Thursday 16 January 2014

മണ്ണ്, പെണ്ണ്, അധിനിവേശം; സിനിമയെന്ന കോമാളിക്കണ്ണാടി!





















ആരവത്തിൽ പ്രസിദ്ധീകരിച്ചത് - http://aaravam.in/posts_00050/

2014 ജനുവരി 12, 13, 14, 15 തിയ്യതികളില്‍ വടകര സഫ്ദര്‍ ഹാശ്മി നാട്യസംഘം സംഘടിപ്പിച്ച നാലാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി വടകര ടൌണ്‍ ഹാളില്‍ വെച്ച് നടന്ന സിനിമാ ചര്‍ച്ചയുടെ വിഷയം ആയിരുന്നു 'മണ്ണ്, പെണ്ണ്, അധിനിവേശം; സിനിമ, പ്രതിരോധത്തിന്റെ ദൃശ്യഭാഷ'.

ഈ വിഷയം കണ്ടപ്പോള്‍ ആദ്യം ഓര്മ വന്നത് ചില മ്യൂസിയങ്ങളിലും എക്സ്ഹിബിഷനുകളിലും മറ്റും കാണാറുള്ള കോമാളിക്കണ്ണാടികള്‍ ആണ്. വലിച്ചു നീട്ടിയും മെലിഞ്ഞും ബലൂണ്‍ പോലെ വീര്‍പ്പിച്ചും ചെവികള്‍ നീണ്ടും കണ്ണുകള്‍ തുറുപ്പിച്ചും കൈകളും കാലുകളും നീട്ടിയും ചുരുക്കിയും ഒക്കെ പലവിധത്തില്‍ നമ്മുടെ രൂപത്തെ നമുക്ക് കാണിച്ചു തരുന്ന കണ്ണാടികള്‍ ! ഓരോ കാലഘട്ടങ്ങളിലെ സിനിമകളും ഇതുപോലുള്ള കണ്ണാടികളാണ്; നമ്മുടെ, സമൂഹത്തിന്‍റെ, സാധ്യമായ സൌന്ദര്യങ്ങളെയും വൈകൃതങ്ങളെയും അതേ പടിയോ പൊലിപ്പിച്ചോ ഒക്കെ നമുക്ക് തന്നെ കാണിച്ചു തരുന്ന കണ്ണാടികള്‍ ! അത് കൊണ്ടാവണം സിനിമ തുടങ്ങിയ കാലം തൊട്ട് ഇന്നോളം സ്ക്രീനിലും അണിയറയിലും സ്ത്രീപങ്കാളിത്തം നിരാശാജനകമാം വിധം കുറഞ്ഞിരിക്കുന്നത്. ഈ മേഖലയില്‍ സമരവീര്യത്തോടെ പിടിച്ചു നില്‍ക്കുന്നവരും മികച്ച സംഭാവനകള്‍ നല്കിയവരുമായ സ്ത്രീകളെ മറന്നു കൊണ്ടല്ല ഈ പ്രസ്താവന; അവര്‍ അപൂര്‍വമാണെന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം.

മനുഷ്യചരിത്രത്തില്‍ , സാമൂഹികമോ സാംസ്കാരികമോ ആയ, ബലപ്രയോഗത്തോടെയോ അല്ലാതെയോ നടന്നിട്ടുള്ള അധിനിവേശങ്ങള്‍ക്ക് ഭീമമായ പങ്കുണ്ട്. ഏതൊരു നാടിന്റെയും സമൂഹത്തിന്റെയും ചരിത്രവും സംസ്കാരവും തുടര്‍ച്ചയായ അധിനിവേശങ്ങളുടെ ബാക്കി പത്രം ആണെന്ന് കാണാം. ഇവിടെ, പെണ്ണ് അധിനിവേശത്തിന്റെ ഇര പോലുമല്ല! ഇരയും വ്യക്തി ആണല്ലോ. ജയിക്കുന്നവനും തോല്‍ക്കുന്നവനും പുരുഷന്‍ തന്നെയാണ്. തോല്‍ക്കുന്നവനില്‍ നിന്ന് ജയിക്കുന്നവനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന 'വസ്തുക്കള്‍ ' ആയിരുന്നു ചരിത്രത്തില്‍ മണ്ണും പെണ്ണും! ചരിത്രത്തിന്റെയും സമകാലീന സമൂഹത്തിന്‍റെയും ഈ വികൃതമായ മുഖം തന്നെയാണ്, സിനിമയും മറ്റു കലാരൂപങ്ങളും, നമുക്ക് നേരെ തിരിച്ചു വെച്ച കോമാളിക്കണ്ണാടികളില്‍ പ്രതിഫലിപ്പിച്ചു തരുന്നത്.

സിനിമയിലെ പെണ്ണിന്‍റെ 'വസ്തു'വല്‍കരണം ഇന്നും തുടര്‍ന്ന് പോരുന്ന ഒന്നാണ്.നായികയെ 'സ്വന്തമാക്കാന്‍' മത്സരിക്കുന്ന നായകന്മാരും വില്ലന്‍മാരും, പ്രതികാരത്തിനുള്ള 'ഉപാധികള്‍ ' ആയി ആക്രമിക്കപ്പെടുന്ന അമ്മയും പെങ്ങളും ഭാര്യയും കാമുകിയും, അതിനു മുമ്പ് ജീവിച്ചത് ജീവിതം അല്ലാത്തത് കൊണ്ടായിരിക്കണം അബലയായ നായികക്കൊരു 'ജീവിതം കൊടുത്തു സംരക്ഷിക്കുന്ന' നായകന്‍, സ്വന്തം നഗ്നത സമ്മതപ്രകാരമല്ലാതെ പൊതുമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോഴും ശാരീരികമായി ആക്രമിക്കപ്പെടുമ്പോഴുമെല്ലാം 'നശിച്ചുപോകുന്ന' പെണ്ണിരയുടെ ജീവിതം തുടങ്ങിയ ക്ലീഷെകളില്‍ നിന്ന് പുറത്ത് വരാന്‍ നമ്മുടെ സിനിമക്ക് ഇനിയും കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല ഉടനെയൊന്നും! കാരണം, ഈ മനോഭാവം, സിനിമ പ്രതിഫലിപ്പിക്കുന്ന സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് എന്നത് തന്നെ.

സിനിമക്ക് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റൊന്നാണ് ജെന്റര്‍ റോളുകളുടെ മഹത്വവല്‍കരണം! പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷം എന്ന് തോന്നുന്ന സിനിമകളില്‍ പോലും ലിംഗബോധത്തില്‍ അധിഷ്ഠിതമായ റോളുകള്‍ പര്‍വതീകരിക്കപ്പെടുന്നത്‌ കാണാം; അമ്മയും പെങ്ങളും കാമുകിയും ഭാര്യയും ആയല്ലാതെ ഒരു സ്ത്രീകഥാപാത്രത്തിനു പ്രസക്തി ഇല്ല. ഈ റോളുകളില്‍ നിന്ന് വേറിട്ടൊരു വ്യക്തിത്വം സ്ത്രീക്ക് അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്ത സമൂഹത്തിന്‍റെ ചിന്താധര്‍മ്മം തന്നെയാണ് സിനിമയിലും നാം കാണുന്നത്.  സ്ത്രീപക്ഷ സിനിമകള്‍ എന്നെടുത്തുകാണിക്കപ്പെടുന്ന സിനിമകളില്‍ സ്ത്രീയുടെ സഹനം ആണ് പൊതുവേ മഹത്വവല്‍ക്കരിക്കപ്പെടുന്നത്; സഹനശേഷി ആണ് സ്ത്രീകഥാപാത്രത്തിന്റെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്. സഹനശക്തി കൂടുതലുള്ള സ്ത്രീകള്‍ ആണ് പ്രേക്ഷകന്റെ സഹതാപവും ആദരവും പിടിച്ചു പറ്റുന്ന നായികമാര്‍ . 

 കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് ആണ് ശരീരത്തിലുപരി സ്ത്രീക്കുമൊരു മനസ്സുണ്ടെന്നു മലയാളിക്ക് മുമ്പില്‍ തുറന്നു കാണിക്കുന്ന സിനിമ എന്ന് പലരും പരാമര്‍ശിച്ച ഒന്ന്. മൂന്നു വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലുള്ള സ്ത്രീകള്‍ കഥാപാത്രങ്ങളാകുന്ന, വളരെ മനോഹരമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമക്കും വ്യവസ്ഥാപിതമായ ചില മൂല്യബോധങ്ങളില്‍ നിന്നും ലിംഗബോധത്തില്‍ നിന്നും പൂര്‍ണമായ വിടുതല്‍ ഇല്ലെന്നു കാണാം. ശ്രീവിദ്യയുടെ ആലീസ് എന്ന കഥാപാത്രം പരപുരുഷഗമനം നടത്തുന്നവളും അമ്മയെന്ന റോള്‍ ശരിയായി ചെയ്യാന്‍ കഴിയാത്തവളുമാണ്. കാണാതാകുന്ന മകള്‍ ഒളിച്ചോടിയതാണോ എന്നറിയാന്‍ അവളുടെ വസ്ത്രങ്ങള്‍ വല്ലതും അലമാരയില്‍ ഇല്ലാത്തതായി ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ , മകളുടെ വസ്ത്രങ്ങള്‍ ഏതൊക്കെ എന്നറിയാതെ തല കുനിച്ചു നില്‍ക്കുന്ന ആലീസ് പരാജയപ്പെട്ട അമ്മയാണ്. അങ്ങനെയൊരു സ്ത്രീക്ക് ഒടുവില്‍ രക്ഷ ആത്മഹത്യ മാത്രമാണെന്ന് സിനിമ വെളിപ്പെടുത്തുമ്പോള്‍ പ്രേക്ഷകന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ് പൊഴിക്കുന്നു; മറ്റെങ്ങനെയാണ് ആ കഥ അവസാനിപ്പിക്കുക?

സഹനത്തിന്റെ മൂര്‍ത്തീഭാവമാണ് സുഹാസിനിയുടെ വാസന്തി; ജോലിചെയ്യുന്ന വീട്ടമ്മ; കുടിയനായ ഭര്‍ത്താവിന്റെയും മേധാവിത്വസ്വഭാവമുള്ള ഭര്‍തൃമാതാവിന്റെയും ശാരീരികവും മാനസികവും ആയ പീഡനങ്ങള്‍ നിശബ്ദയായി സഹിക്കുന്നവള്‍ ! കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന, വീട്ടു ജോലികള്‍ ചെയ്യുന്ന, ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന മാതൃകാസ്ത്രീ! വാസന്തിയുടെ മോചനം മനോവിഭ്രാന്തിയിലാണ്; മരിച്ചു പോയ ഭര്‍തൃപിതാവിനെ പോലെ പെരുമാറുകയും ഉമ്മറത്തെ ചാരുകസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു ഭര്‍തൃമാതാവിനോട് 'അകത്തു പോടീ' എന്ന്  ആജ്ഞാപിക്കുകയും ചെയ്യുമ്പോള്‍ ഇവിടെയും രക്ഷ ഭര്‍തൃപിതാവ് എന്ന 'കുടുംബനാഥന്റെ' സ്ഥാനമാണ്. അംഗീകരിക്കപ്പെട്ട പുരുഷകാരണവര്‍ എന്ന സ്ഥാനം ആണ് വാസന്തിയുടെ മനോവിഭ്രാന്തിയില്‍ അവളുടെ രക്ഷക്കെത്തുന്നതും സഹനത്തില്‍ നിന്ന് അവളെ മോചിപ്പിക്കുന്നതും. 

സൂര്യയുടെ അമ്മിണി എന്ന കഥാപാത്രം അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്‍റെ സ്ത്രീപ്രതിനിധിയാണ്; അധ:സ്ഥിതവിഭാഗം എന്ന പാര്‍ശ്വവല്‍കരണത്തെ കൂടാതെ സ്ത്രീയെന്ന നിലയില്‍ വീണ്ടും പാര്‍ശ്വവല്‍കരിക്കപ്പെടുന്നവള്‍ ! മുതലാളിയുടെ കാമപൂര്‍ത്തിക്കുള്ള ഉപകരണമായി ഒടുവില്‍ ഗര്‍ഭിണിയായിരിക്കെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവള്‍ . തെരുവില്‍ വേട്ടയാടപ്പെടുമ്പോള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നവള്‍ . ഒടുവില്‍ അഭയം കണ്ടെത്തിയ ഷെല്‍ട്ടറില്‍ വന്നു പിന്തുടരുന്ന ക്യാമറകണ്ണുകളെ കണ്ണുകളാല്‍ ആക്ഷേപിച്ച്, ക്യാമറയെയും സംവിധായകനെയും തട്ടി മാറ്റി മറ്റു സ്ത്രീകളോടൊപ്പം സമൂഹത്തിലേക്കു ഓടിയിറങ്ങി വരുന്നവള്‍ . ആത്മഹത്യയിലും മനോവിഭ്രാന്തിയിലും ഷെല്‍ട്ടറിലും തളച്ചിടപ്പെടാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി, എന്റെ വിധി നിര്‍ണ്ണയിക്കാന്‍ നിങ്ങളെ അനുവദിക്കുകയില്ലെന്ന കരുത്തോടെ സിനിമയുടെ പരിസമാപ്തിയുടെ നിയന്ത്രണം സംവിധായകനില്‍ നിന്ന് സ്വയം ഏറ്റെടുക്കുന്നവള്‍ . ഇവിടെയാണ്‌, ക്ലൈമാക്സ്‌ സീനില്‍ ആണ് സിനിമ സ്ത്രീപക്ഷം എന്ന ലേബലിനോട് നീതി പുലര്‍ത്തുന്നത്.  

ഖസാക്കിന്റെ ഇതിഹാസകാരന്‍ ഖസാക്ക് എന്ന സ്ഥലത്തിന് അടിസ്ഥാനമാക്കിയ പാലക്കാട് അടുത്തുള്ള തസ്രാക്ക് എന്നയിടം സന്ദര്‍ശിച്ച വിവരം എഴുതിയപ്പോള്‍ ഒരു സുഹൃത്ത്‌ എഴുതിയ കമന്റ്‌ വലിയൊരു തിരിച്ചറിവായിരുന്നു. "ഖസാക്കിലെ രവിയുടെ സ്ഥാനത്ത് ഒരു പെണ്ണിനെ സങ്കൽപ്പിച്ച് നോക്കരുതോ. തോന്നിയവാസജീവിതം നയിക്കുകയും കുറ്റബോധമെന്ന പേരില്‍ വീണ്ടും അലമ്പ് ജീവിതം നയിക്കുകയും അസ്തിത്വ ദുഃഖം എന്ന സുഖം പേറി നടക്കുകയും ചെയ്യുന്ന ഒരു സ്ത്രീ കഥാപാത്രം അലഞ്ഞ വഴികൾ തീർത്ഥാടന കേന്ദ്രം പോലെ ആളുകള്‍ അന്വേഷിച്ച് എത്തുമോ. ആ കൃതി എത്ര തന്നെ സൗന്ദര്യവത്താണങ്കിലും ശരി". ശരിയാണ്; അത്തരമൊരു സ്ത്രീകഥാപാത്രത്തിനു രവിക്ക് ലഭിച്ച അംഗീകാരമോ സ്വീകാര്യതയോ ലഭിക്കുമോ?രവിയുടെത് അസ്തിത്വാനേഷണം എന്നടയാളപ്പെടുത്തുന്നവര്‍ ആ കഥാപാത്രം സ്ത്രീ ആയിരുന്നുവെങ്കില്‍ അവളുടെ ലൈംഗികാന്വേഷണം എന്നതിലുപരി അതിനെ കാണാന്‍ തയ്യാറാകുമോ?

സഫ്ദര്‍ ഹാശ്മി ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഹ്രസ്വചിത്രമത്സരത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു ചിത്രമായിരുന്നു 9 Months. ശക്തമായ ഒരു പ്രമേയമുള്ള ചിത്രം; സിറ്റി യില്‍ ഒരു ട്രെയിനിംഗ് നു വേണ്ടി വരുന്ന പെണ്‍കുട്ടി ട്രെയിനില്‍ വെച്ച് ഒരു പുരുഷന്‍റെ കാമം നിറഞ്ഞ തുറിച്ചുനോട്ടം കണ്ടു ഭയപ്പെടുന്നു; കാബിനില്‍ മറ്റാരുമില്ലാത്തതിനാല്‍ അപ്പര്‍ ബര്‍ത്തില്‍ നിന്നുമിറങ്ങി ബാത്രൂമില്‍ പോകാന്‍ ഭയപ്പെടുന്ന അവള്‍ പെട്ടെന്നൊരു തോന്നലിന്റെ പേരില്‍ കണ്ടെത്തുന്ന പരിഹാരമാണ് ബാഗില്‍ നിന്നൊരു തുണിയെടുത്ത് വയറില്‍ ചേര്‍ത്തുവെച്ച് ഗര്‍ഭിണിയായി അഭിനയിക്കുക എന്നത്. നിറവയര്‍ കാണുമ്പോള്‍ പുരുഷന്‍റെ തുറിച്ചുനോട്ടം അപ്രത്യക്ഷമായി സഹതാപവും ആദരവും കടന്നു വരുന്നു; അയാള്‍ അവളെ ഇറങ്ങാന്‍ സഹായിക്കുകയും ബാഗ് എടുത്തു കൊടുക്കുകയും മറ്റും ചെയ്യുന്നു.

നഗരത്തിലെത്തിയ ശേഷം അവള്‍ ഒരു ഗര്‍ഭം തയ്ച്ചുണ്ടാക്കുകയാണ്; വെച്ച് കെട്ടിയ തുണിയുടെ ഗര്‍ഭഭാരവുമായി അവള്‍ നഗരം ചുറ്റുന്നു; ചെല്ലുന്നയിടത്തെല്ലാം ആദരവ്, സഹായവാഗ്ദാനങ്ങള്‍ , സഹതാപം! രാത്രി തട്ടുകടയില്‍ പോയി ചായ ചോദിക്കുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ ഇരിക്കാന്‍ സ്ടൂള്‍ ഇട്ടു കൊടുക്കുന്നു; കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു അവള്‍ ആസ്വദിച്ചു ചായ കുടിക്കുന്നു. അമ്മയെന്ന റോള്‍ ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് സമൂഹത്തില്‍ സ്ത്രീക്ക് ആദരവ് ലഭിക്കുന്നതെന്ന് ആക്ഷേപഹാസ്യം കലര്‍ത്തി പറയാതെ പറയുന്നു ഈ സിനിമ! അവസാനത്തെ സീനില്‍ നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അനുജത്തിയോടു ഇക്കഥ വിവരിക്കുകയാണ്. അനുജത്തിയോടു ഇരുട്ടാവുന്നതിനു മുമ്പേ കടയില്‍ പോയി വരാന്‍ അമ്മ ആവശ്യപ്പെടുന്നു. പുറത്തേക്കു നോക്കുന്ന കൊച്ചു കുട്ടിയായ അനുജത്തി ഇരുട്ട് കണ്ടു പിന്തിരിയുന്നു; പെണ്ണിന്റെ പൊതു ഇടങ്ങളെ അപ്രത്യക്ഷമാക്കുന്ന ഇരുട്ട്! മുറിയില്‍ തിരിച്ചു വന്നു അലമാരയില്‍ നിന്നൊരു തുണിയെടുത്ത് അനുജത്തി വയറില്‍ വെച്ച് നോക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. സമൂഹത്തിന്‍റെ ഇരുട്ട് നിറഞ്ഞ മനസാക്ഷിയുടെ മുമ്പില്‍ അവള്‍ക്കിറങ്ങി ചെല്ലണമെങ്കില്‍ ആ ഗര്‍ഭഭാരം ചുമന്നേ തീരൂ!

സിനിമ പ്രതിരോധത്തിന്റെ ദൃശ്യഭാഷ എന്നവകാശപ്പെടുമ്പോള്‍ അവിടെ സ്ത്രീയുടെ പ്രതിരോധം ആവിഷ്കരിക്കപ്പെടുന്നില്ല എന്നത് കാണാതെ പോകുകയാണ്. പ്രതിരോധത്തെക്കാള്‍ സഹനത്തിലൂന്നിയ സ്ത്രീയാവിഷ്കാരങ്ങള്‍ അംഗീകരിക്കപ്പെടുന്ന പ്രേക്ഷകസമൂഹത്തില്‍ വെറും പ്രതിരോധത്തിന് സ്വീകാര്യതയില്ല; സഹനത്തിന്റെ അങ്ങേയറ്റത്ത്‌ മാത്രം പ്രതികരിക്കുന്ന സ്ത്രീക്ക് ചിലപ്പോള്‍ പ്രേക്ഷകന്റെ സഹതാപത്തില്‍ കലര്‍ന്ന അംഗീകാരം ലഭിച്ചേക്കാം; മറിച്ചു സാധ്യമല്ല. ഇങ്ങനെ വരുമ്പോള്‍ , സിനിമയിലെ സ്ത്രീയുടെ പ്രതിരോധം എന്നതു നിലവിലില്ലെന്നും സിനിമയുടെ വ്യവസ്ഥാപിതവീക്ഷണത്തോടുമുള്ള സ്ത്രീയുടെ പ്രതിരോധം ആവശ്യമായി വരുന്നുവെന്നും പറയേണ്ടി വരും. സ്ത്രീയെന്ന 'വ്യക്തി' കഥാപാത്രമാകുന്ന സിനിമകള്‍ക്കായി നമുക്കിനിയും കാത്തിരിക്കാം...

Saturday 4 January 2014

അപ്പുക്കിളിയുടെ നാട്ടിലേക്കൊരു യാത്ര





























ഇന്ന് തസ്രാക്ക് വരെ പോയി; പാലക്കാട് അടുത്ത്... ഒവി വിജയന്‍റെ, നമ്മുടെ, ഇതിഹാസങ്ങളുടെ  ഖസാക്ക്!

പാലക്കാട് നിന്ന് നെന്മാറ വഴി പോകുന്ന കൊല്ലങ്കോട് ബസില്‍ കേറി തസ്രാക്ക് സ്റ്റോപ്പില്‍ ഇറങ്ങണം; എട്ടോ ഒമ്പതോ കിലോമീറ്റര്‍ മാത്രമേയുള്ളൂ. സ്റ്റോപ്പില്‍ നിന്ന് രണ്ടു കിലോ മീറ്ററോളം ഉള്ളിലോട്ടു പോണം. ഖസാക്കിലെ എല്ലാ സ്ഥലവിവരണങ്ങളും തസ്രാക്കില്‍ ഉള്ളതല്ല; ചെതലിമലയും കൂമന്‍ കാവും എല്ലാം കഥാകാരന്റെ ഭാവനകള്‍ ആണ്; അത് പോലെ തന്നെ പഴയ തകര്‍ന്ന പള്ളികളുള്ള പള്ളിപ്പറമ്പും കുട്ടാടന്‍പൂശാരിയുടെ ദൈവപ്പുരയും എല്ലാം.

രവിയുടെ ഏകാധ്യാപകവിദ്യാലയം ഒവിവിജയന്‍റെ സഹോദരി തസ്രാക്കില്‍ ജോലി ചെയ്തിരുന്ന ഏകാധ്യാപകവിദ്യാലയത്തെ അടിസ്ഥാനമാക്കി എടുത്തതാണ്. കഥയില്‍ രവി താമസിച്ച കളപ്പുര കണ്ടു; മറ്റൊന്നും അങ്ങനെ കാണാനായി അവിടെയില്ല; പോവുന്നതിനു മുമ്പേ അങ്ങനെയൊരു മുന്നറിയിപ്പും കിട്ടിയിരുന്നു; മുമ്പ് പോയവരില്‍ നിന്ന്... എന്നാല്‍ ഖസാക്ക് മനസ്സില്‍ കൊണ്ടിട്ടുള്ളവര്‍ മാത്രം കാണുന്ന ചിലത് കണ്ടു!.

മനോഹരമായ ഒരു നാട്ടിന്‍പുറം; ചെത്തുകാരന്‍ കുപ്പു കേറിയിറങ്ങിയ പനകള്‍! പാലക്കാടിന്റെ പച്ചപ്പ്‌ നിറഞ്ഞു കവിയുന്ന പാടങ്ങള്‍! വഴിയില്‍ നിറയെ പുളിമരങ്ങള്‍! പുളിമരത്തിലെ പോതി ഇതില്‍ എവിടെയായിരുന്നിരിക്കും എന്നോര്‍ത്തുപോയി! പാടത്ത് തുമ്പികള്‍ പാറുന്നത് കണ്ടപ്പോള്‍ അപ്പുക്കിളി "തേത്ത്യെ തേത്ത്യെ നാന്‍ തുമ്പി പിടിത്തു തരാം കേത്തോ" എന്നോടി വരുന്ന പോലെ! കുളത്തിന്റെ വക്കില്‍ ആബിദ ഇരിക്കുന്ന പോലെ! വയലിന് നടുവിലെ കിണറില്‍ നിന്ന് മുങ്ങാങ്കോഴി ചുക്രുറാവുത്തര്‍ കേറി വരുന്ന പോലെ!

അവിടെ കണ്ട ഒരേയൊരു ചെറിയ പലചരക്ക് കടയില്‍ ഇരിക്കുന്നത് മൈമൂന ആണോ എന്നു വെറുതെ എത്തി നോക്കി! ചായക്കട അലിയാരുടെതാണോ? ആ പള്ളിപ്പറമ്പ് അവിടെയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു; കുട്ടാടന്‍ പൂശാരി ഉറഞ്ഞു തുള്ളിയ  ദൈവപ്പുരയും. നൈസാമലി  ഖാളിയാരായി അന്തിയുറങ്ങിയ പൊളിഞ്ഞ പള്ളികളുടെ പറമ്പ്! മൈമൂന മുങ്ങിക്കുളിച്ചു നൈസാമലിയെ കാണാനെത്തിയ ആ കുളം! നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ അള്ളാപ്പിച്ചാമൊല്ലാക്കയുടെ ആണി കേറിയ പാദങ്ങളും ശിവരാമന്‍ നായരുടെ പരാതികളും മാധവന്‍നായരുടെയും രവിയുടെയും സൌഹൃദവും എല്ലാം നടന്ന വഴികള്‍ എന്ന് വെറുതെ കരുതി.

കളപ്പുരക്കകത്ത്‌ രവിയുടെ അസ്വസ്ഥതകളും ചാന്തുമ്മയുടെ സങ്കടങ്ങളും ഇപ്പോഴും വീര്‍പ്പു മുട്ടി നില്‍പ്പുണ്ട്. ഉടുപ്പ് തെക്കന് (*ചെക്കന്) കൊടുത്താ മതി; തെക്കന്‍ ബല്താകട്ടെ എന്നും പറഞ്ഞുചാന്തുമുത്ത് ഉമ്മയോടൊപ്പം ഇപ്പോഴും അവിടെവിടെയോ കാത്തിരിപ്പുണ്ട്‌; കുഞ്ഞുനൂറു അടുത്ത പെരുന്നാള് കഴിയുമ്പം ബല്താകാന്‍! വസൂരിക്കല വീണ കുഞ്ഞു നൂറുവിന്റെ മുഖത്തെ ചലനമറ്റ കണ്ണുകള്‍ ബല്താകാന്‍ കഴിയാത്ത സങ്കടവും പേറിക്കൊണ്ടു ഖസാക്കുകാരെ ഇപ്പോഴും മുറിപ്പെടുത്തുന്നുണ്ടാവാം!

വയസ്സറിയിച്ചു കാതില്‍ ചിറ്റിട്ട് വന്നപ്പോള്‍ വലിയ പെണ്ണായി പോയ കുഞ്ഞാമിന, രവിയുടെ 'മിന്നാമിനുങ്ങ്‌', സ്കൂളില്‍ ആദ്യം  വന്ന അന്ന്, സുറുമയിട്ട കണ്ണുകള്‍ തുറുപ്പിച്ചു "സാര്‍ ആരും ചാകാത്ത കത" എന്ന് പറയുന്നത് ഓര്‍ത്തു ചിരിച്ചു കളപ്പുരയില്‍ നില്‍ക്കുമ്പോള്‍. തിത്തിബിയുമ്മയുടെയും കല്യാണിക്കുട്ടിയുടെയും ലക്ഷ്മിയുടെയും നാരായണിയമ്മയുടെയും നീലിയുടെയും ഒക്കെ കണ്ണുകളാണ് വഴിയിലെ വീടുകളില്‍ നിന്ന് അപരിചിതരെ കണ്ടു എത്തി നോക്കുന്നത് എന്ന് തോന്നി.

അവിടെ ഒരു ലൈബ്രറിയോ സാംസ്കാരിക കേന്ദ്രമോ ആക്കാനുള്ള ജോലി നടക്കുന്നുണ്ട്; ശിലാസ്ഥാപനം കഴിഞ്ഞിരിക്കുന്നു. തസ്രാക്കില്‍ ഇനി ആള്‍പ്പെരുമാറ്റം കൂടാന്‍ പോവുകയാണ്. നടക്കുന്ന വഴിയില്‍ വീടുകളുടെ മുമ്പില്‍ എല്ലാം പുളി ഉണക്കാനിട്ടിരിക്കുന്നു. വഴിയില്‍ നിറയെ കായ്ച്ചു നില്‍ക്കുന്ന പുളിമരങ്ങള്‍. ഖസാക്കിലെ പുളിമരത്തില്‍ നിന്നൊരു പച്ചപുളിങ്ങയും ഉണക്കിയിട്ടതില്‍ നിന്നൊരു പഴുത്ത പുളിങ്ങയും മോഷ്ടിച്ച് തിരിച്ചു നടക്കുമ്പോള്‍ ഖസാക്കെന്ന ചിത്രം ഇത്ര ആഴത്തില്‍ വായനക്കാരുടെ മനസ്സില്‍ വരച്ചിട്ട ആ ഇതിഹാസത്തെ മനസ്സ് കൊണ്ടൊന്ന് പ്രണമിച്ചു.