Thursday 27 March 2014

സദാചാരക്കോഴികളുടെ കൂവൽ മനശാസ്ത്രം





























ആരവത്തിൽ പ്രസിദ്ധീകരിച്ചത് - http://aaravam.in/posts_00083/

സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും കാവൽമാലാഖകളായി സ്വയം അവരോധിച്ചിരിക്കുന്ന ഒരു കൂട്ടം ജീവികൾ നമുക്കിടയിലുണ്ട്. ഇവരുടെ പ്രധാനജോലി മറ്റുള്ളവരുടെ വാക്കിലേയും ചിന്തയിലെയും പ്രവൃത്തിയിലെയും സദാചാരം സംസ്കാരത്തുലാസിൽ വെച്ചു അളന്നു തൂക്കിയെടുത്ത് വിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയുമാണ്. അവരുടെ അളവുകോലും ശിക്ഷാവിധികളും അംഗീകരിച്ചേ തീരൂ; എന്തെന്നാൽ അതിനുള്ള അവകാശം ഈ കാവൽമാലാഖമാർ കോപ്പിറൈറ്റ് വാങ്ങിച്ചു വെച്ചിരിക്കുകയാണ്!

അടുത്തിടെ കണ്ട ഒരു ഫേസ്ബുക്ക്‌ പോസ്റ്റ് ഇങ്ങനെയാണ്. ഒരു കൂട്ടം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ഗ്രൂപ്പ് ആയി വളരെ സാധാരണമായ ഒരു ഫോട്ടോ എടുത്തിരിക്കുന്നു. ഈ ഫോട്ടോ ഷെയർ ചെയ്തു കൊണ്ടുള്ള പ്രസ്താവന ഇങ്ങനെ; "ഇവരെ അറിയാവുന്നവർ ഇവരുടെ മാതാപിതാക്കളെ അറിയിച്ചാൽ ഭാവിയിൽ ഖേദിക്കാതെ സൂക്ഷിക്കാം!" ഫോട്ടോയിൽ കാര്യമായിട്ടൊന്നുമില്ല; കോളേജ് വിദ്യാർഥികൾ ആയിരിക്കണം കണ്ടാൽ. ഇതിൽ "ഭാവിയിലെ സാധ്യമായ ഖേദം" എന്താണ്? ആർക്കാണ്? എന്നതാണ് ചിന്തിക്കേണ്ട വിഷയം!

ഇത്തരം സദാചാരബോധം ചെറുപ്പം മുതലേ കുട്ടികളിൽ കുത്തിവെക്കപ്പെടുന്ന ഒന്നാണ് നമ്മുടെ സമൂഹത്തിൽ. സ്കൂളുകളിൽ  ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വ്യത്യസ്ത ഇരിപ്പിടങ്ങൾ കൊടുക്കുന്നതും വ്യത്യസ്ത കളിസ്ഥലങ്ങൾ ഏർപ്പെടുത്തുന്നതും ആണ്‍കുട്ടികളുടെ കൂടെ ഇരുത്തുക എന്നത് പലയിടത്തും വികൃതി കാണിക്കുന്ന പെണ്‍കുട്ടികൾക്കുള്ള ശിക്ഷയായും തിരിച്ചും നൽകുന്നതുമെല്ലാം അബോധപൂർവമായ ഒരു അന്യത്വബോധവും കപടസദാചാരബോധവും നമ്മുടെ കുട്ടികളിൽ വളരെ ചെറിയ പ്രായത്തിലേ ഉളവാക്കുന്നുണ്ട്. മുതിരുമ്പോൾ ഈ മതിലുകൾ പലരും മറിച്ചു കടന്നേക്കാമെങ്കിലും കൂടുതൽ പേരും അന്യഗ്രഹജീവികളെ എന്ന പോലെ കൌതുകത്തോടെയും പലപ്പോഴും ലൈംഗികമായ തലത്തിൽ മാത്രവും സഹപാഠികളെ കാണുന്നു. വ്യക്തികൾ എന്ന നിലയിൽ  പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ലഭിച്ചിട്ടില്ലാത്ത കുട്ടികൾ മുതിരുമ്പോൾ മുൻധാരണകൾക്കും  കപടസദാചാരബോധത്തിനും പലപ്പോഴും അകാരണമായ ഭയത്തിനും സംശയത്തിനും എല്ലാം അടിമപ്പെടുന്നത് അത്ഭുതമെന്നു പറയാനാവില്ല.

തനിച്ചുള്ള സ്ത്രീയെയോ പുരുഷൻ, സ്ത്രീ എന്ന ദ്വന്ദത്തെയോ എവിടെ ഏതു സാഹചര്യത്തിൽ കണ്ടാലും ലൈംഗികചിന്തകൾ ഓടി വരുന്ന ഒരു മനസ്സാണ് ഒരു ശരാശരി സദാചാരപോലീസിന്റെത്. അവന്റെ കണ്‍വെട്ടത്തിനപ്പുറം അടച്ചിട്ട മുറിയിലേക്കോ മറ്റോ ഈ ദ്വന്ദം അപ്രത്യക്ഷമായാൽ പിന്നെ എരിപൊരിയായി. അവർ ഭാര്യാഭർത്താക്കന്മാരാണോ എന്നാണു ആദ്യം അന്വേഷണം! ഒന്നിൽ കൂടെ പുരുഷന്മാരെ കണ്ടാൽ പിന്നെ ആ സംശയവും കാണില്ല; പുരുഷനും സ്ത്രീയും തമ്മിൽ സാധ്യമായ ഒരേയൊരു ബന്ധം അവന്റെ മനസ്സിൽ ലൈംഗികബന്ധമാണ്. ഇനി അങ്ങനെയെങ്കിൽ തന്നെ പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും ഉള്ളിടത്ത് തനിക്കെന്തു കാര്യം എന്ന ചിന്തയൊന്നും കടന്നു വരികയെ ഇല്ല തന്നെ!  

സ്വവർഗലൈംഗികതയും സദാചാരവാദികൾക്ക് ഒരു പ്രശ്നം തന്നെയാണ്. എന്നാൽ പുരുഷന്മാർ ഒരുമിച്ചു നടന്നാലോ കെട്ടിപ്പിടിച്ചാലോ ഒരുമിച്ചു ഒരു മുറിയിൽ താമസിച്ചാലോ ഒന്നും ഇവരങ്ങനെ വാളെടുത്ത് വരുന്നത് കണ്ടിട്ടില്ല. കൂടെ സ്ത്രീകൾ ഉണ്ടെങ്കിൽ ആണ് സദാചാരം പെട്ടെന്നുണരുന്നത്! അപ്പോൾ പ്രധാന പ്രശ്നം സദാചാരം അല്ല! പെണ്ണിനോടും, ആരുടെ കൂടെ എവിടെയൊക്കെ പോകണമെന്നും എങ്ങനെയൊക്കെ ജീവിക്കണമെന്നും സമൂഹത്തിന്റെ സമ്മതമില്ലാതെ തീരുമാനിക്കാനുള്ള അവളുടെ വ്യക്തിസ്വാതന്ത്ര്യത്തോടും ഉള്ള അസഹിഷ്ണുത! അവളുടെ ജീവിതത്തിലെ ശരിയും തെറ്റും തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന ധാർഷ്ട്യം! അതിൽ കവിഞ്ഞ സദാചാരബോധമൊന്നും ഈ കൂവി വിളിക്കുന്നവർക്കില്ല!

പെണ്ണിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന പുരുഷന്മാരും ഇത്തരത്തിൽ സദാചാരവാദികളുടെ ശത്രുക്കൾ തന്നെ. കാരണം, അത്തരത്തിലൊരു സപ്പോർട്ട് സ്ത്രീക്കുണ്ടാകുന്നതും തങ്ങളുടെ അധികാരത്തിനു വെല്ലുവിളി ആണെന്ന് അവർക്കറിയാം. അത് കൊണ്ട് കൂടെ നില്ക്കുന്ന പുരുഷന്മാരെയും തന്നാലാവുന്ന വിധം അപമാനിക്കുക എന്നത് അവരൊരു കർത്തവ്യമായി തന്നെയെടുക്കുന്നു. തനിച്ചു താമസിക്കുകയോ യാത്ര ചെയ്യുകയോ ഇരുട്ടിയാൽ പുറത്തിറങ്ങുകയോ ചെയ്യുന്ന സ്ത്രീകൾക്കെതിരായും ഉയരാറുണ്ട് സദാചാരവാദികളുടെ ഖഡ്ഗങ്ങൾ! ഇരുട്ടി പുറത്തിറങ്ങിയാൽ ആസമയത് അവിടെയെന്തു കാര്യം? അനാശാസ്യത്തിന് പോവുകയാണോ? എന്നെല്ലാം ചോദ്യം ഉയരുന്നത് പെണ്ണിനോട് ആണ്; ആണിനോടല്ല എന്നതും ശ്രദ്ധേയമാണ്. പുരുഷൻ  പുറത്തിറങ്ങി ഒരു പെണ്ണിനടുത്തു പോയാൽ പക്ഷേ പ്രശ്നമാണ്; അവിടെയും സദാചാരം സടകുടഞ്ഞെഴുന്നെൽക്കും!

ചുരുക്കത്തിൽ സദാചാരം എന്നാൽ സ്വയം എടുത്തണിയുന്ന ഒരു അധികാരചിഹ്നമാണ്; കാര്യപ്പെട്ട മറ്റൊന്നും സ്വജീവിതം കൊണ്ട് നേടാനോ ചെയ്യാനോ കഴിയാത്തത് കൊണ്ടാവണം ഇത്തരമൊരു ജോലി സ്വയം ഏറ്റെടുത്തിരിക്കുന്നത്. മറ്റുള്ളവന്റെ സ്വകാര്യതകളിലേക്ക് സദാ തിരിഞ്ഞിരിക്കുന്ന ഒരു വടക്കുനോക്കിയന്ത്രം ആണിത്. അന്യൻറെ സ്വകാര്യതകൾ ഇല്ലാതെ സദാചാരവാദിക്ക് നിലനില്പില്ല; വ്യക്തിത്വവുമില്ല! അത്തരമൊരിടപെടലൊ ഒരു പ്രസ്താവന എങ്കിലുമൊ നടത്തിയില്ലെങ്കിൽ തന്റെ ദിവസം ഗുണകരമായിരുന്നെന്നു തോന്നാനും വഴിയില്ല!

നിയമം നടപ്പിലാക്കേണ്ട പോലീസിന്റെ അവസ്ഥയും മറ്റൊന്നല്ല. അബദ്ധം പറ്റിയെന്നു മനസ്സിലാക്കിയാൽ മുഖം രക്ഷിക്കാൻ കള്ളക്കേസുകൾ പുറകെ വരും താനും. പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും തമ്മിൽ നടന്നത്, അല്ലെങ്കിൽ നടക്കാനിരുന്നത് "വ്യഭിചാരം" ആണെന്ന് തെളിയിക്കണമെങ്കിൽ അവിടെ പണമിടപാടിനു തെളിവ് നൽകേണ്ടതുണ്ടെന്നും അല്ലാത്തവിധം അത് നിയമവിരുദ്ധമല്ലെന്നും അറിയാത്ത പോലീസുകാരാണ് സദാചാര പോലീസ് കളിച്ചു നിർവൃതി അടയുന്നത്. അങ്ങനെയെങ്കിൽ തന്നെ, ഇന്ത്യൻ നിയമപ്രകാരം മറ്റൊരാളുടെ വ്യഭിചാരത്തിൽ നിന്ന് പണം പറ്റുന്നതാണ് നിയമവിരുദ്ധം; പിമ്പുകൾ, വേശ്യാലയ നടത്തിപ്പുകാർ തുടങ്ങിയവർ; ഇത് ചൂഷണം തടയാനുള്ള നിയമമാണ്; സദാചാരം സംരക്ഷിക്കാനുള്ള നിയമമല്ല!

ഇത്തരം സദാചാരവാദികൾക്ക് സമ്മതത്തോട് കൂടിയ ലൈംഗികബന്ധവും ബലാൽസംഗം, കടന്നുകയറ്റം തുടങ്ങിയവയും തമ്മിലുള്ള വ്യത്യാസവും പ്രശ്നമല്ല. സ്ത്രീയുടെ സമ്മതത്തോടെ ആണെങ്കിലും അല്ലെങ്കിലും അത് അവനു വെറുമൊരു സദാചാരപ്രശ്നമാണ്. അതിനെ കഴിയാവുന്നത്ര മഞ്ഞപ്പത്രമോടിയോടെ അവൻ ആഘോഷിച്ചു പരസ്യപ്പെടുത്തുകയും ചെയ്യും. ഒരു രാഷ്ട്രീയക്കാരനോ പ്രശസ്തനായ മറ്റൊരാളോ ഒരു സ്ത്രീയെ ആക്രമിച്ച ഒരു വാർത്തയെ അവൻ താരതമ്യം ചെയ്യുക മറ്റൊരു രാഷ്ട്രീയനേതാവിന്റെ വിവാഹേതര ബന്ധത്തോടോ ഒരു സെലിബ്രിറ്റിയുടെ വിവാഹപൂർവബന്ധത്തോടോ ആയേക്കും. ആദ്യത്തേത് ആ സ്ത്രീയുടെ മേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെങ്കിൽ രണ്ടാമത്തെത് നിയമക്കുരുക്കുകളില്ലാത്ത വെറും വ്യക്തിഗതസദാചാരപ്രശ്നം മാത്രമാണെന്നത് ശരാശരി സദാചാരവാദിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. വ്യക്തികളുടെ മേലുള്ള കടന്നുകയറ്റം എന്ന പ്രശ്നം മനസ്സിലാക്കുന്ന ആളാണെങ്കിൽ അവൻ സദാചാരപോലീസ് ആയിരിക്കുകയുമില്ലല്ലൊ.

ഇനി ഇത്രയൊക്കെ കണ്ടു ഇത്തരം കപടസദാചാരവാദം പുരുഷന്റെ മാത്രം കുത്തക ആണെന്ന് ധരിക്കരുത്. സ്ത്രീക്കെതിരെയുള്ള സാമൂഹ്യ ആയുധങ്ങൾ പുരുഷൻ പലപ്പോഴും സ്ത്രീയെ കൊണ്ട് തന്നെയാണ് മൂർച്ച കൂട്ടിക്കുന്നത്. സദാചാരപോലീസ് കളിച്ചു തെരുവിലിറങ്ങുന്നതും അക്രമം നടത്തുന്നതും കൂടുതലും പുരുഷൻ ആയിരിക്കാം; എന്നാൽ രാത്രി നടന്നു പോകുമ്പോൾ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ പറ്റി വാർത്ത ടിവിയിൽ വരുമ്പോൾ "ആ സമയത്തവൾ എന്തിനവിടെ പോയി?" എന്നു പുരികം ചുളിക്കുന്ന ഒരു വലിയ പെണ്‍സമൂഹം നമ്മുടെ വീടുകളിൽ ടിവിക്ക് മുമ്പിലിരിപ്പുണ്ട്. ഈ മനോഭാവം തന്നെയാണ് ആണ്‍പെണ്‍ സമൂഹം ഒന്നുചേർന്ന് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുന്നത്. രാത്രി എല്ലാ ഇടങ്ങളും പുരുഷന്റെതായി മാറുമെന്നും അവിടെ അതിക്രമിച്ചു കടക്കുന്നവൾ ആക്രമിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും അടുത്ത തലമുറയിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നാം ഓർമിപ്പിച്ചു കൊണ്ട് തന്നെ വളർത്തുന്നു!

Image Courtesy: mouthshut.com

1 comment:

  1. Valare prakthamaya vishayam bangiyayi paranjirikkunnu.Abhinadanagal.- Seby Joseph, Thrissur

    ReplyDelete