Saturday 16 November 2013

ആഘോഷത്തിമര്‍പ്പുകളില്‍ അമര്‍ന്നു പോകുന്ന ചില നിലവിളികള്‍


























Photo Courtesy: Pandiarajan/Mint (http://www.livemint.com/)

ബോധിയിൽ പ്രസിദ്ധീകരിച്ചത് - http://beta.bodhicommons.org/article/screams-that-are-lost-in-the-noise-of-celebrations

ഒന്ന് കാതോര്‍ക്കുകയെ വേണ്ടു, കേള്‍ക്കാമത്; പടക്കശാലകളില്‍ നിന്നും ചുവന്നതെരുവുകളില്‍ നിന്നുമുയരുന്ന ഇന്ത്യന്‍ ബാല്യത്തിന്റെ അമര്‍ത്തിയ നിലവിളികള്‍! ബാലവേല, ബാലവേശ്യാവൃത്തി, ഇവക്കും അവയവവില്പനയ്ക്കും ഭിക്ഷാടനത്തിനും മറ്റുമായുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയാണ്. പലപ്പോഴും അധികാരികളുടെ കണ്‍മുന്‍പില്‍ അവരുടെ അറിവോടെ തന്നെ നടത്തപ്പെടുന്ന ഇത്തരം മനുഷ്യക്കച്ചവടങ്ങള്‍ തടയാന്‍ നമ്മുടെ നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും മറ്റു നിരീക്ഷണ, പ്രതിരോധ സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് അപമാനകരമാണ്. അപൂര്‍വമായി ഇവയില്‍ നിന്ന് രക്ഷപ്പെട്ടു പോരുന്ന ചെറിയൊരു ശതമാനത്തെ പോലും സംരക്ഷിക്കാനും അവര്‍ക്ക് ശരിയായ പുനരധിവാസ സംവിധാനം ഏര്‍പ്പെടുത്താനും നമ്മുടെ വ്യവസ്ഥക്ക് കഴിയുന്നില്ലെന്നത് ഈ പ്രശ്നത്തെ നാം വേണ്ടത്ര ഗൌരവമായി സമീപിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ബാലവേശ്യാവൃത്തി:

പ്രായപൂര്‍ത്തിയാവാത്തവരുടെ വേശ്യാവൃത്തി ഇന്ത്യയില്‍ ഒരല്‍ഭുതമെയല്ല; ചുവന്ന തെരുവുകളിലും, രഹസ്യമായും പരസ്യമായും നടത്തപ്പെടുന്ന സെക്സ് റാക്കറ്റുകളിലും പ്രായപൂര്‍ത്തിയാവാത്തവര്‍ ധാരാളമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. 'ആധുനികകാലത്തെ അടിമത്തസമ്പ്രദായം' എന്നാണു വേശ്യാവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ മോചനത്തിനും പുനരധിവാസത്തിനുമായി പരിശ്രമിക്കുന്ന സുനിത കൃഷ്ണന്‍ ഈ ചൂഷണത്തെ വിശേഷിപ്പിച്ചത്. (മുന്‍പ് കണ്ടിട്ടില്ലാത്തവര്‍ സുനിത കൃഷ്ണന്റെ ഈ വീഡിയോ ഒന്ന് കാണുക - http://www.youtube.com/watch?v=jeOumyTMCI8). പുനരധിവാസശ്രമങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം ഈ സ്ത്രീകളെ തിരിച്ചു സ്വീകരിക്കാനുള്ള, അവരെ സാധാരണ വ്യക്തികളായി അംഗീകരിക്കാനുള്ള സമൂഹത്തിന്‍റെ വിസമ്മതം ആണെന്നവര്‍ പറയുന്നു.

ഇന്ത്യയില്‍ വ്യക്തിപരമായ വേശ്യാവൃത്തി നിയമവിധേയമാണ്; അതായത് 'പ്രായപൂര്‍ത്തിയായ' രണ്ടു വ്യക്തികള്‍ തമ്മില്‍ പൂര്‍ണസമ്മതത്തോടെയുള്ള, പണമിടപാടിന്റെ അടിസ്ഥാനത്തിലുള്ള ലൈംഗികബന്ധത്തിനു നിയമതടസ്സങ്ങളില്ല എന്നര്‍ത്ഥം. എന്നാല്‍, ഇതില്‍ ഇടനിലക്കാരായോ മേല്‍നോട്ടക്കാരായോ ഏതെന്കിലും തരത്തില്‍ പണമിടപാടിന്റെ പങ്കു പറ്റുന്നവരായോ ഉള്ള മറ്റുള്ളവരുടെ ഇടപെടല്‍, വേശ്യാലയങ്ങള്‍ നടത്തല്‍, പൊതുസ്ഥലങ്ങളില്‍ വേശ്യാവൃത്തിക്കായുള്ള ക്ഷണം തുടങ്ങിയവ നിയമവിരുദ്ധമാണ്. ഇത്തരമൊരു നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ വേശ്യാവൃത്തിക്ക് വേണ്ടിയുള്ള ചൂഷണം അവസാനിപ്പിക്കുക എന്നതാണ്; എന്നാല്‍ ഈ നിയമം എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. ITPA (Immoral Trafficking Prevention Act) ഇവിടെ വായിക്കാം - https://drive.google.com/file/d/0BxxvdUuiUPGRbDBIWGRlVFdiSFU/edit?usp=sharing .

പന്ത്രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ ഇന്ത്യയില്‍ ബാലവേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണു Ministry of Women and Child Development (MWCD), Government of India യുടെ കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുപ്പതു ലക്ഷം പേരില്‍ 40% പ്രായപൂര്‍ത്തിയാവാത്തവര്‍ ആണ് എന്നാണു നിര്‍ണ്ണയം. 2008 ഇല്‍ ബ്രസീലില്‍ വെച്ച് നടന്ന 'World Congress III Against Sexual Exploitation of Children and Adolescents' ന്റെ ഭാഗമായി United Nations Offi ce of Drugs and Crime (UNODC) യുടെ സഹായത്തോട് കൂടി MWCD പ്രസിദ്ധീകരിച്ച ഇന്ത്യ കണ്‍ട്രി റിപ്പോര്‍ട്ട്‌ ഈ ലിങ്കില്‍ വായിക്കാം - https://drive.google.com/file/d/0BxxvdUuiUPGRRmlVdGpHeFU1alE/edit?usp=sharing. ചൈല്‍ഡ്‌ സെക്സ് ടൂറിസം എന്ന പ്രവണത ഇന്ത്യയില്‍ കൂടി വരുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു.

ബാലവേല:

പതിനാലു വയസ്സ് തികയാത്ത കുട്ടികള്‍ ജോലി ചെയ്യുന്നതിനെയാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിയമപരമായി ബാലവേല എന്ന് വിളിക്കുന്നത്‌. ചില സംസ്ഥാനങ്ങള്‍ ഇത് പതിനെട്ടു വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്; കേന്ദ്രതലത്തില്‍ പതിനെട്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
International Labour Organisation (ILO) ന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 6-14 വയസ്സ് വരെ ഏതു തരത്തിലുള്ള ബാലവേലയും നിരോധിക്കാനും 14-18 വയസ്സ് വരെ ചില ജോലികള്‍ ചെയ്യിക്കുന്നത് നിരോധിക്കാനുമാണ് തീരുമാനം.

കുട്ടികളെ കൊണ്ട് ചെയ്യിക്കാന്‍ പാടില്ലാത്ത ജോലികളുടെ ലിസ്റ്റും ലിസ്റ്റില്‍ ഇല്ലാത്ത ജോലികളുടെ കാര്യത്തില്‍ പിന്തുടരേണ്ട ജോലിസമയം തുടങ്ങിയ മറ്റു നിയമങ്ങളും Child Labor Act 1986 ഇല്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്; ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRZ1dUNG5XSm81Q1k/edit?usp=sharing. ഇവയില്‍ മൈനുകള്‍, റെയില്‍വേ സ്റ്റേഷന്‍, പോര്‍ട്ടുകള്‍, അറവുശാലകള്‍, വര്‍ക്ക്‌ ഷോപ്പുകള്‍, നെയ്ത്തുശാലകള്‍, പടക്കനിര്‍മാണശാലകള്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റ്, പലതരത്തിലുള്ള ഫാക്ടറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍, വെല്‍ഡിംഗ്, സോമില്‍, പുകയില, പെസ്ടിസൈഡ്, ഇന്ഫെക്ടിസൈഡ് തുടങ്ങിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവയോ മറ്റു അപകടകരമായ സാഹചര്യങ്ങള്‍ ഉള്ളവയോ ആയ ജോലികള്‍ എന്നിവ ഉള്‍പ്പെടുന്നു. കുട്ടികളെ കൊണ്ട് ചെയ്യിക്കാന്‍ പാടില്ലാത്ത ജോലികളുടെ ലിസ്റ്റിലേക്ക് വീട്ടുവേല, ഹോട്ടല്‍, സ്പാ, മറ്റു വിനോദകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജോലികള്‍ എന്നിവ ചേര്‍ത്ത് കൊണ്ട് Child Labor Act Amentment 2006 നിലവില്‍ വരുത്തിയിട്ടുണ്ട്; ഇവിടെ വായിക്കുക - https://drive.google.com/file/d/0BxxvdUuiUPGRcTg3b3JxbWMxUTQ/edit?usp=sharing.

‘ഇതിലൊക്കെ ഇടപെടാന്‍ പോയാല്‍ കുഴപ്പമാവും' എന്ന ചിന്തയോടെ പലപ്പോഴും നാമൊക്കെ അറിഞ്ഞു കൊണ്ടു കണ്ണടക്കുന്ന ഒന്നാണ് ബാലവേല. മേലെ പറഞ്ഞ ലിസ്റ്റില്‍ പെടുന്ന ജോലികള്‍ കുട്ടികള്‍ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ടെങ്കിലും പ്രതികരിക്കാനോ റിപ്പോര്‍ട്ട്‌ ചെയ്യാനോ ഉള്ള സമയമോ സൌകര്യമോ ആരും കണ്ടെത്താറില്ല എന്നതാണ് വാസ്തവം. ദീപാവലിക്കും വിഷുവിനും പുതുവര്‍ഷത്തിനുമെല്ലാം പടക്കങ്ങളും പൂത്തിരികളും വാങ്ങി ആഘോഷിക്കുമ്പോള്‍ എത്ര കുഞ്ഞുങ്ങളുടെ കൈ പതിഞ്ഞ, അനധികൃതബാലവേലയുടെ ഉല്പന്നങ്ങളാണ് നാം പ്രോത്സാഹിപ്പിക്കുന്നത് എന്നോര്‍ത്താല്‍ ആഘോഷിക്കാനാവില്ലല്ലോ. ഹോട്ടലുകളിലും ധാബകളിലും മറ്റും ജോലി ചെയ്യുന്ന കുഞ്ഞുങ്ങളെ കണ്ടാലും കണ്ടില്ലെന്നു നടിച്ചു കൈ കഴുകി ബില്ലടച്ചു ഇറങ്ങിപ്പോകും.

റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പലരും തയാറായാലും ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ആ സാഹചര്യത്തില്‍ നിന്ന് നീക്കം ചെയ്തു അവരര്‍ഹിക്കുന്ന ബാല്യവും സാഹചര്യവും വിദ്യാഭ്യാസവും കൊടുത്തു സംരക്ഷിക്കാന്‍ പര്യാപ്തമായ സുരക്ഷിതമായ ഒരു സംവിധാനം ഇല്ലാത്തിടത്തോളം, ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക സാധ്യമല്ല എന്നതാണ് സത്യം. അനാഥാലയങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്നോട്ടത്തിലുമെല്ലാം കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ വ്യവസ്ഥയില്‍ കുഞ്ഞുങ്ങള്‍ എവിടെയാണ് സുരക്ഷിതര്‍ എന്നത് ഭയപ്പെടുത്തുന്ന ഒരു ചോദ്യമാണ്!

മനുഷ്യക്കടത്ത്:

പ്രായപൂര്‍ത്തി ആവാത്ത കുഞ്ഞുങ്ങളെ വേശ്യാവൃത്തിക്കും അവയവകച്ചവടത്തിനും ബാലവേലക്കും ഭിക്ഷാടനത്തിനും നിയവിരുദ്ധദത്തുകള്‍ക്കും ശൈശവവിവാഹങ്ങള്‍ക്കും മറ്റുയായി ട്രാഫിക്കിംഗ് നടത്തുന്നത് ഇന്ത്യയില്‍ അപൂര്‍വസംഭവമേയല്ല; മറിച്ച് ഇന്ത്യക്കകത്തും പുറത്തും ഉള്ള ശൃംഖലകള്‍ക്ക് ഒരു ട്രാന്‍സിറ്റ്പോയിന്റ്‌ ആയി കൂടിയാണ് ഇന്ത്യ എന്നാണു പറയപ്പെടുന്നത്‌. ഇന്ത്യയിലെ വലിയൊരു ശൃംഖല തന്നെയാണ് ഭിക്ഷാടനഗ്രൂപ്പുകള്‍. വഴിയരികിലും ട്രാഫിക്‌ പോയിന്റ്‌-ലും വീടുകളിലുമെല്ലാം വന്നു കുട്ടികള്‍ കൈനീട്ടുമ്പോള്‍  അല്പം പണം കൊടുത്തിട്ട് 'നല്ലൊരു കാര്യം ചെയ്തു' എന്ന ആത്മസംത്രുപ്തിയോടെ നാം മറന്നു പോകുന്നത് നമ്മുടെ കണ്‍മുമ്പില്‍ തന്നെ ചൂഷണവിധേയരാകുന്ന പിഞ്ചുമുഖങ്ങളെയാണ്. പലപ്പോഴും കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ തന്നെ കുട്ടികള്‍ വില്‍ക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു; ദാരിദ്ര്യമാണ് ഇതിനു ഒരു പ്രധാനകാരണം.

സാമ്പത്തികവും സമൂഹ്യവുമായി താഴെക്കിടയില്‍ നില്‍ക്കുന്ന വിഭാഗങ്ങളില്‍, വേശ്യാവൃത്തിയില്‍ ഉള്‍പ്പെടുന്നവരിലടക്കമുള്ളവരില്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ അലഭ്യതയും അറിവില്ലായ്മയും ആഗ്രഹിക്കാത്ത ഗര്‍ഭധാരണത്തിനും പ്രസവത്തിനും തുടര്‍ന്ന് ജനിച്ച കുഞ്ഞിനെ വിറ്റ് ഒഴിവാക്കുന്ന പ്രവണതക്കും കാരണമാവുന്നുണ്ട്. ഇത്തരം വിഭാഗങ്ങളുടെ കാര്യത്തില്‍ ശരിയായ ബോധവല്കരണം നടത്താനും സുരക്ഷിതം അല്ലാത്ത സാഹചര്യം ആണെങ്കില്‍ കുഞ്ഞുങ്ങളെ അവിടെ നിന്ന് നീക്കം ചെയ്തു സംരക്ഷിക്കാനുള്ള ഒരു അടച്ചുറപ്പുള്ള സംവിധാനം നമ്മുടെ വ്യവസ്ഥയില്‍ ഇല്ല എന്നത് ഇത്തരം പ്രശ്നങ്ങള്‍ ശരിയാം വിധം കൈകാര്യം ചെയ്യുന്നതില്‍ വലിയൊരു തടസ്സമാണ്.

ദത്തെടുക്കലിന്റെയും ഫോസ്റ്റര്‍ സമ്പ്രദായത്തിന്റെയും ആവശ്യകത:

കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളായി നിയമപരമായി ദത്തെടുക്കുന്ന വ്യവസ്ഥയാണ് ദത്തുസമ്പ്രദായം (Adoption); ഇത് വഴി കുഞ്ഞുങ്ങള്‍ക്ക്‌ ദത്തെടുക്കുന്ന രക്ഷിതാക്കളുടെ സ്വത്തില്‍ അവകാശവും ലഭിക്കുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ കുഞ്ഞുങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ സര്‍ക്കാര്‍ ധനസഹായത്തോടെ വ്യക്തികളും കുടുംബങ്ങളും താല്‍ക്കാലികമായി ഏറ്റെടുക്കുന്നതിനെയാണ് ഫോസ്റ്റര്‍ സമ്പ്രദായം എന്ന് പറയുന്നത് (ഒരുതരം താല്‍കാലിക ജോലി തന്നെ). പ്രായപൂര്‍ത്തിയായ ശേഷം ഫോസ്റ്റര്‍ രക്ഷിതാക്കള്‍ കുട്ടികളെ കൂടെ നിര്‍ത്തേണ്ടതില്ല; സ്വത്ത് പങ്കു വെക്കെണ്ടതുമില്ല. കുട്ടികളുടെ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണ്; സര്‍ക്കാര്‍ നിയമിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഇത്തരം ഫോസ്റ്റര്‍ കുടുംബങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുകയും കുട്ടികളുമായി ഇടപഴകുകയും കുട്ടികള്‍ ശരിയായി പരിപാലിക്കപ്പെടുന്നില്ല എന്നു കണ്ടാല്‍ അവരെ അവിടെ നിന്ന് മാറ്റുകയും ഫോസ്റ്റര്‍ രക്ഷിതാക്കള്‍ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായി റിപ്പോര്‍ട്ട്‌ ചെയ്തു നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും.

ദത്തെടുക്കല്‍ ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും വളരെ കര്‍ശനമായ സാഹചര്യങ്ങളില്‍ മാത്രമേ ആര്‍ക്കും ദത്തെടുക്കാന്‍ കഴിയുകയുള്ളൂ; ഉദാഹരണത്തിന് വേറെ കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ക്കും വിവാഹിതരല്ലാത്തവര്‍ക്കോ വിവാഹമോചിതര്‍ക്കോ വൈധവ്യം സംഭവിച്ചവര്‍ക്കോ ഒക്കെ ദത്തെടുക്കല്‍ പൊതുവേ സാധ്യമായേക്കില്ല. ഇത്തരം ദത്തെടുക്കലുകള്‍ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാകാം എന്നതു നിയമങ്ങള്‍ കടുപ്പം വരുത്താനുള്ള പ്രധാന കാരണമാണ്. പക്ഷെ നിരീക്ഷണ സംവിധാനങ്ങളുടെ കുറവും അപാകതയുമാണ് ഇവിടെ യഥാര്‍ത്ഥപ്രശ്നം; കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും കര്‍ശനമായ നിയമപരിരക്ഷയും ഉള്ളപ്പോള്‍ ചൂഷകരുടെ കയ്യില്‍ പെടാതെ കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും; അത്തരത്തിലുള്ള കെട്ടുറപ്പുള്ള സംവിധാനം നിലവില്‍ വരുത്തേണ്ടതുണ്ട്. പകരം സംഭവിക്കുന്നത് ദത്തെടുക്കല്‍ മൂലം നല്ലൊരു ജീവിതം ലഭിച്ചേക്കാവുന്ന കുട്ടികള്‍ പോലും അനാഥാലയങ്ങളില്‍ അവഗണനയും പലപ്പോഴും പീഡനങ്ങളും സഹിച്ചു വളരുക എന്നതാണ്.

അനാഥരായ കുഞ്ഞുങ്ങള്‍ക്ക് സാധാരണ കുടുംബങ്ങളിലെ അന്തരീക്ഷം ലഭ്യമാക്കാനും അവരുടെ വളര്‍ച്ചയെ സഹായിക്കാനുമുള്ള ഒരു വ്യവസ്ഥ ആണ് ഫോസ്റ്റര്‍ സമ്പ്രദായം; അനാഥാലയങ്ങളെക്കാള്‍ കുടുംബസാഹചര്യം ആണ് കുഞ്ഞുങ്ങള്‍ക്ക്‌ നല്ലത് എന്നതാണ് ഇത്തരമൊരു വ്യവസ്ഥയുടെ പ്രചോദനം. ഇത് ഇന്ത്യയില്‍ നിലവിലില്ല; പല വികസിത രാജ്യങ്ങളിലും ഇത് ഗവണ്‍മെന്റിന്റെ കൃത്യമായ ഇടപെടലോടെയും മേല്‍നോട്ടത്തോടെയും വളരെ ഫലപ്രദമായി നടത്തി വരുന്നുണ്ട്. Adoption-ന്റെ കാര്യത്തിലെന്ന പോലെ ഫലപ്രദമായ ഒരു നിരീക്ഷണസംവിധാനം ആദ്യമേ നിലവില്‍ വരുത്താതെ ഇത്തരമൊരു സംരംഭം വിജയകരമായി നടപ്പിലാക്കാന്‍ കഴിയില്ല.

സൌജന്യവിദ്യാഭ്യാസം:

ശൈശവത്തിലും ബാല്യത്തിലും സംരക്ഷണവും പോഷകാഹാരവും, 6 തൊട്ടു 14 വയസ്സ് വരെയുള്ള സൌജന്യവിദ്യാഭ്യാസവും ഓരോ കുഞ്ഞിന്റെയും ഭരണഘടനാപരമായ അവകാശമാണ്; ഭരണഘടന ഇതുറപ്പു നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21A പറയുന്നത് "21A. The State shall provide free and compulsory education to all children of the age of six to fourteen years in such manner as the State may, by law, determine." എന്നാണ് (Right of Children to Free and Compulsory Education Act); ആര്‍ട്ടിക്കിള്‍ 51A യിലേക്ക് ചേര്‍ക്കപ്പെട്ട ക്ലോസ് k പറയുന്നത് "(k) who is a parent or guardian to provide opportunities for education to his child or, as the case may be, ward between the age of six and fourteen years." എന്നും മാറ്റം വരുത്തിയ ആര്‍ട്ടിക്കിള്‍ 45 പറയുന്നത് "45. The State shall endeavor to provide early childhood care and education for all children until they complete the age of six years." എന്നുമാണ്.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഫലപ്രദമായ നിരീക്ഷണസംവിധാനങ്ങളും പുനരധിവാസത്തിന് ഫലപ്രദമായ സംവിധാനങ്ങളും മറ്റും ഏര്‍പ്പെടുത്തേണ്ടതും ഗവണ്‍മെന്റിന്റെ ഭരണഘടനാപരമായ കടമ തന്നെ ആണ് എന്നാണു ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പില്‍ വരുത്താനുള്ള സംവിധാനങ്ങള്‍ ഇനിയും നമ്മുടെ രാജ്യത്തില്ല; നിയമങ്ങള്‍ കൊണ്ട് വരുക മാത്രമല്ല, അവ ഫലപ്രദമായി നടപ്പിലാക്കുക എന്നതും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണെന്നതും അതിനു വേണ്ടിയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കെണ്ടതു നാമടക്കമുള്ള പൊതുസമൂഹത്തിന്റെ ധാര്‍മികമായ കടമയാണെന്നതും സൌകര്യപൂര്‍വ്വം മറക്കപ്പെടുക തന്നെ ചെയ്യുന്നു. നിസ്സഹായരായ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഒന്നും ‘ജീവകാരുണ്യപ്രവര്‍ത്തനം’ അല്ല; ആയിരിക്കരുത്! അതൊരു സാമൂഹ്യനീതിയാണ്; മൌലികാവകാശവും!

No comments:

Post a Comment