Friday 27 December 2013

Blue is the Warmest Color അഥവാ സ്ത്രീലൈംഗികതയുടെ ആഘോഷം


























ചിത്രമേളയിൽ പ്രസിദ്ധീകരിച്ചത് - http://www.chithramela.com/blue-is-the-warmest-color-review/

സ്ത്രീലൈംഗികതയും സ്ത്രീയുടെ കാഴ്ചപ്പാടിലുള്ള അതിന്റെ വികാരതലങ്ങളും അപൂര്‍വ്വം ചില ശ്രമങ്ങളോഴിച്ചാല്‍ സിനിമയില്‍ ഒരുപാടൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമല്ല. അതിലും കുറവാണ് സ്വവര്‍ഗരതിയിലെ സ്ത്രീഭാവങ്ങളുടെ ആവിഷ്കാരം. പുരുഷന്‍റെ ഇച്ഛനുസൃതം രൂപപ്പെട്ടു വന്ന ലൈംഗിക ചിന്തകളാണ് നമ്മുടെ സമൂഹത്തിലെ സാധാരണ സ്ത്രീയും പുരുഷനും ഒരു പോലെ കൊണ്ട് നടക്കുന്നത്. സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടുള്ള പൊതുവായ ഒരു ലൈംഗികഭാവനാലോകത്തിന്റെ അഭാവത്തില്‍, കാഴ്ചക്കാരില്‍ പലര്‍ക്കും സിനിമയിലെ ലൈംഗികതയുടെ പ്രസരം അലോസരമുണ്ടാക്കിയതില്‍ അത്ഭുതമില്ല.

അധ്യാപികയാവാന്‍ ആഗ്രഹിക്കുന്ന, മൃദുസ്വഭാവക്കാരിയായ  അഡേല്‍ എന്ന വിദ്യാര്‍ഥിനിയും  ചിത്രകലയില്‍ കരിയര്‍ തുടങ്ങുന്ന, അല്പം അധീശസ്വഭാവമുള്ള നീലമുടിക്കാരി എമ്മയും തമ്മിലുള്ള തീവ്രമായ പ്രണയവും ആസക്തിയും തൃഷ്ണയും പ്രണയഭംഗവും എല്ലാം വളരെ സത്യസന്ധതയോടെ വരച്ചു കാണിക്കുന്ന ഒരു ചിത്രമാണിത്. Léa Seydoux, Adèle Exarchopoulos എന്നിവര്‍ അത്ഭുതാവഹമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ഈ വര്‍ഷത്തെ Cannes film festival-ഇല്‍ Golden Palm award  ലഭിച്ചത് ഈ ചിത്രത്തിനാണ്; സിനിമയുടെ സംവിധായകന്‍ മാത്രമല്ല രണ്ടു നടിമാരും അവാര്‍ഡ് ഷെയര്‍ ചെയ്യണമെന്നായിരുന്നു ജൂറി നിര്‍ദ്ദേശം; ഇത്തരം ജൂറി നിര്‍ദ്ദേശങ്ങള്‍ അപൂര്‍വവുമാണ്. രണ്ടു കഥാപാത്രങ്ങളുടെയും എടുത്തു നില്‍ക്കുന്ന രൂപസവിശേഷതകളില്‍ ക്ലോസ്അപ്പ്‌ ഷോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ സംവിധായകന്‍ ശ്രദ്ധകാണിച്ചിട്ടുണ്ട്. എമ്മയുടെ നീലമുടിയും അലസമായ മുഖഭാവവും അഡേലിന്റെ താഴോട്ടല്പം വളഞ്ഞ കീഴ്ച്ചുണ്ടുകളും കൌതുകക്കണ്ണുകളും ചിത്രം കണ്ടിറങ്ങുമ്പോഴും നമ്മെ പിന്തുടരും.

എമ്മയുടെ നീലനിറമുള്ള മുടിയാണ് അഡേലിന്റെ ശ്രദ്ധ ആദ്യം പിടിച്ചു പറ്റുന്നത്; ഈ നീലനിറം അവരുടെ പ്രണയത്തിന്റെ തീവ്രതയുടെ ഒരു രൂപകം ആയി ചിത്രത്തിലുടനീളം അവതരിപ്പിക്കപ്പെടുന്നുണ്ട്. പഠനശേഷം അധ്യാപികയായി തന്നെ ജോലി കണ്ടെത്തുന്ന അഡേലും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് ആയ എമ്മയും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു; ഒരുമിച്ചു ജീവിക്കുമ്പോള്‍ വ്യത്യസ്ത സ്വഭാവസവിശേഷതകളും ഇഷ്ടാനിഷ്ടങ്ങളുമുള്ള ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ വന്നു തുടങ്ങുന്നുണ്ട്. എമ്മയുടെ മറ്റൊരു സ്വവര്‍ഗസൌഹൃദവും അഡേലിന്റെ മറ്റൊരു എതിര്‍ലിംഗ സൌഹൃദവും കടന്നു വരുമ്പോള്‍ എമ്മയുടെ മുടിയുടെ നീലനിറം മാഞ്ഞു തുടങ്ങുന്നു. ഒടുവില്‍ ഒരു ഗൌരവമായ കലഹത്തിനു ശേഷമുള്ള പ്രണയഭംഗവും പിരിഞ്ഞു പോകലുമെത്തുമ്പോള്‍ എമ്മയുടെ മുടിയില്‍ നീലനിറം അല്പം പോലും ബാക്കിയില്ലാതാകുന്നു.

Abdellatif Kechiche യുടെ ചിത്രം Julie Maroh യുടെ 'Blue Angel' എന്ന ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗ്രാഫിക് നോവലില്‍ ഓര്‍മകളിലെ രംഗങ്ങള്‍ ആവിഷ്കരിക്കുന്നത് കറുപ്പും വെളുപ്പുമായാണ്; എമ്മയുടെ മുടി മാത്രം നീലനിറത്തില്‍ ചിത്രീകരിക്കപ്പെടുന്നു. ഓര്‍മകള്‍ പലപ്പോഴും അവ്യക്തമായിരിക്കും; എന്നാല്‍ നമ്മെ സ്വാധീനിച്ച ചില കൊച്ചുകാര്യങ്ങള്‍, ഒരു വെളിച്ചം, നിറം, ഒരു വസ്തു, വാക്ക് അങ്ങിനെ ചിലത് എടുത്തു നില്‍ക്കും; ഓര്‍മകളെ നാം ഓര്‍ക്കുന്നത് അങ്ങനെയാണ്; അത് കൊണ്ടാണ് നോവലില്‍ ഇങ്ങനെയൊരു തീം സ്വീകരിച്ചതെന്ന് ജൂലീ മാറോ പറയുന്നു. എന്നാല്‍ സിനിമയില്‍ ഈ രീതി സ്വീകരിച്ചിട്ടില്ല. 'A straight person's fantasy of gay love' എന്ന് സിനിമയെ ജൂലീ മാറോ തള്ളിക്കളഞ്ഞിട്ടുണ്ട്. സ്വവര്‍ഗാനുരാഗത്തിന്റെ തനിമ എത്രത്തോളം ഈ ചിത്രം നിലനിര്‍ത്തുന്നു എന്ന് വിലയിരുത്താന്‍ ഞാനാളല്ല; എന്നാല്‍ സ്ത്രീലൈംഗികതക്ക്, വരച്ചു വെച്ച വൃത്തങ്ങള്‍ക്ക് പുറത്ത്, പഠിച്ചു വെച്ച ലൈംഗികപാഠങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പുറത്ത് വ്യത്യസ്തമായ ഒരു തലമുണ്ടാകാമെന്ന ശക്തമായ ഒരു ഓര്‍മപ്പെടുത്തല്‍ തന്നെയാണ് ഈ സിനിമ.

സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന കോടതിയുടെ 'കിടപ്പറനിയന്ത്രണവിധി' പുറത്തിറങ്ങിയ നാള്‍ തന്നെയാണ് IFFK 2013 -ഇല്‍ ഈ ഫിലിം കാണാന്‍ അവസരമുണ്ടായതെന്നത് കൌതുകകരമായ ഒരു യാദൃശ്ചികത തന്നെയായിരുന്നു. കോടതിവിധിയോടനുബന്ധമായി വായിക്കുമ്പോള്‍ വളരെയധികം കാലികപ്രസക്തിയുള്ള ഒരു വിഷയമാണ് Abdellatif Kechiche യുടെ 'ബ്ലൂ ഈസ്‌ ദി വാര്‍മെസ്റ്റ് കളര്‍' എന്ന ഫ്രഞ്ച് സിനിമ കൈകാര്യം ചെയ്യുന്നത്. സ്വയംഭോഗവും എതിര്‍ലിംഗരതിയും സ്വവര്‍ഗരതിയും ഓരോന്നിലും അഡേലിന്റെ ഭാവങ്ങളും പ്രതികരണങ്ങളും വിശദമായി തന്നെ താരതമ്യവിധേയമാക്കാം വിധം എടുത്തു കാണിക്കുന്നുണ്ട് ചിത്രത്തില്‍. കൌമാരക്കാരിയായ അഡേലും ഒരു പുരുഷസുഹൃത്തുമായുള്ള അവളുടെ വേഴ്ചയും അതിനിടക്കുള്ള അവളുടെ അലോസരവും തിരിച്ചറിവും കഥയിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവാണ്; എമ്മയെ കണ്ടെത്തുമ്പോള്‍ അവളോട്‌ തോന്നുന്ന തീവ്രമായ അഭിലാഷത്തിനും ലൈംഗികസംതൃപ്തിക്കും അഡേലിന്റെ മുഖഭാവങ്ങള്‍ തന്നെ തുറന്നൊരു വായന തരുന്നു.

രതിരംഗങ്ങള്‍ ഒരുപാട് നീണ്ടു പോയി എന്നതാണ് സിനിമയെപ്പറ്റി പ്രധാനമായും ഉയര്‍ന്നു കണ്ട ഒരു വിമര്‍ശനം. നമ്മുടെ സിനിമകളിലെ എതിര്‍ലിംഗപ്രണയകല്പനകള്‍ രൂപപ്പെടുത്തിയെടുത്ത മുന്‍ധാരണകളുടെയും പുരുഷഭാവനകളുടെ അച്ചില്‍ വാര്‍ത്തെടുത്ത   ലൈംഗിക അവബോധത്തിന്റെയും ചട്ടക്കൂടില്‍ നിന്നുകൊണ്ട് കാണുമ്പോള്‍ അത് ശരിയുമാണ്. പുരുഷന്‍റെ നിമിഷപ്രേരിതമായ നിമിഷസമാപ്തമായ ലൈംഗികചോദനകളില്‍ അധിഷ്ടിതമാണ് സമൂഹത്തിലെ സ്ത്രീകളുടെതടക്കമുള്ള രതിഭാവനകള്‍ എന്നതാകാം ഒരു പക്ഷെ സ്ത്രീയുടെ (സ്വവര്‍ഗ) ലൈംഗികതയും ദീര്‍ഘമായ ആസ്വാദനരീതിയും പച്ചയായി തന്നെ കാണുമ്പോഴുള്ള അലോസരത്തിനു കാരണം എന്നൊരു പ്രേക്ഷകാഭിപ്രായം വായിച്ചത് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ചിത്രത്തിലെ കഥാതന്തു, സ്വവര്‍ഗാനുരാഗം ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു വെറും പ്രണയകഥ മാത്രമാണ് എന്ന് പറയാം; എന്നാല്‍ ഒരു സ്വവര്‍ഗപ്രണയകഥയെ അത്രയധികം സ്വാഭാവികതയോടെ, വികാരതീവ്രതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് സിനിമയുടെ വിജയമായി തന്നെ കണ്ടേ തീരൂ.ക്യാമറക്കണ്ണുകളുടെ സഞ്ചാരം പുരുഷക്കണ്ണുകളെ ഓര്‍മപ്പെടുത്തുന്നു എന്ന് ജൂലീ മാറോ പരാതിപ്പെടുന്നു; അത് ഏറെക്കുറെ ശരിയുമാണ്. എമ്മ അഡേലിന്റെ ചിത്രം വരക്കുമ്പോള്‍ അഡേലിന്റെ ശരീരത്തിലൂടെ ഇഴയുന്ന ക്യാമറക്കും രതിരംഗങ്ങള്‍ ഒപ്പിയെടുക്കുന്ന ക്യാമറക്കും കൂടുതലായി പുരുഷക്കണ്ണുകള്‍ തന്നെയാണുള്ളത്; സ്ത്രീശരീരത്തില്‍ പുരുഷന്‍ ശ്രദ്ധിക്കുന്ന പ്രത്യേകതകളിലും ചലനങ്ങളിലും തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നത് സ്ത്രീസ്വവര്‍ഗരതിയുടെ തനിമക്ക് മങ്ങലേല്പിക്കുന്നു എന്ന അഭിപ്രായത്തില്‍ കാമ്പുണ്ട്.

PS: വിഷ്ണുപ്രസാദിന്റെ ലിംഗരാജ് എന്ന കവിതയിലെ വരികള്‍ ഓര്‍മവരുന്നു. "പെണ്ണായി നടക്കാത്ത വഴികള്‍, പെണ്ണായി വാഴാത്ത വീട്, പെണ്ണായി നോക്കാത്ത ആകാ‍ശം, ഭൂമി"... പെണ്ണല്ലാത്തത് കൊണ്ടോ പെണ്ണിനു പോലും സ്വയം തിരിഞ്ഞു നോക്കാനും ഭയലേശമന്യേ വിലയിരുത്താനും ഓര്‍മവരാത്ത ഒന്നായത് കൊണ്ടോ കവി സൂചിപ്പിക്കാത്ത ഒന്ന് ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ ഈ സിനിമ പ്രേരിപ്പിക്കുന്നു - "പെണ്ണായി നിറഞ്ഞിട്ടില്ലാത്ത കിടപ്പറകള്‍"!!!

No comments:

Post a Comment