ധാഹാരങ്ങൾ (Food Taboos)

മനുഷ്യസംസ്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും പ്രധാനപ്പെട്ട അടയാളങ്ങളിൽ ഒന്നാണ് ആഹാരശൈലി. മനുഷ്യജീവിതവും കലാരൂപങ്ങളും മറ്റു സാംസ്കാരിക അടയാളങ്ങളുമെല്ലാം എത്രത്തോളം വൈവിധ്യം നിറഞ്ഞതാണോ അത്രതന്നെ വൈവിധ്യം ആഹാരസംസ്കാരത്തിലും കാണാനാവും.

(Image credits: http://9broad.com/health/)
ഫുഡ് ടാബൂ എന്ന ഇംഗ്ലീഷ് വാക്കിനു തത്തുല്യ മലയാളപദം ഉണ്ടോ എന്നറിയില്ല. അർത്ഥം 'വിശ്വാസാധിഷ്ഠിതമായി നിലവിൽ വന്ന വിലക്കുകൾ' എന്നാണ്. പോളിനേഷ്യൻ ഭാഷകളിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം; മധ്യ ദക്ഷിണ പസഫിക്കിലെ ദ്വീപുകൾക്കു പറയുന്ന പേരാണ് പോളിനേഷ്യ. ഈ ഭാഷകളിൽ ഇതിന് 'പവിത്രം' (sacred), 'നിഷിദ്ധം' (forbidden) എന്നൊക്കെയാണർത്ഥം; ഈ വാക്കിന്റെ മതപരമായ സാംഗത്യം വളരെ പ്രത്യക്ഷമാണ്.

അത്തരം 'ടാബൂകൾ' പലതും വളരെ കൌതുകകരമാണ്. ചിലതിനൊക്കെ ചരിത്രപരമായ കാരണങ്ങൾ പറയപ്പെടുന്നുണ്ട്; ചിലതിൻറെയൊന്നും ഉത്ഭവത്തെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. മതങ്ങളും വിശ്വാസങ്ങളും എത്രത്തോളം മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുവോ അത്രത്തോളം തന്നെ ആഹാരരീതികളെയും സ്വാധീനിച്ചിട്ടുണ്ട്. രോഗഭയവും തെറ്റിപ്പോയ രോഗനിർണയവും വരെ ആഹാരശൈലിയെ സ്വാധീനിക്കാറുണ്ട്. കാലാവസ്ഥാവ്യതിയാനവും ഒരു പ്രധാനഘടകമാണ്. അങ്ങനെയങ്ങനെ പലപല സാംസ്കാരികകാരണങ്ങളാൽ പലകാലങ്ങളിൽ പലയിടത്തായി ഉരുത്തിരിഞ്ഞു വന്നവയാണ് ഓരോ സമൂഹങ്ങളിലെയും ആഹാരനിയമങ്ങൾ.


ആഹാരക്രമങ്ങളും വിശ്വാസങ്ങളും ബലികളും 
(Cover of the book ‘Hegel, Haiti, and Universal History’)
ഇന്നു നിലവിലുള്ള മതങ്ങൾക്കെല്ലാം മുമ്പേ തന്നെ പ്രകൃതിയോടുള്ള ഭയം ദൈവവിശ്വാസത്തിന് വഴിവെച്ചിരുന്നു. അത്തരമൊരു ശക്തിയെ, ദൈവത്തെ, പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളും സ്വാഭാവികമായും ഉണ്ടായിരുന്നു. ഓരോ ഗോത്രത്തിലെയും  മനുഷ്യരുടെ പ്രധാന ആഹാരം എന്തൊക്കെയായിരുന്നുവോ അതൊക്കെതന്നെയാണ് ദൈവങ്ങൾക്കും ബലിയായി അർപ്പിച്ചിരുന്നത്. വിശേഷപ്പെട്ട വിലകൂടിയ ആഹാരങ്ങൾ ദൈവപ്രീതിക്കായി ബലികൊടുത്തിരുന്നു. ഇവയിൽ വേട്ടയാടി കൊണ്ട് വന്ന മൃഗങ്ങളും വളർത്തുമൃഗങ്ങളും കൃഷി ചെയ്തുണ്ടാക്കിയ വസ്തുക്കളും പാലുത്പന്നങ്ങളുമെല്ലാം അതതു ഗോത്രങ്ങളിലെ അതതു കാലത്തെ ആഹാരസംസ്കാരങ്ങൾക്കനുസരിച്ച് ഉൾപ്പെട്ടിരുന്നു. ഓരോ പ്രദേശങ്ങളിൽ ഓരോ ആഹാരസംസ്കാരം ഉള്ളതുപോലെ തന്നെ ചില ആഹാരവസ്തുക്കളുടെ മേലുള്ള വിലക്കുകളും ഓരോ പ്രദേശത്തും ഓരോ പോലെയാണ്. സംസ്കാരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് മിശ്രണം നടന്നിട്ടുള്ളതുകൊണ്ട് പലപ്പോഴും ഈ രീതികൾ തമ്മിൽ കലരുന്നതും കാണാം.

ചില രസകരമായ food taboos ആണ് താഴെ:

പാശ്ചാത്യ (Western) ലോകം 
പട്ടിയിറച്ചി പൊതുവെ പാശ്ചാത്യരാജ്യങ്ങളിൽ ടാബൂ ആയി കണക്കാക്കപ്പെടുന്ന ഒന്നാണ്. കൊറിയ, വിയറ്റ്നാം, ചൈന എന്നിടങ്ങളിൽ പട്ടിയിറച്ചി ഉപയോഗിക്കുമെങ്കിലും അതൊരു കോമണ്‍ ഡിഷ്‌ അല്ല. പൂച്ചയിറച്ചിയും ഇതുപോലെ തന്നെ. രണ്ടിൻറെയും കാരണം അവ പെറ്റ് അനിമൽസ് ആയതുകൊണ്ടാവാം. കുതിരയിറച്ചിയും പൊതുവെ പാശ്ചാത്യർ ഭക്ഷിക്കില്ല. എന്നാൽ ഇറ്റലി, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ ഇടങ്ങളിൽ ചിലർ കുതിരയിറച്ചി കഴിക്കാറുണ്ട്.

എലികളുടേതും പൊതുവെ വൃത്തിയില്ലായ്മയുടെ പേരിൽ ഒഴിവാക്കപ്പെടുന്ന മാംസം ആണ്; എന്നാൽ ചില രാജ്യങ്ങളിൽ ഇതും കഴിക്കുന്നവരുണ്ട്. ഗിനിപ്പിഗ്ഗിന്റെ  ഇറച്ചി തെക്കേ അമേരിക്കയിൽ സാധാരണമാണ്; എന്നാൽ മറ്റു പാശ്ചാത്യരാജ്യങ്ങളിൽ കാണാറില്ല.

ബ്രസീലുകാരുടെ പ്രധാനാഹാരമാണ് മത്സ്യവും മറ്റു കടൽവിഭവങ്ങളും. എന്നാൽ ഇവയിൽ തന്നെ ഭക്ഷിക്കാൻ പാടില്ലാത്തവയെന്നു തരം തിരിച്ചവയുമുണ്ട്. ഇരപിടിക്കുന്ന മത്സ്യങ്ങൾ (Predatory fish) പൊതുവേ രോഗികൾക്ക് നിഷിദ്ധമാണ്. കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന തരം മത്സ്യങ്ങളും  രോഗികൾ ഭക്ഷിച്ചുകൂടാ.

The Church of Jesus Christ of Latter-day Saints

ക്രിസ്ത്യാനിറ്റിയിൽ പഴയ നിയമത്തിൽ ധാരാളം ആഹാരനിയമങ്ങളുണ്ട്; അവയൊന്നും ഇക്കാലത്ത് പിന്തുടരാറില്ല പൊതുവെ. ഒട്ടകം, ഒട്ടകപ്പക്ഷി എന്നിവ ബാൻ ചെയ്യപ്പെട്ടിട്ടുണ്ടെന്നു കാണാം. The Church of Jesus Christ of Latter-day Saints ലെ അംഗങ്ങൾക്ക് ചായയും കാപ്പിയും നിഷിദ്ധമാണ്. മോർമോൺ ചർച്ചിലെ അംഗങ്ങളും Seventh Day Adventist സഭാംഗങ്ങളും കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാറുണ്ട്.

ആഫ്രിക്കൻ ലോകം 
(Image credits: nigerianobservernews.com)
സോമാലിയയിലെ ചില ഗോത്രങ്ങളിൽ മത്സ്യം കഴിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. മത്സ്യം കഴിക്കുന്ന ഗോത്രങ്ങളുമായി ഇവർ വിവാഹം നടത്തുകയുമില്ല. ഇതിന്റെ കാരണം വ്യക്തമല്ല. മത്സ്യാഹാരം കഴിച്ച  ശേഷം  പണ്ടുകാലത്ത്  എന്തെങ്കിലും അസുഖങ്ങൾ വരികയോ മറ്റോ സംഭവിച്ചിരിക്കാം എന്നൂഹിക്കാനേ കഴിയൂ.

മുട്ട കഴിക്കുന്ന കുട്ടികൾ കള്ളന്മാരാകുമെന്നാണ് നൈജീരിയയിലെ ചില ഗോത്രങ്ങൾ വിശ്വസിക്കുന്നത്. തേങ്ങാപ്പാൽ കഴിച്ചാൽ കുട്ടികളുടെ ബുദ്ധി നഷ്ടപ്പെടും, ഗർഭിണികൾ ചേന കഴിച്ചാൽ കുട്ടി വലിപ്പം വെച്ച് ഡെലിവറി ബുദ്ധിമുട്ടുള്ളതാകും എന്നിങ്ങനെയുമുണ്ട് വിശ്വാസങ്ങൾ.

ജമൈക്കയിൽ ചിലയിടങ്ങളിൽ, സംസാരിച്ചു തുടങ്ങാത്ത കുട്ടികൾ ചിക്കൻ കഴിച്ചാൽ അവർ പിന്നീട് ഒരിക്കലും സംസാരിക്കില്ല എന്നൊരു വിശ്വാസമുണ്ട്‌. പകുതി മുട്ട കഴിച്ചാൽ കുട്ടി കള്ളനാകും, ഫീഡിംഗ് ബോട്ടിലിൽ ഫീഡ് ചെയ്‌താൽ കുഞ്ഞ് കള്ള് കുടിയനാകും എന്നിവയാണ് മറ്റു ചിലവ.

പാപ്വാ ന്യൂ ഗിനീ (Papua New Guinea Island Tribes)
(https://www.pinterest.com/pin/234187249351447198/)
പസിഫിക് സമുദ്രത്തിൽ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന  ചില ദ്വീപുകൾ ഉൾപ്പെട്ടതാണ് പാപ്വാ ന്യൂ ഗിനീ എന്ന രാജ്യം. ഇത്രയധികം സാംസ്കാരികവൈവിധ്യമുല്ല മറ്റൊരു നാടുണ്ടോ എന്ന് സംശയമാണ്. ഈനാട്ടിൽ ചില ഗോത്രങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ മാംസം, വാഴപ്പഴം, ചുവന്ന നിറമുള്ള പഴങ്ങൾ ഒന്നും ഭക്ഷിക്കാൻ പാടില്ല എന്ന് നിയമമുണ്ട്. കെണി വെച്ചു പിടിച്ച മൃഗത്തിന്റെ മാംസം ആർത്തവമുള്ള സ്ത്രീ തിന്നാൽ പിന്നീട് കെണിയിൽ മൃഗങ്ങൾ വീഴില്ല എന്നു വിശ്വസിക്കപ്പെടുന്നു. നായ്ക്കളെ വെച്ചാണ് ആ മൃഗത്തെ പിടിച്ചതെങ്കിൽ നായ്ക്കൾക്ക് മണം പിടിക്കാനുള്ള കഴിവ് നഷ്ടപ്പെടും.  ആർത്തവമുള്ള സ്ത്രീ വാഴപ്പഴങ്ങളും ചുവന്ന പഴങ്ങളും തിന്നാൽ അവയുണ്ടായ മരങ്ങൾ പിന്നീട് കായ്ക്കില്ലെന്നുമുണ്ട് ഒരു വിശ്വാസം.

മുതിർന്ന സ്ത്രീകൾക്ക് മത്സ്യം അനുവദനീയമല്ല. ഗർഭകാലത്ത് മുട്ട അനുവദനീയമല്ല. അവിവാഹിതരായ ചെറുപ്പക്കാരായ പുരുഷന്മാർക്ക് ഇത്തരം നിയമങ്ങൾ കുറവാണ്. എന്നാൽ വിവാഹശേഷം അവരും പുത്തൻമാംസം ഒഴിവാക്കി പുകയിൽ ഉണക്കിയ മാംസം കഴിക്കണം.

പൗരസ്ത്യ (Eastern) ലോകം 
(http://www.southernstylespices.com/)
കാശ്മീരിലെ ബ്രാഹ്മണർ 'കടുത്ത രുചിയുള്ള' ആഹാരങ്ങൾ ഒഴിവാക്കും. ഇവയിൽ ഉള്ളി, വെളുത്തുള്ളി, കുരുമുളക്, പച്ചമുളക് തുടങ്ങിയവ പെടും. കഠിനമായ ഗന്ധമുള്ള ആഹാരവസ്തുക്കൾ അശുദ്ധമായ/ നീചമായ വികാരങ്ങളെ ഉണർത്തും എന്ന വിശ്വാസമാണ് ഇതിനു പുറകിൽ.

ചൈനയിലെ ബുദ്ധമതാനുയായികൾ വെളുത്തുള്ളി, ഉള്ളി, കായം മുതലായവ ഒഴിവാക്കാറുണ്ട്. പുതുവർഷം തുടങ്ങിയ ചില ആഘോഷങ്ങളോടനുബന്ധിച്ച് ചില ആഹാരപദാർത്ഥങ്ങൾ ചൈനക്കാർ പൊതുവെ ഒഴിവാക്കാറുണ്ട്. പോറിഡ്‌ജ്‌ അത്തരമൊന്നാണ്; പുതുവര്ഷത്തിനിതു കഴിച്ചാൽ ദാരിദ്ര്യം വരുമെന്നൊരു വിശ്വാസമുണ്ട്.



       ജൈനാഹാരം 
(Image credits: indianmirror.com)

മാംസവും മത്സ്യവും ഒഴിവാക്കുന്നതിനു പുറമേ ജൈനാഹാരത്തിൽ കിഴങ്ങു വർഗങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഉള്ളിയും വെളുത്തുള്ളിയും മറ്റു കിഴങ്ങ് വർഗങ്ങളും നിഷിദ്ധമാണ്.

സസ്യങ്ങൾക്ക് ജൈനമതത്തിൽ ഒരു ഹൈറാർക്കി കല്പിച്ചിട്ടുണ്ട്; അതുപ്രകാരം മൃഗങ്ങൾക്ക് ശേഷവും  മറ്റു സസ്യങ്ങൾക്ക് മുമ്പുമായി ഇവക്ക് സ്ഥാനം കൽപിച്ചിട്ടുള്ളത് കൊണ്ടാണ് മാംസാഹാരം ഒഴിവാക്കുന്നതിനോടൊപ്പം ഇവയും ഒഴിവാക്കുന്നത്. ഹൈറാർക്കിയിൽ ഏറ്റവും താഴെയുള്ളവക്ക് senses കുറവാണെന്നാണ് വിശ്വാസം; അവയെ ഭക്ഷിക്കാൻ പ്രശ്നമില്ല.




    ഗോമാംസവും ഹിന്ദുത്വവും 
(http://thattukada-myblog.blogspot.in/)
ഹിന്ദുയിസത്തിന് ചരിത്രപരമായി നിലനില്പുള്ള ഒരു പ്രത്യേക ആഹാര സമ്പ്രദായം ഇല്ലെങ്കിലും, പണ്ടുകാലത്ത് ബുദ്ധിസത്തിനെതിരെയുള്ള ചെറുത്തുനില്പുകളിൽ ഉടലെടുത്ത്, പിന്നീട് ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള നവരാഷ്ട്രീയമുന്നേറ്റങ്ങളുടെ ഭാഗമായി പത്തൊമ്പതാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ചു വന്നതാണ് ഗോമാതാസങ്കൽപവും ഗോമാംസവർജ്ജനവും . പശു പുണ്യമൃഗമാണെന്നും അതിന്റെ മാംസം ഹിന്ദുവിന് വിലക്കപ്പെട്ടതാണെന്നുമാണ് ഈ വിശ്വാസം. വേദപരമായോ ചരിത്രപരമായോ ഈ വാദത്തിനു നിലനില്പില്ല എന്നിരിക്കിലും, നവഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭാഗമായി ഈ ടാബൂ ഇക്കാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്.

സിംഗപ്പൂർ 

ചിത്രത്തിൽ കാണുന്നത് സിംഗപ്പൂരിലെ ഒരു സൈൻ ബോർഡാണ്. ച്യൂയിംഗം അവിടെ ബാൻഡ് ആണ്. ഫുഡ് ടാബൂ എന്ന് വിളിക്കാനാവില്ലെങ്കിലും ഇതിന്റെ കഥ വളരെ രസകരമാണ്. കണ്ടിടത്തെല്ലാം ച്യൂയിംഗം ഒട്ടിച്ചു വെക്കുക എന്നൊരു ചീത്ത ശീലം സിംഗപ്പൂർകാർക്ക് പൊതുവെ ഉണ്ടായിരുന്നത്രേ. 1987 ൽ MRT എന്ന ട്രാൻസ്‌പോർട്ട് സിസ്റ്റം കൊണ്ട് വന്നപ്പോൾ, ട്രെയിനുകളുടെ ഡോറുകൾ ഓട്ടോമാറ്റിക് ആയി അടക്കാനും തുറക്കാനും സെൻസറുകൾ ഘടിപ്പിച്ചിരുന്നു. ഈ സെൻസറുകളിൽ യാത്രക്കാർ ച്യൂയിംഗം ഒട്ടിച്ചുവെച്ചതു കാരണം ഡോർ ശരിക്ക് പ്രവർത്തിക്കാതെയായി. ഇത് ട്രാൻസ്‌പോർട്ട് സമയക്രമത്തെ സാരമായി ബാധിച്ചതു കൊണ്ടാണ് ച്യൂയിംഗം നിരോധിച്ചത്.


ഒരാംഗ് അസലി ഗോത്രം (Orang Asli Tribes)
(Image credits: Wikipedia)
പടിഞ്ഞാറേ മലേഷ്യയിലെ ഒരു ഗോത്രവിഭാഗം ആണ് ഒരാംഗ് അസലി. കൌതുകകരമായ ചില ആഹാരനിയമങ്ങൾ ഇവർക്കുണ്ട്.
ഒരെണ്ണം ഗർഭിണികൾക്ക് ഭക്ഷിക്കാവുന്ന ആഹാരത്തെ സംബന്ധിച്ചാണ്. ചെറിയ മൃഗങ്ങളുടെത് weak spirit ആയതു കൊണ്ട് അവയെ ഭക്ഷിക്കാം; അതായത് അണ്ണാൻ, തവള, ചെറിയ പക്ഷികൾ, മത്സ്യം എന്നിവയാവാം. മറ്റുള്ളവ പാടില്ല; strong spirit ഉള്ള വലിയ മൃഗങ്ങളുടെ മാംസം ഗർഭകാലത്ത് ശരീരം താങ്ങില്ല എന്നാണ് വിശ്വാസം. ഗർഭിണി മാത്രമല്ല ഭർത്താവും ഇതേ നിയമങ്ങൾ പിന്തുടരണം എന്നുമുണ്ട്. ഇതേ നിയമങ്ങൾ നാലുവയസ്സ് വരെ കുഞ്ഞുങ്ങൾക്കും ഉണ്ട്. എല്ലാ മൃഗങ്ങൾക്കും സ്പിരിറ്റ്‌ ഉണ്ടെന്നും ചെറിയ മൃഗങ്ങളുടെത് കുഞ്ഞുങ്ങൾക്ക് താങ്ങാനാവുന്ന വിധം ചെറുതായിരിക്കും എന്നുമാണ് വിശ്വാസം. നാലുവയസ്സിനു ശേഷം പ്രായത്തിനനുസരിച്ച് അല്പം കൂടി വലിയ മൃഗങ്ങളെ ഭക്ഷിച്ചു തുടങ്ങാം.

ഗർഭകാലവിലക്കുകൾ 
(Image credits: http://www.fertility-academy.co.uk/)
മുമ്പേ പറഞ്ഞ ഗോത്രങ്ങളിൽ മാത്രമല്ല ഗർഭകാലത്ത് പാലിക്കേണ്ട ആഹാരനിയമങ്ങൾ നിലവിലുള്ളത്. ശാസ്ത്രീയമായ അടിത്തറയുള്ളവക്ക് പുറമേ പലയിടത്തും നാട്ടറിവ് എന്നാ പേരിൽ പലതരം ഫുഡ് ടാബൂസ് നിലനിൽക്കുന്നുണ്ട്.

ഇന്ത്യയിൽ പൊതുവെ ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആഹാരവസ്തുക്കളാണ് പൊതുവെ ഗർഭകാലത്ത് ടാബൂ. പപ്പായ, പൈനാപ്പിൾ, എള്ള് കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ എന്നിവ ഇതിൽ പെടും. ഗർഭം അലസിപ്പോകുമെന്ന് ഭയന്നാണിത്‌.

ചൈനയിലാകട്ടെ, നേരെ തിരിച്ചാണ്. ഐസ്ക്രീം, തണ്ണിമത്തൻ തുടങ്ങിയ തണുത്ത ആഹാരങ്ങളാണ് ഗർഭിണികൾ ഒഴിവാക്കേണ്ടത്; തണുത്ത ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും ഗർഭിണികൾ വിട്ടുനിൽക്കണം. പഴയ കാലത്തെ വിശ്വാസമാണെങ്കിലും  ഇപ്പോഴും ചിലർ പിന്തുടരുന്നു. പൈനാപ്പിൾ, മാങ്ങ തുടങ്ങിയ ചില 'ചൂടുള്ള' ഭക്ഷണങ്ങളും കുഞ്ഞിനു ചില സ്കിൻ പ്രശ്നങ്ങൾ വരാതിരിക്കാൻ ഒഴിവാക്കും. എരിവുള്ളതും എന്ന അധികമുള്ളതുമായ ആഹാരവും ഗർഭമലസിപ്പോവാൻ കാരണമാകുമെന്നാണ് വിശ്വാസം.

ഇന്തോനേഷ്യയിൽ ഗർഭിണികൾക്ക് കോഴിമുട്ട നിഷിദ്ധമാണ്. കഴിച്ചാൽ പ്രസവം നീണ്ടതാവുകയും അമ്മക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വാസം. എന്നാൽ നന്നായി പാകം ചെയ്ത മുട്ട കഴിക്കുന്നത് നല്ലതാണ് എന്നതാണ് യാഥാർഥ്യം. ഗർഭകാലത്ത് സത്യത്തിൽ ഒഴിവാക്കേണ്ടത് ആൽക്കഹോൾ, പുകവലി, കണ്ടാമിനേഷൻ സാധ്യതയുള്ള ആഹാരങ്ങൾ എന്നിവയാണ്; മറ്റൊന്നിനും ശാസ്ത്രീയ അടിസ്ഥാനമില്ല.

കോഷർ ഫുഡ്‌ 
(Image credits: https://dabrownstein.wordpress.com)
ജൂതായിസത്തിൽ ഒരുപാട് ഫുഡ് ടാബൂസ് നിലവിലുണ്ട്. കോഷർ എന്നാണ് ഇവ വിളിക്കപ്പെടുന്നത്.വെള്ളത്തിലും കരയിലും ജീവിക്കുന്ന, ആംഫീബിയൻ, ആയ എല്ലാ മൃഗങ്ങളും ജൂതർക്ക് നിഷിദ്ധമാണ്; തവള, മുതല, ആമ, പാമ്പ്‌ തുടങ്ങിയവയെല്ലാം ഇതിൽ പെടും.

ചില തരം മത്സ്യങ്ങളും നിഷിദ്ധമാണ്; ഈൽ മത്സ്യം പോലുള്ളവ. വെള്ളത്തിൽ ജീവിക്കുന്ന എന്നാൽ fins and scales ഇല്ലാത്ത എല്ലാതരം ജീവികളും നിഷിദ്ധമാണ്; ഷെൽ ഫിഷ്‌, ലോബ്സ്റ്റർ, ചെമ്മീൻ, കൊഞ്ച് തുടങ്ങിയവ.

പ്രാണികൾ തീർത്തും നിഷിദ്ധമാണ്; ആഹാരത്തിൽ പ്രാണികൾ പെട്ടുപോയാൽ പോലും വലിയ പ്രശ്നമാണ്; അവ പിന്നെ കഴിച്ചൂട. ഒച്ച്, അണ്ണാൻ, വവ്വാൽ തുടങ്ങിയവയാണ് നിഷിദ്ധമായ മറ്റു ചിലത്.

   ഇസ്ളാമിൽ ഹറാമായ ആഹാരങ്ങൾ 
(http://www.ksjs.co.uk/resources/kosher.jpg)


ഇസ്ലാമിലെ ഹലാൽ/ ഹറാം ഭക്ഷണക്രമത്തെ പറ്റി പൊതുവെ പലർക്കും അറിവുണ്ടായിരിക്കും. പ്രത്യേകിച്ച് പന്നിയിറച്ചി നിഷിദ്ധമാണ് എന്നത്. എന്നാൽ പന്നി മാത്രമല്ല ഇസ്ലാമിൽ നിഷിദ്ധം. Predatory (മാംസാഹാരി) ആയ എല്ലാ കരമൃഗങ്ങളും ഇസ്ളാമിൽ നിഷിദ്ധമാണ്. സസ്യാഹാരം കഴിക്കുന്ന മൃഗങ്ങൾ മാത്രമേ ആഹാരയോഗ്യമായുള്ളൂ. ഈ ക്രമങ്ങൾ ഇക്കാലത്തും വളരെ നിശിതമായി പാലിക്കപ്പെട്ടുവരുന്നുണ്ട്. ഭക്ഷിക്കാനുള്ള മൃഗങ്ങളെ കൊള്ളുന്ന രീതിക്കും പ്രത്യേകതകളുണ്ട് (ഹലാൽ മാംസം); അത്തരത്തിൽ കശാപ്പു ചെയ്യപ്പെട്ട മൃഗങ്ങളെ മാത്രമേ ഭക്ഷിക്കാവൂ എന്നുണ്ട്.



  യാസീദികൾ
(Image credits: http://www.plentyofhealth.com/)

ഇറാഖിലെ കുർദ്ദുകളിൽ പെടുന്ന ഒരു മതന്യൂനപക്ഷമാണ് യാസീദികൾ. യാസീദികൾക്ക് ലെറ്റ്യൂസ് നിഷിദ്ധമാണ്. ഇതിനു പുറകിലൊരു കഥയുണ്ട്. മുസ്ലിങ്ങളും ക്രിസ്ത്യൻസും യാസീദികളെ വെട്ടയാടിയിരുന്നതുമായി ബന്ധപ്പെട്ടതാണത്.  Falah Hassan Juma എന്ന മുസ്ലിം മതാധ്യാപിക പറയുന്നതു പ്രകാരം പതിമൂന്നാം നൂറ്റാണ്ടിൽ Mosul ഭരിച്ചിരുന്ന ക്രൂരനായ ഒരു രാജാവ് ഒരു യാസീദി പുരോഹിതനെ എക്സിക്യൂട്ട് ചെയ്യുകയും കണ്ടു നില്ക്കുന്ന ജനം lettuce head കൊണ്ട് എറിയുകയും ചെയ്തിരുന്നുവത്രേ. ആ കഥ കാരണമാണ് ലെറ്റ്യൂസ് വെറുക്കപ്പെട്ട ഒന്നായത്.



        പൈതഗോറിയൻസ് 
(http://classicalwisdom.com/cult-of-pythagoras/)


ഗ്രീക്ക് തത്വചിന്തകനും ഗണിതജ്ഞനായ പൈതഗോറസിന്റെ അനുയായികൾ സസ്യാഹാരികൾ ആയിരുന്നു. ഇവർക്ക് പയർവർഗ്ഗങ്ങൾ നിഷിദ്ധമായിരുന്നു. ഇതിന്റെ കാരണം അജ്ഞാതമാണ്; വയറിനു ഗ്യാസ് മുതലായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ടാവാമെന്നും ഫാവിസം (Glucose-6-phosphate dehydrogenase deficiency) എന്ന ഒരു രോഗാവസ്ഥക്കു കാരണമാകുമെന്ന ഭയം കൊണ്ടാണെന്നും അതല്ല വിശ്വാസപരം തന്നെയായിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങളുണ്ട്.





ഇത്തരം വ്യത്യസ്ത നിഷിദ്ധാഹാരങ്ങൾ ലോകത്ത് പലയിടത്തും നിലനിൽക്കുന്നത് പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഒരിടത്ത് നിഷിദ്ധമായത് മറ്റിടങ്ങളിലല്ല; ഒരിടത്ത് പ്രിയമുള്ള ആഹാരം മറ്റിടങ്ങളിൽ അത്ര സ്വീകാര്യമല്ല. പലതും വിശ്വാസത്തിന്റെയോ സമ്പ്രദായത്തിന്റെയോ പേരിൽ പിന്തുടരുന്നു എന്നതല്ലാതെ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്തവയാണ്. ഭയമാണ് പലപ്പോഴും ഇത്തരം സമ്പ്രദായങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്. ലോകത്തെ ആഹാരസംസ്കാരങ്ങളുടെ വൈവിധ്യത്തെ പറ്റി മനസ്സിലാക്കിയാൽ തീരാവുന്ന ഭയവുമാണത്. നിഷിദ്ധാഹാരങ്ങൾ (

References:
1. Food taboos: their origins and purposes - http://www.ncbi.nlm.nih.gov/pmc/articles/PMC2711054/
2. Pregancy food taboos - http://theplate.nationalgeographic.com/2015/03/19/eat-this-not-that-taboos-and-pregnancy/
3. Food Taboos around the world - http://www.foxnews.com/leisure/2014/03/05/food-taboos-around-world/

Wednesday 10 August 2016

സസ്യാഹാരവാദവും 'തീറ്റ'യുടെ പരിണാമവും

(അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത്http://www.azhimukham.com/news/15621/vegetarianism-veganism-meat-food-culture-evolution-anupama)

(Image credits: http://www.blogphunu.vn/)
മനുഷ്യന്റെ ആഹാരരീതികൾ എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്നത് കൗതുകകരമായൊരു വിഷയമാണ്. പല കാരണങ്ങളാൽ മാറി വന്ന ഭക്ഷണരീതികൾ മനുഷ്യപരിണാമത്തിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്‌. ഈ കാരണങ്ങൾ പരിസ്ഥിതിയിൽ വന്ന മാറ്റങ്ങളായിരിക്കാനിടയുണ്ട്. ചൂട് കൂടിയതോ കുറഞ്ഞതോ വനം നശിച്ചു പോയതോ പുതിയ ജലസ്രോതസ്സുകളും ജലവിഭവങ്ങളും ലഭ്യമായതോ ഉള്ളത് നശിച്ചതോ അങ്ങനെ പലകാരണങ്ങളുണ്ടാവാം. ലഭ്യമായ പ്രകൃതിവിഭവങ്ങൾ ഭക്ഷിച്ചു ജീവിക്കാൻ കെല്പുള്ള ജീവികളാണ് പരിണാമപരമായി അതിജീവിച്ചത്; ആ ലഭ്യതയും ജീവികളുടെ ശരീരത്തിനു പ്രവർത്തിക്കാൻ ആവശ്യമായ പോഷകഘടകങ്ങളുമെല്ലാം ഇത്തരം അതിജീവനത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില റിസർച്ചുകൾ പ്രകാരം മാംസാഹാരം, പാകം ചെയ്ത ആഹാരം എന്നിവ ഭക്ഷിക്കാൻ ശീലിച്ചത്, മനുഷ്യവർഗത്തിന്റെ പരിണാമപരമായ അതിജീവനത്തെയും തലച്ചോറിൻറെ വികാസത്തെയും വരെ ഗണ്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. കിഴങ്ങുകളും കായ്കളും വേരുകളും ഇലകളും ഭക്ഷിച്ചു ജീവിച്ചിരുന്ന പൂർവികർ മാംസാഹാരത്തിലേക്കും പാചകത്തിലേക്കും തിരിഞ്ഞത് വലിപ്പം വെച്ച തലച്ചോറിൻറെ അമിത ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനു സഹായിക്കുകയും അങ്ങനെ വലിയ തലച്ചോറെന്ന മ്യൂട്ടേഷനുമായി ജനിച്ച പൂർവികർ അത് പ്രവർത്തിക്കാനാവശ്യമായ എനർജി ലഭിക്കാതെ ചത്തൊടുങ്ങി പോകുന്നത് തടഞ്ഞ് നിലനിൽക്കാൻ കാരണമാകുകയും ചെയ്തു എന്നാണ് ഇവയുടെ രത്നച്ചുരുക്കം.

തലച്ചോർ നമുക്ക് ലഭിക്കുന്ന ഊർജത്തിൽ എറ്റവും വലിയ പങ്ക് ഉപയോഗിക്കുന്ന ഒരു അവയവമാണ്. അതായത് അതൊരു COSTLY ORGAN ആണ്. അതിനു പ്രവർത്തിക്കാൻ ഒരുപാട് കലോറീസ് ഊർജം ആവശ്യമുണ്ട്. വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ ശരീരത്തിന്റെ 20% ഊർജം തലച്ചോർ ഉപയോഗിക്കുന്നു; ഇത് മനുഷ്യരിൽ മറ്റു പ്രൈമെറ്റ്സിന്റെ ഇരട്ടിയോളമായി വരുന്നു.

(Image credits: https://baloocartoons.wordpress.com)
മാംസഭക്ഷണം calories, proteins, fats and vitamins B12 തുടങ്ങിയ, തലച്ചോറിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമായ പോഷകഘടകങ്ങളുടെ ഒരു ബെസ്റ്റ് പാക്കേജ് ആണ്. ഇന്നത്തെ കാലത്തെ industrialised food culture വെച്ച് മനുഷ്യപൂർവികരുടെ ആഹാരക്രമങ്ങൾ അളക്കാൻ ശ്രമിക്കരുത്; അവയെ വെച്ച് ഇന്നത്തെ ആഹാരരീതികളെയും വിലയിരുത്തരുത്. ഏകദേശം ഒരു മില്ല്യൻ വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണത്. പോഷകഘടകങ്ങൾ അടങ്ങിയ ആഹാരം പലരീതിയിൽ നിർമ്മിച്ചെടുത്ത് മാർക്കറ്റിൽ ലഭ്യമാക്കുന്ന കാലമാണിത്. അന്നത്തെ ആഹാരരീതികൾ പൂർണമായും പ്രകൃതിയിലെ വിഭവലഭ്യതയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യസമൂഹം ഉരുത്തിരിഞ്ഞു വന്ന ആഫ്രിക്കൻ പ്രദേശങ്ങളാണ് വിഭാവനം ചെയ്യേണ്ടത്. കാർഷികസംസ്കാരമെല്ലാം എത്രയോ കാലങ്ങൾക്ക് ശേഷം വന്ന 'മോഡേണ്‍' രീതിയാണ്. ലഭ്യമായ സസ്യാഹാരത്തിൽ ഇലകളും കിഴങ്ങുകളും അങ്ങനെ കാട്ടിൽ ലഭ്യമായതെന്തും പെടും. ഇത്തരം ഭക്ഷണം ഒരുപാട് നേരം ഇരുന്ന് വലിയ അളവിൽ ഭക്ഷിച്ചാലെ തലച്ചോറിനും ശരീരത്തിനും പ്രവർത്തിക്കാനാവശ്യമായ എനർജി ലഭിക്കുകയുള്ളൂ. ഇത്തരം സസ്യാഹാരം ഭക്ഷിച്ച് ജീവിക്കുന്ന ജീവികൾ ആഹാരം ചവച്ചുകൊണ്ടേ ഇരിക്കുന്നത് ശ്രദ്ധിക്കുക.

വളരെ സമയമെടുക്കുന്ന, ഒരു ദിവസത്തിന്റെ വലിയൊരു ഭാഗം ഈ ഊർജം ലഭിക്കാൻ വേണ്ടി ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണിത്. തിന്നാൻ മാത്രമേ സമയം കാണൂ എന്നർഥം! കൂടുതൽ പോഷകം, കുറഞ്ഞ സമയത്തെ പ്രയത്നം കൊണ്ട്, കുറഞ്ഞ അളവിലെ ആഹാരം കൊണ്ട്, ലഭിക്കുന്ന തരം ആഹാരരീതിയായിരുന്നു വലിയ തലച്ചോറുള്ള ജീവികൾക്ക് നിലനിൽപിന് ആവശ്യം. അത്തരം ആഹാരരീതികൾ സ്വീകരിച്ചിരുന്ന പൂർവികർ,  വലിയ തലച്ചോറിന്റെ ഭീമയായ ഊർജാവശ്യത്തെ നിറവേറ്റിയതിനാൽ, തലച്ചോറിന്റെ പരിണാമത്തെ  അതിജീവിച്ചു. സസ്യാഹാരത്തെ മാത്രം ആശ്രയിച്ചിരുന്നവർക്കാകട്ടെ, തലച്ചോറിന്റെ ഈ ഭീമമായ ഊർജാവശ്യത്തെ നിറവേറ്റാൻ കഴിയാതെ പോവുകയും അതിനാൽ പരിണാമശ്രിംഖലയിൽ നിന്ന് പുറംതള്ളപ്പെടുകയും ഉണ്ടായി.  പ്രത്യേകിച്ചും പാരിസ്ഥിതികകാരണങ്ങളാൽ സസ്യാഹാരത്തിൻറെ  ലഭ്യത ഒരു പ്രശ്നമായി തീർന്ന അവസരങ്ങളിൽ.

മനുഷ്യൻ 'പ്രകൃത്യാ' സസ്യാഹാരി ആണോ?
മനുഷ്യൻ 'പ്രകൃത്യാ' സസ്യാഹാരി ആണെന്ന വാദത്തിന് പൊതുവെ പറയാറുള്ള ഒരു കാരണമാണ് predator teeth ൻറെ അഭാവം. ഇത്തരം വാദങ്ങളുടെ ആദ്യത്തെ പ്രശ്നം എങ്ങനെയാണ് 'പ്രകൃത്യാ' എന്നത് നിർവചിക്കുക എന്നതാണ്. പരിണാമപരമായ വിശദീകരണമാണ് 'പ്രകൃത്യാ' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ അത് നമ്മൾ വിശദീകരിച്ചുകഴിഞ്ഞു. പരിണാമപരമായി മനുഷ്യന്റെ തലച്ചോർ വികാസത്തിന് തന്നെ കാരണമായത് മാംസാഹാരത്തിൽ നിന്നുള്ള ഊർജവും പോഷകങ്ങളുമാണ്.

ഇനി പല്ലുകൾ... മനുഷ്യപൂർവികർ പച്ചമാംസം ഭക്ഷിച്ചിരുന്നപ്പൊഴും ഉളിപ്പല്ലുകൾ ആവശ്യമായി വരാതിരുന്നതിന് കാരണമായി പറയുന്നത് ടൂൾസ് ഉപയോഗിക്കാൻ അവർ പഠിച്ചതാണ്.  കൂർപ്പിച്ചെടുത്ത കല്ലുകളും മറ്റും external teeth പോലെ പ്രവർത്തിച്ചതുകൊണ്ടാണ് കൂർത്ത പല്ലുകളുടെ അഭാവത്തിലും മാംസാഹാരം മനുഷ്യന്റെ ആഹാരമായത്. കൂർത്ത പല്ലുകൾ ഇല്ലെങ്കിൽ മാംസാഹാരം കഴിക്കാൻ കഴിയാതെ വരുന്ന അവസ്ഥയുണ്ടെങ്കിലേ ഈ ഉളിപ്പല്ലുവാദത്തിനു പ്രസക്തിയുള്ളൂ; അത്തരം സാഹചര്യത്തിലേ മാംസാഹാരികൾക്കു നിർബന്ധമായും കൂർത്ത ഉളിപ്പല്ല് എന്നത് ഒരു പരിണാമനിയമം (പ്രകൃതിനിയമം) ആയിത്തീരൂ.

മനുഷ്യന്റെ കുടലുകൾ എയ്പ്പുകളെക്കാൾ (apes) വളരെ വണ്ണം കുറഞ്ഞവ ആണെന്നതും ശ്രദ്ധേയമാണ്. സസ്യാഹാരത്തെക്കാൾ CONCENTRATED NUTRIENTS കടന്നു പോകും വിധമാണിത്. മാംസം പോലുള്ള കുറഞ്ഞ അളവിൽ നിന്നും കൂടുതൽ പോഷകം ലഭിക്കുന്ന തരം ആഹാരം ശീലിച്ചത് കൊണ്ടാണ്, ഈ കുടലുകളുടെ ചെറുതാവൽ എന്ന പരിണാമം മനുഷ്യന്റെ നിലനില്പിനെ ബാധിക്കാതിരുന്നത്; ആ മാറ്റം പരിണാമപരമായി നിലനിന്നത്. ഇത്ര ചെറിയ കുടലും വെച്ച് കാറ്റിൽ ലഭ്യമായ കിഴങ്ങും പുല്ലും മാത്രം ഭക്ഷിച്ച് ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അത്തരം പരിണാമം സംഭവിച്ച ജീവികൾ പ്രകൃതിനിർധാരണത്തിൽ പുറന്തള്ളപ്പെട്ടേനെ.

തീയിൽ പാചകം ചെയ്യാൻ പഠിച്ചതോടെ ഇത് വീണ്ടും എളുപ്പമായി. പച്ചയായ മാംസത്തെക്കാളും സസ്യങ്ങളെക്കാളും എളുപ്പത്തിൽ ദഹിക്കുക തീയിൽ പാകം ചെയ്തവയാണ്. പാചകം എന്നാൽ ഇന്നത്തെ "പാചകകല" എന്നൊന്നും ധരിക്കരുത്. തീയിൽ ചുട്ടെടുക്കുകയോ വെള്ളത്തിൽ പുഴുങ്ങിയെടുക്കുകയോ ഒക്കെയാണ് അക്കാലഘട്ടത്തിൽ പാചകം.
പാചകം ഒരു തരം PRE-DIGESTION ആണ്. ആഹാരം കഴിക്കുന്നത് ദിവസം മുഴുവൻ നീളുന്ന ഒരു പ്രക്രിയ എന്നതിൽ നിന്ന് ഒരു 'quick process' ആക്കി മാറാൻ ഇത് സഹായിച്ചു. ചുറ്റുമുള്ള ലോകത്തിന്റെ പര്യവേക്ഷണത്തിനു തലച്ചോറും ബുദ്ധിയും മാത്രം പോരല്ലോ; സമയവും വേണം. അതും ഇങ്ങനെ ലഭ്യമായി.

വലിയ തലച്ചോറിനൊപ്പം ആമാശയത്തിന്റെ വലിപ്പവും ഏറെക്കുറെ ചെറുതായി എന്നത് ശ്രദ്ധേയമാണ്. സസ്യാഹാരികളായ ജീവികൾക്കാണ് പൊതുവെ വലിയ ആമാശയം ഉള്ളത്. നേരത്തെ പറഞ്ഞത് പോലെ ഊർജവും സംഭരിക്കാൻ ഒരുപാട് ഭക്ഷിക്കേണ്ടി വരുന്നത് കൊണ്ടാണത്; വലിയ ആമാശയമില്ലെങ്കിൽ ശരീരത്തിനാവശ്യമുള്ള ഊർജം സംഭരിക്കാൻ കഴിയാതെ സസ്യാഹാരികൾ പ്രകൃതിനിർധാരണത്തിൽ പുറംതള്ളപ്പെട്ടു പോവും. മാംസാഹാരവും പാകം ചെയ്ത ആഹാരവും ഇത്തരം വലിയ ആമാശയത്തിന്റെ ആവശ്യകത മനുഷ്യപൂർവികനിൽ ഇല്ലാതാക്കി. കുറഞ്ഞ ആഹാരം കൊണ്ട് കൂടുതൽ ഊർജം സംഭരിച്ച് നിലനില്ക്കാൻ പഠിച്ചതു കൊണ്ട് വലിയ ആമാശയം ഇല്ലാതാവാൻ കാരണമായ  ആ ജൈവികമാറ്റം മനുഷ്യന്റെ പരിണാമപരമായ അതിജീവനത്തിന് പ്രശ്നമായില്ല എന്ന് സാരം. പ്രകൃതി നിർധാരണത്തിൽ പുറംതള്ളപ്പെട്ടില്ല എന്ന് മാത്രമല്ല ഒരുപക്ഷെ വലിപ്പക്കുറവ് ചടുലമായ സഞ്ചാരത്തെ കൂടുതൽ സഹായിച്ചിട്ടുമുണ്ടാവാം.

മറ്റൊരു പ്രധാനസൂചന, തികഞ്ഞ സസ്യാഹാരികളെ പോലെയും raw food ഭക്ഷിക്കുന്ന മറ്റു ജീവികളെ പോലെയും എപ്പോഴും ആഹാരം ചവച്ചു കൊണ്ടേയിരിക്കാൻ ആവശ്യമായ ശക്തമായ താടിയെല്ലുകൾ മനുഷ്യനില്ല എന്നതാണ്. ഇത് MYH16 എന്ന ഒരു ജീൻ പ്രവർത്തനരഹിതമായതു കാരണം സംഭവിച്ചതാണെന്നു കാണുന്നു. ഈ മാറ്റം, നിയാണ്ടർത്താലുമായി  ആധുനികമനുഷ്യൻ ശാഖ പിരിഞ്ഞു വരുന്നതിനും മുമ്പേ, എന്നാൽ ചിമ്പാൻസികളും ഹോമിനിനും പിരിഞ്ഞതിനു ശേഷം, സംഭവിച്ച ഒന്നാണ്. അന്ന് പാചകം നിലവിലിരുന്നത് കൊണ്ടാണ് ഈ ജീനിന്റെ നഷ്ടം എന്ന മാറ്റത്തെ മനുഷ്യവർഗം അതിജീവിച്ചത്; പാകം ചെയ്ത ആഹാരം കഴിക്കാൻ അത്ര ശക്തമായ താടിയെല്ലുകൾ ആവശ്യമില്ല.

കാർഷികസംസ്കാരത്തിലേക്കുള്ള മാറ്റം 
(Image Credits: https://www.pinterest.com/antista1417/)
മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗവും മനുഷ്യൻ ഒരു Hunter Gatherer ആയിരുന്നു. അവരാണെങ്കിൽ പലതരത്തിലുള്ള സാഹചര്യങ്ങളിൽ ജീവിച്ചിട്ടുമുണ്ട്. മരുഭൂമികൾ, പർവതങ്ങൾ, താഴ്വരകൾ, തണുപ്പുകൂടിയ ഇടങ്ങൾ, ട്രോപ്പിക് വനങ്ങൾ, ദ്വീപുകൾ, കടല്ക്കരകൾ എന്നിങ്ങനെ പലയിടങ്ങളിലും ജീവിച്ചതു കൊണ്ട് തന്നെ ചുറ്റും ലഭ്യമായ ആഹാരങ്ങൾ അനുസരിച്ച് അവരുടെ ആഹാരരീതികൾ ക്രമപ്പെട്ടുവന്നു.

മനുഷ്യചരിത്രത്തെ വെച്ചു നോക്കുമ്പോൾ വളരെ ആധുനികമായ ഒന്നാണ് കാർഷികസംസ്കാരം; ഇത്  പതിനായിരമോ പതിമൂവായിരമോ  വർഷങ്ങൾക്ക് മുമ്പ് നിലവിൽ വരികയും അയ്യായിരത്തോളം  വർഷങ്ങൾക്ക്  മുമ്പ് മാത്രം വ്യാപിക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. 11000 BCE ൽ തന്നെ മനുഷ്യൻ Hunter Gatherer ജീവിതശൈലിയിൽ നിന്ന് സസ്യങ്ങളെയും മൃഗങ്ങളെയും ആഹാരത്തിനായി വളര്ത്തിയുണ്ടാക്കുന്ന കാർഷികജീവിതശൈലിയിലെക്ക് മാറിത്തുടങ്ങിയിരുന്നു. 6000 BCE യോടെ ഒരുവിധം വളർത്തുമൃഗങ്ങളെല്ലാം domesticate ചെയ്യപ്പെട്ടിരുന്നു.

ഈ മാറ്റങ്ങൾ 'ലഭ്യമായ ആഹാരം' എന്നതിൽ നിന്ന് 'കൃഷി ചെയ്തുണ്ടാക്കാവുന്ന ആഹാരം' എന്നതിലേക്ക് ആഹാരശൈലിയെ മാറ്റിയെടുത്തു. ഇതും കടന്ന്, industrialised food ന്റെ കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. അത് കൊണ്ട് തന്നെ ആഹാരരീതികൾ പലതും ചരിത്രത്താലും വിശ്വാസങ്ങളാലും influenced ആണെങ്കിലും അല്പം കൂടി അയവു വന്ന, മിക്സ് ചെയ്യപ്പെട്ട ആഹാരശൈലികളാണ് ഇന്ന് നിലവിലുള്ളത്.

വെജിറ്റേറിയനിസവും വീഗനിസവും 
(Image credits: http://www.blogphunu.vn/) 
Veganism,Vegetarianism, Lacto vegetarianism, Ovo lacto vegetarianism തുടങ്ങിയവയെല്ലാം വളരെ ആധുനികകാലത്ത് നിലവിൽ വന്നത് എന്ന് പറയാവുന്ന ആഹാരശൈലികളാണ്. വീഗൻ എന്നാൽ എല്ലാ മൃഗ ഉത്പന്നങ്ങളും ഒഴിവാക്കുന്നവർ, ലാക്ടോ വെജിറ്റെറിയൻ എന്നാൽ ഡയറി ഉത്പന്നങ്ങളും, ഉപയോഗിക്കുന്നവർ, ഓവോ ലാക്ടോ വെജിറ്റെറിയൻ എന്നാൽ മുട്ടയും ഡയറി ഉത്പന്നങ്ങളും ഉപയോഗിക്കുന്നവർ എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ട്.

മതവിശ്വാസം, മൃഗസ്നേഹം തുടങ്ങി പലകാരണങ്ങളാൽ ഇവ തെരഞ്ഞെടുക്കുന്നവരുണ്ട്. അത്തരമൊരു തെരഞ്ഞെടുപ്പ്  ഇക്കാലത്ത് സാധ്യമാണ്; കാരണം സമീകൃതാഹാരത്തെ കുറിച്ചും ഏതെല്ലാം പോഷകങ്ങൾ എവിടെയെല്ലാം കിട്ടുമെന്നതിനെ കുറിച്ചും ഇന്ന് അറിവ് കൂടുതലാണ്. ആഹാരത്തിൽ കിട്ടാത്ത പോഷകത്തിന്റെ കുറവ് പരിഹരിക്കാൻ vitamin tablets ലഭ്യമായ കാലമാണിത്. അതായത് ആധുനികശാസ്ത്രത്തിന്റെ സംഭാവനയാണ് ഇപ്പോൾ നമുക്ക് ലഭ്യമായ ആഹാരശീലങ്ങളിലെ 'ചോയ്സുകൾ' എന്നർത്ഥം. എന്നാൽ മനുഷ്യ പൂർവികരുടെയും പുരാതനമനുഷ്യന്റെയും അവസ്ഥ അതായിരുന്നില്ല. അവരുടെ ആഹാരക്രമങ്ങളിൽ വിഭവലഭ്യത വലിയ ഒരു ഘടകമായിരുന്നു. അതുകൊണ്ടുതന്നെ, 'പ്രകൃത്യാ' സസ്യാഹാരികളാവുക അവർക്ക് അസാധ്യം തന്നെയായിരുന്നു.

References:
1)      The Importance of Energy and Nutrient Supply in Human Brain Evolution -  http://nah.sagepub.com/content/9/3/219.short
2)     Effects of Brain Evolution on Human Nutrition and Metabolism - http://www.annualreviews.org/doi/abs/10.1146/annurev.nutr.27.061406.093659
3)     The Expensive tissue hypothesis - http://www.jstor.org/stable/2744104?seq=1#page_scan_tab_contents
4)     Metabolic correlates of hominid brain evolution - http://www.sciencedirect.com/science/article/pii/S1095643303001326


Thursday 11 February 2016

അച്ചടക്കപരിശീലനത്തിലൊതുങ്ങുന്ന വിദ്യ എന്ന അഭ്യാസം




(അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/9778/education-system-discipline-teachers-rule-students-mentality-anupama-azhimukham

“You're really a good girl, you know.” 

That's what the headmaster used to say every time he saw Totto-chan. And every time he said it, Totto-chan would smile, give a little skip, and say, "Yes, I am a good girl." And she believed it.  

ടോട്ടോചാന്റെ സ്കൂളിൽ ഓരോ വിഷയത്തിനും ഓരോ പീരിയഡ് എന്ന രീതി ഇല്ലായിരുന്നു. കുട്ടികൾ ദിവസവും അവരവരുടെ ഇഷ്ടവിഷയം കൊണ്ടാരംഭിക്കും. ഓരോ കുട്ടിയും ഓരോ വിഷയമായിരിക്കും ചിലപ്പോൾ തുടങ്ങുക. ടീച്ചർമാർ ലക്ചർ കൊടുക്കുന്നതിനു പകരം കുട്ടികളുടെ ഇടയിൽ നടന്ന് അവരെ സഹായിച്ചു കൊണ്ടിരിക്കും. ഇങ്ങനെ, ഓരോ കുട്ടിയുടെയും ഇഷ്ടവിഷയവും താത്പര്യവുമെന്താണെന്ന് അദ്ധ്യാപകർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. രക്ഷിതാക്കളോട് കുട്ടികളെ അവരുടെ എറ്റവും മോശം വസ്ത്രത്തിൽ സ്കൂളിലയക്കാൻ കൊബായഷിമാഷ്‌ പറയുമായിരുന്നു; കീറിപ്പോയാലും അഴുക്കു പറ്റിയാലും പ്രശ്നമില്ലല്ലോ. കുട്ടികൾക്ക് വസ്ത്രത്തിൽ പറ്റുന്ന അഴുക്കിനെ പറ്റിയും കീറിപ്പോകുന്നതിനെ പറ്റിയുമൊന്നും വിഷമിക്കേണ്ടി വരരുതെന്ന് മാസ്റ്റർക്ക് നിർബന്ധമായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നാണ് ടോട്ടോചാനിനെയും കൊബായഷി മാസ്റ്ററെയും പരിചയപ്പെടുന്നത്. പരിഷത്തിന്റെ തന്നെ വിജ്ഞാനോത്സവങ്ങളിൽ വെച്ച് ചില കൊബായഷി മാസ്റ്റർമാരെ നേരിട്ടു പരിചയപ്പെട്ടതുമോർക്കുന്നു. സ്കൂൾകാലഘട്ടത്തിലെ ഏറ്റവും നല്ല ഓർമകളും ഇന്നുമോർമയിൽ നിൽക്കുന്ന പല ശാസ്ത്ര അറിവുകളുമെല്ലാം ഈ പുസ്തകങ്ങളുടെയും വിജ്ഞാനോത്സവങ്ങളുടെയും  സംഭാവനകളായിരുന്നുവെന്നത് യാദൃശ്ചികമല്ല. മുഷിഞ്ഞു മുഖം ചുളിച്ച് ബെഞ്ചിലിരുന്നു ബ്ലാക്ക് ബോർഡിൽ ടീച്ചറെഴുതുന്നത് നോക്കിയെഴുതിയതും പറയുന്നത് കേട്ടെഴുതിയതുമൊന്നും ഓർമയിലെങ്ങും സ്ഥിരമായൊരു സ്ഥാനം പിടിച്ചിട്ടില്ല അധികം.

അച്ചടക്കപാഠശാലകളായിരിക്കണം സ്കൂളുകൾ എന്ന വിക്ടോറിയൻ മൂല്യബോധത്തിൻറെ ചുവരുകൾക്കുള്ളിൽ നിന്ന് പുറത്ത് വരാത്ത മനസ്സുകളാണ് നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെ നയിക്കുന്നത്. Age Hierarchy (പ്രായത്തിനനുസരിച്ചുള്ള അധികാരശ്രേണി), Position Hierarchy (സ്ഥാനമാനങ്ങൾക്കനുസരിച്ചുള്ള അധികാരശ്രേണി) എന്നിവയിൽ നിന്ന്  ഒട്ടും മുക്തമല്ലാത്ത പൊതുബോധമാണ് വിദ്യാഭ്യാസരംഗത്തും മുന്നിട്ടു നിൽക്കുന്നത്. 

കറപറ്റാത്ത ഇസ്തിരിയിട്ട യൂണിഫോമുകളും ബ്രൌൺ പേപ്പർ കൊണ്ട് പൊതിഞ്ഞു നെയിംസ്ലിപ്പ് ഒട്ടിച്ച പുസ്തകങ്ങളും അസംബ്ലിലൈനിൽ വടിപോലെ നിൽക്കുമ്പോൾ തലചുറ്റി വീണു പോകുന്ന വെയിലും ക്ലാസ്റൂം നിയമങ്ങളുമെല്ലാം വഴി വളർത്തിയെടുക്കപ്പെടുന്നത് അറിവോ ബൗദ്ധികവളർച്ചയൊ ധാർമികബോധമോ ഒന്നുമല്ല; അച്ചിൽ വാർത്തെടുത്ത യന്ത്രങ്ങളെ സൃഷ്ടിക്കാനുതകുന്ന വെറും അച്ചടക്കബോധം മാത്രമാണ്. ഭാവിയിൽ പണമുണ്ടാക്കുന്ന മെഷീനുകളെ നിർമിച്ചെടുക്കുന്ന ഒന്നു മാത്രമാണ് വിദ്യാഭ്യാസമെന്ന ബോധമാണ് ഭൂരിപക്ഷം രക്ഷിതാക്കളെയും ഭരിക്കുന്നത്.

മുതിർന്നവർ പറയുന്നതെന്തും അതിലെ ധാർമ്മികതയെയോ യുക്തിയെയോ ഒട്ടും ചോദ്യം ചെയ്യാതെ അനുസരിക്കുക എന്ന Age Hierarchy പഠിപ്പിക്കൽ ആണ് ഇക്കാലത്തും നമ്മുടെ അച്ചടക്കബോധത്തിന്റെ കാതൽ. ഇതെത്രത്തോളം അപകടകരമാണെന്നും കുട്ടികളുടെ സ്വാഭാവികമായ മാനസിക, ബൌദ്ധികവികാസത്തെ ഇതെത്രത്തോളം തടസ്സപ്പെടുത്തുവെന്നും മനസ്സിലാക്കാതെയാണ് അച്ചടക്കം അടിച്ചേൽപ്പിക്കുന്നത്. കുട്ടികളെ വളർത്തൽ എന്നാൽ "പറഞ്ഞാൽ കേൾക്കുന്ന നല്ല കുട്ടി"യെ രൂപപ്പെടുത്തി എടുക്കുക എന്നത് മാത്രമാണെന്ന ബോധത്തിൽ നിന്ന് ചില രക്ഷിതാക്കളും അധ്യാപകരുമെങ്കിലും അല്പാല്പമായി പുറത്ത് വരുന്നുണ്ടെന്നത് ഒരാശ്വാസമാണ്. എന്നാലത് തുലോം കുറവാണ്. 

കുട്ടിക്കാലത്തെ ഒരു സംഭവം ഓർക്കുന്നു. അനുജത്തി ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴോ മറ്റൊ ആണ്. ഞാൻ പ്രീഡിഗ്രീക്ക് പഠിക്കുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് പരിഭാഷ ചെയ്തിറക്കുന്ന ശാസ്ത്ര, ഗണിതപുസ്തകങ്ങൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഗണിതത്തിലെ ചില രസകരമായ പാറ്റെണുകൾ (patterns) അവതരിപ്പിക്കുന്ന ഒരു പുസ്തകം ആ വർഷമിറങ്ങിയിരുന്നു. സയൻസ് എക്സ്ഹിബിഷന് അവയിൽ ചിലത് പോസ്റ്ററുകൾ ആയിറക്കി പ്രദർശിപ്പിക്കാം എന്ന് അവൾ തീരുമാനിച്ചു; അല്പം ഞാനും സഹായിച്ചു. സ്കെച്ച് പെന്നും ചാർട്ട് ഷീറ്റും സംഘടിപ്പിച്ച് ശനിയും ഞായറും കഷ്ടപ്പെട്ടിരുന്നു ചില പോസ്റ്ററുകൾ ഉണ്ടാക്കി അവൾ സ്കൂളിൽ കൊണ്ട് പോയി; അപ്രൂവലിനു വേണ്ടി അധ്യാപകനെ കാണിച്ചു. 

പോസ്റ്ററുകൾ വാങ്ങിച്ചു കൊണ്ട് പോയ സാർ അവളെ സ്റ്റാഫ്റൂമിൽ വിളിപ്പിച്ചു. പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത് മുഴുവൻ മണ്ടത്തരങ്ങൾ ആണെന്നും ഇതൊന്നും ഗണിതത്തിൽ ഇല്ലെന്നും ഭാവന കണക്കിൽ കാണിക്കരുതെന്നും പറഞ്ഞു കൊണ്ട് പരിഹസിച്ചു ചിരിച്ചു. പുസ്തകത്തിന്റെ പേരുപറഞ്ഞ് അതിൽ നിന്നാണ് എല്ലാം എടുത്തതെന്ന് പറഞ്ഞു നോക്കിയെങ്കിലും ഇതൊന്നും ഒരു പുസ്തകത്തിലും കാണില്ലെന്നും മാഷായ എനിക്കറിയാത്ത കാര്യമാണോ നിനക്കറിയുന്നത് എന്ന വഴക്കും ഇനി ഇമ്മാതിരി സാധനങ്ങൾ കൊണ്ട് വരരുത് എന്ന വിലക്കും ആയിരുന്നു മറുപടി.  കണ്ണിൽ വെള്ളം തോരാതെയാണ് അന്നവൾ സ്കൂളിൽ നിന്ന് മടങ്ങി വന്നത്. അതിനു ശേഷമാണോ എന്നറിയില്ല; ആയിരിക്കാം എന്നിപ്പോൾ തോന്നിപ്പോകുന്നു; ഗണിതം എന്ന വിഷയത്തിലേ അവളധികം താത്പര്യം കാണിച്ചിട്ടില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവവമല്ല; ഇതെന്തു കൊണ്ടോ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു എന്ന് മാത്രം. ചോദ്യങ്ങളെ, സംശയങ്ങളെ, ആശയങ്ങളെ എല്ലാം അടക്കിവെക്കാനും അടങ്ങി ഒതുങ്ങി 'നല്ലകുട്ടി'യായി മിണ്ടാതെ ക്ലാസിലിരിക്കാനുമാണ് സ്കൂൾകാലം പഠിപ്പിച്ചത്. കനിവ് കാണിച്ച, മക്കളെയെന്നോണം സ്നേഹിച്ച, ഞങ്ങളുടെ വ്യക്തിത്വവികാസത്തിനു പ്രചോദനമേകിയിരുന്ന പ്രിയപ്പെട്ട അധ്യാപകരെ മറക്കുന്നില്ല; അവരൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് പഠനം മുഴുവനായും പീഡനമല്ലെന്ന തോന്നൽ ഉണ്ടായതും വലിയ മോശമില്ലാതെ ആ സർക്കാർ സ്കൂളിൽ നിന്ന് പഠിച്ചുപാസായി പുറത്ത് വരാൻ ഞങ്ങൾക്ക് രണ്ടു പേർക്കും കഴിഞ്ഞതും. എന്നാൽ, അവർ ഒരു ഭൂരിപക്ഷമായിരുന്നില്ല എന്നതാണ് സത്യം.

പത്രവാർത്തകൾ കാണുമ്പോൾ ഈയവസ്ഥക്കു ഒരുപാടൊന്നും മാറ്റം വന്നിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകർ, കുട്ടികളെ പരിഹസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നവർ, മാനസികപീഡനമേൽപിച്ച് ആത്മഹത്യ വരെ എത്തിക്കുന്നവർ, ഇന്റേണൽ മാർക്കിലും ലാബിലും വൈവയിലും കണ്ടക്റ്റ്‌ സർട്ടിഫിക്കറ്റിലുമെല്ലാം വ്യക്തിവിരോധവും ലിംഗവിവേചനവും ജാതിവിവേചനവും വരെ കാണിക്കുന്നവർ  എന്നിങ്ങനെ പലകൂട്ടർ നമ്മുടെ അധ്യാപകസമൂഹത്തിനകത്തുണ്ട്. 

പ്രൈമറി സ്കൂൾ മുതൽ റിസർച്ച്  ഫെസിലിറ്റികളിൽ വരെ, പലയളവിൽ പലതരത്തിൽ പുതിയനാമ്പുകൾ ചവിട്ടിയരക്കപ്പെടുന്നു. ശിക്ഷണം ശിക്ഷയാകുന്നിടത്ത്, അധ്യാപനം അധികാരപ്രയോഗം മാത്രമാവുന്നിടത്ത്, അറിവിനും പഠനത്തിനും സ്ഥാനമില്ല; അച്ചടക്കത്തിനും വിധേയത്വത്തിനും മാത്രമേ സ്ഥാനമുള്ളൂ. വെയിലത്ത് അസംബ്ലിയിൽ നില്ക്കുന്ന ഹൈസ്കൂൾ വിദ്യാർഥിനികളിൽ എത്രപേർക്ക് ആർത്തവസമയമായിരിക്കാമെന്ന് ആ സമയത്ത് സ്കൂളുകളുടെ മുമ്പിലൂടെ കടന്നുപോവേണ്ടി വരുമ്പോൾ ഞാൻ പലപ്പോഴും വിഷണ്ണയാകാറുണ്ട്. അതവിടുത്തെ അധ്യാപകർ ആരെങ്കിലും അന്വേഷിക്കാറുണ്ടാവുമോ?

ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ പോലും പ്രതിരോധിക്കാനോ ആരോടെങ്കിലും തുറന്നു പറയാനോ കുട്ടികൾ ഭയപ്പെടുന്നത് ഇത്തരത്തിൽ അടിച്ചേൽപിക്കുന്ന ഹൈറാർക്കിയുടെ കൂടി ഫലമാണ്. മുതിർന്നവർ ചോദ്യം ചെയ്യപ്പെട്ടു  കൂടാത്ത  അവസാനവാക്കുകൾ ആണെന്ന് ചെറുപ്പം തൊട്ടേ പഠിച്ചു കൊണ്ട് വളർന്നു വരുന്ന കുഞ്ഞ് പരാതികൾ ആരോട് പറയാൻ? വ്യക്തികളുടെ  പ്രായം 'ശരി'കളുടെ അളവുകോലാണെന്ന് മന:പാഠമാക്കിയ കുഞ്ഞ് ഏൽക്കുന്ന പീഡനങ്ങൾ തന്നോടുള്ള അക്രമം ആണെന്നുപോലുമെങ്ങനെ തിരിച്ചറിയാൻ? 

കുട്ടികളുടെ ബൌദ്ധികമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അധ്യാപകരുടെ കടമ; തല്ലിക്കെടുത്തുകയല്ല എന്ന തിരിച്ചറിവ് കുറച്ചെങ്കിലും പ്രബലമായി വരുന്നുണ്ട് എന്നതൊരു നല്ല മാറ്റം തന്നെയാണ്. ക്ലാസിൽ പറയുന്ന കാര്യങ്ങൾ വായടച്ചു വെച്ച് എഴുതിയെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടല്ല; സംശയങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിച്ചും തുറന്ന ചർച്ചകൾ സാധ്യമാക്കിയും ആണ് വിദ്യ അഭ്യസിപ്പിക്കേണ്ടത് എന്ന് പുതുതലമുറ അധ്യാപകർ പലരും മനസ്സിലാക്കിവരുന്നു. 

ഈ മാറ്റങ്ങൾക്കു പക്ഷേ,  സാധ്യമായ അധ്യയനദിനങ്ങൾ മുഴുവൻ റേഡിയോ പ്രഭാഷണം പോലെ ക്ലാസ് എടുത്തു തീർത്താലും തീരാത്ത വിധം ഭാരമേറിയ സിലബസ് പലപ്പോഴും തടസ്സമാകുന്നു എന്നതും യാഥാർഥ്യമാണ്. ഇന്നത്തെ സിലബസുകൾ പണ്ടത്തെതിനെക്കാൾ കട്ടി കൂടിയതാണ്; അക്കാലത്തുതന്നെ,  സമയമെടുത്ത് ക്ലാസിൽ ചർച്ചകൾ നടത്തി വിഷയമവതരിപ്പിക്കുന്ന അധ്യാപകർക്ക് സിലബസ് മുഴുവനായി തീർക്കാൻ കഴിയാറില്ല. 

മിടുക്കരായ ടോട്ടോചാൻമാരെ കൊണ്ട് നിറയുന്ന ലോകത്ത് നമുക്കിനിയും കൊബായഷി മാസ്റ്റർമാരെ ആവശ്യമുണ്ട്. കത്തിത്തുടങ്ങുന്ന വിളക്കുകളെ തല്ലിക്കെടുത്തുന്നവരെയല്ല; മറിച്ച്, തിരിയണയാതെ അണച്ചു പിടിക്കുന്നവരെ ആവശ്യമുണ്ട്. ആരോക്കെയായിത്തീരേണ്ടവരായിരുന്നു ഇന്നത്തെ തലമുറ എന്നോർത്തിട്ടുണ്ടോ? അവർക്കെത്താമായിരുന്ന ഇടങ്ങളിലെത്തിക്കാൻ ഉതകുന്ന ഒരു വിദ്യാഭ്യാസം അവർക്ക് ലഭിച്ചിട്ടുണ്ടോ? അടുത്ത തലമുറക്കെങ്കിലും അത് സാധ്യമാക്കാൻ നമ്മെക്കൊണ്ടുകഴിയുമോ?

Mr. Kobayashi kept on repeating, the entire time she was at Tomoe, those important words that probably determined the course of her whole life:

“Totto-chan, you're really a good girl, you know.”

Monday 26 October 2015

നൂറാം കേരളപ്പിറവിയിലേക്കെത്ര പെണ്‍ദൂരങ്ങൾ

(നവംബർ 2015 ലക്കം സമകാലീനജനപഥത്തിൽ പ്രസിദ്ധീകരിച്ചത്)



(Image courtesy: https://www.pinterest.com/Galtish/christopher-hitchens/)

വേൾഡ് എക്കണോമിക് ഫോറം എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഗ്ലോബൽ ജെൻഡർ ഗാപ് റിപ്പോർട്ടിൽ കഴിഞ്ഞ തവണ ഇന്ത്യയുടെ സ്ഥാനം 114 ആയിരുന്നു. ആകെയുള്ള 142 രാജ്യങ്ങളുടെ കണക്കിൽ ആണീ 114.

ജെൻഡർ ഗാപ് എന്നാൽ മുഖ്യധാരയിൽ പുരുഷപങ്കാളിത്തവും സ്ത്രീപങ്കാളിത്തവും തമ്മിലുള്ള വ്യത്യാസമാണ്. ആഗോളതലത്തിൽ ഇന്ത്യ മറ്റു ഇൻഡക്സുകളിൽ എല്ലാം ഏറ്റവും മോശപ്പെട്ട ഇരുപതു രാജ്യങ്ങളുടെ കൂട്ടത്തിലാണെങ്കിലും രാഷ്ട്രീയരംഗത്ത് മെച്ചപ്പെട്ട ഇരുപതുരാജ്യങ്ങളുടെ കൂട്ടത്തിലാണ് എന്നത് ശ്രദ്ധേയമാണ്. ആഗോളതലത്തിൽ 21% മാത്രമുള്ള ഈ സൂചികയിൽ ഇന്ത്യ മെച്ചപ്പെട്ടിരുന്നാലും അതൊരു വലിയ നമ്പർ ആവില്ലെന്നിരിക്കിലും ശ്രദ്ധേയം തന്നെയാണത്. ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ വനിതാസംവരണവും സ്ത്രീപങ്കാളിത്തവും ആയിരിക്കണം തമ്മിൽ മെച്ചപ്പെട്ട ഈ അവസ്ഥക്ക് കാരണം. ആരോഗ്യരംഗത്ത് ഇന്ത്യ വളരെ പുറകിൽ നില്ക്കുന്നു;ഒരു രാജ്യം മാത്രമേ ഇന്ത്യക്ക് പുറകിലുള്ളൂ; 142 രാജ്യങ്ങളിൽ 141 ആണ് ഇന്ത്യയുടെ സ്ഥാനം.

ദേശീയതലത്തിലെ അവസ്ഥയുമായി താരതമ്യം ചെയ്‌താൽ, GDI (Gender Development Index) പ്രകാരം കേരളം താരതമ്യേന മികച്ച സ്ഥാനത്തു തന്നെയാണു നിൽക്കുന്നത്. ചില രംഗങ്ങളിൽ മുന്നിട്ടു നിന്നിരുന്നാൽ പോലും കേരളത്തിന് ഇനിയും ഒരുപാട് മുന്നോട്ടുപോവാനുണ്ട് എന്നതൊരു യാഥാർഥ്യമാണ്. ജെൻഡർ സൂചികകളും താരതമ്യങ്ങളും ആവശ്യമില്ലാതെ വരുന്ന, അത്തരം സൂചികകളുടെ അടിസ്ഥാനത്തിലുള്ള പ്രത്യേകശാക്തീകരണപ്രവർത്തനങ്ങൾ ഒന്നുമില്ലാതെ തന്നെ മുഖ്യധാരയിലെ സ്ത്രീപങ്കാളിത്തം സ്വാഭാവികമായും ജനസംഖ്യാനുപാതികമായി സമീകരിക്കപ്പെടുന്ന ഒരുകാലം വരേക്കും സ്ത്രീശാക്തീകരണപ്രവർത്തനങ്ങൾ ഭരണകൂടവും സാമൂഹ്യരാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറ്റെടുത്തു നടത്തേണ്ടതുണ്ട്.

കേരളപ്പിറവിയുടെ നൂറാം വാർഷികത്തിലേക്ക് ഇനി അധികം ദൂരമൊന്നുമില്ല. സ്ത്രീശാക്തീകരണരംഗത്ത് പിന്നിടേണ്ട ദൂരങ്ങളാകട്ടെ വളരെയേറെയുമാണ്‌. ഈ ദൂരങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കുകയും വെല്ലുവിളികളെ തിരിച്ചറിയുകയും കാലാടിസ്ഥാനത്തിൽ ഉചിതമായ കാര്യപരിപാടികൾ മുന്നോട്ടുവെക്കുകയും ചെയ്താലല്ലാതെ ഗണ്യമായ ഒരു മാറ്റം മുന്നൊട്ടുവെക്കുക അസാധ്യമാണ്. ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യനീതി, വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയം എന്നിങ്ങനെ വിവിധരംഗങ്ങളിൽ പ്രത്യേകമായ ശാക്തീകരണപ്രവർത്തനങ്ങൾ ആവശ്യമായിവരും.

ആരോഗ്യവും സുരക്ഷയും:

സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങളും അക്രമങ്ങളും ഗർഭാവസ്ഥയിൽ തുടങ്ങുന്നു. പെണ്‍ഭ്രൂണഹത്യ വളരെ പ്രബലമായ ഒരു രാജ്യമാണിന്ത്യ; സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അനുപാതവും ഇന്ത്യയിൽ കുറവാണ്; കേരളത്തിൽ  മുതിർന്നവരുടെ സ്ത്രീപുരുഷാനുപാതം കൂടുതലാണ്; എന്നാൽ 2001 ലെയും 2011 ലെയും കണക്കുകൾ പ്രകാരം കുഞ്ഞുങ്ങളിലെ ആണ്‍-പെണ്‍ അനുപാതം കുറവാണ്; ഇത് ആപദ്സൂചകമാണ്. ഇതിൻറെ സാമൂഹ്യമായ കാരണങ്ങളും പ്രചോദനങ്ങളും വിശദമായി അപഗ്രഥിക്കപ്പെടുകയും പരിഹരിക്കുകയും ചെയ്യുക എന്നത് കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരിക്കും.

പെണ്‍കുട്ടികളേക്കാൾ ആണ്‍കുട്ടികളെ ആഗ്രഹിക്കുന്ന അച്ഛനമ്മമാരിൽ മാത്രം ഇത്തരം മുൻഗണനകളുടെ ഉത്തരവാദിത്വം പൂർണമായും എല്പിക്കാനാവില്ല; കാരണം സാമൂഹ്യസാമ്പത്തികസമ്മർദങ്ങൾ ഇത്തരം മുൻഗണനകൾക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്. നിയമപരമായി നിരോധിക്കപ്പെട്ടിട്ടും നിലനിൽക്കുന്ന സ്ത്രീധനസമ്പ്രദായം, പെണ്‍കുട്ടികളുടെ സുരക്ഷാപ്രശ്നങ്ങൾ, വിവാഹം കഴിച്ചയച്ചു മറ്റൊരു വീട്ടിലെ അംഗമാകാനുള്ള ഒരാൾ മാത്രമായി പെണ്‍കുട്ടികളെ വീക്ഷിക്കുന്ന സമൂഹം എന്ന് തുടങ്ങി പൊതുബോധത്തിൽ വേരുറപ്പിച്ചിരിക്കുന്ന അനേകം മുൻവിധികളുടെ ആകെത്തുകയാണ് ആണ്‍കുട്ടികളോടുള്ള മുൻഗണന.

സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടും രഹസ്യമായും ഓമനപ്പേരുകളിലും ഇപ്പോഴും തുടരുന്നത് കാണാം. സ്ത്രീധനം പെണ്‍വീട്ടുകാരുടെ അഭിമാനപ്രശ്നമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന പൊതുബോധമാണ് അതിപ്പോഴും നിലനിൽക്കുന്നതിനുള്ള പ്രധാനകാരണം. ആദ്യം മാറേണ്ടത് വിവാഹമെന്നത് രണ്ടു വീട്ടുകാർ തമ്മിലുള്ള ഒരു കരാറാണ് എന്ന വ്യവസ്ഥയാണ്. വിവാഹം രണ്ടു വ്യക്തികൾ തമ്മിലുള്ളതാവുമ്പോൾ അവിടെ ആണ്‍, പെണ്‍ വീട്ടുകാർ സങ്കൽപങ്ങളും അഭിമാനപ്രശ്നങ്ങളും ആവശ്യങ്ങളുമെല്ലാം പതിയെ ഇല്ലാതാവും. മറ്റൊരു വീട്ടിലേക്കു അയക്കേണ്ടവൾ എന്ന മനോഭാവത്തോടെ പെണ്‍കുട്ടികളെ കാണുന്നതിലും മാറ്റം വരും.

കുടുംബത്തിനകത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും പരിഹരിക്കപ്പെടുന്നതിനും പലപ്പോഴും തടസ്സമാകുന്നത് പുനരധിവാസവ്യവസ്ഥയുടെ പോരായ്മകളും സ്വതന്ത്രയായ സ്ത്രീക്ക് സമൂഹത്തിലുള്ള അംഗീകാരമില്ലായ്മയും ആണ്. പീഡിപ്പിക്കപ്പെടുന്ന കുടുംബവ്യവസ്ഥക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ തനിക്കു സാമൂഹ്യമായും സാമ്പത്തികമായും നിലനില്പ്പുണ്ടാവില്ല എന്ന ഭയം സ്ത്രീകളെ തനിക്കെതിരെയുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും തടയുന്നുണ്ട്‌. വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിലെ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുകയും പൊതുബോധത്തിലെ പാട്രിയാർക്കിയുടെ സ്വാധീനം ബോധവത്കരണങ്ങളിലൂടെ കുറച്ചു കൊണ്ട് വരികയും ഒപ്പം തന്നെ അക്രമങ്ങൾക്കിരയാവർക്ക് സുരക്ഷിതമായ താത്കാലികഷെൽട്ടറുകൾ വൻതോതിൽ സർക്കാർ നടപ്പിലാക്കുകയും ചെയ്താലല്ലാതെ ഈ അവസ്ഥയെ ഫലപ്രദമായി നേരിടാനാവില്ല.

സ്ത്രീക്കെതിരെയുള്ള അക്രമങ്ങൾ കുടുംബങ്ങൾക്കകത്തു മാത്രമല്ല; അവളിടപെടുന്ന ഓരോ രംഗങ്ങളിലും അവളുടെ ജീവിതം കടന്നുപോകുന്ന ഓരോ അവസ്ഥയിലും വളരെ സ്പഷ്ടമായി നിലനിൽക്കുന്നു എന്നിടത്താണ് ഇതിന്റെ വ്യാപ്തിയും ഗൌരവവും പ്രകടമാവുന്നത്. കുടുംബം, വിദ്യാഭ്യാസസ്ഥാപനം, തൊഴിലിടം, രാഷ്ട്രീയം എന്നിങ്ങനെ അവളെവിടെയൊക്കെ കാലെടുത്തു വെക്കുന്നുവോ എവിടെയെല്ലാം അവളുടെ സുരക്ഷിതത്വവും വ്യക്തിത്വവും നിലനിൽപും തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്; ആക്രമിക്കപ്പെടുന്നുണ്ട്.

2056 ലെ സ്ത്രീക്ക് കുടുംബത്തിനകത്തും പുറത്തും സ്വന്തമായ നിലനിൽപുണ്ടാവണം; സുരക്ഷിതത്വമുണ്ടാവണം; സാമൂഹ്യമായ അംഗീകാരവുമുണ്ടാവണം. കുടുംബമെന്നത് ഗതികേടുകൊണ്ട് പറ്റിച്ചേർന്നു നില്ക്കേണ്ടി വരുന്ന ഒരു സ്ഥാപനം എന്ന അവസ്ഥ ഉണ്ടായിരിക്കരുത്; കുടുംബം പൂർണമായും സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് ആയിരിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴിലിടങ്ങളും രാഷ്ട്രീയവും വിവേചനരഹിതവും സുരക്ഷിതവും ആയിരിക്കണം; ഇവിടെയെല്ലാം സ്ത്രീപുരുഷാനുപാതം ജനസംഖ്യാനുപാതികമായി തന്നെ നിലനിൽക്കണം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്നുവെങ്കിലും, ആരോഗ്യരക്ഷയുടെ കാര്യത്തിലും കേരളത്തിലെ സ്ത്രീ പുരുഷനെ അപേക്ഷിച്ച് ഇപ്പോഴും പുറകോട്ടാണ്. പുരുഷന്മാരിൽ 8% പേര് മാത്രം അനീമിയ ബാധിച്ചവർ ഉള്ളിടത്ത് സ്ത്രീകളിൽ 33% പേർക്ക് അനീമിയ ബാധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ദേശീയകുടുംബാരോഗ്യ സർവേയുടെ കഴിഞ്ഞ റിപ്പോർട്ടിൽ പറയുന്നത്. മിനിമം ശരീരഭാരത്തിൽ കുറവുള്ള സ്ത്രീകളും ഏറെയുണ്ട്; അഞ്ചിലൊരു സ്ത്രീക്ക് ആരോഗ്യകരമായ ശരീരഭാരം ഇല്ല. സ്ത്രീകൾക്ക് ലഭിക്കുന്ന പോഷകാഹാരം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ് എന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഈ അന്തരം അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട ഒന്നാണ്. ഇനിയും നാല്പതുവർഷങ്ങൾക്ക് ശേഷം ഇത്തരമൊരു റിപ്പോർട്ടിനുള്ള  സാധ്യത തന്നെ ഇല്ലാതാകും വിധമുള്ള പ്രവർത്തനങ്ങൾ ഭരണകൂടത്തിൽ നിന്നും സമൂഹത്തിൽ നിന്നും അത്യാവശ്യമാണ്.

അസുഖങ്ങളെ കുറിച്ചും പ്രതിരോധമാർഗങ്ങളെ കുറിച്ചുമുള്ള അറിവിലും സ്ത്രീ പുരുഷനേക്കാൾ പുറകിൽ  നിൽക്കുന്നു. സ്വന്തം ആരോഗ്യവിഷയത്തിൽ മൂന്നിൽ രണ്ടു സ്ത്രീക്ക് മാത്രമേ സ്വയം തീരുമാനമെടുക്കാൻ കഴിയുന്നുള്ളൂ. ഗർഭനിരോധനമാർഗങ്ങളെ കുറിച്ച് സ്ത്രീകൾക്കുള്ള അറിവ്, അവ തെരഞ്ഞെടുക്കുന്നതിൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്ക് തുടങ്ങിയവയിലും കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണ്. ഇത് വളരെയേറെ മുന്നോട്ടുപോവേണ്ടതുണ്ട്; സ്ത്രീകളുടെയിടയിൽ ഈ വിഷയത്തിലുള്ള ബോധവത്കരണപ്രവർത്തനങ്ങൾ ധാരാളം ആവശ്യമുണ്ട്. ഇത്തരം കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ മാത്രം സ്ത്രീകൾ അറിവുള്ളവർ ആയിരിക്കുകയും സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന സാഹചര്യം കുടുംബത്തിലും സമൂഹത്തിലും ഉണ്ടായി വരികയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

പ്രാഥമികവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും:

മറ്റൊരു വീട്ടിലേക്കു പോകേണ്ടവൾ എന്ന കാഴ്ചപ്പാട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുന്നുണ്ട് ഇന്ത്യയിലും കേരളത്തിലും; എന്നാൽ കേരളത്തിലിത്തരം വ്യത്യാസങ്ങൾ തുലോം കുറവാണ് എന്ന് പറയാം. സ്കൂളിലും സർവകലാശാലകളിലും പോകുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തിലും അനുപാതത്തിലും കേരളം വളരെ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്. അതു കുറയാതെ നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന വെല്ലുവിളി നിലനിൽക്കുന്നു.

എന്നാൽ, ഇത്രയും കൊണ്ട് സ്ത്രീപുരുഷവ്യത്യാസം വിദ്യാഭ്യാസരംഗത്ത് തീരെയില്ല എന്ന് തീരുമാനിക്കുക സാധ്യമല്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എത്രത്തോളം സ്വയംനിർണയാവകാശം പെണ്‍കുട്ടികൾക്ക് ആണ്‍കുട്ടികളെ അപേക്ഷിച്ച് ലഭിക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സ്ത്രീകളുടെ കർതൃത്വബോധമാണ് കേരളത്തിലെ അവസ്ഥയിൽ ഇപ്പോൾ വിലയിരുത്തപ്പെടുകയും മെച്ചപ്പെടുകയും ചെയ്യേണ്ട പ്രധാനപ്പെട്ട ഒന്ന്; ഇത് വിദ്യാഭ്യാസരംഗത്തും ബാധകമാണ്. ഈ തലത്തിൽ സർവേകളും ശാക്തീകരണപ്രവർത്തനങ്ങളും ആവശ്യമായി വരും.

തൊഴിലും സാമ്പത്തികസ്വാതന്ത്ര്യവും:

വിദ്യാഭ്യാസരംഗത്ത് കൈവരിച്ച പുരോഗതി, തൊഴിൽരംഗത്ത് നേടാനായിട്ടില്ല എന്നത് കേരളത്തിന്റെ വലിയൊരു ന്യൂനതയാണ്. തൊഴിൽസമൂഹത്തിലെ സ്ത്രീപങ്കാളിത്തം ലജ്ജാകരമാം വിധം കുറവാണ്.

1) തൊഴിലിലെ പങ്കാളിത്തം: പൊതുവായ തൊഴിൽ പങ്കാളിത്തത്തിന്റെ കാര്യത്തിൽ തന്നെ സ്ത്രീപുരുഷാനുപാതത്തിൽ വളരെ വലിയ വ്യത്യാസമുണ്ട്; കൂടുതൽ സ്ത്രീകളും കേരളത്തിലിന്നും "വീട്ടമ്മ"മാരാണ്. ദേശീയകുടുംബാരോഗ്യ സർവേ കഴിഞ്ഞ തവണ പുറത്തിറക്കിയ കണക്കുകൾ പ്രകാരം മൂന്നിലൊന്ന് സ്ത്രീകൾ മാത്രമേ വർക്ക് ഫോഴ്സിൽ ഉള്ളൂ. കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ വരുമാനത്തിലേക്കും തൊഴിൽ നൈപുണ്യത്തിലേക്കും സ്ത്രീസമൂഹത്തിന്റെ സംഭാവനകൾ വളരെ കുറവാണ്. ഓഫീസ് ജോലികളിലും അധികാരപദവിയുള്ള ജോലികളിലുമെല്ലാം സ്ത്രീകൾ  കുറവാണ്. നൈപുണ്യമുള്ള ജോലികളിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ പങ്ക് വളരെ വളരെ ചെറുതാണ്. ഇലക്ട്രീഷ്യൻ, പ്ലംബർ, കാർപെന്റർ തുടങ്ങിയ, സ്വയംതൊഴിൽ സാദ്ധ്യമായ മേഖലകളിൽ സ്ത്രീകളുടെ സാന്നിദ്ധ്യമില്ല. സ്വന്തമായി ബിസിനസ്സോ സംരംഭങ്ങളോ തുടങ്ങുന്നവരിലും സ്ത്രീകൾ  കുറവാണ്.

2) വേതനത്തിലെ ആണ്‍ പെണ്‍ വ്യത്യാസം: തുല്യജോലിക്ക് തുല്യവേതനം പ്രബുദ്ധമലയാളിക്കും അന്യമാണെന്നത് ലജ്ജാകരമായ ഒരു വസ്തുതയായി നിലനിൽക്കുന്നു. പല സ്ഥാപനങ്ങളിലും ഒരേ ജോലി ചെയ്യുന്നവരിൽ സ്ത്രീകളുടെ ആവരേജ് ശമ്പളം പുരുഷന്മാരുടെതിനേക്കാൾ കുറവാണ്. ഇത് വലിയ വേതനക്കാർ മുതൽ ചെറിയ വേതനക്കാർ വരെ എല്ലാവർക്കും ബാധകവുമാണ്. കൂലിപ്പണിക്കും സ്ത്രീയോ പുരുഷനോ എന്നതിനനുസരിച്ചാണ് കൂലി നിർണ്ണയിക്കുന്നത്; ചെയ്യുന്ന തൊഴിലിന്റെ അളവോ കാഠിന്യമോ അനുസരിച്ചല്ല. സ്ത്രീകൾ പൊതുവെ കാഠിന്യം കുറവുള്ളതോ അധ്വാനം കുറവുള്ളതോ ആയ ജോലികൾ ആണ് ചെയ്യുന്നത് എന്ന ന്യായം നിലനിൽക്കുന്നുണ്ടെങ്കിലും, ഒരേ ജോലി ആണെങ്കിൽ പോലും ഒരേ കൂലി വാങ്ങാനുള്ള വ്യവസ്ഥ പ്രായോഗികമായി നിലനിൽപില്ല എന്നതാണ് യാഥാർഥ്യം. പ്രധാന തൊഴിലാളി, സഹായി എന്നിങ്ങനെ തൊഴിലിന്റെ കാഠിന്യം അനുസരിച്ച് വേതനം തീരുമാനിക്കുന്നതിനു പുറമെയാണ് ലിംഗഭേദമനുസരിച്ചുള്ള കൂലിവ്യത്യാസം.

നൂറാമാണ്ടിൽ ഒരു വികസിതസംസ്ഥാനം എന്ന പദവിയിലേക്ക് കേരളം ഉറ്റുനോക്കണമെങ്കിൽ ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാനും സ്ത്രീയുടെ തൊഴിൽ പങ്കാളിത്തവും വരുമാനവും പുരുഷന്റേതിനു സമീകരിക്കാനുമുള്ള കാര്യപരിപാടികൾ അടിയന്തിരമായി നടപ്പിലാക്കേണ്ടിവരും.

3) തൊഴിൽസ്ഥലത്തെ വിവേചനവും പീഡനവും: തൊഴിൽസ്ഥലങ്ങളിലെ വിവേചനവും പീഡനവും പരുഷമായ യാഥാർഥ്യമായി നിലനിൽക്കുന്നു. ജോലിസ്ഥലത്തുള്ള പ്രശ്നങ്ങളുടെ പേരിൽ ജോലി ചെയ്തു ജീവിക്കുന്നതില്‍ നിന്ന് സ്വയം പിൻ വാങ്ങുകയോ വീട്ടുകാരാൽ നിർബന്ധിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീകൾ ഒരുപാടുണ്ട്. സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം ലിംഗസമത്വത്തിനു വളരെ പ്രധാനമായ ഒരു ഉപാധി ആണെന്നിരിക്കെ ജോലി സ്ഥലത്തുള്ള സ്ത്രീയുടെ സുരക്ഷിതത്വം ഇപ്പോള്‍ ഉള്ളതില്‍ കൂടുതൽ പ്രാധാന്യത്തോടെ നാം കാണേണ്ടിയിരിക്കുന്നു.

1997 ലാണ് സുപ്രീം കോര്‍ട്ട് വിശാഖാ ഗൈഡ്ലൈന്‍സ് എന്ന പേരില്‍ ജോലിസ്ഥാപനങ്ങള്‍ക്ക് വേണ്ടി ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. ജോലിസ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തടയാനും പരിഹരിക്കാനും കൃത്യമായ നടപടികള്‍ സ്വീകരിക്കാനും പര്യാപ്തമായ ഒരു വ്യവസ്ഥ ഇന്ത്യന്‍ നിയമത്തില്‍ നിലവിലില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. Workplace Harassment തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതും അങ്ങനെയൊന്ന് നടന്നതായി കണ്ടാല്‍ തക്ക പരിഹാരങ്ങളും നിയമനടപടികളും സ്വീകരിക്കേണ്ടതും സ്ഥാപനമേധാവികളുടെ ഉത്തരവാദിത്വം ആണെന്ന് ഇതില്‍ അടിവരയിടുന്നുണ്ട്. ഇതു പ്രകാരം എല്ലാ സ്ഥാപനങ്ങളിലും പരാതികള്‍ അന്വേഷിക്കാന്‍ ഒരു സ്ത്രീ തന്നെ നയിക്കുന്ന Internal Complaints Committee (ICC) രൂപീകരിക്കേണ്ടതുണ്ട്. വിശാഖാ മാര്‍ഗനിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി തന്നെ The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 ഏപ്രില്‍ 22 തൊട്ടു നിലവിലുണ്ട്.

പല സ്ഥാപനങ്ങളും ഈ നിയമങ്ങളെ ഗൌരവമായി തന്നെ എടുക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുക, ബോധവല്‍കരണ ക്ലാസ്സുകള്‍ എടുക്കുക തുടങ്ങിയവ ചെയ്തു വരുന്നുണ്ടെങ്കിലും അവ തുലോം കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം; നിയമങ്ങള്‍ നിയമങ്ങളായി 'കടലാസില്‍ മാത്രം' നില നില്‍ക്കുക എന്നാ അവസ്ഥയാണ് നമ്മുടെ മറ്റു പല നിയമങ്ങള്‍ പോലെ ഇതിന്റെതും. കൂടുതല്‍ ജോലിസ്ഥാപനങ്ങളിലും തങ്ങളുടെ സ്വൈരപൂര്‍വമായ ഔദ്യോഗികജീവിതത്തിനുള്ള അവകാശത്തെ പറ്റി സ്ത്രീകള്‍ ബോധവതികളല്ല. ശരിയായ ബോധവല്‍കരണത്തിനും ഫലപ്രദമായ പ്രതിരോധത്തിനുമുള്ള നടപടികള്‍ എടുക്കേണ്ടത് സ്ഥാപനമേധാവികളുടെ കടമ ആണെങ്കിലും അതും സംഭവിക്കുന്നില്ല. സ്ഥാപനങ്ങളുടെ ലൈസെന്‍സ് ക്യാന്‍സല്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ളയത്രയും ഗൌരവമായ കുറ്റമാണ് ഇത്തരം പരാതികളോ സംഭവങ്ങളോ കണ്ടില്ലെന്നു നടിക്കുന്നതും മറച്ചു വെക്കാന്‍ ശ്രമിക്കുന്നതും.  Internal Complaints Committee (ICC) നടപടി എടുത്തില്ലെങ്കില്‍ ജില്ലാതലത്തില്‍ നിലവിലുള്ള Local Complaints Committee (LCC) യെ സമീപിക്കാവുന്നതാണ്. ഇതിന്‍റെയെല്ലാം വിശദവിവരങ്ങളും കോണ്ടാക്ട് നമ്പറുകളും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ, ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടോ  എന്നൊക്കെ സ്ഥിരീകരിക്കാനുള്ള നിരീക്ഷണസംവിധാനങ്ങളും ഇപ്പോൾ നിലവിലില്ല.

4) തൊഴിൽ രംഗത്തെ നേട്ടങ്ങൾ: നല്ല രീതിയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കു ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങളെ സ്ത്രീയെന്നകാരണം കൊണ്ടു മാത്രം ലഭിച്ചതു എന്നു പരിഹസിക്കുന്നത് സാധാരണയാണ്. സ്വകാര്യസ്ഥാപനങ്ങളിൽ വർക്ക്‌ ഫോർസിലെ സ്ത്രീകളുടെ എണ്ണത്തിനു ആനുപാതികമായി ഉയർന്ന സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം പൊതുവെ കുറവാണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെയാണിത്‌. മൊത്തം സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിനാനുപാതികമായി  അധികാരസ്ഥാനങ്ങളിൽ സ്ത്രീകളില്ല. അതിനു പുറമേ ഇത്തരം അധിക്ഷേപങ്ങൾ സ്ത്രീകളെ വർക്ക്ഫോഴ്സിൽ നിന്നകറ്റി നിർത്താനുള്ള ഒരുപാധി ആയും വർത്തിക്കുന്നു.

5) വരുമാനം ചെലവഴിക്കുന്നതിലെ കർതൃത്വം: സ്ത്രീ തൊഴിൽ  ചെയ്യുമ്പോഴും പലപ്പോഴും  അവളുടെ വരുമാനം ചെലവഴിക്കപ്പെടുന്നത് അവളുടെ തീരുമാനമനുസരിച്ചല്ല, രക്ഷാകർതൃസ്ഥാനം കൽപിക്കപ്പെട്ടിട്ടുള്ള പുരുഷന്റെ താത്പര്യപ്രകാരമാണ്. ദേശീയകുടുംബാരോഗ്യ സർവേ കഴിഞ്ഞ തവണ പുറത്തിറക്കിയ കണക്കുകൾ പ്രകാരം അഞ്ചിലൊന്ന് സ്ത്രീകൾക്കേ സ്വന്തമായി ഉപയോഗിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാവുന്ന പണമുള്ളൂ; ഇതിൽ സ്വാഭാവികമായും ജോലി ചെയ്യുന്ന സ്ത്രീകളാണ് കൂടുതൽ. നാലിലൊന്ന് സ്ത്രീകൾക്ക് അവർ സ്വയമുപയോഗിക്കുന്ന ബാങ്ക് അക്കൌണ്ട് ഉണ്ട്. പകുതി സ്ത്രീകൾക്ക് മാർക്കറ്റ്, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് തനിയെ പോകാനനുവാദമുണ്ട്‌. നാൽപതു ശതമാനത്തിൽ അല്പം കൂടുതൽ പേർക്ക് ഗ്രാമത്തിനൊ കമ്യൂണിറ്റിക്കോ പുറത്ത് യാത്രചെയ്യാനനുവാദമുണ്ട്. ഈ പറഞ്ഞ മൂന്നിടങ്ങളിലേക്കും ഒരുപോലെ തനിച്ചു പോകാൻ അനുവാദമുള്ളവർ പക്ഷേ 35% മേയുള്ളൂ.

ഈ പറഞ്ഞ കണക്കുകൾ അടുത്ത സർവേയിൽ ഗണ്യമായി തന്നെ മെച്ചപ്പെടെണ്ടതാണ്. എന്നാൽ നൂറു ശതമാനത്തിലേക്ക് ഇനിയുമൊരുപാട് ദൂരം തീർച്ചയായുമുണ്ട് താനും. സാമ്പത്തികസ്വാതന്ത്ര്യം സ്ത്രീശാക്തീകരണത്തിനുള്ള പ്രധാനമാർഗം ആണെന്നിരിക്കെ തൊഴിൽ പങ്കാളിത്തവും വരുമാനവും മാത്രമല്ല, അതിന്റെ മേലുള്ള കർതൃത്വം കൂടി സ്ത്രീക്ക് കൈവരണം. കേരളം നൂറാമാണ്ടിലെത്തുമ്പോൾ ഈ കണക്കുകൾ നൂറുശതമാനമെന്ന നമ്പറിൽ എത്തുക തന്നെ വേണം.

വർക്ക്‌ ഫോർസിൽ സ്ത്രീയുടെ പ്രാതിനിധ്യം കുറയുന്നത് സ്ത്രീയെയും കുടുംബങ്ങളെയും സമൂഹത്തെയും പല രീതിയിൽ ബാധിക്കുന്ന ഗൌരവമേറിയ ഒരു പ്രശ്നമാണ്. സമൂഹത്തെ സംബന്ധിച്ചിടത്തോളം ജനസംഖ്യയുടെ പകുതിയുടെ ബൗദ്ധികനിപുണതയും വൈദഗ്ദ്ധ്യവുമാണ് ഉപയോഗിക്കപ്പെടാതെ പോകുന്നത്.  കുടുംബങ്ങൾക്കാകട്ടെ, ഒരു വ്യക്തിയുടെ വരുമാനവും പലപ്പോഴും ആ വ്യക്തിയുടെ തൊഴിൽ വളർച്ചയുടെ ഫലമായി ലഭിക്കാവുന്ന അധികസ്രോതസ്സുകളും മാർഗദർശിത്വവുമെല്ലാം നഷ്ടപ്പെടുന്നു. സ്ത്രീയെന്ന വ്യക്തിക്ക് നഷ്ടപ്പെടുന്നത് വീടിനും കുടുംബത്തിനും പുറത്തുള്ള ഒരുപാട് സാധ്യതകളുടെ ലോകമാണ്.

മേലെ സൂചിപ്പിച്ച പ്രശ്നങ്ങൾക്ക് പ്രത്യേകപരിഗണന കൊടുത്ത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് സ്ത്രീശാക്തീകരണത്തിന് അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. കേരളം നൂറാമാണ്ടിലെക്കെത്തുമ്പോൾ കൈവരിക്കുന്ന, അഥവാ കൈവരിക്കേണ്ട പുരോഗതി, തൊഴിൽ സമൂഹത്തിലെ സ്ത്രീയുടെയും പുരുഷന്റെയും തുല്യാധ്വാനത്തിന്റെയും തുല്യാധികാരങ്ങളുടെയും തുല്യപങ്കാളിത്തത്തിന്റെയും ഫലമായിരിക്കണം.

രാഷ്ട്രീയപങ്കാളിത്തവും വനിതാസംവരണവും:

വലിയ അളവിൽ സ്ത്രീശാക്തീകരണം ആവശ്യമുള്ള ഒരു മേഖലയാണ് രാഷ്ട്രീയവും തെരഞ്ഞെടുപ്പുകളും. വോട്ടർമാരുടെ എണ്ണത്തിലെ ആണ്‍പെണ്‍വ്യത്യാസം കേരളം മറികടന്നിട്ടുണ്ട്. എന്നാൽ സ്ഥാനാർഥികൾ, അസംബ്ലി/ പാർലമെന്റ് പ്രതിനിധികൾ, മന്ത്രിമാർ എന്നിവരുടെ എണ്ണം വെച്ചുനോക്കിയാൽ ജനസംഖ്യയുടെ അമ്പതുശതമാനം വരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം വളരെ വളരെ കുറവാണ്. ലോകസഭയിലെ 20 എംപിമാരിൽ ഒരേയൊരു വനിത മാത്രമേയുള്ളൂ; ഒൻപതു രാജ്യസഭാ എംപിമാരിലും ഒരേയൊരു വനിത മാത്രം. കേരളാ നിയമസഭയിലെ 140 മണ്ഡലങ്ങളിൽ നിന്ന് ഏഴു മണ്ഡലങ്ങളിൽ മാത്രമാണ് വനിതാപ്രതിനിധികൾ ഉള്ളത്. ജനസംഖ്യയിൽ അമ്പതുശതമാനം സ്ത്രീകളടങ്ങിയ സമൂഹത്തിന്റെ അധികാരപദവികളിലാണ് ഇത്ര ദയനീയമായ പങ്കാളിത്തം എന്നോർക്കണം.

സ്ത്രീകളുടെ സ്ഥാനാർഥിത്വത്തെയും അധികാരത്തെയും സംബന്ധിച്ച് വിവേചനവും മുൻവിധികളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നു കാണാം. സാസ്കാരികവും മതപരവും സാമൂഹ്യവുമായ പലതരം കടമ്പകളാണ് ഇലക്ടോറൽ പൊളിറ്റിക്സിലേക്കു കടക്കുന്ന സ്ത്രീകൾക്ക് മറികടക്കാനുള്ളത്. വനിതാസ്ഥാനാർഥികളെ കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കലിൽ തുടങ്ങി അപകീർത്തിപ്പെടുത്തൽ വരെ സാധാരണമാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ കേരളം ഈ പങ്കാളിത്തപ്രശ്നത്തെ മറികടക്കുന്നത് വനിതാസംവരണത്തിലൂടെയാണ്. എന്നാൽ, സ്റ്റേറ്റ് അസംബ്ലിയിലും പാർലമെന്റിലും 33% വനിതാസംവരണം കൊണ്ടുവരാനുള്ള ബിൽ ലോകസഭയിൽ ഇനിയും പാസായിട്ടില്ല. കഴിഞ്ഞ പല സർക്കാരുകളും മാറി മാറി ശ്രമിച്ചിട്ടും ബഹുഭൂരിപക്ഷം വരുന്ന പുരുഷ എംപിമാരുടെ നിസ്സഹകരണവും എതിർപ്പും മൂലം ഇത് മുന്നോട്ട് കൊണ്ടുപോവാനായിട്ടില്ല. രാഷ്ട്രീയത്തിലും അധികാരത്തിലും സ്ത്രീകളുടെ തുല്യപങ്കാളിത്തത്തിലെക്കുള്ള ഒരു പ്രധാന കാൽവെപ്പ്‌ ആയിരിക്കും ആ ബിൽ എന്നതിൽ സംശയമില്ല.

രാഷ്ട്രീയപാർട്ടികളിലും അധികാരപദവികളിൽ സ്ത്രീകൾ വളരെ കുറവാണ്. ഈ കുറവും ഭരണകൂടത്തിലെ പങ്കാളിത്തത്തിലുള്ള കുറവും ഒരുപോലെ നികത്താനുള്ള കാര്യപരിപാടികൾ കേരളസമൂഹത്തിൽ അത്യാവശ്യമായി തന്നെ നടപ്പിലാക്കേണ്ടി വരും. കേരളത്തിനു നൂറാം വയസ്സിലേക്കുള്ള ദൂരം കുറവാണെന്നിരിക്കിലും 'പെണ്‍ ദൂരങ്ങൾ' അതിലുമെത്രയോ മടങ്ങ് ആണെന്ന യാഥാർഥ്യത്തെ മുൻനിർത്തി, മിനിമം പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഏറ്റെടുത്തു നടത്തേണ്ടതുണ്ട്. നൂറാം വയസ്സിലും സ്ത്രീപങ്കാളിത്തം അല്പമാത്രമായി നിലനിൽക്കാനുള്ള സാധ്യത ഒട്ടും അംഗീകരിക്കാവുന്നതല്ല.

സാമൂഹ്യമായ കാഴ്ചപ്പാടുകളും ലിംഗനീതിയും:

മുൻപ് സൂചിപ്പിച്ച രംഗങ്ങളിലെല്ലാം എന്താണ് സ്ത്രീസമൂഹത്തിന്റെ പുരോഗതിക്ക് പ്രധാനതടസ്സം ആയി നിൽക്കുന്നത് എന്നു നിരീക്ഷിച്ചാൽ പ്രധാനപ്രതി സാമൂഹ്യമായ കാഴ്ചപ്പാടുകൾ തന്നെയാണെന്ന് കാണാം. സ്ത്രീക്കും പുരുഷനും പാട്രിയാർക്കൽ വ്യവസ്ഥയിൽ കല്പിച്ചു നൽകപ്പെട്ടിട്ടുള്ള വെവ്വേറെ സ്ഥാനങ്ങൾ പൊതുബോധത്തിൽ അത്രത്തോളം വേരിറങ്ങിയിട്ടുള്ളത് കൊണ്ടാണ് മാറ്റങ്ങൾ പതുക്കെയാകുന്നതും വ്യാപകം ആവാത്തതും. അതുകൊണ്ട് തന്നെ, പരിഹാരങ്ങൾ നടപ്പിലാക്കാനുള്ള ഏതു കാര്യപരിപാടികളുടെയും ഭാഗമായി ശക്തമായ സാമൂഹ്യബോധവത്കരണം നടപ്പിലാക്കേണ്ടതുണ്ട്.

ഗാർഹികജോലികൾ പൊതുവെ സ്ത്രീയുടെ പ്രവർത്തനരംഗമായാണ് കൽപിക്കപ്പെട്ടിട്ടുള്ളത്. Organization for Economic co-operation and Development (OECD) നടത്തിയ ഒരു സർവേ പ്രകാരം ഇന്ത്യൻ പുരുഷന്മാർ വീട്ടുജോലികൾക്കായി ചെലവഴിക്കുന്ന ആവറേജ് സമയം ദിവസം 19 മിനുട്ടുകൾ മാത്രമാണ്; സ്ത്രീകളാകട്ടെ ദിവസവും ആവരേജ് 298 മിനുട്ടുകൾ വീട്ടുജോലികളിൽ ചെലവഴിക്കുന്നു. വിവാഹിതരുടെ മാത്രം കണക്കുകൾ നോക്കിയാൽ ഈ വ്യത്യാസം ഇനിയും വലുതായേക്കും. ജോലി ചെയ്യുന്ന സ്ത്രീകളും പലപ്പോഴും വീട്ടിലെ ജോലികൾ തനിച്ചോ അല്പം മാത്രം സഹായത്തോടു കൂടിയോ ആണ് നിർവഹിക്കുന്നത്. ഒന്നോർത്തുനോക്കുക; ജോലിയും വീട്ടുജോലിയും എല്ലാം കഴിഞ്ഞ് പിന്നെപ്പോഴാണ് സ്ത്രീ പൊതുരംഗത്തും രാഷ്ട്രീയത്തിലുമെല്ലാം സജീവമാകേണ്ടത്? വീട്ടുജോലികളുടെ ന്യായമായ പങ്കുവെക്കൽ കുടുംബങ്ങൾക്കകത്ത് നടക്കാതെ സ്ത്രീകളുടെ മുഖ്യധാരാപങ്കാളിത്തം ഉറപ്പുവരുത്താനാവുമൊ?

വ്യക്തിസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവുമെല്ലാം ലിംഗാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു സമൂഹം കൂടിയാണ് നമ്മുടേത്. അഭിപ്രായസ്വാതന്ത്ര്യം പോലും ലിംഗാടിസ്ഥാനത്തിലാണ് പലപ്പോഴും. ഭർത്താവിന്റെയോ പിതാവിന്റെയോ സഹോദരന്റെയോ ഒക്കെ രാഷ്ട്രീയനിലപാടുകളോടും സാമൂഹ്യവീക്ഷണത്തോടുമെല്ലാം വ്യത്യസ്തമായ നിലപാടുകൾ പുലർത്തുന്ന സ്ത്രീകൾ അപൂർവമാണ്;  അങ്ങനെയുള്ളവർക്കു തന്നെ സാമൂഹ്യമായ അംഗീകാരം ലഭിക്കുക എന്നത് അത്യപൂർവവും. ബന്ധങ്ങൾക്കു പുറത്ത്, വ്യക്തിയെന്ന നിലയിൽ സ്ത്രീയുടെ സ്വതന്ത്രമായ നിലനിൽപ് അംഗീകരിക്കപ്പെടുക എന്നതു മാത്രമാണ് ഇതിനു പരിഹാരം.

ലിംഗഭേദത്തെ ഊട്ടിയുറപ്പിക്കുന്ന ബാല്യകാലശിക്ഷണവും കളിപ്പാട്ടങ്ങളും വരെ അടുത്ത തലമുറയിലെ സ്ത്രീയുടെ പദവിയെ നിർണ്ണയിക്കും. ചെറുപ്പം മുതലേ പഠിപ്പിക്കുന്ന ലിംഗപദവികളും ഉത്തരവാദിത്വങ്ങളുമാണ് വിവേചനത്തിന്റെ വിത്തുകൾ. ആണ്‍കുട്ടികൾക്ക് പുറംലോകത്തെ അടുത്തറിയാനുതകുന്ന സാഹചര്യങ്ങളും കളികളും കളിപ്പാട്ടങ്ങളും നല്കുമ്പോൾ പെണ്‍കുട്ടികൾക്ക് ഗാർഹിക ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ടവ നല്കുന്നിടത്താണ് വിവേചനബോധം രണ്ടുകൂട്ടരിലും ദൃഢമായുറക്കുന്നത്. കായികവിനോദങ്ങളിലെ പങ്കാളിത്തത്തിൽ പോലും കടുത്ത ആണ്‍പെണ്‍ വിവേചനം കാണാം; വീടുകളിലും സ്കൂളുകളിലും കലാലയങ്ങളിലും എല്ലാം.

അക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾ അത് തുറന്നു പറയാൻ മടിക്കുന്നതിലും സമൂഹത്തിനു ഗണ്യമായ പങ്കുണ്ട്. ദേശീയകുടുംബാരോഗ്യ സർവേ കഴിഞ്ഞ തവണ പുറത്തിറക്കിയ കണക്കുകൾ പ്രകാരം, കേരളത്തിൽ മൂന്നിൽ രണ്ടു സ്ത്രീകൾ, ഭർത്താവ് ഭാര്യയെ തല്ലുന്നത് ചില സാഹചര്യങ്ങളിൽ നീതീകരിക്കാനാവുന്നതാണെന്ന് വിശ്വസിക്കുന്നു. പകുതിയിലധികം പുരുഷന്മാരും ഇതുതന്നെ വിശ്വസിക്കുന്നു. ഈ കണക്കുകൾ അടുത്ത സർവേയിൽ മെച്ചപ്പെട്ട ഫലങ്ങൾ കാണിക്കുമെന്നു തന്നെ പ്രതീക്ഷിക്കാമെങ്കിലും ഇത്തരമൊരവസ്ഥയിൽ ഗാർഹികപീഡനത്തിന്റെ കണക്കുകൾ പോലും ശരിയായി ലഭിക്കാൻ കഴിയുകയില്ല എന്ന് ശ്രദ്ധിക്കേണ്ടതാണ്. പീഡനം ന്യായമാണ് എന്ന് വിശ്വസിക്കുന്നവർ തീർച്ചയായും അത് തുറന്നു പറയുകയില്ല. ഗാർഹികപീഡനത്തിനിരയായവരിൽ മൂന്നിലൊന്നു പേരേ പുറത്തുപറയുകയോ സഹായം തേടുകയോ ചെയ്തിട്ടുള്ളൂ എന്നാണു കണക്കുകൾ; ഇതിൽ തന്നെ കൂടുതലും കുടുംബത്തിനകത്ത് സഹായം തേടിയവരാണ്; പോലീസ്, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരിൽ നിന്ന് സഹായം തേടിയവർ വളരെ കുറവാണ്.

ഇത്തരം പൊതുബോധങ്ങളുടെ ആകെത്തുകയാണ് സമൂഹത്തിൽ സ്ത്രീ അനുഭവിക്കുന്ന വിവേചനങ്ങളും പിന്തള്ളപ്പെടലുകളും. ഇവയെ നേരിടുന്നതും ശക്തമായ സാമൂഹ്യബോധവത്കരണത്തിലൂടെയും നിയമനിർമാണത്തിലൂടെയുമേ സാധ്യമാകൂ.  സ്ത്രീയുടെ മുഖ്യധാരാപങ്കാളിത്തം ജനസംഖ്യാനുപാതികമായി ഉയർന്നു വരണമെങ്കിൽ പ്രത്യേകമായ ഒരു യത്നം അതിനായി തന്നെ വേണ്ടി വരും എന്നു വ്യക്തം. കുടുംബശ്രീമിഷൻ തുടങ്ങിയ സംരംഭങ്ങൾ ഇതുവരെ കേരളത്തിലെ സ്ത്രീശാക്തീകരണത്തിൽ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് വളരെ ശ്രദ്ധേയമാണ്; അത്തരം പ്രവർത്തനങ്ങൾ പൂർവാധികം ശ്രദ്ധയോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ടു കൊണ്ട് പോകേണ്ടത് അത്യാവശ്യമാണ്.

ചുരുക്കിപ്പറഞ്ഞാൽ, കേരളപ്പിറവിയുടെ അറുപതാം വർഷത്തിൽ എത്തി നിൽക്കുമ്പോഴും ലിംഗവിവേചനം ശക്തമായി തന്നെ നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു സമൂഹമെന്ന നിലയിൽ മുന്നോട്ടു പോയിട്ടില്ലെന്നല്ല; ഇതുവരെ പോയതിനേക്കാൾ എത്രയോ ഇനിയുമൊരുപാട് പോകാനുണ്ടെന്ന തിരിച്ചറിവാണ് ഇനിവരുന്ന വർഷങ്ങളിൽ നമ്മെ നയിക്കേണ്ടത്. ജനസംഖ്യയുടെ പാതിവരുന്ന വിഭാഗത്തിന്റെ പുരോഗതി പിന്നിൽ നിൽക്കുമ്പോൾ ഒരു ജനതക്ക് സമഗ്രമായ പുരോഗതി അവകാശപ്പെടാനാവില്ല. ജാതി, മതം, നിറം, സെക്ഷ്വൽ ഓറിയന്റെഷൻ തുടങ്ങിയ മറ്റു വിവേചനങ്ങൾക്ക് പുറമെയാണ് ലിംഗവിവേചനം എന്ന് ചിന്തിക്കുമ്പോൾ, അത്തരം വിവേചനങ്ങൾക്കിരയാകുന്ന വിഭാഗങ്ങൾ മാറ്റി നിർത്തിയാൽ, പിന്നാരാണ്‌ പുരോഗമിക്കുന്നത് എന്ന കടുത്ത ചോദ്യം ഉയർന്നു നിൽക്കും. നൂറുവർഷം തികക്കുന്ന കേരളം ഈ ചോദ്യത്തിനു മുന്നിൽ വീണ്ടും തലകുനിച്ചു നിൽക്കാൻ ഇടയാകരുതെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകണം.

Sources:
1. 2014 Global Gender Gap Report by World Economic Forum.
2. State Census 2011
3. SRS Statistical Report 2012
4. National Family Health Survey (2005-06)
5. National Crime Records Bureau
6. Election Commission of India


Saturday 24 October 2015

ഒരു‌ മെറിറ്റ്‌-വെഴ്സസ്-സംവരണചിന്ത



(ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ നടന്ന ജാതിസംവരണചർച്ചയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പൊട്ടും പൊടിയും ചേർത്ത് എടുത്തത്)

ജനാധിപത്യത്തിൽ ‌'മെറിറ്റി'ന്റെ സ്ഥാനം എവിടെയാണ്? അതു പങ്കാളിത്തത്തിനും മുമ്പു വരുമോ ശേഷം വരുമോ?

സൗദി അറേബ്യയിൽ സ്ത്രീകളുടെ പ്രശ്നങ്ങളും അവകാശങ്ങളും ചർച്ച ചെയ്യുന്ന കോൺഫറൻസിന്റെ ചിത്രം ഓർക്കുന്നുണ്ടോ? (റിയൽ ആണോ എന്നറിയില്ല) അതിൽ എല്ലാം പുരുഷന്മാരായിരുന്നു. അവിടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരെല്ലാം പൊതുവെ പുരുഷന്മാരായതു കൊണ്ടാണങ്ങിനെ; അവർ ചർച്ച ചെയ്യുന്ന സാമൂഹ്യപ്രശ്നങ്ങളിലൊന്നു മാത്രമാണിത്. അതു സ്വീകാര്യമാണോ? അതോ അവിടെ സ്ത്രീ പ്രാതിനിധ്യം ആവശ്യമാണോ? 

ഔദ്യോഗികപദവികളിലിരിക്കുന്ന 'മെറിറ്റ്' ഉള്ള പുരുഷന്മാർ തീരുമാനിച്ചാൽ പോരെ സ്ത്രീകൾക്ക് എന്തൊക്കെ 'കൊടുക്കാം' എന്ന്? സ്ത്രീകളില്ലാത്ത സ്ത്രീകൾക്കു വേണ്ടിയുള്ള കോൺഫറൻസ് എന്നു പരിഹസിച്ചു ഷെയർ ചെയ്ത പല സംവരണവിരുദ്ധരും മനസ്സിലാക്കിയോ എന്തോ അവർ പങ്കാളിത്ത ജനാധിപത്യ ത്തെ സപ്പോർട്ട് ചെയ്യുകയായിരുന്നു എന്ന്. സ്ത്രീകൾ പകുതിയുള്ള ജനതയുടെ ഭരണത്തിൽ സ്ത്രീകൾക്കു പങ്കാളിത്തം വേണം എന്നാണവർ അറിയാതെ പറഞ്ഞുപോയത്. സ്ത്രീകളുടെ ഉദാഹരണം പറഞ്ഞെന്നേയുള്ളൂ; വിഷയം ജാതിസംവരണം തന്നെ.

ഉദാഹരണമായി, നിങ്ങളുടെ സംസ്ഥാനത്തിലേക്കാൾ 'മെറിറ്റു'ള്ളവർ അടുത്ത സംസ്ഥാനത്തിലാണെങ്കിൽ സർക്കാർ ജോലികളിലും പാർലമെന്റ്/ അസംബ്ലി പ്രാതിനിധ്യത്തിലും അവരെ നിയമിച്ച് ഇവിടെ വെറും 'പ്രജ'കളായി ജീവിക്കാനും ഒരുനാൾ പ്രയത്നഫലമായി അവരുടെ അതേ നിലവാരത്തിൽ എത്തും എന്നാശ്വസിച്ചു കഴിയാനും തയ്യാറാവുമൊ? അതോ കേരളത്തിലുള്ളവരുടെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും പരിഗണന ലഭിക്കാൻ കേരളത്തിൽ നിന്നു തന്നെ പ്രതിനിധികളും സർക്കാർ ജീവനക്കാരും വേണമെന്നുണ്ടോ?

എന്തിന്, തെരഞ്ഞെടുപ്പു തന്നെ വേണോ? പരീക്ഷ നടത്തി ദേശീയതലത്തിൽ മെറിറ്റ് ഉള്ള ഭരണാധികാരികളെ കണ്ടെത്തിയാൽ പോരെ? പരീക്ഷയിൽ ശോഭിച്ചവർ എല്ലാവരും ഡൽഹിക്കാർ ആണെന്നിരിക്കട്ടെ; കേരളത്തിന്റെ പ്രശ്നങ്ങൾ ഉൾപ്പെടുത്തുമെന്നുറപ്പുവരുത്താൻ കേരളത്തിൽ നിന്നു പ്രതിനിധികൾ വേണം എന്നു പറയേണ്ടതുണ്ടോ? ഡൽഹിക്കാർ ആണെങ്കിലും 'മെറിറ്റ്' ഉണ്ടായാൽ പോരെ? അതോ ഒരു നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവർ ഭരണതലത്തിൽ തഴയപ്പെടില്ല എന്നുറപ്പു വരുത്താനും അവരെ പ്രതിനിധാനം ചെയ്യുമെന്നുറപ്പുള്ള പ്രതിനിധികളാണോ വേണ്ടത്?

ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളാണ് പങ്കാളിത്തവും പ്രാതിനിധ്യവും. അധികാരവികേന്ദ്രീകരണം പോലുള്ളവയുടെ അടിസ്ഥാനവും ഇതു തന്നെ. സമൂഹത്തിലെ വിവിധവിഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായും കഴിയാവുന്നത്ര സാമൂഹ്യവൈവിധ്യത്തോടെയും മാക്സിമം പങ്കാളിത്തം ഭരണസംവിധാനത്തിൽ ഉറപ്പുവരുത്തുക എന്നതാണ് പങ്കാളിത്ത ജനാധിപത്യത്തിന്റെ അടിത്തറ. ഇതു‌ ഭൂമിശാസ്ത്രപരമായി അംഗീകരിക്കാൻ പറ്റുന്നവർക്ക് ഡെമോഗ്രാഫിക്കലി അംഗീകരിക്കാൻ പറ്റുന്നില്ല എന്നതാണ് വിചിത്രം. കാലങ്ങളായി ഭരണത്തിൽ നിന്നും, ഭരണകൂടം നടപ്പിലാക്കുന്ന സംവിധാനങ്ങളിൽ നിന്നും വരെ തഴയപ്പെട്ട്, തീർത്തും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഭരണയന്ത്രത്തിൽ ഉൾക്കൊള്ളിക്കുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. ഇവിടെ അധികാരം പങ്കിടുകയാണ് ഉദ്ദേശ്യം; മെറിറ്റിനു ഈ ലെവെലിൽ സ്ഥാനമില്ല.

മെറിറ്റ് രണ്ടാമതു വരുന്നതാണ്. അതായത്, ജോഗ്രഫികും ഡെമോഗ്രാഫികും ആയ പരിഗണനകൾക്കു ശേഷം ഇത്ര സീറ്റുകൾ ഇന്നയിന്നത് എന്നു തീരുമാനിക്കുന്നു; ആ സീറ്റിൽ ആ ക്രൈറ്റീരിയ അനുസരിച്ച് ലഭ്യമായവരിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. ആ ക്രൈറ്റീരിയക്കകത്തു വരുന്നവർ തമ്മിൽ ആണ് മെറിറ്റ് അടിസ്ഥാനത്തിൽ മത്സരം.തമിഴ്നാട്ടിലെ സർക്കാർജോലിക്കുള്ള മെറിറ്റ് ലെവലും കേരളത്തിലുള്ളതും ഒരുപോലെ ആവണമെന്നില്ല എന്നതുപോലെ തന്നെ ഇതും; വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള മെറിറ്റ് ലെവൽ ഒരുപോലെയായിരിക്കണമെന്നില്ല. സംവരണം യോഗ്യതക്കു‌ പകരമാവുന്നുമില്ല; ബിരുദം ആവശ്യമുള്ള ജോലിക്ക് ബിരുദക്കാർ തന്നെ വേണം.

സംവരണവിരുദ്ധർക്ക് 'മെറിറ്റ്' തലയിൽ കേറാനുള്ള പ്രധാനകാരണം ഇതെല്ലാം വ്യക്തിപരമായ നേട്ടങ്ങൾക്കായുള്ള ഒരു ജോലി/ വരുമാനമാർഗം മാത്രമായി കാണുന്നതാണ്; അങ്ങനെ നോക്കുമ്പോൾ സംവരണം ചാരിറ്റി ആണെന്നു തോന്നും. സർക്കാർ ജോലി പക്ഷെ അങ്ങനെയല്ല; ഓരോ സർക്കാർ ഉദ്യോഗസ്ഥനും വലിയ അളവിലോ ചെറിയ അളവിലോ ഭരണ യന്ത്രത്തിന്റെ ഭാഗമാണ്. പങ്കാളിത്തജനാധിപത്യത്തിൽ ഭരണസംവിധാനം വളരെ വിപുലമായ ഒന്നാണ്; അതിലെ ഓരോ വ്യക്തിയും ചെറുതോ വലുതോ ആയ ഭരണപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നുണ്ട്. അതു കൊണ്ടാണവിടെ ജനസംഖ്യാനുപാതത്തിൽ പങ്കാളിത്തം പ്രധാനമാകുന്നത്. 

ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന ഒരു വിഭാഗം, സാമൂഹ്യമായ കാരണങ്ങളാൽ കാലങ്ങളായി തഴയപ്പെട്ട ഒരു വിഭാഗം, അവരടക്കമുള്ള ജനതയുടെ ഭരണസംവിധാനത്തിൽ പങ്കു വഹിക്കുന്നില്ല എന്നത് സ്വീകാര്യമല്ല എന്നതു കൊണ്ടാണ് അവരുടെ മിനിമം പങ്കാളിത്തം ഉറപ്പു വരുത്താൻ സംവരണം നടപ്പിലാക്കിയിരിക്കുന്നത്. അവരുടെ പങ്കാളിത്തം സംവരണമില്ലാതെ തന്നെ ഉണ്ടായിരിക്കുമെന്ന അവസ്ഥ വരുമ്പോൾ സംവരണത്തിന്റെ ആവശ്യവും ഇല്ലാതാകും; അപ്പോഴേ ഇല്ലാതാകൂ.

ജനസംഖ്യാനുപാതം എന്നാൽ കൃത്യാനുപാതം എന്നു തെറ്റിദ്ധരിക്കരുത്. 70% പിന്നോക്കക്കാർ ഉണ്ടെങ്കിൽ സംവരണശതമാനം 70% ന്റെ അടുത്തുപോലും വരില്ല. മിനിമം പങ്കാളിത്തം മാത്രമാണുറപ്പു വരുത്തുന്നത്. ഉദാഹരണത്തിന്, ജനസംഖ്യയിൽ പകുതി സ്ത്രീകളാണ്; എന്നാൽ സ്ത്രീസംവരണം ആവശ്യപ്പെടുന്നത് 33% ആണ്; 50% അല്ല. ജാതിസംവരണവും ഇത്തരം മിനിമം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. അത്രയെങ്കിലും പങ്കാളിത്തം അവർ കൂടി ഭാഗമായ ജനാധിപത്യവ്യവസ്ഥയുടെ ഭരണതലത്തിൽ അവർക്കു വേണം എന്നതാണ് ഉദ്ദേശ്യം.

സംവരണവിരുദ്ധർക്ക് പൊതുവെ വിഷമമുണ്ടാക്കുന്ന ഒരു കാര്യം‌ 'എനിക്കു കിട്ടേണ്ട' സീറ്റ്/ജോലി സംവരണക്കാരൻ കൊണ്ടുപോയി എന്നതാണ്. ആദ്യം മനസ്സിലാക്കേണ്ടത് അത് "എന്റെ സീറ്റ്" ആയിരുന്നില്ല എന്നതാണ്; അതു ദഹിക്കണമെങ്കിൽ പങ്കാളിത്തജനാധിപത്യ ത്തെ കുറിച്ചാദ്യം മനസ്സിലാക്കണം. തമിഴ്നാട്ടിലെ സർക്കാർ ജോലിക്കുള്ള കട്ട് ഓഫ് കുറഞ്ഞിരിക്കുകയും നിങ്ങളുടെ സ്കോർ അതിലുമെത്രയോ കൂടിയിരിക്കുകയും ചെയ്താലും അതു 'നിങ്ങൾക്കു കിട്ടേണ്ട' ജോലി ആവില്ല. തമിഴ്നാട്ടിലെ ജയിച്ച ജനപ്രതിനിധിക്ക് ഇവിടുത്തെ തോറ്റ സ്ഥാനാർഥിയേക്കാൾ വോട്ട് കുറഞ്ഞിരുന്നാലും ആ സീറ്റ് ഇവിടുത്തെ സ്ഥാനാർഥിക്ക് കിട്ടേണ്ടിയിരുന്നതാവില്ല. ഈ ജോഗ്രഫി മാറ്റി ഡെമോഗ്രഫി ഇട്ടാൽ ജാതിസംവരണം ആയി. അവരുടെ പങ്ക് നിങ്ങളുടേതാവുന്നില്ല; അതവരുടെ പങ്കാളിത്തം ഭരണസംവിധാനത്തിൽ ഉറപ്പുവരുത്താനുള്ള, അവർക്കു വേണ്ടിയുള്ള, സീറ്റാണ്. Its not yours to give or take!

Saturday 17 October 2015

ഹിന്ദുവിന്റെ പശു: ബലിക്കല്ലിൽ നിന്നും കാർഷികോപയോഗത്തിലേക്കും പുണ്യപദവിയിലേക്കും, ഒടുവിൽ രാഷ്ട്രീയായുധമെന്ന നിലയിലേക്കും

(അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/14088/the-myth-of-holy-cow-india-brahmanism-atrocities-dalit-muslims-dn-jha-anupama)






















(Written as an introduction to the Malayalam translation of D N Jha's 'The myth of holy cow' by Insight Publica)

ആനുകാലികമായ നന്മതിന്മാബോധങ്ങൾക്കനുസൃതമായി പ്രാചീനമായ പ്രമാണഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചെടുക്കുന്ന പ്രവണത എന്നും നിലവിലിരുന്ന ഒന്നായിരുന്നു എന്നുവേണം കരുതാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പലപ്പോഴായി നിലനിന്നിരുന്ന  സംസ്കാരങ്ങൾക്ക് സംഘടിതരൂപം കൈവരുത്താനുള്ള രാഷ്ട്രീയലക്ഷ്യങ്ങൾ ഇന്നത്തെ കാലത്ത് പല പുനർവ്യഖ്യാനങ്ങൾക്കും കാരണമായിട്ടുമുണ്ടാവാം. ഇന്നത്തെ ഹൈന്ദവനന്മതിന്മാബോധവും അനുഷ്ഠാനങ്ങളും വേദകാലങ്ങൾ തൊട്ട് തന്നെ നിലനിന്നുവരുന്നതാണ് എന്ന വീക്ഷണമാണ് ഇത്തരം പുനർവ്യാഖ്യാനങ്ങളുടെ പ്രധാനപ്പെട്ട ഒരു നിർണ്ണയം. ഇത്, അന്നുമിന്നും വൈവിധ്യങ്ങൾ നിലനിന്നിരുന്ന, അനവധി മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും തുടരെത്തുടരെ വിധേയമായിരുന്ന, ഒരു സംസ്കാരത്തെ അനുചിതമാം വിധം ലളിതവൽക്കരിക്കൽ ആണെന്ന് പറയാതെ വയ്യ. 
ഗോമാതാവ് എന്ന പുണ്യസങ്കല്പമാണ് ഇത്തരത്തിലൊന്ന്. വേദകാലം തൊട്ടേ പശു പുണ്യമൃഗമായി കണക്കാക്കപ്പെട്ടു വരികയും ഗോഹത്യ നിരോധിക്കപ്പെട്ടിരിക്കുകയും ചെയ്തിരുന്നു എന്നത് തീരെ വസ്തുനിഷ്ടമല്ലാത്ത ഒരു വിശ്വാസമാണ്; ആരോപിക്കപ്പെടുന്ന ഈ അന്തർലീനമായ പവിത്രതയുടെ വേരുകൾ പരിശോധിക്കുകയാണിവിടെ. വേദകാലഘട്ടത്തിൽ നിലനിന്നിരുന്ന വേദധർമം, ഗോബലി അടക്കമുള്ള യജ്ഞങ്ങളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായിരുന്നുവെന്ന്, അക്കാലത്തെ സാമൂഹ്യജീവിതശൈലിയും പുരാവസ്തുത്തെളിവുകളും വേദഗ്രന്ഥങ്ങളും നിയമഗ്രന്ഥങ്ങളും മറ്റു കൃതികളുമെല്ലാം പരിശോധിച്ച്, അവ നല്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുകയാണ് ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ഡി. എൻ. ഝാ ചെയ്യുന്നത്. 
അക്കാലത്തേത്  പ്രധാനമായും ഇടയജീവിതശൈലി ആയിരുന്നതിനാൽ പ്രധാനസ്വത്തും ആഹാരവുമെല്ലാം കന്നുകാലികൾ തന്നെയായിരുന്നു; തങ്ങൾ ആഹരിച്ചിരുന്ന വസ്തുക്കൾ തന്നെയാണ് എക്കാലത്തെയും പോലെ ദൈവങ്ങൾക്ക് നൈവേദ്യമായും സമർപ്പിച്ചിരുന്നത്.. യജ്ഞമൃഗത്തിന്റെ മാംസം നിരാകരിക്കുന്നത് പാപമായി കരുതിയിരുന്ന കാലഘട്ടമാണിത്; യജ്ഞങ്ങൾക്കും വിശിഷ്ടാതിഥികൾ, പണ്ഡിതബ്രാഹ്മണർ എന്നിവർക്കെല്ലാം അതിഥിസൽക്കാരം നടത്താനുമെല്ലാം മൃഗബലി അത്യന്താപേക്ഷിതമായി കണക്കാക്കിയിരുന്നു; ഇതിൽ ഗോബലിയും ഉൾപ്പെട്ടിരുന്നു.  
എഴുതപ്പെട്ട തെളിവുകൾ മാത്രമല്ല, പുരാവസ്തുത്തെളിവുകളും ധാരാളമായി ഗോഹത്യക്ക് ആധാരമായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. BCE ഒന്നാം നൂറ്റാണ്ട് മുതൽ പുറകോട്ട് ഒരുലക്ഷം വർഷങ്ങൾ മുമ്പ് വരെ പശുക്കളുടെയും കാളകളുടെയും അസ്ഥിത്തെളിവുകൾ ഇന്ത്യയിൽ പലയിടങ്ങളിലായി ധാരാളം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സാധാരണ രീതിയിൽ മരണപ്പെടുന്ന പശുവിന്റെ അസ്ഥികളും കശാപ്പു ചെയ്ത പശുവിന്റെ അസ്ഥികളും വേർതിരിച്ചറിയാം; രണ്ടാമത്തേതിൽ ആയുധത്താൽ ഛേദിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ടാവും. പലപ്പോഴും അതതുകാലങ്ങളിലെ ആയുധങ്ങൾക്കൊപ്പമാണ് അസ്ഥികൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളതും. പ്രാചീന ഇന്ത്യയിൽ ഗോമാംസം സർവസാധാരണമായിരുന്നു എന്നതിലേക്കാണ് ഇത്തരം കണ്ടെത്തലുകളുടെ ബാഹുല്യം വിരൽചൂണ്ടുന്നത്.
രണ്ടിതിഹാസങ്ങളിലും ധാരാളമായി കാണുന്ന, മാംസാഹാരത്തെ പറ്റിയുള്ള പരാമർശങ്ങളും ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നു. യുധിഷ്ഠിരൻ മൃഗങ്ങളെ വേട്ടയാടി കൊണ്ടുവന്നുതരുമെന്ന് ദ്രൗപദി ജയദ്രഥനോട് വാഗ്ദാനം ചെയ്യുന്നു. പാചകശാലയിൽ ദിവസവും രണ്ടായിരം പശുക്കളുടെ മാംസവും ധാന്യവും ബ്രാഹ്മണർക്ക് ദാനം ചെയ്തിരുന്ന രാജാവാണ് മഹാഭാരതത്തിൽ രന്തിദേവൻ; ദയാപരൻ, ദാനശീലൻ എന്നെല്ലാം രന്തിദേവൻ പ്രശംസിക്കപ്പെടാറുണ്ട്.വാത്മീകിരാമായണത്തിൽ, ധർമശാസ്ത്രത്തിൽ ഭക്ഷ്യയോഗ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മൃഗങ്ങളെ ബലികഴിക്കുന്ന യജ്ഞം നടത്തിയതിനു ശേഷമാണ് ദശരഥനു പുത്രൻ ജനിക്കുന്നത്. യമുന മുറിച്ചു കടക്കുമ്പോൾ സീത നദിയോട്, രാമന്റെ പ്രതിജ്ഞാനിർവഹണത്തിനു ശേഷം മടങ്ങിവരുമ്പോൾ ആയിരം പശുക്കളെയും നൂറു മദിരകുംഭങ്ങളെയും സമർപ്പിക്കാമെന്ന് വാക്ക് കൊടുക്കുന്നു; ഗംഗയോടും ഇത്തരമൊരു വാഗ്ദാനം സീത ചെയ്യുന്നുണ്ട്. ഭരദ്വാജൻ രാമനെ വരവേൽക്കാൻ കൊഴുത്ത പശുക്കിടാവിനെ കശാപ്പു ചെയ്യുന്നു.
പിൽക്കാലത്ത് ഉപനിഷത്തുക്കളിലാണ് അഹിംസ എന്ന ആശയം തന്നെ ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്; എന്നാലിത് ഒരു വ്യവസ്ഥിതിയായി അപ്പോഴും മാറിയില്ല. ബുദ്ധിസം അഹിംസ പ്രചരിപ്പിക്കാൻ അതിന്റേതായ ശ്രമങ്ങൾ നടത്തിയെങ്കിലും മാംസാഹാരം അത്ര പ്രബലമായിരുന്ന സമൂഹത്തിൽ കാതലായ ഒരു മാറ്റം വരുത്താൻ അവർക്കും കഴിഞ്ഞില്ല എന്ന് മാത്രമല്ല; ധർമപ്രചാരണത്തിനും സ്വീകാര്യതക്കും വേണ്ടിയാകണം പലപ്പോഴും പല വിട്ടുവീഴ്ചകൾക്കു വിധേയമാവേണ്ടി വരികയും തദ്ദേശങ്ങളിലെ ആചാരങ്ങൾ ഒരുപാടൊന്നും മാറ്റങ്ങളില്ലാതെ ഏറ്റെടുക്കെണ്ടിയും വന്നു. ജൈനിസം, മറിച്ച്, ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതെ ശക്തമായി തന്നെ അഹിംസയെ ഉയർത്തിപ്പിടിച്ചു; അതാകട്ടെ ബുദ്ധിസത്തെ അപേക്ഷിച്ച്, ഒരുപാടൊന്നും ഒരു മതം എന്ന രീതിയിൽ വളർന്നതുമില്ല.
മദ്ധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ, കാർഷികവൃത്തി കൂടുതൽ വ്യാപിക്കുകയും കൂടുതൽ കൂടുതൽ പേർ കാർഷികവൃത്തിയിൽ എർപ്പെട്ടു തുടങ്ങുകയും ചെയ്തപ്പോഴാണ് കന്നുകാലികൾക്ക് കാർഷിക ഉപയോഗങ്ങൾ കൂടി വരികയും പശുവിനു ഒരുതരം പുണ്യപദവി നല്കപ്പെട്ടു തുടങ്ങുകയും ഗോഹത്യ പാപമായി കണക്കാക്കപ്പെട്ടു തുടങ്ങുകയും ചെയ്തത്. പ്രമാണങ്ങളിൽ കലിയുഗം എന്നറിയപ്പെടുന്ന യുഗത്തിൽ, വേദനിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ പുതിയ നിയമങ്ങൾ നിലവിൽ വന്നു; കലിവർജ്ജ്യ എന്ന പേരിൽ കലിയുഗത്തിൽ വർജ്ജിക്കേണ്ടതായ വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്നായി ഗോമാംസം മാറി. ഇങ്ങനെ ആദ്യസഹസ്രാബ്ദത്തിൽ ബലിമൃഗത്തിൽ നിന്ന് അലംഘനീയതയിലെക്കൊരു പരിണാമം പശു കൈവരിച്ചു. എന്നാലപ്പോഴും മഹാപാതകങ്ങളിലൊന്നായല്ല, ഉപപാതകങ്ങളിൽ ഒന്നായി മാത്രമേ ഗോഹത്യ കണക്കാക്കപ്പെട്ടിരുന്നുള്ളൂ; അതായത് ചെറിയ തെറ്റുകളിലൊന്ന്.
പശുവിൽ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങൾ, വിസർജ്ജ്യം അടക്കമുള്ളവ പരിശുദ്ധവസ്തുക്കളായും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്; എന്നാൽ പശുവിന്റെ വായ്‌ മാത്രം എന്തുകൊണ്ടോ അശുദ്ധമായ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്; പശു മണത്തു നോക്കിയ ആഹാരം പോലും അശുദ്ധമാണെന്ന വിശ്വാസത്തോടൊപ്പം തന്നെ ഗോമൂത്രം ഔഷധമാണെന്ന വിശ്വാസവും നിലനിന്നിരുന്നു എന്നതും വിചിത്രമാണ്. പശുവിന്റെ പാൽ, തൈര്, വെണ്ണ, മൂത്രം, ചാണകം എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യം ശ്രേഷ്ഠമായി കണക്കാക്കപ്പെട്ടിരുന്നു; എന്നാലിത് തന്നെ ശൂദ്രരും സ്ത്രീകളും ഉപയോഗിക്കാൻ പാടില്ലെന്നും പഞ്ചഗവ്യം ഉപയോഗിക്കുന്ന ശൂദ്രൻ നരകത്തിൽ പോകുമെന്നും നിയമം നിലനിന്നിരുന്നു; പിന്നീടീ നിയമത്തെ ലഘൂകരിച്ച്, വേദമന്ത്രങ്ങൾ ചൊല്ലാതെ പഞ്ചഗവ്യം ഉപയോഗിക്കാൻ സ്ത്രീകൾക്കും ശൂദ്രർക്കും അനുമതി നൽകിക്കൊണ്ട് മറ്റൊരു നിയമജ്ഞൻ പ്രസ്താവിക്കുന്നുണ്ട്.


ഡോക്ടർ ബി ആർ അംബേദ്കറുടെ “The Untouchables: Who Were They and Why They Became Untouchables?” എന്ന പുസ്തകത്തിൽ തൊട്ടുകൂടായ്മയുടെ തന്നെ കാരണമായി ആഹാരശീലത്തിലുള്ള വ്യത്യാസങ്ങളെ കണക്കാക്കുന്നു. ഹിന്ദുവിനെ ആഹാരശീലപ്രകാരം മൂന്നായി വേർതിരിക്കാം; വെജിറ്റെറിയൻ ആഹാരം മാത്രം ഭക്ഷിക്കുന്നവർ, ബീഫ് ഒഴിച്ചുള്ള മാംസാഹാരം ഭക്ഷിക്കുന്നവർ, ബീഫടക്കമുള്ള മാംസാഹാരം കഴിക്കുന്നവർ. ഇതിലെ ആദ്യവിഭാഗം ബ്രാഹ്മണരും രണ്ടാമത്തെ വിഭാഗം അബ്രാഹ്മണഹിന്ദുക്കളും മൂന്നാമത്തെ വിഭാഗം തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്നവരുമാണ്. വേദവ്യാസസ്മൃതിയിൽ ഇത് വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുള്ളതും അംബേദ്‌കർ എടുത്തു പറയുന്നു. "L12-13. ചർമാകരും (ചെരുപ്പുകുത്തി) ഭട്ടരും (സൈനികർ) ഭില്ലരും രജകരും (അലക്കുകാർ) പുഷ്കരരും നടരും (അഭിനേതാക്കൾ) വ്രതരും മേധരും ചണ്ഡാലരും ദാസരും സ്വാപകരും കോലികരും ഗോമാംസം ഭക്ഷിക്കുന്ന ആരും 'അന്ത്യാജർ' (അയിത്തക്കാർ) ആകുന്നു"


ബ്രാഹ്മണർ എങ്ങനെ ആദ്യം ഗോമാംസാഹാരവും പിന്നീട് മാംസാഹാരം മുഴുവനായും ഉപേക്ഷിച്ചു എന്ന് അംബേദ്‌കർ പരിശോധിക്കുന്നു. വേദബലി സാധാരണമായിരുന്ന കാലത്ത്, പശു വിലകൂടിയ മൃഗമായിരുന്നതു കൊണ്ട് സാധാരണക്കാർ വിശിഷ്ടാവസരങ്ങളിൽ മാത്രമേ ഗോമാംസം ഭക്ഷിച്ചിരിക്കാൻ ഇടയുള്ളൂ. എന്നാൽ പുരോഹിതരായിരുന്ന ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം യജ്ഞമൃഗത്തിന്റെ മാംസം പതിവാഹാരം ആയിരുന്നു; ഗോബലി നടക്കുന്നിടത്തെല്ലാം പുരോഹിതർ ഗോമാംസം ഭക്ഷിച്ചിരുന്നു. ആത്രേയ ബ്രാഹ്മണത്തിൽ മൃഗബലി നടത്തേണ്ട വിധവും ബലിമൃഗത്തെ കഷണിക്കേണ്ട വിധവുമെല്ലാം വിശദമായി തന്നെ വിവരിക്കുന്നത് കാണാം.


പിന്നെന്തുകൊണ്ട് ഗോമാംസത്തിൽ നിന്നും, പിന്നീട് മാംസാഹാരത്തിൽ നിന്ന് മുഴുവനായും ബ്രാഹ്മണർ വിട്ടുനിന്നു? എന്തുകൊണ്ട് നിയമഗ്രന്ഥങ്ങളിൽ അഹിംസയും മാംസാഹാരവിരോധവും പ്രത്യക്ഷപ്പെട്ടുതുടങ്ങി? ഒരു പ്രധാനകാരണം ബുദ്ധിസവുമായുള്ള മത്സരം ആണെന്ന് അംബേദ്‌കർ സമർഥിക്കുന്നു; ഇന്ത്യയിൽ വളരെയധികം വളർച്ച പ്രാപിച്ച ബുദ്ധമതം വേദബലിയെ ശക്തമായെതിർക്കുകയും വേദധർമത്തെ പിന്തള്ളിത്തുടങ്ങുകയും ചെയ്തിരുന്നു. തത്ഫലമായി ബ്രാഹ്മണരുടെ അധികാരപദവികളും ബാധിക്കപ്പെട്ടു; ബ്രാഹ്മണരെക്കാൾ ബുദ്ധർ രാജസദസ്സുകളിലും പൊതുജനങ്ങൾക്കിടയിലും കൂടുതൽ സ്വീകാര്യരായിത്തുടങ്ങിയപ്പോൾ, പോയ പ്രതാപം തിരിച്ചുപിടിക്കാൻ തന്ത്രപ്രധാനമായ ചില മാറ്റങ്ങൾ ആവശ്യമായി വന്നു. യജ്ഞാധിഷ്ഠിതമായ വിശ്വാസധാരയിൽ നിന്ന് വിഗ്രഹാരാധനയിലേക്ക് മാറിയതു പോലും ഇത്തരം മാറ്റങ്ങളിലൊന്നാണ്. ബുദ്ധന്റെ മരണശേഷം, ബുദ്ധന്റെ അനുയായികൾ, ബുദ്ധന്റെ പ്രതിമകളും സ്തൂപങ്ങളും സ്ഥാപിച്ചു തുടങ്ങിയപ്പോഴാണ്, ക്ഷേത്രങ്ങൾക്കും  വിഗ്രഹങ്ങൾക്കും ഒരു പ്രസക്തിയും ഇല്ലാതിരുന്ന, ബലി/ യജ്ഞകർമങ്ങളിൽ അധിഷ്ഠിതമായിരുന്ന, ബ്രാഹ്മണിസം എന്നുതന്നെ വിളിക്കാവുന്ന വേദധർമം, ശിവനും വിഷ്ണുവിനും രാമനും കൃഷ്ണനും ക്ഷേത്രങ്ങൾ പണിതു തുടങ്ങിയതും ഹിന്ദുയിസം എന്ന പുതിയ പ്രതിച്ഛായ കൈവരിച്ചതും എന്ന് അംബേദ്‌കർ വിശദീകരിക്കുന്നു.


കാർഷികസംസ്കാരത്തിന്റെ തുടക്കത്തോടെ ഉപയോഗയോഗ്യത കൂടിയ ഒരു മൃഗമായി മാറിയിരുന്ന പശു യജ്ഞങ്ങൾക്ക് ബലിനൽകപ്പെട്ടിരുന്നത് വേദബലി നടത്തുന്ന ബ്രാഹ്മണർക്കെതിരെ പൊതുജനമനോഭാവം ഉണരാൻ കാരണമായിരുന്നിരിക്കണം; ബുദ്ധിസമാകട്ടെ ബലിയെ ശക്തമായെതിർത്തു എന്നത് ബുദ്ധിസത്തിനനുകൂലമായ പൊതുജനമനോഭാവത്തിനും കാരണമായി. യജ്ഞങ്ങൾ നടത്തുന്ന ബ്രാഹ്മണർ പശുവിനെ കൊല്ലുന്നവർ എന്ന ചീത്തപ്പേര് സമ്പാദിച്ചിരുന്നു; അതിഥിസൽക്കാരത്തിനു പശുവിനെ കൊല്ലേണ്ടതിനാൽ അതിഥി എന്ന അർഥത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന 'ഗോഘ്ന' എന്ന പദം കാലക്രമേണ മോശമായ പ്രയോഗമായി മാറിയതും ഇതു പോലെ തന്നെ. അതുകൊണ്ടുതന്നെ, ബുദ്ധിസത്തിനെതിരെയുള്ള തന്ത്രപ്രധാനമായ മാറ്റങ്ങളിൽ ഗോഹത്യ നിരോധിക്കുക എന്നത് സ്ഥാനം പിടിച്ചു. 

എന്നാൽ ബുദ്ധിസത്തിനേക്കാൾ ഉയർന്ന ഒരു പദവി അവകാശപ്പെടാൻ ഇതുമാത്രം മതിയാകുമായിരുന്നില്ല; അങ്ങനെയാണ് സസ്യാഹാരശീലം ഒരു ബ്രാഹ്മണചിഹ്നമായി തീർന്നത്. ബുദ്ധർ സസ്യാഹാരികൾ ആയിരുന്നില്ല എന്നിതിനോട് കൂട്ടിവായിക്കേണ്ടതാണ്; അഹിംസ എന്നാൽ മാംസാഹാരം ഉപേക്ഷിക്കുക എന്നർഥമുണ്ടായിരുന്നില്ല; കൊല്ലാതെ കിട്ടുന്ന മാംസം അനുവദനീയമായിരുന്നു. അത്തരത്തിലുള്ള മാംസം പോലും ഉപേക്ഷിച്ചു കൊണ്ട് ബ്രാഹ്മണർ ബുദ്ധരെക്കാൾ ഒരുപടി മുകളിൽ ധാർമികമായ മാഹാത്മ്യം അവകാശപ്പെട്ടു; പശുവിനെ പുണ്യമൃഗമായി പ്രഖ്യാപിക്കുക എന്നതും കാർഷികസമൂഹത്തിന്റെ മുമ്പിൽ ഈ മത്സരത്തിൽ മേൽക്കൈ നേടാനുള്ള ഒരു മാർഗം തന്നെയായി അംബേദ്‌കർ കാണുന്നു.


പശുവിനെ ദേവതയായി ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യാറില്ല; പശുവിനു വേണ്ടി അമ്പലങ്ങളും പണികഴിക്കപ്പെട്ടിരുന്നില്ല. ഇതെല്ലാം വെച്ചു നോക്കിയാൽ പശുവിന്റെ പെട്ടെന്നുയർന്നു വന്ന പവിത്രത, ദൈവികം എന്ന ബോധത്തിൽ നിന്നു ഉണ്ടായതിനേക്കാൾ, കാർഷികസംസ്കാരത്തിന്റെ തുടക്കത്തോടെ പശുവിന്റെ ഉപയോഗയോഗ്യത വർദ്ധിച്ചതിന്റെ ഫലമായുണ്ടായി എന്നുതന്നെയേ കരുതാനാവൂ. പശു, കാർഷികവൃത്തി ചെയ്തിരുന്നവർക്ക് ഒരു സ്വകാര്യസ്വത്തും അവശ്യവസ്തുവും ആയിരുന്നു എന്നതിനാലാവണം പശുവിനെ കൊല്ലുന്നതിനും മാംസം ഭക്ഷിക്കുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. ബ്രാഹ്മണർ അതൊരു മതനിയമമായി പ്രഖ്യാപിച്ചതോടെ അത് സമൂഹത്തിൽ വ്യക്തമായ ഒരു വിഭാഗീയതക്ക് വഴിവെച്ചു എന്നും കാണാം.


ബ്രാഹ്മണർ പശുവിനെ പുണ്യമൃഗമായി പ്രഖ്യാപിച്ചപ്പോൾ മറ്റുള്ളവർ എല്ലാവരും ഒരുപോലെ അതനുകരിച്ചില്ല എന്നത് വ്യക്തം; ഇതിന്റെ സാമൂഹ്യസാമ്പത്തികപശ്ചാത്തലവും അംബേദ്‌കർ പരിശോധിക്കുന്നുണ്ട്. പശുവിന്റെ പുണ്യപദവി അംഗീകരിച്ച് ബീഫ് ഉപേക്ഷിച്ചവർ, മേൽജാതിക്കാരെ അനുകരിക്കാനുള്ള സ്വാഭാവികപ്രവണത പിന്തുടർന്നവരാകണം എന്ന് അംബേദ്‌കർ പറയുന്നു; ഫ്രഞ്ച് എഴുത്തുകാരനായ ഗബ്രിയേൽ ടാർഡിന്റെ 'സംസ്കാരം സമൂഹത്തിൽ വ്യാപിക്കുന്നത് മേൽവിഭാഗങ്ങളെ കീഴ്വിഭാഗങ്ങൾ അനുകരിച്ചുകൊണ്ടാണ്' എന്ന വാദവും ഇവിടെ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ഈ അനുകരണം നടത്താതിരുന്നവർ മതത്തിനു പുറത്ത് നില്ക്കുന്നവരായി വീക്ഷിക്കപ്പെടുകയും തൊട്ടുകൂടാത്തവർ ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.


രാജവാഴ്ചയുടെ കാലങ്ങളിൽ ഭൂവുടമകൾ പൊതുവെ രാജാക്കന്മാരും രാജരക്തത്തിലുള്ളവരും ആയിരുന്നു എന്നതിൽ അത്ഭുതമില്ല. എന്നാൽ, ബ്രാഹ്മണന് ഭൂമിയെയും പശുവിനെയും  ദാനം ചെയ്യുക എന്നത് ക്ഷത്രിയരാജാക്കന്മാരുടെ കടമയായി പ്രഖ്യാപിക്കപ്പെട്ടതോടെ ബ്രാഹ്മണർ ഭൂവുടമകളായി മാറിയതും സ്വാഭാവികം. ബ്രാഹ്മണൻ ചോദിച്ച ദാനം നൽകാതിരിക്കുക എന്നത് മഹാപാപമാണ്. മഹാബലിയുടെയും  വാമനന്റെയും കഥ നാം എല്ലാ ഓണത്തിനും ഇപ്പോഴും പാടാറുള്ളതുമാണല്ലോ. കാർഷികാവശ്യത്തിനുള്ള രണ്ടവശ്യവസ്തുക്കളായിരുന്നു ഭൂമിയും പശുവും;  ബ്രാഹ്മണരോ ക്ഷത്രിയരോ ഇവർ ഭൂമി കൊടുക്കാൻ തയ്യാറായ ചില ആശ്രിതരോ അല്ലാത്ത ഭൂരിപക്ഷം പേർ ഭൂമിയില്ലാത്തവരും ദരിദ്രരും ആയിത്തീർന്നതിലും അസ്വാഭാവികതയില്ല.


എന്തുകൊണ്ട്, തൊട്ടുകൂടായ്മ സഹിച്ചുകൊണ്ട് കീഴ്ജാതിക്കാർ/ ദരിദ്രവിഭാഗങ്ങൾ ബീഫ് കഴിക്കുന്നത്‌ തുടർന്നു? എന്തുകൊണ്ട് ബ്രാഹ്മണരെ പോലെ ബീഫ് ഉപേക്ഷിച്ചില്ല? ഇതിനു ഗോഹത്യാവിരോധത്തിനു മുമ്പുള്ള കാലത്തെ രീതികളും ചേർത്തുവായിക്കേണ്ടതുണ്ടെന്നു അംബേദ്‌കർ പറയുന്നു. അക്കാലത്ത്, വിലപിടിച്ച പശുവിനെ കൊന്നു ഭക്ഷിക്കാൻ ധനികർക്കും പുരോഹിതരായ ബ്രാഹ്മണർക്കും മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ദരിദ്രവിഭാഗങ്ങൾ ചത്ത പശുവിന്റെ മാംസത്തെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് സ്വാഭാവികമായും. ഇക്കാരണത്താൽ തന്നെ ഗോബലിയും ഗോഹത്യയും ഗോമാംസാഹാരവും മേൽവിഭാഗങ്ങൾ നിർത്തലാക്കിയപ്പൊഴും ചത്തപശുവിനു പകരം വെക്കാൻ സുലഭമായ മറ്റാഹാരങ്ങൾ ദരിദ്രവിഭാഗത്തിനുണ്ടായിരുന്നില്ല; അവരുടെ ഉപജീവനം ധനികമേൽവിഭാഗത്തെ ആശ്രയിച്ചായിരുന്നു; മേൽവിഭാഗമാകട്ടെ കൃഷിയും കന്നുകാലിവളർത്തലും ഉപജീവനമാക്കിയിരുന്നവരായിരുന്നു. കാർഷികസമൂഹത്തിൽ, ആരുടെയെങ്കിലുമൊക്കെ പശു ചാവുന്നത് സുലഭവുമായിരുന്നുവെന്നോർക്കണം. ചത്ത പശുവിനെ കൊണ്ടുപോകുക എന്നത് ചില ജാതിവിഭാഗങ്ങളുടെ കടമയും അവകാശവും കൂടിയായി കണക്കാക്കപ്പെട്ടിരുന്നു. പശുവിനെ കൊല്ലാത്തതിനാൽ ഇത് അഹിംസക്കൊ ഗോഹത്യാനിരോധനനിയമങ്ങൾക്കോ എതിരായും ഭവിച്ചില്ല.

പശുവിനെ ഒരു മതപ്രതീകമാക്കി രാഷ്ട്രീയമായ ലക്ഷ്യങ്ങൾക്ക് ഉപയോഗിച്ചുതുടങ്ങുന്ന പ്രവണതയാകട്ടെ വളരെ അടുത്ത കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിൽ ശ്രദ്ധപിടിച്ചു പറ്റി ശക്തിയാർജ്ജിച്ച ഒരു പ്രതിഭാസമാണ്. ഇത് മുസ്ലിങ്ങളുടെ ബീഫ് ഉപയോഗത്തെ ആധാരമാക്കി വളർന്നുവന്ന ഒരു പ്രക്ഷോഭവുമാണ്. 1880 കളിലും 1890 കളിലും വൻതോതിലുള്ള വർഗീയകലാപങ്ങൾക്ക് തന്നെ ഈ വിഷയം കാരണമായി. ദയാനന്ദസരസ്വതി ഗോരക്ഷിണിസഭയുണ്ടാക്കി ഗോവധത്തിനെതിരെ രംഗത്ത് വരികയും മുസ്ലിങ്ങളുടെ ബീഫ് ഉപയോഗത്തെ വലിയൊരു പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരികയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദുത്വ സംഘടനകൾ ഇത് പൂർവാധികം ആർജ്ജവത്തോടെ വീണ്ടും ഏറ്റെടുത്തു; ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള ഒരു പ്രതീകമെന്ന നിലയിൽ പശു വലിയൊരു രാഷ്ട്രീയസാധ്യതയായി. പശു ഗോമാതാവ് ആയതിനാൽ ബീഫ് തീറ്റക്കാർ മാതാവിനെ വധിക്കുന്നവർ ആയി; അങ്ങനെ ഒരു പൊതുശത്രുവിനെ ഉണ്ടാക്കിയെടുത്തുകൊണ്ട് ഹിന്ദു ഏകോപനത്തിന് പശു ഒരു രാഷ്ട്രീയായുധമായി.

(Written as an introduction to the Malayalam translation of D N Jha's 'The myth of holy cow' by Insight Publica)

കുറിപ്പ്: റഫറൻസ് ലിസ്റ്റ് ഈ ലേഖനത്തിൽ ഉപ്പെടുത്താവുന്നതിനേക്കാൾ വളരെ വലുതാണ്‌; പുസ്തകത്തിൽ ഓരോ അധ്യായത്തിനുമപ്പുറം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്; മൂലകൃതിയിലും തർജമയിലും.