Sunday 27 October 2013

ആണ്‍കോയ്മയുടെ "താവഴി"കള്‍





























വെട്ടം ഓണ്‍ലൈൻ പ്രസിദ്ധീകരിച്ചത് - http://vettamonline.com/?p=14629

തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയമാണ് പുരുഷാധിപത്യം! എത്ര കണ്ണടച്ചിരുട്ടാക്കിയാലും മനുഷ്യസമൂഹത്തില്‍ ജീവിക്കുമ്പോള്‍  ഒരിക്കലെങ്കിലും അതു നേരിട്ടനുഭവിക്കേണ്ടി വരും. എല്ലാ മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തിലും  സംസ്കാരങ്ങളിലും മതങ്ങളിലും മിത്തോളജിയിലും കലാരൂപങ്ങളിലും വരെ ആണ്‍കോയ്മയുടെ അടയാളങ്ങള്‍ കാണാം; അത്രത്തോളം വ്യാപിക്കപ്പെട്ടതും വേരൂന്നിയതുമാണ്  ആണ്‍കോയ്മയുടെ”താവഴികള്‍". എന്തുകൊണ്ട്? മനുഷ്യ സമൂഹത്തിന്റെ പാതിവരുന്ന ഒരു വിഭാഗത്തിന് മേല്‍ കായികമായും സാമൂഹ്യമായും അത്ര മാത്രം എണ്ണം വരുന്ന മറ്റൊരു വിഭാഗത്തിന് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ എങ്ങനെ കഴിഞ്ഞു? അതെങ്ങനെ സാര്‍വത്രികം ആയി? എന്തുകൊണ്ട് പെണ്ണിന്റെ ചെറുത്തുനില്പ് ഉണ്ടായില്ല; അല്ലെങ്കില്‍ ഉണ്ടായിട്ടും ഫലമുണ്ടായില്ല?

ഇങ്ങനെയൊന്നു മനുഷ്യനില്‍ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്; പുരുഷന്‍റെ ആധിപത്യപ്രവണത മനുഷ്യ സമൂഹത്തില്‍ മാത്രമായി ഉടലെടുത്തു വന്നതല്ല; മനുഷ്യനോടടുത്തു നില്‍ക്കുന്ന ചില ജീവിവര്‍ഗങ്ങളിലും ഇത് കാണാം. എന്നാല്‍ മറ്റു ജീവിവര്‍ഗങ്ങളിലെ ആധിപത്യ പ്രവണത കുറെക്കൂടി പ്രാകൃതമായ, താല്‍കാലികമായ ലൈംഗികലാഭത്തിനു വേണ്ടിയുള്ള ബലപ്രയോഗത്തില്‍ അധിഷ്ടിതമാണ്. ബൌദ്ധികമായ മുന്നേറ്റത്തിന്റെ ഫലമായി മനുഷ്യന്‍ ഇത്തരം താല്‍കാലികലൈംഗികലാഭങ്ങള്‍ കൂടാതെ കൂടുതല്‍ സ്ഥിരതയുള്ള, പുരുഷലൈംഗികതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കവും പ്രാധാന്യവും ഉള്ള ഒരു സമൂഹം തന്നെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ചു.

ശാരീരികശേഷിയുടെയും ബൌദ്ധികശേഷിയുടെയും ഒക്കെ അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ സ്ത്രീയുടെ സംഭാവനകളെയും ഇന്നത്തെ സമൂഹത്തിലെ അവളുടെ സാധ്യതകളെയും കഴിവുകളെയും ചോദ്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്; ഇതിന്റെ പരിഹാസ്യത അത് ചെയ്യുന്നവര്‍ക്ക് മനസ്സിലാകുന്നില്ല എന്നതുറപ്പ്. നൂറ്റാണ്ടുകള്‍ കറുത്ത വര്‍ഗക്കാരെ അടിമയാക്കി വെച്ച്, അവരെ ശാരീരികാധ്വാനമുള്ള ജോലികള്‍ക്കുപയോഗിച്ചു, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ബൌദ്ധികമായ എല്ലാ വിധ മേഖലകളില്‍ നിന്നും അവരെ മാറ്റി നിര്‍ത്തിയ വെളുത്ത വര്‍ഗക്കാരില്‍ നിന്ന്, ഒടുവില്‍ സ്വാതന്ത്ര്യം പ്രാപിച്ചു സ്വത്വബോധതോടെ ജീവിക്കാന്‍ തുടങ്ങുന്ന കറുത്തവനെ നോക്കി "ചരിത്രത്തിലെ എല്ലാ ശാസ്ത്രമുന്നേറ്റങ്ങളും അറിവുകളും ഞങ്ങളുടെ സംഭാവനയാണ്; നിനക്ക് ബൌദ്ധികശേഷി സ്വാഭാവികമായും കുറവാണ്; ശാരീരികശേഷി മാത്രമേ ഉള്ളൂ" എന്ന് വെളുത്തവന്‍ പരിഹസിക്കുന്നതു പോലാണത്!

'പുരുഷാധിപത്യം' എന്ന വാക്കിനെ ഒരു വ്യക്തിയുടെ മേല്‍ മറ്റൊരു വ്യക്തിക്ക് ഉള്ള കേവലമായ അധികാരം എന്ന് മാത്രം വായിക്കരുത്. അത് ലൈംഗികതയില്‍ അധിഷ്ഠിതമായ, ലിംഗപരമായ ആധിപത്യം തന്നെയാണ്. വര്ഗാധിപത്യമോ സാമ്പത്തിക ആധിപത്യമോ പോലെ സാമൂഹ്യമായ ആധിപത്യം മാത്രമല്ല പുരുഷാധിപത്യം; ചരിത്രത്തിലന്നോളമിന്നോളം പുരുഷന്‍ നിയന്ത്രിച്ചു പോന്നത് പ്രാഥമികമായി സ്ത്രീയുടെ ലൈംഗികതയെ തന്നെയാണ്; പുരുഷ കേന്ദ്രീകൃത വ്യവസ്ഥ കടിഞ്ഞാണിട്ടു പിടിച്ചു നിര്‍ത്തുന്നതും സ്ത്രീയുടെ ലൈംഗികസ്വാതന്ത്ര്യത്തെ തന്നെ. ഇണയെ സ്വയം തെരഞ്ഞെടുക്കാനും മാറ്റാനുമുള്ള പെണ്ണിന്‍റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുക, അത് പുരുഷന്റെ വരുതിയിലാക്കുക എന്നിവ തന്നെയാണ് പുരുഷാധിപത്യവ്യവസ്ഥയുടെ  കാതല്‍.

സ്ത്രീക്ക് മാത്രം ബാധകമായ കന്യകാത്വ, ചാരിത്ര്യ, പാതിവ്രത്യ സങ്കല്പങ്ങള്‍, ഇതിലെല്ലാം അധിഷ്ടിതമായ പാരമ്പര്യ വിവാഹസമ്പ്രദായങ്ങള്‍, നിര്‍ബന്ധിതവിവാഹങ്ങള്‍, ശൈശവവിവാഹങ്ങള്‍, ഗാര്‍ഹികപീഡനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, സ്ത്രീക്കും പുരുഷനും വ്യത്യസ്ത വിവാഹമോചനനിയമങ്ങള്‍, ബഹുഭര്‍തൃത്വതെക്കാള്‍ ബഹുഭാര്യാത്വം കൂടുതലുള്ള വ്യവസ്ഥകള്‍, സ്ത്രീകളുടെ ലിംഗഛെദനം (ലൈംഗികതൃഷ്ണ കുറക്കാന്‍ വേണ്ടി ചെയ്യുന്നത്), സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുതയും അക്രമങ്ങളും, മതങ്ങളിലെ ശക്തമായ സ്ത്രീനിയമങ്ങള്‍, പുറത്തുള്ള ജോലികള്‍ ചെയ്യുന്നതില്‍ നിന്നും സ്വതന്ത്രസഞ്ചാരത്തില്‍ നിന്നും സ്ത്രീകള്‍ വിലക്കപ്പെടുന്ന വ്യവസ്ഥകള്‍, ‘പുരുഷന്റെ വീട്ടില്‍' സ്ത്രീ അടുക്കളക്കാരിയും വീട്ടുജോലിക്കാരിയും ആയിത്തീരുന്ന ലിംഗഭേദാധിഷ്ടിതകര്‍ത്തവ്യങ്ങളില്‍ ഊന്നിയ കുടുംബ വ്യവസ്ഥകള്‍ തുടങ്ങി ‘സ്ത്രീസുരക്ഷിതത്വ’ത്തിന്റെ പേരില്‍ തന്നെ നടപ്പാക്കപ്പെടുന്ന പല സാമൂഹ്യനിയമങ്ങള്‍ പോലും പുരുഷാധിപത്യത്തിന്റെ മുഖം മിനുക്കിയ വിവിധ ഉപകരണങ്ങള്‍ തന്നെ.

വളരെ സമര്‍ത്ഥമായി വ്യവസ്ഥാപിക്കപ്പെട്ട പുരുഷകേന്ദ്രീകൃതസമൂഹങ്ങള്‍ നിലവില്‍ വന്നത് അല്പം വൈകിയായിരിക്കാമെങ്കിലും ആദിമ മനുഷ്യനിലും ഈ പ്രവണത ഉണ്ടായിരുന്നിരിക്കണം; അത് നമ്മുടെ പൂര്‍വിക ജീവി വര്‍ഗങ്ങളിലും ഒരു പരിധി വരെ നില നിന്നിരിക്കണം. ഇതെങ്ങനെ നിലവില്‍ വന്നു എന്ന് പരിശോധിക്കണമെങ്കില്‍ അതിന്റെ പരിണാമവശങ്ങളും സാമൂഹ്യവശങ്ങളും (രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു) പരിശോധിക്കേണ്ടി വരും; ഈ ലേഖനത്തില്‍ ജൈവികമായ പ്രവണതയുടെ കാരണങ്ങള്‍ ആണ് പ്രാഥമികമായും അന്വേഷിക്കുന്നത്. പരിണാമത്തില്‍ ഒരു സവിശേഷത (Trait) നിലനിര്‍ത്തപ്പെടുന്നത് പ്രധാനമായും ഒരു കാര്യത്തെ അടിസ്ഥാനമാക്കിയാണ്; ഒരു പ്രത്യേകത ജീനുകളുടെ വ്യാപനത്തിന് അപകടകരമായി ഭവിക്കുമോ ഇല്ലയോ എന്ന് മാത്രം (ഒന്ന് കൂടി കൃത്യമായി പറഞ്ഞാല്‍ ആദ്യം ജീവിയുടെ സ്വന്തം നിലനില്പിന്, പിന്നെ പ്രത്യുല്പാദനത്തിന്). സ്വന്തം ജനിതകപദാര്‍ത്ഥം വ്യാപിപ്പിക്കുന്നതില്‍ കൂടുതല്‍ വിജയം കൈവരിക്കുന്ന ജീവികളുടെ ജീനുകള്‍ അടുത്ത തലമുറയിലേക്ക് കൂടുതലായി കൈമാറ്റം ചെയ്യപ്പെടുന്നത് കൊണ്ട് തന്നെ ലൈംഗികതയിലും ലൈംഗികനിര്‍ദ്ധാരണത്തിലും പ്രത്യുല്പാദനത്തിലും എല്ലാം അധിഷ്ടിതമായിരിക്കും ഈ വിഷയത്തിലെ ചര്‍ച്ച.

ജീവിവര്‍ഗങ്ങളില്‍ പൊതുവേ ലൈംഗികനിര്‍ദ്ധാരണത്തിന്റെ (sexual selection) ഉത്തരവാദിത്വം സ്ത്രീവര്‍ഗത്തില്‍ അധിഷ്ടിതമാണ് എന്നാണു കണ്ടു വരുന്നത്. പെണ്ണിണയെ ആകര്‍ഷിച്ചു വരുത്തേണ്ടത് പുരുഷന്‍ ആണ് (സിഗ്നലിംഗ്). ഒരു വിധം ജീവിവര്‍ഗങ്ങളില്‍ എല്ലാം ഇണയെ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീ പുരുഷനേക്കാള്‍ കൂടുതല്‍ ശ്രദ്ധാലു ആണെന്ന് കാണാം. സ്വന്തം ജനിതക പദാര്‍ത്ഥം വ്യാപിപ്പിക്കുക എന്ന ‘പരിണാമോദേശ്യം’ സ്ത്രീക്കും ഉണ്ട്; പക്ഷെ ഈ 'വ്യാപിപ്പിക്കല്‍' പുരുഷനോളം സ്ത്രീക്ക് എളുപ്പമല്ല; കാരണം പ്രത്യുല്പാദനത്തിനു വേണ്ടി സ്ത്രീക്ക് കൂടുതല്‍ വിലയും സമയവും നല്‍കേണ്ടി വരുന്നു; അത് കൊണ്ട് തന്നെ ഇവിടെ ഒരു തരം സമതുലനം നടക്കുന്നുണ്ട്. സ്ത്രീയെ അപേക്ഷിച്ചു പുരുഷന് അല്പം കൂടുതല്‍ ലൈംഗികതൃഷ്ണ കണ്ടുവരുന്നു എന്നതിന്റെ കാരണവും ഇത്തരം സമതുലനം തന്നെ; ലൈംഗികതൃഷ്ണ കൂടുതലുള്ള പുരുഷന്മാര്‍ ആയിരിക്കണം കൂടുതല്‍ പ്രത്യുല്പാദനം നടത്തിയിരിക്കുക; അത് കൊണ്ട് തന്നെ അത്തരം ജീനുകള്‍ കാലക്രമത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കപെടും. സ്ത്രീയുടെ കാര്യത്തില്‍ ലൈംഗികതൃഷ്ണയോടൊപ്പം ഗര്‍ഭകാലത്തെ സ്വയം പരിരക്ഷയും പരിപാലനവും എല്ലാം പ്രധാനമാണ് എന്നത് കൊണ്ട് കേവല ലൈംഗികവികാരത്തിനപ്പുറം ഇണയുടെ കാര്യത്തില്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തുന്ന സ്ത്രീകള്‍ ആണ് അതിജീവനത്തിലും വിജയകരമായ പ്രത്യുല്പാദനത്തിലും മുന്നിട്ടു നില്‍ക്കുക. പുരുഷന്‍ പൊതുവേ കൂടുതല്‍ ലൈംഗികതൃഷ്ണ ഉള്ളവന്‍ ആകുന്നതും സ്ത്രീ സെലെക്ടിവ്‌ ആകുന്നതും  ഒരേ ജൈവികകാരണങ്ങളുടെ രണ്ടു ഫലങ്ങള്‍ ആണ് എന്നര്‍ത്ഥം. മറ്റു ജീവിവര്ഗങ്ങളുടെ കാര്യത്തില്‍ ഈ തെരഞ്ഞെടുപ്പ് ബോധപൂര്‍വം ആയിരിക്കണമെന്നില്ല എങ്കിലും മനുഷ്യസ്ത്രീയുടെയും മനുഷ്യന്‍റെ അടുത്ത പൂര്‍വികരുടെയും കാര്യത്തില്‍ ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിരുന്നിരിക്കണം

സ്ത്രീയാണ് ലൈംഗിക നിര്‍ദ്ധാരണം നടത്തിയിരുന്നത് എന്നത് കൊണ്ട് തന്നെ ജനിതക പദാര്‍ഥത്തിന്റെ വ്യാപനവും സ്ത്രീയുടെ ലൈംഗികതാല്‍പര്യപ്രകാരം നടന്നിരുന്ന ഒരവസ്ഥ ആയിരിക്കുമല്ലോ; സ്ത്രീ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള പ്രത്യേകതകള്‍ ഉള്ള പുരുഷന്മാര്‍ക്ക് ഇണകളെ ലഭിക്കുകയും അല്ലാത്തവര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സ്വാഭാവികം.  കൂടുതല്‍ മൃഗങ്ങളുടെയും കാര്യത്തില്‍ ബാഹ്യമായ ആകര്‍ഷണം മുന്നിട്ടു നിന്നിരുന്നുവെങ്കില്‍ മനുഷ്യന്റെയും പൂര്‍വികരുടെയും കാര്യത്തില്‍  ഈ തെരഞ്ഞെടുപ്പ് അല്പം കൂടി ബോധപൂര്‍വം ആയിരുന്നിരിക്കാന്‍  ആണ് സാധ്യത. ഏകഭര്‍തൃത്വം, ഏകാഭാര്യാത്വം ഒന്നും നിലവില്‍ വന്നിട്ടില്ലാത്ത കാലത്ത് സമൂഹത്തിന്റെ സമ്മര്‍ദം ഇല്ലാതെ മനുഷ്യസ്ത്രീ സ്വതന്ത്രയായി ഇണയെ തെരഞ്ഞെടുക്കാനുപയോഗിച്ചിരുന്ന ഉപാധികള്‍ പലതുമാകാം; ബാഹ്യമായ ആകര്‍ഷണീയത കൂടാതെ മറ്റു  സ്വഭാവസവിശേഷതകളും ബൌദ്ധിക നിലവാരമുള്ള ജീവികള്‍ പരിഗണിച്ചിരിക്കാം. ഒരു പുരുഷനെ ഒരു സ്ത്രീ മാത്രമേ തെരഞ്ഞെടുക്കാവൂ എന്നോ തെരഞ്ഞെടുത്ത പുരുഷനെ പിന്നീട് മാറ്റിക്കൂടാ എന്നുമൊന്നും സാമൂഹ്യ നിയമങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ ഈ അവസ്ഥ പൊതുവേ പുരുഷ സമൂഹത്തിന്റെ ലൈംഗികതാല്പര്യങ്ങള്‍ക്ക് സ്വാഭാവികമായും വലിയൊരു തടസ്സം തന്നെയായിരുന്നു എന്ന് പറയാം.

പുരുഷാധിപത്യ വ്യവസ്ഥ സ്ത്രീയുടെ ഇത്തരം ലൈംഗികനിര്‍ദ്ധാരണത്തെ മറികടക്കാന്‍ ഉണ്ടായി വന്ന ഒന്നാണ്. ഈ മറികടക്കല്‍ പുരുഷന്റെ ജനിതക പദാര്‍ത്ഥം അവന്റെ താത്പര്യത്തിനനുസരിച്ച് വ്യാപിപ്പിക്കാന്‍ പുരുഷന് അവസരം നല്‍കുകയും സ്ത്രീയുടെ ലൈംഗികനിര്‍ദ്ധാരണത്തിനുള്ള അവസരവും അനന്തരഫലങ്ങളും  കുറക്കുകയും ചെയ്തു. സ്ത്രീ സമൂഹത്തിന്റെ മേലുള്ള 'അധികാരം' പുരുഷന്റെ ജനിതക പദാര്‍ത്ഥം വ്യാപിപ്പിക്കാന്‍ അവനു പരിണാമപരമായി വളരെയധികം അനുകൂലനം നല്‍കുന്നുണ്ട്; കാരണം അത്തരമൊരു വ്യവസ്ഥയില്‍ സ്ത്രീയുടെ വിധേയത്വം ഒരു സന്ദര്‍ഭത്തില്‍ ഒതുങ്ങുന്നതല്ല; ഈ വ്യവസ്ഥയിലാണ് വിജയകരമായ പ്രത്യുല്പാദനത്തിനുള്ള സാധ്യത കൂടുതല്‍. വിധേയയായ സ്ത്രീ പ്രതുല്പാദനത്തെ കൂടുതല്‍ സഹായിക്കുന്നു എന്നതിനാലും അധികാരപ്രവണത ഇതിനു സഹായകമായതിനാലും സ്ത്രീയുടെ മേല്‍ അധികാരം സ്ഥാപിക്കാനുള്ള ത്വര പുരുഷനില്‍ പരിണാമപരമായി വളര്‍ന്നു വന്നു; ഈ വിധേയത്വം ശാരീരികമോ മാനസികമോ നിര്‍ബന്ധിതമോ അല്ലാത്തതോ ആയ ഏതു വിധേന ഉള്ള വിധേയത്വവും ആവാം.

ഒരിക്കല്‍ ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ സ്ത്രീ മറ്റൊരു പുരുഷനെ തെരഞ്ഞെടുക്കാനുള്ള സാധ്യത ഇല്ലാതാക്കാന്‍  പുരുഷനുണ്ടായിരുന്ന മറ്റൊരു പ്രചോദനം തീര്‍ച്ചയായും സന്തതിപരമ്പരകളെ സ്വന്തമെന്നു തിരിച്ചറിയല്‍, അഥവാ സ്വന്തം പേരില്‍ അടയാളപ്പെടുത്തല്‍ ആയിരുന്നിരിക്കണം. പ്രാഥമികമായും സ്ത്രീയുടെ സംരക്ഷണയില്‍ കുഞ്ഞുങ്ങള്‍ വളരുകയും സ്ത്രീയുടെ ലൈംഗികത പുരുഷന്‍റെ നിയന്ത്രണത്തില്‍ അല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ സ്ത്രീയുടെ സന്തതിപരമ്പരകളായി മാത്രമേ പ്രാഥമികമായി തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ; പുരുഷന്‍റെ ‘റോള്‍' സ്ത്രീ അവനെ ഇണയായി നിലനിര്‍ത്തുന്നുവോ ഇല്ലയോ എന്നതിന് അനുസരിച്ചിരിക്കും. അത് കൊണ്ട് തന്നെ സ്ത്രീയുടെ ‘പരപുരുഷഗമനം' എതു വിധേനയും നിയന്ത്രിക്കേണ്ടത് പുരുഷന്‍റെ താല്പര്യം ആയിത്തീര്‍ന്നു; പുരുഷന്‍റെ നിയന്ത്രണത്തില്‍, അവന്റെ വാസസ്ഥലത്ത്, ചുറ്റുപാടുള്ള മറ്റു പുരുഷന്മാരോട് അധികം ഇടപഴകാതെ സ്ത്രീകള്‍ ജീവിക്കുന്ന വ്യവസ്ഥകള്‍ മനുഷ്യചരിത്രത്തില്‍ ധാരാളമായി ഉണ്ടായി വന്നതും അതിനു വേണ്ടി തന്നെ. പരപുരുഷഗമനം പരസ്ത്രീഗമനത്തെക്കാള്‍ വലിയ കുറ്റമായി കണക്കാക്കപ്പെടുന്ന സാമൂഹ്യസ്ഥിതി ഉണ്ടായതും,  പിതാവിന്റെ പേരില്‍ അടുത്ത തലമുറ അറിയപ്പെടെണ്ടത് ഒരാവശ്യകതയായി തീര്‍ന്നതും, പിതാവാരെന്നു അറിയാത്തവന്‍ എന്നത് എല്ലാ സംസ്കാരങ്ങളിലും വ്യക്തികളെ അപമാനിക്കാനുള്ള ഒരു സാധാരണ പ്രയോഗം ആയിത്തീര്‍ന്നതും ഇത്തരം ജനിതകമായ അടയാളപ്പെടുത്തല്‍ നടത്താനുള്ള പുരുഷന്റെ യത്നത്തിന്റെ ഭാഗം ആയി കണക്കാക്കാം; അതിലവന്‍ വിജയിക്കുകയും ചെയ്തു.

സ്ത്രീയുടെ ലൈംഗികനിര്‍ദ്ധാരണത്തെ അതിജീവിക്കാന്‍ എന്ത് കൊണ്ട് പുരുഷന് കഴിഞ്ഞു? സ്ത്രീക്ക് എന്ത് കൊണ്ട് പ്രതിരോധിക്കാനും അല്ലെങ്കില്‍ ഇതില്‍ മേല്‍ക്കൈ നേടാനും കഴിഞ്ഞില്ല? ഇതിലും സ്ത്രീയുടെ ലൈംഗികനിര്‍ദ്ധാരണത്തിനു വലിയൊരു പങ്കുണ്ട്. പൊതുവേ ജീവിവര്‍ഗങ്ങളില്‍ പുരുഷന് സ്ത്രീയെക്കാള്‍ ശാരീരികമായ വലിപ്പവും കരുത്തും അല്പം കൂടുതല്‍ ആണ്. ഇണക്ക് വേണ്ടി പുരുഷന്മാര്‍ തമ്മിലുള്ള മല്‍സരങ്ങള്‍ ജീവികളില്‍ സാധാരണമാണ്; ഈ മല്‍സരത്തില്‍ വിജയിക്കുക സ്വാഭാവികമായും കരുത്ത് കൂടുതലുള്ള പുരുഷന്‍ തന്നെയായിരിക്കും; ഇനി നേരിട്ട് മല്‍സരം നടന്നില്ലെങ്കിലും എതിരാളികളായ പുരുഷന്മാരെ ഭയപ്പെടുത്തി അകറ്റി നിര്‍ത്തുന്നതില്‍ കരുത്ത് കൂടുതലുള്ള പുരുഷന്‍ വിജയിക്കും. അത് കൊണ്ട് തന്നെ അടുത്ത തലമുറകളിലേക്ക് അത്തരം പുരുഷന്മാരുടെ ജീനുകള്‍ ആണ് കൂടുതല്‍ വ്യാപിപ്പിക്കപ്പെടുക. സ്ത്രീക്ക് ഇത്തരം പരിണാമസമ്മര്‍ദം ഇല്ല; നേരെ മറിച്ച്, എളുപ്പത്തില്‍ വിധേയയാവുന്ന സ്ത്രീ ആണ് കൂടുതല്‍ പ്രത്യുല്പാദനം നടത്തുക എന്നതിനാല്‍ അത്തരം സ്ത്രീകളുടെ ജീനുകളാണ് അടുത്ത തലമുറകളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കപ്പെടുക. ഇത്തരത്തില്‍ ഉണ്ടായി വന്ന അധികകായികശേഷി പുരുഷന് ഈ മറികടക്കലിനു വളരെയധികം സഹായമായി എന്ന് എടുത്തു  പറയേണ്ടി വരില്ലല്ലോ.

സ്ത്രീയുടെ തെരഞ്ഞെടുപ്പിന് പൂര്‍ണമായ സാമൂഹ്യസ്വീകാര്യത കൈവരുന്ന ഒരു സാമൂഹ്യവ്യവസ്ഥയില്‍ (മേധാവിത്വ സ്വഭാവമുള്ള പുരുഷന്മാരെ തെരഞ്ഞെടുക്കാതിരിക്കാന്‍ സ്ത്രീ ശ്രദ്ധാലു ആയിരുന്നാല്‍) ഒരു പക്ഷെ കാലക്രമേണ പുരുഷാധിപത്യപ്രവണത പുരുഷജീനുകളില്‍ നിന്നും ഇല്ലാതായേക്കാം. എന്നിരുന്നാലും, സ്ത്രീയുടെ ലൈംഗികനിര്‍ദ്ധാരണം പൂര്‍ണമായും തിരിച്ചു കൊണ്ട് വന്നാല്‍ പോലും, പഴയ സൈക്കിള്‍ വീണ്ടും ആവര്‍ത്തിച്ചേക്കാം; അതിനെ അതിജീവിക്കാന്‍ അതെ കാരണത്താല്‍ കായികശേഷി കൂടുതല്‍ നേടിയ പുരുഷന്‍ വീണ്ടും ലൈംഗിക ആധിപത്യം നേടിയേക്കാം. ഇത്തരം ജൈവികമായ പ്രതിഭാസങ്ങള്‍ ധാര്‍മികതയില്‍ അധിഷ്ടിതമല്ല.

ഇവിടെയാണ്‌ സാമൂഹ്യ വ്യവസ്ഥയിലെ ശക്തമായ മാറ്റങ്ങള്‍ അനിവാര്യമാകുന്നത്. ആധുനികസമൂഹം ഇത്തരം തീര്‍ത്തും ജൈവികമായ പ്രതിഭാസങ്ങളെ അതിജീവിക്കെണ്ടതുണ്ട്. ജൈവികം ആയി ഉണ്ടായി വന്ന പുരുഷന്റെ ലൈംഗിക ആധിപത്യ ബോധത്തെ സാമൂഹ്യമായ രീതികളിലൂടെ പരിഹരിക്കുക ആണ് ഇപ്പോള്‍ വേണ്ടത്; സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതക്കും  തെരഞ്ഞെടുപ്പിനും തീരുമാനങ്ങള്‍ക്കും ഒരേ അളവില്‍ പ്രസക്തിയുള്ള, ഒന്നിന് മേല്‍ ഒന്ന് ലിംഗഭേദാടിസ്ഥാനത്തില്‍ അധികാരം സ്ഥാപിക്കാത്ത, സമത്വബോധമുള്ള  ഒരു വ്യവസ്ഥക്ക് വേണ്ടി പൊതുബോധത്തില്‍ വരേണ്ട മാറ്റം ചില്ലറയൊന്നുമല്ല.  എങ്കിലും സമകാലീനസ്ത്രീപുരുഷസമത്വവാദികളുടെയും പ്രസ്ഥാനങ്ങളുടെയും ശ്രമഫലമായി അല്പമെങ്കിലും വെളിച്ചം തുരങ്കത്തിനങ്ങേ അറ്റത്ത് ഉണ്ടെന്നു പ്രത്യാശിക്കാവുന്നതാണ്.

Photo Credit: Courtesy NASA/JPL-Caltech




No comments:

Post a Comment