Thursday 27 March 2014

മതം, ആത്മീയത; വ്യക്തിഗതവിശ്വാസം Vs. അധികാരസ്ഥാപനവും ചൂഷണയന്ത്രവും



മതസ്ഥാപനങ്ങളും ആത്മീയസ്ഥാപനങ്ങളും  എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടുന്നത്? ദൈവത്തിലോ അത് പോലുള്ള എന്തെങ്കിലുമോ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കില്ലേ? അതയാളുടെ വ്യക്തിസ്വാതന്ത്ര്യമല്ലേ?

വളരെ നല്ല ചോദ്യമാണ്; എപ്പോഴും കേള്‍ക്കുന്നതുമാണ്. കേള്‍ക്കുമ്പോള്‍ വളരെ ശരി എന്ന് തോന്നും. വാച്യാര്‍ത്ഥത്തില്‍ മാത്രം എടുത്താല്‍ ശരിയുമാണ്. എന്നാല്‍ മതം വെറുമൊരു വ്യക്തിഗത വിശ്വാസം മാത്രമാണോ എന്നിടത്താണ് ഈ ചോദ്യത്തിലെ കരടു കിടക്കുന്നത്. മുമ്പ് പലപ്പോഴും ചർച്ച ചെയ്തിട്ടുള്ള വിഷയം തന്നെ; എങ്കിലും കാലികപ്രസക്തി വിട്ടുപോവാത്തതിനാൽ ഒന്നുകൂടി പരിശോധിക്കാം...

വ്യക്തിഗതവിശ്വാസങ്ങളുടെ ചില പ്രത്യേകതകള്‍:

1) വ്യക്തിയിൽ ഒതുങ്ങുന്നു; മറ്റൊരാളിലും കുടുംബാംഗങ്ങളിലും സ്ത്രീകളിലും കുട്ടികളിലും അടിച്ചെൽപ്പിക്കുകയില്ല.
2) ചോദ്യങ്ങളെയും സംശയങ്ങളെയും അടിച്ചമർത്തുകയില്ല. കാര്യകാരണസഹിതം നേരിടുകയോ എന്റെ വിശ്വാസം എന്റേത് മാത്രമെന്ന് ഒഴിഞ്ഞു മാറുകയോ ചെയ്തേക്കും.
3) നിയമസംഹിതകൾ ഉണ്ടാവില്ല; ഉണ്ടെങ്കിൽ തന്നെ ഒരു വ്യക്തി സ്വയം ഏല്പിക്കുന്ന വിലക്കുകൾ മാത്രം. സസ്യാഹാരി ആയിരിക്കുമെന്നോ ഒരു പ്രത്യേക വസ്ത്രധാരണശൈലി പിന്തുടരുമെന്നോ എല്ലാം ചിലർ  തീരുമാനിച്ചെക്കാം.
4) വിശ്വാസത്തിന്റെ പേരിൽ ഇളവുകളും പ്രത്യേകപരിഗണനയും ആവശ്യപ്പെടുകയില്ല.
5) ഭരണകൂടത്തിൽ വ്യക്തിവിശ്വാസങ്ങൾക്ക് പ്രാധാന്യമോ സ്വാധീനമോ ഉണ്ടായിരിക്കില്ല.
6) വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ, വില്പനകൾ എന്നിവയ്ക്ക് പ്രസക്തിയില്ല.

അധികാരസ്ഥാപനങ്ങളുടെയും ചൂഷണസംവിധാനങ്ങളുടെയും ചില പ്രത്യേകതകള്‍:

1) കുട്ടികളിൽ ചെറുപ്പം മുതലേ അടിച്ചെൽപ്പിക്കപ്പെടുന്നു; സ്ത്രീകൾക്ക് പ്രത്യേക നിയമങ്ങളും ചട്ടക്കൂടുകളും കാണാം.
2) ചോദ്യങ്ങളും സംശയങ്ങളും എതിർക്കപ്പെടും; വിമർശനാതീതമായി പ്രഖ്യാപിക്കും.
3) നിയമസംഹിതകൾ ഉണ്ടാവും; മിക്കപ്പോഴും എഴുതപ്പെട്ടവ. ഒരു മതത്തിന്റെയോ ആത്മീയ പ്രസ്ഥാനത്തിന്റെയോ അനുയായികൾക്ക് പ്രത്യേക ആഹാരക്രമം, പ്രത്യേക വസ്ത്രധാരണ ശൈലി, പ്രത്യേക ജീവിതചര്യ തുടങ്ങിയവ അടയാളങ്ങളായി പ്രഖ്യാപിക്കും. ഈ അടയാളങ്ങൾ ഇവരെ പൊതുജനത്തിൽ നിന്ന് വേർതിരിച്ചറിയാൻ വേണ്ടി ഉള്ളവയുമാണ്.
4) മതസ്ഥാപനങ്ങൾക്ക്‌ ടാക്സ് ഇളവ്, വിമർശനാതീത സ്റ്റാറ്റസ്, ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്നും ദിവ്യാൽഭുതങ്ങൾ അനാവരണം ചെയ്യുന്നതിനും മറ്റും വിലക്ക് തുടങ്ങിയവ സാധാരണം.
5) ഭരണസംവിധാനത്തിൽ ഇടപെടാനും മതനിയമങ്ങളെ സാമാന്യവൽകരിക്കാനും ശ്രമങ്ങൾ നടക്കും. നടന്നില്ലെങ്കിൽ സമാന്തരമതനിയമസംവിധാനം നിലവിൽ വരുത്താൻ ശ്രമിക്കും.
6) വിശ്വാസത്തിന്റെയും ദിവ്യാൽഭുതങ്ങളുടെയും പേരിൽ ചൂഷണങ്ങളും പണമിടപാടുകളും വില്പനകളും വളരെ സാധാരണം.

നിങ്ങളുടേത് വ്യക്തിഗതമായ ദൈവവിശ്വാസം ആണെങ്കില്‍ ഒരാള്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നത് പോലെയേ ഉള്ളൂ. നിങ്ങളുടെ വിശ്വാസം തെറ്റാണെന്ന് മറ്റുള്ളവര്‍ക്ക് ചൂണ്ടി ക്കാണിക്കാം; നിങ്ങള്‍ക്കതിനെ കയ്യിലുള്ള തെളിവുകള്‍ കൊണ്ട് നേരിടുകയോ 'എന്റേത് വെറും വിശ്വാസമാണെന്നു' ഒഴിഞ്ഞു മാറുകയോ ചെയ്യാം. എന്നാല്‍ തന്റെ വിശ്വാസം വിമര്‍ശനാതീതമാണെന്നും അത് ബഹുമാനം അർഹിക്കുന്നതാണെന്നും വിശ്വാസത്തിന്റെ പേരില്‍ തനിക്കു ചില ഇളവുകള്‍ സമൂഹത്തില്‍ അനുവദിച്ചു കിട്ടണമെന്നും എല്ലാം അവകാശപ്പെട്ടാല്‍ അത് വ്യക്തിഗതമല്ലാതായി തീരുന്നു.

നിങ്ങളുടെ വിശ്വാസത്തെ ആദരിക്കാൻ മറ്റാർക്കും യാതൊരു ഉത്തരവാദിത്വവുമില്ല. നിങ്ങൾ എന്ന വ്യക്തിയെ, വിശ്വാസം വെച്ച് പുലർത്താനുള്ള നിങ്ങളുടെ തീരുമാനത്തെ അംഗീകരിക്കാം; എന്നാൽ നിങ്ങളുടെ വിശ്വാസത്തെ അംഗീകരിക്കാനുള്ള ബാധ്യത ആർക്കുമില്ല. മാത്രമല്ല, യുക്തിസഹമായ രീതിയിൽ അതിനെ ചോദ്യം ചെയ്യാനും വിമർശിക്കാനും മറ്റുള്ളവരുടെ മുമ്പിൽ  ആ വിശ്വാസത്തിന്റെയോ അതിന്റെ പേരില് നടത്തപ്പെടുന്ന പ്രചരണങ്ങളുടെയോ  പൊള്ളത്തരം തുറന്നു കാട്ടാനും ഉള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുണ്ട് താനും...

മതമോ ആത്മീയതയോ വ്യക്തിവികാരങ്ങളല്ല; അധികാരപ്രസ്ഥാനങ്ങൾ  ആണ്. അത് കൊണ്ട് തന്നെ മതവികാരം വ്രണപ്പെടുന്നു എന്ന ന്യായം ബാലിശവും പരിഹാസ്യവുമാണ്. ചൂഷണത്തിന് കടിഞ്ഞാണ്‍ പിടിക്കുന്ന, അധികാരസ്വഭാവമുള്ള ഏതു പ്രസ്ഥാനത്തെയും, മതപ്രസ്ഥാനമായാലും ആത്മീയപ്രസ്ഥാനമായാലും മറ്റു കപടശാസ്ത്രപ്രസ്ഥാനങ്ങൾ ആയാലും ശരി, അവയെ വെളിച്ചത്തിൽ കൊണ്ട് വരേണ്ട, തുറന്നു കാണിക്കേണ്ട ബാധ്യത ഒരു പൌരൻ എന്ന നിലയിൽ ഏറ്റെടുക്കുകയാണ് മതവിമർശകരും ആത്മീയപ്രസ്ഥാനങ്ങളെയും കപടശാസ്ത്രങ്ങളെയും എതിര്ക്കുന്നവരും ചെയ്യുന്നത്.

2 comments:

  1. മനോഹരമായ കാലിക പ്രസക്തിയുള്ള ലേഖനങ്ങള്‍ . അഭിനന്ദനങ്ങള്‍ !
    - സെബി ജോസഫ്, തൃശൂര്‍

    ReplyDelete
  2. മനോഹരമായ കാലിക പ്രസക്തിയുള്ള ലേഖനങ്ങള്‍ . അഭിനന്ദനങ്ങള്‍ !
    - സെബി ജോസഫ്, തൃശൂര്‍

    ReplyDelete