Friday 27 December 2013

Blue is the Warmest Color അഥവാ സ്ത്രീലൈംഗികതയുടെ ആഘോഷം


























ചിത്രമേളയിൽ പ്രസിദ്ധീകരിച്ചത് - http://www.chithramela.com/blue-is-the-warmest-color-review/

സ്ത്രീലൈംഗികതയും സ്ത്രീയുടെ കാഴ്ചപ്പാടിലുള്ള അതിന്റെ വികാരതലങ്ങളും അപൂര്‍വ്വം ചില ശ്രമങ്ങളോഴിച്ചാല്‍ സിനിമയില്‍ ഒരുപാടൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമല്ല. അതിലും കുറവാണ് സ്വവര്‍ഗരതിയിലെ സ്ത്രീഭാവങ്ങളുടെ ആവിഷ്കാരം. പുരുഷന്‍റെ ഇച്ഛനുസൃതം രൂപപ്പെട്ടു വന്ന ലൈംഗിക ചിന്തകളാണ് നമ്മുടെ സമൂഹത്തിലെ സാധാരണ സ്ത്രീയും പുരുഷനും ഒരു പോലെ കൊണ്ട് നടക്കുന്നത്. സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടുള്ള പൊതുവായ ഒരു ലൈംഗികഭാവനാലോകത്തിന്റെ അഭാവത്തില്‍, കാഴ്ചക്കാരില്‍ പലര്‍ക്കും സിനിമയിലെ ലൈംഗികതയുടെ പ്രസരം അലോസരമുണ്ടാക്കിയതില്‍ അത്ഭുതമില്ല.

അധ്യാപികയാവാന്‍ ആഗ്രഹിക്കുന്ന, മൃദുസ്വഭാവക്കാരിയായ  അഡേല്‍ എന്ന വിദ്യാര്‍ഥിനിയും  ചിത്രകലയില്‍ കരിയര്‍ തുടങ്ങുന്ന, അല്പം അധീശസ്വഭാവമുള്ള നീലമുടിക്കാരി എമ്മയും തമ്മിലുള്ള തീവ്രമായ പ്രണയവും ആസക്തിയും തൃഷ്ണയും പ്രണയഭംഗവും എല്ലാം വളരെ സത്യസന്ധതയോടെ വരച്ചു കാണിക്കുന്ന ഒരു ചിത്രമാണിത്. Léa Seydoux, Adèle Exarchopoulos എന്നിവര്‍ അത്ഭുതാവഹമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ഈ വര്‍ഷത്തെ Cannes film festival-ഇല്‍ Golden Palm award  ലഭിച്ചത് ഈ ചിത്രത്തിനാണ്; സിനിമയുടെ സംവിധായകന്‍ മാത്രമല്ല രണ്ടു നടിമാരും അവാര്‍ഡ് ഷെയര്‍ ചെയ്യണമെന്നായിരുന്നു ജൂറി നിര്‍ദ്ദേശം; ഇത്തരം ജൂറി നിര്‍ദ്ദേശങ്ങള്‍ അപൂര്‍വവുമാണ്. രണ്ടു കഥാപാത്രങ്ങളുടെയും എടുത്തു നില്‍ക്കുന്ന രൂപസവിശേഷതകളില്‍ ക്ലോസ്അപ്പ്‌ ഷോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ സംവിധായകന്‍ ശ്രദ്ധകാണിച്ചിട്ടുണ്ട്. എമ്മയുടെ നീലമുടിയും അലസമായ മുഖഭാവവും അഡേലിന്റെ താഴോട്ടല്പം വളഞ്ഞ കീഴ്ച്ചുണ്ടുകളും കൌതുകക്കണ്ണുകളും ചിത്രം കണ്ടിറങ്ങുമ്പോഴും നമ്മെ പിന്തുടരും.

എമ്മയുടെ നീലനിറമുള്ള മുടിയാണ് അഡേലിന്റെ ശ്രദ്ധ ആദ്യം പിടിച്ചു പറ്റുന്നത്; ഈ നീലനിറം അവരുടെ പ്രണയത്തിന്റെ തീവ്രതയുടെ ഒരു രൂപകം ആയി ചിത്രത്തിലുടനീളം അവതരിപ്പിക്കപ്പെടുന്നുണ്ട്. പഠനശേഷം അധ്യാപികയായി തന്നെ ജോലി കണ്ടെത്തുന്ന അഡേലും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് ആയ എമ്മയും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു; ഒരുമിച്ചു ജീവിക്കുമ്പോള്‍ വ്യത്യസ്ത സ്വഭാവസവിശേഷതകളും ഇഷ്ടാനിഷ്ടങ്ങളുമുള്ള ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ വന്നു തുടങ്ങുന്നുണ്ട്. എമ്മയുടെ മറ്റൊരു സ്വവര്‍ഗസൌഹൃദവും അഡേലിന്റെ മറ്റൊരു എതിര്‍ലിംഗ സൌഹൃദവും കടന്നു വരുമ്പോള്‍ എമ്മയുടെ മുടിയുടെ നീലനിറം മാഞ്ഞു തുടങ്ങുന്നു. ഒടുവില്‍ ഒരു ഗൌരവമായ കലഹത്തിനു ശേഷമുള്ള പ്രണയഭംഗവും പിരിഞ്ഞു പോകലുമെത്തുമ്പോള്‍ എമ്മയുടെ മുടിയില്‍ നീലനിറം അല്പം പോലും ബാക്കിയില്ലാതാകുന്നു.

Abdellatif Kechiche യുടെ ചിത്രം Julie Maroh യുടെ 'Blue Angel' എന്ന ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്രാഫിക് നോവലില്‍ ഓര്‍മകളിലെ രംഗങ്ങള്‍ ആവിഷ്കരിക്കുന്നത് കറുപ്പും വെളുപ്പുമായാണ്; എമ്മയുടെ മുടി മാത്രം നീലനിറത്തില്‍ ചിത്രീകരിക്കപ്പെടുന്നു. ഓര്‍മകള്‍ പലപ്പോഴും അവ്യക്തമായിരിക്കും; എന്നാല്‍ നമ്മെ സ്വാധീനിച്ച ചില കൊച്ചുകാര്യങ്ങള്‍, ഒരു വെളിച്ചം, നിറം, ഒരു വസ്തു, വാക്ക് അങ്ങിനെ ചിലത് എടുത്തു നില്‍ക്കും; ഓര്‍മകളെ നാം ഓര്‍ക്കുന്നത് അങ്ങനെയാണ്; അത് കൊണ്ടാണ് നോവലില്‍ ഇങ്ങനെയൊരു തീം സ്വീകരിച്ചതെന്ന് ജൂലീ മാറോ പറയുന്നു. എന്നാല്‍ സിനിമയില്‍ ഈ രീതി സ്വീകരിച്ചിട്ടില്ല. 'A straight person's fantasy of gay love' എന്ന് സിനിമയെ ജൂലീ മാറോ തള്ളിക്കളഞ്ഞിട്ടുണ്ട്. സ്വവര്‍ഗാനുരാഗത്തിന്റെ തനിമ എത്രത്തോളം ഈ ചിത്രം നിലനിര്‍ത്തുന്നു എന്ന് വിലയിരുത്താന്‍ ഞാനാളല്ല; എന്നാല്‍ സ്ത്രീലൈംഗികതക്ക്, വരച്ചു വെച്ച വൃത്തങ്ങള്‍ക്ക് പുറത്ത്, പഠിച്ചു വെച്ച ലൈംഗികപാഠങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പുറത്ത് വ്യത്യസ്തമായ ഒരു തലമുണ്ടാകാമെന്ന ശക്തമായ ഒരു ഓര്‍മപ്പെടുത്തല്‍ തന്നെയാണ് ഈ സിനിമ.

സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന കോടതിയുടെ 'കിടപ്പറനിയന്ത്രണവിധി' പുറത്തിറങ്ങിയ നാള്‍ തന്നെയാണ് IFFK 2013 -ഇല്‍ ഈ ഫിലിം കാണാന്‍ അവസരമുണ്ടായതെന്നത് കൌതുകകരമായ ഒരു യാദൃശ്ചികത തന്നെയായിരുന്നു. കോടതിവിധിയോടനുബന്ധമായി വായിക്കുമ്പോള്‍ വളരെയധികം കാലികപ്രസക്തിയുള്ള ഒരു വിഷയമാണ് Abdellatif Kechiche യുടെ 'ബ്ലൂ ഈസ്‌ ദി വാര്‍മെസ്റ്റ് കളര്‍' എന്ന ഫ്രഞ്ച് സിനിമ കൈകാര്യം ചെയ്യുന്നത്. സ്വയംഭോഗവും എതിര്‍ലിംഗരതിയും സ്വവര്‍ഗരതിയും ഓരോന്നിലും അഡേലിന്റെ ഭാവങ്ങളും പ്രതികരണങ്ങളും വിശദമായി തന്നെ താരതമ്യവിധേയമാക്കാം വിധം എടുത്തു കാണിക്കുന്നുണ്ട് ചിത്രത്തില്‍. കൌമാരക്കാരിയായ അഡേലും ഒരു പുരുഷസുഹൃത്തുമായുള്ള അവളുടെ വേഴ്ചയും അതിനിടക്കുള്ള അവളുടെ അലോസരവും തിരിച്ചറിവും കഥയിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവാണ്; എമ്മയെ കണ്ടെത്തുമ്പോള്‍ അവളോട്‌ തോന്നുന്ന തീവ്രമായ അഭിലാഷത്തിനും ലൈംഗികസംതൃപ്തിക്കും അഡേലിന്റെ മുഖഭാവങ്ങള്‍ തന്നെ തുറന്നൊരു വായന തരുന്നു.

രതിരംഗങ്ങള്‍ ഒരുപാട് നീണ്ടു പോയി എന്നതാണ് സിനിമയെപ്പറ്റി പ്രധാനമായും ഉയര്‍ന്നു കണ്ട ഒരു വിമര്‍ശനം. നമ്മുടെ സിനിമകളിലെ എതിര്‍ലിംഗപ്രണയകല്പനകള്‍ രൂപപ്പെടുത്തിയെടുത്ത മുന്‍ധാരണകളുടെയും പുരുഷഭാവനകളുടെ അച്ചില്‍ വാര്‍ത്തെടുത്ത   ലൈംഗിക അവബോധത്തിന്റെയും ചട്ടക്കൂടില്‍ നിന്നുകൊണ്ട് കാണുമ്പോള്‍ അത് ശരിയുമാണ്. പുരുഷന്‍റെ നിമിഷപ്രേരിതമായ നിമിഷസമാപ്തമായ ലൈംഗികചോദനകളില്‍ അധിഷ്ടിതമാണ് സമൂഹത്തിലെ സ്ത്രീകളുടെതടക്കമുള്ള രതിഭാവനകള്‍ എന്നതാകാം ഒരു പക്ഷെ സ്ത്രീയുടെ (സ്വവര്‍ഗ) ലൈംഗികതയും ദീര്‍ഘമായ ആസ്വാദനരീതിയും പച്ചയായി തന്നെ കാണുമ്പോഴുള്ള അലോസരത്തിനു കാരണം എന്നൊരു പ്രേക്ഷകാഭിപ്രായം വായിച്ചത് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ചിത്രത്തിലെ കഥാതന്തു, സ്വവര്‍ഗാനുരാഗം ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു വെറും പ്രണയകഥ മാത്രമാണ് എന്ന് പറയാം; എന്നാല്‍ ഒരു സ്വവര്‍ഗപ്രണയകഥയെ അത്രയധികം സ്വാഭാവികതയോടെ, വികാരതീവ്രതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സിനിമയുടെ വിജയമായി തന്നെ കണ്ടേ തീരൂ.ക്യാമറക്കണ്ണുകളുടെ സഞ്ചാരം പുരുഷക്കണ്ണുകളെ ഓര്‍മപ്പെടുത്തുന്നു എന്ന് ജൂലീ മാറോ പരാതിപ്പെടുന്നു; അത് ഏറെക്കുറെ ശരിയുമാണ്. എമ്മ അഡേലിന്റെ ചിത്രം വരക്കുമ്പോള്‍ അഡേലിന്റെ ശരീരത്തിലൂടെ ഇഴയുന്ന ക്യാമറക്കും രതിരംഗങ്ങള്‍ ഒപ്പിയെടുക്കുന്ന ക്യാമറക്കും കൂടുതലായി പുരുഷക്കണ്ണുകള്‍ തന്നെയാണുള്ളത്; സ്ത്രീശരീരത്തില്‍ പുരുഷന്‍ ശ്രദ്ധിക്കുന്ന പ്രത്യേകതകളിലും ചലനങ്ങളിലും തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നത് സ്ത്രീസ്വവര്‍ഗരതിയുടെ തനിമക്ക് മങ്ങലേല്പിക്കുന്നു എന്ന അഭിപ്രായത്തില്‍ കാമ്പുണ്ട്.

PS: വിഷ്ണുപ്രസാദിന്റെ ലിംഗരാജ് എന്ന കവിതയിലെ വരികള്‍ ഓര്‍മവരുന്നു. "പെണ്ണായി നടക്കാത്ത വഴികള്‍, പെണ്ണായി വാഴാത്ത വീട്, പെണ്ണായി നോക്കാത്ത ആകാ‍ശം, ഭൂമി"... പെണ്ണല്ലാത്തത് കൊണ്ടോ പെണ്ണിനു പോലും സ്വയം തിരിഞ്ഞു നോക്കാനും ഭയലേശമന്യേ വിലയിരുത്താനും ഓര്‍മവരാത്ത ഒന്നായത് കൊണ്ടോ കവി സൂചിപ്പിക്കാത്ത ഒന്ന് ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ ഈ സിനിമ പ്രേരിപ്പിക്കുന്നു - "പെണ്ണായി നിറഞ്ഞിട്ടില്ലാത്ത കിടപ്പറകള്‍"!!!

Tuesday 24 December 2013

സ്ത്രീകള്‍ക്ക് മാത്രമായുള്ള ചില അദൃശ്യവരമ്പുകള്‍

























അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് - http://azhimukham.com/firstnews-168.html

അടുത്തിടെ പലരുടെയും മനസ്സിനുള്ളില്‍ ഉടഞ്ഞു വീണ ഒരു ബിംബമാണ് ടെഹെല്‍കയുടെ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെത്. സഹപ്രവര്‍ത്തകയെ മേലുദ്യോഗസ്ഥന്‍ എന്ന സ്ഥാനത്തിന്റെ അധികാരം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചതിന്റെയും പിന്നീടതിനെ ന്യായീകരിക്കാനും മറച്ചു വെക്കാനും ശ്രമിച്ചതിന്റെയുമെല്ലാം ആരോപണങ്ങളും വാര്‍ത്തകളും പുറത്ത് വന്നത് നാം കണ്ടതാണ്. സാമ്പത്തികമായും സാമൂഹികമായും ജീവിതസാഹചര്യത്തിലും എല്ലാം താരതമ്യേന മുന്നില്‍ നില്‍ക്കുന്ന, സജീവമായ ഒരു കരിയര്‍ നയിക്കുന്ന, ശക്തമായ അഭിപ്രായങ്ങളും നിലപാടുകളുമുള്ള, സമൂഹത്തെ ഭയന്നു പ്രതികരിക്കാന്‍ ഭയക്കുന്നവളല്ലാത്ത, ഒരു സ്ത്രീയുടെ അനുഭവമാണ് നാമീ കേട്ടത്! നമുക്കു ചുറ്റും ജീവിക്കുന്ന സാധാരണക്കാരായ സ്ത്രീകളില്‍ ഇത്തരത്തില്‍ എന്തെങ്കിലും അനുഭവങ്ങള്‍ ഇല്ലാത്തവരുടെ  എണ്ണം വളരെ കുറവായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം; നിത്യജീവിതത്തിന്റെ തിരക്കുകളിലും പ്രാരാബ്ധങ്ങളിലും പെട്ട് പ്രതികരിക്കാനുള്ള സാവകാശമോ ധൈര്യമോ ലഭിക്കാത്തവരുടെ എണ്ണം കുറച്ചൊന്നുമല്ല. ഏതു സാമൂഹ്യചുറ്റുപാടിലാണെങ്കിലും  സമൂഹത്തിന്റെ പാതി വരുന്ന ഒരു വിഭാഗത്തിന് തീര്‍ത്തും മൌലികാവകാശമായ സുരക്ഷിതത്വബോധം നിഷേധിക്കപ്പെടുന്നു എന്നത് നമ്മുടെ സമൂഹത്തിന്‍റെ അഴുക്ക് പിടിച്ച പൊതുബോധത്തിനു നേര്‍ക്കുള്ള ഒരു ചൂണ്ടുവിരല്‍ തന്നെയാണ്!

ആരും അറിയാതെയും പറയാതെയും കേള്‍ക്കാതെയും പോകുന്ന ജോലിസ്ഥലത്തുള്ള സ്ത്രീപീഡനങ്ങള്‍ "അതൊക്കെ ജോലി ചെയ്യുന്ന സ്ത്രീകള്‍ നിത്യേന അനുഭവിക്കുന്നതാ" എന്ന നിസ്സാരപ്പെടുത്തലിലും നെടുവീര്‍പ്പിലും അവസാനിക്കും വിധം സാധാരണമാണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍, വഴിവക്കിലെ പൂവാലശല്യത്തില്‍ തുടങ്ങി, ബസിലെ തോണ്ടലുകള്‍, കണ്ടക്ടറുടെ തൊട്ടുരുമ്മലുകള്‍, ജോലിസ്ഥലത്തെ ചില സഹപ്രവര്‍ത്തകപുരുഷന്മാരുടെ തുറിച്ചുനോട്ടങ്ങള്‍, മേലുദ്യോഗസ്ഥരുടെ അമിത സ്വാതന്ത്ര്യമെടുത്തുള്ള പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള കമന്റുകളും പലപ്പോഴും ശാരീരികമായ കൈകടത്തലുകളും എന്നിങ്ങനെ തിരിച്ചു വീട്ടിലെത്തിയാല്‍ പലര്‍ക്കും 'വീട്ടിലെ മുതലാളിയുടെ' ഭരണത്തിലും നിര്‍ബന്ധിത ലൈംഗികബന്ധത്തിലും (Marital rape!) വരെ അവസാനിക്കുന്നു ശരാശരി മലയാളി ഉദ്യോഗസ്ഥ-വീട്ടമ്മമാരുടെ ദിവസങ്ങള്‍! ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെ പെണ്ണിന്‍റെ ശരീരമാണ് കൊണ്ട് നടക്കുന്നതെന്ന ഓര്‍മപ്പെടുത്തലുകളായിത്തീരുന്നു ഓരോ നിമിഷവും അനുഭവങ്ങളും...

1997 ലാണ് സുപ്രീം കോര്‍ട്ട് വിശാഖാ ഗൈഡ്ലൈന്‍സ് എന്ന പേരില്‍ ജോലിസ്ഥാപനങ്ങള്‍ക്ക് വേണ്ടി ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത് (ഇവിടെ വായിക്കാം - http://www.iitb.ac.in/WomensCell/data/Vishaka-Guidelines.pdf). ജോലിസ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തടയാനും പരിഹരിക്കാനും കൃത്യമായ നടപടികള്‍ സ്വീകരിക്കാനും പര്യാപ്തമായ ഒരു വ്യവസ്ഥ ഇന്ത്യന്‍ നിയമത്തില്‍ നിലവിലില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. Workplace Harassment തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതും അങ്ങനെയൊന്ന് നടന്നതായി കണ്ടാല്‍ തക്ക പരിഹാരങ്ങളും നിയമനടപടികളും സ്വീകരിക്കേണ്ടതും സ്ഥാപനമേധാവികളുടെ ഉത്തരവാദിത്വം ആണെന്ന് ഇതില്‍ അടിവരയിടുന്നുണ്ട്. ഇതു പ്രകാരം എല്ലാ സ്ഥാപനങ്ങളിലും പരാതികള്‍ അന്വേഷിക്കാന്‍ ഒരു സ്ത്രീ തന്നെ നയിക്കുന്ന Internal Complaints Committee (ICC) രൂപീകരിക്കേണ്ടതുണ്ട്. വിശാഖാ മാര്‍ഗനിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി തന്നെ The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 യുടെ ബില്‍ 2012 സപ്തംബര്‍ 3നു ലോകസഭയിലും 2013 ഫെബ്രുവരി 26നു രാജ്യസഭയിലും പാസാക്കുകയും അല്പം മാറ്റങ്ങളോട് കൂടി ലോകസഭ വീണ്ടും 2013 മാര്‍ച്ച്‌ 11നു പാസാക്കുകയും ചെയ്തു; ഈ ആക്ട്‌ 2013 ഏപ്രില്‍ 22 തൊട്ടു നിലവിലുണ്ട്.

പല സ്ഥാപനങ്ങളും ഈ നിയമങ്ങളെ ഗൌരവമായി തന്നെ എടുക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുക, ബോധവല്‍കരണ ക്ലാസ്സുകള്‍ എടുക്കുക തുടങ്ങിയവ ചെയ്തു വരുന്നുണ്ടെങ്കിലും അവ തുലോം കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം; നിയമങ്ങള്‍ നിയമങ്ങളായി 'കടലാസില്‍ മാത്രം' നില നില്‍ക്കുക എന്നാ അവസ്ഥയാണ് നമ്മുടെ മറ്റു പല നിയമങ്ങള്‍ പോലെ ഇതിന്റെതും. കൂടുതല്‍ ജോലിസ്ഥാപനങ്ങളിലും തങ്ങളുടെ സ്വൈരപൂര്‍വമായ ഔദ്യോഗികജീവിതത്തിനുള്ള അവകാശത്തെ പറ്റി സ്ത്രീകള്‍ ബോധവതികളല്ല തന്നെ; ശരിയായ ബോധവല്‍കരണത്തിനും ഫലപ്രദമായ പ്രതിരോധത്തിനുമുള്ള നടപടികള്‍ എടുക്കേണ്ടത് സ്ഥാപനമേധാവികളുടെ കടമ ആണെങ്കിലും അതും സംഭവിക്കുന്നില്ല. സ്ഥാപനങ്ങളുടെ ലൈസെന്‍സ് ക്യാന്‍സല്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ളയത്രയും ഗൌരവമായ കുറ്റമാണ് ഇത്തരം പരാതികളോ സംഭവങ്ങളോ കണ്ടില്ലെന്നു നടിക്കുന്നതും മറച്ചു വെക്കാന്‍ ശ്രമിക്കുന്നതും.  Internal Complaints Committee (ICC) നടപടി എടുത്തില്ലെങ്കില്‍ ജില്ലാതലത്തില്‍ നിലവിലുള്ള Local Complaints Committee (LCC) യെ സമീപിക്കാവുന്നതാണ്. ഇതിന്‍റെയെല്ലാം വിശദവിവരങ്ങളും കോണ്ടാക്ട് നമ്പറുകളും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ, ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടോ  എന്നൊക്കെ സ്ഥിരീകരിക്കാനുള്ള നിരീക്ഷണസംവിധാനങ്ങളും നിലവിലില്ല.

പല തരം പീഡനങ്ങൾ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന കാലത്തു ജോലിസ്ഥലത്തുള്ള താരതമ്യേന ചെറിയ തോതിലുള്ള ശല്യപ്പെടുത്തലുകൾക്കു പോലും ഇത്ര ഒച്ചപ്പാട്‌ എന്തിനാണു എന്നൊരഭിപ്രായം ഇതിനിടക്കു ഉയർന്നു വന്നിരുന്നു. എന്നാൽ സാമൂഹ്യമായും സാമ്പത്തികമായും സ്ത്രീയുടെ പ്രാതിനിധ്യവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തേണ്ടതു സമത്വ ബോധത്തിലധിഷ്ടിതമായ ഒരു സമൂഹത്തിനു എത്രത്തോളം പ്രധാനമാണെന്നതു ഓർക്കേണ്ടതുണ്ട്‌. ജോലിസ്ഥലത്തുള്ള പ്രശ്നങ്ങളുടെ പേരിൽ ജോലി ചെയ്തു ജീവിക്കുന്നതില്‍ നിന്ന് സ്വയം പിൻ വാങ്ങുകയോ വീട്ടുകാരാൽ നിർബന്ധിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീകൾ ഒരുപാടുണ്ടു നമ്മുടെ നാട്ടിൽ. സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം ലിംഗസമത്വത്തിനു വളരെ പ്രധാനമായ ഒരു ഉപാധി ആണെന്നിരിക്കെ ജോലി സ്ഥലത്തുള്ള സ്ത്രീയുടെ സുരക്ഷിതത്വം ഇപ്പോള്‍ ഉള്ളതില്‍ കൂടുതൽ പ്രാധാന്യത്തോടെ നാം കാണേണ്ടതുണ്ട്‌.

പൊതുവേ സ്ത്രീകൾ മേലുദ്യോഗസ്ഥരെ പറ്റിയുള്ള പരാതികൾ മൂടി വെക്കുന്നതായി കാണാം. ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകളോടന്വെഷിച്ചാൽ കൂടുതൽ പേർക്കും ജോലിസ്ഥലത്തു ഏതെങ്കിലും തരത്തിലുള്ള വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കാണാം. ആര്‍ക്കെതിരെ പരാതി ഉന്നയിച്ചുവോ ആ വ്യക്തിയുടെ കീഴിലോ സാന്നിധ്യത്തിലോ പരാതിക്കാരിക്ക് ജോലി ചെയ്യേണ്ടി വരാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തെണ്ടത് സ്ഥാപനത്തിന്റെ ചുമതല ആണ്; സ്വയം ട്രാന്‍സ്ഫര്‍ വാങ്ങിക്കുകയോ ആരോപണവിധേയമായ വ്യക്തിയുടെ ട്രാന്‍സ്ഫര്‍ ആവശ്യപ്പെടുകയോ ചെയ്യാനും പരാതിക്കാരിക്ക് അവകാശമുണ്ട്‌. സ്ഥാനക്കയറ്റം, മറ്റു സഹപ്രവർത്തകരുടെ സഹകരണം തുടങ്ങിയവയെ ബാധിക്കുമോ എന്ന ഭയം പലരെയും ഇത്തരം പ്രശ്നങ്ങൾ മൂടി വെക്കാൻ പ്രേരിപ്പിക്കുന്നു. പരാതി രേഖപ്പെടുത്തപ്പെട്ട കേസുകളില്‍ പോലും സ്ഥാപനത്തിനു വരാവുന്ന ചീത്തപ്പേര് ഭയന്ന് ചെറിയ നടപടികളോ ഒത്തുതീര്‍പ്പോ മുഖേന പരിഹരിക്കാനുള്ള വ്യഗ്രതയാണ് പൊതുവേ അധികൃതര്‍ കാണിക്കുന്നത്; ടെഹെല്‍ക വിഷയത്തിലും ഇത്തരം ശ്രമങ്ങള്‍ നടന്നതായ ആരോപണങ്ങള്‍ നാം വാര്‍ത്തകളില്‍ കണ്ടു.

വർക്ക്‌ ഫോർസിൽ സ്ത്രീയുടെ പ്രാതിനിധ്യം കുറയുന്നത് സ്ത്രീയെയും കുടുംബങ്ങളെയും സമൂഹത്തെയും പല രീതിയിൽ ബാധിക്കുന്ന ഗൌരവമേറിയ ഒരു പ്രശ്നമാണ്. സ്ത്രീയുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണു വരുമാനനികുതിയിലെ ഇളവുകൾ പോലുള്ള ആനുകൂല്യങ്ങൾ നിലവിലുള്ളത്. എന്നാൽ ഏറ്റവും പ്രാഥമികമായ ആവശ്യമായ ജോലിസ്ഥലത്തെ സുരക്ഷിതത്വം നടപ്പിലാവാത്തിടത്തോളം ഇത്തരം ആനുകൂല്യങ്ങൾ സ്ത്രീയുടെ പങ്കാളിത്തത്തെ സഹായിക്കുകയില്ല. ലിംഗസമത്വവും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ കഴിയാത്ത ജോലിസ്ഥലങ്ങള്‍ സ്ത്രീസമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് വീണ്ടും മാറ്റി നിര്‍ത്താനെ ഉതകൂ.

2013-ലെ ഗ്ലോബല്‍ ജെന്റര്‍ ഗാപ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം - http://www.weforum.org/issues/global-gender-gap. ഈ പേജിലെ മാപ്പില്‍ ഏറ്റവും കൂടുതല്‍ ലിംഗ അസമത്വം നില നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് കാണാം. ഇന്ത്യയുടെ കണ്‍ട്രി റിപ്പോര്‍ട്ട്‌ എടുത്തു നോക്കിയാല്‍ വളരെ പരിതാപകരമാണ്; സ്ത്രീ പുരുഷ അനുപാതത്തിലെ ഇന്ത്യയുടെ അക്കങ്ങള്‍ തീര്‍ത്തും ലജ്ജാകരമാണ്.




























നല്ല രീതിയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കു ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങളെ സ്ത്രീയെന്നകാരണം കൊണ്ടു മാത്രം ലഭിച്ചതു എന്നു പരിഹസിക്കുന്നതും സാധാരണയാണ്. പ്രൈവറ്റ്‌ സ്ഥാപനങ്ങളിൽ വർക്ക്‌ ഫോർസിലെ സ്ത്രീകളുടെ എണ്ണത്തിനു ആനുപാതികമായി ഉയർന്ന സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം പൊതുവെ കുറവാണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ ആണിത്‌. മേലെ കാണുന്ന ഗ്രാഫില്‍ ലേബര്‍ഫോര്‍സിലെ സ്ത്രീപുരുഷ അനുപാതം 0.36 ആയിരിക്കുമ്പോള്‍ (100 പുരുഷന്മാരുള്ളിടത് 36 സ്ത്രീകള്‍) അതിനാനുപാതികമായ ഒരു നമ്പര്‍ നാം സീനിയര്‍ ഒഫീഷ്യല്‍ / മാനേജര്‍ സ്ഥാനങ്ങളിലും പ്രതീക്ഷിക്കും; എന്നാല്‍ ഇത് പരിഗണിക്കാന്‍ കഴിയാത്ത വിധം ചെറുതാണ്. തുല്യജോലിക്ക് തുല്യ വേതനം എന്ന നിയമം ഫയലുകളില്‍ അവസാനിക്കുന്നത് 0.62 എന്ന സ്ത്രീപുരുഷ അനുപാതത്തില്‍ നിന്ന് മനസ്സിലാക്കാം; 62 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നുള്ളൂ; ബാക്കി 38 ശതമാനം പേര്‍ അതേ ജോലി ചെയ്യുന്ന പുരുഷനേക്കാള്‍ കുറഞ്ഞ വേതനം വാങ്ങിക്കുന്നു.

ഇത്തരം മൌലികാവകാശലംഘനങ്ങള്‍ക്ക് പുറമെയാണ് ഇതെല്ലാം മറികടന്നോ അവഗണിച്ചോ ജോലിയെടുത്തു ജീവിക്കാന്‍ തയ്യാറായി എത്തിപ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍. സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പലപ്പോഴും പൊതുജനത്തിന്റെയും വകയായി ലഭിക്കുന്ന "സ്നേഹപ്രകടനങ്ങള്‍" ജോലി കളഞ്ഞു വീട്ടിലിരുന്നാലോ എന്ന തോന്നല്‍ ഉണ്ടാക്കാറുണ്ടെന്നു തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ പറയുന്നു. അശ്ലീലപരാമര്‍ശങ്ങള്‍ക്കും സദാചാരപോലീസിംഗിനും തുടങ്ങി വ്യക്തിപരമായ ഇടപെടലുകള്‍ക്കു പലതിനും  ചെവി കൊടുത്തും സഹിച്ചും  ജീവിക്കേണ്ടി വരുന്നത്, വീട്ടിലുള്ളവര്‍ അടക്കം സമൂഹത്തിലുള്ള പുരുഷന്മാര്‍ മുഴുവന്‍ പുരുഷനെന്ന ഒരു കാരണം കൊണ്ട് മാത്രം നമ്മെക്കാള്‍ ഉയര്‍ന്ന ഏതോ സ്ഥാനത്തു നില്‍ക്കുന്നുവെന്ന പ്രതീതിയാണുണ്ടാക്കുന്നതെന്ന് ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുടെ വാക്കുകള്‍.

കൂടെ ജോലി ചെയ്യുന്ന, വഴിവക്കത്തു കാണുന്ന, അയല്‍വക്കത്തുള്ള, ഹോട്ടലില്‍ അടുത്ത ടേബിളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന, റെയില്‍വേ സ്റ്റേഷനിലോ സര്‍ക്കാര്‍ ഓഫീസിലോ ക്യൂ നില്‍ക്കുന്ന, വീട്ടില്‍ ഒരുമിച്ചു താമസിക്കുന്ന, രാത്രിയോ പകലോ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് അവരുടേതായ വ്യക്തിത്വങ്ങളുണ്ടെന്നും അവരുടെ സ്വൈരജീവിതം അവരുടെ അവകാശമാണെന്നും സഹജീവി എന്ന ബഹുമാനവും സ്വകാര്യതയും മറ്റാരെയും പോലെ അവരും അര്‍ഹിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റും ഇനിയെന്നാണ് രൂപപ്പെട്ടു വരിക?


Saturday 16 November 2013

ആഘോഷത്തിമര്‍പ്പുകളില്‍ അമര്‍ന്നു പോകുന്ന ചില നിലവിളികള്‍


























Photo Courtesy: Pandiarajan/Mint (http://www.livemint.com/)

ബോധിയിൽ പ്രസിദ്ധീകരിച്ചത് - http://beta.bodhicommons.org/article/screams-that-are-lost-in-the-noise-of-celebrations

ഒന്ന് കാതോര്‍ക്കുകയെ വേണ്ടു, കേള്‍ക്കാമത്; പടക്കശാലകളില്‍ നിന്നും ചുവന്നതെരുവുകളില്‍ നിന്നുമുയരുന്ന ഇന്ത്യന്‍ ബാല്യത്തിന്റെ അമര്‍ത്തിയ നിലവിളികള്‍! ബാലവേല, ബാലവേശ്യാവൃത്തി, ഇവക്കും അവയവവില്പനയ്ക്കും ഭിക്ഷാടനത്തിനും മറ്റുമായുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയാണ്. പലപ്പോഴും അധികാരികളുടെ കണ്‍മുന്‍പില്‍ അവരുടെ അറിവോടെ തന്നെ നടത്തപ്പെടുന്ന ഇത്തരം മനുഷ്യക്കച്ചവടങ്ങള്‍ തടയാന്‍ നമ്മുടെ നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും മറ്റു നിരീക്ഷണ, പ്രതിരോധ സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് അപമാനകരമാണ്. അപൂര്‍വമായി ഇവയില്‍ നിന്ന് രക്ഷപ്പെട്ടു പോരുന്ന ചെറിയൊരു ശതമാനത്തെ പോലും സംരക്ഷിക്കാനും അവര്‍ക്ക് ശരിയായ പുനരധിവാസ സംവിധാനം ഏര്‍പ്പെടുത്താനും നമ്മുടെ വ്യവസ്ഥക്ക് കഴിയുന്നില്ലെന്നത് ഈ പ്രശ്നത്തെ നാം വേണ്ടത്ര ഗൌരവമായി സമീപിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ബാലവേശ്യാവൃത്തി:

പ്രായപൂര്‍ത്തിയാവാത്തവരുടെ വേശ്യാവൃത്തി ഇന്ത്യയില്‍ ഒരല്‍ഭുതമെയല്ല; ചുവന്ന തെരുവുകളിലും, രഹസ്യമായും പരസ്യമായും നടത്തപ്പെടുന്ന സെക്സ് റാക്കറ്റുകളിലും പ്രായപൂര്‍ത്തിയാവാത്തവര്‍ ധാരാളമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. 'ആധുനികകാലത്തെ അടിമത്തസമ്പ്രദായം' എന്നാണു വേശ്യാവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ മോചനത്തിനും പുനരധിവാസത്തിനുമായി പരിശ്രമിക്കുന്ന സുനിത കൃഷ്ണന്‍ ഈ ചൂഷണത്തെ വിശേഷിപ്പിച്ചത്. (മുന്‍പ് കണ്ടിട്ടില്ലാത്തവര്‍ സുനിത കൃഷ്ണന്റെ ഈ വീഡിയോ ഒന്ന് കാണുക - http://www.youtube.com/watch?v=jeOumyTMCI8). പുനരധിവാസശ്രമങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം ഈ സ്ത്രീകളെ തിരിച്ചു സ്വീകരിക്കാനുള്ള, അവരെ സാധാരണ വ്യക്തികളായി അംഗീകരിക്കാനുള്ള സമൂഹത്തിന്‍റെ വിസമ്മതം ആണെന്നവര്‍ പറയുന്നു.

ഇന്ത്യയില്‍ വ്യക്തിപരമായ വേശ്യാവൃത്തി നിയമവിധേയമാണ്; അതായത് 'പ്രായപൂര്‍ത്തിയായ' രണ്ടു വ്യക്തികള്‍ തമ്മില്‍ പൂര്‍ണസമ്മതത്തോടെയുള്ള, പണമിടപാടിന്റെ അടിസ്ഥാനത്തിലുള്ള ലൈംഗികബന്ധത്തിനു നിയമതടസ്സങ്ങളില്ല എന്നര്‍ത്ഥം. എന്നാല്‍, ഇതില്‍ ഇടനിലക്കാരായോ മേല്‍നോട്ടക്കാരായോ ഏതെന്കിലും തരത്തില്‍ പണമിടപാടിന്റെ പങ്കു പറ്റുന്നവരായോ ഉള്ള മറ്റുള്ളവരുടെ ഇടപെടല്‍, വേശ്യാലയങ്ങള്‍ നടത്തല്‍, പൊതുസ്ഥലങ്ങളില്‍ വേശ്യാവൃത്തിക്കായുള്ള ക്ഷണം തുടങ്ങിയവ നിയമവിരുദ്ധമാണ്. ഇത്തരമൊരു നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ വേശ്യാവൃത്തിക്ക് വേണ്ടിയുള്ള ചൂഷണം അവസാനിപ്പിക്കുക എന്നതാണ്; എന്നാല്‍ ഈ നിയമം എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. ITPA (Immoral Trafficking Prevention Act) ഇവിടെ വായിക്കാം - https://drive.google.com/file/d/0BxxvdUuiUPGRbDBIWGRlVFdiSFU/edit?usp=sharing .

പന്ത്രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ ഇന്ത്യയില്‍ ബാലവേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണു Ministry of Women and Child Development (MWCD), Government of India യുടെ കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുപ്പതു ലക്ഷം പേരില്‍ 40% പ്രായപൂര്‍ത്തിയാവാത്തവര്‍ ആണ് എന്നാണു നിര്‍ണ്ണയം. 2008 ഇല്‍ ബ്രസീലില്‍ വെച്ച് നടന്ന 'World Congress III Against Sexual Exploitation of Children and Adolescents' ന്റെ ഭാഗമായി United Nations Offi ce of Drugs and Crime (UNODC) യുടെ സഹായത്തോട് കൂടി MWCD പ്രസിദ്ധീകരിച്ച ഇന്ത്യ കണ്‍ട്രി റിപ്പോര്‍ട്ട്‌ ഈ ലിങ്കില്‍ വായിക്കാം - https://drive.google.com/file/d/0BxxvdUuiUPGRRmlVdGpHeFU1alE/edit?usp=sharing. ചൈല്‍ഡ്‌ സെക്സ് ടൂറിസം എന്ന പ്രവണത ഇന്ത്യയില്‍ കൂടി വരുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു.

ബാലവേല:

പതിനാലു വയസ്സ് തികയാത്ത കുട്ടികള്‍ ജോലി ചെയ്യുന്നതിനെയാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിയമപരമായി ബാലവേല എന്ന് വിളിക്കുന്നത്‌. ചില സംസ്ഥാനങ്ങള്‍ ഇത് പതിനെട്ടു വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്; കേന്ദ്രതലത്തില്‍ പതിനെട്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
International Labour Organisation (ILO) ന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 6-14 വയസ്സ് വരെ ഏതു തരത്തിലുള്ള ബാലവേലയും നിരോധിക്കാനും 14-18 വയസ്സ് വരെ ചില ജോലികള്‍ ചെയ്യിക്കുന്നത് നിരോധിക്കാനുമാണ് തീരുമാനം.

കുട്ടികളെ കൊണ്ട് ചെയ്യിക്കാന്‍ പാടില്ലാത്ത ജോലികളുടെ ലിസ്റ്റും ലിസ്റ്റില്‍ ഇല്ലാത്ത ജോലികളുടെ കാര്യത്തില്‍ പിന്തുടരേണ്ട ജോലിസമയം തുടങ്ങിയ മറ്റു നിയമങ്ങളും Child Labor Act 1986 ഇല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്; ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRZ1dUNG5XSm81Q1k/edit?usp=sharing. ഇവയില്‍ മൈനുകള്‍, റെയില്‍വേ സ്റ്റേഷന്‍, പോര്‍ട്ടുകള്‍, അറവുശാലകള്‍, വര്‍ക്ക്‌ ഷോപ്പുകള്‍, നെയ്ത്തുശാലകള്‍, പടക്കനിര്‍മാണശാലകള്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റ്, പലതരത്തിലുള്ള ഫാക്ടറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍, വെല്‍ഡിംഗ്, സോമില്‍, പുകയില, പെസ്ടിസൈഡ്, ഇന്ഫെക്ടിസൈഡ് തുടങ്ങിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവയോ മറ്റു അപകടകരമായ സാഹചര്യങ്ങള്‍ ഉള്ളവയോ ആയ ജോലികള്‍ എന്നിവ ഉള്‍പ്പെടുന്നു. കുട്ടികളെ കൊണ്ട് ചെയ്യിക്കാന്‍ പാടില്ലാത്ത ജോലികളുടെ ലിസ്റ്റിലേക്ക് വീട്ടുവേല, ഹോട്ടല്‍, സ്പാ, മറ്റു വിനോദകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജോലികള്‍ എന്നിവ ചേര്‍ത്ത് കൊണ്ട് Child Labor Act Amentment 2006 നിലവില്‍ വരുത്തിയിട്ടുണ്ട്; ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRcTg3b3JxbWMxUTQ/edit?usp=sharing.

‘ഇതിലൊക്കെ ഇടപെടാന്‍ പോയാല്‍ കുഴപ്പമാവും' എന്ന ചിന്തയോടെ പലപ്പോഴും നാമൊക്കെ അറിഞ്ഞു കൊണ്ടു കണ്ണടക്കുന്ന ഒന്നാണ് ബാലവേല. മേലെ പറഞ്ഞ ലിസ്റ്റില്‍ പെടുന്ന ജോലികള്‍ കുട്ടികള്‍ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ടെങ്കിലും പ്രതികരിക്കാനോ റിപ്പോര്‍ട്ട്‌ ചെയ്യാനോ ഉള്ള സമയമോ സൌകര്യമോ ആരും കണ്ടെത്താറില്ല എന്നതാണ് വാസ്തവം. ദീപാവലിക്കും വിഷുവിനും പുതുവര്‍ഷത്തിനുമെല്ലാം പടക്കങ്ങളും പൂത്തിരികളും വാങ്ങി ആഘോഷിക്കുമ്പോള്‍ എത്ര കുഞ്ഞുങ്ങളുടെ കൈ പതിഞ്ഞ, അനധികൃതബാലവേലയുടെ ഉല്പന്നങ്ങളാണ് നാം പ്രോത്സാഹിപ്പിക്കുന്നത് എന്നോര്‍ത്താല്‍ ആഘോഷിക്കാനാവില്ലല്ലോ. ഹോട്ടലുകളിലും ധാബകളിലും മറ്റും ജോലി ചെയ്യുന്ന കുഞ്ഞുങ്ങളെ കണ്ടാലും കണ്ടില്ലെന്നു നടിച്ചു കൈ കഴുകി ബില്ലടച്ചു ഇറങ്ങിപ്പോകും.

റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പലരും തയാറായാലും ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ആ സാഹചര്യത്തില്‍ നിന്ന് നീക്കം ചെയ്തു അവരര്‍ഹിക്കുന്ന ബാല്യവും സാഹചര്യവും വിദ്യാഭ്യാസവും കൊടുത്തു സംരക്ഷിക്കാന്‍ പര്യാപ്തമായ സുരക്ഷിതമായ ഒരു സംവിധാനം ഇല്ലാത്തിടത്തോളം, ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക സാധ്യമല്ല എന്നതാണ് സത്യം. അനാഥാലയങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്നോട്ടത്തിലുമെല്ലാം കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ വ്യവസ്ഥയില്‍ കുഞ്ഞുങ്ങള്‍ എവിടെയാണ് സുരക്ഷിതര്‍ എന്നത് ഭയപ്പെടുത്തുന്ന ഒരു ചോദ്യമാണ്!

മനുഷ്യക്കടത്ത്:

പ്രായപൂര്‍ത്തി ആവാത്ത കുഞ്ഞുങ്ങളെ വേശ്യാവൃത്തിക്കും അവയവകച്ചവടത്തിനും ബാലവേലക്കും ഭിക്ഷാടനത്തിനും നിയവിരുദ്ധദത്തുകള്‍ക്കും ശൈശവവിവാഹങ്ങള്‍ക്കും മറ്റുയായി ട്രാഫിക്കിംഗ് നടത്തുന്നത് ഇന്ത്യയില്‍ അപൂര്‍വസംഭവമേയല്ല; മറിച്ച് ഇന്ത്യക്കകത്തും പുറത്തും ഉള്ള ശൃംഖലകള്‍ക്ക് ഒരു ട്രാന്‍സിറ്റ്പോയിന്റ്‌ ആയി കൂടിയാണ് ഇന്ത്യ എന്നാണു പറയപ്പെടുന്നത്‌. ഇന്ത്യയിലെ വലിയൊരു ശൃംഖല തന്നെയാണ് ഭിക്ഷാടനഗ്രൂപ്പുകള്‍. വഴിയരികിലും ട്രാഫിക്‌ പോയിന്റ്‌-ലും വീടുകളിലുമെല്ലാം വന്നു കുട്ടികള്‍ കൈനീട്ടുമ്പോള്‍  അല്പം പണം കൊടുത്തിട്ട് 'നല്ലൊരു കാര്യം ചെയ്തു' എന്ന ആത്മസംത്രുപ്തിയോടെ നാം മറന്നു പോകുന്നത് നമ്മുടെ കണ്‍മുമ്പില്‍ തന്നെ ചൂഷണവിധേയരാകുന്ന പിഞ്ചുമുഖങ്ങളെയാണ്. പലപ്പോഴും കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ തന്നെ കുട്ടികള്‍ വില്‍ക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു; ദാരിദ്ര്യമാണ് ഇതിനു ഒരു പ്രധാനകാരണം.

സാമ്പത്തികവും സമൂഹ്യവുമായി താഴെക്കിടയില്‍ നില്‍ക്കുന്ന വിഭാഗങ്ങളില്‍, വേശ്യാവൃത്തിയില്‍ ഉള്‍പ്പെടുന്നവരിലടക്കമുള്ളവരില്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ അലഭ്യതയും അറിവില്ലായ്മയും ആഗ്രഹിക്കാത്ത ഗര്‍ഭധാരണത്തിനും പ്രസവത്തിനും തുടര്‍ന്ന് ജനിച്ച കുഞ്ഞിനെ വിറ്റ് ഒഴിവാക്കുന്ന പ്രവണതക്കും കാരണമാവുന്നുണ്ട്. ഇത്തരം വിഭാഗങ്ങളുടെ കാര്യത്തില്‍ ശരിയായ ബോധവല്കരണം നടത്താനും സുരക്ഷിതം അല്ലാത്ത സാഹചര്യം ആണെങ്കില്‍ കുഞ്ഞുങ്ങളെ അവിടെ നിന്ന് നീക്കം ചെയ്തു സംരക്ഷിക്കാനുള്ള ഒരു അടച്ചുറപ്പുള്ള സംവിധാനം നമ്മുടെ വ്യവസ്ഥയില്‍ ഇല്ല എന്നത് ഇത്തരം പ്രശ്നങ്ങള്‍ ശരിയാം വിധം കൈകാര്യം ചെയ്യുന്നതില്‍ വലിയൊരു തടസ്സമാണ്.

ദത്തെടുക്കലിന്റെയും ഫോസ്റ്റര്‍ സമ്പ്രദായത്തിന്റെയും ആവശ്യകത:

കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളായി നിയമപരമായി ദത്തെടുക്കുന്ന വ്യവസ്ഥയാണ് ദത്തുസമ്പ്രദായം (Adoption); ഇത് വഴി കുഞ്ഞുങ്ങള്‍ക്ക്‌ ദത്തെടുക്കുന്ന രക്ഷിതാക്കളുടെ സ്വത്തില്‍ അവകാശവും ലഭിക്കുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ കുഞ്ഞുങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ സര്‍ക്കാര്‍ ധനസഹായത്തോടെ വ്യക്തികളും കുടുംബങ്ങളും താല്‍ക്കാലികമായി ഏറ്റെടുക്കുന്നതിനെയാണ് ഫോസ്റ്റര്‍ സമ്പ്രദായം എന്ന് പറയുന്നത് (ഒരുതരം താല്‍കാലിക ജോലി തന്നെ). പ്രായപൂര്‍ത്തിയായ ശേഷം ഫോസ്റ്റര്‍ രക്ഷിതാക്കള്‍ കുട്ടികളെ കൂടെ നിര്‍ത്തേണ്ടതില്ല; സ്വത്ത് പങ്കു വെക്കെണ്ടതുമില്ല. കുട്ടികളുടെ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണ്; സര്‍ക്കാര്‍ നിയമിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഇത്തരം ഫോസ്റ്റര്‍ കുടുംബങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുകയും കുട്ടികളുമായി ഇടപഴകുകയും കുട്ടികള്‍ ശരിയായി പരിപാലിക്കപ്പെടുന്നില്ല എന്നു കണ്ടാല്‍ അവരെ അവിടെ നിന്ന് മാറ്റുകയും ഫോസ്റ്റര്‍ രക്ഷിതാക്കള്‍ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായി റിപ്പോര്‍ട്ട്‌ ചെയ്തു നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും.

ദത്തെടുക്കല്‍ ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും വളരെ കര്‍ശനമായ സാഹചര്യങ്ങളില്‍ മാത്രമേ ആര്‍ക്കും ദത്തെടുക്കാന്‍ കഴിയുകയുള്ളൂ; ഉദാഹരണത്തിന് വേറെ കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ക്കും വിവാഹിതരല്ലാത്തവര്‍ക്കോ വിവാഹമോചിതര്‍ക്കോ വൈധവ്യം സംഭവിച്ചവര്‍ക്കോ ഒക്കെ ദത്തെടുക്കല്‍ പൊതുവേ സാധ്യമായേക്കില്ല. ഇത്തരം ദത്തെടുക്കലുകള്‍ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാകാം എന്നതു നിയമങ്ങള്‍ കടുപ്പം വരുത്താനുള്ള പ്രധാന കാരണമാണ്. പക്ഷെ നിരീക്ഷണ സംവിധാനങ്ങളുടെ കുറവും അപാകതയുമാണ് ഇവിടെ യഥാര്‍ത്ഥപ്രശ്നം; കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും കര്‍ശനമായ നിയമപരിരക്ഷയും ഉള്ളപ്പോള്‍ ചൂഷകരുടെ കയ്യില്‍ പെടാതെ കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും; അത്തരത്തിലുള്ള കെട്ടുറപ്പുള്ള സംവിധാനം നിലവില്‍ വരുത്തേണ്ടതുണ്ട്. പകരം സംഭവിക്കുന്നത് ദത്തെടുക്കല്‍ മൂലം നല്ലൊരു ജീവിതം ലഭിച്ചേക്കാവുന്ന കുട്ടികള്‍ പോലും അനാഥാലയങ്ങളില്‍ അവഗണനയും പലപ്പോഴും പീഡനങ്ങളും സഹിച്ചു വളരുക എന്നതാണ്.

അനാഥരായ കുഞ്ഞുങ്ങള്‍ക്ക് സാധാരണ കുടുംബങ്ങളിലെ അന്തരീക്ഷം ലഭ്യമാക്കാനും അവരുടെ വളര്‍ച്ചയെ സഹായിക്കാനുമുള്ള ഒരു വ്യവസ്ഥ ആണ് ഫോസ്റ്റര്‍ സമ്പ്രദായം; അനാഥാലയങ്ങളെക്കാള്‍ കുടുംബസാഹചര്യം ആണ് കുഞ്ഞുങ്ങള്‍ക്ക്‌ നല്ലത് എന്നതാണ് ഇത്തരമൊരു വ്യവസ്ഥയുടെ പ്രചോദനം. ഇത് ഇന്ത്യയില്‍ നിലവിലില്ല; പല വികസിത രാജ്യങ്ങളിലും ഇത് ഗവണ്‍മെന്റിന്റെ കൃത്യമായ ഇടപെടലോടെയും മേല്‍നോട്ടത്തോടെയും വളരെ ഫലപ്രദമായി നടത്തി വരുന്നുണ്ട്. Adoption-ന്റെ കാര്യത്തിലെന്ന പോലെ ഫലപ്രദമായ ഒരു നിരീക്ഷണസംവിധാനം ആദ്യമേ നിലവില്‍ വരുത്താതെ ഇത്തരമൊരു സംരംഭം വിജയകരമായി നടപ്പിലാക്കാന്‍ കഴിയില്ല.

സൌജന്യവിദ്യാഭ്യാസം:

ശൈശവത്തിലും ബാല്യത്തിലും സംരക്ഷണവും പോഷകാഹാരവും, 6 തൊട്ടു 14 വയസ്സ് വരെയുള്ള സൌജന്യവിദ്യാഭ്യാസവും ഓരോ കുഞ്ഞിന്റെയും ഭരണഘടനാപരമായ അവകാശമാണ്; ഭരണഘടന ഇതുറപ്പു നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21A പറയുന്നത് "21A. The State shall provide free and compulsory education to all children of the age of six to fourteen years in such manner as the State may, by law, determine." എന്നാണ് (Right of Children to Free and Compulsory Education Act); ആര്‍ട്ടിക്കിള്‍ 51A യിലേക്ക് ചേര്‍ക്കപ്പെട്ട ക്ലോസ് k പറയുന്നത് "(k) who is a parent or guardian to provide opportunities for education to his child or, as the case may be, ward between the age of six and fourteen years." എന്നും മാറ്റം വരുത്തിയ ആര്‍ട്ടിക്കിള്‍ 45 പറയുന്നത് "45. The State shall endeavor to provide early childhood care and education for all children until they complete the age of six years." എന്നുമാണ്.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഫലപ്രദമായ നിരീക്ഷണസംവിധാനങ്ങളും പുനരധിവാസത്തിന് ഫലപ്രദമായ സംവിധാനങ്ങളും മറ്റും ഏര്‍പ്പെടുത്തേണ്ടതും ഗവണ്‍മെന്റിന്റെ ഭരണഘടനാപരമായ കടമ തന്നെ ആണ് എന്നാണു ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പില്‍ വരുത്താനുള്ള സംവിധാനങ്ങള്‍ ഇനിയും നമ്മുടെ രാജ്യത്തില്ല; നിയമങ്ങള്‍ കൊണ്ട് വരുക മാത്രമല്ല, അവ ഫലപ്രദമായി നടപ്പിലാക്കുക എന്നതും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണെന്നതും അതിനു വേണ്ടിയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കെണ്ടതു നാമടക്കമുള്ള പൊതുസമൂഹത്തിന്റെ ധാര്‍മികമായ കടമയാണെന്നതും സൌകര്യപൂര്‍വ്വം മറക്കപ്പെടുക തന്നെ ചെയ്യുന്നു. നിസ്സഹായരായ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഒന്നും ‘ജീവകാരുണ്യപ്രവര്‍ത്തനം’ അല്ല; ആയിരിക്കരുത്! അതൊരു സാമൂഹ്യനീതിയാണ്; മൌലികാവകാശവും!

Saturday 9 November 2013

കൃഷ്ണപ്രിയയും രാഹുലും അക്സയും പേരറിയാക്കുഞ്ഞുങ്ങളും വിരല്‍ ചൂണ്ടുന്നത്


ആരവത്തിൽ പ്രസിദ്ധീകരിച്ചത് - http://aaravam.in/crimes_kerala/

2001-ഇല്‍ അയല്‍ക്കാരനാല്‍ ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണപ്രിയയെയും മകളുടെ ഘാതകനെ വെടി വെച്ച് കൊന്നതായി ആരോപിക്കപ്പെടുകയും കോടതി വെറുതെ വിടുകയും ചെയ്ത അച്ഛന്‍ ശങ്കരനാരായണനെയും മലപ്പുറം ജില്ലക്കാരെങ്കിലും മറന്നു കാണില്ല. പതിനൊന്നുകാരനായ മകന്‍ അച്ഛന്റെ പുനര്‍വിവാഹത്തിനു തടസ്സമാകുമെന്ന ഭയത്തില്‍ ഉറങ്ങിക്കിടന്ന രാഹുലിനെ പിതൃ സഹോദരി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് ഈയിടെ അടുത്താണ്. അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു കൊന്ന നാല് വയസ്സുകാരി അക്സ ഇപ്പോഴും മാധ്യമങ്ങളുടെ ഓര്‍മയിലുണ്ട്. തിരൂരില്‍ അമ്മക്കരികില്‍ കടത്തിണ്ണയില്‍ ഉറങ്ങുമ്പോള്‍ ക്രൂരമായി കടിച്ചുകീറപ്പെട്ട മൂന്നു വയസ്സുകാരിയടക്കം പേരറിയാത്ത ആയിരക്കണക്കിന് ജീവിച്ചിരിക്കുന്നതും അല്ലാത്തവരുമായ  ഇരകള്‍, പത്രങ്ങളിലെ ഉള്‍പ്പേജുകളില്‍ ആരും കാണാതെ പോയി അതേപോലെ വിസ്മരിക്കപ്പെട്ടു പോകുന്ന വാര്‍ത്താപ്രാധാന്യം ഇല്ലാത്ത ‘സാധാരണ പീഡനങ്ങളിലെ' പേരോര്‍മ നില്‍ക്കാത്ത കുഞ്ഞുങ്ങള്‍, നമുക്ക് ചുറ്റും വെളിപ്പെടാതെ പോകുന്ന ബാലപീഡനകഥകളിലെ നിസ്സഹായരായ അനവധി നിഷ്കളങ്കമുഖങ്ങള്‍; ഇവരെല്ലാം വിരല്‍ ചൂണ്ടുന്നത്  നമ്മുടെയൊക്കെ നേര്‍ക്കാണെന്നോര്‍ത്തു ഉറക്കം നഷ്ടപ്പെടുക പോലും ചെയ്യാതെയാണ് നാമൊക്കെ ജീവിതത്തിന്റെ തിരക്കുകളില്‍ സ്വയം മറന്നു പോകുന്നത്!

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്കുകള്‍ കാണുക - http://www.keralapolice.org/newsite/crimein_stat.html. ഇതെല്ലാം രജിസ്റ്റര്‍ ചെയ്യപ്പെട്ടവ മാത്രം; കണക്കില്‍ പെടാതെ പോവുന്ന കുറ്റകൃത്യങ്ങള്‍ ഇതിലെത്രയോ ഇരട്ടി വരുമെന്ന് കണ്ണ് തുറന്നു ചുറ്റും നോക്കിയാല്‍ കാണാവുന്നതേ ഉള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പുതിയ കാലത്തിന്റെ സംഭാവനകള്‍ ആണ് എന്ന് ഈ കണക്ക് കണ്ടാല്‍ തോന്നിയേക്കാം; എന്നാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു; കേസുമായി മുന്നോട്ടു പോവാന്‍ കൂടുതല്‍ പേര്‍ ധൈര്യം കാണിക്കുന്നു എന്ന് മാത്രമേ ഇതിനെ പറ്റി കരുതാന്‍ നമ്മുടെ സാമൂഹ്യസാഹചര്യത്തില്‍ കഴിയൂ. കഴിഞ്ഞ തലമുറകളില്‍ പെട്ടവരില്‍ പരിചയമുള്ളവരില്‍ മാത്രം രഹസ്യമായി ഒരു കണക്കെടുത്താല്‍ അറിയാം (അവര്‍ തുറന്നു പറയാന്‍ തയ്യാറാകുന്നുവെങ്കില്‍) ബാല്യത്തിലെ അമര്‍ത്തി വെച്ച വേദനകളുടെയും നിസ്സഹായതയുടെയും ഭയത്തിന്റെയും നേര്‍രൂപം! ഇന്നത്തെ കുഞ്ഞുങ്ങളില്‍ ചിലര്‍ക്കെങ്കിലും അച്ഛനമ്മമാരോട് പലതും തുറന്നു പറയാന്‍ കഴിയുന്നു എന്നത് അല്പമെങ്കിലും ആശ്വാസം തരുന്ന ഒരു മാറ്റം തന്നെയാണ്. 

Ministry of women and Child Development, Govt. of India UNICEF-മായി ചേര്‍ന്ന് നടത്തിയ Study on Child Abuse India 2007 റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGROXpvaXhfLVhWajQ/edit?usp=sharing. ഇതിലെ കണ്ടെത്തലുകള്‍ ഹൃദയഭേദകമാണ്. പഠനത്തില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു കുഞ്ഞുങ്ങളും എന്തെങ്കിലും തരത്തിലുള്ള ശാരീരികപീഡനങ്ങള്‍ക്ക് വിധേയരാകുന്നു എന്ന് റിപ്പോര്‍ട്ട്‌ പറയുന്നു. വീടുകളില്‍ വെച്ച് പീഡനമേല്ക്കുന്നതില്‍ >88% കേസുകളിലും പീഡകര്‍ മാതാപിതാക്കള്‍ തന്നെയായിരുന്നു. 65% ശതമാനം കുഞ്ഞുങ്ങള്‍ സ്കൂളുകളില്‍ നിന്ന് ക്രൂരമായ ശിക്ഷകള്‍ ഏറ്റു വാങ്ങുന്നു; മൂന്നില്‍ രണ്ടു കുഞ്ഞുങ്ങള്‍ എന്ന അനുപാതം തന്നെ ഇവിടെയും. > 53% കുഞ്ഞുങ്ങള്‍ ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരായിരുന്നു; ഇതില്‍ പകുതി പേരുടെയും ചൂഷകര്‍ കുഞ്ഞുങ്ങള്‍ക്ക്‌ പരിചയമുള്ളവരും ഉത്തരവാദിത്വപ്പെട്ട, വിശ്വസിക്കാനും അനുസരിക്കാനും സമൂഹം ആവശ്യപ്പെടുന്ന സ്ഥാനങ്ങളില്‍ ഉള്ളവരും ആയിരുന്നു. കൂടുതല്‍ കുഞ്ഞുങ്ങളും ഈ വിവരം ആരോടും പറഞ്ഞില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. 

എന്ത് കൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ഇരകളുടെ നിസ്സഹായതയും പേറി നമുക്കിടയില്‍ തന്നെ നിശ്ശബ്ദരായി ജീവിക്കേണ്ടി വരുന്നത്? കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറച്ചു കാലത്തെ മാധ്യമവിചാരണകള്‍ക്കപ്പുറം എന്ത് കൊണ്ടാണ് വിസ്മരിക്കപ്പെടുന്നത്? കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഏറ്റെടുക്കുന്നതില്‍ കവിഞ്ഞു പ്രതിരോധമാര്‍ഗങ്ങളും നിരീക്ഷണസംവിധാനങ്ങളും എന്ത് കൊണ്ടാണ് ഫലപ്രദമായി പ്രവര്‍ത്തിക്കാത്തത്? 

ലൈംഗിക പീഡനങ്ങള്‍

അടുപ്പമുള്ള സ്ത്രീപുരുഷസുഹൃത്തുക്കളോട് തുറന്നു സംസാരിച്ചാല്‍ പലപ്പോഴും വെളിപ്പെടുന്ന ഒന്നാണ് ആരോടും പറയാനാവാതെ പോയ പല ലൈംഗികപീഡനങ്ങളും ചെറുപ്പത്തില്‍ പലരും അനുഭവിച്ചിരുന്നു എന്നത്. അയല്‍ക്കാരും ബന്ധുക്കളും മാതാപിതാക്കളുടെ സുഹൃത്തുക്കളും സ്കൂള്‍ ടീച്ചര്‍മാരും അടക്കമുള്ള, മുതിര്‍ന്നവര്‍ എന്ന കാരണത്താലോ കുടുംബത്തില്‍ അവര്‍ക്കുള്ള മറ്റു സ്ഥാനമാനങ്ങളാലോ സമൂഹം അധികാരസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നവരില്‍ നിന്നാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ പീഡനങ്ങള്‍ ഏല്‍ക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ തുറന്നു പറയാന്‍ ഭയപ്പെടും. ലൈംഗികപീഡനങ്ങളും തെറ്റായ സ്പര്‍ശങ്ങളും തിരിച്ചറിയാനുള്ള പ്രാഥമിക ലൈംഗികവിദ്യാഭ്യാസം നമ്മുടെ കുഞ്ഞുങ്ങള്‍ക്കില്ലാത്തത് ഒരു ഗുരുതരമായ പ്രശ്നമാണ്; എന്താണെന്നറിയാത്ത കാര്യത്തില്‍ കുഞ്ഞുങ്ങള്‍ എന്ത് പരാതി പറയാന്‍! ഈയവസ്ഥ അറിയാവുന്നത് കൊണ്ട് തന്നെ ചൂഷകര്‍ അത് മുതലെടുക്കുകയും ചെയ്യും. 

കുഞ്ഞുങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാക്കുന്ന അരക്ഷിതത്വബോധവും അത് വഴി ഉണ്ടായേക്കാവുന്ന സ്വഭാവവൈകല്യങ്ങളും നാം സാധാരണ പരിഗണിക്കാറില്ല. അച്ഛനമ്മമാരെ ഭയപ്പെടുന്നതിനു പകരം പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്ന രീതിയില്‍ അടുപ്പമുള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നാമിനിയും പഠിക്കേണ്ടതുണ്ട്. തുറന്നു പറയാന്‍ കഴിയുന്ന കുടുംബങ്ങളില്‍ പോലും, ഇരയെ മോശമായി ചിത്രീകരിക്കുന്ന സമൂഹമനസ്സാക്ഷി കാരണമാകാം, പലപ്പോഴും ഇതൊക്കെ മറന്നു കളയാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപദേശിക്കുന്ന മാതാപിതാക്കളാണ് കൂടുതലും. ഇവിടെ ഒരു മനശാസ്ത്രവിദഗ്ദ്ധന്‍റെ സഹായമെങ്കിലും കുഞ്ഞിനു ആവശ്യം വരും എന്ന് പലപ്പോഴും അവര്‍ മറന്നു പോകുന്നു; മനശാസ്ത്രവിദഗ്ദ്ധനെ എന്ത് കാര്യത്തിനായാലും സമീപിക്കുക എന്നത് തന്നെ പുരികം ചുളിച്ചു മാത്രം കാണുന്ന സമൂഹത്തില്‍ പ്രീത്യേകിച്ചും.

Human Rights Watch-ന്റെ ‘Breaking the silence - Child Sexual Abuse in India’ എന്ന പഠനം ഇവിടെ വായിക്കാം - https://drive.google.com/file/d/0BxxvdUuiUPGRLUMtdUtLR3lRRGM/edit?usp=sharing.

ശാരീരിക പീഡനങ്ങള്‍:

എന്റെ കുട്ടി വികൃതി കാട്ടിയാല്‍ ഒന്നടിക്കാനും എനിക്ക് അവകാശമില്ലേ, അതവന്‍/ള്‍ നന്നാവാനല്ലേ  എന്ന് വളരെ ആത്മാര്‍ഥമായി തന്നെ ചോദിക്കുകയും അപ്പറഞ്ഞത് ന്യായം തന്നെ എന്ന് കേള്‍ക്കുന്നവര്‍ തലയാട്ടുകയും ചെയ്യുന്ന സമൂഹമാണ് ഇന്നും നമ്മുടേത്. ഒപ്പം എന്റെ അച്ചനുമമ്മേം എന്നെയും അടിച്ചാ വളര്‍ത്തിയത്‌; എന്നിട്ടെന്താ ഞാന്‍ നന്നായില്ലേ എന്നൊരു മുടന്തന്‍ ന്യായവും പുറകെ വരും. കുഞ്ഞുങ്ങള്‍ രക്ഷിതാക്കളുടെ ‘സ്വകാര്യസ്വത്ത്' ആണെന്ന പൊതുബോധത്തില്‍ മാറ്റം വരാതെ കുഞ്ഞുങ്ങളുടെ മേല്‍ നടക്കുന്ന വലുതും ചെറുതുമായ ശാരീരികപീഡനങ്ങള്‍ക്ക് സ്ഥിരമായ ഒരു പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. അച്ഛനമ്മമാരുടെ ശിക്ഷകള്‍ മാത്രമല്ല; സ്കൂളുകളിലും മാനസികമായും ശാരീരികമായും കുട്ടികളെ തളര്‍ത്തുന്ന രീതിയിലുള്ള ശിക്ഷാരീതികള്‍ ഇന്നും തുടര്‍ന്ന് വരുന്നുണ്ട് എന്നത് നമ്മുടെ പരിഷ്കൃതസമൂഹത്തിനു തന്നെ അപമാനമാണ്. 

മുതിര്‍ന്നവര്‍ പറയുന്നത് എന്തായാലും അതിലെ ശരിയും തെറ്റും ചികയാതെ അനുസരിക്കുക എന്നാണു നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്; അതിലെ നീതി ചോദ്യം ചെയ്യുന്ന കുഞ്ഞുങ്ങളെ അഹംഭാവികള്‍ എന്ന് മുദ്രകുത്തി വീണ്ടും ശിക്ഷിക്കുന്നതും കാണാറുണ്ട്. മുതിര്‍ന്നവരുടെ സൌഹാര്‍ദപൂര്‍വമുള്ള മേല്‍നോട്ടവും ഇടപെടലും, കുട്ടികളുടെ പ്രായത്തിന്റെ പ്രത്യേകതകളെ മനസ്സിലാക്കി കൊണ്ടുള്ള നിയന്ത്രണങ്ങളും, ചോദ്യങ്ങള്‍ ചോദിക്കാനും സ്വതന്ത്രമായ വിലയിരുത്തലുകള്‍ നടത്താനുമുള്ള പ്രോത്സാഹനവും ഗൈഡന്‍സും നല്‍കുന്നതിന് പകരം, സഹജമായ കൌതുകങ്ങളെയും വാസനകളെയും അടിച്ചമര്‍ത്തി, അച്ഛനമ്മമാരുടെ ആഗ്രഹങ്ങള്‍ക്കും ‘ഭാവിപദ്ധതി'കള്‍ക്കുമനുസൃതമായി കുട്ടികളെ ‘രൂപപ്പെടുത്തി'യെടുക്കുകയാണ് നാം പൊതുവേ ചെയ്തു വരുന്നത്. 

കടുത്ത ശിക്ഷകളും ഭയം ജനിപ്പിക്കുന്ന ഭീഷണികളും കുഞ്ഞുങ്ങളുടെ മനസ്സിനും വ്യക്തിത്വത്തിനും ദൂരവ്യാപകമായ പ്രതിഫലങ്ങള്‍ ഉണ്ടാക്കിയേക്കും. ഒരു കുഞ്ഞിനെ ശാരീരികമായി വേദനിപ്പിച്ചു ശിക്ഷിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ കൊടുക്കുന്ന സന്ദേശം, മറ്റൊരാള്‍ ചെയ്യുന്നത് തെറ്റെന്നു തോന്നിയാല്‍ മുന്‍പിന്‍ നോക്കാതെ ശിക്ഷിക്കാന്‍ നമുക്കധികാരമുണ്ട് എന്നതാവാമെന്നു നാം പലപ്പോഴും മറന്നു പോകുന്നു. ‘നാട്ടുകാര്‍ കൈകാര്യം ചെയ്യുക' എന്ന രീതിയും സദാചാര പോലീസിംഗ്-ഉം മറ്റും നമ്മുടെ നാട്ടില്‍ കൂടുതലുള്ളതില്‍ അത്ഭുതപ്പെടാനില്ല. കഠിനമായ പീഡനങ്ങള്‍ അനുഭവിച്ചു വളരുന്ന കുഞ്ഞുങ്ങളില്‍ വളരുമ്പോള്‍ കുറ്റവാസനകളും മറ്റു സ്വഭാവവൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഈ വിഷയത്തിലെ ഒരു  പഠനം ഇവിടെ വായിക്കുക: Long-Term Consequences of Child Abuse and Neglect - https://drive.google.com/file/d/0BxxvdUuiUPGRVzdDVmlnTWhDM3c/edit?usp=sharing. ഈ പേപ്പര്‍ കടുത്ത ശിക്ഷകള്‍ കുട്ടികളുടെ സ്വഭാവത്തെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നതിനെ പറ്റിയാണ് - http://www.ncbi.nlm.nih.gov/pmc/articles/PMC2764296/

മതാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേല്പിക്കല്‍:

നാം പലപ്പോഴും കണ്ണടക്കാന്‍ താല്പര്യം കാണിക്കുന്ന ഒന്നാണ് കുഞ്ഞുങ്ങളുടെ മതപരമായ ശിക്ഷണവും അതിന്റെ പേരില്‍ നടത്തപ്പെടുന്ന മാനസിക, ശാരീരിക പീഡനങ്ങളും. മതം ഒരു പൊള്ളുന്ന വിഷയം ആയത് കൊണ്ട് തന്നെ അതില്‍ കൈകടത്താന്‍ ഭരണകൂടമോ മറ്റു മനുഷ്യാവകാശസംഘടനകളോ ധൈര്യപ്പെടാറുമില്ല. മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്ന നാട്യത്തില്‍ മതത്തിന്റെയോ അന്ധവിശ്വാസങ്ങളുടെയോ പേരില്‍  കുഞ്ഞുങ്ങളുടെ മേല്‍ ആശാസ്യമല്ലാത്ത പലതും അടിച്ചേല്‍പ്പിക്കുക എന്നത് നമ്മുടെ സമൂഹത്തില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ദുഷ്പ്രവണതയാണ്. 

ഇതില്‍ ഒരു വിഭാഗം കൊച്ചു കുഞ്ഞുങ്ങളില്‍ ശാരീരികമായ മാറ്റങ്ങളും വേദനിപ്പിക്കുന്ന രീതിയിലുള്ള ചടങ്ങുകളും നടത്തുക എന്നതാണ്. ജൂതരും മുസ്ലിങ്ങളും ചെയ്തു വരുന്ന ലിംഗാഗ്രചര്‍മഛെദനം, മുരുകഭക്തര്‍ കാവടിയെടുക്കാന്‍ വേണ്ടി കൊച്ചുകുഞ്ഞുങ്ങളുടെ കവിളും ശരീരഭാഗങ്ങളും തുളക്കുന്നത്, മതങ്ങളുയോ ദൈവങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ പേരിലുള്ള പച്ചകുത്തലുകളും മറ്റുതരത്തിലുള്ള ശാരീരികമായ ബ്രാന്‍ഡിംഗുകളും, മതപാഠശാലകളിലെ പീഡനങ്ങള്‍ തുടങ്ങി മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അനീതികള്‍ അനവധിയാണ്. പ്രായപൂര്‍ത്തിയായ ശേഷം കുഞ്ഞുങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതു പോലെയല്ല അറിവില്ലാത്ത പ്രായത്തില്‍ മാതാപിതാക്കളുടെ ആചാരങ്ങള്‍, അതും ശാരീരികമായോ മാനസികമായോ ആഘാതങ്ങള്‍ ഉണ്ടാക്കുന്നവ, അടിച്ചേല്പ്പിക്കുന്നത്. 

മറ്റൊന്ന് അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയകാഴ്ചപ്പാടുകളുടെയും പേരില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വാക്സിനേഷന്‍, ശാസ്ത്രീയചികില്‍സ മുതലായവ നിഷേധിക്കുകയോ അശാസ്ത്രീയചികിത്സകള്‍ക്ക് വിധേയമാക്കുകയോ ചെയ്യുക എന്നതാണ്. മതപരമായ വിശ്വാസങ്ങളും ശാസ്ത്രത്തോടുള്ള വികലമായ കാഴ്ചപ്പാടുകളും കാരണം കുട്ടികള്‍ക്കുണ്ടാവുന്ന മാരകരോഗങ്ങള്‍ക്ക് പോലും വിശ്വാസചികില്‍സകളെയും അശാസ്ത്രീയമായ ചികില്‍സാരീതികളെയും ആശ്രയിക്കുന്നവര്‍ ഏറെയുണ്ട്. പല വികസിതരാജ്യങ്ങളിലും കുട്ടികള്‍ക്ക് അറിഞ്ഞു കൊണ്ട് വിദഗ്ദ്ധചികില്‍സ നിഷേധിക്കുന്നത് ഗുരുതരമായ ക്രിമിനല്‍കുറ്റമായി തന്നെ കണക്കാക്കപ്പെടുകയും കുഞ്ഞുങ്ങള്‍ ഇക്കാരണത്താല്‍ മരണപ്പെട്ടാല്‍ കൊലപാതക കുറ്റത്തിന് രക്ഷിതാക്കളെ ശിക്ഷിക്കുകയും ചെയ്തുതുടങ്ങിയിട്ടുള്ളപ്പോള്‍ നമ്മുടെ നാട്ടില്‍ ഇത്തരം കേസുകള്‍ ഒട്ടും വെളിച്ചം കാണാതെ പോകുന്നു. കാരണം? മതാചാരം, അന്ധവിശ്വാസം തുടങ്ങിയ വിഷപ്പാമ്പുകളെ തൊട്ടു കളിക്കാന്‍ ആരും തയ്യാറില്ല തന്നെ! കുട്ടികളുടെ സുരക്ഷയെക്കാള്‍ രക്ഷിതാക്കളുടെ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമൂഹമാണ് നമ്മുടേത്!

വാക്സിന്‍ വിരോധം പല മതവിശ്വാസികളുടെയും കോണ്‍സ്പിറസി തിയറിസ്റ്റുകളുടെയും മുഖമുദ്രയാണ്. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത കോണ്‍സ്പിറസി തിയറികളുടെ പേരില്‍ വാക്സിനേഷന്‍ നിഷേധിക്കപ്പെടുന്നത് കാരണം കുഞ്ഞുങ്ങളുടെ ആരോഗ്യവും പലപ്പോഴും ജീവനും തന്നെയാണ് നാം അപകടത്തിലാക്കുന്നത്. ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ വാക്സിനേഷനെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ വായിക്കാം - http://www.apollolife.com/HealthTopics/ChildrensHealth/ImmunizationScheduleforYourChild.aspx. വാക്സിനേഷനിലെ പോരായ്മകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ ഇവിടെയും - http://www.indianpediatrics.net/mar2012/mar-203-223.htmMinistry of statistics and Programme Implementation, Govt. of India യുടെ ‘Children in India 2012’ റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRd3FmY2FILUNtMk0/edit?usp=sharing. ഇതില്‍ പറഞ്ഞിരിക്കുന്നത് 12-23 വയസ്സുള്ളവരില്‍ 61% പേര്‍ക്ക് മാത്രമേ full immunization ലഭിച്ചിട്ടുള്ളൂ എന്നാണ്. 

ഇതിനു പുറമേ വാക്സിനേഷനു പ്രായം ആയിട്ടില്ലാത്തതോ മുഴുവന്‍ വാക്സിനേഷന്‍ ഡോസുകളും ചെയ്തു കഴിഞ്ഞിട്ടില്ലാത്തതോ ആയ കുഞ്ഞുങ്ങളോട് വാക്സിനേഷന്‍ ചെയ്തിട്ടില്ലാത്തവര്‍ അടുത്തിടപഴകുന്നതും തടയേണ്ടതുണ്ട്. കാരണം അവരില്‍ ഈ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ അവ എളുപ്പത്തില്‍ പകരാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങളോട് അടുത്തിടപഴകുന്ന എല്ലാവരും വാക്സിനേഷന്‍ ചെയ്തവര്‍ ആണെന്ന് നമ്മുടെ സാമൂഹ്യജീവിതത്തില്‍ നാം ഉറപ്പു വരുത്താറില്ല; അതെളുപ്പവുമല്ല. അത് കൊണ്ട് തന്നെ വാക്സിനേഷന്‍ ചെയ്യാതിരിക്കുക എന്നത് സ്വന്തം തീരുമാനവും താല്പര്യവും മാത്രമല്ല; അടുത്തിടപഴകുന്ന, വാക്സിനേഷന്‍ കഴിഞ്ഞിട്ടില്ലാത്ത കുട്ടികളോട് ചെയ്യുന്ന ദ്രോഹം കൂടിയാണെന്ന് ആരും ഓര്‍ക്കാറില്ല! വാക്സിനേഷന്‍ ചെയ്യാത്തവരോട് ഇത്രയേ പറയാനുള്ളൂ; നിങ്ങള്‍ ചെയ്യുന്നുവോ ഇല്ലയോ എന്നത് നിങ്ങളുടെ താല്പര്യം തന്നെ; എന്നാല്‍ ദയവു ചെയ്തു കുട്ടികളില്‍ നിന്ന് അകന്നു നില്‍ക്കുക; നിങ്ങളുടെ താല്പര്യം മറ്റൊരു കുട്ടിയുടെ ആരോഗ്യവും ജീവനും അറിഞ്ഞോ അറിയാതെയോ അപകടത്തിലാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക!

വിദ്യാഭ്യാസസമ്പ്രദായത്തിന്‍റെ അപാകതകള്‍:

നമ്മുടെ പ്രാഥമികവിദ്യാഭ്യാസസമ്പ്രദയം തൊഴിലധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത് എന്നത് നിര്‍ഭാഗ്യകരമാണ്; എതിര്‍ക്കപ്പെടെണ്ടതുമാണ്. കുഞ്ഞുങ്ങളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടാത്തതും സമൂഹത്തില്‍ ജീവിക്കാന്‍ അവരെ പര്യാപ്തമാക്കാന്‍ ഉതകാത്തതുമായ പ്രാഥമികവിദ്യാഭ്യാസം നമ്മുടെ കുട്ടികളില്‍ ഏല്‍പ്പിക്കുന്നത് ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള അപര്യാപ്തതയും പ്രായത്തിനു താങ്ങാവുന്നതിലുമപ്പുറമായ മാനസികസമ്മര്‍ദവുമാണ്.

പ്രാഥമികവിദ്യാഭ്യാസത്തില്‍ പൌരന്‍ എന്നാ രീതിയില്‍ ജീവിക്കാന്‍ ആവശ്യമായ അടിസ്ഥാനവിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത അനവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു അനിവാര്യത എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടേയില്ല. അവശ്യനിയമങ്ങളെ കുറിച്ചുള്ള അറിവ്, നിയമവ്യവസ്ഥയെ കുറിച്ചും അവകാശങ്ങളെയും കടമകളെയും കുറിച്ചുമുള്ള പ്രാഥമികവിവരങ്ങള്‍,  പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാവുമ്പോള്‍ പിന്തുടരേണ്ട ഹെല്‍പ്‌ലൈനുകളെ കുറിച്ചുള്ള ബോധനം, ചൂഷണങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും പ്രാപ്തമാക്കും വിധമുള്ള അടിസ്ഥാന ലൈംഗികവിദ്യാഭ്യാസം തുടങ്ങിയ അനിവാര്യമായ വിഷയങ്ങള്‍ തുടങ്ങി സ്പോര്‍ട്സ്‌ പരിശീലനങ്ങളോടൊപ്പം തന്നെ നീന്തല്‍, ആത്മരക്ഷക്കും പ്രതിരോധത്തിനും ഉതകുന്ന മറ്റു തരത്തിലുള്ള പരിശീലനങ്ങള്‍ വരെ പ്രാഥമികവിദ്യാഭ്യാസസമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷകള്‍ക്കൊത്ത് മാര്‍ക്ക് നേടാനാവാതെയോ ശിക്ഷകള്‍ താങ്ങാനാവാതെയോ മാനസിക,ശാരീരിക,ലൈംഗികപീഡനങ്ങള്‍ ആരോടും പറയാന്‍ കഴിയാതെയോ ഒക്കെ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും പെരുകി വരുന്നു. എല്ലാ സ്കൂളുകളിലും ചൈല്‍ഡ്‌ കൌണ്‍സിലര്‍ പോസ്റ്റുകള്‍ കൊണ്ടുവരാനുള്ള ആവശ്യങ്ങള്‍ ഇത് വരെ സര്‍ക്കാര്‍ ഗൌരവമായി എടുത്തിട്ടില്ല എന്നത് ലജ്ജാകരമാണ്. തിരുവനന്തപുറത്തും ഏറണാകുളത്തും ഉള്ള ചില സ്കൂളുകളില്‍ മാത്രമാണ് റെഗുലര്‍ ആയി കുട്ടികള്‍ക്കുള്ള കൌണ്‍സിലിംഗ് സെഷന്‍സ് നടന്നു വരുന്നത് എന്നാണു കണ്ടെത്തല്‍; അതും സ്കൂളുകളുടെ മേധാവികള്‍ മുന്‍കൈ എടുക്കുന്നത് കൊണ്ടു മാത്രം. ഇതിനെ കുറിച്ചുള്ള ഒരു പത്ര റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം - http://www.deccanchronicle.com/130312/news-current-affairs/article/schools-dire-need-counsellors.

ബാലവിവാഹങ്ങള്‍:

പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പേ വിവാഹം ‘കഴിപ്പിച്ചു വിടുക' എന്നത് അപമാനകരമാം വിധം നാമിപ്പോഴും പിന്തുടരുന്ന ഒരു സമ്പ്രദായം ആണ്. ബാല്യകാലവും വിദ്യാഭ്യാസവും പ്രായപൂര്‍ത്തി ആവുമ്പോള്‍ സ്വയംപര്യാപ്തത നേടാനുള്ള പരിശീലനവും എല്ലാ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ ലജ്ജാകരമാം വിധം രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസൃതമായി മാത്രം കുട്ടികളുടെ ഭാവിജീവിതം തീരുമാനിക്കപ്പെടുന്ന, ബന്ധുജന, സാമൂഹ്യസമ്മര്‍ദം മൂലം  സ്വന്തമായി തീരുമാനമെടുക്കാന്‍ പലപ്പോഴും നിയമപരമായി പ്രയപൂര്‍ത്തിയായവര്‍ക്ക് പോലും കഴിയാത്ത ഒരു സമൂഹമാണ് ഇന്നും നമ്മുടേത്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പറയേണ്ടല്ലോ! ഇന്ത്യയിലെ ബാലവിവാഹത്തെ കുറിച്ചുള്ള UNICEF report ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRZWlLVy16ZC1iaUk/edit?usp=sharing.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും രാഷ്ട്രീയമായ ഉദാസീനതയും:

“എന്റെ കുഞ്ഞിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം; അടിക്കാനും ശിക്ഷിക്കാനും എനിക്കവകാശമുണ്ട്" എന്ന തരത്തിലുള്ള ധാര്‍ഷ്ട്യപ്രസ്താവനകള്‍ക്ക് മുമ്പില്‍ “കുഞ്ഞുങ്ങള്‍ സമൂഹത്തിന്റെ ഭാവി കൂടിയാണ്; നാളത്തെ പൗരനാണ്; അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കൂടി കടമയാണ്, മറ്റേതു പൌരന്റെ കാര്യത്തിലും എന്ന പോലെ" എന്ന് പ്രതികരിക്കാന്‍ നമുക്കാര്‍ക്കും കഴിയാത്തതെന്തു കൊണ്ടാണ്? പ്രധാനമായും ഒരു ബദല്‍സംവിധാനം കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഉറപ്പു വരുത്താന്‍ നമ്മുടെ ഭരണകൂടത്തിനു ഇത് വരെ കഴിഞ്ഞിട്ടില്ല എന്നത് തന്നെ പ്രധാനകാരണം.

ശിശുക്ഷേമസമിതികള്‍. വാര്‍ഡ്‌ തല ജാഗ്രതാസമിതികള്‍, സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ്, ബാലനീതി നിയമം, ബാലനീതി കമ്മീഷന്‍, ചൈല്‍ഡ്ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ തുടങ്ങി പല സംരംഭങ്ങളും ഗവണ്‍മെന്‍റ് മുന്നോട്ടു വെച്ചിട്ടുണ്ട്; പലതും നിലവിലുമുണ്ട്. എന്നാല്‍ ഇവയുടെയൊക്കെ വ്യാപ്തിയും കാര്യക്ഷമതയും പൊതുജനങ്ങള്‍ക്കിടയിലെ അവബോധവും എല്ലാം പരിതാപകരമാം വിധം കുറവാണ്. കുട്ടികളുടെ മൌലികാവകാശങ്ങളെ എടുക്കേണ്ടത്ര ഗൌരവമായി ഗവണ്‍മെന്റോ സമൂഹമോ എടുക്കുന്നില്ല; മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ കുറ്റകരമായ മൌനം പാലിക്കുന്നു. മാധ്യമങ്ങള്‍ ആഘോഷിച്ച ഒരു ശിശുപീഡനകേസിന്‍റെ അലകളോടുങ്ങുമ്പോള്‍ നിന്നുപോകുന്ന താല്പര്യവും ജാഗ്രതയും മാത്രം കൊണ്ട് ഫലപ്രദമായ സ്ഥിരതയുള്ള പരിഹാര സംവിധാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ മാത്രം ഒരു രാഷ്ട്രീയപ്രയത്നമോ പോരാട്ടമോ ഒന്നും  ഇക്കാര്യത്തില്‍ ഉയര്‍ന്നു വരുന്നില്ല; അത്തരമൊരു ഇടപെടല്‍ വളരെ അത്യന്താപേക്ഷിതവുമാണ്.

6 തൊട്ടു 14 വയസ്സ് വരെയുള്ള സംരക്ഷണവും വിദ്യാഭ്യാസവും ഓരോ കുഞ്ഞിന്റെയും ഭരണഘടനാപരമായ അവകാശമാണ്; ഭരണഘടന ഇതുറപ്പു നല്‍കുന്നുണ്ട്.; അത് നടപ്പിലാക്കേണ്ടത് മാതാപിതാക്കളുടെയും (അവരുണ്ടെങ്കില്‍) അതുറപ്പ് വരുത്തേണ്ടത് ഗവണ്‍മെന്റിന്‍റെയും ഉത്തരവാദിത്വവുമാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നികുതിക്കാശു ശരിയാം വിധം ചെലവഴിക്കേണ്ടതും ഫലപ്രദമായ നിരീക്ഷണസംവിധാനങ്ങളും കുട്ടികളുടെ പുനരധിവാസം ആവശ്യം വരികയാണെങ്കില്‍ ദത്തു/ ഫോസ്റ്റര്‍ സംവിധാനങ്ങളും അവക്കുള്ള മേല്‍നോട്ട സംവിധാനവും മറ്റും ഏര്‍പ്പെടുത്തേണ്ടതും ഗവണ്‍മെന്റിന്റെ ഭരണഘടനാപരമായ കടമ തന്നെ ആണെന്ന് സാരം.

എന്നാല്‍ ഈ വിഷയത്തിലെ പൊതു അവബോധവും രാഷ്ട്രീയ സമ്മര്‍ദവും കുറവായത് കൊണ്ടായിരിക്കണം പാര്‍ശ്വവല്ക്കരിക്കപ്പെടുന്നവരിലെ പ്രധാനവിഭാഗം ആണ് ഇപ്പോഴും നമ്മുടെ കുട്ടികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ലെന്ന് നാം ഓര്‍ക്കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ്; വാര്‍ത്തയുടെ ചൂടാറുമ്പോള്‍ അത് വീണ്ടും വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ മാറ്റം വരുത്തേണ്ടത് പൊതുസമൂഹത്തിന്റെ മുഴുവനായും കുട്ടികളുടെ മൌലികാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം നയിക്കേണ്ടത് ചുരുങ്ങിയത് അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷത്തു നില്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയെങ്കിലും കടമയുമാണ്.

     And a woman who held a babe against her bosom said, 
     "Speak to us of Children." And he said: 
      Your children are not your children. 
      They are the sons and daughters of Life's longing for itself. 
      They come through you but not from you, 
      And though they are with you, yet they belong not to you. 
      You may give them your love but not your thoughts. 
      For they have their own thoughts. 
      You may house their bodies but not their souls, 
      For their souls dwell in the house of tomorrow, 
      which you cannot visit, not even in your dreams. 
      You may strive to be like them, but seek not to make them like you. 
      For life goes not backward nor tarries with yesterday. 
      You are the bows from which your children as living arrows are sent forth. 
      The archer sees the mark upon the path of the infinite, 
      And He bends you with His might that His arrows may go swift and far. 
      Let your bending in the archer's hand be for gladness; 
      For even as he loves the arrow that flies, so He loves also the bow that is stable.  

 - The Prophet, Kahlil Gibran -

Image courtesy of Harmony Foundation




Sunday 27 October 2013

ആണ്‍കോയ്മയുടെ "താവഴി"കള്‍





























വെട്ടം ഓണ്‍ലൈൻ പ്രസിദ്ധീകരിച്ചത് - http://vettamonline.com/?p=14629

തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയമാണ് പുരുഷാധിപത്യം! എത്ര കണ്ണടച്ചിരുട്ടാക്കിയാലും മനുഷ്യസമൂഹത്തില്‍ ജീവിക്കുമ്പോള്‍  ഒരിക്കലെങ്കിലും അതു നേരിട്ടനുഭവിക്കേണ്ടി വരും. എല്ലാ മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തിലും  സംസ്കാരങ്ങളിലും മതങ്ങളിലും മിത്തോളജിയിലും കലാരൂപങ്ങളിലും വരെ ആണ്‍കോയ്മയുടെ അടയാളങ്ങള്‍ കാണാം; അത്രത്തോളം വ്യാപിക്കപ്പെട്ടതും വേരൂന്നിയതുമാണ്  ആണ്‍കോയ്മയുടെ”താവഴികള്‍". എന്തുകൊണ്ട്? മനുഷ്യ സമൂഹത്തിന്റെ പാതിവരുന്ന ഒരു വിഭാഗത്തിന് മേല്‍ കായികമായും സാമൂഹ്യമായും അത്ര മാത്രം എണ്ണം വരുന്ന മറ്റൊരു വിഭാഗത്തിന് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ എങ്ങനെ കഴിഞ്ഞു? അതെങ്ങനെ സാര്‍വത്രികം ആയി? എന്തുകൊണ്ട് പെണ്ണിന്റെ ചെറുത്തുനില്പ് ഉണ്ടായില്ല; അല്ലെങ്കില്‍ ഉണ്ടായിട്ടും ഫലമുണ്ടായില്ല?

ഇങ്ങനെയൊന്നു മനുഷ്യനില്‍ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്; പുരുഷന്‍റെ ആധിപത്യപ്രവണത മനുഷ്യ സമൂഹത്തില്‍ മാത്രമായി ഉടലെടുത്തു വന്നതല്ല; മനുഷ്യനോടടുത്തു നില്‍ക്കുന്ന ചില ജീവിവര്‍ഗങ്ങളിലും ഇത് കാണാം. എന്നാല്‍ മറ്റു ജീവിവര്‍ഗങ്ങളിലെ ആധിപത്യ പ്രവണത കുറെക്കൂടി പ്രാകൃതമായ, താല്‍കാലികമായ ലൈംഗികലാഭത്തിനു വേണ്ടിയുള്ള ബലപ്രയോഗത്തില്‍ അധിഷ്ടിതമാണ്. ബൌദ്ധികമായ മുന്നേറ്റത്തിന്റെ ഫലമായി മനുഷ്യന്‍ ഇത്തരം താല്‍കാലികലൈംഗികലാഭങ്ങള്‍ കൂടാതെ കൂടുതല്‍ സ്ഥിരതയുള്ള, പുരുഷലൈംഗികതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കവും പ്രാധാന്യവും ഉള്ള ഒരു സമൂഹം തന്നെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ചു.

ശാരീരികശേഷിയുടെയും ബൌദ്ധികശേഷിയുടെയും ഒക്കെ അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ സ്ത്രീയുടെ സംഭാവനകളെയും ഇന്നത്തെ സമൂഹത്തിലെ അവളുടെ സാധ്യതകളെയും കഴിവുകളെയും ചോദ്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്; ഇതിന്റെ പരിഹാസ്യത അത് ചെയ്യുന്നവര്‍ക്ക് മനസ്സിലാകുന്നില്ല എന്നതുറപ്പ്. നൂറ്റാണ്ടുകള്‍ കറുത്ത വര്‍ഗക്കാരെ അടിമയാക്കി വെച്ച്, അവരെ ശാരീരികാധ്വാനമുള്ള ജോലികള്‍ക്കുപയോഗിച്ചു, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ബൌദ്ധികമായ എല്ലാ വിധ മേഖലകളില്‍ നിന്നും അവരെ മാറ്റി നിര്‍ത്തിയ വെളുത്ത വര്‍ഗക്കാരില്‍ നിന്ന്, ഒടുവില്‍ സ്വാതന്ത്ര്യം പ്രാപിച്ചു സ്വത്വബോധതോടെ ജീവിക്കാന്‍ തുടങ്ങുന്ന കറുത്തവനെ നോക്കി "ചരിത്രത്തിലെ എല്ലാ ശാസ്ത്രമുന്നേറ്റങ്ങളും അറിവുകളും ഞങ്ങളുടെ സംഭാവനയാണ്; നിനക്ക് ബൌദ്ധികശേഷി സ്വാഭാവികമായും കുറവാണ്; ശാരീരികശേഷി മാത്രമേ ഉള്ളൂ" എന്ന് വെളുത്തവന്‍ പരിഹസിക്കുന്നതു പോലാണത്!

'പുരുഷാധിപത്യം' എന്ന വാക്കിനെ ഒരു വ്യക്തിയുടെ മേല്‍ മറ്റൊരു വ്യക്തിക്ക് ഉള്ള കേവലമായ അധികാരം എന്ന് മാത്രം വായിക്കരുത്. അത് ലൈംഗികതയില്‍ അധിഷ്ഠിതമായ, ലിംഗപരമായ ആധിപത്യം തന്നെയാണ്. വര്ഗാധിപത്യമോ സാമ്പത്തിക ആധിപത്യമോ പോലെ സാമൂഹ്യമായ ആധിപത്യം മാത്രമല്ല പുരുഷാധിപത്യം; ചരിത്രത്തിലന്നോളമിന്നോളം പുരുഷന്‍ നിയന്ത്രിച്ചു പോന്നത് പ്രാഥമികമായി സ്ത്രീയുടെ ലൈംഗികതയെ തന്നെയാണ്; പുരുഷ കേന്ദ്രീകൃത വ്യവസ്ഥ കടിഞ്ഞാണിട്ടു പിടിച്ചു നിര്‍ത്തുന്നതും സ്ത്രീയുടെ ലൈംഗികസ്വാതന്ത്ര്യത്തെ തന്നെ. ഇണയെ സ്വയം തെരഞ്ഞെടുക്കാനും മാറ്റാനുമുള്ള പെണ്ണിന്‍റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുക, അത് പുരുഷന്റെ വരുതിയിലാക്കുക എന്നിവ തന്നെയാണ് പുരുഷാധിപത്യവ്യവസ്ഥയുടെ  കാതല്‍.

സ്ത്രീക്ക് മാത്രം ബാധകമായ കന്യകാത്വ, ചാരിത്ര്യ, പാതിവ്രത്യ സങ്കല്പങ്ങള്‍, ഇതിലെല്ലാം അധിഷ്ടിതമായ പാരമ്പര്യ വിവാഹസമ്പ്രദായങ്ങള്‍, നിര്‍ബന്ധിതവിവാഹങ്ങള്‍, ശൈശവവിവാഹങ്ങള്‍, ഗാര്‍ഹികപീഡനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, സ്ത്രീക്കും പുരുഷനും വ്യത്യസ്ത വിവാഹമോചനനിയമങ്ങള്‍, ബഹുഭര്‍തൃത്വതെക്കാള്‍ ബഹുഭാര്യാത്വം കൂടുതലുള്ള വ്യവസ്ഥകള്‍, സ്ത്രീകളുടെ ലിംഗഛെദനം (ലൈംഗികതൃഷ്ണ കുറക്കാന്‍ വേണ്ടി ചെയ്യുന്നത്), സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുതയും അക്രമങ്ങളും, മതങ്ങളിലെ ശക്തമായ സ്ത്രീനിയമങ്ങള്‍, പുറത്തുള്ള ജോലികള്‍ ചെയ്യുന്നതില്‍ നിന്നും സ്വതന്ത്രസഞ്ചാരത്തില്‍ നിന്നും സ്ത്രീകള്‍ വിലക്കപ്പെടുന്ന വ്യവസ്ഥകള്‍, ‘പുരുഷന്റെ വീട്ടില്‍' സ്ത്രീ അടുക്കളക്കാരിയും വീട്ടുജോലിക്കാരിയും ആയിത്തീരുന്ന ലിംഗഭേദാധിഷ്ടിതകര്‍ത്തവ്യങ്ങളില്‍ ഊന്നിയ കുടുംബ വ്യവസ്ഥകള്‍ തുടങ്ങി ‘സ്ത്രീസുരക്ഷിതത്വ’ത്തിന്റെ പേരില്‍ തന്നെ നടപ്പാക്കപ്പെടുന്ന പല സാമൂഹ്യനിയമങ്ങള്‍ പോലും പുരുഷാധിപത്യത്തിന്റെ മുഖം മിനുക്കിയ വിവിധ ഉപകരണങ്ങള്‍ തന്നെ.

വളരെ സമര്‍ത്ഥമായി വ്യവസ്ഥാപിക്കപ്പെട്ട പുരുഷകേന്ദ്രീകൃതസമൂഹങ്ങള്‍ നിലവില്‍ വന്നത് അല്പം വൈകിയായിരിക്കാമെങ്കിലും ആദിമ മനുഷ്യനിലും ഈ പ്രവണത ഉണ്ടായിരുന്നിരിക്കണം; അത് നമ്മുടെ പൂര്‍വിക ജീവി വര്‍ഗങ്ങളിലും ഒരു പരിധി വരെ നില നിന്നിരിക്കണം. ഇതെങ്ങനെ നിലവില്‍ വന്നു എന്ന് പരിശോധിക്കണമെങ്കില്‍ അതിന്റെ പരിണാമവശങ്ങളും സാമൂഹ്യവശങ്ങളും (രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു) പരിശോധിക്കേണ്ടി വരും; ഈ ലേഖനത്തില്‍ ജൈവികമായ പ്രവണതയുടെ കാരണങ്ങള്‍ ആണ് പ്രാഥമികമായും അന്വേഷിക്കുന്നത്. പരിണാമത്തില്‍ ഒരു സവിശേഷത (Trait) നിലനിര്‍ത്തപ്പെടുന്നത് പ്രധാനമായും ഒരു കാര്യത്തെ അടിസ്ഥാനമാക്കിയാണ്; ഒരു പ്രത്യേകത ജീനുകളുടെ വ്യാപനത്തിന് അപകടകരമായി ഭവിക്കുമോ ഇല്ലയോ എന്ന് മാത്രം (ഒന്ന് കൂടി കൃത്യമായി പറഞ്ഞാല്‍ ആദ്യം ജീവിയുടെ സ്വന്തം നിലനില്പിന്, പിന്നെ പ്രത്യുല്പാദനത്തിന്). സ്വന്തം ജനിതകപദാര്‍ത്ഥം വ്യാപിപ്പിക്കുന്നതില്‍ കൂടുതല്‍ വിജയം കൈവരിക്കുന്ന ജീവികളുടെ ജീനുകള്‍ അടുത്ത തലമുറയിലേക്ക് കൂടുതലായി കൈമാറ്റം ചെയ്യപ്പെടുന്നത് കൊണ്ട് തന്നെ ലൈംഗികതയിലും ലൈംഗികനിര്‍ദ്ധാരണത്തിലും പ്രത്യുല്പാദനത്തിലും എല്ലാം അധിഷ്ടിതമായിരിക്കും ഈ വിഷയത്തിലെ ചര്‍ച്ച.

ജീവിവര്‍ഗങ്ങളില്‍ പൊതുവേ ലൈംഗികനിര്‍ദ്ധാരണത്തിന്റെ (sexual selection) ഉത്തരവാദിത്വം സ്ത്രീവര്‍ഗത്തില്‍ അധിഷ്ടിതമാണ് എന്നാണു കണ്ടു വരുന്നത്. പെണ്ണിണയെ ആകര്‍ഷിച്ചു വരുത്തേണ്ടത് പുരുഷന്‍ ആണ് (സിഗ്നലിംഗ്). ഒരു വിധം ജീവിവര്‍ഗങ്ങളില്‍ എല്ലാം ഇണയെ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീ പുരുഷനേക്കാള്‍ കൂടുതല്‍ ശ്രദ്ധാലു ആണെന്ന് കാണാം. സ്വന്തം ജനിതക പദാര്‍ത്ഥം വ്യാപിപ്പിക്കുക എന്ന ‘പരിണാമോദേശ്യം’ സ്ത്രീക്കും ഉണ്ട്; പക്ഷെ ഈ 'വ്യാപിപ്പിക്കല്‍' പുരുഷനോളം സ്ത്രീക്ക് എളുപ്പമല്ല; കാരണം പ്രത്യുല്പാദനത്തിനു വേണ്ടി സ്ത്രീക്ക് കൂടുതല്‍ വിലയും സമയവും നല്‍കേണ്ടി വരുന്നു; അത് കൊണ്ട് തന്നെ ഇവിടെ ഒരു തരം സമതുലനം നടക്കുന്നുണ്ട്. സ്ത്രീയെ അപേക്ഷിച്ചു പുരുഷന് അല്പം കൂടുതല്‍ ലൈംഗികതൃഷ്ണ കണ്ടുവരുന്നു എന്നതിന്റെ കാരണവും ഇത്തരം സമതുലനം തന്നെ; ലൈംഗികതൃഷ്ണ കൂടുതലുള്ള പുരുഷന്മാര്‍ ആയിരിക്കണം കൂടുതല്‍ പ്രത്യുല്പാദനം നടത്തിയിരിക്കുക; അത് കൊണ്ട് തന്നെ അത്തരം ജീനുകള്‍ കാലക്രമത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കപെടും. സ്ത്രീയുടെ കാര്യത്തില്‍ ലൈംഗികതൃഷ്ണയോടൊപ്പം ഗര്‍ഭകാലത്തെ സ്വയം പരിരക്ഷയും പരിപാലനവും എല്ലാം പ്രധാനമാണ് എന്നത് കൊണ്ട് കേവല ലൈംഗികവികാരത്തിനപ്പുറം ഇണയുടെ കാര്യത്തില്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തുന്ന സ്ത്രീകള്‍ ആണ് അതിജീവനത്തിലും വിജയകരമായ പ്രത്യുല്പാദനത്തിലും മുന്നിട്ടു നില്‍ക്കുക. പുരുഷന്‍ പൊതുവേ കൂടുതല്‍ ലൈംഗികതൃഷ്ണ ഉള്ളവന്‍ ആകുന്നതും സ്ത്രീ സെലെക്ടിവ്‌ ആകുന്നതും  ഒരേ ജൈവികകാരണങ്ങളുടെ രണ്ടു ഫലങ്ങള്‍ ആണ് എന്നര്‍ത്ഥം. മറ്റു ജീവിവര്ഗങ്ങളുടെ കാര്യത്തില്‍ ഈ തെരഞ്ഞെടുപ്പ് ബോധപൂര്‍വം ആയിരിക്കണമെന്നില്ല എങ്കിലും മനുഷ്യസ്ത്രീയുടെയും മനുഷ്യന്‍റെ അടുത്ത പൂര്‍വികരുടെയും കാര്യത്തില്‍ ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിരുന്നിരിക്കണം

സ്ത്രീയാണ് ലൈംഗിക നിര്‍ദ്ധാരണം നടത്തിയിരുന്നത് എന്നത് കൊണ്ട് തന്നെ ജനിതക പദാര്‍ഥത്തിന്റെ വ്യാപനവും സ്ത്രീയുടെ ലൈംഗികതാല്‍പര്യപ്രകാരം നടന്നിരുന്ന ഒരവസ്ഥ ആയിരിക്കുമല്ലോ; സ്ത്രീ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള പ്രത്യേകതകള്‍ ഉള്ള പുരുഷന്മാര്‍ക്ക് ഇണകളെ ലഭിക്കുകയും അല്ലാത്തവര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സ്വാഭാവികം.  കൂടുതല്‍ മൃഗങ്ങളുടെയും കാര്യത്തില്‍ ബാഹ്യമായ ആകര്‍ഷണം മുന്നിട്ടു നിന്നിരുന്നുവെങ്കില്‍ മനുഷ്യന്റെയും പൂര്‍വികരുടെയും കാര്യത്തില്‍  ഈ തെരഞ്ഞെടുപ്പ് അല്പം കൂടി ബോധപൂര്‍വം ആയിരുന്നിരിക്കാന്‍  ആണ് സാധ്യത. ഏകഭര്‍തൃത്വം, ഏകാഭാര്യാത്വം ഒന്നും നിലവില്‍ വന്നിട്ടില്ലാത്ത കാലത്ത് സമൂഹത്തിന്റെ സമ്മര്‍ദം ഇല്ലാതെ മനുഷ്യസ്ത്രീ സ്വതന്ത്രയായി ഇണയെ തെരഞ്ഞെടുക്കാനുപയോഗിച്ചിരുന്ന ഉപാധികള്‍ പലതുമാകാം; ബാഹ്യമായ ആകര്‍ഷണീയത കൂടാതെ മറ്റു  സ്വഭാവസവിശേഷതകളും ബൌദ്ധിക നിലവാരമുള്ള ജീവികള്‍ പരിഗണിച്ചിരിക്കാം. ഒരു പുരുഷനെ ഒരു സ്ത്രീ മാത്രമേ തെരഞ്ഞെടുക്കാവൂ എന്നോ തെരഞ്ഞെടുത്ത പുരുഷനെ പിന്നീട് മാറ്റിക്കൂടാ എന്നുമൊന്നും സാമൂഹ്യ നിയമങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ ഈ അവസ്ഥ പൊതുവേ പുരുഷ സമൂഹത്തിന്റെ ലൈംഗികതാല്പര്യങ്ങള്‍ക്ക് സ്വാഭാവികമായും വലിയൊരു തടസ്സം തന്നെയായിരുന്നു എന്ന് പറയാം.

പുരുഷാധിപത്യ വ്യവസ്ഥ സ്ത്രീയുടെ ഇത്തരം ലൈംഗികനിര്‍ദ്ധാരണത്തെ മറികടക്കാന്‍ ഉണ്ടായി വന്ന ഒന്നാണ്. ഈ മറികടക്കല്‍ പുരുഷന്റെ ജനിതക പദാര്‍ത്ഥം അവന്റെ താത്പര്യത്തിനനുസരിച്ച് വ്യാപിപ്പിക്കാന്‍ പുരുഷന് അവസരം നല്‍കുകയും സ്ത്രീയുടെ ലൈംഗികനിര്‍ദ്ധാരണത്തിനുള്ള അവസരവും അനന്തരഫലങ്ങളും  കുറക്കുകയും ചെയ്തു. സ്ത്രീ സമൂഹത്തിന്റെ മേലുള്ള 'അധികാരം' പുരുഷന്റെ ജനിതക പദാര്‍ത്ഥം വ്യാപിപ്പിക്കാന്‍ അവനു പരിണാമപരമായി വളരെയധികം അനുകൂലനം നല്‍കുന്നുണ്ട്; കാരണം അത്തരമൊരു വ്യവസ്ഥയില്‍ സ്ത്രീയുടെ വിധേയത്വം ഒരു സന്ദര്‍ഭത്തില്‍ ഒതുങ്ങുന്നതല്ല; ഈ വ്യവസ്ഥയിലാണ് വിജയകരമായ പ്രത്യുല്പാദനത്തിനുള്ള സാധ്യത കൂടുതല്‍. വിധേയയായ സ്ത്രീ പ്രതുല്പാദനത്തെ കൂടുതല്‍ സഹായിക്കുന്നു എന്നതിനാലും അധികാരപ്രവണത ഇതിനു സഹായകമായതിനാലും സ്ത്രീയുടെ മേല്‍ അധികാരം സ്ഥാപിക്കാനുള്ള ത്വര പുരുഷനില്‍ പരിണാമപരമായി വളര്‍ന്നു വന്നു; ഈ വിധേയത്വം ശാരീരികമോ മാനസികമോ നിര്‍ബന്ധിതമോ അല്ലാത്തതോ ആയ ഏതു വിധേന ഉള്ള വിധേയത്വവും ആവാം.

ഒരിക്കല്‍ ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ സ്ത്രീ മറ്റൊരു പുരുഷനെ തെരഞ്ഞെടുക്കാനുള്ള സാധ്യത ഇല്ലാതാക്കാന്‍  പുരുഷനുണ്ടായിരുന്ന മറ്റൊരു പ്രചോദനം തീര്‍ച്ചയായും സന്തതിപരമ്പരകളെ സ്വന്തമെന്നു തിരിച്ചറിയല്‍, അഥവാ സ്വന്തം പേരില്‍ അടയാളപ്പെടുത്തല്‍ ആയിരുന്നിരിക്കണം. പ്രാഥമികമായും സ്ത്രീയുടെ സംരക്ഷണയില്‍ കുഞ്ഞുങ്ങള്‍ വളരുകയും സ്ത്രീയുടെ ലൈംഗികത പുരുഷന്‍റെ നിയന്ത്രണത്തില്‍ അല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ സ്ത്രീയുടെ സന്തതിപരമ്പരകളായി മാത്രമേ പ്രാഥമികമായി തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ; പുരുഷന്‍റെ ‘റോള്‍' സ്ത്രീ അവനെ ഇണയായി നിലനിര്‍ത്തുന്നുവോ ഇല്ലയോ എന്നതിന് അനുസരിച്ചിരിക്കും. അത് കൊണ്ട് തന്നെ സ്ത്രീയുടെ ‘പരപുരുഷഗമനം' എതു വിധേനയും നിയന്ത്രിക്കേണ്ടത് പുരുഷന്‍റെ താല്പര്യം ആയിത്തീര്‍ന്നു; പുരുഷന്‍റെ നിയന്ത്രണത്തില്‍, അവന്റെ വാസസ്ഥലത്ത്, ചുറ്റുപാടുള്ള മറ്റു പുരുഷന്മാരോട് അധികം ഇടപഴകാതെ സ്ത്രീകള്‍ ജീവിക്കുന്ന വ്യവസ്ഥകള്‍ മനുഷ്യചരിത്രത്തില്‍ ധാരാളമായി ഉണ്ടായി വന്നതും അതിനു വേണ്ടി തന്നെ. പരപുരുഷഗമനം പരസ്ത്രീഗമനത്തെക്കാള്‍ വലിയ കുറ്റമായി കണക്കാക്കപ്പെടുന്ന സാമൂഹ്യസ്ഥിതി ഉണ്ടായതും,  പിതാവിന്റെ പേരില്‍ അടുത്ത തലമുറ അറിയപ്പെടെണ്ടത് ഒരാവശ്യകതയായി തീര്‍ന്നതും, പിതാവാരെന്നു അറിയാത്തവന്‍ എന്നത് എല്ലാ സംസ്കാരങ്ങളിലും വ്യക്തികളെ അപമാനിക്കാനുള്ള ഒരു സാധാരണ പ്രയോഗം ആയിത്തീര്‍ന്നതും ഇത്തരം ജനിതകമായ അടയാളപ്പെടുത്തല്‍ നടത്താനുള്ള പുരുഷന്റെ യത്നത്തിന്റെ ഭാഗം ആയി കണക്കാക്കാം; അതിലവന്‍ വിജയിക്കുകയും ചെയ്തു.

സ്ത്രീയുടെ ലൈംഗികനിര്‍ദ്ധാരണത്തെ അതിജീവിക്കാന്‍ എന്ത് കൊണ്ട് പുരുഷന് കഴിഞ്ഞു? സ്ത്രീക്ക് എന്ത് കൊണ്ട് പ്രതിരോധിക്കാനും അല്ലെങ്കില്‍ ഇതില്‍ മേല്‍ക്കൈ നേടാനും കഴിഞ്ഞില്ല? ഇതിലും സ്ത്രീയുടെ ലൈംഗികനിര്‍ദ്ധാരണത്തിനു വലിയൊരു പങ്കുണ്ട്. പൊതുവേ ജീവിവര്‍ഗങ്ങളില്‍ പുരുഷന് സ്ത്രീയെക്കാള്‍ ശാരീരികമായ വലിപ്പവും കരുത്തും അല്പം കൂടുതല്‍ ആണ്. ഇണക്ക് വേണ്ടി പുരുഷന്മാര്‍ തമ്മിലുള്ള മല്‍സരങ്ങള്‍ ജീവികളില്‍ സാധാരണമാണ്; ഈ മല്‍സരത്തില്‍ വിജയിക്കുക സ്വാഭാവികമായും കരുത്ത് കൂടുതലുള്ള പുരുഷന്‍ തന്നെയായിരിക്കും; ഇനി നേരിട്ട് മല്‍സരം നടന്നില്ലെങ്കിലും എതിരാളികളായ പുരുഷന്മാരെ ഭയപ്പെടുത്തി അകറ്റി നിര്‍ത്തുന്നതില്‍ കരുത്ത് കൂടുതലുള്ള പുരുഷന്‍ വിജയിക്കും. അത് കൊണ്ട് തന്നെ അടുത്ത തലമുറകളിലേക്ക് അത്തരം പുരുഷന്മാരുടെ ജീനുകള്‍ ആണ് കൂടുതല്‍ വ്യാപിപ്പിക്കപ്പെടുക. സ്ത്രീക്ക് ഇത്തരം പരിണാമസമ്മര്‍ദം ഇല്ല; നേരെ മറിച്ച്, എളുപ്പത്തില്‍ വിധേയയാവുന്ന സ്ത്രീ ആണ് കൂടുതല്‍ പ്രത്യുല്പാദനം നടത്തുക എന്നതിനാല്‍ അത്തരം സ്ത്രീകളുടെ ജീനുകളാണ് അടുത്ത തലമുറകളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കപ്പെടുക. ഇത്തരത്തില്‍ ഉണ്ടായി വന്ന അധികകായികശേഷി പുരുഷന് ഈ മറികടക്കലിനു വളരെയധികം സഹായമായി എന്ന് എടുത്തു  പറയേണ്ടി വരില്ലല്ലോ.

സ്ത്രീയുടെ തെരഞ്ഞെടുപ്പിന് പൂര്‍ണമായ സാമൂഹ്യസ്വീകാര്യത കൈവരുന്ന ഒരു സാമൂഹ്യവ്യവസ്ഥയില്‍ (മേധാവിത്വ സ്വഭാവമുള്ള പുരുഷന്മാരെ തെരഞ്ഞെടുക്കാതിരിക്കാന്‍ സ്ത്രീ ശ്രദ്ധാലു ആയിരുന്നാല്‍) ഒരു പക്ഷെ കാലക്രമേണ പുരുഷാധിപത്യപ്രവണത പുരുഷജീനുകളില്‍ നിന്നും ഇല്ലാതായേക്കാം. എന്നിരുന്നാലും, സ്ത്രീയുടെ ലൈംഗികനിര്‍ദ്ധാരണം പൂര്‍ണമായും തിരിച്ചു കൊണ്ട് വന്നാല്‍ പോലും, പഴയ സൈക്കിള്‍ വീണ്ടും ആവര്‍ത്തിച്ചേക്കാം; അതിനെ അതിജീവിക്കാന്‍ അതെ കാരണത്താല്‍ കായികശേഷി കൂടുതല്‍ നേടിയ പുരുഷന്‍ വീണ്ടും ലൈംഗിക ആധിപത്യം നേടിയേക്കാം. ഇത്തരം ജൈവികമായ പ്രതിഭാസങ്ങള്‍ ധാര്‍മികതയില്‍ അധിഷ്ടിതമല്ല.

ഇവിടെയാണ്‌ സാമൂഹ്യ വ്യവസ്ഥയിലെ ശക്തമായ മാറ്റങ്ങള്‍ അനിവാര്യമാകുന്നത്. ആധുനികസമൂഹം ഇത്തരം തീര്‍ത്തും ജൈവികമായ പ്രതിഭാസങ്ങളെ അതിജീവിക്കെണ്ടതുണ്ട്. ജൈവികം ആയി ഉണ്ടായി വന്ന പുരുഷന്റെ ലൈംഗിക ആധിപത്യ ബോധത്തെ സാമൂഹ്യമായ രീതികളിലൂടെ പരിഹരിക്കുക ആണ് ഇപ്പോള്‍ വേണ്ടത്; സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതക്കും  തെരഞ്ഞെടുപ്പിനും തീരുമാനങ്ങള്‍ക്കും ഒരേ അളവില്‍ പ്രസക്തിയുള്ള, ഒന്നിന് മേല്‍ ഒന്ന് ലിംഗഭേദാടിസ്ഥാനത്തില്‍ അധികാരം സ്ഥാപിക്കാത്ത, സമത്വബോധമുള്ള  ഒരു വ്യവസ്ഥക്ക് വേണ്ടി പൊതുബോധത്തില്‍ വരേണ്ട മാറ്റം ചില്ലറയൊന്നുമല്ല.  എങ്കിലും സമകാലീനസ്ത്രീപുരുഷസമത്വവാദികളുടെയും പ്രസ്ഥാനങ്ങളുടെയും ശ്രമഫലമായി അല്പമെങ്കിലും വെളിച്ചം തുരങ്കത്തിനങ്ങേ അറ്റത്ത് ഉണ്ടെന്നു പ്രത്യാശിക്കാവുന്നതാണ്.

Photo Credit: Courtesy NASA/JPL-Caltech




പരോപകാരപ്രവണതയും ജീവപരിണാമവും

മനുഷ്യനിലും മറ്റു Higher primates-ലും മറ്റു മൃഗങ്ങളിലും എല്ലാം കണ്ടു വരുന്ന പരോപകാര പ്രവണത (Altruism) യുടെ ഉത്ഭവവും പരിണാമപരമായ അതിജീവനവും പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ഒരു കാര്യം വ്യക്തമാക്കിയിട്ടു തുടങ്ങാം. ഒരു പ്രത്യേകതക്ക് “പരിണാമ അനുകൂലനം ലഭിക്കുക", “പരിണാമപരമായി പ്രോല്സാഹിപ്പിക്കപ്പെടുക" എന്നൊക്കെ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ആ പ്രത്യേകതക്ക് പ്രകൃതിനിര്‍ധാരണത്തില്‍ (Natural Selection) മുന്‍തൂക്കം ലഭിക്കുന്നുണ്ടോ; അക്കാരണത്താല്‍ ആ പ്രത്യേകത അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും വ്യാപിക്കാനും സാധ്യത കൂടുതലുണ്ടോ എന്നാണ്. ധാര്‍മികമായ ഒരു വിലയിരുത്തലിന് ഇവിടെ സാധ്യതയില്ല തന്നെ.

ജൈവചോദനയാണ് ജീവികളില്‍ പരോപകാര പ്രവണത ഉണ്ടാക്കുന്നത് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. ജൈവികമായ ചോദനകള്‍ പരിണാമപരമായി അനുകൂലനം സിദ്ധിച്ചു അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വരും തലമുറകളില്‍ ആ ചോദന കൂടുതലായി കാണാന്‍ കഴിയും. ഇത് കൂടാതെ ചില സവിശേഷതകള്‍ നേരിട്ടല്ലാതെ മറ്റേതെങ്കിലും അനുകൂലനത്തിന്റെ പാര്‍ശ്വഫലം ആയും കൈമാറ്റം ചെയ്യപ്പെട്ടേക്കാം. ജീവിയുടെ നിലനില്പിനും പ്രത്യുല്പാദന ശേഷിക്കും കോട്ടം വരാതിരിക്കുമ്പോഴാണ് ഒരു സവിശേഷത നശിച്ചു പോകാതെ നില നില്‍ക്കുന്നത്. ജൈവികമായ പരോപകാരപ്രവണത പ്രധാനമായും താഴെ പറയുന്ന വിധത്തില്‍ തരംതിരിക്കപ്പെട്ടിട്ടുണ്ട്.

1) സോപാധികമായ പരോപകാരം (Conditional Altruism):

എന്തെകിലും ലക്ഷ്യമോ പ്രതിഫലമോ ഉന്നം വെച്ച് ചെയ്യുന്ന സഹായങ്ങള്‍ ആണ് ഈ ഗണത്തില്‍ പെടുന്നത്. ഇതിനെ വീണ്ടും പ്രധാനമായും രണ്ടായി തരം തിരിക്കാം.

ബന്ധുജനങ്ങളോടുള്ള പരോപകാരം (Kin Altruism): സ്വന്തം ബന്ധത്തില്‍ ഉള്ളവരെ സഹായിക്കാനുള്ള സ്വാഭാവികവാങ്ച ആണ് ബന്ധുജനങ്ങളോടുള്ള പരോപകാരപ്രവണത (Kin Altruism). ഇത് മിക്ക ജീവികളിലും പൊതുവേ കണ്ടു വരുന്ന ഒന്നാണ്; മനുഷ്യനിലും കാണപ്പെടുന്നു. ഈ പ്രവണത ആ പ്രത്യേക ജീവിവര്‍ഗത്തിന്റെയോ ഒരു പ്രത്യേക ഗ്രൂപ്പിന്റെയോ അതിജീവനത്തെ സഹായിക്കുന്നു എന്നതാണ് പരിണാമപരമായി ഈ ചോദന പ്രോത്സാഹിപ്പിക്കപ്പെടാനുള്ള കാരണം. അതായത് പരസ്പരം സഹകരിക്കുന്ന ഗ്രൂപ്പുകള്‍ അതിജീവനത്തില്‍ അങ്ങനെ അല്ലാത്തവയെക്കാള്‍ കൂടുതല്‍ വിജയിക്കുന്നു.

പരസ്പരപൂരക പരോപകാരം (Reciprocal Altruism): ഇന്ന് ഒരാളെ സഹായിച്ചാല്‍ നാളെ അയാളോ മറ്റു ചിലരോ തന്നെ തിരിച്ചു സഹായിക്കുമെന്നെ പ്രതീക്ഷയാണ് പരസ്പരപൂരക പരോപകാരം (Reciprocal Altruism). കൂട്ടായ അതിജീവനത്തെ സഹായിക്കുന്നു എന്നതിനാല്‍ ഇതിനും പ്രകൃതി നിര്‍ദ്ധാരണത്തില്‍ മുന്‍തൂക്കം ഉണ്ട്.

പുണ്യം, സ്വര്‍ഗം എന്നിവ കിട്ടുമെന്ന പ്രതീക്ഷയോ വിശ്വാസമോ ഒക്കെ ഇക്കൂട്ടത്തില്‍ പെടുത്താം.ഇന്ന് ചിലരെ സഹായിച്ച് ഒരു പേരോ സ്ഥാനമോ നേടിയെടുക്കാനാവുമെങ്കില്‍ (Reputation) നാളെ ആ സ്ഥാനം ഗുണപരമായി ഉപയോഗിക്കാമെന്ന കണക്കു കൂട്ടലുകളില്‍ സഹായം ചെയ്യുന്നതും മേല്‍ പറഞ്ഞതില്‍ പെടുത്താം. സഹായം സ്വീകരിച്ച ആളിന്റെ വിധേയത്വം പ്രതീക്ഷിച്ചുള്ള സഹായങ്ങളും മറ്റൊരുദാഹരണമാണ്; ജീവി വര്‍ഗങ്ങളില്‍ സഹായിക്കുന്ന ജീവിക്ക് മേല്‍കൈ അഥവാ നേതൃസ്ഥാനം ലഭിക്കുന്നതു സാധാരണമാണ്. ഇത്തരം പ്രവണതകള്‍ പല ജീവി വര്‍ഗങ്ങളില്‍ കണ്ടു വരുന്നു; മനുഷ്യരിലും ധാരാളമായി ഉണ്ട്.

2) നിരുപാധികമായ പരോപകാരം (Unconditional Altruism):

എതെങ്കിലും തരത്തിലുള്ള പ്രതിഫലമോ, സമൂഹത്തിലെ സ്ഥാനമോ, മറ്റുള്ളവരുടെ വിധേയത്വമോ തിരിച്ചു പ്രതീക്ഷിക്കാതെ സ്വതന്ത്രമായി ചെയ്യപ്പെടുന്ന പരോപകാരങ്ങളാണ് ഈ ഗണത്തില്‍ വരുന്നത്. നിരുപാധിക പരോപകാര പ്രവണത ചില ജീവികളില്‍, പ്രത്യേകിച്ച് മനുഷ്യനില്‍ നില നില്‍ക്കുന്നു എന്നത് ഒരു വസ്തുത ആണ്; ഇതിന്റെ ജീവശാസ്ത്രപരമായ കാരണങ്ങള്‍ പഠനവിധേയവുമാണ്.

മനുഷ്യന്‍ മറ്റു ജീവി വര്‍ഗങ്ങളെ അപേക്ഷിച്ചു കൂടുതല്‍ സങ്കീര്‍ണമായ സാമൂഹ്യ വ്യവസ്ഥിതിയും കൂടുതല്‍ വികാസം പ്രാപിച്ച തലച്ചോറും ഉള്ള ജീവി ആയത് കൊണ്ട് തന്നെ മറ്റു മൃഗങ്ങളിലെ പരോപകാരപ്രവണതയുടെ മാതൃകകള്‍ (Kin Altruism, Reciprocal Altruism) മാത്രം ഉപയോഗിച്ച് മനുഷ്യന്റെ പരോപകാര പ്രവണതയെ പൂര്‍ണമായും വിശദീകരിക്കാന്‍ പ്രയാസമാണ്; എങ്കിലും പല മാതൃകകളുടെയും extrapolation സാധ്യമാണ് താനും; മനുഷ്യ സമൂഹങ്ങളിലും ഇത്തരം പഠനങ്ങള്‍ നടന്നു വരുന്നു.

Costly Signalling of General Intelligence:

Costly Signalling of General Intelligence കാരണം നിരുപാധികമായ പരോപകാരപ്രവണത പരിണാമപരമായി മനുഷ്യരില്‍ മുന്‍ഗണന നേടുന്നു എന്നു ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു; പരസ്പരപൂരകപരോപകാരപ്രവണതയില്‍ നിന്നും (Reciprocal Altruism) നിരുപാധികമായ പരോപകാരപ്രവണതയിലേക്കുള്ള (Unconditional Altruism) പ്രധാനപ്പെട്ട ഒരു ചവിട്ടു പടി ആയി ഇത് കണക്കാക്കപ്പെടുന്നു.

എന്താണ് സിഗ്നലിംഗ്? ഇണയെ ആകര്‍ഷിക്കാനുള്ള ഒരു മെക്കാനിസം എന്നാണു സിഗ്നലിംഗ്-നെ ലളിതമായി പറയേണ്ടത്. സിഗ്നലിംഗ്-ഇല്‍ കൂടുതല്‍ ‘യോഗ്യത' അഥവാ ‘ആകര്‍ഷണീയത' പ്രകടിപ്പിക്കുന്ന ജീവികളാണ് പ്രത്യുല്പാദനം വഴി അടുത്ത തലമുറകളിലേക്ക് പ്രജനനം ചെയ്യപ്പെടുക. മൃഗങ്ങളില്‍ ഈ സിഗ്നലിംഗ് താരതമ്യേന ലളിതമായ ഒന്നാണെന്നിരിക്കെ (ചില പക്ഷികളുടെ ശബ്ദം, മയിലിന്റെ രൂപഭംഗി തുടങ്ങി), മനുഷ്യനെ പോലെ ഒരു സമൂഹജീവിയില്‍ ഇത് കുറച്ചു കൂടി സങ്കീര്‍ണമാണ്.

പരോപകാരം, ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി മനപൂര്‍വം പ്രകടിപ്പിക്കപ്പെടുന്ന ഒരു സവിശേഷത ആണെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം; മയിലുകള്‍ ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി പീലികള്‍ മനപൂര്‍വം സൃഷ്ടിച്ചെടുത്തവയാണ് എന്ന് പറയുന്ന പോലായി പോവും അത്; ജൈവപരമായ പല കാരണങ്ങളാല്‍ ഉണ്ടായി വന്ന അത്തരമൊരു സവിശേഷതക്ക് (Quality) പ്രകൃതിനിര്‍ദ്ധാരണത്തില്‍ Sexual Selection വഴി മുന്‍തൂക്കം ലഭിക്കുന്നു എന്നാണു സാരം. ഈ സവിശേഷത സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ടെക്കാം ചിലരാല്‍ എന്ന് ചിന്തിക്കുന്നതില്‍ എന്നാല്‍ തെറ്റില്ല താനും.

വേട്ടയാടി ജീവിച്ചിരുന്ന സമൂഹങ്ങളില്‍ ഇരതേടി കൊണ്ട് വരുന്നവര്‍ കയ്യിലുള്ളതു പങ്കു വെക്കാന്‍ തയ്യാറാവുക ആവശ്യത്തിലധികം വേട്ടയാടി ശേഖരിക്കാനുള്ള ‘കഴിവ്' അവര്‍ക്കുള്ളപ്പോള്‍ ആണ്; ഈ ‘കഴിവ്' ശാരീരികക്ഷമതയോ ഇരയെ പിടിക്കാനുള്ള ബുദ്ധിസാമര്‍ഥ്യമോ കാഴ്ചയിലും കേള്‍വിയിലും മറ്റുമുള്ള സൂക്ഷ്മതയോ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ശേഷിയോ അങ്ങനെ എന്തുമാകാം.

ഇതു സിഗ്നലിംഗ് ആയി പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല അവ ‘വില പിടിച്ചതും' ആണ്; അതായത്‍ പങ്കു വെക്കുന്നവര്‍ ഇതിനു വേണ്ടി കൂടുതല്‍ പ്രയത്നിക്കേണ്ടതുണ്ട്; അത് കൊണ്ടാണ് ഇത് Costly Signalling എന്നറിയപ്പെടുന്നത്. പങ്കു വെക്കാന്‍ തയ്യാറാവുന്നത് പരോപകാരം മാത്രമായല്ല; അധികവൈഭവത്തിന്റെ ഒരു ലക്ഷണമായി കൂടി കണക്കാക്കപ്പെട്ടിരുന്നിരിക്കാം എന്നതിനാല്‍ ഇത്തരം സിഗ്നലിംഗ് Sexual Selection വഴി പരിണാമപരമായ മുന്‍തൂക്കം നല്ക്കുന്നു. ഈാഴെ കാണുന്ന ലിങ്കില്‍ ഈ വിഷയം പഠന വിധേയമാക്കിയ Kobe Millet ന്‍റെ പേപ്പര്‍ വായിക്കുക - https://docs.google.com/file/d/0BxxvdUuiUPGRdTFGQy1sUHRzNG8/edit?usp=sharing. ഇതേ വിഷയത്തില്‍ മറ്റു പഠനങ്ങളും ലഭ്യമാണ്.

പരിഷ്കൃതസമൂഹത്തിലെ നിരുപാധികപരോപകാരപ്രവണത മേല്‍പറഞ്ഞതിനേക്കാള്‍ അല്പം കൂടി സങ്കീര്‍ണം ആവുകയെ ചെയ്യുന്നുള്ളൂ. ഈ പ്രവണത ജീവിയുടെ സ്വജീവിതത്തില്‍ നേരിട്ടല്ലാതെയുള്ള, ഉടനെയോ അല്ലാതെയോ ഉള്ള, സമൂഹത്തിനു ഒന്നാകെയുള്ള ഗുണകരമായ മാറ്റങ്ങളെ പ്രതീക്ഷിച്ചുള്ള ഒരു ജൈവപ്രവണത കൂടി ആണ്; ഇത്തരം മനോഭാവം ഒരു വ്യക്തിക്ക് നേരിട്ട് ഗുണകരം ആവണമെന്നില്ലെങ്കിലും ഒരു സമൂഹത്തിന്റെ സ്ഥിരതയെയും നിലനില്പിനെയും സഹായിക്കുന്നു എന്നത് കൊണ്ട് പ്രോല്‍്സാഹിപ്പിക്കപ്പെടും. ഉടനെ ലഭ്യമായേക്കാത്ത, അവനവന് നേരിട്ട് ലാഭമുണ്ടായെന്നിരിക്കാത്ത ഗുണങ്ങളെ മുന്‍കൂട്ടി കാണുന്നതിനുള്ള കഴിവും, മനുഷ്യരിലും ചില ഹയര്‍ പ്രൈമറ്റ്സിലും കണ്ടു വരുന്ന ബുദ്ധിവൈഭവം കൊണ്ട് ലഭിക്കുന്നു.

തന്മയീഭാവം (Empathy):

മറ്റൊരു വ്യക്തിയുടെ വൈകാരികമായ അവസ്ഥ കണ്ടു ഒരു വ്യക്തിയിലുണ്ടാവുന്ന താദാത്മ്യഭാവമാണ് എമ്പതി. അപരന്റെ വേദന കാണുന്നതില്‍ നിന്നുണ്ടാവുന്ന നിരുപാധികമായ പരോപകാര പ്രവണതക്ക് ഒരു പ്രധാന ജൈവിക കാരണം ആണ് ഈ തന്മയീഭാവം. അപരന്റെ വേദനയുടെ നേരിട്ടുള്ള കാഴ്ചയോ അതിനെക്കുറിച്ചുള്ള കേട്ടറിവോ ഒരാളുടെ തലച്ചോറില്‍ ഉളവാക്കുന്ന സമാനമായ വൈകാരികഭാവം ആണ് ഇതിനു കാരണം. ആരെങ്കിലും കരയുന്നത് കാണുമ്പോള്‍ കണ്ണീര്‍ പൊടിയുക; മറ്റൊരാള്‍ക്ക് മുറിവേല്‍ക്കുന്നത് കാണുമ്പോള്‍ സ്വയം എന്തോ പിണഞ്ഞത് പോലെ ബുദ്ധിമുട്ട് തോന്നുക, സിനിമ കാണുമ്പോള്‍ കഥാപാത്രങ്ങളുടെ ജീവിതം സ്വജീവിതം പോലെ അനുഭവിക്കുക തുടങ്ങിയവക്ക് കാരണം ഈ എമ്പതി ആണ്.

തന്മയീഭാവത്തിനു ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഉള്ളതില്‍ പ്രധാനമായത് മിറര്‍ ന്യൂറൊണുകളുടെ പ്രവര്‍ത്തനമാണ്; ഇത് ഇപ്പോഴും വൈദ്യശാസ്ത്രസംബന്ധമായ പഠനങ്ങള്‍ വളരെയധികം നടന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയും ആണ്. മിറര്‍ ന്യൂറൊണുകള്‍ തലച്ചോറിലെ മോട്ടോര്‍ ന്യൂറൊണുകളുടെ ഒരു ചെറിയ സബ്സെറ്റ്‌ അഥവാ ഉപഗണം ആണ്.

തലച്ചോറിലെ ചില മോട്ടോര്‍ ന്യൂറൊണുകള്‍ നാം ചില പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുന്നു; ഇവയില്‍ ചില ന്യൂറൊണുകള്‍ (മിറര്‍ ന്യൂറൊണുകള്‍) അതെ പ്രവൃത്തി മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോഴും ഉത്തേജിപ്പിക്കപ്പെടുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണമായി കൈപ്പത്തിയില്‍ മുറിവേല്‍ക്കുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുന്ന മോട്ടോര്‍ ന്യൂറൊണുകളിലെ ഒരു വിഭാഗം ന്യൂറൊണുകള്‍ മറ്റൊരാളുടെ കൈപ്പത്തിയില്‍ മുറിവേല്ക്കുന്നത് കാണുമ്പോഴും ഉത്തേജിപ്പിക്കപ്പെടുന്നു. തല്‍ഫലമായി ആ വ്യക്തിയുടെ വേദനയോ വികാരമോ മനസ്സിലാക്കാനും താദാത്മ്യം പ്രാപിക്കാനും കാണുന്ന ആള്‍ക്ക് കഴിയുന്നു. ഈ പ്രതികരണം പലരിലും പലതരത്തിലാകാം; ഒരേ അളവില്‍ എല്ലാവരിലും ഉണ്ടായി കൊള്ളണമെന്നുമില്ല. ഇതിനെ കുറിച്ചുള്ള Marco Iacoboni യുടെ പഠനം വായിക്കുക - https://docs.google.com/file/d/0BxxvdUuiUPGRejVnRXJNSzltUmM/edit?usp=sharing. ഇതേ വിഷയത്തില്‍
മറ്റു പഠനങ്ങള്‍ ലഭ്യമാണ്; Frans B.M. deWaal ന്‍റെ ഒരെണ്ണം ഇതാ -https://docs.google.com/file/d/0BxxvdUuiUPGRM1FPeUlsQlFGUEE/edit?usp=sharing

മനുഷ്യരില്‍ മാത്രമല്ല മറ്റു ചില ജീവികളിലും പല അളവിലും തരത്തിലും ഈ തന്മയീഭാവം കണ്ടു വരുന്നു എന്നാണു നിരീക്ഷണം. ഉദാഹരണമായി ഉടമസ്ഥന്‍ വൈകാരികമായ വൈഷമ്യം പ്രകടിപ്പിക്കുമ്പോള്‍ വളര്‍ത്തുനായ്ക്കള്‍ അതിനോട് പ്രതികരിക്കുന്നത് സാധാരണമാണ്. അമേരിക്കയിലെ National Institute of Mental Health (NIMH)-ലെ റിസര്‍ച്ച് സൈകോളജിസ്റ്റ്‌ ആയ കരോലിന്‍ സാന്‍വാക്സ്ലര്‍ (Carolyn Zahn-Waxler) മുതിര്‍ന്നവരുടെ വികാരപ്രകടനങ്ങളോട് കുഞ്ഞുങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന പഠനത്തിന് വേണ്ടി നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായി, പങ്കെടുത്ത വീടുകളിലെ മുതിര്‍ന്നവരോട് കരയുന്ന പോലെയോ ശ്വാസതടസ്സം അനുഭവിക്കുന്ന പോലെയോ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. കുഞ്ഞുങ്ങള്‍ ഇതിനോട് പ്രതികരിച്ചു എന്നതിനോടൊപ്പം, വീട്ടിലെ വളര്‍ത്തു മൃഗങ്ങളും പ്രകടമായി പ്രതികരിക്കുകയും വിഷമിക്കുന്ന വീട്ടുകാരന്റെയോ വീട്ടുകാരിയുടെയോ മടിയില്‍ വന്നു തല വെക്കുകയും ചെയ്തു എന്ന് കരോലിന്‍ നിരീക്ഷിക്കുന്നു. (പഠനത്തിന്റെ ലിങ്ക് - http://psychology.huji.ac.il/.upload/articles/KnafoWinningArticle.pdf)

American Psychiatric Association-ന്റെ പ്രസിഡണ്ട് ആയിരുന്ന ജൂള്‍സ് മാസ്സര്‍മാന്‍ 1964-ഇല്‍ റീസസ് കുരങ്ങുകളില്‍ (Rhesus Macaque) ചില പരീക്ഷണങ്ങള്‍ നടത്തി (ലിങ്ക് - https://docs.google.com/file/d/0BxxvdUuiUPGRbnhXYXQ0Tjc4NUU/edit?usp=sharing). ഒരു വലിയ പെട്ടിയെ, ഒരു ചെയിന്‍ വലിച്ചാല്‍ ഭക്ഷണം ലഭിക്കുന്ന ഒരു കമ്പാര്‍ട്ട്മെന്‍റ് ആയും, അതെ ക്ഷണം മറുവശത്തുള്ള കുരങ്ങിന് ഇലക്ട്രിക്‌ ഷോക്ക്‌ ലഭിക്കുന്ന മറ്റൊരു കമ്പാര്‍ട്ട്മെന്‍റ് ആയും തിരിച്ചു, റീസസ് കുരങ്ങുകളെ ഈ കമ്പാര്‍ട്ട്മെന്റുകളില്‍ മാറ്റി മാറ്റി ഇരുത്തി നിരീക്ഷിക്കുക ആണ് ചെയ്തത്. അതായത്, ഇപ്പുരതുള്ള കുരങ്ങുകള്‍ക്ക് ഭക്ഷണം ലഭിക്കണമെങ്കില്‍ ചെയിന്‍ വലിക്കണം; ചെയിന്‍ വലിക്കുമ്പോള്‍ അടുത്ത കമ്പാര്‍ട്ട്മെന്‍റ് -ഇല്‍ ഉള്ള കുരങ്ങിന് ഒരു ചെറിയ ഷോക്ക്‌ ഏല്പിക്കപ്പെടും; ഇത് ഇപ്പറത്തുള്ള കുരങ്ങുകള്‍ക്ക് കാണാം.

കൂടുതല്‍ കുരങ്ങുകളും മറ്റൊരാളെ വേദനിപ്പിച്ച് ഭക്ഷണം നേടാന്‍ തയ്യാറാവാതെ ദിവസങ്ങളോളം (ഏറ്റവും കൂടുതല്‍ 12 ദിവസം) പട്ടിണി കിടന്നു എന്നായിരുന്നു നിരീക്ഷണം. ഈ സ്വഭാവ സവിശേഷത പല കുരങ്ങുകളില്‍ പല അളവില്‍ ആയിരുന്നു എങ്കിലും കൂടുതല്‍ കുരങ്ങുകളും ഇത് പ്രകടിപ്പിച്ചു എന്നാണു കണ്ടെത്തിയത് (Altruistic Behavior at the cost of Self Starvation). ഈ സ്വഭാവം ഒരിക്കല്‍ സ്വയം ഷോക്ക്‌ ലഭിച്ച കുരങ്ങുകളില്‍ കൂടുതല്‍ ആയിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടു; ഷോക്ക്‌ ഏല്‍ക്കുന്ന കുരങ്ങിന്റെ പ്രതികരണം കണ്ട് താന്‍ അനുഭവിച്ച അതെ വേദന ആണ് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ആണതിന് കാരണം.

ചിമ്പന്‍സികള്‍ മനുഷ്യന്റെ സഹാനുഭൂതിക്കു അടുത്ത് വരെ വരുന്ന അളവില്‍ എംപതറ്റിക്‌ ആണ് എന്നും ചില നിരീക്ഷണങ്ങള്‍ തെളിയിക്കുന്നുണ്ട്; പഠനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു മേഖല ആണ് ഇതും. തന്മയീഭാവം മനുഷ്യരില്‍ ഉല്ഭവിക്കുന്നതിനു മുമ്പ് പൊതു പൂര്‍വികരിലും ഉണ്ടായിരുന്നിരിക്കാനാണ് സാധ്യത എന്നാണു മൃഗങ്ങളിലെ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇത്തരം സഹാനുഭൂതിയും തന്മയീഭാവവും, ഒരു സ്പീഷീസ് എന്ന രീതിയിലുള്ള നിലനില്പിനെ കൂടുതല്‍ സഹായിക്കുന്നു എന്നതാണ് പരിണാമപരമായി ഇതിനു മുന്‍തൂക്കം ലഭിക്കാനുള്ള കാരണം; പ്രതിഫലം പ്രതീക്ഷിച്ചോ അല്ലാതെയോ ഉള്ള പരസ്പര സഹായങ്ങള്‍ ഒരു ജീവിവര്‍ഗത്തെ സ്ഥിരതയുള്ള ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. തന്മയീഭാവവും പ്രതിഫലം പ്രതീക്ഷിക്കാത്ത സഹായങ്ങളും ഹയര്‍ പ്രൈമറ്റ്സില്‍ കൂടുതല്‍ കാണപ്പെടുന്നത് അത്തരം സ്വഭാവ സവിശേഷതകള്‍ക്ക് പരിണാമപരമായ മുന്‍തൂക്കം വളരെയധികം ലഭിച്ചിരുന്നത് കൊണ്ടായിരിക്കണം.

ബന്ധുജനങ്ങളോടുള്ള പരോപകാരപ്രവണതയും (Kin Altruism) പരസ്പരപൂരക പരോപകാരപ്രവണതയും (Reciprocal Altruism) മനുഷ്യരില്‍ സ്വാഭാവികമായും നിലനില്‍ക്കുന്നുണ്ട് എന്നതില്‍ സംശയമില്ല തന്നെ; എന്നാല്‍ ഇവ രണ്ടും മാത്രമല്ല മനുഷ്യന്‍ അടക്കമുള്ള ഹയര്‍ പ്രൈമറ്റ്സില്‍ കണ്ടു വരുന്നത് എന്നാണു പഠനങ്ങളും നിരീക്ഷണങ്ങളും പറയുന്നത്. തന്മയീഭാവത്തില്‍ അധിഷ്ഠിതമായ നിരുപാധിക പരോപകാരപ്രവണത (Empathy based Unconditional Altruism) മനുഷ്യനെ പോലുള്ള ഒരു സങ്കീര്‍ണ ജീവിയുടെ ജൈവപരിണാമത്തെയും സാമൂഹ്യവ്യവസ്ഥിതിയെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നാണു മനുഷ്യ സമൂഹത്തിന്റെ ഇന്നത്തെ ഘടനയില്‍ നിന്നും സ്വഭാവ സവിശേഷതകളില്‍ നിന്നും മനസ്സിലാക്കേണ്ടത്.

(Photo Credit: Getty Images, jupit)

Wednesday 31 July 2013

മരണശേഷമുള്ള അവയവദാനം: സംശയ നിവാരണങ്ങള്‍

മരണശേഷം നമുക്ക് എന്താകണം? 
ഒരു പിടി ചാരമോ
ഈ മണ്ണിനു വളമോ
അതോ ഒരു കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കമോ...
















Poster Courtesy: Abhayankar Abhay

(അഴിമുഖത്തിൽ  പ്രസിദ്ധീകരിച്ചത് - http://www.azhimukham.com/news/15916/organ-donation-india-doubts-process-people-anupama)

1) എങ്ങനെയാണ് അവയവദാനം നടത്തേണ്ടത്?

ഉ: താഴെ കാണുന്ന ലിങ്കുകളില്‍ ഏതിലെങ്കിലും പോയി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു Organ Donor Card വാങ്ങാവുന്നതാണ്. ഈ കാര്‍ഡ്‌ എപ്പോഴും കൈവശം വെക്കുക; അടുത്ത ബന്ധുക്കളെ അറിയിക്കൂകയും ചെയ്യുക.

http://donatelifeindia.org/register-your-decision/register-donor/ - ഇതില്‍ രജിസ്റ്റര്‍ ചെയ്താല്‍ വീട്ടിലേക്കു ഫ്രീ ആയി ഡോണര്‍ കാര്‍ഡ്‌ അയച്ചു കിട്ടും; ദേശീയതലത്തിലുള്ള സംരംഭമായതിനാൽ ഈ കാർഡ് ഇംഗ്ലീഷില്‍ ആയിരിക്കും. 

http://knos.org.in/DonorCard.aspx - ഇതിൽ രജിസ്റ്റർ ചെയ്‌താൽ മലയാളത്തിൽ പ്രിന്റ് ചെയ്തു കയ്യിൽ സൂക്ഷിക്കാവുന്ന ഡോണർ കാർഡ് ലഭിക്കും; ഇത് കേരളത്തിന്റെ രജിസ്ട്രി ആണ്.

2) മരണശേഷം എന്റെ അവയവദാനം നടക്കുമെന്ന് എങ്ങനെ ഉറപ്പു വരുത്തും?

ഉ: Donor Card വാങ്ങുമ്പോള്‍ തന്നെ ജീവിത പങ്കാളിയെയും മുതിര്‍ന്ന മക്കളെയും അച്ഛനമ്മമാരെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ഈ വിവരം അറിയിക്കുകയും ഇതാണ് തന്റെ ആഗ്രഹം എന്ന് വ്യക്തമാക്കുകയും ചെയ്യുക. അവരെ പറഞ്ഞു മനസ്സിലാക്കുക എന്നത് തന്നെയാണ് അവയവദാനത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റെപ്. അവയവദാനം കൊണ്ട് രക്ഷപ്പെടാവുന്ന മറ്റു ജീവനുകളെ പറ്റിയും ഇന്ത്യയിലെ അവയവദാനത്തിന്റെ കുറവിനെ പറ്റിയും ഒരു ബോധവല്‍കരണം നടത്തുക. 

3) എന്റെ മരണ ശേഷമുള്ള അവയവദാനത്തിനു വേണ്ടി ബന്ധുക്കള്‍ എന്താണ് ചെയ്യേണ്ടത് ?

ഉ: അവയവദാനത്തിനു Donor Card ഉള്ള വ്യക്തി ആണെങ്കില്‍ പോലും മരണശേഷം അവയവം ദാനം ചെയ്യേണമോ വേണ്ടയോ എന്ന തീരുമാനം അടുത്ത ബന്ധുക്കളുടെതാണ്. അത് കൊണ്ട് ബന്ധുക്കളുടെ സമ്മതവും സഹകരണവും പരമപ്രധാനമാണ്. മരണം സ്ഥിരീകരിക്കപ്പെട്ട ശേഷം അവയവദാനത്തിനു സമ്മതപത്രം എഴുതി കൊടുക്കാന്‍ തയ്യാറാണ് എന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചാല്‍ അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്യും; അച്ഛനമ്മമാര്‍, മക്കള്‍, ഭാര്യ/ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ സമ്മതപത്രം എഴുതി കൊടുക്കാന്‍ യോഗ്യതയുള്ള ബന്ധുക്കളില്‍ പെടുന്നു.

മരണപ്പെട്ട ആളുടെ മെഡിക്കല്‍ ഹിസ്റ്ററി വ്യക്തമായി അറിയിക്കേണ്ടതുണ്ട്; അണുബാധ, പകരുന്ന രോഗങ്ങള്‍ മുതലായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. ഇതിനൊക്കെ ടെസ്റ്റുകള്‍ നടത്തുമെങ്കിലും നേരത്തെ അറിയിക്കുന്നത് വിലപ്പെട്ട സമയവും ജീവനുകളും സംരക്ഷിക്കാന്‍ സഹായിക്കും.

4) ഏതൊക്കെ അവയവങ്ങള്‍ ദാനം ചെയ്യാം?

ഉ: താഴെ കാണുന്ന അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.

1. ഹൃദയം - ഹൃദയം പ്രവര്‍ത്തനരഹിതരായവരെയോ ജന്മനാ ഹൃദയത്തിനു പ്രശ്നങ്ങളുമായി പിറന്ന കുഞ്ഞുങ്ങളെയോ ഹൃദയം മാറ്റി വെക്കല്‍ ശസ്ത്രക്രിയ വഴി രക്ഷിക്കാന്‍ കഴിയും. 

 2. കരള്‍ - ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം കരളിന്റെ പ്രവര്‍ത്തനം നിലച്ച രോഗികള്‍ക്ക് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ സഹായകരമാകും. 

 3. വൃക്കകള്‍ - പ്രവര്‍ത്തനരഹിതമായ വൃക്കകള്‍ ശസ്ത്രക്രിയ വഴി മാറ്റി വെക്കാം. 

 4. ശ്വാസകോശം - ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ തടയുകയും രക്തം ഓക്സിജനുമായി കലരുന്നത് തടയുകയും ചെയ്യുന്ന രോഗങ്ങള്‍ക്ക് ശ്വാസകോശം മാറ്റിവയ്ക്കല്‍ നിര്‍ദ്ദേശിക്കുന്നു. ഉദാഹരണങ്ങൾ: COPD (Chronic Obstructive Pulmonary Disease അഥവാ ശ്വാസനാളിയിലെ തടസം) , Emphysema (പഴുപ്പ് ഉണ്ടാകുന്ന അവസ്ഥ), Cystic Fibrosis (ഇലാസ്റ്റികത നഷ്ട്ടപ്പെടുന്ന അവസ്ഥ).

 5. പാന്‍ ക്രിയാസ് - ഇന്‍സുലിന്‍ ഉണ്ടാക്കുന്ന ഗ്രന്ഥി ആണിത്; ഇന്‍സുലിന്റെ ഉല്പാദനത്തിലെ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന ഗൌരവമായ ടൈപ്പ് 2 പ്രമേഹ രോഗം ഉള്ള രോഗികളെ ഈ ഗ്രന്ഥി മാറ്റി വെക്കുന്നതിലൂടെ രക്ഷിക്കാം. 

 6. ടിഷ്യൂ (കല) - ശരീരത്തിലെ പല തരം ടിഷ്യൂസ് മാറ്റി വെക്കാവുന്നവയാണ്.

       - കോര്‍ണിയ - കണ്ണിന്റെ പുറം ഭാഗത്തുള്ള നേരിയ പാട ആണ് കോര്‍ണിയ. ഈ പാട ആണ് നേത്രദാനത്തോട് അനുബന്ധിച്ച് എടുക്കുന്നത്; കണ്ണ് എന്ന അവയവം മുഴുവന്‍ ആയിട്ടല്ല. കോര്‍ണിയയുടെ തകരാറു കൊണ്ട് കാഴ്ചയില്ലാത്ത രോഗികള്‍ക്ക് കാഴ്ച തിരിച്ചു കിട്ടാന്‍ ഇത് സഹായമാകും.

      - ത്വക്ക് - പൊള്ളലോ മുറിവുകളോ അണുബാധകളോ കാരണം ശരീരത്തിലെ തൊലി നഷ്ടപ്പെട്ട രോഗികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സഹായിക്കുന്നതാണ് ത്വക്ക് മാറ്റി വെക്കല്‍ ശസ്ത്രക്രിയ.

      - ഹൃദയ വാല്‍വുകള്‍ - വാല്‍വുകള്‍ ഹൃദയത്തിലെ രക്ത ചംക്രമണം നിയന്ത്രിക്കുന്നു. ജന്മനാ ഉള്ള തകരാറുകള്‍ മൂലമോ പ്രായാധിക്യം കാരണമോ മറ്റേതെങ്കിലും അണുബാധ കാരണമോ ഹൃദയ വാല്‍വുകളുടെ പ്രവര്‍ത്തനം തകരാറിലായ രോഗികളുടെ ജീവന്‍ വാല്‍വ് മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ രക്ഷിക്കാന്‍ കഴിയും. ഹൃദയം മുഴുവനായി എടുക്കാന്‍ കഴിയാത്ത കേസുകളിലും വാല്‍വ് മാത്രം എടുത്തു ഉപയോഗിക്കാന്‍ കഴിയും.

      - എല്ല് - പരിക്കുകള്‍, ട്യൂമര്‍ തുടങ്ങിയ കാരണങ്ങളാല്‍ എല്ല് മാറ്റി വെക്കേണ്ടി വരുന്ന രോഗികള്‍ക്ക് ഇത് ചലന ശേഷി തിരിച്ചു നല്‍കും. 

      - ടെന്‍ഡോണ്‍ (ചലന ഞരമ്പ്‌ അഥവാ സ്നായു) - അസ്ഥികളും മസിലുകളും തമ്മില്‍ യോജിപ്പിക്കുന്ന ടിഷ്യൂ ആണിത്. ഈ ടിഷ്യൂവിനു, അപകടം മൂലമോ മറ്റോ പരിക്ക് പറ്റി വേദന അനുഭവിക്കുന്ന രോഗികള്‍ക്കും മസില്‍ പ്രവര്‍ത്തനം തകരാറിലായ രോഗികള്‍ക്കും മാറ്റി വെക്കല്‍ ശസ്ത്രക്രിയ വഴി ആശ്വാസം ഉണ്ടാകും.

     - കാർട്ടിലേജ് (മൃദുലാസ്ഥി) - അസ്ഥികളുടെ ജോയിന്റ്കളിലും ചെവികളിലും മൂക്കിലും മറ്റും കാണപ്പെടുന്ന എല്ലിനേക്കാൾ മൃദു ആയതും മസിലി നേക്കാൾ കട്ടിയുള്ളതും ആയതാണ് കാർട്ടിലേജ്. അപകടം മൂലമോ മറ്റോ പരിക്ക് പറ്റി വേദന അനുഭവിക്കുന്ന രോഗികള്‍ക്കു മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്താം.

   - വെയിൻ (നാഡി അഥവാ ധമനി) - ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾക്ക് സംഭവിക്കുന്ന ചില തകരാറുകൾ മാറ്റി വെക്കല്‍ വഴി പരിഹരിക്കാം.

5) സാധാരണ മരണങ്ങളില്‍ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ സാധിക്കുമോ? അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയാത്ത കേസുകള്‍ ഉണ്ടോ?

ഉ: ഇല്ല. ഹൃദയം, കരള്‍, വൃക്കകള്‍, ശ്വാസകോശം, പാന്‍ ക്രിയാസ് എന്നിവ മാറ്റി വെക്കണമെങ്കില്‍ ഈ അവയവങ്ങള്‍ എടുക്കുന്ന സമയം വരെ ദാതാവിന്റെ ശരീരത്തില്‍ രക്ത ചംക്രമണം (for oxygen supply) ആവശ്യമാണ്‌; ഇക്കാരണത്താല്‍ മസ്തിഷ്കമരണം സംഭവിച്ച, വെന്റിലേറ്ററിന്റെ സഹായത്താല്‍ മാത്രം ശ്വസനവും രക്തചംക്രമണവും നിലനിര്‍ത്തപ്പെടുന്ന ദാതാവില്‍ നിന്ന് മാത്രമേ ഈ അവയവങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. 

സാധാരണ മരണങ്ങളില്‍ മരണപ്പെട്ടയാളിന്റെ ശരീരത്തില്‍ നിന്ന് ടിഷ്യൂ എടുക്കാന്‍ കഴിയും (കോര്‍ണിയ, ത്വക്ക്, ഹൃദയ വാല്‍വ്, എല്ല്, ടെന്‍ഡോണ്‍ എന്നിവ). ഹൃദയ വാല്‍വുകളും ടെന്‍ഡോണും അറുപതു വയസ്സിനു മേല്‍ പ്രായമുള്ള ദാതാവില്‍ നിന്ന് എടുക്കാന്‍ കഴിയില്ല; കോര്‍ണിയ, ത്വക്ക്, എല്ല് എന്നിവ എടുക്കാം. 

എച്ച് ഐവി, എയ്ഡസ്, കാന്‍സര്‍, ചില അണുബാധകള്‍, മയക്കു മരുന്നുപയോഗം എന്നിവയുള്ള ദാതാവിന്റെ അവയവങ്ങള്‍ സ്വീകരിക്കപ്പെടണമെന്നില്ല; കാന്‍സര്‍ രോഗികള്‍ക്ക് നേത്രദാനം ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളില്‍ ദാതാവിന്റെ ശരിയായ മെഡിക്കല്‍ ഹിസ്റ്ററി ഡോക്ടര്‍മാരെ അറിയിച്ച് അഭിപ്രായം വാങ്ങേണ്ടതാണ്. 

6) എങ്ങനെയാണു മസ്തിഷ്ക മരണം (Brain Death) ആണെന്ന് തീരുമാനിക്കപ്പെടുക?

ഉ: ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ THO Act (Transplantation of Human Organs Act) പ്രകാരമുള്ള ടെസ്റ്റുകള്‍ നടത്തി ഡോക്ടര്‍മാരാണ് ബ്രെയിന്‍ ഡെത്ത് ആണെന്ന് സര്‍ട്ടിഫൈ ചെയ്യേണ്ടത്.

രോഗി കിടക്കുന്ന ആശുപത്രിയില്‍ രോഗിയെ ചികില്‍സിക്കുന്ന ഡോക്ടറും, ആശുപത്രിയുടെ ചാര്‍ജ്‌ ഉള്ള ഡോക്ടറും (മെഡിക്കല്‍ സൂപ്രണ്ട്), ഗവണ്‍മെന്റ്റ് അംഗീകൃത പാനലില്‍ പെട്ട മറ്റു രണ്ടു ഡോക്ടര്‍മാരും ഈ ടെസ്റ്റുകളില്‍ പങ്കെടുക്കും; ഗവണ്‍മെന്റ്റ് അംഗീകൃത പാനലിലെ ഡോക്ടര്‍മാരില്‍ ഒരാള്‍ ന്യൂറോളജിസ്റ്റോ ന്യൂറോസര്‍ജനോ ഇന്റെന്‍സിവിസ്റ്റോ ആയിരിക്കണമെന്നും നിര്‍ബന്ധമാണ്.

MLC (Medical Legal Case) ആണെങ്കില്‍ പോലീസ്‌ ഡിപാര്‍ട്ട്മെന്റിനെയും വിവരം അറിയിക്കേണ്ടതുണ്ട് (വാഹനാപകടങ്ങള്‍, മറ്റു അപകടങ്ങള്‍,  കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നിവ)

7) അവയവങ്ങള്‍ വില്‍ക്കാന്‍ കഴിയുമോ?

ഉ: ഇല്ല. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ THO Act (Transplantation of Human Organs Act) പ്രകാരം അവയവങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കടുത്ത ശിക്ഷ (പിഴയും തടവും) അര്‍ഹിക്കുന്ന കുറ്റം ആണ്.

8) എന്തിന് അവയവ ദാനം ചെയ്യണം?

ഉ: ഇന്ത്യയില്‍ ഒരു ലക്ഷത്തി അമ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോള്‍ വൃക്കകള്‍ ആവശ്യമുണ്ട്. വര്‍ഷം അയ്യായിരത്തിൽ താഴെ പേര്‍ക്ക് മാത്രമേ വൃക്ക ലഭിക്കുന്നുള്ളൂ; അതായത് മുപ്പതില്‍ ഒരാള്‍ക്ക്‌.; എല്ലാ വര്‍ഷവും ആയിര കണക്കിനാളുകള്‍ അവയവദാനം ലഭിക്കാതെ മരിക്കുന്നു; വെയിറ്റിംഗ് ലിസ്റ്റിലെ 90% ശതമാനം പേരും അവയവദാനം ലഭിക്കാതെ മരിക്കുന്നു എന്നാണു കണക്ക്.

ഹൃദയവും കരളും മാറ്റി വെക്കേണ്ട ആവശ്യമുള്ള രോഗികളുടെയും എണ്ണം പെരുകി കൊണ്ടിരിക്കുന്നു. 25000-ത്തോളം പേര്‍ക്ക് ഇന്ത്യയില്‍ ഒരു വര്ഷം കരള്‍ മാറ്റി വെക്കേണ്ട ആവശ്യമുണ്ട്; പക്ഷെ 800-ഓളം കേസുകളില്‍ മാത്രമേ കരള്‍ ലഭിക്കുന്നുള്ളൂ; ഇതില്‍ തന്നെ 70% ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നാണ്; വെറും 30% മാത്രമാണ് മരണപ്പെട്ടവരില്‍ നിന്ന്.

ഇന്ത്യയില്‍ ഒരു പാട് മസ്തിഷ്ക മരണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അവയവ ദാനം നടക്കുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്; മരണ ശേഷമുള്ള അവയവദാനം കൂടിയാല്‍ ജീവിച്ചിരിക്കുന്നവര്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വൃക്കയോ കരളോ ദാനം ചെയ്യേണ്ടി വരുന്ന അവസ്ഥയും വളരെ കുറയും.

ടിഷ്യൂ ദാനത്തിലൂടെ വേദനയനുഭവിക്കുന്ന, ചലനശേഷിയില്ലാത്തതോ കാഴ്ചയില്ലാത്തതോ ആയ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയും; നേത്രദാനം പോലുള്ള ടിഷ്യൂ ദാനങ്ങള്‍ മരണശേഷം മാത്രമേ ചെയ്യാന്‍ കഴിയൂ എന്നതും മരണ ശേഷമുള്ള അവയവദാനത്ത്ന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

9) ഞാന്‍ അവയവദാനത്തിനു വേണ്ടി ജീവിച്ചിരിക്കുമ്പോള്‍ Donor Card വാങ്ങിയിട്ടില്ല. എന്റെ ബന്ധുക്കള്‍ക്ക് എന്റെ മരണശേഷം അവയവദാനം ചെയ്യാന്‍ കഴിയുമോ?

ഉ: തീര്‍ച്ചയായും. മരണശേഷം അവയവദാനം ചെയ്യേണമോ വേണ്ടയോ എന്ന തീരുമാനം ബന്ധുക്കളുടെതാണ്; മരണപ്പെട്ട വ്യക്തി അവയവദാനത്തിനു എഴുതി കൊടുത്തിട്ടില്ല എങ്കിലും ബന്ധുക്കള്‍ക്ക് മുന്‍കൈ എടുത്തു അത് ചെയ്യാവുന്നതാണ്. മരണമോ മസ്തിഷ്കമരണമോ സ്ഥിരീകരിക്കപ്പെട്ട ശേഷം അവയവദാനത്തിനു സമ്മത പത്രം എഴുതി കൊടുക്കാന്‍ തയ്യാറാണ് എന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചാല്‍ അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്യും; അച്ഛനമ്മമാര്‍, മക്കള്‍, ഭാര്യ/ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ സമ്മതപത്രം എഴുതി കൊടുക്കാന്‍ യോഗ്യതയുള്ള ബന്ധുക്കളില്‍ പെടുന്നു. 

10) അവയവദാനത്തിന് ശേഷം ശരീരം തിരിച്ചു തരുമോ?

ഉ: ശരീരം മുഴുവനായി ദാനം ചെയ്യാം; മെഡിക്കല്‍ റിസര്‍ച്ച്-നു വേണ്ടി. അപ്പോള്‍ ശരീരം വിട്ടു കിട്ടില്ല. അല്ലാത്ത കേസുകളില്‍ അവയവങ്ങള്‍ എടുത്തിട്ട് ശരീരം തിരിച്ചു തരും.

11) ഞാന്‍ പുറംരാജ്യത്തു ആണ് താമസിക്കുന്നത്. അവിടെ അവയവ ദാനത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വീണ്ടും ചെയ്യേണ്ടതുണ്ടോ?

ഉ: പുറംരാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് ഇന്ത്യയില്‍ ബാധകമല്ല; ഇന്ത്യയില്‍ വേറെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

12) രോഗബാധിതമായ ശരീരങ്ങളിൽ നിന്ന് അവയവങ്ങൾ സ്വീകരിക്കപ്പെടുമോ?

ഉ: എച്ച് ഐവി, എയ്ഡസ്, കാന്‍സര്‍, ചില അണുബാധകള്‍, മയക്കു മരുന്നുപയോഗം, ഹെപ്പറ്റൈറ്റിസ്, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ള ദാതാവിന്റെ അവയവങ്ങള്‍ സ്വീകരിക്കപ്പെടണമെന്നില്ല; കാന്‍സര്‍ രോഗികള്‍ക്ക് നേത്രദാനം ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളില്‍ ദാതാവിന്റെ ശരിയായ മെഡിക്കല്‍ ഹിസ്റ്ററി ഡോക്ടര്‍മാരെ അറിയിച്ച് അഭിപ്രായം വാങ്ങേണ്ടതാണ്. 

13) മരണത്തിനു ശേഷം എത്ര സമയം വരെ അവയവങ്ങൾ എടുക്കാൻ കഴിയും?

ഉ: ചില കേസുകളിൽ 24 മണിക്കൂർ വരെയും ചില കേസുകളിൽ 48 മണിക്കൂർ  വരെയും  അവയവങ്ങൾ എടുക്കാൻ കഴിയും. 

13) എല്ലാ അവയവങ്ങളും ദാനം ചെയ്‌താൽ തീർച്ചയായും ഉപയോഗിക്കപ്പെടുമോ?

ഉ: Rh ടൈപ്പ് - റീസസ് ഫാക്റ്റര്‍(+) നോക്കിയും ബ്ലഡ്‌ഗ്രൂപ്പ് നോക്കിയും മാത്രമേ അവയവം മാറ്റിവക്കാന്‍ കഴിയൂ. അവയവം സ്വീകരിക്കുന്ന വ്യക്തിയും അവയവദാനം ചെയ്യുന്ന വ്യക്തിയും ഒരേ ബ്ലഡ്‌ഗ്രൂപ്പ്‌ ആയിരിക്കണം (നേത്രദാനത്തിനൊഴികെ ).

മരണശേഷം എടുത്ത ടിഷ്യൂ (കലകൾ) ടിഷ്യൂബാങ്കിൽ സൂക്ഷിച്ചു പിന്നീട് ആവശ്യം വരുമ്പോൾ ഉപയോഗിക്കുക ആണ് ചെയ്യുക. എന്നാൽ ഹൃദയം, വൃക്കകൾ, കരൾ, ശ്വാസകോശങ്ങൾ, പാൻക്രിയാസ് എന്നിവ ബ്രെയിൻ ഡെത്ത് സംഭവിച്ച ദാതാവിന്റെ ശരീരത്തിൽ നിന്നെടുത്തു ഉടനെയേ ആവശ്യമുള്ള സ്വീകർത്താവിന്റെ ശരീരത്തിൽ  ഇംപ്ലാൻറ് ചെയ്യേണ്ടതുണ്ട്.

14)  ജീവിച്ചിരി ക്കുമ്പോൾ ദാനം ചെയ്യാവുന്ന അവയവങ്ങൾ ഏതൊക്കെയാണ്?

ഉ: ജീവിച്ചിരിക്കുന്ന വ്യക്തിക്ക് വൃക്ക, പാന്‍ക്രിയാസിന്റെ ഭാഗം, ശ്വാസകോശത്തിന്റെ ഭാഗം, കരളിന്റെ ഭാഗം, കുടലിന്റെ ഭാഗം എന്നിവ ദാനം ചെയ്യാം. കൂടാതെ ടിഷ്യൂസ് ദാനം ചെയ്യാം - സ്റ്റെം സെല്‍(, അസ്ഥി മജ്ജ (Bone Marrow), പ്രസവാനന്തരം പൊക്കിള്‍ കൊടിയിലെ കോശങ്ങള്‍), രക്തം എന്നിവ. ഒരു ഡോക്ടറുടെ ഉപദേശം ആദ്യം തേടേണ്ടതാണ്.

15) മരണശേഷം മെഡിക്കൽ റിസർച്ച് -നു വേണ്ടി ശരീരം ദാനം ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

ഉ: മരണശേഷമുള്ള അവയവദാനം ഓണ്‍ലൈൻ ആയി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാമെങ്കിലും മെഡിക്കൽ റിസർച്ച് -നു വേണ്ടി ശരീരം മുഴുവനായി ദാനം ചെയ്യുന്നത് കുറച്ചു കൂടി വലിയ പ്രോസെസ്സ് ആണ്.

ദാതാവിന്റെ പേര്, അഡ്രസ് തുടങ്ങിയവ വെച്ച് ഒരു അഫിദവിറ്റ് തയ്യാറാക്കണം; ഇതിനു ഏതെങ്കിലും നോട്ടറി വക്കീലിനെ സമീപിക്കാം; അവർ വിശദാംശങ്ങൾ തരും. അഫിദവിറ്റിൽ താൻ മരണശേഷം തന്റെ ശരീരം മെഡിക്കൽ വിദ്യാർഥികളുടെ റിസർച്ച് -നു വേണ്ടി വിട്ടു കൊടുക്കാൻ തയ്യാറാണെന്നു വ്യക്തമാക്കിയിരിക്കണം; ഏതു മെഡിക്കൽ കോളേജ് -നു കൊടുക്കണം എന്നും സൂചിപ്പിക്കാവുന്നതാണ്. ദാതാവും രണ്ടു സാക്ഷികളും ഒപ്പിടണം.