Friday 27 December 2013

Blue is the Warmest Color അഥവാ സ്ത്രീലൈംഗികതയുടെ ആഘോഷം


























ചിത്രമേളയിൽ പ്രസിദ്ധീകരിച്ചത് - http://www.chithramela.com/blue-is-the-warmest-color-review/

സ്ത്രീലൈംഗികതയും സ്ത്രീയുടെ കാഴ്ചപ്പാടിലുള്ള അതിന്റെ വികാരതലങ്ങളും അപൂര്‍വ്വം ചില ശ്രമങ്ങളോഴിച്ചാല്‍ സിനിമയില്‍ ഒരുപാടൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമല്ല. അതിലും കുറവാണ് സ്വവര്‍ഗരതിയിലെ സ്ത്രീഭാവങ്ങളുടെ ആവിഷ്കാരം. പുരുഷന്‍റെ ഇച്ഛനുസൃതം രൂപപ്പെട്ടു വന്ന ലൈംഗിക ചിന്തകളാണ് നമ്മുടെ സമൂഹത്തിലെ സാധാരണ സ്ത്രീയും പുരുഷനും ഒരു പോലെ കൊണ്ട് നടക്കുന്നത്. സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടുള്ള പൊതുവായ ഒരു ലൈംഗികഭാവനാലോകത്തിന്റെ അഭാവത്തില്‍, കാഴ്ചക്കാരില്‍ പലര്‍ക്കും സിനിമയിലെ ലൈംഗികതയുടെ പ്രസരം അലോസരമുണ്ടാക്കിയതില്‍ അത്ഭുതമില്ല.

അധ്യാപികയാവാന്‍ ആഗ്രഹിക്കുന്ന, മൃദുസ്വഭാവക്കാരിയായ  അഡേല്‍ എന്ന വിദ്യാര്‍ഥിനിയും  ചിത്രകലയില്‍ കരിയര്‍ തുടങ്ങുന്ന, അല്പം അധീശസ്വഭാവമുള്ള നീലമുടിക്കാരി എമ്മയും തമ്മിലുള്ള തീവ്രമായ പ്രണയവും ആസക്തിയും തൃഷ്ണയും പ്രണയഭംഗവും എല്ലാം വളരെ സത്യസന്ധതയോടെ വരച്ചു കാണിക്കുന്ന ഒരു ചിത്രമാണിത്. Léa Seydoux, Adèle Exarchopoulos എന്നിവര്‍ അത്ഭുതാവഹമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ഈ വര്‍ഷത്തെ Cannes film festival-ഇല്‍ Golden Palm award  ലഭിച്ചത് ഈ ചിത്രത്തിനാണ്; സിനിമയുടെ സംവിധായകന്‍ മാത്രമല്ല രണ്ടു നടിമാരും അവാര്‍ഡ് ഷെയര്‍ ചെയ്യണമെന്നായിരുന്നു ജൂറി നിര്‍ദ്ദേശം; ഇത്തരം ജൂറി നിര്‍ദ്ദേശങ്ങള്‍ അപൂര്‍വവുമാണ്. രണ്ടു കഥാപാത്രങ്ങളുടെയും എടുത്തു നില്‍ക്കുന്ന രൂപസവിശേഷതകളില്‍ ക്ലോസ്അപ്പ്‌ ഷോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ സംവിധായകന്‍ ശ്രദ്ധകാണിച്ചിട്ടുണ്ട്. എമ്മയുടെ നീലമുടിയും അലസമായ മുഖഭാവവും അഡേലിന്റെ താഴോട്ടല്പം വളഞ്ഞ കീഴ്ച്ചുണ്ടുകളും കൌതുകക്കണ്ണുകളും ചിത്രം കണ്ടിറങ്ങുമ്പോഴും നമ്മെ പിന്തുടരും.

എമ്മയുടെ നീലനിറമുള്ള മുടിയാണ് അഡേലിന്റെ ശ്രദ്ധ ആദ്യം പിടിച്ചു പറ്റുന്നത്; ഈ നീലനിറം അവരുടെ പ്രണയത്തിന്റെ തീവ്രതയുടെ ഒരു രൂപകം ആയി ചിത്രത്തിലുടനീളം അവതരിപ്പിക്കപ്പെടുന്നുണ്ട്. പഠനശേഷം അധ്യാപികയായി തന്നെ ജോലി കണ്ടെത്തുന്ന അഡേലും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് ആയ എമ്മയും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു; ഒരുമിച്ചു ജീവിക്കുമ്പോള്‍ വ്യത്യസ്ത സ്വഭാവസവിശേഷതകളും ഇഷ്ടാനിഷ്ടങ്ങളുമുള്ള ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ വന്നു തുടങ്ങുന്നുണ്ട്. എമ്മയുടെ മറ്റൊരു സ്വവര്‍ഗസൌഹൃദവും അഡേലിന്റെ മറ്റൊരു എതിര്‍ലിംഗ സൌഹൃദവും കടന്നു വരുമ്പോള്‍ എമ്മയുടെ മുടിയുടെ നീലനിറം മാഞ്ഞു തുടങ്ങുന്നു. ഒടുവില്‍ ഒരു ഗൌരവമായ കലഹത്തിനു ശേഷമുള്ള പ്രണയഭംഗവും പിരിഞ്ഞു പോകലുമെത്തുമ്പോള്‍ എമ്മയുടെ മുടിയില്‍ നീലനിറം അല്പം പോലും ബാക്കിയില്ലാതാകുന്നു.

Abdellatif Kechiche യുടെ ചിത്രം Julie Maroh യുടെ 'Blue Angel' എന്ന ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്രാഫിക് നോവലില്‍ ഓര്‍മകളിലെ രംഗങ്ങള്‍ ആവിഷ്കരിക്കുന്നത് കറുപ്പും വെളുപ്പുമായാണ്; എമ്മയുടെ മുടി മാത്രം നീലനിറത്തില്‍ ചിത്രീകരിക്കപ്പെടുന്നു. ഓര്‍മകള്‍ പലപ്പോഴും അവ്യക്തമായിരിക്കും; എന്നാല്‍ നമ്മെ സ്വാധീനിച്ച ചില കൊച്ചുകാര്യങ്ങള്‍, ഒരു വെളിച്ചം, നിറം, ഒരു വസ്തു, വാക്ക് അങ്ങിനെ ചിലത് എടുത്തു നില്‍ക്കും; ഓര്‍മകളെ നാം ഓര്‍ക്കുന്നത് അങ്ങനെയാണ്; അത് കൊണ്ടാണ് നോവലില്‍ ഇങ്ങനെയൊരു തീം സ്വീകരിച്ചതെന്ന് ജൂലീ മാറോ പറയുന്നു. എന്നാല്‍ സിനിമയില്‍ ഈ രീതി സ്വീകരിച്ചിട്ടില്ല. 'A straight person's fantasy of gay love' എന്ന് സിനിമയെ ജൂലീ മാറോ തള്ളിക്കളഞ്ഞിട്ടുണ്ട്. സ്വവര്‍ഗാനുരാഗത്തിന്റെ തനിമ എത്രത്തോളം ഈ ചിത്രം നിലനിര്‍ത്തുന്നു എന്ന് വിലയിരുത്താന്‍ ഞാനാളല്ല; എന്നാല്‍ സ്ത്രീലൈംഗികതക്ക്, വരച്ചു വെച്ച വൃത്തങ്ങള്‍ക്ക് പുറത്ത്, പഠിച്ചു വെച്ച ലൈംഗികപാഠങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പുറത്ത് വ്യത്യസ്തമായ ഒരു തലമുണ്ടാകാമെന്ന ശക്തമായ ഒരു ഓര്‍മപ്പെടുത്തല്‍ തന്നെയാണ് ഈ സിനിമ.

സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന കോടതിയുടെ 'കിടപ്പറനിയന്ത്രണവിധി' പുറത്തിറങ്ങിയ നാള്‍ തന്നെയാണ് IFFK 2013 -ഇല്‍ ഈ ഫിലിം കാണാന്‍ അവസരമുണ്ടായതെന്നത് കൌതുകകരമായ ഒരു യാദൃശ്ചികത തന്നെയായിരുന്നു. കോടതിവിധിയോടനുബന്ധമായി വായിക്കുമ്പോള്‍ വളരെയധികം കാലികപ്രസക്തിയുള്ള ഒരു വിഷയമാണ് Abdellatif Kechiche യുടെ 'ബ്ലൂ ഈസ്‌ ദി വാര്‍മെസ്റ്റ് കളര്‍' എന്ന ഫ്രഞ്ച് സിനിമ കൈകാര്യം ചെയ്യുന്നത്. സ്വയംഭോഗവും എതിര്‍ലിംഗരതിയും സ്വവര്‍ഗരതിയും ഓരോന്നിലും അഡേലിന്റെ ഭാവങ്ങളും പ്രതികരണങ്ങളും വിശദമായി തന്നെ താരതമ്യവിധേയമാക്കാം വിധം എടുത്തു കാണിക്കുന്നുണ്ട് ചിത്രത്തില്‍. കൌമാരക്കാരിയായ അഡേലും ഒരു പുരുഷസുഹൃത്തുമായുള്ള അവളുടെ വേഴ്ചയും അതിനിടക്കുള്ള അവളുടെ അലോസരവും തിരിച്ചറിവും കഥയിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവാണ്; എമ്മയെ കണ്ടെത്തുമ്പോള്‍ അവളോട്‌ തോന്നുന്ന തീവ്രമായ അഭിലാഷത്തിനും ലൈംഗികസംതൃപ്തിക്കും അഡേലിന്റെ മുഖഭാവങ്ങള്‍ തന്നെ തുറന്നൊരു വായന തരുന്നു.

രതിരംഗങ്ങള്‍ ഒരുപാട് നീണ്ടു പോയി എന്നതാണ് സിനിമയെപ്പറ്റി പ്രധാനമായും ഉയര്‍ന്നു കണ്ട ഒരു വിമര്‍ശനം. നമ്മുടെ സിനിമകളിലെ എതിര്‍ലിംഗപ്രണയകല്പനകള്‍ രൂപപ്പെടുത്തിയെടുത്ത മുന്‍ധാരണകളുടെയും പുരുഷഭാവനകളുടെ അച്ചില്‍ വാര്‍ത്തെടുത്ത   ലൈംഗിക അവബോധത്തിന്റെയും ചട്ടക്കൂടില്‍ നിന്നുകൊണ്ട് കാണുമ്പോള്‍ അത് ശരിയുമാണ്. പുരുഷന്‍റെ നിമിഷപ്രേരിതമായ നിമിഷസമാപ്തമായ ലൈംഗികചോദനകളില്‍ അധിഷ്ടിതമാണ് സമൂഹത്തിലെ സ്ത്രീകളുടെതടക്കമുള്ള രതിഭാവനകള്‍ എന്നതാകാം ഒരു പക്ഷെ സ്ത്രീയുടെ (സ്വവര്‍ഗ) ലൈംഗികതയും ദീര്‍ഘമായ ആസ്വാദനരീതിയും പച്ചയായി തന്നെ കാണുമ്പോഴുള്ള അലോസരത്തിനു കാരണം എന്നൊരു പ്രേക്ഷകാഭിപ്രായം വായിച്ചത് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ചിത്രത്തിലെ കഥാതന്തു, സ്വവര്‍ഗാനുരാഗം ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു വെറും പ്രണയകഥ മാത്രമാണ് എന്ന് പറയാം; എന്നാല്‍ ഒരു സ്വവര്‍ഗപ്രണയകഥയെ അത്രയധികം സ്വാഭാവികതയോടെ, വികാരതീവ്രതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സിനിമയുടെ വിജയമായി തന്നെ കണ്ടേ തീരൂ.ക്യാമറക്കണ്ണുകളുടെ സഞ്ചാരം പുരുഷക്കണ്ണുകളെ ഓര്‍മപ്പെടുത്തുന്നു എന്ന് ജൂലീ മാറോ പരാതിപ്പെടുന്നു; അത് ഏറെക്കുറെ ശരിയുമാണ്. എമ്മ അഡേലിന്റെ ചിത്രം വരക്കുമ്പോള്‍ അഡേലിന്റെ ശരീരത്തിലൂടെ ഇഴയുന്ന ക്യാമറക്കും രതിരംഗങ്ങള്‍ ഒപ്പിയെടുക്കുന്ന ക്യാമറക്കും കൂടുതലായി പുരുഷക്കണ്ണുകള്‍ തന്നെയാണുള്ളത്; സ്ത്രീശരീരത്തില്‍ പുരുഷന്‍ ശ്രദ്ധിക്കുന്ന പ്രത്യേകതകളിലും ചലനങ്ങളിലും തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നത് സ്ത്രീസ്വവര്‍ഗരതിയുടെ തനിമക്ക് മങ്ങലേല്പിക്കുന്നു എന്ന അഭിപ്രായത്തില്‍ കാമ്പുണ്ട്.

PS: വിഷ്ണുപ്രസാദിന്റെ ലിംഗരാജ് എന്ന കവിതയിലെ വരികള്‍ ഓര്‍മവരുന്നു. "പെണ്ണായി നടക്കാത്ത വഴികള്‍, പെണ്ണായി വാഴാത്ത വീട്, പെണ്ണായി നോക്കാത്ത ആകാ‍ശം, ഭൂമി"... പെണ്ണല്ലാത്തത് കൊണ്ടോ പെണ്ണിനു പോലും സ്വയം തിരിഞ്ഞു നോക്കാനും ഭയലേശമന്യേ വിലയിരുത്താനും ഓര്‍മവരാത്ത ഒന്നായത് കൊണ്ടോ കവി സൂചിപ്പിക്കാത്ത ഒന്ന് ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ ഈ സിനിമ പ്രേരിപ്പിക്കുന്നു - "പെണ്ണായി നിറഞ്ഞിട്ടില്ലാത്ത കിടപ്പറകള്‍"!!!

Tuesday 24 December 2013

സ്ത്രീകള്‍ക്ക് മാത്രമായുള്ള ചില അദൃശ്യവരമ്പുകള്‍

























അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://azhimukham.com/firstnews-168.html

അടുത്തിടെ പലരുടെയും മനസ്സിനുള്ളില്‍ ഉടഞ്ഞു വീണ ഒരു ബിംബമാണ് ടെഹെല്‍കയുടെ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെത്. സഹപ്രവര്‍ത്തകയെ മേലുദ്യോഗസ്ഥന്‍ എന്ന സ്ഥാനത്തിന്റെ അധികാരം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചതിന്റെയും പിന്നീടതിനെ ന്യായീകരിക്കാനും മറച്ചു വെക്കാനും ശ്രമിച്ചതിന്റെയുമെല്ലാം ആരോപണങ്ങളും വാര്‍ത്തകളും പുറത്ത് വന്നത് നാം കണ്ടതാണ്. സാമ്പത്തികമായും സാമൂഹികമായും ജീവിതസാഹചര്യത്തിലും എല്ലാം താരതമ്യേന മുന്നില്‍ നില്‍ക്കുന്ന, സജീവമായ ഒരു കരിയര്‍ നയിക്കുന്ന, ശക്തമായ അഭിപ്രായങ്ങളും നിലപാടുകളുമുള്ള, സമൂഹത്തെ ഭയന്നു പ്രതികരിക്കാന്‍ ഭയക്കുന്നവളല്ലാത്ത, ഒരു സ്ത്രീയുടെ അനുഭവമാണ് നാമീ കേട്ടത്! നമുക്കു ചുറ്റും ജീവിക്കുന്ന സാധാരണക്കാരായ സ്ത്രീകളില്‍ ഇത്തരത്തില്‍ എന്തെങ്കിലും അനുഭവങ്ങള്‍ ഇല്ലാത്തവരുടെ  എണ്ണം വളരെ കുറവായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം; നിത്യജീവിതത്തിന്റെ തിരക്കുകളിലും പ്രാരാബ്ധങ്ങളിലും പെട്ട് പ്രതികരിക്കാനുള്ള സാവകാശമോ ധൈര്യമോ ലഭിക്കാത്തവരുടെ എണ്ണം കുറച്ചൊന്നുമല്ല. ഏതു സാമൂഹ്യചുറ്റുപാടിലാണെങ്കിലും  സമൂഹത്തിന്റെ പാതി വരുന്ന ഒരു വിഭാഗത്തിന് തീര്‍ത്തും മൌലികാവകാശമായ സുരക്ഷിതത്വബോധം നിഷേധിക്കപ്പെടുന്നു എന്നത് നമ്മുടെ സമൂഹത്തിന്‍റെ അഴുക്ക് പിടിച്ച പൊതുബോധത്തിനു നേര്‍ക്കുള്ള ഒരു ചൂണ്ടുവിരല്‍ തന്നെയാണ്!

ആരും അറിയാതെയും പറയാതെയും കേള്‍ക്കാതെയും പോകുന്ന ജോലിസ്ഥലത്തുള്ള സ്ത്രീപീഡനങ്ങള്‍ "അതൊക്കെ ജോലി ചെയ്യുന്ന സ്ത്രീകള്‍ നിത്യേന അനുഭവിക്കുന്നതാ" എന്ന നിസ്സാരപ്പെടുത്തലിലും നെടുവീര്‍പ്പിലും അവസാനിക്കും വിധം സാധാരണമാണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍, വഴിവക്കിലെ പൂവാലശല്യത്തില്‍ തുടങ്ങി, ബസിലെ തോണ്ടലുകള്‍, കണ്ടക്ടറുടെ തൊട്ടുരുമ്മലുകള്‍, ജോലിസ്ഥലത്തെ ചില സഹപ്രവര്‍ത്തകപുരുഷന്മാരുടെ തുറിച്ചുനോട്ടങ്ങള്‍, മേലുദ്യോഗസ്ഥരുടെ അമിത സ്വാതന്ത്ര്യമെടുത്തുള്ള പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള കമന്റുകളും പലപ്പോഴും ശാരീരികമായ കൈകടത്തലുകളും എന്നിങ്ങനെ തിരിച്ചു വീട്ടിലെത്തിയാല്‍ പലര്‍ക്കും 'വീട്ടിലെ മുതലാളിയുടെ' ഭരണത്തിലും നിര്‍ബന്ധിത ലൈംഗികബന്ധത്തിലും (Marital rape!) വരെ അവസാനിക്കുന്നു ശരാശരി മലയാളി ഉദ്യോഗസ്ഥ-വീട്ടമ്മമാരുടെ ദിവസങ്ങള്‍! ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെ പെണ്ണിന്‍റെ ശരീരമാണ് കൊണ്ട് നടക്കുന്നതെന്ന ഓര്‍മപ്പെടുത്തലുകളായിത്തീരുന്നു ഓരോ നിമിഷവും അനുഭവങ്ങളും...

1997 ലാണ് സുപ്രീം കോര്‍ട്ട് വിശാഖാ ഗൈഡ്ലൈന്‍സ് എന്ന പേരില്‍ ജോലിസ്ഥാപനങ്ങള്‍ക്ക് വേണ്ടി ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത് (ഇവിടെ വായിക്കാം - http://www.iitb.ac.in/WomensCell/data/Vishaka-Guidelines.pdf). ജോലിസ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തടയാനും പരിഹരിക്കാനും കൃത്യമായ നടപടികള്‍ സ്വീകരിക്കാനും പര്യാപ്തമായ ഒരു വ്യവസ്ഥ ഇന്ത്യന്‍ നിയമത്തില്‍ നിലവിലില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. Workplace Harassment തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതും അങ്ങനെയൊന്ന് നടന്നതായി കണ്ടാല്‍ തക്ക പരിഹാരങ്ങളും നിയമനടപടികളും സ്വീകരിക്കേണ്ടതും സ്ഥാപനമേധാവികളുടെ ഉത്തരവാദിത്വം ആണെന്ന് ഇതില്‍ അടിവരയിടുന്നുണ്ട്. ഇതു പ്രകാരം എല്ലാ സ്ഥാപനങ്ങളിലും പരാതികള്‍ അന്വേഷിക്കാന്‍ ഒരു സ്ത്രീ തന്നെ നയിക്കുന്ന Internal Complaints Committee (ICC) രൂപീകരിക്കേണ്ടതുണ്ട്. വിശാഖാ മാര്‍ഗനിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി തന്നെ The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 യുടെ ബില്‍ 2012 സപ്തംബര്‍ 3നു ലോകസഭയിലും 2013 ഫെബ്രുവരി 26നു രാജ്യസഭയിലും പാസാക്കുകയും അല്പം മാറ്റങ്ങളോട് കൂടി ലോകസഭ വീണ്ടും 2013 മാര്‍ച്ച്‌ 11നു പാസാക്കുകയും ചെയ്തു; ഈ ആക്ട്‌ 2013 ഏപ്രില്‍ 22 തൊട്ടു നിലവിലുണ്ട്.

പല സ്ഥാപനങ്ങളും ഈ നിയമങ്ങളെ ഗൌരവമായി തന്നെ എടുക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുക, ബോധവല്‍കരണ ക്ലാസ്സുകള്‍ എടുക്കുക തുടങ്ങിയവ ചെയ്തു വരുന്നുണ്ടെങ്കിലും അവ തുലോം കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം; നിയമങ്ങള്‍ നിയമങ്ങളായി 'കടലാസില്‍ മാത്രം' നില നില്‍ക്കുക എന്നാ അവസ്ഥയാണ് നമ്മുടെ മറ്റു പല നിയമങ്ങള്‍ പോലെ ഇതിന്റെതും. കൂടുതല്‍ ജോലിസ്ഥാപനങ്ങളിലും തങ്ങളുടെ സ്വൈരപൂര്‍വമായ ഔദ്യോഗികജീവിതത്തിനുള്ള അവകാശത്തെ പറ്റി സ്ത്രീകള്‍ ബോധവതികളല്ല തന്നെ; ശരിയായ ബോധവല്‍കരണത്തിനും ഫലപ്രദമായ പ്രതിരോധത്തിനുമുള്ള നടപടികള്‍ എടുക്കേണ്ടത് സ്ഥാപനമേധാവികളുടെ കടമ ആണെങ്കിലും അതും സംഭവിക്കുന്നില്ല. സ്ഥാപനങ്ങളുടെ ലൈസെന്‍സ് ക്യാന്‍സല്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ളയത്രയും ഗൌരവമായ കുറ്റമാണ് ഇത്തരം പരാതികളോ സംഭവങ്ങളോ കണ്ടില്ലെന്നു നടിക്കുന്നതും മറച്ചു വെക്കാന്‍ ശ്രമിക്കുന്നതും.  Internal Complaints Committee (ICC) നടപടി എടുത്തില്ലെങ്കില്‍ ജില്ലാതലത്തില്‍ നിലവിലുള്ള Local Complaints Committee (LCC) യെ സമീപിക്കാവുന്നതാണ്. ഇതിന്‍റെയെല്ലാം വിശദവിവരങ്ങളും കോണ്ടാക്ട് നമ്പറുകളും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ, ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടോ  എന്നൊക്കെ സ്ഥിരീകരിക്കാനുള്ള നിരീക്ഷണസംവിധാനങ്ങളും നിലവിലില്ല.

പല തരം പീഡനങ്ങൾ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന കാലത്തു ജോലിസ്ഥലത്തുള്ള താരതമ്യേന ചെറിയ തോതിലുള്ള ശല്യപ്പെടുത്തലുകൾക്കു പോലും ഇത്ര ഒച്ചപ്പാട്‌ എന്തിനാണു എന്നൊരഭിപ്രായം ഇതിനിടക്കു ഉയർന്നു വന്നിരുന്നു. എന്നാൽ സാമൂഹ്യമായും സാമ്പത്തികമായും സ്ത്രീയുടെ പ്രാതിനിധ്യവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തേണ്ടതു സമത്വ ബോധത്തിലധിഷ്ടിതമായ ഒരു സമൂഹത്തിനു എത്രത്തോളം പ്രധാനമാണെന്നതു ഓർക്കേണ്ടതുണ്ട്‌. ജോലിസ്ഥലത്തുള്ള പ്രശ്നങ്ങളുടെ പേരിൽ ജോലി ചെയ്തു ജീവിക്കുന്നതില്‍ നിന്ന് സ്വയം പിൻ വാങ്ങുകയോ വീട്ടുകാരാൽ നിർബന്ധിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീകൾ ഒരുപാടുണ്ടു നമ്മുടെ നാട്ടിൽ. സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം ലിംഗസമത്വത്തിനു വളരെ പ്രധാനമായ ഒരു ഉപാധി ആണെന്നിരിക്കെ ജോലി സ്ഥലത്തുള്ള സ്ത്രീയുടെ സുരക്ഷിതത്വം ഇപ്പോള്‍ ഉള്ളതില്‍ കൂടുതൽ പ്രാധാന്യത്തോടെ നാം കാണേണ്ടതുണ്ട്‌.

പൊതുവേ സ്ത്രീകൾ മേലുദ്യോഗസ്ഥരെ പറ്റിയുള്ള പരാതികൾ മൂടി വെക്കുന്നതായി കാണാം. ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകളോടന്വെഷിച്ചാൽ കൂടുതൽ പേർക്കും ജോലിസ്ഥലത്തു ഏതെങ്കിലും തരത്തിലുള്ള വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കാണാം. ആര്‍ക്കെതിരെ പരാതി ഉന്നയിച്ചുവോ ആ വ്യക്തിയുടെ കീഴിലോ സാന്നിധ്യത്തിലോ പരാതിക്കാരിക്ക് ജോലി ചെയ്യേണ്ടി വരാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തെണ്ടത് സ്ഥാപനത്തിന്റെ ചുമതല ആണ്; സ്വയം ട്രാന്‍സ്ഫര്‍ വാങ്ങിക്കുകയോ ആരോപണവിധേയമായ വ്യക്തിയുടെ ട്രാന്‍സ്ഫര്‍ ആവശ്യപ്പെടുകയോ ചെയ്യാനും പരാതിക്കാരിക്ക് അവകാശമുണ്ട്‌. സ്ഥാനക്കയറ്റം, മറ്റു സഹപ്രവർത്തകരുടെ സഹകരണം തുടങ്ങിയവയെ ബാധിക്കുമോ എന്ന ഭയം പലരെയും ഇത്തരം പ്രശ്നങ്ങൾ മൂടി വെക്കാൻ പ്രേരിപ്പിക്കുന്നു. പരാതി രേഖപ്പെടുത്തപ്പെട്ട കേസുകളില്‍ പോലും സ്ഥാപനത്തിനു വരാവുന്ന ചീത്തപ്പേര് ഭയന്ന് ചെറിയ നടപടികളോ ഒത്തുതീര്‍പ്പോ മുഖേന പരിഹരിക്കാനുള്ള വ്യഗ്രതയാണ് പൊതുവേ അധികൃതര്‍ കാണിക്കുന്നത്; ടെഹെല്‍ക വിഷയത്തിലും ഇത്തരം ശ്രമങ്ങള്‍ നടന്നതായ ആരോപണങ്ങള്‍ നാം വാര്‍ത്തകളില്‍ കണ്ടു.

വർക്ക്‌ ഫോർസിൽ സ്ത്രീയുടെ പ്രാതിനിധ്യം കുറയുന്നത് സ്ത്രീയെയും കുടുംബങ്ങളെയും സമൂഹത്തെയും പല രീതിയിൽ ബാധിക്കുന്ന ഗൌരവമേറിയ ഒരു പ്രശ്നമാണ്. സ്ത്രീയുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണു വരുമാനനികുതിയിലെ ഇളവുകൾ പോലുള്ള ആനുകൂല്യങ്ങൾ നിലവിലുള്ളത്. എന്നാൽ ഏറ്റവും പ്രാഥമികമായ ആവശ്യമായ ജോലിസ്ഥലത്തെ സുരക്ഷിതത്വം നടപ്പിലാവാത്തിടത്തോളം ഇത്തരം ആനുകൂല്യങ്ങൾ സ്ത്രീയുടെ പങ്കാളിത്തത്തെ സഹായിക്കുകയില്ല. ലിംഗസമത്വവും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ കഴിയാത്ത ജോലിസ്ഥലങ്ങള്‍ സ്ത്രീസമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് വീണ്ടും മാറ്റി നിര്‍ത്താനെ ഉതകൂ.

2013-ലെ ഗ്ലോബല്‍ ജെന്റര്‍ ഗാപ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം - http://www.weforum.org/issues/global-gender-gap. ഈ പേജിലെ മാപ്പില്‍ ഏറ്റവും കൂടുതല്‍ ലിംഗ അസമത്വം നില നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് കാണാം. ഇന്ത്യയുടെ കണ്‍ട്രി റിപ്പോര്‍ട്ട്‌ എടുത്തു നോക്കിയാല്‍ വളരെ പരിതാപകരമാണ്; സ്ത്രീ പുരുഷ അനുപാതത്തിലെ ഇന്ത്യയുടെ അക്കങ്ങള്‍ തീര്‍ത്തും ലജ്ജാകരമാണ്.




























നല്ല രീതിയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കു ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങളെ സ്ത്രീയെന്നകാരണം കൊണ്ടു മാത്രം ലഭിച്ചതു എന്നു പരിഹസിക്കുന്നതും സാധാരണയാണ്. പ്രൈവറ്റ്‌ സ്ഥാപനങ്ങളിൽ വർക്ക്‌ ഫോർസിലെ സ്ത്രീകളുടെ എണ്ണത്തിനു ആനുപാതികമായി ഉയർന്ന സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം പൊതുവെ കുറവാണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ ആണിത്‌. മേലെ കാണുന്ന ഗ്രാഫില്‍ ലേബര്‍ഫോര്‍സിലെ സ്ത്രീപുരുഷ അനുപാതം 0.36 ആയിരിക്കുമ്പോള്‍ (100 പുരുഷന്മാരുള്ളിടത് 36 സ്ത്രീകള്‍) അതിനാനുപാതികമായ ഒരു നമ്പര്‍ നാം സീനിയര്‍ ഒഫീഷ്യല്‍ / മാനേജര്‍ സ്ഥാനങ്ങളിലും പ്രതീക്ഷിക്കും; എന്നാല്‍ ഇത് പരിഗണിക്കാന്‍ കഴിയാത്ത വിധം ചെറുതാണ്. തുല്യജോലിക്ക് തുല്യ വേതനം എന്ന നിയമം ഫയലുകളില്‍ അവസാനിക്കുന്നത് 0.62 എന്ന സ്ത്രീപുരുഷ അനുപാതത്തില്‍ നിന്ന് മനസ്സിലാക്കാം; 62 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നുള്ളൂ; ബാക്കി 38 ശതമാനം പേര്‍ അതേ ജോലി ചെയ്യുന്ന പുരുഷനേക്കാള്‍ കുറഞ്ഞ വേതനം വാങ്ങിക്കുന്നു.

ഇത്തരം മൌലികാവകാശലംഘനങ്ങള്‍ക്ക് പുറമെയാണ് ഇതെല്ലാം മറികടന്നോ അവഗണിച്ചോ ജോലിയെടുത്തു ജീവിക്കാന്‍ തയ്യാറായി എത്തിപ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍. സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പലപ്പോഴും പൊതുജനത്തിന്റെയും വകയായി ലഭിക്കുന്ന "സ്നേഹപ്രകടനങ്ങള്‍" ജോലി കളഞ്ഞു വീട്ടിലിരുന്നാലോ എന്ന തോന്നല്‍ ഉണ്ടാക്കാറുണ്ടെന്നു തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ പറയുന്നു. അശ്ലീലപരാമര്‍ശങ്ങള്‍ക്കും സദാചാരപോലീസിംഗിനും തുടങ്ങി വ്യക്തിപരമായ ഇടപെടലുകള്‍ക്കു പലതിനും  ചെവി കൊടുത്തും സഹിച്ചും  ജീവിക്കേണ്ടി വരുന്നത്, വീട്ടിലുള്ളവര്‍ അടക്കം സമൂഹത്തിലുള്ള പുരുഷന്മാര്‍ മുഴുവന്‍ പുരുഷനെന്ന ഒരു കാരണം കൊണ്ട് മാത്രം നമ്മെക്കാള്‍ ഉയര്‍ന്ന ഏതോ സ്ഥാനത്തു നില്‍ക്കുന്നുവെന്ന പ്രതീതിയാണുണ്ടാക്കുന്നതെന്ന് ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ വാക്കുകള്‍.

കൂടെ ജോലി ചെയ്യുന്ന, വഴിവക്കത്തു കാണുന്ന, അയല്‍വക്കത്തുള്ള, ഹോട്ടലില്‍ അടുത്ത ടേബിളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന, റെയില്‍വേ സ്റ്റേഷനിലോ സര്‍ക്കാര്‍ ഓഫീസിലോ ക്യൂ നില്‍ക്കുന്ന, വീട്ടില്‍ ഒരുമിച്ചു താമസിക്കുന്ന, രാത്രിയോ പകലോ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് അവരുടേതായ വ്യക്തിത്വങ്ങളുണ്ടെന്നും അവരുടെ സ്വൈരജീവിതം അവരുടെ അവകാശമാണെന്നും സഹജീവി എന്ന ബഹുമാനവും സ്വകാര്യതയും മറ്റാരെയും പോലെ അവരും അര്‍ഹിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റും ഇനിയെന്നാണ് രൂപപ്പെട്ടു വരിക?