Saturday 16 November 2013

ആഘോഷത്തിമര്‍പ്പുകളില്‍ അമര്‍ന്നു പോകുന്ന ചില നിലവിളികള്‍


























Photo Courtesy: Pandiarajan/Mint (http://www.livemint.com/)

ബോധിയിൽ പ്രസിദ്ധീകരിച്ചത് - http://beta.bodhicommons.org/article/screams-that-are-lost-in-the-noise-of-celebrations

ഒന്ന് കാതോര്‍ക്കുകയെ വേണ്ടു, കേള്‍ക്കാമത്; പടക്കശാലകളില്‍ നിന്നും ചുവന്നതെരുവുകളില്‍ നിന്നുമുയരുന്ന ഇന്ത്യന്‍ ബാല്യത്തിന്റെ അമര്‍ത്തിയ നിലവിളികള്‍! ബാലവേല, ബാലവേശ്യാവൃത്തി, ഇവക്കും അവയവവില്പനയ്ക്കും ഭിക്ഷാടനത്തിനും മറ്റുമായുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയാണ്. പലപ്പോഴും അധികാരികളുടെ കണ്‍മുന്‍പില്‍ അവരുടെ അറിവോടെ തന്നെ നടത്തപ്പെടുന്ന ഇത്തരം മനുഷ്യക്കച്ചവടങ്ങള്‍ തടയാന്‍ നമ്മുടെ നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും മറ്റു നിരീക്ഷണ, പ്രതിരോധ സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് അപമാനകരമാണ്. അപൂര്‍വമായി ഇവയില്‍ നിന്ന് രക്ഷപ്പെട്ടു പോരുന്ന ചെറിയൊരു ശതമാനത്തെ പോലും സംരക്ഷിക്കാനും അവര്‍ക്ക് ശരിയായ പുനരധിവാസ സംവിധാനം ഏര്‍പ്പെടുത്താനും നമ്മുടെ വ്യവസ്ഥക്ക് കഴിയുന്നില്ലെന്നത് ഈ പ്രശ്നത്തെ നാം വേണ്ടത്ര ഗൌരവമായി സമീപിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ബാലവേശ്യാവൃത്തി:

പ്രായപൂര്‍ത്തിയാവാത്തവരുടെ വേശ്യാവൃത്തി ഇന്ത്യയില്‍ ഒരല്‍ഭുതമെയല്ല; ചുവന്ന തെരുവുകളിലും, രഹസ്യമായും പരസ്യമായും നടത്തപ്പെടുന്ന സെക്സ് റാക്കറ്റുകളിലും പ്രായപൂര്‍ത്തിയാവാത്തവര്‍ ധാരാളമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. 'ആധുനികകാലത്തെ അടിമത്തസമ്പ്രദായം' എന്നാണു വേശ്യാവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ മോചനത്തിനും പുനരധിവാസത്തിനുമായി പരിശ്രമിക്കുന്ന സുനിത കൃഷ്ണന്‍ ഈ ചൂഷണത്തെ വിശേഷിപ്പിച്ചത്. (മുന്‍പ് കണ്ടിട്ടില്ലാത്തവര്‍ സുനിത കൃഷ്ണന്റെ ഈ വീഡിയോ ഒന്ന് കാണുക - http://www.youtube.com/watch?v=jeOumyTMCI8). പുനരധിവാസശ്രമങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം ഈ സ്ത്രീകളെ തിരിച്ചു സ്വീകരിക്കാനുള്ള, അവരെ സാധാരണ വ്യക്തികളായി അംഗീകരിക്കാനുള്ള സമൂഹത്തിന്‍റെ വിസമ്മതം ആണെന്നവര്‍ പറയുന്നു.

ഇന്ത്യയില്‍ വ്യക്തിപരമായ വേശ്യാവൃത്തി നിയമവിധേയമാണ്; അതായത് 'പ്രായപൂര്‍ത്തിയായ' രണ്ടു വ്യക്തികള്‍ തമ്മില്‍ പൂര്‍ണസമ്മതത്തോടെയുള്ള, പണമിടപാടിന്റെ അടിസ്ഥാനത്തിലുള്ള ലൈംഗികബന്ധത്തിനു നിയമതടസ്സങ്ങളില്ല എന്നര്‍ത്ഥം. എന്നാല്‍, ഇതില്‍ ഇടനിലക്കാരായോ മേല്‍നോട്ടക്കാരായോ ഏതെന്കിലും തരത്തില്‍ പണമിടപാടിന്റെ പങ്കു പറ്റുന്നവരായോ ഉള്ള മറ്റുള്ളവരുടെ ഇടപെടല്‍, വേശ്യാലയങ്ങള്‍ നടത്തല്‍, പൊതുസ്ഥലങ്ങളില്‍ വേശ്യാവൃത്തിക്കായുള്ള ക്ഷണം തുടങ്ങിയവ നിയമവിരുദ്ധമാണ്. ഇത്തരമൊരു നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ വേശ്യാവൃത്തിക്ക് വേണ്ടിയുള്ള ചൂഷണം അവസാനിപ്പിക്കുക എന്നതാണ്; എന്നാല്‍ ഈ നിയമം എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. ITPA (Immoral Trafficking Prevention Act) ഇവിടെ വായിക്കാം - https://drive.google.com/file/d/0BxxvdUuiUPGRbDBIWGRlVFdiSFU/edit?usp=sharing .

പന്ത്രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ ഇന്ത്യയില്‍ ബാലവേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണു Ministry of Women and Child Development (MWCD), Government of India യുടെ കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുപ്പതു ലക്ഷം പേരില്‍ 40% പ്രായപൂര്‍ത്തിയാവാത്തവര്‍ ആണ് എന്നാണു നിര്‍ണ്ണയം. 2008 ഇല്‍ ബ്രസീലില്‍ വെച്ച് നടന്ന 'World Congress III Against Sexual Exploitation of Children and Adolescents' ന്റെ ഭാഗമായി United Nations Offi ce of Drugs and Crime (UNODC) യുടെ സഹായത്തോട് കൂടി MWCD പ്രസിദ്ധീകരിച്ച ഇന്ത്യ കണ്‍ട്രി റിപ്പോര്‍ട്ട്‌ ഈ ലിങ്കില്‍ വായിക്കാം - https://drive.google.com/file/d/0BxxvdUuiUPGRRmlVdGpHeFU1alE/edit?usp=sharing. ചൈല്‍ഡ്‌ സെക്സ് ടൂറിസം എന്ന പ്രവണത ഇന്ത്യയില്‍ കൂടി വരുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു.

ബാലവേല:

പതിനാലു വയസ്സ് തികയാത്ത കുട്ടികള്‍ ജോലി ചെയ്യുന്നതിനെയാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിയമപരമായി ബാലവേല എന്ന് വിളിക്കുന്നത്‌. ചില സംസ്ഥാനങ്ങള്‍ ഇത് പതിനെട്ടു വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്; കേന്ദ്രതലത്തില്‍ പതിനെട്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
International Labour Organisation (ILO) ന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 6-14 വയസ്സ് വരെ ഏതു തരത്തിലുള്ള ബാലവേലയും നിരോധിക്കാനും 14-18 വയസ്സ് വരെ ചില ജോലികള്‍ ചെയ്യിക്കുന്നത് നിരോധിക്കാനുമാണ് തീരുമാനം.

കുട്ടികളെ കൊണ്ട് ചെയ്യിക്കാന്‍ പാടില്ലാത്ത ജോലികളുടെ ലിസ്റ്റും ലിസ്റ്റില്‍ ഇല്ലാത്ത ജോലികളുടെ കാര്യത്തില്‍ പിന്തുടരേണ്ട ജോലിസമയം തുടങ്ങിയ മറ്റു നിയമങ്ങളും Child Labor Act 1986 ഇല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്; ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRZ1dUNG5XSm81Q1k/edit?usp=sharing. ഇവയില്‍ മൈനുകള്‍, റെയില്‍വേ സ്റ്റേഷന്‍, പോര്‍ട്ടുകള്‍, അറവുശാലകള്‍, വര്‍ക്ക്‌ ഷോപ്പുകള്‍, നെയ്ത്തുശാലകള്‍, പടക്കനിര്‍മാണശാലകള്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റ്, പലതരത്തിലുള്ള ഫാക്ടറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍, വെല്‍ഡിംഗ്, സോമില്‍, പുകയില, പെസ്ടിസൈഡ്, ഇന്ഫെക്ടിസൈഡ് തുടങ്ങിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവയോ മറ്റു അപകടകരമായ സാഹചര്യങ്ങള്‍ ഉള്ളവയോ ആയ ജോലികള്‍ എന്നിവ ഉള്‍പ്പെടുന്നു. കുട്ടികളെ കൊണ്ട് ചെയ്യിക്കാന്‍ പാടില്ലാത്ത ജോലികളുടെ ലിസ്റ്റിലേക്ക് വീട്ടുവേല, ഹോട്ടല്‍, സ്പാ, മറ്റു വിനോദകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജോലികള്‍ എന്നിവ ചേര്‍ത്ത് കൊണ്ട് Child Labor Act Amentment 2006 നിലവില്‍ വരുത്തിയിട്ടുണ്ട്; ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRcTg3b3JxbWMxUTQ/edit?usp=sharing.

‘ഇതിലൊക്കെ ഇടപെടാന്‍ പോയാല്‍ കുഴപ്പമാവും' എന്ന ചിന്തയോടെ പലപ്പോഴും നാമൊക്കെ അറിഞ്ഞു കൊണ്ടു കണ്ണടക്കുന്ന ഒന്നാണ് ബാലവേല. മേലെ പറഞ്ഞ ലിസ്റ്റില്‍ പെടുന്ന ജോലികള്‍ കുട്ടികള്‍ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ടെങ്കിലും പ്രതികരിക്കാനോ റിപ്പോര്‍ട്ട്‌ ചെയ്യാനോ ഉള്ള സമയമോ സൌകര്യമോ ആരും കണ്ടെത്താറില്ല എന്നതാണ് വാസ്തവം. ദീപാവലിക്കും വിഷുവിനും പുതുവര്‍ഷത്തിനുമെല്ലാം പടക്കങ്ങളും പൂത്തിരികളും വാങ്ങി ആഘോഷിക്കുമ്പോള്‍ എത്ര കുഞ്ഞുങ്ങളുടെ കൈ പതിഞ്ഞ, അനധികൃതബാലവേലയുടെ ഉല്പന്നങ്ങളാണ് നാം പ്രോത്സാഹിപ്പിക്കുന്നത് എന്നോര്‍ത്താല്‍ ആഘോഷിക്കാനാവില്ലല്ലോ. ഹോട്ടലുകളിലും ധാബകളിലും മറ്റും ജോലി ചെയ്യുന്ന കുഞ്ഞുങ്ങളെ കണ്ടാലും കണ്ടില്ലെന്നു നടിച്ചു കൈ കഴുകി ബില്ലടച്ചു ഇറങ്ങിപ്പോകും.

റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പലരും തയാറായാലും ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ആ സാഹചര്യത്തില്‍ നിന്ന് നീക്കം ചെയ്തു അവരര്‍ഹിക്കുന്ന ബാല്യവും സാഹചര്യവും വിദ്യാഭ്യാസവും കൊടുത്തു സംരക്ഷിക്കാന്‍ പര്യാപ്തമായ സുരക്ഷിതമായ ഒരു സംവിധാനം ഇല്ലാത്തിടത്തോളം, ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക സാധ്യമല്ല എന്നതാണ് സത്യം. അനാഥാലയങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്നോട്ടത്തിലുമെല്ലാം കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ വ്യവസ്ഥയില്‍ കുഞ്ഞുങ്ങള്‍ എവിടെയാണ് സുരക്ഷിതര്‍ എന്നത് ഭയപ്പെടുത്തുന്ന ഒരു ചോദ്യമാണ്!

മനുഷ്യക്കടത്ത്:

പ്രായപൂര്‍ത്തി ആവാത്ത കുഞ്ഞുങ്ങളെ വേശ്യാവൃത്തിക്കും അവയവകച്ചവടത്തിനും ബാലവേലക്കും ഭിക്ഷാടനത്തിനും നിയവിരുദ്ധദത്തുകള്‍ക്കും ശൈശവവിവാഹങ്ങള്‍ക്കും മറ്റുയായി ട്രാഫിക്കിംഗ് നടത്തുന്നത് ഇന്ത്യയില്‍ അപൂര്‍വസംഭവമേയല്ല; മറിച്ച് ഇന്ത്യക്കകത്തും പുറത്തും ഉള്ള ശൃംഖലകള്‍ക്ക് ഒരു ട്രാന്‍സിറ്റ്പോയിന്റ്‌ ആയി കൂടിയാണ് ഇന്ത്യ എന്നാണു പറയപ്പെടുന്നത്‌. ഇന്ത്യയിലെ വലിയൊരു ശൃംഖല തന്നെയാണ് ഭിക്ഷാടനഗ്രൂപ്പുകള്‍. വഴിയരികിലും ട്രാഫിക്‌ പോയിന്റ്‌-ലും വീടുകളിലുമെല്ലാം വന്നു കുട്ടികള്‍ കൈനീട്ടുമ്പോള്‍  അല്പം പണം കൊടുത്തിട്ട് 'നല്ലൊരു കാര്യം ചെയ്തു' എന്ന ആത്മസംത്രുപ്തിയോടെ നാം മറന്നു പോകുന്നത് നമ്മുടെ കണ്‍മുമ്പില്‍ തന്നെ ചൂഷണവിധേയരാകുന്ന പിഞ്ചുമുഖങ്ങളെയാണ്. പലപ്പോഴും കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ തന്നെ കുട്ടികള്‍ വില്‍ക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു; ദാരിദ്ര്യമാണ് ഇതിനു ഒരു പ്രധാനകാരണം.

സാമ്പത്തികവും സമൂഹ്യവുമായി താഴെക്കിടയില്‍ നില്‍ക്കുന്ന വിഭാഗങ്ങളില്‍, വേശ്യാവൃത്തിയില്‍ ഉള്‍പ്പെടുന്നവരിലടക്കമുള്ളവരില്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ അലഭ്യതയും അറിവില്ലായ്മയും ആഗ്രഹിക്കാത്ത ഗര്‍ഭധാരണത്തിനും പ്രസവത്തിനും തുടര്‍ന്ന് ജനിച്ച കുഞ്ഞിനെ വിറ്റ് ഒഴിവാക്കുന്ന പ്രവണതക്കും കാരണമാവുന്നുണ്ട്. ഇത്തരം വിഭാഗങ്ങളുടെ കാര്യത്തില്‍ ശരിയായ ബോധവല്കരണം നടത്താനും സുരക്ഷിതം അല്ലാത്ത സാഹചര്യം ആണെങ്കില്‍ കുഞ്ഞുങ്ങളെ അവിടെ നിന്ന് നീക്കം ചെയ്തു സംരക്ഷിക്കാനുള്ള ഒരു അടച്ചുറപ്പുള്ള സംവിധാനം നമ്മുടെ വ്യവസ്ഥയില്‍ ഇല്ല എന്നത് ഇത്തരം പ്രശ്നങ്ങള്‍ ശരിയാം വിധം കൈകാര്യം ചെയ്യുന്നതില്‍ വലിയൊരു തടസ്സമാണ്.

ദത്തെടുക്കലിന്റെയും ഫോസ്റ്റര്‍ സമ്പ്രദായത്തിന്റെയും ആവശ്യകത:

കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളായി നിയമപരമായി ദത്തെടുക്കുന്ന വ്യവസ്ഥയാണ് ദത്തുസമ്പ്രദായം (Adoption); ഇത് വഴി കുഞ്ഞുങ്ങള്‍ക്ക്‌ ദത്തെടുക്കുന്ന രക്ഷിതാക്കളുടെ സ്വത്തില്‍ അവകാശവും ലഭിക്കുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ കുഞ്ഞുങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ സര്‍ക്കാര്‍ ധനസഹായത്തോടെ വ്യക്തികളും കുടുംബങ്ങളും താല്‍ക്കാലികമായി ഏറ്റെടുക്കുന്നതിനെയാണ് ഫോസ്റ്റര്‍ സമ്പ്രദായം എന്ന് പറയുന്നത് (ഒരുതരം താല്‍കാലിക ജോലി തന്നെ). പ്രായപൂര്‍ത്തിയായ ശേഷം ഫോസ്റ്റര്‍ രക്ഷിതാക്കള്‍ കുട്ടികളെ കൂടെ നിര്‍ത്തേണ്ടതില്ല; സ്വത്ത് പങ്കു വെക്കെണ്ടതുമില്ല. കുട്ടികളുടെ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണ്; സര്‍ക്കാര്‍ നിയമിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഇത്തരം ഫോസ്റ്റര്‍ കുടുംബങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുകയും കുട്ടികളുമായി ഇടപഴകുകയും കുട്ടികള്‍ ശരിയായി പരിപാലിക്കപ്പെടുന്നില്ല എന്നു കണ്ടാല്‍ അവരെ അവിടെ നിന്ന് മാറ്റുകയും ഫോസ്റ്റര്‍ രക്ഷിതാക്കള്‍ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായി റിപ്പോര്‍ട്ട്‌ ചെയ്തു നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും.

ദത്തെടുക്കല്‍ ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും വളരെ കര്‍ശനമായ സാഹചര്യങ്ങളില്‍ മാത്രമേ ആര്‍ക്കും ദത്തെടുക്കാന്‍ കഴിയുകയുള്ളൂ; ഉദാഹരണത്തിന് വേറെ കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ക്കും വിവാഹിതരല്ലാത്തവര്‍ക്കോ വിവാഹമോചിതര്‍ക്കോ വൈധവ്യം സംഭവിച്ചവര്‍ക്കോ ഒക്കെ ദത്തെടുക്കല്‍ പൊതുവേ സാധ്യമായേക്കില്ല. ഇത്തരം ദത്തെടുക്കലുകള്‍ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാകാം എന്നതു നിയമങ്ങള്‍ കടുപ്പം വരുത്താനുള്ള പ്രധാന കാരണമാണ്. പക്ഷെ നിരീക്ഷണ സംവിധാനങ്ങളുടെ കുറവും അപാകതയുമാണ് ഇവിടെ യഥാര്‍ത്ഥപ്രശ്നം; കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും കര്‍ശനമായ നിയമപരിരക്ഷയും ഉള്ളപ്പോള്‍ ചൂഷകരുടെ കയ്യില്‍ പെടാതെ കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും; അത്തരത്തിലുള്ള കെട്ടുറപ്പുള്ള സംവിധാനം നിലവില്‍ വരുത്തേണ്ടതുണ്ട്. പകരം സംഭവിക്കുന്നത് ദത്തെടുക്കല്‍ മൂലം നല്ലൊരു ജീവിതം ലഭിച്ചേക്കാവുന്ന കുട്ടികള്‍ പോലും അനാഥാലയങ്ങളില്‍ അവഗണനയും പലപ്പോഴും പീഡനങ്ങളും സഹിച്ചു വളരുക എന്നതാണ്.

അനാഥരായ കുഞ്ഞുങ്ങള്‍ക്ക് സാധാരണ കുടുംബങ്ങളിലെ അന്തരീക്ഷം ലഭ്യമാക്കാനും അവരുടെ വളര്‍ച്ചയെ സഹായിക്കാനുമുള്ള ഒരു വ്യവസ്ഥ ആണ് ഫോസ്റ്റര്‍ സമ്പ്രദായം; അനാഥാലയങ്ങളെക്കാള്‍ കുടുംബസാഹചര്യം ആണ് കുഞ്ഞുങ്ങള്‍ക്ക്‌ നല്ലത് എന്നതാണ് ഇത്തരമൊരു വ്യവസ്ഥയുടെ പ്രചോദനം. ഇത് ഇന്ത്യയില്‍ നിലവിലില്ല; പല വികസിത രാജ്യങ്ങളിലും ഇത് ഗവണ്‍മെന്റിന്റെ കൃത്യമായ ഇടപെടലോടെയും മേല്‍നോട്ടത്തോടെയും വളരെ ഫലപ്രദമായി നടത്തി വരുന്നുണ്ട്. Adoption-ന്റെ കാര്യത്തിലെന്ന പോലെ ഫലപ്രദമായ ഒരു നിരീക്ഷണസംവിധാനം ആദ്യമേ നിലവില്‍ വരുത്താതെ ഇത്തരമൊരു സംരംഭം വിജയകരമായി നടപ്പിലാക്കാന്‍ കഴിയില്ല.

സൌജന്യവിദ്യാഭ്യാസം:

ശൈശവത്തിലും ബാല്യത്തിലും സംരക്ഷണവും പോഷകാഹാരവും, 6 തൊട്ടു 14 വയസ്സ് വരെയുള്ള സൌജന്യവിദ്യാഭ്യാസവും ഓരോ കുഞ്ഞിന്റെയും ഭരണഘടനാപരമായ അവകാശമാണ്; ഭരണഘടന ഇതുറപ്പു നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21A പറയുന്നത് "21A. The State shall provide free and compulsory education to all children of the age of six to fourteen years in such manner as the State may, by law, determine." എന്നാണ് (Right of Children to Free and Compulsory Education Act); ആര്‍ട്ടിക്കിള്‍ 51A യിലേക്ക് ചേര്‍ക്കപ്പെട്ട ക്ലോസ് k പറയുന്നത് "(k) who is a parent or guardian to provide opportunities for education to his child or, as the case may be, ward between the age of six and fourteen years." എന്നും മാറ്റം വരുത്തിയ ആര്‍ട്ടിക്കിള്‍ 45 പറയുന്നത് "45. The State shall endeavor to provide early childhood care and education for all children until they complete the age of six years." എന്നുമാണ്.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഫലപ്രദമായ നിരീക്ഷണസംവിധാനങ്ങളും പുനരധിവാസത്തിന് ഫലപ്രദമായ സംവിധാനങ്ങളും മറ്റും ഏര്‍പ്പെടുത്തേണ്ടതും ഗവണ്‍മെന്റിന്റെ ഭരണഘടനാപരമായ കടമ തന്നെ ആണ് എന്നാണു ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പില്‍ വരുത്താനുള്ള സംവിധാനങ്ങള്‍ ഇനിയും നമ്മുടെ രാജ്യത്തില്ല; നിയമങ്ങള്‍ കൊണ്ട് വരുക മാത്രമല്ല, അവ ഫലപ്രദമായി നടപ്പിലാക്കുക എന്നതും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണെന്നതും അതിനു വേണ്ടിയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കെണ്ടതു നാമടക്കമുള്ള പൊതുസമൂഹത്തിന്റെ ധാര്‍മികമായ കടമയാണെന്നതും സൌകര്യപൂര്‍വ്വം മറക്കപ്പെടുക തന്നെ ചെയ്യുന്നു. നിസ്സഹായരായ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഒന്നും ‘ജീവകാരുണ്യപ്രവര്‍ത്തനം’ അല്ല; ആയിരിക്കരുത്! അതൊരു സാമൂഹ്യനീതിയാണ്; മൌലികാവകാശവും!

Saturday 9 November 2013

കൃഷ്ണപ്രിയയും രാഹുലും അക്സയും പേരറിയാക്കുഞ്ഞുങ്ങളും വിരല്‍ ചൂണ്ടുന്നത്


ആരവത്തിൽ പ്രസിദ്ധീകരിച്ചത് - http://aaravam.in/crimes_kerala/

2001-ഇല്‍ അയല്‍ക്കാരനാല്‍ ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണപ്രിയയെയും മകളുടെ ഘാതകനെ വെടി വെച്ച് കൊന്നതായി ആരോപിക്കപ്പെടുകയും കോടതി വെറുതെ വിടുകയും ചെയ്ത അച്ഛന്‍ ശങ്കരനാരായണനെയും മലപ്പുറം ജില്ലക്കാരെങ്കിലും മറന്നു കാണില്ല. പതിനൊന്നുകാരനായ മകന്‍ അച്ഛന്റെ പുനര്‍വിവാഹത്തിനു തടസ്സമാകുമെന്ന ഭയത്തില്‍ ഉറങ്ങിക്കിടന്ന രാഹുലിനെ പിതൃ സഹോദരി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് ഈയിടെ അടുത്താണ്. അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു കൊന്ന നാല് വയസ്സുകാരി അക്സ ഇപ്പോഴും മാധ്യമങ്ങളുടെ ഓര്‍മയിലുണ്ട്. തിരൂരില്‍ അമ്മക്കരികില്‍ കടത്തിണ്ണയില്‍ ഉറങ്ങുമ്പോള്‍ ക്രൂരമായി കടിച്ചുകീറപ്പെട്ട മൂന്നു വയസ്സുകാരിയടക്കം പേരറിയാത്ത ആയിരക്കണക്കിന് ജീവിച്ചിരിക്കുന്നതും അല്ലാത്തവരുമായ  ഇരകള്‍, പത്രങ്ങളിലെ ഉള്‍പ്പേജുകളില്‍ ആരും കാണാതെ പോയി അതേപോലെ വിസ്മരിക്കപ്പെട്ടു പോകുന്ന വാര്‍ത്താപ്രാധാന്യം ഇല്ലാത്ത ‘സാധാരണ പീഡനങ്ങളിലെ' പേരോര്‍മ നില്‍ക്കാത്ത കുഞ്ഞുങ്ങള്‍, നമുക്ക് ചുറ്റും വെളിപ്പെടാതെ പോകുന്ന ബാലപീഡനകഥകളിലെ നിസ്സഹായരായ അനവധി നിഷ്കളങ്കമുഖങ്ങള്‍; ഇവരെല്ലാം വിരല്‍ ചൂണ്ടുന്നത്  നമ്മുടെയൊക്കെ നേര്‍ക്കാണെന്നോര്‍ത്തു ഉറക്കം നഷ്ടപ്പെടുക പോലും ചെയ്യാതെയാണ് നാമൊക്കെ ജീവിതത്തിന്റെ തിരക്കുകളില്‍ സ്വയം മറന്നു പോകുന്നത്!

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്കുകള്‍ കാണുക - http://www.keralapolice.org/newsite/crimein_stat.html. ഇതെല്ലാം രജിസ്റ്റര്‍ ചെയ്യപ്പെട്ടവ മാത്രം; കണക്കില്‍ പെടാതെ പോവുന്ന കുറ്റകൃത്യങ്ങള്‍ ഇതിലെത്രയോ ഇരട്ടി വരുമെന്ന് കണ്ണ് തുറന്നു ചുറ്റും നോക്കിയാല്‍ കാണാവുന്നതേ ഉള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പുതിയ കാലത്തിന്റെ സംഭാവനകള്‍ ആണ് എന്ന് ഈ കണക്ക് കണ്ടാല്‍ തോന്നിയേക്കാം; എന്നാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു; കേസുമായി മുന്നോട്ടു പോവാന്‍ കൂടുതല്‍ പേര്‍ ധൈര്യം കാണിക്കുന്നു എന്ന് മാത്രമേ ഇതിനെ പറ്റി കരുതാന്‍ നമ്മുടെ സാമൂഹ്യസാഹചര്യത്തില്‍ കഴിയൂ. കഴിഞ്ഞ തലമുറകളില്‍ പെട്ടവരില്‍ പരിചയമുള്ളവരില്‍ മാത്രം രഹസ്യമായി ഒരു കണക്കെടുത്താല്‍ അറിയാം (അവര്‍ തുറന്നു പറയാന്‍ തയ്യാറാകുന്നുവെങ്കില്‍) ബാല്യത്തിലെ അമര്‍ത്തി വെച്ച വേദനകളുടെയും നിസ്സഹായതയുടെയും ഭയത്തിന്റെയും നേര്‍രൂപം! ഇന്നത്തെ കുഞ്ഞുങ്ങളില്‍ ചിലര്‍ക്കെങ്കിലും അച്ഛനമ്മമാരോട് പലതും തുറന്നു പറയാന്‍ കഴിയുന്നു എന്നത് അല്പമെങ്കിലും ആശ്വാസം തരുന്ന ഒരു മാറ്റം തന്നെയാണ്. 

Ministry of women and Child Development, Govt. of India UNICEF-മായി ചേര്‍ന്ന് നടത്തിയ Study on Child Abuse India 2007 റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGROXpvaXhfLVhWajQ/edit?usp=sharing. ഇതിലെ കണ്ടെത്തലുകള്‍ ഹൃദയഭേദകമാണ്. പഠനത്തില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു കുഞ്ഞുങ്ങളും എന്തെങ്കിലും തരത്തിലുള്ള ശാരീരികപീഡനങ്ങള്‍ക്ക് വിധേയരാകുന്നു എന്ന് റിപ്പോര്‍ട്ട്‌ പറയുന്നു. വീടുകളില്‍ വെച്ച് പീഡനമേല്ക്കുന്നതില്‍ >88% കേസുകളിലും പീഡകര്‍ മാതാപിതാക്കള്‍ തന്നെയായിരുന്നു. 65% ശതമാനം കുഞ്ഞുങ്ങള്‍ സ്കൂളുകളില്‍ നിന്ന് ക്രൂരമായ ശിക്ഷകള്‍ ഏറ്റു വാങ്ങുന്നു; മൂന്നില്‍ രണ്ടു കുഞ്ഞുങ്ങള്‍ എന്ന അനുപാതം തന്നെ ഇവിടെയും. > 53% കുഞ്ഞുങ്ങള്‍ ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരായിരുന്നു; ഇതില്‍ പകുതി പേരുടെയും ചൂഷകര്‍ കുഞ്ഞുങ്ങള്‍ക്ക്‌ പരിചയമുള്ളവരും ഉത്തരവാദിത്വപ്പെട്ട, വിശ്വസിക്കാനും അനുസരിക്കാനും സമൂഹം ആവശ്യപ്പെടുന്ന സ്ഥാനങ്ങളില്‍ ഉള്ളവരും ആയിരുന്നു. കൂടുതല്‍ കുഞ്ഞുങ്ങളും ഈ വിവരം ആരോടും പറഞ്ഞില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. 

എന്ത് കൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ഇരകളുടെ നിസ്സഹായതയും പേറി നമുക്കിടയില്‍ തന്നെ നിശ്ശബ്ദരായി ജീവിക്കേണ്ടി വരുന്നത്? കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറച്ചു കാലത്തെ മാധ്യമവിചാരണകള്‍ക്കപ്പുറം എന്ത് കൊണ്ടാണ് വിസ്മരിക്കപ്പെടുന്നത്? കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഏറ്റെടുക്കുന്നതില്‍ കവിഞ്ഞു പ്രതിരോധമാര്‍ഗങ്ങളും നിരീക്ഷണസംവിധാനങ്ങളും എന്ത് കൊണ്ടാണ് ഫലപ്രദമായി പ്രവര്‍ത്തിക്കാത്തത്? 

ലൈംഗിക പീഡനങ്ങള്‍

അടുപ്പമുള്ള സ്ത്രീപുരുഷസുഹൃത്തുക്കളോട് തുറന്നു സംസാരിച്ചാല്‍ പലപ്പോഴും വെളിപ്പെടുന്ന ഒന്നാണ് ആരോടും പറയാനാവാതെ പോയ പല ലൈംഗികപീഡനങ്ങളും ചെറുപ്പത്തില്‍ പലരും അനുഭവിച്ചിരുന്നു എന്നത്. അയല്‍ക്കാരും ബന്ധുക്കളും മാതാപിതാക്കളുടെ സുഹൃത്തുക്കളും സ്കൂള്‍ ടീച്ചര്‍മാരും അടക്കമുള്ള, മുതിര്‍ന്നവര്‍ എന്ന കാരണത്താലോ കുടുംബത്തില്‍ അവര്‍ക്കുള്ള മറ്റു സ്ഥാനമാനങ്ങളാലോ സമൂഹം അധികാരസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നവരില്‍ നിന്നാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ പീഡനങ്ങള്‍ ഏല്‍ക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ തുറന്നു പറയാന്‍ ഭയപ്പെടും. ലൈംഗികപീഡനങ്ങളും തെറ്റായ സ്പര്‍ശങ്ങളും തിരിച്ചറിയാനുള്ള പ്രാഥമിക ലൈംഗികവിദ്യാഭ്യാസം നമ്മുടെ കുഞ്ഞുങ്ങള്‍ക്കില്ലാത്തത് ഒരു ഗുരുതരമായ പ്രശ്നമാണ്; എന്താണെന്നറിയാത്ത കാര്യത്തില്‍ കുഞ്ഞുങ്ങള്‍ എന്ത് പരാതി പറയാന്‍! ഈയവസ്ഥ അറിയാവുന്നത് കൊണ്ട് തന്നെ ചൂഷകര്‍ അത് മുതലെടുക്കുകയും ചെയ്യും. 

കുഞ്ഞുങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാക്കുന്ന അരക്ഷിതത്വബോധവും അത് വഴി ഉണ്ടായേക്കാവുന്ന സ്വഭാവവൈകല്യങ്ങളും നാം സാധാരണ പരിഗണിക്കാറില്ല. അച്ഛനമ്മമാരെ ഭയപ്പെടുന്നതിനു പകരം പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്ന രീതിയില്‍ അടുപ്പമുള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നാമിനിയും പഠിക്കേണ്ടതുണ്ട്. തുറന്നു പറയാന്‍ കഴിയുന്ന കുടുംബങ്ങളില്‍ പോലും, ഇരയെ മോശമായി ചിത്രീകരിക്കുന്ന സമൂഹമനസ്സാക്ഷി കാരണമാകാം, പലപ്പോഴും ഇതൊക്കെ മറന്നു കളയാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപദേശിക്കുന്ന മാതാപിതാക്കളാണ് കൂടുതലും. ഇവിടെ ഒരു മനശാസ്ത്രവിദഗ്ദ്ധന്‍റെ സഹായമെങ്കിലും കുഞ്ഞിനു ആവശ്യം വരും എന്ന് പലപ്പോഴും അവര്‍ മറന്നു പോകുന്നു; മനശാസ്ത്രവിദഗ്ദ്ധനെ എന്ത് കാര്യത്തിനായാലും സമീപിക്കുക എന്നത് തന്നെ പുരികം ചുളിച്ചു മാത്രം കാണുന്ന സമൂഹത്തില്‍ പ്രീത്യേകിച്ചും.

Human Rights Watch-ന്റെ ‘Breaking the silence - Child Sexual Abuse in India’ എന്ന പഠനം ഇവിടെ വായിക്കാം - https://drive.google.com/file/d/0BxxvdUuiUPGRLUMtdUtLR3lRRGM/edit?usp=sharing.

ശാരീരിക പീഡനങ്ങള്‍:

എന്റെ കുട്ടി വികൃതി കാട്ടിയാല്‍ ഒന്നടിക്കാനും എനിക്ക് അവകാശമില്ലേ, അതവന്‍/ള്‍ നന്നാവാനല്ലേ  എന്ന് വളരെ ആത്മാര്‍ഥമായി തന്നെ ചോദിക്കുകയും അപ്പറഞ്ഞത് ന്യായം തന്നെ എന്ന് കേള്‍ക്കുന്നവര്‍ തലയാട്ടുകയും ചെയ്യുന്ന സമൂഹമാണ് ഇന്നും നമ്മുടേത്. ഒപ്പം എന്റെ അച്ചനുമമ്മേം എന്നെയും അടിച്ചാ വളര്‍ത്തിയത്‌; എന്നിട്ടെന്താ ഞാന്‍ നന്നായില്ലേ എന്നൊരു മുടന്തന്‍ ന്യായവും പുറകെ വരും. കുഞ്ഞുങ്ങള്‍ രക്ഷിതാക്കളുടെ ‘സ്വകാര്യസ്വത്ത്' ആണെന്ന പൊതുബോധത്തില്‍ മാറ്റം വരാതെ കുഞ്ഞുങ്ങളുടെ മേല്‍ നടക്കുന്ന വലുതും ചെറുതുമായ ശാരീരികപീഡനങ്ങള്‍ക്ക് സ്ഥിരമായ ഒരു പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. അച്ഛനമ്മമാരുടെ ശിക്ഷകള്‍ മാത്രമല്ല; സ്കൂളുകളിലും മാനസികമായും ശാരീരികമായും കുട്ടികളെ തളര്‍ത്തുന്ന രീതിയിലുള്ള ശിക്ഷാരീതികള്‍ ഇന്നും തുടര്‍ന്ന് വരുന്നുണ്ട് എന്നത് നമ്മുടെ പരിഷ്കൃതസമൂഹത്തിനു തന്നെ അപമാനമാണ്. 

മുതിര്‍ന്നവര്‍ പറയുന്നത് എന്തായാലും അതിലെ ശരിയും തെറ്റും ചികയാതെ അനുസരിക്കുക എന്നാണു നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്; അതിലെ നീതി ചോദ്യം ചെയ്യുന്ന കുഞ്ഞുങ്ങളെ അഹംഭാവികള്‍ എന്ന് മുദ്രകുത്തി വീണ്ടും ശിക്ഷിക്കുന്നതും കാണാറുണ്ട്. മുതിര്‍ന്നവരുടെ സൌഹാര്‍ദപൂര്‍വമുള്ള മേല്‍നോട്ടവും ഇടപെടലും, കുട്ടികളുടെ പ്രായത്തിന്റെ പ്രത്യേകതകളെ മനസ്സിലാക്കി കൊണ്ടുള്ള നിയന്ത്രണങ്ങളും, ചോദ്യങ്ങള്‍ ചോദിക്കാനും സ്വതന്ത്രമായ വിലയിരുത്തലുകള്‍ നടത്താനുമുള്ള പ്രോത്സാഹനവും ഗൈഡന്‍സും നല്‍കുന്നതിന് പകരം, സഹജമായ കൌതുകങ്ങളെയും വാസനകളെയും അടിച്ചമര്‍ത്തി, അച്ഛനമ്മമാരുടെ ആഗ്രഹങ്ങള്‍ക്കും ‘ഭാവിപദ്ധതി'കള്‍ക്കുമനുസൃതമായി കുട്ടികളെ ‘രൂപപ്പെടുത്തി'യെടുക്കുകയാണ് നാം പൊതുവേ ചെയ്തു വരുന്നത്. 

കടുത്ത ശിക്ഷകളും ഭയം ജനിപ്പിക്കുന്ന ഭീഷണികളും കുഞ്ഞുങ്ങളുടെ മനസ്സിനും വ്യക്തിത്വത്തിനും ദൂരവ്യാപകമായ പ്രതിഫലങ്ങള്‍ ഉണ്ടാക്കിയേക്കും. ഒരു കുഞ്ഞിനെ ശാരീരികമായി വേദനിപ്പിച്ചു ശിക്ഷിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ കൊടുക്കുന്ന സന്ദേശം, മറ്റൊരാള്‍ ചെയ്യുന്നത് തെറ്റെന്നു തോന്നിയാല്‍ മുന്‍പിന്‍ നോക്കാതെ ശിക്ഷിക്കാന്‍ നമുക്കധികാരമുണ്ട് എന്നതാവാമെന്നു നാം പലപ്പോഴും മറന്നു പോകുന്നു. ‘നാട്ടുകാര്‍ കൈകാര്യം ചെയ്യുക' എന്ന രീതിയും സദാചാര പോലീസിംഗ്-ഉം മറ്റും നമ്മുടെ നാട്ടില്‍ കൂടുതലുള്ളതില്‍ അത്ഭുതപ്പെടാനില്ല. കഠിനമായ പീഡനങ്ങള്‍ അനുഭവിച്ചു വളരുന്ന കുഞ്ഞുങ്ങളില്‍ വളരുമ്പോള്‍ കുറ്റവാസനകളും മറ്റു സ്വഭാവവൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഈ വിഷയത്തിലെ ഒരു  പഠനം ഇവിടെ വായിക്കുക: Long-Term Consequences of Child Abuse and Neglect - https://drive.google.com/file/d/0BxxvdUuiUPGRVzdDVmlnTWhDM3c/edit?usp=sharing. ഈ പേപ്പര്‍ കടുത്ത ശിക്ഷകള്‍ കുട്ടികളുടെ സ്വഭാവത്തെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നതിനെ പറ്റിയാണ് - http://www.ncbi.nlm.nih.gov/pmc/articles/PMC2764296/

മതാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചേല്പിക്കല്‍:

നാം പലപ്പോഴും കണ്ണടക്കാന്‍ താല്പര്യം കാണിക്കുന്ന ഒന്നാണ് കുഞ്ഞുങ്ങളുടെ മതപരമായ ശിക്ഷണവും അതിന്റെ പേരില്‍ നടത്തപ്പെടുന്ന മാനസിക, ശാരീരിക പീഡനങ്ങളും. മതം ഒരു പൊള്ളുന്ന വിഷയം ആയത് കൊണ്ട് തന്നെ അതില്‍ കൈകടത്താന്‍ ഭരണകൂടമോ മറ്റു മനുഷ്യാവകാശസംഘടനകളോ ധൈര്യപ്പെടാറുമില്ല. മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്ന നാട്യത്തില്‍ മതത്തിന്റെയോ അന്ധവിശ്വാസങ്ങളുടെയോ പേരില്‍  കുഞ്ഞുങ്ങളുടെ മേല്‍ ആശാസ്യമല്ലാത്ത പലതും അടിച്ചേല്‍പ്പിക്കുക എന്നത് നമ്മുടെ സമൂഹത്തില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ദുഷ്പ്രവണതയാണ്. 

ഇതില്‍ ഒരു വിഭാഗം കൊച്ചു കുഞ്ഞുങ്ങളില്‍ ശാരീരികമായ മാറ്റങ്ങളും വേദനിപ്പിക്കുന്ന രീതിയിലുള്ള ചടങ്ങുകളും നടത്തുക എന്നതാണ്. ജൂതരും മുസ്ലിങ്ങളും ചെയ്തു വരുന്ന ലിംഗാഗ്രചര്‍മഛെദനം, മുരുകഭക്തര്‍ കാവടിയെടുക്കാന്‍ വേണ്ടി കൊച്ചുകുഞ്ഞുങ്ങളുടെ കവിളും ശരീരഭാഗങ്ങളും തുളക്കുന്നത്, മതങ്ങളുയോ ദൈവങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ പേരിലുള്ള പച്ചകുത്തലുകളും മറ്റുതരത്തിലുള്ള ശാരീരികമായ ബ്രാന്‍ഡിംഗുകളും, മതപാഠശാലകളിലെ പീഡനങ്ങള്‍ തുടങ്ങി മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അനീതികള്‍ അനവധിയാണ്. പ്രായപൂര്‍ത്തിയായ ശേഷം കുഞ്ഞുങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതു പോലെയല്ല അറിവില്ലാത്ത പ്രായത്തില്‍ മാതാപിതാക്കളുടെ ആചാരങ്ങള്‍, അതും ശാരീരികമായോ മാനസികമായോ ആഘാതങ്ങള്‍ ഉണ്ടാക്കുന്നവ, അടിച്ചേല്പ്പിക്കുന്നത്. 

മറ്റൊന്ന് അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയകാഴ്ചപ്പാടുകളുടെയും പേരില്‍ കുഞ്ഞുങ്ങള്‍ക്ക്‌ വാക്സിനേഷന്‍, ശാസ്ത്രീയചികില്‍സ മുതലായവ നിഷേധിക്കുകയോ അശാസ്ത്രീയചികിത്സകള്‍ക്ക് വിധേയമാക്കുകയോ ചെയ്യുക എന്നതാണ്. മതപരമായ വിശ്വാസങ്ങളും ശാസ്ത്രത്തോടുള്ള വികലമായ കാഴ്ചപ്പാടുകളും കാരണം കുട്ടികള്‍ക്കുണ്ടാവുന്ന മാരകരോഗങ്ങള്‍ക്ക് പോലും വിശ്വാസചികില്‍സകളെയും അശാസ്ത്രീയമായ ചികില്‍സാരീതികളെയും ആശ്രയിക്കുന്നവര്‍ ഏറെയുണ്ട്. പല വികസിതരാജ്യങ്ങളിലും കുട്ടികള്‍ക്ക് അറിഞ്ഞു കൊണ്ട് വിദഗ്ദ്ധചികില്‍സ നിഷേധിക്കുന്നത് ഗുരുതരമായ ക്രിമിനല്‍കുറ്റമായി തന്നെ കണക്കാക്കപ്പെടുകയും കുഞ്ഞുങ്ങള്‍ ഇക്കാരണത്താല്‍ മരണപ്പെട്ടാല്‍ കൊലപാതക കുറ്റത്തിന് രക്ഷിതാക്കളെ ശിക്ഷിക്കുകയും ചെയ്തുതുടങ്ങിയിട്ടുള്ളപ്പോള്‍ നമ്മുടെ നാട്ടില്‍ ഇത്തരം കേസുകള്‍ ഒട്ടും വെളിച്ചം കാണാതെ പോകുന്നു. കാരണം? മതാചാരം, അന്ധവിശ്വാസം തുടങ്ങിയ വിഷപ്പാമ്പുകളെ തൊട്ടു കളിക്കാന്‍ ആരും തയ്യാറില്ല തന്നെ! കുട്ടികളുടെ സുരക്ഷയെക്കാള്‍ രക്ഷിതാക്കളുടെ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമൂഹമാണ് നമ്മുടേത്!

വാക്സിന്‍ വിരോധം പല മതവിശ്വാസികളുടെയും കോണ്‍സ്പിറസി തിയറിസ്റ്റുകളുടെയും മുഖമുദ്രയാണ്. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത കോണ്‍സ്പിറസി തിയറികളുടെ പേരില്‍ വാക്സിനേഷന്‍ നിഷേധിക്കപ്പെടുന്നത് കാരണം കുഞ്ഞുങ്ങളുടെ ആരോഗ്യവും പലപ്പോഴും ജീവനും തന്നെയാണ് നാം അപകടത്തിലാക്കുന്നത്. ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ വാക്സിനേഷനെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ വായിക്കാം - http://www.apollolife.com/HealthTopics/ChildrensHealth/ImmunizationScheduleforYourChild.aspx. വാക്സിനേഷനിലെ പോരായ്മകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ ഇവിടെയും - http://www.indianpediatrics.net/mar2012/mar-203-223.htmMinistry of statistics and Programme Implementation, Govt. of India യുടെ ‘Children in India 2012’ റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRd3FmY2FILUNtMk0/edit?usp=sharing. ഇതില്‍ പറഞ്ഞിരിക്കുന്നത് 12-23 വയസ്സുള്ളവരില്‍ 61% പേര്‍ക്ക് മാത്രമേ full immunization ലഭിച്ചിട്ടുള്ളൂ എന്നാണ്. 

ഇതിനു പുറമേ വാക്സിനേഷനു പ്രായം ആയിട്ടില്ലാത്തതോ മുഴുവന്‍ വാക്സിനേഷന്‍ ഡോസുകളും ചെയ്തു കഴിഞ്ഞിട്ടില്ലാത്തതോ ആയ കുഞ്ഞുങ്ങളോട് വാക്സിനേഷന്‍ ചെയ്തിട്ടില്ലാത്തവര്‍ അടുത്തിടപഴകുന്നതും തടയേണ്ടതുണ്ട്. കാരണം അവരില്‍ ഈ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്‌ അവ എളുപ്പത്തില്‍ പകരാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങളോട് അടുത്തിടപഴകുന്ന എല്ലാവരും വാക്സിനേഷന്‍ ചെയ്തവര്‍ ആണെന്ന് നമ്മുടെ സാമൂഹ്യജീവിതത്തില്‍ നാം ഉറപ്പു വരുത്താറില്ല; അതെളുപ്പവുമല്ല. അത് കൊണ്ട് തന്നെ വാക്സിനേഷന്‍ ചെയ്യാതിരിക്കുക എന്നത് സ്വന്തം തീരുമാനവും താല്പര്യവും മാത്രമല്ല; അടുത്തിടപഴകുന്ന, വാക്സിനേഷന്‍ കഴിഞ്ഞിട്ടില്ലാത്ത കുട്ടികളോട് ചെയ്യുന്ന ദ്രോഹം കൂടിയാണെന്ന് ആരും ഓര്‍ക്കാറില്ല! വാക്സിനേഷന്‍ ചെയ്യാത്തവരോട് ഇത്രയേ പറയാനുള്ളൂ; നിങ്ങള്‍ ചെയ്യുന്നുവോ ഇല്ലയോ എന്നത് നിങ്ങളുടെ താല്പര്യം തന്നെ; എന്നാല്‍ ദയവു ചെയ്തു കുട്ടികളില്‍ നിന്ന് അകന്നു നില്‍ക്കുക; നിങ്ങളുടെ താല്പര്യം മറ്റൊരു കുട്ടിയുടെ ആരോഗ്യവും ജീവനും അറിഞ്ഞോ അറിയാതെയോ അപകടത്തിലാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക!

വിദ്യാഭ്യാസസമ്പ്രദായത്തിന്‍റെ അപാകതകള്‍:

നമ്മുടെ പ്രാഥമികവിദ്യാഭ്യാസസമ്പ്രദയം തൊഴിലധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത് എന്നത് നിര്‍ഭാഗ്യകരമാണ്; എതിര്‍ക്കപ്പെടെണ്ടതുമാണ്. കുഞ്ഞുങ്ങളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടാത്തതും സമൂഹത്തില്‍ ജീവിക്കാന്‍ അവരെ പര്യാപ്തമാക്കാന്‍ ഉതകാത്തതുമായ പ്രാഥമികവിദ്യാഭ്യാസം നമ്മുടെ കുട്ടികളില്‍ ഏല്‍പ്പിക്കുന്നത് ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള അപര്യാപ്തതയും പ്രായത്തിനു താങ്ങാവുന്നതിലുമപ്പുറമായ മാനസികസമ്മര്‍ദവുമാണ്.

പ്രാഥമികവിദ്യാഭ്യാസത്തില്‍ പൌരന്‍ എന്നാ രീതിയില്‍ ജീവിക്കാന്‍ ആവശ്യമായ അടിസ്ഥാനവിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത അനവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു അനിവാര്യത എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടേയില്ല. അവശ്യനിയമങ്ങളെ കുറിച്ചുള്ള അറിവ്, നിയമവ്യവസ്ഥയെ കുറിച്ചും അവകാശങ്ങളെയും കടമകളെയും കുറിച്ചുമുള്ള പ്രാഥമികവിവരങ്ങള്‍,  പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാവുമ്പോള്‍ പിന്തുടരേണ്ട ഹെല്‍പ്‌ലൈനുകളെ കുറിച്ചുള്ള ബോധനം, ചൂഷണങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനും പ്രാപ്തമാക്കും വിധമുള്ള അടിസ്ഥാന ലൈംഗികവിദ്യാഭ്യാസം തുടങ്ങിയ അനിവാര്യമായ വിഷയങ്ങള്‍ തുടങ്ങി സ്പോര്‍ട്സ്‌ പരിശീലനങ്ങളോടൊപ്പം തന്നെ നീന്തല്‍, ആത്മരക്ഷക്കും പ്രതിരോധത്തിനും ഉതകുന്ന മറ്റു തരത്തിലുള്ള പരിശീലനങ്ങള്‍ വരെ പ്രാഥമികവിദ്യാഭ്യാസസമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷകള്‍ക്കൊത്ത് മാര്‍ക്ക് നേടാനാവാതെയോ ശിക്ഷകള്‍ താങ്ങാനാവാതെയോ മാനസിക,ശാരീരിക,ലൈംഗികപീഡനങ്ങള്‍ ആരോടും പറയാന്‍ കഴിയാതെയോ ഒക്കെ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും പെരുകി വരുന്നു. എല്ലാ സ്കൂളുകളിലും ചൈല്‍ഡ്‌ കൌണ്‍സിലര്‍ പോസ്റ്റുകള്‍ കൊണ്ടുവരാനുള്ള ആവശ്യങ്ങള്‍ ഇത് വരെ സര്‍ക്കാര്‍ ഗൌരവമായി എടുത്തിട്ടില്ല എന്നത് ലജ്ജാകരമാണ്. തിരുവനന്തപുറത്തും ഏറണാകുളത്തും ഉള്ള ചില സ്കൂളുകളില്‍ മാത്രമാണ് റെഗുലര്‍ ആയി കുട്ടികള്‍ക്കുള്ള കൌണ്‍സിലിംഗ് സെഷന്‍സ് നടന്നു വരുന്നത് എന്നാണു കണ്ടെത്തല്‍; അതും സ്കൂളുകളുടെ മേധാവികള്‍ മുന്‍കൈ എടുക്കുന്നത് കൊണ്ടു മാത്രം. ഇതിനെ കുറിച്ചുള്ള ഒരു പത്ര റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം - http://www.deccanchronicle.com/130312/news-current-affairs/article/schools-dire-need-counsellors.

ബാലവിവാഹങ്ങള്‍:

പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പേ വിവാഹം ‘കഴിപ്പിച്ചു വിടുക' എന്നത് അപമാനകരമാം വിധം നാമിപ്പോഴും പിന്തുടരുന്ന ഒരു സമ്പ്രദായം ആണ്. ബാല്യകാലവും വിദ്യാഭ്യാസവും പ്രായപൂര്‍ത്തി ആവുമ്പോള്‍ സ്വയംപര്യാപ്തത നേടാനുള്ള പരിശീലനവും എല്ലാ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ ലജ്ജാകരമാം വിധം രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസൃതമായി മാത്രം കുട്ടികളുടെ ഭാവിജീവിതം തീരുമാനിക്കപ്പെടുന്ന, ബന്ധുജന, സാമൂഹ്യസമ്മര്‍ദം മൂലം  സ്വന്തമായി തീരുമാനമെടുക്കാന്‍ പലപ്പോഴും നിയമപരമായി പ്രയപൂര്‍ത്തിയായവര്‍ക്ക് പോലും കഴിയാത്ത ഒരു സമൂഹമാണ് ഇന്നും നമ്മുടേത്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പറയേണ്ടല്ലോ! ഇന്ത്യയിലെ ബാലവിവാഹത്തെ കുറിച്ചുള്ള UNICEF report ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRZWlLVy16ZC1iaUk/edit?usp=sharing.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും രാഷ്ട്രീയമായ ഉദാസീനതയും:

“എന്റെ കുഞ്ഞിന്റെ കാര്യം ഞാന്‍ നോക്കിക്കോളാം; അടിക്കാനും ശിക്ഷിക്കാനും എനിക്കവകാശമുണ്ട്" എന്ന തരത്തിലുള്ള ധാര്‍ഷ്ട്യപ്രസ്താവനകള്‍ക്ക് മുമ്പില്‍ “കുഞ്ഞുങ്ങള്‍ സമൂഹത്തിന്റെ ഭാവി കൂടിയാണ്; നാളത്തെ പൗരനാണ്; അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കൂടി കടമയാണ്, മറ്റേതു പൌരന്റെ കാര്യത്തിലും എന്ന പോലെ" എന്ന് പ്രതികരിക്കാന്‍ നമുക്കാര്‍ക്കും കഴിയാത്തതെന്തു കൊണ്ടാണ്? പ്രധാനമായും ഒരു ബദല്‍സംവിധാനം കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഉറപ്പു വരുത്താന്‍ നമ്മുടെ ഭരണകൂടത്തിനു ഇത് വരെ കഴിഞ്ഞിട്ടില്ല എന്നത് തന്നെ പ്രധാനകാരണം.

ശിശുക്ഷേമസമിതികള്‍. വാര്‍ഡ്‌ തല ജാഗ്രതാസമിതികള്‍, സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റ്, ബാലനീതി നിയമം, ബാലനീതി കമ്മീഷന്‍, ചൈല്‍ഡ്ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ തുടങ്ങി പല സംരംഭങ്ങളും ഗവണ്‍മെന്‍റ് മുന്നോട്ടു വെച്ചിട്ടുണ്ട്; പലതും നിലവിലുമുണ്ട്. എന്നാല്‍ ഇവയുടെയൊക്കെ വ്യാപ്തിയും കാര്യക്ഷമതയും പൊതുജനങ്ങള്‍ക്കിടയിലെ അവബോധവും എല്ലാം പരിതാപകരമാം വിധം കുറവാണ്. കുട്ടികളുടെ മൌലികാവകാശങ്ങളെ എടുക്കേണ്ടത്ര ഗൌരവമായി ഗവണ്‍മെന്റോ സമൂഹമോ എടുക്കുന്നില്ല; മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ കുറ്റകരമായ മൌനം പാലിക്കുന്നു. മാധ്യമങ്ങള്‍ ആഘോഷിച്ച ഒരു ശിശുപീഡനകേസിന്‍റെ അലകളോടുങ്ങുമ്പോള്‍ നിന്നുപോകുന്ന താല്പര്യവും ജാഗ്രതയും മാത്രം കൊണ്ട് ഫലപ്രദമായ സ്ഥിരതയുള്ള പരിഹാര സംവിധാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ മാത്രം ഒരു രാഷ്ട്രീയപ്രയത്നമോ പോരാട്ടമോ ഒന്നും  ഇക്കാര്യത്തില്‍ ഉയര്‍ന്നു വരുന്നില്ല; അത്തരമൊരു ഇടപെടല്‍ വളരെ അത്യന്താപേക്ഷിതവുമാണ്.

6 തൊട്ടു 14 വയസ്സ് വരെയുള്ള സംരക്ഷണവും വിദ്യാഭ്യാസവും ഓരോ കുഞ്ഞിന്റെയും ഭരണഘടനാപരമായ അവകാശമാണ്; ഭരണഘടന ഇതുറപ്പു നല്‍കുന്നുണ്ട്.; അത് നടപ്പിലാക്കേണ്ടത് മാതാപിതാക്കളുടെയും (അവരുണ്ടെങ്കില്‍) അതുറപ്പ് വരുത്തേണ്ടത് ഗവണ്‍മെന്റിന്‍റെയും ഉത്തരവാദിത്വവുമാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നികുതിക്കാശു ശരിയാം വിധം ചെലവഴിക്കേണ്ടതും ഫലപ്രദമായ നിരീക്ഷണസംവിധാനങ്ങളും കുട്ടികളുടെ പുനരധിവാസം ആവശ്യം വരികയാണെങ്കില്‍ ദത്തു/ ഫോസ്റ്റര്‍ സംവിധാനങ്ങളും അവക്കുള്ള മേല്‍നോട്ട സംവിധാനവും മറ്റും ഏര്‍പ്പെടുത്തേണ്ടതും ഗവണ്‍മെന്റിന്റെ ഭരണഘടനാപരമായ കടമ തന്നെ ആണെന്ന് സാരം.

എന്നാല്‍ ഈ വിഷയത്തിലെ പൊതു അവബോധവും രാഷ്ട്രീയ സമ്മര്‍ദവും കുറവായത് കൊണ്ടായിരിക്കണം പാര്‍ശ്വവല്ക്കരിക്കപ്പെടുന്നവരിലെ പ്രധാനവിഭാഗം ആണ് ഇപ്പോഴും നമ്മുടെ കുട്ടികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ലെന്ന് നാം ഓര്‍ക്കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ്; വാര്‍ത്തയുടെ ചൂടാറുമ്പോള്‍ അത് വീണ്ടും വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ മാറ്റം വരുത്തേണ്ടത് പൊതുസമൂഹത്തിന്റെ മുഴുവനായും കുട്ടികളുടെ മൌലികാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം നയിക്കേണ്ടത് ചുരുങ്ങിയത് അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷത്തു നില്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയെങ്കിലും കടമയുമാണ്.

     And a woman who held a babe against her bosom said, 
     "Speak to us of Children." And he said: 
      Your children are not your children. 
      They are the sons and daughters of Life's longing for itself. 
      They come through you but not from you, 
      And though they are with you, yet they belong not to you. 
      You may give them your love but not your thoughts. 
      For they have their own thoughts. 
      You may house their bodies but not their souls, 
      For their souls dwell in the house of tomorrow, 
      which you cannot visit, not even in your dreams. 
      You may strive to be like them, but seek not to make them like you. 
      For life goes not backward nor tarries with yesterday. 
      You are the bows from which your children as living arrows are sent forth. 
      The archer sees the mark upon the path of the infinite, 
      And He bends you with His might that His arrows may go swift and far. 
      Let your bending in the archer's hand be for gladness; 
      For even as he loves the arrow that flies, so He loves also the bow that is stable.  

 - The Prophet, Kahlil Gibran -

Image courtesy of Harmony Foundation