Saturday 4 January 2014

അപ്പുക്കിളിയുടെ നാട്ടിലേക്കൊരു യാത്ര





























ഇന്ന് തസ്രാക്ക് വരെ പോയി; പാലക്കാട് അടുത്ത്... ഒവി വിജയന്‍റെ, നമ്മുടെ, ഇതിഹാസങ്ങളുടെ  ഖസാക്ക്!

പാലക്കാട് നിന്ന് നെന്മാറ വഴി പോകുന്ന കൊല്ലങ്കോട് ബസില്‍ കേറി തസ്രാക്ക് സ്റ്റോപ്പില്‍ ഇറങ്ങണം; എട്ടോ ഒമ്പതോ കിലോമീറ്റര്‍ മാത്രമേയുള്ളൂ. സ്റ്റോപ്പില്‍ നിന്ന് രണ്ടു കിലോ മീറ്ററോളം ഉള്ളിലോട്ടു പോണം. ഖസാക്കിലെ എല്ലാ സ്ഥലവിവരണങ്ങളും തസ്രാക്കില്‍ ഉള്ളതല്ല; ചെതലിമലയും കൂമന്‍ കാവും എല്ലാം കഥാകാരന്റെ ഭാവനകള്‍ ആണ്; അത് പോലെ തന്നെ പഴയ തകര്‍ന്ന പള്ളികളുള്ള പള്ളിപ്പറമ്പും കുട്ടാടന്‍പൂശാരിയുടെ ദൈവപ്പുരയും എല്ലാം.

രവിയുടെ ഏകാധ്യാപകവിദ്യാലയം ഒവിവിജയന്‍റെ സഹോദരി തസ്രാക്കില്‍ ജോലി ചെയ്തിരുന്ന ഏകാധ്യാപകവിദ്യാലയത്തെ അടിസ്ഥാനമാക്കി എടുത്തതാണ്. കഥയില്‍ രവി താമസിച്ച കളപ്പുര കണ്ടു; മറ്റൊന്നും അങ്ങനെ കാണാനായി അവിടെയില്ല; പോവുന്നതിനു മുമ്പേ അങ്ങനെയൊരു മുന്നറിയിപ്പും കിട്ടിയിരുന്നു; മുമ്പ് പോയവരില്‍ നിന്ന്... എന്നാല്‍ ഖസാക്ക് മനസ്സില്‍ കൊണ്ടിട്ടുള്ളവര്‍ മാത്രം കാണുന്ന ചിലത് കണ്ടു!.

മനോഹരമായ ഒരു നാട്ടിന്‍പുറം; ചെത്തുകാരന്‍ കുപ്പു കേറിയിറങ്ങിയ പനകള്‍! പാലക്കാടിന്റെ പച്ചപ്പ്‌ നിറഞ്ഞു കവിയുന്ന പാടങ്ങള്‍! വഴിയില്‍ നിറയെ പുളിമരങ്ങള്‍! പുളിമരത്തിലെ പോതി ഇതില്‍ എവിടെയായിരുന്നിരിക്കും എന്നോര്‍ത്തുപോയി! പാടത്ത് തുമ്പികള്‍ പാറുന്നത് കണ്ടപ്പോള്‍ അപ്പുക്കിളി "തേത്ത്യെ തേത്ത്യെ നാന്‍ തുമ്പി പിടിത്തു തരാം കേത്തോ" എന്നോടി വരുന്ന പോലെ! കുളത്തിന്റെ വക്കില്‍ ആബിദ ഇരിക്കുന്ന പോലെ! വയലിന് നടുവിലെ കിണറില്‍ നിന്ന് മുങ്ങാങ്കോഴി ചുക്രുറാവുത്തര്‍ കേറി വരുന്ന പോലെ!

അവിടെ കണ്ട ഒരേയൊരു ചെറിയ പലചരക്ക് കടയില്‍ ഇരിക്കുന്നത് മൈമൂന ആണോ എന്നു വെറുതെ എത്തി നോക്കി! ചായക്കട അലിയാരുടെതാണോ? ആ പള്ളിപ്പറമ്പ് അവിടെയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു; കുട്ടാടന്‍ പൂശാരി ഉറഞ്ഞു തുള്ളിയ  ദൈവപ്പുരയും. നൈസാമലി  ഖാളിയാരായി അന്തിയുറങ്ങിയ പൊളിഞ്ഞ പള്ളികളുടെ പറമ്പ്! മൈമൂന മുങ്ങിക്കുളിച്ചു നൈസാമലിയെ കാണാനെത്തിയ ആ കുളം! നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ അള്ളാപ്പിച്ചാമൊല്ലാക്കയുടെ ആണി കേറിയ പാദങ്ങളും ശിവരാമന്‍ നായരുടെ പരാതികളും മാധവന്‍നായരുടെയും രവിയുടെയും സൌഹൃദവും എല്ലാം നടന്ന വഴികള്‍ എന്ന് വെറുതെ കരുതി.

കളപ്പുരക്കകത്ത്‌ രവിയുടെ അസ്വസ്ഥതകളും ചാന്തുമ്മയുടെ സങ്കടങ്ങളും ഇപ്പോഴും വീര്‍പ്പു മുട്ടി നില്‍പ്പുണ്ട്. ഉടുപ്പ് തെക്കന് (*ചെക്കന്) കൊടുത്താ മതി; തെക്കന്‍ ബല്താകട്ടെ എന്നും പറഞ്ഞുചാന്തുമുത്ത് ഉമ്മയോടൊപ്പം ഇപ്പോഴും അവിടെവിടെയോ കാത്തിരിപ്പുണ്ട്‌; കുഞ്ഞുനൂറു അടുത്ത പെരുന്നാള് കഴിയുമ്പം ബല്താകാന്‍! വസൂരിക്കല വീണ കുഞ്ഞു നൂറുവിന്റെ മുഖത്തെ ചലനമറ്റ കണ്ണുകള്‍ ബല്താകാന്‍ കഴിയാത്ത സങ്കടവും പേറിക്കൊണ്ടു ഖസാക്കുകാരെ ഇപ്പോഴും മുറിപ്പെടുത്തുന്നുണ്ടാവാം!

വയസ്സറിയിച്ചു കാതില്‍ ചിറ്റിട്ട് വന്നപ്പോള്‍ വലിയ പെണ്ണായി പോയ കുഞ്ഞാമിന, രവിയുടെ 'മിന്നാമിനുങ്ങ്‌', സ്കൂളില്‍ ആദ്യം  വന്ന അന്ന്, സുറുമയിട്ട കണ്ണുകള്‍ തുറുപ്പിച്ചു "സാര്‍ ആരും ചാകാത്ത കത" എന്ന് പറയുന്നത് ഓര്‍ത്തു ചിരിച്ചു കളപ്പുരയില്‍ നില്‍ക്കുമ്പോള്‍. തിത്തിബിയുമ്മയുടെയും കല്യാണിക്കുട്ടിയുടെയും ലക്ഷ്മിയുടെയും നാരായണിയമ്മയുടെയും നീലിയുടെയും ഒക്കെ കണ്ണുകളാണ് വഴിയിലെ വീടുകളില്‍ നിന്ന് അപരിചിതരെ കണ്ടു എത്തി നോക്കുന്നത് എന്ന് തോന്നി.

അവിടെ ഒരു ലൈബ്രറിയോ സാംസ്കാരിക കേന്ദ്രമോ ആക്കാനുള്ള ജോലി നടക്കുന്നുണ്ട്; ശിലാസ്ഥാപനം കഴിഞ്ഞിരിക്കുന്നു. തസ്രാക്കില്‍ ഇനി ആള്‍പ്പെരുമാറ്റം കൂടാന്‍ പോവുകയാണ്. നടക്കുന്ന വഴിയില്‍ വീടുകളുടെ മുമ്പില്‍ എല്ലാം പുളി ഉണക്കാനിട്ടിരിക്കുന്നു. വഴിയില്‍ നിറയെ കായ്ച്ചു നില്‍ക്കുന്ന പുളിമരങ്ങള്‍. ഖസാക്കിലെ പുളിമരത്തില്‍ നിന്നൊരു പച്ചപുളിങ്ങയും ഉണക്കിയിട്ടതില്‍ നിന്നൊരു പഴുത്ത പുളിങ്ങയും മോഷ്ടിച്ച് തിരിച്ചു നടക്കുമ്പോള്‍ ഖസാക്കെന്ന ചിത്രം ഇത്ര ആഴത്തില്‍ വായനക്കാരുടെ മനസ്സില്‍ വരച്ചിട്ട ആ ഇതിഹാസത്തെ മനസ്സ് കൊണ്ടൊന്ന് പ്രണമിച്ചു.

5 comments:

  1. Anu nalla kurippu.... :) onnude ഖസാക്ക് lekku kootti kondu poyi.....

    ReplyDelete
  2. "രവീ'

    "എന്താ?''

    ''എന്നെ വേണ്ടേ?"'

    രവി അവളെ പൊക്കിയെടുത്തു. മലര്ന്നു കിടന്ന് ഉറച്ച കൈകളാൽ അവളെയുയർത്തി . ചുവപ്പ് പ്രസരിച്ച ശരീരം. മാറിടവും അരക്കെട്ടും മാത്രം തളിരു പോലെ വിളറിയിരുന്നു .

    "രവീ''
    'ഓ ..''
    "രവി ഖസാക്ക് വിടാമെന്ന് എന്നോട് പറയൂ''
    പൊടുന്നനെ ലാഘവത്തോടെ രവി പറഞ്ഞു "വിടാം...."

    "സത്യം?'
    "സത്യം!'

    "എന്നിട്ട് എന്റെ കൂടെ വരും,,, വരില്ലേ?"

    "അറിഞ്ഞു കൂടാ......"

    അവൾ കരയാൻ തുടങ്ങി. ധാര മുറിയാതെ കണ്ണീരൊഴുകി. ഒരു മരുഭൂമിയെ പോലെ രവി അതേറ്റു വാങ്ങി.


    "രവീ'' അവൾ ചോദിച്ചു; "രവി ആരിൽ നിന്നാണ് ഒളിഞ്ഞോടാൻ ശ്രമിക്കുന്നത്??"

    ആ പോരുളിലേക്ക് നോക്കി കൊണ്ട് രവി നിന്ന്. നോക്കി നോക്കി കണ്ണ് കടഞ്ഞു. കണ്‍ തടം ചുവന്നു. മുഖം അഴിഞ്ഞു ലയനം പ്രാപിച്ചു.

    ____________________________________ (ഖസാക്കിന്റെ ഇതിഹാസം ) —



    വാക്കുകളുടെ കോർക്കലിൽ വായിച്ച ചിത്രങ്ങൾ...
    നന്നായി അനു ...


    ReplyDelete
  3. വര്‍ഷങ്ങള്‍ക്കു മുന്‍പ് മനസ്സില്‍ കുടിയേറിക്കഴിഞ്ഞ കഥാപാത്രങ്ങള്‍ വീണ്ടും വന്നു മുന്നില്‍ നില്‍ക്കുന്ന പോലെ തോന്നി. വിവരണം വായിച്ചപ്പോള്‍..ഓ. വി. വിജയനെയും
    കസാഖിനെയും വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി. അനുപമാ..!

    ReplyDelete
  4. തസ്രാക്ക് യാത്ര, ഹൃദ്യമായ അവതരണം..

    നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete