Wednesday 26 November 2014

പ്രണയം, ചുംബനം, ലിംഗരാഷ്ട്രീയം


(Image Courtesy: Kiss of Love Facebook page)

(യുക്തിയുഗം ഡിസംബർ 2014 ചുംബനസമരത്തിൻറെ അടയാളപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

മനുഷ്യന്റെ വൈകാരികചേഷ്ടകളിൽ  വളരെ പ്രധാനപ്പെട്ടതാണ് സ്പർശനം; കരസ്പർശവും ലാളനവും ചുംബനവും ആലിംഗനവും എല്ലാം ഇതിന്റെ വിവിധരൂപങ്ങളിൽ വരും. വികാരവിനിമയത്തിൽ സ്പർശനേന്ദ്രിയത്തിന്റെയത്ര പങ്കോ പ്രഭാവമോ മറ്റു ഇന്ദ്രിയങ്ങൾക്കില്ല; അത്ര സവിശേഷമായ പ്രതികരണങ്ങളാണ് തലച്ചോറിൽ സ്പർശം ഉണ്ടാക്കുന്നത് എന്നതു കൊണ്ട് തന്നെ എല്ലാതരം സ്നേഹപ്രകടനങ്ങളിലും സ്പർശനത്തിന്റെ സ്വാധീനം വളരെ വലുതാണ്‌.

ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഇത്തരം ചോദനകൾ ഇല്ലാതാവുകയില്ല; ഒന്നുകിൽ പൂർവാധികം ശക്തിപ്രാപിക്കുകയോ, ഇല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട് അസൂയയായും വിദ്വേഷമായും എല്ലാം രൂപം പ്രാപിക്കുകയോ ചെയ്തേക്കാം. അധികാരത്വര നമ്മുടെ സമൂഹത്തിൽ ഈ ചോദനകളെയെല്ലാം അതിജീവിച്ചുതന്നെ നില്ക്കുന്നു. അതുകൊണ്ടുതന്നെയാവണം സദാചാരഗുണ്ടായിസം ഒരധികാരപ്രകടനമാർഗമായി പരക്കെ ഉപയോഗിക്കപ്പെടുന്നത്. കുടുംബവ്യവസ്ഥക്കകത്തെ അലിഖിതനിയമങ്ങളിലും മതനിയമങ്ങളിലും ഭരണകൂടനിയമങ്ങളിലും വരെ ഇത്തരം നിയന്ത്രണങ്ങൾ പ്രത്യക്ഷപ്പെടുന്നതും അതുകൊണ്ടാകണം. മറ്റൊരു വ്യക്തിയുടെ/ കളുടെ മേൽ അധികാരമുണ്ടെന്ന് സ്വയം ബോധിപ്പിക്കാൻ എളുപ്പവഴി അവന്റെ/അവളുടെ വ്യക്തിസ്വാതന്ത്ര്യങ്ങളുടെ പരിധിയെ സ്വാധീനിക്കുക തന്നെയാണ്.

സദാചാരസങ്കൽപങ്ങൾക്ക് അധികാരസ്വഭാവമുണ്ട് എന്നതു മാത്രമല്ല; ആ അധികാരസ്വഭാവത്തിന്റെ ലിംഗരാഷ്ട്രീയം കൂടി ചർച്ച ചെയ്യപ്പെടെണ്ട ഒന്നാണ്. പ്രണയവും ചുംബനവുമെല്ലാം  യാഥാസ്ഥിതികസമൂഹത്തിനു അരോചകമാകുന്നതിൽ ഈ പ്രക്രിയകളിലെ സ്ത്രീപങ്കാളിത്തത്തിനുള്ള പങ്ക് ചെറുതല്ല. സ്ത്രീയുടെ തെരഞ്ഞെടുപ്പുകൾ യാഥാസ്ഥിതികസമൂഹം എക്കാലത്തും നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുള്ള ഒന്നാണ്. പ്രണയം പുരുഷന്റെ മാത്രം തെരഞ്ഞെടുപ്പാകുകയില്ല; അതിൽ അന്തർലീനമായ ഒരു പാരസ്പര്യമുണ്ട്. കുടുംബാംഗങ്ങൾ സ്ത്രീക്ക് വേണ്ടി നിശ്ചയിക്കുന്ന വിവാഹങ്ങളിൽ ഇത്തരം തെരഞ്ഞെടുപ്പിന്റെ, പാരസ്പര്യത്തിന്റെ സാധ്യത കുറവാണ്; തെരഞ്ഞെടുക്കാൻ കഴിഞ്ഞാലും അത് അനുവദിക്കപ്പെട്ട ഒരു ചെറിയ വൃത്തത്തിനകത്തു നിന്ന് മാത്രമാണല്ലോ. ഈ പാരസ്പര്യത്തെയാണ് യാഥാസ്ഥിതികസമൂഹം എറ്റവും ഭയപ്പെടുന്നത്; അവിടെ രണ്ടു വ്യക്തികൾക്കിടയിലെ ആ പാരസ്പര്യത്തിൽ, പൂർണതയിൽ, വ്യക്തിയുടെ മേലുള്ള, പ്രത്യേകിച്ചും സ്ത്രീയുടെ മേലുള്ള  സമൂഹത്തിന്റെയും കുടുംബവ്യവസ്ഥയുടെയും മതത്തിന്റെയുമെല്ലാം അധികാരം നഷ്ടപ്പെടുകയാണ്. 

ചുംബനവും  ഈ തെരഞ്ഞെടുപ്പും തമ്മിലെന്തു ബന്ധം എന്ന് ചോദിക്കാം. ബന്ധമില്ലേ? പരസ്യമായ പ്രണയപ്രകടനങ്ങൾ അരോചകമാകുന്നതിൽ നാളെ ആരുടെയോ സ്വകാര്യസ്വത്താകേണ്ട, അല്ലെങ്കിൽ ഇന്നുതന്നെ ആയ, സ്ത്രീ കളങ്കപ്പെടുന്നു എന്നാ ബോധം ഒളിഞ്ഞു കിടക്കുന്നത് കൊണ്ടാണ് പരസ്യചുംബനമെന്നു കേൾക്കുമ്പോൾ ലൈംഗികത, സ്വതന്ത്രലൈംഗികത, പൊതുസ്ഥലത്തെ ലൈംഗികത എന്ന് തുടങ്ങി സ്ത്രീപീഡനത്തിൽ വരെ ഒരു ശരാശരി മതസദാചാരവാദിയുടെ ചിന്തകളും വാദങ്ങളും വഴുക്കി വഴുക്കി എത്തിനിൽക്കുന്നത്. മതസമൂഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീ ഇന്നും സ്വകാര്യസ്വത്താണ്; പിതാവെന്ന പുരുഷനിൽ നിന്ന് ഭർത്താവെന്ന പുരുഷനിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഒരു വസ്തു! അത് കൊണ്ടാണ് പ്രണയവും ചുംബനവും  സ്നേഹപ്രകടനങ്ങളും സൗഹൃദങ്ങൾ പോലും അംഗീകരിക്കുന്നത് "പെണ്‍കുട്ടികളെ വഴിതെറ്റിക്കും" എന്ന് ഭയപ്പെടുന്ന അതേ രക്ഷാകർതൃമനസ്സുകൾക്ക് ഇതേ വിഷയങ്ങളിൽ  "ആണ്‍കുട്ടികളുടെ വഴിതെറ്റലിനെ" പറ്റി വേവലാതിപ്പെടെണ്ടി വരാത്തത്.

ഉത്തരേന്ത്യയിലെ ചില ഖാപ് പഞ്ചായത്തുകൾ പ്രണയങ്ങളും ആണ്‍പെണ്‍ബന്ധങ്ങളും നിയന്ത്രിക്കുന്നത്‌ പെണ്‍കുട്ടികൾക്ക് മൊബൈൽ ഫോണ്‍ പോലുള്ള ആശയവിനിമയമാർഗങ്ങളും മറ്റും നിഷേധിച്ചുകൊണ്ടാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടി എന്നാൽ പരിശുദ്ധി നിലനിർത്തേണ്ട ഒരു വിനിമയവസ്തുവാണ് എന്നതാണ് ഇത്തരം സദാചാരബോധത്തിന്റെ കാതൽ. അതുകൊണ്ടുതന്നെ പ്രണയത്തിൽ നിന്നകറ്റി നിർത്തി 'പരിരക്ഷി'ക്കേണ്ടത് അവളെയാണ്. മതസമൂഹത്തിന്റെ ഇതേ 'പരിശുദ്ധി'ബോധം ഒരു പരിധികടക്കുമ്പോഴാണ് ദുരഭിമാനക്കൊലകൾ പോലുള്ള സാമൂഹികവിപത്തുകൾ സാധാരണമായിത്തീരുന്നത്.

പരസ്യമായ സ്നേഹപ്രകടനങ്ങൾ ഞങ്ങൾ സുഹൃത്തുക്കളാണെന്നോ പ്രണയികളാണെന്നോ ഒക്കെയുള്ള ധീരമായ പ്രഖ്യാപനങ്ങളാണ്. സൌഹൃദങ്ങളെ സൌഹൃദങ്ങളായി കാണാൻ കഴിയാത്ത ഒരു സമൂഹത്തിൽ അത്തരം സ്നേഹപ്രകടനത്തിന്റെ സ്വീകാര്യതയെ പറ്റി സംസാരിക്കാൻ പോലുമാവില്ല. പ്രണയപ്രഖ്യാപനവും പെണ്ണിന്റെ പരിശുദ്ധിയുടെ തകർച്ചയുടെ പ്രഖ്യാപനമായാണ് കണക്കാക്കപ്പെടുന്നത്. പ്രണയങ്ങളെ  അംഗീകരിക്കുന്ന കുടുംബങ്ങളിൽ പോലും പരസ്യമായി പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നത്   കാണാം; വിവാഹമേ പ്രഖ്യാപിക്കാവൂ എന്നാണു പൊതുവെയുള്ള ശാസന. പ്രണയം വിവാഹം വരെ എത്തിയില്ലെങ്കിൽ പ്രഖ്യാപിക്കപ്പെട്ട പഴയ പ്രണയം പെണ്‍കുട്ടിക്ക് കളങ്കമാകും എന്ന ബോധമാണത്; വിവാഹം ചെയ്യുന്ന പുരുഷന്റെ മുന്നിൽ അവൾക്ക് "പരിശുദ്ധി" അവകാശപ്പെടെണ്ടതുണ്ടല്ലോ! 

വിലക്കുകൾക്ക് കാരണമായി 'ദുസ്വാതന്ത്ര്യം'  എന്ന പ്രയോഗം പലപ്പോഴും കാണാറുണ്ട്‌; സ്വാതന്ത്ര്യം 'അനുവദിക്കുമ്പോൾ' അത് ദുസ്വാതന്ത്ര്യത്തിനു വഴിവെക്കുന്നു എന്നാണു വാദം. പെണ്ണിനു വസ്ത്രധാരണരീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം "അനുവദിച്ചാൽ" നാളെയവൾ നഗ്നയായി പൊതുനിരത്തിലിറങ്ങും എന്ന വികലചിന്തയുടെ മറ്റൊരു രൂപമാണു പരസ്യമായി ചുംബിക്കാൻ "അനുവദിച്ചാൽ" നാളെ പൊതുനിരത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടും എന്ന വാദം! പെണ്ണിനെ രാത്രി പുറത്തിറങ്ങാൻ "അനുവദിച്ചാൽ" അവൾ വേശ്യയാകും, പഠിക്കാനും ജോലിക്കും ഒക്കെ "വിട്ടാൽ" അന്യജാതി/മതക്കാരന്റെ കൂടെ പോകും, മൊബൈൽ ഫോണും ഇന്റെർനെറ്റും "കൊടുത്താൽ" "അവിഹിത"ബന്ധത്തിലേർപ്പെടും തുടങ്ങി പലരൂപങ്ങളുണ്ട് ഇത്തരം വാദങ്ങൾക്ക്. 

പെണ്ണെന്നാൽ സ്വന്തമായി തീരുമാനമെടുക്കാനറിയാത്ത, എല്ലാ സ്വാതന്ത്ര്യവും ആരോ "അനുവദിച്ചുതരേണ്ട", വിവേചനബുദ്ധിയില്ലാത്ത ഒരു വളർത്തുമൃഗമാണു എന്ന ബോധത്തിൽ നിന്നാണു ഇത്തരം ധാരണകൾ രൂപപ്പെടുന്നത്. മുണ്ടു മടക്കിക്കുത്താൻ അനുവദിച്ചാൽ നാളെ ജനനേന്ദ്രിയം പുറത്തുകാണിച്ചുവിലസും എന്നു പുരുഷന്മാരെ പറ്റി ആരും പറയാറില്ല. ഷർട്ടിടാതെ നടക്കാൻ അനുവദിച്ചാൽ നാളെയവർ തുണിയില്ലാതെ നിരത്തിൽ പരേഡിനിറങ്ങും എന്നു വേവലാതിപ്പെടാറുമില്ല! അപ്പോൾ വേവലാതിയുടെ കാരണം വ്യക്തമാണ്; സ്വന്തം അധീനതയിലുള്ള സ്ത്രീ/ ചെറുപ്പക്കാർ  താൻ കല്പിക്കുന്ന പരിധിക്കുള്ളിൽ നിന്ന് പുറത്തുപോയെക്കുമെന്നും തന്നെ അധികാരസ്ഥാനം നഷ്ടപ്പെട്ടെക്കുമെന്നുമുള്ള ആശങ്ക!

സ്ത്രീപീഡനങ്ങളും സെക്സ് റാക്കറ്റുകളും വർദ്ധിക്കാൻ പരസ്യസ്നേഹപ്രകടനങ്ങൾ അനുവദിക്കുന്നത്   കാരണമാകുന്നു എന്നൊരു രസകരമായ വാദം ഈയിടക്ക് കേട്ടു. സ്ത്രീയുടെ പങ്കാളിത്തത്തോടെയാണ് അവൾ പീഡിപ്പിക്കപ്പെടുന്നത് എന്ന വാദത്തിന്റെ മിനുക്കിയെടുത്ത രൂപമല്ലാതെ മറ്റൊന്നുമല്ല ഇത്. പരസ്പരസമ്മതത്തെ മാനിക്കാനുളള തയ്യാറില്ലായ്മയാണ്‌ ലൈംഗിക അതിക്രമങ്ങളുടെ പ്രധാനകാരണം; അപരന്റെ തീരുമാനങ്ങളെ, തിരഞ്ഞെടുപ്പുകളെ, സ്വാതന്ത്ര്യത്തെ, സ്വകാര്യതകളെ എല്ലാം മാനിക്കാൻ പഠിച്ചവൻ സദാചാരഗുണ്ടയായും ബലാൽസംഗിയായും പീഡകനായും ഒന്നും ആക്രമിക്കാനിറങ്ങില്ല. അതുകൊണ്ട് സ്ത്രീപീഡനത്തെ എതിർക്കുന്നവർ കരുതിയിരിക്കേണ്ടതും ചോദ്യം ചെയ്യേണ്ടതും പരസ്പരസമ്മതത്തോടെയുള്ള പ്രണയങ്ങളെയോ ചുംബനങ്ങളെയോ ഒന്നുമല്ല; തനിക്കു ശരിയെന്നും തെറ്റെന്നും തോന്നുന്ന കാര്യങ്ങളുടെ പേരിലും തന്റെയിഷ്ടത്തിനും  താല്പര്യത്തിനും വഴങ്ങാത്തവരെയും ആക്രമിക്കാൻ മടി കാണിക്കാത്ത സദാചാരഗുണ്ടായിസത്തിന്റെ വക്താക്കളെ തന്നെയാണ്.

Friday 10 October 2014

വസ്ത്രം മുതൽ ജീവിതം വരെ





















(Image courtesy - http://www.energy106.ca/)

അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/2271/yesudass-remark-against-women-wearing-jeans-music-feudal-men-fashion-lifestyle-suresh-gopi-anupama-anamangad

വസ്ത്രസ്വാതന്ത്ര്യം വീണ്ടും സംസാരവിഷയമായിരിക്കയാണ്. ഇത്തവണ ഗന്ധർവഗായകൻ യേശുദാസ് ആണ് വിവാദങ്ങളുടെ നടുക്ക്. ചില കാര്യങ്ങൾ വീണ്ടും വീണ്ടും എടുത്തു പറയേണ്ടി വരുന്നത് നിരാശപ്പെടുത്തുന്നുവെങ്കിലും പറഞ്ഞുകൊണ്ടേ ഇരിക്കുക എന്നതൊരു സാമൂഹ്യമായ കടമ ആണെന്ന് കരുതുന്നതിനാൽ ഇതും എഴുതുന്നു...

ഒരു പ്രത്യേകവസ്ത്രശൈലി മാന്യമോ അല്ലയോ എന്നതാണ് പൊതുവെ വസ്ത്രവിവാദങ്ങളുടെ വിഷയം; മുമ്പൊരിക്കൽ വിഷയമായത് ലെഗിങ്ങ്സ് ആണെങ്കിൽ ഇത്തവണ ജീൻസ് ആണ്.  പൊതുവെ സ്ത്രീയുടെ വസ്ത്രധാരണമാണ് വിഷയം; അപൂർവമായി ചെറുപ്പക്കാരായ പുരുഷന്മാരുടെ, കൂടുതലും കൌമാരക്കാരുടെ, വസ്ത്രധാരണം വിഷയമാകാറുണ്ട്‌; അതൊരുതരം "ഈ തലമുറ ശരിയല്ല; ഞങ്ങളുടെ തലമുറ ആണ് ശരികളുടെ തലമുറ" എന്ന സ്ഥിരം കാരണവർ വാദത്തിന്റെ ഭാഗമാണ് പലപ്പോഴും. യേശുദാസിന്റെ കാര്യത്തിൽ ഈ കാരണവർ വാദവും ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിവാദം തന്നെ ഉണ്ടായി വരുന്നത് എന്ന് തുടക്കത്തിൽ ആലോചിക്കേണ്ടതുണ്ട്. ആരുടെ വസ്ത്രരീതിയാണ് വിവാദമാകുന്നത് എന്ന് ശ്രദ്ധിച്ചാൽ, പൊതുവെ സമൂഹത്തിൽ അധികാരസ്ഥാനം കല്പിച്ചു നല്കപ്പെട്ടിട്ടില്ലാത്ത, അഥവാ സമൂഹം അനുസരണ പ്രതീക്ഷിക്കുന്നവരുടെ വസ്ത്രരീതിയാണ് ചർച്ച  എന്ന് കാണാം; സ്ത്രീകൾ, കൌമാരക്കാർ തുടങ്ങിയവർ... മുതിർന്ന പുരുഷൻ  മുണ്ട് മടക്കിക്കുത്തിയാൽ ശ്രദ്ധിക്കപ്പെടാത്ത, എന്നാൽ പുതുതലമുറക്കാരൻ ബർമുഡ ഇട്ടാൽ മോശമാകുന്ന അതെ അധികാരചിന്താഗതി തന്നെയാണ് സ്ത്രീയുടെ വസ്ത്രങ്ങളെ പറ്റി തനിക്കഭിപ്രായം പറയാം എന്ന തോന്നലും  പുരുഷസമൂഹത്തിലുണ്ടാക്കുന്നത്.

വസ്ത്രധാരണത്തെ പറ്റി സ്ത്രീസമൂഹത്തിൽ നിന്നും അത്തരം കമന്റുകൾ കേൾക്കാറുണ്ട്. താൻ സമൂഹം അനുശാസിക്കുന്ന മാന്യമായ വസ്ത്രം ധരിക്കുന്നവൾ ആണെന്നും മറ്റുള്ളവർ എന്റെയത്ര മാന്യർ അല്ലെന്നുമുള്ള ഒരു തരം Holier than thou ചിന്ത ആകാമത്; ചിലപ്പോള കാരണവർ വാദവുമാകാം; മറ്റു ചിലപ്പോൾ വസ്ത്രം അക്രമത്തിനു കാരണമാകുന്നു എന്ന വളരെ ആത്മാർഥമായ ഭയത്തിന്റെ മറ്റൊരു വശവും; ഈ ഭയവും സമൂഹസൃഷ്ടി തന്നെയാണ്.

അഭിപ്രായസ്വാതന്ത്ര്യവും ഒരു വിഷയത്തിൽ അഭിപ്രായം പറയാനുള്ള ധാർമികാവകാശവും രണ്ടും രണ്ടാണ്. ഇവിടെ അഭിപ്രായസ്വാതന്ത്ര്യമല്ല വിഷയം. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുക സാധാരണ ഫാസിസ്റ്റ് ഭരണകൂടങ്ങളോ വിജിലാന്റി ഗ്രൂപ്പുകളോ ഒക്കെ ആയിരിക്കും. അവിടെ ഒരു പ്രത്യേക അഭിപ്രായം പറയാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ നിയമപരമായോ ഭീഷണിയിലൂടെയോ അക്രമത്തിലൂടെയോ ഒക്കെ തടയുകയാണ് ചെയ്യുന്നത്; എതിർക്കപ്പെടേണ്ട പ്രവണതയുമാണത്. എന്നാൽ ഒരു വ്യക്തി പറഞ്ഞ അഭിപ്രായത്തിൽ പരാമർശിക്കപ്പെട്ട വിഷയം, അയാൾക്കത് പറയാനുള്ള ധാർമികാവകാശം എന്നിവ ചോദ്യം ചെയ്യപ്പെടാം; ശക്തമായി തന്നെ വിമർശിക്കപ്പെടാം. അഭിപ്രായസ്വാതന്ത്ര്യത്തിൽ ഈ വിമർശനസ്വാതന്ത്ര്യവും പെടും.

ഇവിടെ യേശുദാസിന്റെ വാക്കുകൾ വിമർശിക്കപ്പെടുന്നത്, അല്ലെങ്കിൽ വിമർശിക്കപ്പെടേണ്ടത്, അപരവ്യക്തികളുടെ വ്യക്തിപരമായ വിഷയങ്ങളിൽ അത്തരമൊരു അഭിപ്രായം പറയാനുള്ള ധാർമികാവകാശത്തിൻറെ പേരിലാണ്. യേശുദാസ് ജുബ്ബ ധരിക്കുന്നത് ശരിയോ തെറ്റൊ, മുണ്ടുടുക്കുന്നത് മാന്യമോ എന്നൊക്കെ തീരുമാനിക്കാനുള്ള ധാർമികാവകാശം മറ്റൊരാൾക്ക് ഇല്ലാത്തതു പോലെ തന്നെ പെണ്‍കുട്ടികളുടെ വസ്ത്രധാരണം എങ്ങനെ ആയിക്കൂടാ എന്ന് തീരുമാനിക്കാനുള്ള ധാർമികാവകാശം ഗന്ധർവഗായകനുമില്ല തന്നെ. ഉണ്ടെന്ന തോന്നൽ താനൊരധികാരസ്ഥാനത്തിരിക്കുന്നു എന്ന ധാരണയിൽ നിന്നാണ് ഉടലെടുക്കുന്നത്; പ്രായം കൊണ്ടോ സമൂഹത്തിലെ സ്ഥാനം കൊണ്ടോ ധനം കൊണ്ടോ ലിംഗഭേദം കൊണ്ടോ ഒക്കെ അധികാരശ്രേണി തീരുമാനിക്കപ്പെടുന്ന ഒരു വ്യവസ്ഥയുടെ സ്വാധീനമാണ് ആ വാക്കുകളിൽ കാണുന്നത്.

എന്തായാലും ഈ വിഷയം സോഷ്യൽ മീഡിയയെ വീണ്ടും വസ്ത്രസ്വാതന്ത്ര്യചർച്ചയിലെക്ക് തിരിച്ചു വിട്ടിട്ടുണ്ട്. ഇത്തരം ചർച്ചകളിൽ മൂന്നു വാദങ്ങളാണ് പൊതുവെ കണ്ടു വരുന്നത്; ഒന്ന്: ഭാരതീയസംസ്കാരവാദം, രണ്ട്: പൊതുജനത്തിന്റെ ദർശനസൗകര്യം (ചിലർ ചില വസ്ത്രങ്ങള ധരിച്ചാൽ കാണാൻ നന്നല്ല; കാഴ്ചക്കാർക്ക് അരോചകമാകുന്നു എന്ന വാദം), മൂന്ന്: വസ്ത്രധാരണരീതി ബലാല്ക്കാരത്ത്തിനു കാരണമാകുന്നു. ഈ മൂന്നുവാദങ്ങളും വെവ്വേറെ തന്നെ പരിശോധിക്കേണ്ടതുണ്ട്.

വസ്ത്രധാരണത്തിന്റെ ചരിത്രം സംസ്കാരങ്ങളും ഭാഷകളും പോലെ തന്നെ  വൈവിധ്യമാർന്നതാണ്. അങ്ങോട്ടുമിങ്ങോട്ടും കൊടുത്തും വാങ്ങിയും പങ്കുവെച്ചുമാണ് സംസ്കാരങ്ങളും ഭാഷകളും വളർന്നു വന്നത്; വസ്ത്രരീതികളും ആഭരണങ്ങളും എല്ലാം ഇതുപോലെ തന്നെ; തികച്ചും തനതായ എന്നവകാശപ്പെടാവുന്ന ഒന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. സംസ്കാരത്തിന്റെ ഭാഗമായ വസ്ത്രധാരണം എന്ന വാദമുന്നയിക്കുമ്പോൾ ഇന്ത്യാചരിത്രത്തിന്റെ ഏതു കാലഘട്ടത്തിൽ നിന്നാണ് ഈ സംസ്കാരവും വസ്ത്രരീതിയും ഒക്കെ കടമെടുക്കുന്നത് എന്നും വാദികൾ വ്യക്തമാക്കേണ്ടി വരും; ഇന്ത്യാചരിത്രം എന്നാൽ ഉപഭൂഖണ്ഡത്തിന്റെ ചരിത്രമോ അതോ രാജ്യത്തിന്റെ ചരിത്രമോ എന്നും...

ഇതിലേതു തന്നെ നോക്കിയാലും ഒരു പ്രത്യേകവേഷവിധാനം കാലാകാലങ്ങളോളം പിന്തുടർന്ന് വന്ന രീതി ഇവിടുണ്ടായിരുന്നില്ല എന്ന് കാണാം; തന്നെ. തുണിയുണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കൾ തുടങ്ങി വസ്ത്രശൈലികളുടെ വൈവിധ്യവും ഫാഷനും വരെ മാറിക്കൊണ്ടിരിക്കും ഓരോ കാലഘട്ടത്തിലും. ഇത് തന്നെ പലപ്പോഴും ഒരേ രാജ്യത്തിനകത്തെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും എല്ലാമനുസരിച്ച് വ്യതിയാനങ്ങളോടെ പ്രത്യക്ഷപ്പെടുന്നതും കാണാം. ഫാഷൻ രംഗം, എന്നത്തെക്കാളുമുപരി ഒരുപാട് വൈവിധ്യങ്ങൾ കാഴ്ചവെക്കുന്ന ഒരു കാലമാണിത്; പ്രത്യേകിച്ച് വിഷ്വൽ, സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തിൽ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയെല്ലാം അതിർത്തികൾ നേർപ്പിക്കപ്പെടുമ്പോൾ...

വസ്ത്രസ്വാതന്ത്ര്യം എന്നാ വിഷയം വരുമ്പോൾ പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉയർന്നുവരാറുണ്ട്. പർദ്ദ എന്ന വാക്കിനു തിരശ്ശീല എന്നാണു വാച്യാർഥം എങ്കിലും മുഖമൊഴിച്ച് ശരീരം മുഴുവൻ മറക്കുന്ന കറുത്ത വസ്ത്രത്തിനാണ് ഈ പേര് പൊതുവെ വിളിക്കാറുള്ളത്. (മുഖാവരണം ഇവിടെ ചർച്ച ചെയ്യുന്നില്ല; അത് തികച്ചും വ്യത്യസ്തമായ ഒരു വിഷയമായി തന്നെ കാണേണ്ടി വരും; ഇവിടെ തൽകാലം അത് മാറ്റി നിർത്തുന്നു). അത്തരമൊരു വസ്ത്രം ഒരു വസ്ത്രശൈലിയായി തെരഞ്ഞെടുക്കാനും ഉപയോഗിക്കാനും തീർച്ചയായും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; സംശയമില്ല. എന്നാൽ പൊതുവെ പർദ്ദ എതിർക്കപ്പെടുന്നത് അതൊരു വസ്ത്രധാരണരീതി എന്ന രീതിയിലല്ല; ആവുകയുമരുത്. അതിന്റെ നിർബന്ധിത ഉപയോഗവും മഹത്വവൽകരണവും ആണെതിർക്കപ്പെടെണ്ടത്. മാന്യമായ, സുരക്ഷിതമായ ഒരേയൊരു വസ്ത്രം തുടങ്ങിയ പ്രചാരണങ്ങളും പർദ്ദ ധരിക്കാത്തവരോടുള്ള അനുചിതപ്രതികരണങ്ങളും സ്വീകാര്യമല്ല. മറ്റു വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ വിമർശിക്കുമ്പോൾ, പർദയല്ലാത്തവ മോശം എന്ന് പ്രഖ്യാപിക്കുമ്പോൾ,  വസ്ത്രസ്വാതന്ത്ര്യത്തിന്റെ പേരിൽ പർദ്ദ ധരിക്കാനുള്ള അവകാശം പർദാവാദികൾ സ്വയം ഉപേക്ഷിക്കുകയാണ്. അവിടെ പർദ്ദ ഒരു വസ്ത്രധാരണരീതി എന്നത് മാറി ഒരു രാഷ്ട്രീയായുധമാകുന്നു.

വ്യത്യസ്തമായ ആവശ്യങ്ങൾക്ക്, വ്യത്യസ്തമായ സന്ദർഭങ്ങൾ അനുസരിച്ചു വസ്ത്രധാരണശൈലി സ്വീകരിക്കുന്ന പ്രവണത ആധുനികസമൂഹത്തിലുണ്ട്; ഇതെല്ലാം സ്വയം തെരഞ്ഞെടുക്കാനുള്ള പക്വതയും പ്രാപ്തിയും വ്യക്തികൾക്കുമുണ്ട്; സ്ത്രീ ആയാലും പുരുഷൻ ആയാലും. നിത്യോപയോഗം, ഉത്സവങ്ങൾ, ചടങ്ങുകൾ, വിവാഹം, മരണം തുടങ്ങി പല സന്ദർഭങ്ങളിൽ പല ശൈലികൾ പഴയസമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു. എന്നാൽ ഇവയൊന്നും തന്നെ കാലാനുഗതമായി മാറ്റം വരാത്തവയോ ഒരൊറ്റയടിക്ക് നിലവിൽ വന്നവയോ അല്ല. മനുഷ്യസംസ്കാരത്തിൽ സൌന്ദര്യബോധത്തിനു വളരെയധികം പ്രാധാന്യമുണ്ട്; മാറിവരുന്ന തലമുറകളുടെ മാറിവരുന്ന കാഴ്ചപ്പാടുകൾ അനുസരിച്ച് മറ്റെതു വിഷയത്തിലുമെന്ന പോലെ വസ്ത്രധാരണശൈലികളിലും മാറ്റങ്ങൾ പ്രത്യക്ഷപ്പെടും; അത് നടക്കുന്നുമുണ്ട്.

മറ്റൊരു വാദം ചിലർ ചില വസ്ത്രങ്ങൾ ധരിക്കുന്നത് കാഴ്ചക്കാരിൽ അലോസരമുണ്ടാക്കുന്നു എന്നതാണ്. രസകരമായൊരു വാദമാണിത്; സ്വന്തം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ സാമൂഹ്യനിയമങ്ങളാകണം എന്നതാണാവശ്യം. ഈ അലോസരം ആരിലുണ്ടാകുന്നു, ആരുടെയൊക്കെ അലോസരം കണക്കിലെടുത്താണ് ഇത്തരം സാമൂഹ്യനിയമങ്ങൾ നടപ്പാക്കേണ്ടത് എന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും. കാരണം ഓരോ വ്യക്തിക്കും അലോസരമുണ്ടാക്കുന്ന കാഴ്ചകൾ പലതാകാം; വളർന്നു വന്ന ചുറ്റുപാടുകൾ, വ്യക്തിയനുഭവങ്ങൾ, മുൻധാരണകൾ എന്നിങ്ങനെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്.

കേടുവന്ന നഖങ്ങൾ, വിണ്ടുകീറിയ കാലുകൾ, പുഴുക്കുത്തു വന്ന പല്ല്, ത്വക്ക് രോഗങ്ങൾ  എന്നിവയെല്ലാം ചിലരിൽ അലോസരമുണ്ടാക്കിയെക്കാം; അതെല്ലാം പക്ഷെ അവരുടെ മാത്രം  പ്രശ്നമാണെന്നും അങ്ങനെയുള്ളവർ ഷൂ ധരിച്ചും ചിരിക്കാതെയും പർദയിട്ടും എല്ലാം പുറത്തിറങ്ങി നടക്കണമെന്നും ആവശ്യപ്പെടാൻ ആർക്കും അവകാശം ഇല്ലെന്നുമൊക്കെ പൊതുബോധം വളരെ എളുപ്പത്തിൽ സമ്മതിക്കും; എന്നാൽ ശരീരവണ്ണം കൂടുതലോ കുറവോ ഉള്ള സ്ത്രീകളുടെ വസ്ത്രധാരണരീതികൾ തങ്ങളിൽ അലോസരമുണ്ടാക്കുന്നുവെന്നും അതുകൊണ്ടവ ഉപേക്ഷിക്കണമെന്നും അടുത്ത ശ്വാസത്തിൽ തന്നെ, പറയുന്നതിലെ വൈരുദ്ധ്യാത്മകത ഒട്ടു മനസ്സിലാക്കാതെ തന്നെ, പ്രഖ്യാപിക്കുകയും ചെയ്യും.

ഇവിടെ പ്രവർത്തിക്കുന്നത് നേരത്തെ പറഞ്ഞ അതേ അധികാരബോധം  തന്നെയാണ്; സ്ത്രീയെന്നത് സ്വതന്ത്ര വ്യക്തിയാണെന്നും സമൂഹത്തിന്റെ പൊതുസ്വത്തല്ലെന്നും "നമ്മുടെ സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണം" എന്ന സാമാന്യവൽകരണവുമായി നടക്കുന്നവർക്ക് ദഹിക്കാനല്പം പാടാണ്. അവരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ഐഡന്റിറ്റി 'നമ്മുടെ/ ഞങ്ങളുടെ  സ്ത്രീകൾ', 'നിങ്ങളുടെ സ്ത്രീകൾ, 'അവരുടെ സ്ത്രീകൾ' എന്നീ ഉടമസ്ഥാവകാശപ്രഖ്യാപനങ്ങൾക്കകത്താണ്.

സമൂഹത്തിന്റെ പാതിവരുന്ന പുരുഷസമൂഹത്തിന് എതവസരത്തിൽ ഏതു വസ്ത്രം ധരിക്കണമെന്ന് മറുപാതിയുടെ തീട്ടൂരങ്ങൾ ആവശ്യമില്ലെന്നിരിക്കെ, മുണ്ട് മടക്കിക്കുത്തുമ്പോൾ രോമാവൃതമായ കാലുകളുടെ പ്രദർശനം മറുപാതിക്ക് അലോസരമുണ്ടാക്കുന്നുണ്ടോ എന്ന് വേവലാതിപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നിരിക്കെ, സ്ത്രീയുടെ കാര്യത്തിൽ മാത്രം പൊതുജനാഭിപ്രായത്തിൻറെ ആവശ്യമെന്താണ്? പുരുഷനെ പോലെ തന്നെ സ്വജീവിതത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്താനും തീരുമാനങ്ങളെടുക്കാനും കെല്പുള്ള പൂർണവ്യക്തികൾ തന്നെയാണ് സ്ത്രീകൾ.

വസ്ത്രവിവാദങ്ങൾ പൊതുവെ ഒരുപടികൂടി കടന്നു നഗ്നതാവിവാദത്തിൽ എത്തി നില്ക്കുന്നത് കാണാറുണ്ട്‌; ഇതും ഒന്നോർത്താൽ രസകരമാണ്. നഗ്നത എന്നാൽ വസ്ത്രരീതിയുമായി ഒട്ടും ബന്ധമില്ലാത്ത ഒന്നാണ്; നഗ്നതയ്ക്ക് വസ്ത്രം ഇല്ല; അതുകൊണ്ട് തന്നെ വസ്ത്രശൈലിയും ഇല്ല. വസ്ത്രത്തിന്റെ ശൈലി ചർച്ച ചെയ്യുമ്പോൾ അവിടെ നഗ്നത കൊണ്ട് വരുന്നത് ടിവി ചാനലുകളിൽ ഏതു നല്ലത്, ഏതു മോശം എന്ന് ചർച്ച ചെയ്യുന്നിടത്ത് ടിവിയേ ഇല്ലാത്തതാണ് മോശം എന്ന് പറയുന്നത് പോലാകും.

"സഭ്യ"മല്ലാത്ത നഗ്നതാപ്രദർശനം "പൊതുസ്ഥല"ങ്ങളിൽ പലരാജ്യങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമം ഇക്കാര്യത്തിൽ തീരെ വ്യക്തത ഇല്ലാത്ത ഒന്നാണ്; എന്താണ് സഭ്യം, അസഭ്യം എന്നതിന് വ്യക്തമായ നിർവചനം ഇല്ലാത്തതു കൊണ്ട് തന്നെ ഈ നിയമം ധാരാളമായി ദുരുപയോഗിക്കപ്പെടുന്നുണ്ട്; ആരാണ്, എന്തിന്റെ അടിസ്ഥാനത്തിലാണ് സഭ്യത തീരുമാനിക്കുന്നത് എന്നതാണ് പ്രധാനപ്രശ്നം. ഇത്തരമൊരു വിഷയത്തിലിടപെടുന്ന പോലീസിനും കോടതിക്കും വ്യക്തിപരമായി എന്തെല്ലാം സഭ്യം, അസഭ്യം എന്ന് തോന്നുന്നുവോ അതെല്ലാം നിയമമായി നടപ്പിലാക്കപ്പെടുന്നു; വസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല പൊതുസ്ഥലത്തെ പ്രണയികളുടെ പെരുമാറ്റങ്ങളും ഇതേ നിയമമുപയോഗിച്ച് നിയന്ത്രിക്കപ്പെടാറുണ്ട്. കൃത്യമായ നിർവചനവും നിബന്ധനകളുമില്ലാത്ത ഇത്തരം നിയമങ്ങൾ ഗുണത്തെക്കാളുപരി ദോഷം ആണ് ചെയ്യുക; ദുരുപയോഗസാധ്യത തടയാൻ നിയമങ്ങൾ കൃത്യമായി എഴുതപ്പെട്ടിരിക്കണം.

ലൈംഗികാവയവങ്ങളുടെ പ്രദർശനമാണ് പല വികസിതരാജ്യങ്ങളിലും  പൊതുവെ നിയമവിരുദ്ധമായ നഗ്നതാപ്രദർശനമായി കണക്കാക്കപ്പെടുന്നത്; ഇതുതന്നെ ന്യൂഡ്‌ ബീച്ചുകൾ, അഡൾട്ട്സ് ഒണ്‍ലി പ്രൈവറ്റ് സ്പേസസ് തുടങ്ങിയ ഇടങ്ങളിൽ നിയമവിധേയമാണ്; വ്യക്തിയുടെ സ്വകാര്യതയെ, തീരുമാനങ്ങളെ  ഭരണകൂടം മാനിക്കുന്നു എന്നർഥം. ഇത്തരം നിയമങ്ങൾ സദാചാരം സംരക്ഷിക്കാനല്ല നിലനില്ക്കുന്നത്; ആവുകയുമരുത്. പൊതുസ്ഥലങ്ങളിലെ നിരോധനം, കൂടുതലും കുട്ടികളുടെ സാന്നിദ്ധ്യത്തിന്റെ സാധ്യത തുടങ്ങിയ പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയാണ്; കുട്ടികളുടെ മുന്നിൽ വെച്ചുള്ള  ലൈംഗികാവയവങ്ങളുടെ പ്രദർശനം ലൈംഗികാതിക്രമമായാണ് കണക്കാക്കി വരുന്നത്.  ഇവിടെയും പക്ഷെ, അങ്ങനെയെടുത്ത് പുറത്ത് പ്രദർശിപ്പിക്കാവുന്ന ലൈംഗികാവയവം ഉള്ളത് പുരുഷനാണ്; സ്ത്രീക്ക്  അതുപോലെ പ്രദർശിപ്പിക്കണമെങ്കിൽ ചില്ലറ ജിംനാസ്റ്റിക്സ് പ്രാവീണ്യം മതിയാവില്ല! (നഗ്നതയുടെ മാന്യതയും സാധ്യതയും ഒരു ചർച്ചാവിഷയം തന്നെയാണ്; പക്ഷെ ഇവിടെ അതല്ലല്ലോ നമ്മൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്; അതുകൊണ്ടിതിവിടെ നിർത്തുന്നു).

അടുത്തത് സുരക്ഷിതത്വവാദമാണ്. സ്ത്രീയുടെ സുരക്ഷിതത്വം അവളുടെ വസ്ത്രത്തിൽ ഉടക്കിക്കിടക്കുന്നു എന്ന ധാരണ വരുന്നത് സ്ത്രീശരീരം പുരുഷനെ ലൈംഗികമായി ആകർഷിക്കുന്നു; ഈ ആകർഷണം ബലാല്ക്കാരത്തിനു പ്രേരിപ്പിക്കുന്നു എന്ന ചിന്തയിൽ നിന്നാണ്. ഈ മനോഭാവം പുരുഷസമൂഹത്തെ പൊതുവെ, മൃഗതൃഷ്ണയിൽ നിന്ന് ഒരല്പം പോലും സമൂഹജീവിയായി ഉന്നമിച്ചിട്ടില്ലാത്ത പ്രാകൃതരായി വിലയിരുത്തി അപമാനിക്കുന്നു എന്നതൊരു കാര്യം; അതവിടെ നിൽക്കട്ടെ. ഈ വാദത്തിന്റെ തന്നെ സാധുത എന്താണ് എന്നാദ്യം പരിശോധിക്കേണ്ടതുണ്ട്.

വസ്ത്രധാരണം ലൈംഗികാകർഷണത്തിനു കാരണമായേക്കാവുന്ന പല വഴികളിൽ ഒന്നു മാത്രമാണ്. Sexual fetishness പല വ്യക്തികളിൽ പല തരത്തിലാണ് കണ്ടു വരുന്നത്. മണം, ഉയരം, ആകാരം, ചുണ്ടുകൾ, കണ്ണുകൾ, പാദങ്ങൾ, വാച്ച്, ചെരിപ്പ്, മുടി, ശബ്ദം, നിറം, വസ്ത്രത്തിന്റെ നിറം, ബുദ്ധിശക്തി, അറിവ് എന്നിങ്ങനെ ലൈംഗികഉത്തേജനത്തിന്റെ വഴികൾ വളരെ വൈവിധ്യം നിറഞ്ഞതാണ്. ലൈംഗികാകർഷണം എന്നത് ഇല്ലാതാക്കാൻ കഴിയുന്ന ഒന്നുമല്ല; അതിന്റെ ആവശ്യവുമില്ലതന്നെ. ഉത്തേജനം ഇല്ലാതാക്കാൻ വസ്ത്രത്തിന്റെ അളവ് കൂട്ടുമ്പോൾ അടുത്ത് സംഭവിക്കുന്നത് ലഭ്യമായ കാഴ്ചകളും ഭാവനയും വെച്ച് ഉത്തേജനം സംഭവിക്കുക എന്നതു മാത്രമാണ്; സ്ത്രീകൾ ശരീരത്തിന്റെ ഒരിഞ്ചു പോലും പുറത്തുകാണിക്കാതെ പുറത്തിറങ്ങുന്ന അവസരത്തിൽ ആ വസ്ത്രത്തിനുള്ളിൽ സ്ത്രീയാണ് എന്ന അറിവോ തോന്നലോ പോലും മതിയാകും അത്തരമൊരു ഉത്തേജനത്തിന്. പ്രകൃതിയുടെ അത്ര ശക്തമായ ഒരു പ്രതിഭാസം ആണ് ലൈംഗികാകർഷണം.

ലൈംഗിക ഉത്തേജനം തെറ്റല്ല; റേപ് വെറും ഉത്തേജനത്തിന്റെ ഫലവുമല്ല. ലൈംഗിക ആകർഷണം വളരെ സാധാരണമായ ഒന്നാണ്; അത് നിയന്ത്രിക്കുകയോ തടയുകയോ ചെയ്യേണ്ട കാര്യവുമില്ല. ഉത്തേജനം വന്നാൽ തന്നെ അതിൽ ഒരു ചെറിയ ശതമാനമാണു റേപിനു മുതിരുന്നത്. അതാകട്ടെ വസ്ത്രം കണ്ടു പൊടുന്നനെ ചാടിയിറങ്ങുന്നതുമല്ല; അവനെ ആകർഷിച്ചത്, ഉത്തെജിപ്പിച്ചത് എന്തുമാകാം; വസ്ത്രവുമാകാം. പക്ഷെ അവസരം നോക്കി തന്നെയാണ് ഒരു റേപിസ്റ്റ് ആക്രമിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ പൊതുമധ്യത്തിൽ ഉത്തേജിതരായി റേപിസ്റ്റുകൾ ചാടി വീഴുകയും പിടിക്കപ്പെടും ചെയ്യാമല്ലോ. അവസരം വരുന്ന വരെ, തനിക്കപകടം വരാത്തരീതിയിൽ ഒരിരയെ കിട്ടുന്നത് വരെ, കാക്കുന്നത് അവനു നിയന്ത്രണബുദ്ധി ഉളളതു കൊണ്ടുതന്നെയാണ്; എടുത്തുചാടുന്നത് അബദ്ധമാകുമെന്നു ചിന്തിക്കാനുള്ള ബോധം അപ്പോഴും അവനുണ്ട്. ആ നിയന്ത്രണവും ബോധവും സ്ത്രീയെ ആക്രമിക്കാതിരിക്കാൻ ഉപയോഗിക്കാത്തത് അതിന്റെ ആവശ്യകത അവനു ബോധ്യപ്പെടാത്തതു കൊണ്ടും.

കീഴ്പ്പെടുത്താനുളള ത്വര, അതിനുളള അവസരം, പിടിക്കപ്പെടില്ലെന്ന ധൈര്യം, സ്ത്രീ ഭയന്നു പുറത്തു പറയില്ലെന്ന ധൈര്യം, റേപ് ചെയ്യപ്പെട്ടാൽ സ്ത്രീയുടെ "പവിത്രത" നഷ്ടപ്പെട്ടു "മാനം" നഷ്ടപ്പെട്ടു എന്നൊക്കെയുളള പൊതുബോധം, സ്ത്രീയുടെ വസ്ത്രവും സ്വഭാവവും അളന്നു അവളെ കുറ്റപ്പെടുത്തുന്ന സമൂഹം എന്നിങ്ങനെ റേപിസ്റ്റിനെ പ്രോൽസാഹിപ്പിക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്.അതായത്  ഇരയാക്കപ്പെട്ടവളുടെ വസ്ത്രമളക്കുന്ന മനോഭാവം സ്ത്രീ ധരിച്ച വസ്ത്രത്തേക്കാൾ ഒരു റേപിസ്റ്റിനു പ്രോൽസാഹനം നൽകുന്ന ഒന്നാണ് എന്ന് സാരം! ഇരയുടെ കുറ്റമാണെന്നു പറയുന്ന ഒരു വിഭാഗം ഉളളിടത്തോളം അവനു ഇര പരാതിപറയാനുളള സാധ്യതയെ അധികം ഭയപ്പെടേണ്ടതില്ല.

റേപ് കുറക്കാൻ ഒരു വഴിയെ ഉളളൂ... റേപ് ചെയ്യപ്പെട്ടാൽ ജീവിതം നശിച്ചുപോകാത്ത, ഇരയുടെ വസ്ത്രവും സ്വഭാവവുമളന്നു കുറ്റപ്പെടുത്താത്ത ഒരു സമൂഹം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക; കുറ്റവാളിയുടെ നേരെ മാത്രം വിരൽ ചൂണ്ടുക. അങ്ങനെ വരുമ്പോൾ ഇരയാക്കപ്പെട്ടവൾ തനിക്കെതിരെ തിരിയാൻ സാധ്യതയില്ലെന്ന ബോധം ഇല്ലാതാകും; സൂക്ഷിക്കേണ്ടത് സ്ത്രീയെക്കാൾ അവളെ ആക്രമിക്കാൻ മുതിരുന്നവൻ ആണെന്ന പൊതുബോധം നിലവിൽ വരണം; അത്തരമൊരു സമൂഹത്തിനു മാത്രമാണ് റേപ് പോലുള്ള സാമൂഹ്യവിഷങ്ങളെ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുക.

വസ്ത്രവും റേപും തമ്മിൽ ബന്ധമളന്നു ഉപദേശി നടിക്കുന്നവർ ദയവു ചെയ്തു ഒരുകാര്യം മനസ്സിലാക്കുക; ഇരയുടെ നേരെ വിരൽ ചൂണ്ടുന്ന ആ വൃത്തികെട്ട മനോഭാവമുണ്ടല്ലൊ; ഇരയാക്കപ്പെട്ട പെൺകുട്ടികൾ അതു റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതിനൊരു പ്രധാനകാരണമാണത്. കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ റേപിസ്റ്റുകൾ നേരത്തെ പിടിക്കപ്പെട്ടേക്കും; അയാൾ മൂലം ഭാവിയിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾ രക്ഷപ്പെട്ടേക്കും. തനിക്കു നേരെ വിരൽ ചൂണ്ടപ്പെടും എന്ന ഭയമില്ലാതെ ഇരയാക്കപ്പെട്ടവൾക്ക് സമൂഹത്തിൽ സാധാരണ ജീവിതം നയിക്കാൻ കഴിയും. റേപിസ്റ്റിനു പ്രധാനവളമാകുന്നത് വസ്ത്രവും ആകർഷണവും ഒന്നുമല്ല; തന്റെ വസ്ത്രവും സഞ്ചാരസ്വാതന്ത്ര്യവും വാക്കുകളും സ്വഭാവവും പ്രണയവും ചരിത്രവും  എല്ലാം പൊതുമധ്യത്തിൽ യാതൊരു കരുണയുമില്ലാതെ അളക്കപ്പെടുന്ന ഇരയുടെ ദൈന്യതയാണ് ഒരു റേപിസ്റ്റിന്റെ ഏറ്റവും വലിയ പ്രോത്സാഹനം! സാമൂഹ്യബോധം എന്നതൊന്ന് ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക!

സ്വന്തം കായികശക്തി, പ്രതിരോധിക്കാനുളള കഴിവ്, സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകത, പ്രതിരോധരീതി തുടങ്ങി പുരുഷന്മാർ സ്വയം ചിന്തിച്ചു തീരുമാനമെടുക്കുന്ന കാര്യങ്ങളിലെല്ലാം അതേ പോലെ സ്ത്രീക്കും സ്വയം ചിന്തിച്ചു തീരുമാനമെടുക്കാൻ കഴിയും. പുരുഷന്മാരിൽ കായികശക്തി കുറവുളളവരും ബലഹീനരും അപകടങ്ങളും അക്രമങ്ങളും ഒഴിവാക്കാൻ എത്തരത്തിൽ പെരുമാറണം എന്നാരും സാമാന്യനിയമങ്ങൾ ഇറക്കിക്കണ്ടിട്ടില്ല; അതു പോലെ തന്നെ സ്ത്രീകൾക്കും അത്തരം പൊതുനിയമങ്ങൾ ആവശ്യമില്ല തന്നെ. ഒരു സ്ത്രീയുടെ കാര്യം ഒരു വ്യക്തി എന്ന എല്ലാ പരിഗണനയോടും കൂടെ അവൾക്കു തന്നെ വിട്ടുകൊടുക്കുക.

ഒരു മതമോ വിശ്വാസമോ  തെരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ ഉള്ള സ്വാതന്ത്ര്യം ആ മതമോ മതമില്ലായ്മയോ ചില അക്രമികളെ പ്രകോപിപ്പിക്കുമൊ, ആ അക്രമം സ്വയം ചെറുക്കാൻ കഴിയുമൊ എന്നതിനനുസരിച്ച് മറ്റാരും നിർദ്ദേശം കൊടുക്കുന്നതായിരിക്കരുത്. ഒരു ഭക്ഷണരീതി (സസ്യാഹാരം Vs മിശ്രാഹാരം) തെരഞ്ഞെടുക്കുന്നതും അത് ചില അക്രമികളെ പ്രകോപിപ്പിക്കുമോ എന്നോർത്തിട്ടാകേണ്ടി വരരുത്.  അതു പോലെ തന്നെ വസ്ത്രം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യവും അക്രമികളെ പ്രകോപിപ്പിക്കുമൊ, അക്രമം ചെറുക്കാൻ കഴിയുമൊ എന്നതിനനുസരിച്ച് മറ്റാരും തീരുമാനിച്ചു കൊടുക്കേണ്ടതല്ല. മോഷ്ടാക്കൾ ധാരാളമുള്ളത് കൊണ്ട് സ്വർണാഭരണങ്ങളും വിലപിടിച്ച വാച്ച്, ഫോണ്‍ തുടങ്ങിയവയും കൊണ്ട് പുറത്തിറങ്ങരുത്, കയ്യിൽ പണമുണ്ടെന്നു വിളിച്ചു പറയുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്; അത് വഴി മോഷ്ടാക്കളെ പ്രകോപിപ്പിക്കരുത് എന്നൊക്കെ പറയുന്നത്ര തന്നെ പരിഹാസ്യമാണ് വസ്ത്രം വഴി റേപിസ്റ്റിനെ പ്രകോപിപ്പിക്കരുത് എന്ന് പറയുന്നത്.  അക്രമം ചെറുക്കുകയോ ഒഴിവാക്കുകയോ എന്ത് വേണമെന്നത് തികച്ചും വ്യക്തിഗതമായ തീരുമാനമാണ്; സമൂഹത്തിന്റെയും നിയമത്തിന്റെയും ബാധ്യത അക്രമങ്ങളെയും  അക്രമികളെയും  നിയന്ത്രിക്കുക എന്നതാണ്; ഇരകളാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ നിയന്ത്രിക്കുക എന്നതല്ല!

Friday 2 May 2014

Isle of Wight - ഒരു യാത്രാനുഭവം






















മാർക്കോണി ലോകത്തിലെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ പണിത സ്ഥലം ഏതാണ്? ഉത്തരം: നീഡിൽസ് ബാറ്ററി, ഐൽ ഓഫ് വൈയ്റ്റ് (1897ൽ, Needles Battery, Isle of Wight, UK).

ഇംഗ്ലീഷ് ചാനലിൽ മെയിൻലാൻഡ് ഇംഗ്ലണ്ടിൽ നിന്ന് ഒരൽപം മാറി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുദ്വീപാണ് ഐൽ ഓഫ് വൈയ്റ്റ് (Isle of Wight). ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സവിശേഷതകൾ ഉള്ള ഒരിടമാണിത്. നയനഹാരിയായ അലം തീരവും നീഡിൽസ് മുനമ്പും അവിടെ  സ്ഥിതി ചെയ്തിരുന്ന യുദ്ധസന്നാഹകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളും വിക്ടോറിയ രാജ്ഞി താമസിച്ചിരുന്ന  ഈസ്റ്റ്കോവ്സ്ലെ ഓസ്‌ബോണ്‍ കൊട്ടാരവും ന്യൂപോർട്ടിലെ കാരിസ്ബ്രൂക് കോട്ടയുമെല്ലാം തെക്കേ ഇംഗ്ലണ്ടിലെക്കുള്ള യാത്രികർക്ക് ഇതൊരു ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു.

ലണ്ടനിൽ നിന്ന് പോർട്ട്‌സ്മൌത്തിലേക്ക് പോകുന്ന സതേണ്‍ റെയിൽവേ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ഇറങ്ങേണ്ടത് 'Portsmouth & Southsea' എന്ന സ്റ്റേഷനിൽ ആണ്.ഇവിടെ നിന്ന് ഒരല്പം ടാക്സിയിൽ സഞ്ചരിച്ചാൽ സൌത്ത് സീ ഹോവർ പോർട്ടിൽ എത്താം (South Sea Hover Port). ഇവിടെ നിന്ന് വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന ഹോവർക്രാഫ്റ്റുകൾ ഓരോ 30-45 മിനുട്ടിലും ലഭ്യമാണ്; ഞങ്ങൾ എത്തുന്ന സമയത്തിനനുസരിച്ച് ഓണ്‍ലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. റൈഡ് (Ryde) എന്നാ സ്ഥലത്താണ് ഹോവർ ക്രാഫ്റ്റ് ഇറക്കി തന്നത്. അവിടെ നിന്ന് ദിവസം മുഴുവൻ ചുറ്റിക്കാണിക്കാൻ വേണ്ടി ഒരു ടാക്സി ബുക്ക് ചെയ്തിരുന്നു; കൂട്ടത്തിൽ ചെറിയ കുട്ടികൾ ഉള്ള കുടുംബങ്ങൾ ഉള്ളത് കൊണ്ട് സാധാരണ പോലെ പബ്ലിക് ട്രാൻസ്പോർട്ടിനെ ആശ്രയിക്കുന്നില്ലെന്നു വെച്ചു.

ഫെറിയിൽ 45 മിനുട്ട് വരെ എടുക്കുന്ന, സൌത്ത്സീയിൽ നിന്ന് ഐൽ ഓഫ് വൈയ്റ്റ് ലെ റൈഡ് എന്ന ടൌണ്‍ ലേക്കുള്ള ദൂരം,  പത്തു മിനുട്ട് കൊണ്ടാണ് ഹോവർക്രാഫ്റ്റ് താണ്ടിയത്; അകത്തിരിക്കുമ്പോൾ സാധാരണ ബോട്ടുകളിൽ ഇരിക്കുന്നതിനേക്കാൾ താഴ്ന്ന് വെള്ളത്തിന്റെ അതേ നിരപ്പിൽ ഇരിക്കുന്ന തോന്നലുണ്ടാകും. വെള്ളത്തിൽ പോകുമ്പോൾ ഇതിനൊരു ഫ്ലോട്ടർ ബോട്ടം ഉണ്ട്; കരയിലെത്തുമ്പോൾ അത് ഇൻഫ്ലെറ്റ് ചെയ്തിടും; കരയിൽ ചക്രത്തിലാണ് യാത്ര.  ഇതിന്റെ യാത്രയും കരക്കടുപ്പിക്കലും പുറപ്പെടലുമെല്ലാം വളരെ മനോഹരമായി യുട്യൂബിൽ ആരോ വീഡിയോ പകർത്തി ഇട്ടിട്ടുണ്ട്; ഇതാ ഇവിടെ; ഒന്നാമത്തെ മിനിട്ടിനു ശേഷം കാണുക - https://www.youtube.com/watch?v=UodHQG4pYkM. നാല് മിനിട്ടിനു ശേഷം ലാൻഡ് ചെയ്യുന്നത് കാണാം; വീണ്ടും പുറപ്പെടുന്നതും. എത്ര ലാഘവത്തോടെയാണ് ഇത്  സ്റ്റിയർ ചെയ്യുന്നതെന്നു അത്ഭുതത്തോടെ നോക്കി നിന്ന് പോകും. നാട്ടിൽ ട്രാഫിക്കിനു നടുക്ക് ഓട്ടോറിക്ഷ വട്ടത്തിലിട്ടു തിരിക്കുന്ന ആ സ്കിൽ ആണ് ഓര്മ വന്നത് :)

ആദ്യം പോയത് വിക്ടോറിയ രാജ്ഞി താമസിച്ചിരുന്ന ഓസ്‌ബോണ്‍ കൊട്ടാരത്തിലേക്ക് ആണ്. കൊട്ടാരം ഇപ്പോൾ പൊതുദർശനത്തിന് തുറന്നു വെച്ചിരിക്കുന്നു. വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും വേനൽക്കാലവസതി ആയി ഉപയോഗിച്ചിരുന്ന ഭവനമാണിത്. ഇറ്റാലിയൻ റിനയസൻസ് ശൈലിയിൽ പണികഴിപ്പിച്ച, വിശാലമായ കോമ്പൌണ്ടും പാർക്കും സ്വകാര്യബീച്ചും അടങ്ങിയ ഈ വസതിയിൽ വെച്ചാണ് 1901ൽ വിക്ടോറിയരാജ്ഞി അന്ത്യശ്വാസം വലിച്ചത്. കൊട്ടാരത്തിനകത്ത് രാജ്ഞിയും രാജകുമാരനും ഉപയോഗിച്ചിരുന്ന മുറികളും മറ്റു പൊതു ഇടങ്ങളും എല്ലാം, അവരെ കുറിച്ചുള്ള വിവരങ്ങളും അവിടം സന്ദർശിച്ച പ്രമുഖരെ കുറിച്ചുള്ള വിവരങ്ങളും മനോഹരമായ ശിൽപങ്ങളും പെയിന്റിങ്ങുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്; എല്ലാം വായിച്ചും കണ്ടും ആസ്വദിച്ചും പുറത്ത് വരാൻ അല്പം സമയമെടുക്കും.

അടുത്തതായി പോയത് നീഡിൽസ് ലേക്കാണ്. യാത്രയിൽ വഴി നിറയെ മഞ്ഞനിറത്തിൽ നോക്കെത്താത്തിടത്തോളം നിറഞ്ഞു പൂത്തു നില്ക്കുന്ന കടുകുപാടങ്ങൾ! ഇംഗ്ലണ്ട് യാത്രയെന്നാൽ ലണ്ടൻ പോലുള്ള നഗരങ്ങൾ മാത്രം സന്ദർശിക്കുന്നവരുടെ ശ്രദ്ധക്ക്; കണ്ട്രിസൈഡ് അഥവാ ഗ്രാമപ്രദേശങ്ങൾ വിട്ടു പോവരുത്; കണ്ണും മനസ്സും തളിർത്തുപൂക്കുന്ന ചില കാഴ്ചകൾ നഷ്ടമായേക്കും!

നീഡിൽസ് ഇംഗ്ലീഷ് ചാനലിലെക്ക് കടന്നു നില്ക്കുന്ന ഒരു മുനമ്പാണ്. ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളുള്ള ഒരു സ്ഥലമാണിത്. കൂർത്തുയർന്നു നിൽക്കുന്ന മൂന്നു വെളുത്ത പാറകൾ ആണ് ഈ സ്ഥലത്തിനു ഈ പേര് വരാൻ കാരണം. കാണാവുന്ന അവസാനത്തെ പാറമേൽ ഒരു ലൈറ്റ് ഹൌസ് സ്ഥാപിച്ചിട്ടുണ്ട്; വെള്ളത്ത്തിനടിയിലും ഇത്തരം പാറകൾ ഒരുപാട് ദൂരം വരേയ്ക്കും ഉണ്ടത്രേ. ഒരു ഇരുപതു മിനുട്ട് കയറാനുണ്ട്‌ നീഡിൽസ് ബാറ്ററിയിലേക്ക്; അവിടെ നിന്ന് ഈ പാറകളുടെ നല്ലൊരു ദൃശ്യം കാണാം. ഒരല്പം മാറി അലം തീരം (Alum Bay) സ്ഥിതി ചെയ്യുന്നു; പല നിറങ്ങളുള്ള മണ്ണുകൾ ചേർന്ന മനോഹരമായ ഒരു മലഞ്ചെരിവ് അലം തീരത്തിൽ നിഴൽ വീഴ്ത്തിക്കൊണ്ട്‌ നില്ക്കുന്നു. നീഡിൽ ബാറ്ററിയുടെ മുകളിൽ നിന്നാണ് നീഡിലിന്റെയും അലം മലഞ്ചെരുവിന്റെയും ഏറ്റവും മനോഹരമായ കാഴ്ച. മുറിച്ചു വെച്ചത് പോലെ തോന്നും നീഡിൽ സ്റ്റാക്കിന്റെയും കുത്തനെ ബഹുവർണങ്ങൾ കൊരിയൊഴിച്ചു നില്ക്കുന്ന മലഞ്ചെരിവും കണ്ടാൽ (ഇതിനു ഭൂമിശാസ്ത്രപരമായ വിശദീകരണം ഉണ്ട്; Alpine Orogeny യുടെ ഭാഗമായാണ് ഇത്തരം കുത്തനെയുള്ള മടക്കുകൾ രൂപം കൊണ്ടത്; ഇതിലേക്ക് കടക്കുന്നില്ല).

1754നും 1763നും ഇടയിൽ നടന്ന സപ്തവൽസരയുദ്ധത്തിൽ ഫ്രാൻസിനെതിരെയുള്ള ബ്രിട്ടീഷ് ട്രൂപ്പുകൾ ഇവിടെ നിന്നാണ് പുറപ്പെട്ടിരുന്നത്.  രണ്ടാം ലോകമഹായുദ്ധകാലത്ത് വളരെ തുടർച്ചയായി ബോംബ്‌ ചെയ്യപ്പെട്ടിരുന്ന ഒരു സ്ഥലം ആയിരുന്നു വൈയ്റ്റ് ദ്വീപ്‌; ബ്രിട്ടനും ഫ്രാൻസിനും ഇടയില കടലിനടിയിലൂടെയുള്ള എണ്ണപൈപ്പുകളും ഇവിടെ നിന്നും ഉണ്ടായിരുന്നു, യുദ്ധകാലത്ത് ഇന്ധനം എത്തിക്കുവാൻ വേണ്ടി. നീഡിൽസിൽ  സ്ഥാപിച്ചിട്ടുള്ള യുദ്ധസന്നാഹകേന്ദ്രത്തിൽ (Artillery Battery ക്ക് ശരിയായ പരിഭാഷ അറിയില്ല) നിന്ന് യുദ്ധസംരംഭങ്ങൾ മാത്രമല്ല നടന്നിട്ടുള്ളത്. Black Arrow, Black Knight എന്നീ ബഹിരാകാശ റോക്കറ്റുകളുടെ പരീക്ഷണവിക്ഷേപണങ്ങൾക്കും ഇവിടം ഉപയോഗിച്ചിരുന്നു.

ദിവസം കഴിയാറായത് കൊണ്ട് മനസ്സില്ലാ മനസ്സോടെ തന്നെ കുന്നിറങ്ങി താഴെയെത്തി; അസ്തമയസൂര്യനെ യാത്രയയച്ച ശേഷം ഞങ്ങളും തിരിച്ചു പുറപ്പെട്ടു. ഇനിയൊരിക്കൽ കൂടി "ഈ മനോഹരതീരത്തു" വരുവാൻ സന്തോഷം മാത്രം...

Wiki links: http://en.wikipedia.org/wiki/Isle_of_Wight

Saturday 26 April 2014

കെറ്റിൽ ലോജിക്


































ഒരു കാര്യം തെളിയിക്കാൻ പരസ്പര വിരുദ്ധമായ കുറെ വാദങ്ങള്‍ ഒരുമിച്ച് അവതരിപ്പിക്കുക...

സിഗ്മുണ്ട് ഫ്രോയ്ഡ്‌ തന്‍റെ 'Interpretation of dreams' പുസ്തകത്തില്‍ അവതരിപ്പിച്ചതാണ് ഈ kettle കഥ... അയൽക്കാരന്‍, കടം വാങ്ങിച്ച kettle കേടു വരുത്തി തിരിച്ചേല്പിച്ചു എന്ന് ആരോപിക്കുമ്പോൾ അതിനെ പ്രതിരോധിക്കാന്‍ മൂന്നു വാദങ്ങള്‍ കൊണ്ട് വരുന്നു, ഒരേ സമയം:

1) Kettle damage ഇല്ലാതെയാണ് തിരിച്ചേല്‍പിച്ചത്
2) Kettle വാങ്ങിയപ്പോള്‍ തന്നെ കേടായിരുന്നു
3) Kettle വാങ്ങിയിട്ടേ ഇല്ല

പരസ്പര വിരുദ്ധമായ ഈ മൂന്നു വാദങ്ങളില്‍ എതെങ്കിലുമൊന്നു ഉപയോഗിച്ചാല്‍ ആ പ്രതിരോധവാദത്തിനു validity ഉണ്ട്; എല്ലാം കൂടെ ഉപയോഗിച്ചാല്‍ മൂന്നിനും validity ഇല്ല.

ഉദാഹരണം:
1) ദൈവം perfect ആയി സൃഷ്ടിക്കുന്നു
2) ദൈവം സൃഷ്ടികളെ improve ചെയ്തു കൊണ്ടിരിക്കുന്നു

ഈ രണ്ടു വാദങ്ങളും പരസ്പര വിരുദ്ധമാണ്. സൃഷ്ടി perfect ആണെങ്കില്‍ improve ചെയ്യേണ്ട ആവശ്യം വരുന്നില്ല. Improve ചെയ്യേണ്ടി വരുന്നുണ്ടെങ്കില്‍ സൃഷ്ടി ആദ്യം perfect ആയിരുന്നില്ല. ഇതിലേതെങ്കിലും ഒരു വാദം മാത്രം ഉപയോഗിച്ചാല്‍ കുഴപ്പമില്ല; രണ്ടും ഉപയോഗിക്കുമ്പോള്‍ രണ്ടു വാദങ്ങളും invalid ആകുന്നു

ലോട്ടറി പാരഡോക്സ്






































രസകരമായ ഒരു വിരോധാഭാസം ആണ് ലോട്ടറി പാരഡോക്സ്.

Henry E. Kyburg, Jr. എന്ന പ്രോബബിലിറ്റി വിദഗ്ദ്ധനാണ് ലോട്ടറി പാരഡോക്സ് മുന്നോട്ടു വെച്ചത്. ഒറ്റക്കൊറ്റക്കു യുക്തിപരം "എന്ന് തോന്നിയേക്കാവുന്ന" മൂന്നു principles ചേര്‍ന്ന് വരുമ്പോള്‍ എങ്ങനെ അത് illogical ആവുന്നു എന്നാണു ഈ പാരഡോക്സ് പറയുന്നത്.

1) സത്യമാകാന്‍ ഏറ്റവും കൂടുതല്‍ 'സാധ്യത'യുള്ള ഒരു കാര്യം സത്യമെന്നു നിര്‍ണ്ണയിക്കാം.
2) സത്യമാകാന്‍ 'സാധ്യത' കുറവുള്ള ഒരു കാര്യം സത്യമാണ് എന്നു നിര്‍ണ്ണയിക്കുന്നത് യുക്തിപരമല്ല.
3) A എന്ന നിര്‍ണ്ണയം യുക്തിപരമാണ്; B എന്ന നിര്‍ണ്ണയം യുക്തിപരമാണ്; എങ്കില്‍ A യും B യും രണ്ടും സ്വീകാര്യമാണ്.

ഇതിനെ വിശദീകരിക്കാന്‍ എളുപ്പം ലോട്ടറികളുടെ ഉദാഹരണം വെച്ചാണ്; മേല്‍പ്പറഞ്ഞ principles ഇവിടെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. ഒരു ലക്ഷം പേര്‍ ലോട്ടറി ടിക്കറ്റ്‌ എടുത്തതില്‍ ഒരാള്‍ക്ക്‌ മാത്രം ലോട്ടറി അടിക്കുന്ന സാഹചര്യം പരിഗണിക്കുക.

1) ഞാന്‍ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്താല്‍ എനിക്ക് ലോട്ടറി അടിക്കാനുള്ള പ്രോബബിലിറ്റി 0.00001 മാത്രമാണ്. അത് കൊണ്ട് എനിക്ക് ലോട്ടറി അടിക്കില്ല എന്ന് കരുതുന്നത് തന്നെയാണ് 'കൂടുതല്‍ ശരി'.

2) അങ്ങനെ നോക്കുമ്പോള്‍ എന്റെ സുഹൃത്ത്‌ എടുത്ത ലോട്ടറിയും അയല്‍ക്കാരന്‍ എടുത്ത ലോട്ടറിയും തുടങ്ങി ഈ ഒരു ലക്ഷം പേരില്‍ ഓരോരുത്തരുടെയും ലോട്ടറി അടിക്കാനുള്ള 'സാധ്യത' ഈ ദയനീയമായ 0.00001 തന്നെയായതിനാല്‍ ഇതിലാര്‍ക്കും ലോട്ടറി അടിക്കും എന്ന് എന്ന്പ്രതീക്ഷിക്കുന്നത് ശരിയാവില്ല.

3) ലോട്ടറി ഒരാള്‍ക്ക്‌ അടിക്കും എന്നത് സത്യമാണ്; ഇതൊരു ശരി. ഓരോരുത്തരുടെയും ലോട്ടറി അടിക്കാനുള്ള 'സാധ്യത' വെറും 0.00001 മാത്രമായതിനാല്‍ ലോട്ടറി അടിക്കാന്‍ വഴിയില്ല എന്നതു വേറൊരു ശരി (ശരിയെന്നു തോന്നുന്നത് എന്ന് മാത്രം ;) ). രണ്ടു ശരികളും ഒരുമിച്ചു ശരിയാവേണ്ടി വരുന്നു; ഇവിടെയാണ്‌ പാരഡോക്സ് അഥവാ വിരോധാഭാസം.

ഇവയെല്ലാം കൂടി ഒരുമിച്ചു സ്വീകരിക്കുക സാധ്യമല്ല; കാരണം ഒരു ലക്ഷത്തിലൊരാള്‍ക്ക് ലോട്ടറി അടിച്ചു എന്നത് ഒരു സത്യമായി നില നില്‍ക്കുന്നത് കൊണ്ട് തന്നെ. ഈ മൂന്നു പ്രിന്‍സിപ്പിള്കളില്‍ ഒന്നെങ്കിലും നിഷേധിക്കാതെ ഒരു പരിഹാരം സാധ്യമല്ല. (രണ്ടാമത്തെ പ്രിൻസിപ്പിൾ ആണിവിടെ നിഷേധിക്കേണ്ടി വരുക; കാരണം അത് stretched generalisation ആണ്).

Thursday 27 March 2014

സദാചാരക്കോഴികളുടെ കൂവൽ മനശാസ്ത്രം





























ആരവത്തിൽ പ്രസിദ്ധീകരിച്ചത് - http://aaravam.in/posts_00083/

സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും കാവൽമാലാഖകളായി സ്വയം അവരോധിച്ചിരിക്കുന്ന ഒരു കൂട്ടം ജീവികൾ നമുക്കിടയിലുണ്ട്. ഇവരുടെ പ്രധാനജോലി മറ്റുള്ളവരുടെ വാക്കിലേയും ചിന്തയിലെയും പ്രവൃത്തിയിലെയും സദാചാരം സംസ്കാരത്തുലാസിൽ വെച്ചു അളന്നു തൂക്കിയെടുത്ത് വിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയുമാണ്. അവരുടെ അളവുകോലും ശിക്ഷാവിധികളും അംഗീകരിച്ചേ തീരൂ; എന്തെന്നാൽ അതിനുള്ള അവകാശം ഈ കാവൽമാലാഖമാർ കോപ്പിറൈറ്റ് വാങ്ങിച്ചു വെച്ചിരിക്കുകയാണ്!

അടുത്തിടെ കണ്ട ഒരു ഫേസ്ബുക്ക്‌ പോസ്റ്റ് ഇങ്ങനെയാണ്. ഒരു കൂട്ടം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ഗ്രൂപ്പ് ആയി വളരെ സാധാരണമായ ഒരു ഫോട്ടോ എടുത്തിരിക്കുന്നു. ഈ ഫോട്ടോ ഷെയർ ചെയ്തു കൊണ്ടുള്ള പ്രസ്താവന ഇങ്ങനെ; "ഇവരെ അറിയാവുന്നവർ ഇവരുടെ മാതാപിതാക്കളെ അറിയിച്ചാൽ ഭാവിയിൽ ഖേദിക്കാതെ സൂക്ഷിക്കാം!" ഫോട്ടോയിൽ കാര്യമായിട്ടൊന്നുമില്ല; കോളേജ് വിദ്യാർഥികൾ ആയിരിക്കണം കണ്ടാൽ. ഇതിൽ "ഭാവിയിലെ സാധ്യമായ ഖേദം" എന്താണ്? ആർക്കാണ്? എന്നതാണ് ചിന്തിക്കേണ്ട വിഷയം!

ഇത്തരം സദാചാരബോധം ചെറുപ്പം മുതലേ കുട്ടികളിൽ കുത്തിവെക്കപ്പെടുന്ന ഒന്നാണ് നമ്മുടെ സമൂഹത്തിൽ. സ്കൂളുകളിൽ  ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വ്യത്യസ്ത ഇരിപ്പിടങ്ങൾ കൊടുക്കുന്നതും വ്യത്യസ്ത കളിസ്ഥലങ്ങൾ ഏർപ്പെടുത്തുന്നതും ആണ്‍കുട്ടികളുടെ കൂടെ ഇരുത്തുക എന്നത് പലയിടത്തും വികൃതി കാണിക്കുന്ന പെണ്‍കുട്ടികൾക്കുള്ള ശിക്ഷയായും തിരിച്ചും നൽകുന്നതുമെല്ലാം അബോധപൂർവമായ ഒരു അന്യത്വബോധവും കപടസദാചാരബോധവും നമ്മുടെ കുട്ടികളിൽ വളരെ ചെറിയ പ്രായത്തിലേ ഉളവാക്കുന്നുണ്ട്. മുതിരുമ്പോൾ ഈ മതിലുകൾ പലരും മറിച്ചു കടന്നേക്കാമെങ്കിലും കൂടുതൽ പേരും അന്യഗ്രഹജീവികളെ എന്ന പോലെ കൌതുകത്തോടെയും പലപ്പോഴും ലൈംഗികമായ തലത്തിൽ മാത്രവും സഹപാഠികളെ കാണുന്നു. വ്യക്തികൾ എന്ന നിലയിൽ  പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ലഭിച്ചിട്ടില്ലാത്ത കുട്ടികൾ മുതിരുമ്പോൾ മുൻധാരണകൾക്കും  കപടസദാചാരബോധത്തിനും പലപ്പോഴും അകാരണമായ ഭയത്തിനും സംശയത്തിനും എല്ലാം അടിമപ്പെടുന്നത് അത്ഭുതമെന്നു പറയാനാവില്ല.

തനിച്ചുള്ള സ്ത്രീയെയോ പുരുഷൻ, സ്ത്രീ എന്ന ദ്വന്ദത്തെയോ എവിടെ ഏതു സാഹചര്യത്തിൽ കണ്ടാലും ലൈംഗികചിന്തകൾ ഓടി വരുന്ന ഒരു മനസ്സാണ് ഒരു ശരാശരി സദാചാരപോലീസിന്റെത്. അവന്റെ കണ്‍വെട്ടത്തിനപ്പുറം അടച്ചിട്ട മുറിയിലേക്കോ മറ്റോ ഈ ദ്വന്ദം അപ്രത്യക്ഷമായാൽ പിന്നെ എരിപൊരിയായി. അവർ ഭാര്യാഭർത്താക്കന്മാരാണോ എന്നാണു ആദ്യം അന്വേഷണം! ഒന്നിൽ കൂടെ പുരുഷന്മാരെ കണ്ടാൽ പിന്നെ ആ സംശയവും കാണില്ല; പുരുഷനും സ്ത്രീയും തമ്മിൽ സാധ്യമായ ഒരേയൊരു ബന്ധം അവന്റെ മനസ്സിൽ ലൈംഗികബന്ധമാണ്. ഇനി അങ്ങനെയെങ്കിൽ തന്നെ പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും ഉള്ളിടത്ത് തനിക്കെന്തു കാര്യം എന്ന ചിന്തയൊന്നും കടന്നു വരികയെ ഇല്ല തന്നെ!  

സ്വവർഗലൈംഗികതയും സദാചാരവാദികൾക്ക് ഒരു പ്രശ്നം തന്നെയാണ്. എന്നാൽ പുരുഷന്മാർ ഒരുമിച്ചു നടന്നാലോ കെട്ടിപ്പിടിച്ചാലോ ഒരുമിച്ചു ഒരു മുറിയിൽ താമസിച്ചാലോ ഒന്നും ഇവരങ്ങനെ വാളെടുത്ത് വരുന്നത് കണ്ടിട്ടില്ല. കൂടെ സ്ത്രീകൾ ഉണ്ടെങ്കിൽ ആണ് സദാചാരം പെട്ടെന്നുണരുന്നത്! അപ്പോൾ പ്രധാന പ്രശ്നം സദാചാരം അല്ല! പെണ്ണിനോടും, ആരുടെ കൂടെ എവിടെയൊക്കെ പോകണമെന്നും എങ്ങനെയൊക്കെ ജീവിക്കണമെന്നും സമൂഹത്തിന്റെ സമ്മതമില്ലാതെ തീരുമാനിക്കാനുള്ള അവളുടെ വ്യക്തിസ്വാതന്ത്ര്യത്തോടും ഉള്ള അസഹിഷ്ണുത! അവളുടെ ജീവിതത്തിലെ ശരിയും തെറ്റും തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന ധാർഷ്ട്യം! അതിൽ കവിഞ്ഞ സദാചാരബോധമൊന്നും ഈ കൂവി വിളിക്കുന്നവർക്കില്ല!

പെണ്ണിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന പുരുഷന്മാരും ഇത്തരത്തിൽ സദാചാരവാദികളുടെ ശത്രുക്കൾ തന്നെ. കാരണം, അത്തരത്തിലൊരു സപ്പോർട്ട് സ്ത്രീക്കുണ്ടാകുന്നതും തങ്ങളുടെ അധികാരത്തിനു വെല്ലുവിളി ആണെന്ന് അവർക്കറിയാം. അത് കൊണ്ട് കൂടെ നില്ക്കുന്ന പുരുഷന്മാരെയും തന്നാലാവുന്ന വിധം അപമാനിക്കുക എന്നത് അവരൊരു കർത്തവ്യമായി തന്നെയെടുക്കുന്നു. തനിച്ചു താമസിക്കുകയോ യാത്ര ചെയ്യുകയോ ഇരുട്ടിയാൽ പുറത്തിറങ്ങുകയോ ചെയ്യുന്ന സ്ത്രീകൾക്കെതിരായും ഉയരാറുണ്ട് സദാചാരവാദികളുടെ ഖഡ്ഗങ്ങൾ! ഇരുട്ടി പുറത്തിറങ്ങിയാൽ ആസമയത് അവിടെയെന്തു കാര്യം? അനാശാസ്യത്തിന് പോവുകയാണോ? എന്നെല്ലാം ചോദ്യം ഉയരുന്നത് പെണ്ണിനോട് ആണ്; ആണിനോടല്ല എന്നതും ശ്രദ്ധേയമാണ്. പുരുഷൻ  പുറത്തിറങ്ങി ഒരു പെണ്ണിനടുത്തു പോയാൽ പക്ഷേ പ്രശ്നമാണ്; അവിടെയും സദാചാരം സടകുടഞ്ഞെഴുന്നെൽക്കും!

ചുരുക്കത്തിൽ സദാചാരം എന്നാൽ സ്വയം എടുത്തണിയുന്ന ഒരു അധികാരചിഹ്നമാണ്; കാര്യപ്പെട്ട മറ്റൊന്നും സ്വജീവിതം കൊണ്ട് നേടാനോ ചെയ്യാനോ കഴിയാത്തത് കൊണ്ടാവണം ഇത്തരമൊരു ജോലി സ്വയം ഏറ്റെടുത്തിരിക്കുന്നത്. മറ്റുള്ളവന്റെ സ്വകാര്യതകളിലേക്ക് സദാ തിരിഞ്ഞിരിക്കുന്ന ഒരു വടക്കുനോക്കിയന്ത്രം ആണിത്. അന്യൻറെ സ്വകാര്യതകൾ ഇല്ലാതെ സദാചാരവാദിക്ക് നിലനില്പില്ല; വ്യക്തിത്വവുമില്ല! അത്തരമൊരിടപെടലൊ ഒരു പ്രസ്താവന എങ്കിലുമൊ നടത്തിയില്ലെങ്കിൽ തന്റെ ദിവസം ഗുണകരമായിരുന്നെന്നു തോന്നാനും വഴിയില്ല!

നിയമം നടപ്പിലാക്കേണ്ട പോലീസിന്റെ അവസ്ഥയും മറ്റൊന്നല്ല. അബദ്ധം പറ്റിയെന്നു മനസ്സിലാക്കിയാൽ മുഖം രക്ഷിക്കാൻ കള്ളക്കേസുകൾ പുറകെ വരും താനും. പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും തമ്മിൽ നടന്നത്, അല്ലെങ്കിൽ നടക്കാനിരുന്നത് "വ്യഭിചാരം" ആണെന്ന് തെളിയിക്കണമെങ്കിൽ അവിടെ പണമിടപാടിനു തെളിവ് നൽകേണ്ടതുണ്ടെന്നും അല്ലാത്തവിധം അത് നിയമവിരുദ്ധമല്ലെന്നും അറിയാത്ത പോലീസുകാരാണ് സദാചാര പോലീസ് കളിച്ചു നിർവൃതി അടയുന്നത്. അങ്ങനെയെങ്കിൽ തന്നെ, ഇന്ത്യൻ നിയമപ്രകാരം മറ്റൊരാളുടെ വ്യഭിചാരത്തിൽ നിന്ന് പണം പറ്റുന്നതാണ് നിയമവിരുദ്ധം; പിമ്പുകൾ, വേശ്യാലയ നടത്തിപ്പുകാർ തുടങ്ങിയവർ; ഇത് ചൂഷണം തടയാനുള്ള നിയമമാണ്; സദാചാരം സംരക്ഷിക്കാനുള്ള നിയമമല്ല!

ഇത്തരം സദാചാരവാദികൾക്ക് സമ്മതത്തോട് കൂടിയ ലൈംഗികബന്ധവും ബലാൽസംഗം, കടന്നുകയറ്റം തുടങ്ങിയവയും തമ്മിലുള്ള വ്യത്യാസവും പ്രശ്നമല്ല. സ്ത്രീയുടെ സമ്മതത്തോടെ ആണെങ്കിലും അല്ലെങ്കിലും അത് അവനു വെറുമൊരു സദാചാരപ്രശ്നമാണ്. അതിനെ കഴിയാവുന്നത്ര മഞ്ഞപ്പത്രമോടിയോടെ അവൻ ആഘോഷിച്ചു പരസ്യപ്പെടുത്തുകയും ചെയ്യും. ഒരു രാഷ്ട്രീയക്കാരനോ പ്രശസ്തനായ മറ്റൊരാളോ ഒരു സ്ത്രീയെ ആക്രമിച്ച ഒരു വാർത്തയെ അവൻ താരതമ്യം ചെയ്യുക മറ്റൊരു രാഷ്ട്രീയനേതാവിന്റെ വിവാഹേതര ബന്ധത്തോടോ ഒരു സെലിബ്രിറ്റിയുടെ വിവാഹപൂർവബന്ധത്തോടോ ആയേക്കും. ആദ്യത്തേത് ആ സ്ത്രീയുടെ മേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെങ്കിൽ രണ്ടാമത്തെത് നിയമക്കുരുക്കുകളില്ലാത്ത വെറും വ്യക്തിഗതസദാചാരപ്രശ്നം മാത്രമാണെന്നത് ശരാശരി സദാചാരവാദിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. വ്യക്തികളുടെ മേലുള്ള കടന്നുകയറ്റം എന്ന പ്രശ്നം മനസ്സിലാക്കുന്ന ആളാണെങ്കിൽ അവൻ സദാചാരപോലീസ് ആയിരിക്കുകയുമില്ലല്ലൊ.

ഇനി ഇത്രയൊക്കെ കണ്ടു ഇത്തരം കപടസദാചാരവാദം പുരുഷന്റെ മാത്രം കുത്തക ആണെന്ന് ധരിക്കരുത്. സ്ത്രീക്കെതിരെയുള്ള സാമൂഹ്യ ആയുധങ്ങൾ പുരുഷൻ പലപ്പോഴും സ്ത്രീയെ കൊണ്ട് തന്നെയാണ് മൂർച്ച കൂട്ടിക്കുന്നത്. സദാചാരപോലീസ് കളിച്ചു തെരുവിലിറങ്ങുന്നതും അക്രമം നടത്തുന്നതും കൂടുതലും പുരുഷൻ ആയിരിക്കാം; എന്നാൽ രാത്രി നടന്നു പോകുമ്പോൾ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ പറ്റി വാർത്ത ടിവിയിൽ വരുമ്പോൾ "ആ സമയത്തവൾ എന്തിനവിടെ പോയി?" എന്നു പുരികം ചുളിക്കുന്ന ഒരു വലിയ പെണ്‍സമൂഹം നമ്മുടെ വീടുകളിൽ ടിവിക്ക് മുമ്പിലിരിപ്പുണ്ട്. ഈ മനോഭാവം തന്നെയാണ് ആണ്‍പെണ്‍ സമൂഹം ഒന്നുചേർന്ന് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുന്നത്. രാത്രി എല്ലാ ഇടങ്ങളും പുരുഷന്റെതായി മാറുമെന്നും അവിടെ അതിക്രമിച്ചു കടക്കുന്നവൾ ആക്രമിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും അടുത്ത തലമുറയിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നാം ഓർമിപ്പിച്ചു കൊണ്ട് തന്നെ വളർത്തുന്നു!

Image Courtesy: mouthshut.com

മതം, ആത്മീയത; വ്യക്തിഗതവിശ്വാസം Vs. അധികാരസ്ഥാപനവും ചൂഷണയന്ത്രവും



മതസ്ഥാപനങ്ങളും ആത്മീയസ്ഥാപനങ്ങളും  എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടുന്നത്? ദൈവത്തിലോ അത് പോലുള്ള എന്തെങ്കിലുമോ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കില്ലേ? അതയാളുടെ വ്യക്തിസ്വാതന്ത്ര്യമല്ലേ?

വളരെ നല്ല ചോദ്യമാണ്; എപ്പോഴും കേള്‍ക്കുന്നതുമാണ്. കേള്‍ക്കുമ്പോള്‍ വളരെ ശരി എന്ന് തോന്നും. വാച്യാര്‍ത്ഥത്തില്‍ മാത്രം എടുത്താല്‍ ശരിയുമാണ്. എന്നാല്‍ മതം വെറുമൊരു വ്യക്തിഗത വിശ്വാസം മാത്രമാണോ എന്നിടത്താണ് ഈ ചോദ്യത്തിലെ കരടു കിടക്കുന്നത്. മുമ്പ് പലപ്പോഴും ചർച്ച ചെയ്തിട്ടുള്ള വിഷയം തന്നെ; എങ്കിലും കാലികപ്രസക്തി വിട്ടുപോവാത്തതിനാൽ ഒന്നുകൂടി പരിശോധിക്കാം...

വ്യക്തിഗതവിശ്വാസങ്ങളുടെ ചില പ്രത്യേകതകള്‍:

1) വ്യക്തിയിൽ ഒതുങ്ങുന്നു; മറ്റൊരാളിലും കുടുംബാംഗങ്ങളിലും സ്ത്രീകളിലും കുട്ടികളിലും അടിച്ചെൽപ്പിക്കുകയില്ല.
2) ചോദ്യങ്ങളെയും സംശയങ്ങളെയും അടിച്ചമർത്തുകയില്ല. കാര്യകാരണസഹിതം നേരിടുകയോ എന്റെ വിശ്വാസം എന്റേത് മാത്രമെന്ന് ഒഴിഞ്ഞു മാറുകയോ ചെയ്തേക്കും.
3) നിയമസംഹിതകൾ ഉണ്ടാവില്ല; ഉണ്ടെങ്കിൽ തന്നെ ഒരു വ്യക്തി സ്വയം ഏല്പിക്കുന്ന വിലക്കുകൾ മാത്രം. സസ്യാഹാരി ആയിരിക്കുമെന്നോ ഒരു പ്രത്യേക വസ്ത്രധാരണശൈലി പിന്തുടരുമെന്നോ എല്ലാം ചിലർ  തീരുമാനിച്ചെക്കാം.
4) വിശ്വാസത്തിന്റെ പേരിൽ ഇളവുകളും പ്രത്യേകപരിഗണനയും ആവശ്യപ്പെടുകയില്ല.
5) ഭരണകൂടത്തിൽ വ്യക്തിവിശ്വാസങ്ങൾക്ക് പ്രാധാന്യമോ സ്വാധീനമോ ഉണ്ടായിരിക്കില്ല.
6) വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ, വില്പനകൾ എന്നിവയ്ക്ക് പ്രസക്തിയില്ല.

അധികാരസ്ഥാപനങ്ങളുടെയും ചൂഷണസംവിധാനങ്ങളുടെയും ചില പ്രത്യേകതകള്‍:

1) കുട്ടികളിൽ ചെറുപ്പം മുതലേ അടിച്ചെൽപ്പിക്കപ്പെടുന്നു; സ്ത്രീകൾക്ക് പ്രത്യേക നിയമങ്ങളും ചട്ടക്കൂടുകളും കാണാം.
2) ചോദ്യങ്ങളും സംശയങ്ങളും എതിർക്കപ്പെടും; വിമർശനാതീതമായി പ്രഖ്യാപിക്കും.
3) നിയമസംഹിതകൾ ഉണ്ടാവും; മിക്കപ്പോഴും എഴുതപ്പെട്ടവ. ഒരു മതത്തിന്റെയോ ആത്മീയ പ്രസ്ഥാനത്തിന്റെയോ അനുയായികൾക്ക് പ്രത്യേക ആഹാരക്രമം, പ്രത്യേക വസ്ത്രധാരണ ശൈലി, പ്രത്യേക ജീവിതചര്യ തുടങ്ങിയവ അടയാളങ്ങളായി പ്രഖ്യാപിക്കും. ഈ അടയാളങ്ങൾ ഇവരെ പൊതുജനത്തിൽ നിന്ന് വേർതിരിച്ചറിയാൻ വേണ്ടി ഉള്ളവയുമാണ്.
4) മതസ്ഥാപനങ്ങൾക്ക്‌ ടാക്സ് ഇളവ്, വിമർശനാതീത സ്റ്റാറ്റസ്, ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്നും ദിവ്യാൽഭുതങ്ങൾ അനാവരണം ചെയ്യുന്നതിനും മറ്റും വിലക്ക് തുടങ്ങിയവ സാധാരണം.
5) ഭരണസംവിധാനത്തിൽ ഇടപെടാനും മതനിയമങ്ങളെ സാമാന്യവൽകരിക്കാനും ശ്രമങ്ങൾ നടക്കും. നടന്നില്ലെങ്കിൽ സമാന്തരമതനിയമസംവിധാനം നിലവിൽ വരുത്താൻ ശ്രമിക്കും.
6) വിശ്വാസത്തിന്റെയും ദിവ്യാൽഭുതങ്ങളുടെയും പേരിൽ ചൂഷണങ്ങളും പണമിടപാടുകളും വില്പനകളും വളരെ സാധാരണം.

നിങ്ങളുടേത് വ്യക്തിഗതമായ ദൈവവിശ്വാസം ആണെങ്കില്‍ ഒരാള്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നത് പോലെയേ ഉള്ളൂ. നിങ്ങളുടെ വിശ്വാസം തെറ്റാണെന്ന് മറ്റുള്ളവര്‍ക്ക് ചൂണ്ടി ക്കാണിക്കാം; നിങ്ങള്‍ക്കതിനെ കയ്യിലുള്ള തെളിവുകള്‍ കൊണ്ട് നേരിടുകയോ 'എന്റേത് വെറും വിശ്വാസമാണെന്നു' ഒഴിഞ്ഞു മാറുകയോ ചെയ്യാം. എന്നാല്‍ തന്റെ വിശ്വാസം വിമര്‍ശനാതീതമാണെന്നും അത് ബഹുമാനം അർഹിക്കുന്നതാണെന്നും വിശ്വാസത്തിന്റെ പേരില്‍ തനിക്കു ചില ഇളവുകള്‍ സമൂഹത്തില്‍ അനുവദിച്ചു കിട്ടണമെന്നും എല്ലാം അവകാശപ്പെട്ടാല്‍ അത് വ്യക്തിഗതമല്ലാതായി തീരുന്നു.

നിങ്ങളുടെ വിശ്വാസത്തെ ആദരിക്കാൻ മറ്റാർക്കും യാതൊരു ഉത്തരവാദിത്വവുമില്ല. നിങ്ങൾ എന്ന വ്യക്തിയെ, വിശ്വാസം വെച്ച് പുലർത്താനുള്ള നിങ്ങളുടെ തീരുമാനത്തെ അംഗീകരിക്കാം; എന്നാൽ നിങ്ങളുടെ വിശ്വാസത്തെ അംഗീകരിക്കാനുള്ള ബാധ്യത ആർക്കുമില്ല. മാത്രമല്ല, യുക്തിസഹമായ രീതിയിൽ അതിനെ ചോദ്യം ചെയ്യാനും വിമർശിക്കാനും മറ്റുള്ളവരുടെ മുമ്പിൽ  ആ വിശ്വാസത്തിന്റെയോ അതിന്റെ പേരില് നടത്തപ്പെടുന്ന പ്രചരണങ്ങളുടെയോ  പൊള്ളത്തരം തുറന്നു കാട്ടാനും ഉള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുണ്ട് താനും...

മതമോ ആത്മീയതയോ വ്യക്തിവികാരങ്ങളല്ല; അധികാരപ്രസ്ഥാനങ്ങൾ  ആണ്. അത് കൊണ്ട് തന്നെ മതവികാരം വ്രണപ്പെടുന്നു എന്ന ന്യായം ബാലിശവും പരിഹാസ്യവുമാണ്. ചൂഷണത്തിന് കടിഞ്ഞാണ്‍ പിടിക്കുന്ന, അധികാരസ്വഭാവമുള്ള ഏതു പ്രസ്ഥാനത്തെയും, മതപ്രസ്ഥാനമായാലും ആത്മീയപ്രസ്ഥാനമായാലും മറ്റു കപടശാസ്ത്രപ്രസ്ഥാനങ്ങൾ ആയാലും ശരി, അവയെ വെളിച്ചത്തിൽ കൊണ്ട് വരേണ്ട, തുറന്നു കാണിക്കേണ്ട ബാധ്യത ഒരു പൌരൻ എന്ന നിലയിൽ ഏറ്റെടുക്കുകയാണ് മതവിമർശകരും ആത്മീയപ്രസ്ഥാനങ്ങളെയും കപടശാസ്ത്രങ്ങളെയും എതിര്ക്കുന്നവരും ചെയ്യുന്നത്.

രക്ഷകരാഷ്ട്രീയം; ചരിത്രത്തിലും വർത്തമാനത്തിലും




























അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://azhimukham.com/firstnews-211.html

"ഉയിർത്തെഴുന്നേറ്റ്
 ഉടവാളൂരി
 പ്രയത്നമുദ്രയുമായി
 തിരയും മാനവമനോരഥത്തിൽ
 തിസ്യൂസെത്തുവതെന്നോ!"

വയലാറിന്റെ പ്രശസ്തമായ പ്രൊക്യൂസ്റ്റസ് എന്ന കവിതയിലെ വരികൾ! രക്ഷകനെ തിരയുന്ന മനുഷ്യമനസ്സാക്ഷിയെ ഇത്ര  മനോഹരമായി ചിത്രീകരിക്കുന്ന വാക്കുകൾ വേറെയുണ്ടോ?

ചരിത്രവും ഇതിഹാസങ്ങളും മതങ്ങളും മുത്തശ്ശിക്കഥകളും എന്ന് വേണ്ട,  മനുഷ്യജീവിതത്തിന്റെയും ചിന്തകളുടെയും പൊട്ടും പൊടിയും ചേർന്നുകിടക്കുന്നതെന്തും പരിശോധിച്ചാൽ എല്ലായിടത്തും കലർന്നുകിടക്കുന്ന ഒരു ചേരുവയാണ് രക്ഷകൻ എന്ന സങ്കൽപം! എല്ലാ മതങ്ങൾക്കും ഒരു രക്ഷകൻ/ പ്രവാചകൻ/ ഗുരു/ ദൈവസങ്കൽപം ഉണ്ട്; എല്ലാ പ്രസ്ഥാനങ്ങൾക്കും അനിഷേധ്യനായ ഒരു നേതാവുണ്ട്; എല്ലാ ഇതിഹാസങ്ങളിലും ഒരു ഇതിഹാസപുരുഷനുണ്ട്; എല്ലാ മുത്തശ്ശിക്കഥകളിലും ഉണ്ട് രാജകുമാരിയെ രക്ഷിക്കാനെത്തുന്ന ഒരു ധീരനായ രാജകുമാരൻ! എന്തിനേറെ; സമകാലീനരാഷ്ട്രീയം പോലും ഈ രക്ഷകാന്വേഷണത്തിൽ അധിഷ്ഠിതമാണ്!

രക്ഷകൻ ശിക്ഷകൻ ആയിത്തീരുന്ന ഉദാഹരണങ്ങളും ചരിത്രത്തിൽ ധാരാളമുണ്ട്. അറിയപ്പെടുന്ന ഡിക്റ്റെട്ടർമാരും ഫാസിസ്റ്റുകളും  അധികാരത്തിലെത്തിയത്  രക്ഷകവേഷത്തിൽ  തന്നെയാണ്. ഹിറ്റ്ലർ, മുസ്സോളിനി, സ്റ്റാലിൻ, പോൾ പോട്ട്, സദ്ദാം ഹുസൈൻ, ഗദ്ദാഫി തുടങ്ങിയ പലരും നിലവിലിരുന്ന വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടും മെച്ചപ്പെട്ട ഒരു വ്യവസ്ഥിതി വാഗ്ദാനം ചെയ്തു കൊണ്ടുമാണ് അധികാരത്തിൽ എത്തിയത്. ശിക്ഷകസ്വഭാവം പുറത്തുവന്ന ശേഷവും ഇവർക്കെല്ലാം ധാരാളം അനുയായികൾ ഉണ്ടായിരുന്നതായും കാണാം. ആദരിക്കുന്ന നേതാവിനെ പറ്റിയുള്ള എതിരഭിപ്രായങ്ങളും തെളിവുകളും വരെ അവഗണിക്കാനും "കൾട്ട് ഓഫ് പേഴ്സണാലിറ്റി" എന്ന നിലയിൽ വ്യക്തിയാരാധന നടത്താനും തയാറുള്ള വലിയൊരു കൂട്ടം തന്നെ  ഇവരുടെ കൂടെ ഉണ്ടായിരുന്നു.

രക്ഷകനെ തിരയുന്ന ഈ മനോഭാവം മനുഷ്യന്റെ പ്രാഥമികസ്വഭാവങ്ങളിൽ ഒന്നാണെന്ന് പഠനങ്ങളും പറയുന്നു. മനുഷ്യനിൽ മാത്രമല്ല, നേതാവിനെ പിന്തുടരുന്ന രീതി മറ്റു ജീവജാലങ്ങളിലും ഉണ്ട്. ഈ പൂർവികപ്രവണതയുടെ അല്പം ഉയർന്ന ബൌദ്ധികതലത്തിലുള്ള ആവിഷ്കാരം തന്നെയാകണം  മനുഷ്യസംസ്കാരത്തിൽ അങ്ങോളമിങ്ങോളം കണ്ടു വരുന്ന വ്യക്തിയാരാധനകളുടെയും രക്ഷകാന്വേഷണത്തിന്റെയും ഉറവിടം.

കേംബ്രിഡ്ജ് യൂണിവേർസിറ്റിയിലെ സുവോളജി ഡിപാർട്മെന്റ്റിലെ ചില ശാസ്ത്രജ്ഞർ ചില മീനുകളിൽ നടത്തിയ പരീക്ഷണത്തിൽ1 നേതാവ്, അനുയായി എന്നീ സ്വഭാവസവിശേഷതകൾ ഇവയിൽ  അന്തർലീനമാണെന്ന് നിരീക്ഷിക്കുന്നു. നേതാവിന്റെ സ്വഭാവ സവിശേഷതയുള്ള മീനുകൾ അനുയായികളായി ജീവിക്കാനുള്ള തയ്യാർ കാണിക്കുന്നുണ്ടെങ്കിലും അനുയായിസ്വഭാവമുള്ളവർക്ക്‌ എപ്പോഴും ഒരു നേതാവിനെ പിന്തുടരാൻ ആണ് പ്രവണത എന്നാണു കണ്ടെത്തൽ! വാത്തുകളിൽ (Geese) നടത്തിയ പരീക്ഷണങ്ങളും ഇതേ നിരീക്ഷണത്തിലാണെത്തിയത്. ചെന്നായ്ക്കളുടെ സമൂഹജീവിതം നിരീക്ഷിച്ചതിന്റെ ഫലങ്ങളും3 അധികം വ്യത്യസ്തമല്ല. കുരങ്ങുകൾ പോലുള്ള, പരിണാമപരമായി മനുഷ്യനോടേറെയടുത്തു നില്ക്കുന്ന മൃഗങ്ങളിലും ഈ നേതാവ്, അനുയായി സ്വഭാവസവിശേഷതകൾ കാണാമെങ്കിലും4 അവ കൂടുതലും ഒരു വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള സന്നദ്ധതയെ ഏറെക്കുറെ ആശ്രയിച്ചിരിക്കുന്നു. അതായത്, നേതാവ്, അനുയായി റോളുകൾ പലപ്പോഴും മാറാവുന്നവ ആണ്; മറ്റൊരു നേതാവ് നേതൃത്വം ഏറ്റെടുക്കുമ്പോൾ മുമ്പ് നേതാവായിരുന്നവരും പിന്തുടരാനുള്ള സന്നദ്ധത കാണിക്കുന്നുണ്ട്; ഈ "പിന്തുടരാനുള്ള സന്നദ്ധത" സമൂഹജീവിതത്തിന്റെ ഭാഗമായി നേടിയെടുത്ത ഒരു സവിശേഷത ആയി കണക്കാക്കപ്പെടുന്നു.

മനുഷ്യരിലേക്ക് വരുമ്പോൾ ഇത്തരം അന്തർലീനമായ സവിശേഷതകൾ മാത്രമല്ല, മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ പ്രത്യേകതകൾ കൂടി കണക്കിലെടുക്കേണ്ടി വരും. സോഷ്യൽ കണ്ടീഷനിങ്ങ് വളരെയധികം സ്വാധീനിക്കുന്ന ഒരു മനശാസ്ത്രമാണ് മനുഷ്യന്റെത്. നേതാവ്, അനുയായി സ്വഭാവസവിശേഷതകൾ വ്യക്തികളിൽ ഉണ്ടാവാമെങ്കിലും ഒരളവു വരെ ഇവ സാമൂഹ്യഘടനയുടെയും നിലവിലുള്ള അധികാരശ്രേണി (Hierarchy) യുടെയും ചട്ടക്കൂടുകൾക്കുള്ളിലാണ്. ഗോത്രസമൂഹങ്ങളിൽ ഇത്തരം അധികാരശ്രേണി വളരെ പ്രകടമായി തന്നെ കാണാം. ഗോത്രനേതാവിൻറെ തീരുമാനങ്ങൾ അനിഷേധ്യമാണ്. ഈ നേതാവിന് കൃത്യമായ അധികാരങ്ങളും അനുയായികൾ പിന്തുടരേണ്ട കടുത്ത നിയമങ്ങളും ഉണ്ടായിരിക്കും. ആധുനികസമൂഹത്തിലും ഇത്തരം "കൾട്ട്" വ്യവസ്ഥകളുണ്ട്; പല സംഘടനകൾക്കും സമൂഹങ്ങൾക്കും ഈ "കൾട്ട്" സ്വഭാവവുമുണ്ട്. ഒരു സംഘടന "കൾട്ട്" ആണോ എന്ന് പരിശോധിക്കുന്നതിനേക്കാൾ ഓരോ സംഘടനക്കും എത്രത്തോളം  "കൾട്ട്" സ്വഭാവമുണ്ട് എന്ന് പരിശോധിക്കുക ആണ് വേണ്ടതെന്ന് ഈ വിഷയത്തിൽ ധാരാളമായി എഴുതിയിട്ടുള്ള ഡോ: ഡേയ്ക്മാൻ പറയുന്നു.

അതെ സമയം, നിലവിലുള്ള അധികാരശ്രേണി തൃപ്തികരമല്ലെന്ന ഒരു ഘട്ടം വരുമ്പോൾ പുതിയ നേതാക്കന്മാരെ, പലപ്പോഴും രക്ഷകപരിവേഷം കൊടുത്തു കൊണ്ട് തന്നെ ഉയർത്തിക്കൊണ്ടുവരാനും വീണ്ടും വ്യക്തിയാരാധനയിലേക്ക് വഴിമാറാനും ഉള്ള പ്രവണതയും മനുഷ്യസമൂഹത്തിൽ നിരീക്ഷിക്കാം. പുതിയ രക്ഷകനെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന പ്രവണത മനുഷ്യചരിത്രത്തിൽ വളരെ പ്രകടമാണ്; ഇത്തരം പുതിയ നേതാക്കൾക്ക് രക്ഷകപരിവേഷം ലഭിക്കാനുള്ള സാധ്യത ഒരുപക്ഷേ നിലവിലുള്ള അധികാരശ്രേണി വഴി നേതൃസ്ഥാനത്തെത്തിയവരെക്കാൾ കൂടുതലുമാണ്.

നിലവിലുള്ള മിക്ക മതങ്ങളും പ്രസ്ഥാനങ്ങളും ഇത്തരമൊരു രക്ഷകനാൽ  സ്ഥാപിക്കപ്പെട്ടതും അങ്ങനെ തന്നെ പിന്തുടരപ്പെട്ടു വരുന്നതും ആണെന്ന് കാണാം. ധർമ്മസംരക്ഷകൻ എന്ന് പേരുള്ള കൃഷ്ണൻ, രക്ഷകനായവതരിച്ചെന്നു വാഴ്ത്തപ്പെടുന്ന  യേശു, അന്നത്തെ സമൂഹത്തിൽ ബൃഹത്തായ പരിഷ്കാരങ്ങൾ വരുത്തി എന്നറിയപ്പെടുന്ന മുഹമ്മദ്‌ ഇവർക്കെല്ലാം പ്രാഥമികമായുള്ളത് രക്ഷകപരിവേഷം തന്നെ. അതാതു കാലഘട്ടത്തിൽ നിലനിന്നിരുന്നു എന്നറിയപ്പെടുന്ന അനീതിക്കെതിരെയും അധർമത്തിനെതിരെയും പടപൊരുതിയ വീരനായകർ ആയാണ് ഇവരെല്ലാം അതതു മതഗ്രന്ഥങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്. ദൈവികപരിവേഷത്തിനായുള്ള അത്ഭുതപ്രവൃത്തികൾ ഇതിനു പുറമേ ഉപോത്ബലകമായി പ്രചരിപ്പിക്കപ്പെടുന്നവയാണ്; അത്ഭുതപ്രവൃത്തികൾ കൊണ്ടുമാത്രം ദൈവികപരിവേഷം കിട്ടിയതായല്ല കഥകൾ; അക്കാലത്ത് രക്ഷകനായവതരിച്ചു  എന്നതിലൂന്നിയാണ് വ്യക്തിപ്രഭാവവും വ്യക്തിയാരാധനയും ഉരുവായി വരുന്നത് എന്ന് സാരം.

രക്ഷകനായവതരിക്കുന്ന വ്യക്തി നേരിട്ട് തുടങ്ങി വെക്കുന്നതോ ആ വ്യക്തിയുടെ പ്രഭാവത്തെ ഉപയോഗപ്പെടുത്തി കൊണ്ട് പിന്നീട് അനുയായികൾ തുടങ്ങുന്നതോ ആവാം ഇത്തരം പ്രസ്ഥാനങ്ങൾ. ബുദ്ധവചനങ്ങൾ സ്വത്വപരിഷ്കരണവും അതുവഴി  സാമൂഹ്യപരിഷ്കരണവും ലക്ഷ്യമാക്കി ഉള്ളതാണ്; ബുദ്ധൻ ഗുരുവിൽ നിന്ന് പിന്നീട് ദൈവം ആയിത്തീർന്നതും ഈ വ്യക്തിപ്രഭാവത്തെ അടിസ്ഥാനമാക്കി തന്നെ. മഹാത്മാഗാന്ധി വിമർശനാതീതനാകുന്നതും ഗാന്ധിജിയുടെ ചില രീതികൾക്കും ആശയങ്ങൾക്കും എതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമായി തന്നെ പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നതും വ്യക്തിയാരാധനക്കുദാഹരണമാണ്. ശ്രീനാരായണഗുരു എന്ന സാമൂഹ്യപരിഷ്കർത്താവിന്റെ വ്യക്തിപ്രഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള "ഗുരുദേവൻ ദൈവം" എന്ന ആശയം ഈയടുത്ത കാലത്ത് കാണപ്പെട്ട് തുടങ്ങിയ ഒരു പ്രതിഭാസമാണ്.

ആധുനികസമൂഹത്തിലും ഇത്തരം വ്യക്തിപൂജകൾക്ക് ഉദാഹരണങ്ങൾ ധാരാളമായുണ്ട്. ആൾദൈവസംസ്കാരവും പുണ്യാളഭക്തിയും  ഇത്തരത്തിലുള്ളവയാണ്; ആൾദൈവങ്ങൾ വിമർശിക്കപ്പെടുമ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോഴും ഭക്തരും അനുയായികളും അനുകൂലികളും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും പ്രകോപനപരതയും, വ്യക്തിപൂജ മനുഷ്യചിന്തയെ എത്രയാഴത്തിൽ  സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മതമേധാവികൾ, ചില രാഷ്ട്രീയനേതാക്കന്മാർ എന്നിവരുടെ അനുയായികളിലും ഇതേ പ്രവണത കാണാം. ഒരു വ്യക്തിയെ അനിഷേധ്യനായ നേതാവായോ ഗുരുവായോ ദൈവമായോ ഒക്കെ ഉയർത്തി കൊണ്ട് വരുന്നത് ആ വ്യക്തി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ ഉപയോഗിച്ചായിരിക്കും; എന്നാൽ പിന്നീട് ആശയങ്ങൾക്കപ്പുറം വ്യക്തിപ്രഭാവത്തിലും പൂജയിലും എത്തി നില്ക്കുന്നു പല പ്രസ്ഥാനങ്ങളുടെയും നിലനില്പ്. വ്യക്തികളെക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രസ്ഥാനങ്ങൾ ദുർല്ലഭമായിക്കൊണ്ടിരിക്കുന്നു.

വർത്തമാനകാലരാഷ്ട്രീയത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. തമിഴ്നാട് പോലുള്ള, പ്രാദേശികരാഷ്ട്രീയപ്രസ്ഥാനങ്ങൾ മുന്നിട്ടു നില്ക്കുന്ന സംസ്ഥാനങ്ങളിൽ ഈ പ്രവണത വളരെ നാളായി തന്നെ ഉണ്ട്. വ്യക്തി തന്നെയാണ് പ്രസ്ഥാനവും പാർടിയും. വ്യക്തിക്കപ്പുറം, നേതാവിൻറെ  പ്രഭാവത്തിനും മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്കും അപ്പുറം ഒരു ആശയവ്യക്തതയോ രാഷ്ട്രീയമോ ഇല്ല തന്നെ. നേതാവിന്റെ അഭിപ്രായങ്ങൾ മാറുമ്പോൾ പ്രസ്ഥാനത്തിന്റെ സ്വഭാവവും മാറുന്നു; അനുയായികൾ അവയെ കണ്ണടച്ചു പിന്തുടരുകയും ജയ്‌ വിളിക്കുകയും ചെയ്യുന്നു; അനുകൂലിക്കാൻ കഴിയാത്തവർ കൊഴിഞ്ഞു പോകുന്നു. വ്യക്തമായ ആശയസംഹിത പിന്തുടരുന്ന, "വ്യക്തിയല്ല, പ്രസ്ഥാനമാണ് പ്രധാനം" എന്ന് പ്രഖ്യാപിക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങൾ പോലും പലപ്പോഴും വളരെ ദയനീയമായി വ്യക്തിപ്രഭാവങ്ങളിൽ തടഞ്ഞുനില്ക്കുന്നതു കാണാം.

ഈ തെരഞ്ഞെടുപ്പിന് ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന ചോദ്യം ഏതു ആശയക്കാർ ഇന്ത്യ ഭരിക്കണം എന്നതല്ല; ഏതു വ്യക്തി പ്രധാനമന്ത്രിയാവണം എന്നതാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മോഡി, രാഹുൽ ഗാന്ധി, കെജരിവാൾ, ജയലളിത തുടങ്ങി പല പേരുകളും പലരാലും ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നുമുണ്ട് (അവരുടെയൊക്കെ വിജയസാധ്യതയും മറ്റും നമുക്കിപ്പോൾ മാറ്റി നിർത്താം). സോഷ്യൽ മീഡിയയിലും മുഖ്യധാരാമാധ്യമങ്ങളിലും പ്രധാനചർച്ച ആരു പ്രധാനമന്ത്രിയാവണം എന്നു തന്നെയാണ്; ഏതു ആശയക്കാർ ഇന്ത്യ ഭരിക്കണം എന്നല്ല. പ്രധാനമന്ത്രിക്ക് സ്വാഭീഷ്ടപ്രകാരം ഭരിക്കാവുന്ന ഒരു വ്യവസ്ഥയല്ല, പാർലമെന്റെറിയൻ വ്യവസ്ഥ നിലനില്ക്കുന്ന ഒരു രാജ്യമാണ് നമ്മുടെതെന്ന് മറന്നു പോകും വിധമാണ് ഈ രക്ഷകപരിവേഷങ്ങളുടെ മഹത്വവൽകരണം.  മോഡിയുടെ വികസനക്കഥകളും പോസ്റ്ററുകളും വിശേഷണങ്ങളും ഈയിടെ ഇറങ്ങിയ ബാലനരേന്ദ്ര തുടങ്ങിയ കുട്ടികൾക്കായുള്ള പുസ്തകത്തിലെ വീരനായകപരിവേഷവുമെല്ലാം ഈ വ്യക്തിപൂജയുടെ ഭാഗം തന്നെ. പ്രധാനമന്ത്രിപദത്തിലിരിക്കുന്നയാളുടെ വ്യക്തിപ്രഭാവം ഭരിക്കുന്ന  പാർടിയെക്കാൾ, അതിൻറെ ആശയങ്ങളേക്കാൾ പ്രധാനമാവുമ്പോൾ നാം ഭരണഘടനാപരമായ ജനാധിപത്യം (Constitutional Democracy) എന്ന വ്യവസ്ഥയിൽ നിന്ന് സ്വയം പുറകോട്ടു പോയി ഏകാധിപത്യത്തിന്റെ അടുത്തെത്തി നിൽക്കുന്നു.

വ്യക്തിപൂജ, നമ്മുടെ പരിഷ്കൃതസമൂഹത്തിന്റെയും ജനാധിപത്യവ്യവസ്ഥയുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കടക്കൽ കത്തി വെക്കുന്ന അപകടകരമായ ഒരു പ്രവണതയാണ്. ചരിത്രം നമുക്ക് വായിച്ചു തരുന്നതും മറ്റൊന്നല്ല. ചില ആശയങ്ങളുടെ പേരിൽ ഒരു വ്യക്തി അനിഷേധ്യനായ നേതാവായി ഉയർന്നു  വരിക, പിന്നീട് വിമർശനാതീതൻ എന്ന നിലയിലേക്ക് പ്രതിഷ്ഠിക്കപ്പെടുക, ആ വ്യക്തി ഒരു പ്രതീകമായിത്തീരുക, നേതാവിന്റെ വാക്കുകൾ അവസാനവാക്കായിത്തീരുക, പതിയെ ആശയങ്ങൾ പിന്തള്ളപ്പെടുകയും വ്യക്തി മുന്നിട്ടു നില്ക്കുകയും ചെയ്യുക; ഇതാണ് രക്ഷകരാഷ്ട്രീയത്തിന്റെ പൊതുവായ രീതി. അണികളുടെ വൈകാരികതയാണ് രക്ഷകരാഷ്ട്രീയത്തിന്റെ പ്രധാന ഇന്ധനം. ഈ രക്ഷകപൂജാപ്രവണതയാകട്ടെ നമ്മുടെ സമൂഹമനശാസ്ത്രത്തിൽ ഇഴുകിച്ചേർന്നു കിടക്കുന്ന ഒന്നുമാണ്. എളുപ്പമല്ല ഇതിൽ നിന്ന് പുറത്ത് വരാൻ എന്നർഥം; വളരെ ബോധപൂർവമായ ഒരു പരിശ്രമത്തിലൂടെ മാത്രമേ ഈ വൈകാരികമായ കുരുക്കിൽ നിന്ന് പുറത്ത് വന്നു സ്വതന്ത്രമായി ചിന്തിക്കാനും വിലയിരുത്തലുകൾ നടത്താനും മനുഷ്യസമൂഹത്തിനു  കഴിയുകയുള്ളൂ.

References:

1) Initiative, Personality and Leadership in Pairs of Foraging Fish, PLoS ONE Volume 7 Issue 5, Shinnosuke Nakayama, Jennifer L. Harcourt, Rufus A. Johnstone, Andrea Manica, Published May 2012, http://www.plosone.org/article/info%3Adoi%2F10.1371%2Fjournal.pone.0036606

2) Personality differences explain leadership in barnacle geese, Ralf H.J.M. Kurvers, Babette Eijkelenkamp, Kees van Oers, Bart van Lith, Sipke E. van Wieren, Ronald C. Ydenberg, Herbert H.T. Prins,  http://dx.doi.org/10.1016/j.anbehav.2009.06.002

3) Leadership behavior in relation to dominance and reproductive status in gray wolves, Canis lupus, Rolf O Peterson, Amy K Jacobs, Thomas D Drummer, L David Mech, Douglas W Smith, http://www.nrcresearchpress.com/doi/abs/10.1139/z02-124#.UzBJBfl_vO0

4) The influence of social organisation on leadership in brown lemurs (Eulemur fulvus fulvus) in a controlled environment, A. Jacobs, M. Maumy, O. Petit, http://dx.doi.org/10.1016/j.beproc.2008.05.004

5) Evolution of personality differences in leadership, Rufus A. Johnstone and Andrea Manica, http://www.pnas.org/content/108/20/8373.full


Thursday 16 January 2014

മണ്ണ്, പെണ്ണ്, അധിനിവേശം; സിനിമയെന്ന കോമാളിക്കണ്ണാടി!





















ആരവത്തിൽ പ്രസിദ്ധീകരിച്ചത് - http://aaravam.in/posts_00050/

2014 ജനുവരി 12, 13, 14, 15 തിയ്യതികളില്‍ വടകര സഫ്ദര്‍ ഹാശ്മി നാട്യസംഘം സംഘടിപ്പിച്ച നാലാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി വടകര ടൌണ്‍ ഹാളില്‍ വെച്ച് നടന്ന സിനിമാ ചര്‍ച്ചയുടെ വിഷയം ആയിരുന്നു 'മണ്ണ്, പെണ്ണ്, അധിനിവേശം; സിനിമ, പ്രതിരോധത്തിന്റെ ദൃശ്യഭാഷ'.

ഈ വിഷയം കണ്ടപ്പോള്‍ ആദ്യം ഓര്മ വന്നത് ചില മ്യൂസിയങ്ങളിലും എക്സ്ഹിബിഷനുകളിലും മറ്റും കാണാറുള്ള കോമാളിക്കണ്ണാടികള്‍ ആണ്. വലിച്ചു നീട്ടിയും മെലിഞ്ഞും ബലൂണ്‍ പോലെ വീര്‍പ്പിച്ചും ചെവികള്‍ നീണ്ടും കണ്ണുകള്‍ തുറുപ്പിച്ചും കൈകളും കാലുകളും നീട്ടിയും ചുരുക്കിയും ഒക്കെ പലവിധത്തില്‍ നമ്മുടെ രൂപത്തെ നമുക്ക് കാണിച്ചു തരുന്ന കണ്ണാടികള്‍ ! ഓരോ കാലഘട്ടങ്ങളിലെ സിനിമകളും ഇതുപോലുള്ള കണ്ണാടികളാണ്; നമ്മുടെ, സമൂഹത്തിന്‍റെ, സാധ്യമായ സൌന്ദര്യങ്ങളെയും വൈകൃതങ്ങളെയും അതേ പടിയോ പൊലിപ്പിച്ചോ ഒക്കെ നമുക്ക് തന്നെ കാണിച്ചു തരുന്ന കണ്ണാടികള്‍ ! അത് കൊണ്ടാവണം സിനിമ തുടങ്ങിയ കാലം തൊട്ട് ഇന്നോളം സ്ക്രീനിലും അണിയറയിലും സ്ത്രീപങ്കാളിത്തം നിരാശാജനകമാം വിധം കുറഞ്ഞിരിക്കുന്നത്. ഈ മേഖലയില്‍ സമരവീര്യത്തോടെ പിടിച്ചു നില്‍ക്കുന്നവരും മികച്ച സംഭാവനകള്‍ നല്കിയവരുമായ സ്ത്രീകളെ മറന്നു കൊണ്ടല്ല ഈ പ്രസ്താവന; അവര്‍ അപൂര്‍വമാണെന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം.

മനുഷ്യചരിത്രത്തില്‍ , സാമൂഹികമോ സാംസ്കാരികമോ ആയ, ബലപ്രയോഗത്തോടെയോ അല്ലാതെയോ നടന്നിട്ടുള്ള അധിനിവേശങ്ങള്‍ക്ക് ഭീമമായ പങ്കുണ്ട്. ഏതൊരു നാടിന്റെയും സമൂഹത്തിന്റെയും ചരിത്രവും സംസ്കാരവും തുടര്‍ച്ചയായ അധിനിവേശങ്ങളുടെ ബാക്കി പത്രം ആണെന്ന് കാണാം. ഇവിടെ, പെണ്ണ് അധിനിവേശത്തിന്റെ ഇര പോലുമല്ല! ഇരയും വ്യക്തി ആണല്ലോ. ജയിക്കുന്നവനും തോല്‍ക്കുന്നവനും പുരുഷന്‍ തന്നെയാണ്. തോല്‍ക്കുന്നവനില്‍ നിന്ന് ജയിക്കുന്നവനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന 'വസ്തുക്കള്‍ ' ആയിരുന്നു ചരിത്രത്തില്‍ മണ്ണും പെണ്ണും! ചരിത്രത്തിന്റെയും സമകാലീന സമൂഹത്തിന്‍റെയും ഈ വികൃതമായ മുഖം തന്നെയാണ്, സിനിമയും മറ്റു കലാരൂപങ്ങളും, നമുക്ക് നേരെ തിരിച്ചു വെച്ച കോമാളിക്കണ്ണാടികളില്‍ പ്രതിഫലിപ്പിച്ചു തരുന്നത്.

സിനിമയിലെ പെണ്ണിന്‍റെ 'വസ്തു'വല്‍കരണം ഇന്നും തുടര്‍ന്ന് പോരുന്ന ഒന്നാണ്.നായികയെ 'സ്വന്തമാക്കാന്‍' മത്സരിക്കുന്ന നായകന്മാരും വില്ലന്‍മാരും, പ്രതികാരത്തിനുള്ള 'ഉപാധികള്‍ ' ആയി ആക്രമിക്കപ്പെടുന്ന അമ്മയും പെങ്ങളും ഭാര്യയും കാമുകിയും, അതിനു മുമ്പ് ജീവിച്ചത് ജീവിതം അല്ലാത്തത് കൊണ്ടായിരിക്കണം അബലയായ നായികക്കൊരു 'ജീവിതം കൊടുത്തു സംരക്ഷിക്കുന്ന' നായകന്‍, സ്വന്തം നഗ്നത സമ്മതപ്രകാരമല്ലാതെ പൊതുമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോഴും ശാരീരികമായി ആക്രമിക്കപ്പെടുമ്പോഴുമെല്ലാം 'നശിച്ചുപോകുന്ന' പെണ്ണിരയുടെ ജീവിതം തുടങ്ങിയ ക്ലീഷെകളില്‍ നിന്ന് പുറത്ത് വരാന്‍ നമ്മുടെ സിനിമക്ക് ഇനിയും കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല ഉടനെയൊന്നും! കാരണം, ഈ മനോഭാവം, സിനിമ പ്രതിഫലിപ്പിക്കുന്ന സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് എന്നത് തന്നെ.

സിനിമക്ക് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റൊന്നാണ് ജെന്റര്‍ റോളുകളുടെ മഹത്വവല്‍കരണം! പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷം എന്ന് തോന്നുന്ന സിനിമകളില്‍ പോലും ലിംഗബോധത്തില്‍ അധിഷ്ഠിതമായ റോളുകള്‍ പര്‍വതീകരിക്കപ്പെടുന്നത്‌ കാണാം; അമ്മയും പെങ്ങളും കാമുകിയും ഭാര്യയും ആയല്ലാതെ ഒരു സ്ത്രീകഥാപാത്രത്തിനു പ്രസക്തി ഇല്ല. ഈ റോളുകളില്‍ നിന്ന് വേറിട്ടൊരു വ്യക്തിത്വം സ്ത്രീക്ക് അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്ത സമൂഹത്തിന്‍റെ ചിന്താധര്‍മ്മം തന്നെയാണ് സിനിമയിലും നാം കാണുന്നത്.  സ്ത്രീപക്ഷ സിനിമകള്‍ എന്നെടുത്തുകാണിക്കപ്പെടുന്ന സിനിമകളില്‍ സ്ത്രീയുടെ സഹനം ആണ് പൊതുവേ മഹത്വവല്‍ക്കരിക്കപ്പെടുന്നത്; സഹനശേഷി ആണ് സ്ത്രീകഥാപാത്രത്തിന്റെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്. സഹനശക്തി കൂടുതലുള്ള സ്ത്രീകള്‍ ആണ് പ്രേക്ഷകന്റെ സഹതാപവും ആദരവും പിടിച്ചു പറ്റുന്ന നായികമാര്‍ . 

 കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് ആണ് ശരീരത്തിലുപരി സ്ത്രീക്കുമൊരു മനസ്സുണ്ടെന്നു മലയാളിക്ക് മുമ്പില്‍ തുറന്നു കാണിക്കുന്ന സിനിമ എന്ന് പലരും പരാമര്‍ശിച്ച ഒന്ന്. മൂന്നു വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലുള്ള സ്ത്രീകള്‍ കഥാപാത്രങ്ങളാകുന്ന, വളരെ മനോഹരമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമക്കും വ്യവസ്ഥാപിതമായ ചില മൂല്യബോധങ്ങളില്‍ നിന്നും ലിംഗബോധത്തില്‍ നിന്നും പൂര്‍ണമായ വിടുതല്‍ ഇല്ലെന്നു കാണാം. ശ്രീവിദ്യയുടെ ആലീസ് എന്ന കഥാപാത്രം പരപുരുഷഗമനം നടത്തുന്നവളും അമ്മയെന്ന റോള്‍ ശരിയായി ചെയ്യാന്‍ കഴിയാത്തവളുമാണ്. കാണാതാകുന്ന മകള്‍ ഒളിച്ചോടിയതാണോ എന്നറിയാന്‍ അവളുടെ വസ്ത്രങ്ങള്‍ വല്ലതും അലമാരയില്‍ ഇല്ലാത്തതായി ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ , മകളുടെ വസ്ത്രങ്ങള്‍ ഏതൊക്കെ എന്നറിയാതെ തല കുനിച്ചു നില്‍ക്കുന്ന ആലീസ് പരാജയപ്പെട്ട അമ്മയാണ്. അങ്ങനെയൊരു സ്ത്രീക്ക് ഒടുവില്‍ രക്ഷ ആത്മഹത്യ മാത്രമാണെന്ന് സിനിമ വെളിപ്പെടുത്തുമ്പോള്‍ പ്രേക്ഷകന്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ് പൊഴിക്കുന്നു; മറ്റെങ്ങനെയാണ് ആ കഥ അവസാനിപ്പിക്കുക?

സഹനത്തിന്റെ മൂര്‍ത്തീഭാവമാണ് സുഹാസിനിയുടെ വാസന്തി; ജോലിചെയ്യുന്ന വീട്ടമ്മ; കുടിയനായ ഭര്‍ത്താവിന്റെയും മേധാവിത്വസ്വഭാവമുള്ള ഭര്‍തൃമാതാവിന്റെയും ശാരീരികവും മാനസികവും ആയ പീഡനങ്ങള്‍ നിശബ്ദയായി സഹിക്കുന്നവള്‍ ! കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന, വീട്ടു ജോലികള്‍ ചെയ്യുന്ന, ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന മാതൃകാസ്ത്രീ! വാസന്തിയുടെ മോചനം മനോവിഭ്രാന്തിയിലാണ്; മരിച്ചു പോയ ഭര്‍തൃപിതാവിനെ പോലെ പെരുമാറുകയും ഉമ്മറത്തെ ചാരുകസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു ഭര്‍തൃമാതാവിനോട് 'അകത്തു പോടീ' എന്ന്  ആജ്ഞാപിക്കുകയും ചെയ്യുമ്പോള്‍ ഇവിടെയും രക്ഷ ഭര്‍തൃപിതാവ് എന്ന 'കുടുംബനാഥന്റെ' സ്ഥാനമാണ്. അംഗീകരിക്കപ്പെട്ട പുരുഷകാരണവര്‍ എന്ന സ്ഥാനം ആണ് വാസന്തിയുടെ മനോവിഭ്രാന്തിയില്‍ അവളുടെ രക്ഷക്കെത്തുന്നതും സഹനത്തില്‍ നിന്ന് അവളെ മോചിപ്പിക്കുന്നതും. 

സൂര്യയുടെ അമ്മിണി എന്ന കഥാപാത്രം അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്‍റെ സ്ത്രീപ്രതിനിധിയാണ്; അധ:സ്ഥിതവിഭാഗം എന്ന പാര്‍ശ്വവല്‍കരണത്തെ കൂടാതെ സ്ത്രീയെന്ന നിലയില്‍ വീണ്ടും പാര്‍ശ്വവല്‍കരിക്കപ്പെടുന്നവള്‍ ! മുതലാളിയുടെ കാമപൂര്‍ത്തിക്കുള്ള ഉപകരണമായി ഒടുവില്‍ ഗര്‍ഭിണിയായിരിക്കെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവള്‍ . തെരുവില്‍ വേട്ടയാടപ്പെടുമ്പോള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നവള്‍ . ഒടുവില്‍ അഭയം കണ്ടെത്തിയ ഷെല്‍ട്ടറില്‍ വന്നു പിന്തുടരുന്ന ക്യാമറകണ്ണുകളെ കണ്ണുകളാല്‍ ആക്ഷേപിച്ച്, ക്യാമറയെയും സംവിധായകനെയും തട്ടി മാറ്റി മറ്റു സ്ത്രീകളോടൊപ്പം സമൂഹത്തിലേക്കു ഓടിയിറങ്ങി വരുന്നവള്‍ . ആത്മഹത്യയിലും മനോവിഭ്രാന്തിയിലും ഷെല്‍ട്ടറിലും തളച്ചിടപ്പെടാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി, എന്റെ വിധി നിര്‍ണ്ണയിക്കാന്‍ നിങ്ങളെ അനുവദിക്കുകയില്ലെന്ന കരുത്തോടെ സിനിമയുടെ പരിസമാപ്തിയുടെ നിയന്ത്രണം സംവിധായകനില്‍ നിന്ന് സ്വയം ഏറ്റെടുക്കുന്നവള്‍ . ഇവിടെയാണ്‌, ക്ലൈമാക്സ്‌ സീനില്‍ ആണ് സിനിമ സ്ത്രീപക്ഷം എന്ന ലേബലിനോട് നീതി പുലര്‍ത്തുന്നത്.  

ഖസാക്കിന്റെ ഇതിഹാസകാരന്‍ ഖസാക്ക് എന്ന സ്ഥലത്തിന് അടിസ്ഥാനമാക്കിയ പാലക്കാട് അടുത്തുള്ള തസ്രാക്ക് എന്നയിടം സന്ദര്‍ശിച്ച വിവരം എഴുതിയപ്പോള്‍ ഒരു സുഹൃത്ത്‌ എഴുതിയ കമന്റ്‌ വലിയൊരു തിരിച്ചറിവായിരുന്നു. "ഖസാക്കിലെ രവിയുടെ സ്ഥാനത്ത് ഒരു പെണ്ണിനെ സങ്കൽപ്പിച്ച് നോക്കരുതോ. തോന്നിയവാസജീവിതം നയിക്കുകയും കുറ്റബോധമെന്ന പേരില്‍ വീണ്ടും അലമ്പ് ജീവിതം നയിക്കുകയും അസ്തിത്വ ദുഃഖം എന്ന സുഖം പേറി നടക്കുകയും ചെയ്യുന്ന ഒരു സ്ത്രീ കഥാപാത്രം അലഞ്ഞ വഴികൾ തീർത്ഥാടന കേന്ദ്രം പോലെ ആളുകള്‍ അന്വേഷിച്ച് എത്തുമോ. ആ കൃതി എത്ര തന്നെ സൗന്ദര്യവത്താണങ്കിലും ശരി". ശരിയാണ്; അത്തരമൊരു സ്ത്രീകഥാപാത്രത്തിനു രവിക്ക് ലഭിച്ച അംഗീകാരമോ സ്വീകാര്യതയോ ലഭിക്കുമോ?രവിയുടെത് അസ്തിത്വാനേഷണം എന്നടയാളപ്പെടുത്തുന്നവര്‍ ആ കഥാപാത്രം സ്ത്രീ ആയിരുന്നുവെങ്കില്‍ അവളുടെ ലൈംഗികാന്വേഷണം എന്നതിലുപരി അതിനെ കാണാന്‍ തയ്യാറാകുമോ?

സഫ്ദര്‍ ഹാശ്മി ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഹ്രസ്വചിത്രമത്സരത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു ചിത്രമായിരുന്നു 9 Months. ശക്തമായ ഒരു പ്രമേയമുള്ള ചിത്രം; സിറ്റി യില്‍ ഒരു ട്രെയിനിംഗ് നു വേണ്ടി വരുന്ന പെണ്‍കുട്ടി ട്രെയിനില്‍ വെച്ച് ഒരു പുരുഷന്‍റെ കാമം നിറഞ്ഞ തുറിച്ചുനോട്ടം കണ്ടു ഭയപ്പെടുന്നു; കാബിനില്‍ മറ്റാരുമില്ലാത്തതിനാല്‍ അപ്പര്‍ ബര്‍ത്തില്‍ നിന്നുമിറങ്ങി ബാത്രൂമില്‍ പോകാന്‍ ഭയപ്പെടുന്ന അവള്‍ പെട്ടെന്നൊരു തോന്നലിന്റെ പേരില്‍ കണ്ടെത്തുന്ന പരിഹാരമാണ് ബാഗില്‍ നിന്നൊരു തുണിയെടുത്ത് വയറില്‍ ചേര്‍ത്തുവെച്ച് ഗര്‍ഭിണിയായി അഭിനയിക്കുക എന്നത്. നിറവയര്‍ കാണുമ്പോള്‍ പുരുഷന്‍റെ തുറിച്ചുനോട്ടം അപ്രത്യക്ഷമായി സഹതാപവും ആദരവും കടന്നു വരുന്നു; അയാള്‍ അവളെ ഇറങ്ങാന്‍ സഹായിക്കുകയും ബാഗ് എടുത്തു കൊടുക്കുകയും മറ്റും ചെയ്യുന്നു.

നഗരത്തിലെത്തിയ ശേഷം അവള്‍ ഒരു ഗര്‍ഭം തയ്ച്ചുണ്ടാക്കുകയാണ്; വെച്ച് കെട്ടിയ തുണിയുടെ ഗര്‍ഭഭാരവുമായി അവള്‍ നഗരം ചുറ്റുന്നു; ചെല്ലുന്നയിടത്തെല്ലാം ആദരവ്, സഹായവാഗ്ദാനങ്ങള്‍ , സഹതാപം! രാത്രി തട്ടുകടയില്‍ പോയി ചായ ചോദിക്കുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ ഇരിക്കാന്‍ സ്ടൂള്‍ ഇട്ടു കൊടുക്കുന്നു; കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു അവള്‍ ആസ്വദിച്ചു ചായ കുടിക്കുന്നു. അമ്മയെന്ന റോള്‍ ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് സമൂഹത്തില്‍ സ്ത്രീക്ക് ആദരവ് ലഭിക്കുന്നതെന്ന് ആക്ഷേപഹാസ്യം കലര്‍ത്തി പറയാതെ പറയുന്നു ഈ സിനിമ! അവസാനത്തെ സീനില്‍ നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അനുജത്തിയോടു ഇക്കഥ വിവരിക്കുകയാണ്. അനുജത്തിയോടു ഇരുട്ടാവുന്നതിനു മുമ്പേ കടയില്‍ പോയി വരാന്‍ അമ്മ ആവശ്യപ്പെടുന്നു. പുറത്തേക്കു നോക്കുന്ന കൊച്ചു കുട്ടിയായ അനുജത്തി ഇരുട്ട് കണ്ടു പിന്തിരിയുന്നു; പെണ്ണിന്റെ പൊതു ഇടങ്ങളെ അപ്രത്യക്ഷമാക്കുന്ന ഇരുട്ട്! മുറിയില്‍ തിരിച്ചു വന്നു അലമാരയില്‍ നിന്നൊരു തുണിയെടുത്ത് അനുജത്തി വയറില്‍ വെച്ച് നോക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. സമൂഹത്തിന്‍റെ ഇരുട്ട് നിറഞ്ഞ മനസാക്ഷിയുടെ മുമ്പില്‍ അവള്‍ക്കിറങ്ങി ചെല്ലണമെങ്കില്‍ ആ ഗര്‍ഭഭാരം ചുമന്നേ തീരൂ!

സിനിമ പ്രതിരോധത്തിന്റെ ദൃശ്യഭാഷ എന്നവകാശപ്പെടുമ്പോള്‍ അവിടെ സ്ത്രീയുടെ പ്രതിരോധം ആവിഷ്കരിക്കപ്പെടുന്നില്ല എന്നത് കാണാതെ പോകുകയാണ്. പ്രതിരോധത്തെക്കാള്‍ സഹനത്തിലൂന്നിയ സ്ത്രീയാവിഷ്കാരങ്ങള്‍ അംഗീകരിക്കപ്പെടുന്ന പ്രേക്ഷകസമൂഹത്തില്‍ വെറും പ്രതിരോധത്തിന് സ്വീകാര്യതയില്ല; സഹനത്തിന്റെ അങ്ങേയറ്റത്ത്‌ മാത്രം പ്രതികരിക്കുന്ന സ്ത്രീക്ക് ചിലപ്പോള്‍ പ്രേക്ഷകന്റെ സഹതാപത്തില്‍ കലര്‍ന്ന അംഗീകാരം ലഭിച്ചേക്കാം; മറിച്ചു സാധ്യമല്ല. ഇങ്ങനെ വരുമ്പോള്‍ , സിനിമയിലെ സ്ത്രീയുടെ പ്രതിരോധം എന്നതു നിലവിലില്ലെന്നും സിനിമയുടെ വ്യവസ്ഥാപിതവീക്ഷണത്തോടുമുള്ള സ്ത്രീയുടെ പ്രതിരോധം ആവശ്യമായി വരുന്നുവെന്നും പറയേണ്ടി വരും. സ്ത്രീയെന്ന 'വ്യക്തി' കഥാപാത്രമാകുന്ന സിനിമകള്‍ക്കായി നമുക്കിനിയും കാത്തിരിക്കാം...

Saturday 4 January 2014

അപ്പുക്കിളിയുടെ നാട്ടിലേക്കൊരു യാത്ര





























ഇന്ന് തസ്രാക്ക് വരെ പോയി; പാലക്കാട് അടുത്ത്... ഒവി വിജയന്‍റെ, നമ്മുടെ, ഇതിഹാസങ്ങളുടെ  ഖസാക്ക്!

പാലക്കാട് നിന്ന് നെന്മാറ വഴി പോകുന്ന കൊല്ലങ്കോട് ബസില്‍ കേറി തസ്രാക്ക് സ്റ്റോപ്പില്‍ ഇറങ്ങണം; എട്ടോ ഒമ്പതോ കിലോമീറ്റര്‍ മാത്രമേയുള്ളൂ. സ്റ്റോപ്പില്‍ നിന്ന് രണ്ടു കിലോ മീറ്ററോളം ഉള്ളിലോട്ടു പോണം. ഖസാക്കിലെ എല്ലാ സ്ഥലവിവരണങ്ങളും തസ്രാക്കില്‍ ഉള്ളതല്ല; ചെതലിമലയും കൂമന്‍ കാവും എല്ലാം കഥാകാരന്റെ ഭാവനകള്‍ ആണ്; അത് പോലെ തന്നെ പഴയ തകര്‍ന്ന പള്ളികളുള്ള പള്ളിപ്പറമ്പും കുട്ടാടന്‍പൂശാരിയുടെ ദൈവപ്പുരയും എല്ലാം.

രവിയുടെ ഏകാധ്യാപകവിദ്യാലയം ഒവിവിജയന്‍റെ സഹോദരി തസ്രാക്കില്‍ ജോലി ചെയ്തിരുന്ന ഏകാധ്യാപകവിദ്യാലയത്തെ അടിസ്ഥാനമാക്കി എടുത്തതാണ്. കഥയില്‍ രവി താമസിച്ച കളപ്പുര കണ്ടു; മറ്റൊന്നും അങ്ങനെ കാണാനായി അവിടെയില്ല; പോവുന്നതിനു മുമ്പേ അങ്ങനെയൊരു മുന്നറിയിപ്പും കിട്ടിയിരുന്നു; മുമ്പ് പോയവരില്‍ നിന്ന്... എന്നാല്‍ ഖസാക്ക് മനസ്സില്‍ കൊണ്ടിട്ടുള്ളവര്‍ മാത്രം കാണുന്ന ചിലത് കണ്ടു!.

മനോഹരമായ ഒരു നാട്ടിന്‍പുറം; ചെത്തുകാരന്‍ കുപ്പു കേറിയിറങ്ങിയ പനകള്‍! പാലക്കാടിന്റെ പച്ചപ്പ്‌ നിറഞ്ഞു കവിയുന്ന പാടങ്ങള്‍! വഴിയില്‍ നിറയെ പുളിമരങ്ങള്‍! പുളിമരത്തിലെ പോതി ഇതില്‍ എവിടെയായിരുന്നിരിക്കും എന്നോര്‍ത്തുപോയി! പാടത്ത് തുമ്പികള്‍ പാറുന്നത് കണ്ടപ്പോള്‍ അപ്പുക്കിളി "തേത്ത്യെ തേത്ത്യെ നാന്‍ തുമ്പി പിടിത്തു തരാം കേത്തോ" എന്നോടി വരുന്ന പോലെ! കുളത്തിന്റെ വക്കില്‍ ആബിദ ഇരിക്കുന്ന പോലെ! വയലിന് നടുവിലെ കിണറില്‍ നിന്ന് മുങ്ങാങ്കോഴി ചുക്രുറാവുത്തര്‍ കേറി വരുന്ന പോലെ!

അവിടെ കണ്ട ഒരേയൊരു ചെറിയ പലചരക്ക് കടയില്‍ ഇരിക്കുന്നത് മൈമൂന ആണോ എന്നു വെറുതെ എത്തി നോക്കി! ചായക്കട അലിയാരുടെതാണോ? ആ പള്ളിപ്പറമ്പ് അവിടെയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു; കുട്ടാടന്‍ പൂശാരി ഉറഞ്ഞു തുള്ളിയ  ദൈവപ്പുരയും. നൈസാമലി  ഖാളിയാരായി അന്തിയുറങ്ങിയ പൊളിഞ്ഞ പള്ളികളുടെ പറമ്പ്! മൈമൂന മുങ്ങിക്കുളിച്ചു നൈസാമലിയെ കാണാനെത്തിയ ആ കുളം! നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ അള്ളാപ്പിച്ചാമൊല്ലാക്കയുടെ ആണി കേറിയ പാദങ്ങളും ശിവരാമന്‍ നായരുടെ പരാതികളും മാധവന്‍നായരുടെയും രവിയുടെയും സൌഹൃദവും എല്ലാം നടന്ന വഴികള്‍ എന്ന് വെറുതെ കരുതി.

കളപ്പുരക്കകത്ത്‌ രവിയുടെ അസ്വസ്ഥതകളും ചാന്തുമ്മയുടെ സങ്കടങ്ങളും ഇപ്പോഴും വീര്‍പ്പു മുട്ടി നില്‍പ്പുണ്ട്. ഉടുപ്പ് തെക്കന് (*ചെക്കന്) കൊടുത്താ മതി; തെക്കന്‍ ബല്താകട്ടെ എന്നും പറഞ്ഞുചാന്തുമുത്ത് ഉമ്മയോടൊപ്പം ഇപ്പോഴും അവിടെവിടെയോ കാത്തിരിപ്പുണ്ട്‌; കുഞ്ഞുനൂറു അടുത്ത പെരുന്നാള് കഴിയുമ്പം ബല്താകാന്‍! വസൂരിക്കല വീണ കുഞ്ഞു നൂറുവിന്റെ മുഖത്തെ ചലനമറ്റ കണ്ണുകള്‍ ബല്താകാന്‍ കഴിയാത്ത സങ്കടവും പേറിക്കൊണ്ടു ഖസാക്കുകാരെ ഇപ്പോഴും മുറിപ്പെടുത്തുന്നുണ്ടാവാം!

വയസ്സറിയിച്ചു കാതില്‍ ചിറ്റിട്ട് വന്നപ്പോള്‍ വലിയ പെണ്ണായി പോയ കുഞ്ഞാമിന, രവിയുടെ 'മിന്നാമിനുങ്ങ്‌', സ്കൂളില്‍ ആദ്യം  വന്ന അന്ന്, സുറുമയിട്ട കണ്ണുകള്‍ തുറുപ്പിച്ചു "സാര്‍ ആരും ചാകാത്ത കത" എന്ന് പറയുന്നത് ഓര്‍ത്തു ചിരിച്ചു കളപ്പുരയില്‍ നില്‍ക്കുമ്പോള്‍. തിത്തിബിയുമ്മയുടെയും കല്യാണിക്കുട്ടിയുടെയും ലക്ഷ്മിയുടെയും നാരായണിയമ്മയുടെയും നീലിയുടെയും ഒക്കെ കണ്ണുകളാണ് വഴിയിലെ വീടുകളില്‍ നിന്ന് അപരിചിതരെ കണ്ടു എത്തി നോക്കുന്നത് എന്ന് തോന്നി.

അവിടെ ഒരു ലൈബ്രറിയോ സാംസ്കാരിക കേന്ദ്രമോ ആക്കാനുള്ള ജോലി നടക്കുന്നുണ്ട്; ശിലാസ്ഥാപനം കഴിഞ്ഞിരിക്കുന്നു. തസ്രാക്കില്‍ ഇനി ആള്‍പ്പെരുമാറ്റം കൂടാന്‍ പോവുകയാണ്. നടക്കുന്ന വഴിയില്‍ വീടുകളുടെ മുമ്പില്‍ എല്ലാം പുളി ഉണക്കാനിട്ടിരിക്കുന്നു. വഴിയില്‍ നിറയെ കായ്ച്ചു നില്‍ക്കുന്ന പുളിമരങ്ങള്‍. ഖസാക്കിലെ പുളിമരത്തില്‍ നിന്നൊരു പച്ചപുളിങ്ങയും ഉണക്കിയിട്ടതില്‍ നിന്നൊരു പഴുത്ത പുളിങ്ങയും മോഷ്ടിച്ച് തിരിച്ചു നടക്കുമ്പോള്‍ ഖസാക്കെന്ന ചിത്രം ഇത്ര ആഴത്തില്‍ വായനക്കാരുടെ മനസ്സില്‍ വരച്ചിട്ട ആ ഇതിഹാസത്തെ മനസ്സ് കൊണ്ടൊന്ന് പ്രണമിച്ചു.