Sunday 27 October 2013

പരോപകാരപ്രവണതയും ജീവപരിണാമവും

മനുഷ്യനിലും മറ്റു Higher primates-ലും മറ്റു മൃഗങ്ങളിലും എല്ലാം കണ്ടു വരുന്ന പരോപകാര പ്രവണത (Altruism) യുടെ ഉത്ഭവവും പരിണാമപരമായ അതിജീവനവും പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ഒരു കാര്യം വ്യക്തമാക്കിയിട്ടു തുടങ്ങാം. ഒരു പ്രത്യേകതക്ക് “പരിണാമ അനുകൂലനം ലഭിക്കുക", “പരിണാമപരമായി പ്രോല്സാഹിപ്പിക്കപ്പെടുക" എന്നൊക്കെ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ആ പ്രത്യേകതക്ക് പ്രകൃതിനിര്‍ധാരണത്തില്‍ (Natural Selection) മുന്‍തൂക്കം ലഭിക്കുന്നുണ്ടോ; അക്കാരണത്താല്‍ ആ പ്രത്യേകത അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും വ്യാപിക്കാനും സാധ്യത കൂടുതലുണ്ടോ എന്നാണ്. ധാര്‍മികമായ ഒരു വിലയിരുത്തലിന് ഇവിടെ സാധ്യതയില്ല തന്നെ.

ജൈവചോദനയാണ് ജീവികളില്‍ പരോപകാര പ്രവണത ഉണ്ടാക്കുന്നത് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. ജൈവികമായ ചോദനകള്‍ പരിണാമപരമായി അനുകൂലനം സിദ്ധിച്ചു അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വരും തലമുറകളില്‍ ആ ചോദന കൂടുതലായി കാണാന്‍ കഴിയും. ഇത് കൂടാതെ ചില സവിശേഷതകള്‍ നേരിട്ടല്ലാതെ മറ്റേതെങ്കിലും അനുകൂലനത്തിന്റെ പാര്‍ശ്വഫലം ആയും കൈമാറ്റം ചെയ്യപ്പെട്ടേക്കാം. ജീവിയുടെ നിലനില്പിനും പ്രത്യുല്പാദന ശേഷിക്കും കോട്ടം വരാതിരിക്കുമ്പോഴാണ് ഒരു സവിശേഷത നശിച്ചു പോകാതെ നില നില്‍ക്കുന്നത്. ജൈവികമായ പരോപകാരപ്രവണത പ്രധാനമായും താഴെ പറയുന്ന വിധത്തില്‍ തരംതിരിക്കപ്പെട്ടിട്ടുണ്ട്.

1) സോപാധികമായ പരോപകാരം (Conditional Altruism):

എന്തെകിലും ലക്ഷ്യമോ പ്രതിഫലമോ ഉന്നം വെച്ച് ചെയ്യുന്ന സഹായങ്ങള്‍ ആണ് ഈ ഗണത്തില്‍ പെടുന്നത്. ഇതിനെ വീണ്ടും പ്രധാനമായും രണ്ടായി തരം തിരിക്കാം.

ബന്ധുജനങ്ങളോടുള്ള പരോപകാരം (Kin Altruism): സ്വന്തം ബന്ധത്തില്‍ ഉള്ളവരെ സഹായിക്കാനുള്ള സ്വാഭാവികവാങ്ച ആണ് ബന്ധുജനങ്ങളോടുള്ള പരോപകാരപ്രവണത (Kin Altruism). ഇത് മിക്ക ജീവികളിലും പൊതുവേ കണ്ടു വരുന്ന ഒന്നാണ്; മനുഷ്യനിലും കാണപ്പെടുന്നു. ഈ പ്രവണത ആ പ്രത്യേക ജീവിവര്‍ഗത്തിന്റെയോ ഒരു പ്രത്യേക ഗ്രൂപ്പിന്റെയോ അതിജീവനത്തെ സഹായിക്കുന്നു എന്നതാണ് പരിണാമപരമായി ഈ ചോദന പ്രോത്സാഹിപ്പിക്കപ്പെടാനുള്ള കാരണം. അതായത് പരസ്പരം സഹകരിക്കുന്ന ഗ്രൂപ്പുകള്‍ അതിജീവനത്തില്‍ അങ്ങനെ അല്ലാത്തവയെക്കാള്‍ കൂടുതല്‍ വിജയിക്കുന്നു.

പരസ്പരപൂരക പരോപകാരം (Reciprocal Altruism): ഇന്ന് ഒരാളെ സഹായിച്ചാല്‍ നാളെ അയാളോ മറ്റു ചിലരോ തന്നെ തിരിച്ചു സഹായിക്കുമെന്നെ പ്രതീക്ഷയാണ് പരസ്പരപൂരക പരോപകാരം (Reciprocal Altruism). കൂട്ടായ അതിജീവനത്തെ സഹായിക്കുന്നു എന്നതിനാല്‍ ഇതിനും പ്രകൃതി നിര്‍ദ്ധാരണത്തില്‍ മുന്‍തൂക്കം ഉണ്ട്.

പുണ്യം, സ്വര്‍ഗം എന്നിവ കിട്ടുമെന്ന പ്രതീക്ഷയോ വിശ്വാസമോ ഒക്കെ ഇക്കൂട്ടത്തില്‍ പെടുത്താം.ഇന്ന് ചിലരെ സഹായിച്ച് ഒരു പേരോ സ്ഥാനമോ നേടിയെടുക്കാനാവുമെങ്കില്‍ (Reputation) നാളെ ആ സ്ഥാനം ഗുണപരമായി ഉപയോഗിക്കാമെന്ന കണക്കു കൂട്ടലുകളില്‍ സഹായം ചെയ്യുന്നതും മേല്‍ പറഞ്ഞതില്‍ പെടുത്താം. സഹായം സ്വീകരിച്ച ആളിന്റെ വിധേയത്വം പ്രതീക്ഷിച്ചുള്ള സഹായങ്ങളും മറ്റൊരുദാഹരണമാണ്; ജീവി വര്‍ഗങ്ങളില്‍ സഹായിക്കുന്ന ജീവിക്ക് മേല്‍കൈ അഥവാ നേതൃസ്ഥാനം ലഭിക്കുന്നതു സാധാരണമാണ്. ഇത്തരം പ്രവണതകള്‍ പല ജീവി വര്‍ഗങ്ങളില്‍ കണ്ടു വരുന്നു; മനുഷ്യരിലും ധാരാളമായി ഉണ്ട്.

2) നിരുപാധികമായ പരോപകാരം (Unconditional Altruism):

എതെങ്കിലും തരത്തിലുള്ള പ്രതിഫലമോ, സമൂഹത്തിലെ സ്ഥാനമോ, മറ്റുള്ളവരുടെ വിധേയത്വമോ തിരിച്ചു പ്രതീക്ഷിക്കാതെ സ്വതന്ത്രമായി ചെയ്യപ്പെടുന്ന പരോപകാരങ്ങളാണ് ഈ ഗണത്തില്‍ വരുന്നത്. നിരുപാധിക പരോപകാര പ്രവണത ചില ജീവികളില്‍, പ്രത്യേകിച്ച് മനുഷ്യനില്‍ നില നില്‍ക്കുന്നു എന്നത് ഒരു വസ്തുത ആണ്; ഇതിന്റെ ജീവശാസ്ത്രപരമായ കാരണങ്ങള്‍ പഠനവിധേയവുമാണ്.

മനുഷ്യന്‍ മറ്റു ജീവി വര്‍ഗങ്ങളെ അപേക്ഷിച്ചു കൂടുതല്‍ സങ്കീര്‍ണമായ സാമൂഹ്യ വ്യവസ്ഥിതിയും കൂടുതല്‍ വികാസം പ്രാപിച്ച തലച്ചോറും ഉള്ള ജീവി ആയത് കൊണ്ട് തന്നെ മറ്റു മൃഗങ്ങളിലെ പരോപകാരപ്രവണതയുടെ മാതൃകകള്‍ (Kin Altruism, Reciprocal Altruism) മാത്രം ഉപയോഗിച്ച് മനുഷ്യന്റെ പരോപകാര പ്രവണതയെ പൂര്‍ണമായും വിശദീകരിക്കാന്‍ പ്രയാസമാണ്; എങ്കിലും പല മാതൃകകളുടെയും extrapolation സാധ്യമാണ് താനും; മനുഷ്യ സമൂഹങ്ങളിലും ഇത്തരം പഠനങ്ങള്‍ നടന്നു വരുന്നു.

Costly Signalling of General Intelligence:

Costly Signalling of General Intelligence കാരണം നിരുപാധികമായ പരോപകാരപ്രവണത പരിണാമപരമായി മനുഷ്യരില്‍ മുന്‍ഗണന നേടുന്നു എന്നു ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു; പരസ്പരപൂരകപരോപകാരപ്രവണതയില്‍ നിന്നും (Reciprocal Altruism) നിരുപാധികമായ പരോപകാരപ്രവണതയിലേക്കുള്ള (Unconditional Altruism) പ്രധാനപ്പെട്ട ഒരു ചവിട്ടു പടി ആയി ഇത് കണക്കാക്കപ്പെടുന്നു.

എന്താണ് സിഗ്നലിംഗ്? ഇണയെ ആകര്‍ഷിക്കാനുള്ള ഒരു മെക്കാനിസം എന്നാണു സിഗ്നലിംഗ്-നെ ലളിതമായി പറയേണ്ടത്. സിഗ്നലിംഗ്-ഇല്‍ കൂടുതല്‍ ‘യോഗ്യത' അഥവാ ‘ആകര്‍ഷണീയത' പ്രകടിപ്പിക്കുന്ന ജീവികളാണ് പ്രത്യുല്പാദനം വഴി അടുത്ത തലമുറകളിലേക്ക് പ്രജനനം ചെയ്യപ്പെടുക. മൃഗങ്ങളില്‍ ഈ സിഗ്നലിംഗ് താരതമ്യേന ലളിതമായ ഒന്നാണെന്നിരിക്കെ (ചില പക്ഷികളുടെ ശബ്ദം, മയിലിന്റെ രൂപഭംഗി തുടങ്ങി), മനുഷ്യനെ പോലെ ഒരു സമൂഹജീവിയില്‍ ഇത് കുറച്ചു കൂടി സങ്കീര്‍ണമാണ്.

പരോപകാരം, ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി മനപൂര്‍വം പ്രകടിപ്പിക്കപ്പെടുന്ന ഒരു സവിശേഷത ആണെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം; മയിലുകള്‍ ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി പീലികള്‍ മനപൂര്‍വം സൃഷ്ടിച്ചെടുത്തവയാണ് എന്ന് പറയുന്ന പോലായി പോവും അത്; ജൈവപരമായ പല കാരണങ്ങളാല്‍ ഉണ്ടായി വന്ന അത്തരമൊരു സവിശേഷതക്ക് (Quality) പ്രകൃതിനിര്‍ദ്ധാരണത്തില്‍ Sexual Selection വഴി മുന്‍തൂക്കം ലഭിക്കുന്നു എന്നാണു സാരം. ഈ സവിശേഷത സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ടെക്കാം ചിലരാല്‍ എന്ന് ചിന്തിക്കുന്നതില്‍ എന്നാല്‍ തെറ്റില്ല താനും.

വേട്ടയാടി ജീവിച്ചിരുന്ന സമൂഹങ്ങളില്‍ ഇരതേടി കൊണ്ട് വരുന്നവര്‍ കയ്യിലുള്ളതു പങ്കു വെക്കാന്‍ തയ്യാറാവുക ആവശ്യത്തിലധികം വേട്ടയാടി ശേഖരിക്കാനുള്ള ‘കഴിവ്' അവര്‍ക്കുള്ളപ്പോള്‍ ആണ്; ഈ ‘കഴിവ്' ശാരീരികക്ഷമതയോ ഇരയെ പിടിക്കാനുള്ള ബുദ്ധിസാമര്‍ഥ്യമോ കാഴ്ചയിലും കേള്‍വിയിലും മറ്റുമുള്ള സൂക്ഷ്മതയോ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ശേഷിയോ അങ്ങനെ എന്തുമാകാം.

ഇതു സിഗ്നലിംഗ് ആയി പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല അവ ‘വില പിടിച്ചതും' ആണ്; അതായത്‍ പങ്കു വെക്കുന്നവര്‍ ഇതിനു വേണ്ടി കൂടുതല്‍ പ്രയത്നിക്കേണ്ടതുണ്ട്; അത് കൊണ്ടാണ് ഇത് Costly Signalling എന്നറിയപ്പെടുന്നത്. പങ്കു വെക്കാന്‍ തയ്യാറാവുന്നത് പരോപകാരം മാത്രമായല്ല; അധികവൈഭവത്തിന്റെ ഒരു ലക്ഷണമായി കൂടി കണക്കാക്കപ്പെട്ടിരുന്നിരിക്കാം എന്നതിനാല്‍ ഇത്തരം സിഗ്നലിംഗ് Sexual Selection വഴി പരിണാമപരമായ മുന്‍തൂക്കം നല്ക്കുന്നു. ഈാഴെ കാണുന്ന ലിങ്കില്‍ ഈ വിഷയം പഠന വിധേയമാക്കിയ Kobe Millet ന്‍റെ പേപ്പര്‍ വായിക്കുക - https://docs.google.com/file/d/0BxxvdUuiUPGRdTFGQy1sUHRzNG8/edit?usp=sharing. ഇതേ വിഷയത്തില്‍ മറ്റു പഠനങ്ങളും ലഭ്യമാണ്.

പരിഷ്കൃതസമൂഹത്തിലെ നിരുപാധികപരോപകാരപ്രവണത മേല്‍പറഞ്ഞതിനേക്കാള്‍ അല്പം കൂടി സങ്കീര്‍ണം ആവുകയെ ചെയ്യുന്നുള്ളൂ. ഈ പ്രവണത ജീവിയുടെ സ്വജീവിതത്തില്‍ നേരിട്ടല്ലാതെയുള്ള, ഉടനെയോ അല്ലാതെയോ ഉള്ള, സമൂഹത്തിനു ഒന്നാകെയുള്ള ഗുണകരമായ മാറ്റങ്ങളെ പ്രതീക്ഷിച്ചുള്ള ഒരു ജൈവപ്രവണത കൂടി ആണ്; ഇത്തരം മനോഭാവം ഒരു വ്യക്തിക്ക് നേരിട്ട് ഗുണകരം ആവണമെന്നില്ലെങ്കിലും ഒരു സമൂഹത്തിന്റെ സ്ഥിരതയെയും നിലനില്പിനെയും സഹായിക്കുന്നു എന്നത് കൊണ്ട് പ്രോല്‍്സാഹിപ്പിക്കപ്പെടും. ഉടനെ ലഭ്യമായേക്കാത്ത, അവനവന് നേരിട്ട് ലാഭമുണ്ടായെന്നിരിക്കാത്ത ഗുണങ്ങളെ മുന്‍കൂട്ടി കാണുന്നതിനുള്ള കഴിവും, മനുഷ്യരിലും ചില ഹയര്‍ പ്രൈമറ്റ്സിലും കണ്ടു വരുന്ന ബുദ്ധിവൈഭവം കൊണ്ട് ലഭിക്കുന്നു.

തന്മയീഭാവം (Empathy):

മറ്റൊരു വ്യക്തിയുടെ വൈകാരികമായ അവസ്ഥ കണ്ടു ഒരു വ്യക്തിയിലുണ്ടാവുന്ന താദാത്മ്യഭാവമാണ് എമ്പതി. അപരന്റെ വേദന കാണുന്നതില്‍ നിന്നുണ്ടാവുന്ന നിരുപാധികമായ പരോപകാര പ്രവണതക്ക് ഒരു പ്രധാന ജൈവിക കാരണം ആണ് ഈ തന്മയീഭാവം. അപരന്റെ വേദനയുടെ നേരിട്ടുള്ള കാഴ്ചയോ അതിനെക്കുറിച്ചുള്ള കേട്ടറിവോ ഒരാളുടെ തലച്ചോറില്‍ ഉളവാക്കുന്ന സമാനമായ വൈകാരികഭാവം ആണ് ഇതിനു കാരണം. ആരെങ്കിലും കരയുന്നത് കാണുമ്പോള്‍ കണ്ണീര്‍ പൊടിയുക; മറ്റൊരാള്‍ക്ക് മുറിവേല്‍ക്കുന്നത് കാണുമ്പോള്‍ സ്വയം എന്തോ പിണഞ്ഞത് പോലെ ബുദ്ധിമുട്ട് തോന്നുക, സിനിമ കാണുമ്പോള്‍ കഥാപാത്രങ്ങളുടെ ജീവിതം സ്വജീവിതം പോലെ അനുഭവിക്കുക തുടങ്ങിയവക്ക് കാരണം ഈ എമ്പതി ആണ്.

തന്മയീഭാവത്തിനു ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഉള്ളതില്‍ പ്രധാനമായത് മിറര്‍ ന്യൂറൊണുകളുടെ പ്രവര്‍ത്തനമാണ്; ഇത് ഇപ്പോഴും വൈദ്യശാസ്ത്രസംബന്ധമായ പഠനങ്ങള്‍ വളരെയധികം നടന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയും ആണ്. മിറര്‍ ന്യൂറൊണുകള്‍ തലച്ചോറിലെ മോട്ടോര്‍ ന്യൂറൊണുകളുടെ ഒരു ചെറിയ സബ്സെറ്റ്‌ അഥവാ ഉപഗണം ആണ്.

തലച്ചോറിലെ ചില മോട്ടോര്‍ ന്യൂറൊണുകള്‍ നാം ചില പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുന്നു; ഇവയില്‍ ചില ന്യൂറൊണുകള്‍ (മിറര്‍ ന്യൂറൊണുകള്‍) അതെ പ്രവൃത്തി മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോഴും ഉത്തേജിപ്പിക്കപ്പെടുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണമായി കൈപ്പത്തിയില്‍ മുറിവേല്‍ക്കുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുന്ന മോട്ടോര്‍ ന്യൂറൊണുകളിലെ ഒരു വിഭാഗം ന്യൂറൊണുകള്‍ മറ്റൊരാളുടെ കൈപ്പത്തിയില്‍ മുറിവേല്ക്കുന്നത് കാണുമ്പോഴും ഉത്തേജിപ്പിക്കപ്പെടുന്നു. തല്‍ഫലമായി ആ വ്യക്തിയുടെ വേദനയോ വികാരമോ മനസ്സിലാക്കാനും താദാത്മ്യം പ്രാപിക്കാനും കാണുന്ന ആള്‍ക്ക് കഴിയുന്നു. ഈ പ്രതികരണം പലരിലും പലതരത്തിലാകാം; ഒരേ അളവില്‍ എല്ലാവരിലും ഉണ്ടായി കൊള്ളണമെന്നുമില്ല. ഇതിനെ കുറിച്ചുള്ള Marco Iacoboni യുടെ പഠനം വായിക്കുക - https://docs.google.com/file/d/0BxxvdUuiUPGRejVnRXJNSzltUmM/edit?usp=sharing. ഇതേ വിഷയത്തില്‍
മറ്റു പഠനങ്ങള്‍ ലഭ്യമാണ്; Frans B.M. deWaal ന്‍റെ ഒരെണ്ണം ഇതാ -https://docs.google.com/file/d/0BxxvdUuiUPGRM1FPeUlsQlFGUEE/edit?usp=sharing

മനുഷ്യരില്‍ മാത്രമല്ല മറ്റു ചില ജീവികളിലും പല അളവിലും തരത്തിലും ഈ തന്മയീഭാവം കണ്ടു വരുന്നു എന്നാണു നിരീക്ഷണം. ഉദാഹരണമായി ഉടമസ്ഥന്‍ വൈകാരികമായ വൈഷമ്യം പ്രകടിപ്പിക്കുമ്പോള്‍ വളര്‍ത്തുനായ്ക്കള്‍ അതിനോട് പ്രതികരിക്കുന്നത് സാധാരണമാണ്. അമേരിക്കയിലെ National Institute of Mental Health (NIMH)-ലെ റിസര്‍ച്ച് സൈകോളജിസ്റ്റ്‌ ആയ കരോലിന്‍ സാന്‍വാക്സ്ലര്‍ (Carolyn Zahn-Waxler) മുതിര്‍ന്നവരുടെ വികാരപ്രകടനങ്ങളോട് കുഞ്ഞുങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന പഠനത്തിന് വേണ്ടി നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായി, പങ്കെടുത്ത വീടുകളിലെ മുതിര്‍ന്നവരോട് കരയുന്ന പോലെയോ ശ്വാസതടസ്സം അനുഭവിക്കുന്ന പോലെയോ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. കുഞ്ഞുങ്ങള്‍ ഇതിനോട് പ്രതികരിച്ചു എന്നതിനോടൊപ്പം, വീട്ടിലെ വളര്‍ത്തു മൃഗങ്ങളും പ്രകടമായി പ്രതികരിക്കുകയും വിഷമിക്കുന്ന വീട്ടുകാരന്റെയോ വീട്ടുകാരിയുടെയോ മടിയില്‍ വന്നു തല വെക്കുകയും ചെയ്തു എന്ന് കരോലിന്‍ നിരീക്ഷിക്കുന്നു. (പഠനത്തിന്റെ ലിങ്ക് - http://psychology.huji.ac.il/.upload/articles/KnafoWinningArticle.pdf)

American Psychiatric Association-ന്റെ പ്രസിഡണ്ട് ആയിരുന്ന ജൂള്‍സ് മാസ്സര്‍മാന്‍ 1964-ഇല്‍ റീസസ് കുരങ്ങുകളില്‍ (Rhesus Macaque) ചില പരീക്ഷണങ്ങള്‍ നടത്തി (ലിങ്ക് - https://docs.google.com/file/d/0BxxvdUuiUPGRbnhXYXQ0Tjc4NUU/edit?usp=sharing). ഒരു വലിയ പെട്ടിയെ, ഒരു ചെയിന്‍ വലിച്ചാല്‍ ഭക്ഷണം ലഭിക്കുന്ന ഒരു കമ്പാര്‍ട്ട്മെന്‍റ് ആയും, അതെ ക്ഷണം മറുവശത്തുള്ള കുരങ്ങിന് ഇലക്ട്രിക്‌ ഷോക്ക്‌ ലഭിക്കുന്ന മറ്റൊരു കമ്പാര്‍ട്ട്മെന്‍റ് ആയും തിരിച്ചു, റീസസ് കുരങ്ങുകളെ ഈ കമ്പാര്‍ട്ട്മെന്റുകളില്‍ മാറ്റി മാറ്റി ഇരുത്തി നിരീക്ഷിക്കുക ആണ് ചെയ്തത്. അതായത്, ഇപ്പുരതുള്ള കുരങ്ങുകള്‍ക്ക് ഭക്ഷണം ലഭിക്കണമെങ്കില്‍ ചെയിന്‍ വലിക്കണം; ചെയിന്‍ വലിക്കുമ്പോള്‍ അടുത്ത കമ്പാര്‍ട്ട്മെന്‍റ് -ഇല്‍ ഉള്ള കുരങ്ങിന് ഒരു ചെറിയ ഷോക്ക്‌ ഏല്പിക്കപ്പെടും; ഇത് ഇപ്പറത്തുള്ള കുരങ്ങുകള്‍ക്ക് കാണാം.

കൂടുതല്‍ കുരങ്ങുകളും മറ്റൊരാളെ വേദനിപ്പിച്ച് ഭക്ഷണം നേടാന്‍ തയ്യാറാവാതെ ദിവസങ്ങളോളം (ഏറ്റവും കൂടുതല്‍ 12 ദിവസം) പട്ടിണി കിടന്നു എന്നായിരുന്നു നിരീക്ഷണം. ഈ സ്വഭാവ സവിശേഷത പല കുരങ്ങുകളില്‍ പല അളവില്‍ ആയിരുന്നു എങ്കിലും കൂടുതല്‍ കുരങ്ങുകളും ഇത് പ്രകടിപ്പിച്ചു എന്നാണു കണ്ടെത്തിയത് (Altruistic Behavior at the cost of Self Starvation). ഈ സ്വഭാവം ഒരിക്കല്‍ സ്വയം ഷോക്ക്‌ ലഭിച്ച കുരങ്ങുകളില്‍ കൂടുതല്‍ ആയിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടു; ഷോക്ക്‌ ഏല്‍ക്കുന്ന കുരങ്ങിന്റെ പ്രതികരണം കണ്ട് താന്‍ അനുഭവിച്ച അതെ വേദന ആണ് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ആണതിന് കാരണം.

ചിമ്പന്‍സികള്‍ മനുഷ്യന്റെ സഹാനുഭൂതിക്കു അടുത്ത് വരെ വരുന്ന അളവില്‍ എംപതറ്റിക്‌ ആണ് എന്നും ചില നിരീക്ഷണങ്ങള്‍ തെളിയിക്കുന്നുണ്ട്; പഠനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു മേഖല ആണ് ഇതും. തന്മയീഭാവം മനുഷ്യരില്‍ ഉല്ഭവിക്കുന്നതിനു മുമ്പ് പൊതു പൂര്‍വികരിലും ഉണ്ടായിരുന്നിരിക്കാനാണ് സാധ്യത എന്നാണു മൃഗങ്ങളിലെ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇത്തരം സഹാനുഭൂതിയും തന്മയീഭാവവും, ഒരു സ്പീഷീസ് എന്ന രീതിയിലുള്ള നിലനില്പിനെ കൂടുതല്‍ സഹായിക്കുന്നു എന്നതാണ് പരിണാമപരമായി ഇതിനു മുന്‍തൂക്കം ലഭിക്കാനുള്ള കാരണം; പ്രതിഫലം പ്രതീക്ഷിച്ചോ അല്ലാതെയോ ഉള്ള പരസ്പര സഹായങ്ങള്‍ ഒരു ജീവിവര്‍ഗത്തെ സ്ഥിരതയുള്ള ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. തന്മയീഭാവവും പ്രതിഫലം പ്രതീക്ഷിക്കാത്ത സഹായങ്ങളും ഹയര്‍ പ്രൈമറ്റ്സില്‍ കൂടുതല്‍ കാണപ്പെടുന്നത് അത്തരം സ്വഭാവ സവിശേഷതകള്‍ക്ക് പരിണാമപരമായ മുന്‍തൂക്കം വളരെയധികം ലഭിച്ചിരുന്നത് കൊണ്ടായിരിക്കണം.

ബന്ധുജനങ്ങളോടുള്ള പരോപകാരപ്രവണതയും (Kin Altruism) പരസ്പരപൂരക പരോപകാരപ്രവണതയും (Reciprocal Altruism) മനുഷ്യരില്‍ സ്വാഭാവികമായും നിലനില്‍ക്കുന്നുണ്ട് എന്നതില്‍ സംശയമില്ല തന്നെ; എന്നാല്‍ ഇവ രണ്ടും മാത്രമല്ല മനുഷ്യന്‍ അടക്കമുള്ള ഹയര്‍ പ്രൈമറ്റ്സില്‍ കണ്ടു വരുന്നത് എന്നാണു പഠനങ്ങളും നിരീക്ഷണങ്ങളും പറയുന്നത്. തന്മയീഭാവത്തില്‍ അധിഷ്ഠിതമായ നിരുപാധിക പരോപകാരപ്രവണത (Empathy based Unconditional Altruism) മനുഷ്യനെ പോലുള്ള ഒരു സങ്കീര്‍ണ ജീവിയുടെ ജൈവപരിണാമത്തെയും സാമൂഹ്യവ്യവസ്ഥിതിയെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നാണു മനുഷ്യ സമൂഹത്തിന്റെ ഇന്നത്തെ ഘടനയില്‍ നിന്നും സ്വഭാവ സവിശേഷതകളില്‍ നിന്നും മനസ്സിലാക്കേണ്ടത്.

(Photo Credit: Getty Images, jupit)

No comments:

Post a Comment